യേശുവിന്റെ ദേഹബിംബത്തെ കുരിശിനോടു ചേർത്തു ചിത്രീകരിക്കുന്ന ക്രൂശിതരൂപം, പല ക്രിസ്തീയവിഭാഗങ്ങളിലും ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്ന ഒരു ത്രിമാന മതചിഹ്നമാണ്.[1][2] യേശുവിന്റെ ശരീരബിംബം പതിച്ചിട്ടില്ലാത്ത വെറും കുരിശിൽ നിന്നു വ്യത്യസ്തമാണിത്. മനുഷ്യവംശത്തിന് നിത്യരക്ഷയിലേക്കുള്ള വഴിതുറന്നതായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശുവിന്റെ ആത്മബലിയുടെ പ്രാധാന്യം ഏടുത്തുകാട്ടുന്ന പ്രതീകമാണ് ക്രൂശിതരൂപം. പല ക്രിസ്തീയവിഭാഗങ്ങളുടേയും മുഖ്യധാർമ്മികചിഹ്നങ്ങളിലൊന്ന് എന്നതിനു പുറമേ കലയിലെ കുരിശാരോഹണചിത്രീകരണത്തിന്റെ ഏറ്റവും അറിയപ്പെടുന്ന മാതൃക കൂടിയാണിത്.

കത്തോലിക്കാ ദേവാലയങ്ങളിൽ കാണപ്പെടുന്ന ക്രൂശിതരൂപം
ഗ്രീസിലെ ഹോളി ട്രിനിറ്റി ആശ്രമത്തിലുള്ള പൗരസ്ത്യ ഓർത്തഡോക്സ് പാരമ്പര്യത്തിലുള്ള ക്രൂശിതരൂപം

ആധുനികകാലത്തെ കത്തോലിക്കാ ദേവാലയങ്ങളിൽ മിക്കവയിലും, അൾത്താരയ്ക്കു മുകളിലെ ഭിത്തിയിൽ ഒരു ക്രൂശിതരൂപം ഉണ്ടായിരിക്കും; വിശുദ്ധ കുർബ്ബാനയുടെ അർപ്പണ സമയത്ത്, അൾത്താരയിലോ അതിനടുത്തോ, "കുരിശിനോട് യേശുവിന്റെ ദേഹബിംബം ചേർന്നുള്ള ക്രൂശിതരൂപം" ഉണ്ടായിരിക്കണമെന്ന്, പാശ്ചാത്യകത്തോലിക്കാ സഭയുടെ ആരാധനാവിധി നിഷ്കർഷിക്കുന്നു.[3] കത്തോലിക്കാ സഭയിലാണ് ക്രൂശിതരൂപത്തിന് ഏറ്റവുമധികം പ്രാധാന്യം കല്പിക്കപ്പെടുന്നതെങ്കിലും അംഗ്ലിക്കൻ, ലൂഥറൻ സഭകളിലും ഗ്രീക്ക്, റഷ്യൻ തുടങ്ങിയ പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലും ഇത് ഉപയോഗിക്കപ്പെടുന്നു. ഇതര പ്രൊട്ടസ്റ്റന്റ് സഭകൾ മിക്കവയും സിറിയക്, ഇന്ത്യൻ തുടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് സഭകളും യേശുവിന്റെ ദേഹബിംബം ഉൾപ്പെടാത്ത സാധാരണ കുരിശാണ് ഉപയോഗിക്കാറുള്ളത്.

ക്രൂശിതരൂപം എന്നതു കൊണ്ട് സാധാരണ അർത്ഥമാക്കുന്നത് ഒരു ത്രിമാനബിംബമാണെന്നതിനാൽ, കുരിശിൽ യേശുവിന്റെ ദേഹം വർച്ചുചേർത്താൽ ശരിയായ ക്രൂശിതരൂപം ആകുന്നില്ല. എങ്കിലും ഈ വ്യത്യാസം പലപ്പോഴും പാലിക്കപ്പെടാറില്ല. അതിനാൽ, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും മറ്റും കുരിശ് മിക്കവാറും ത്രിമാനമായിരിക്കുമെങ്കിലും, ദേഹപ്രതീകം അങ്ങനെയായിരിക്കണമെന്നില്ല. ഇത്തരം ക്രൂശിതരൂപങ്ങളിൽ, യേശുവിന്റെ ദേഹം കുരിശിൽ വരച്ചുചേർത്തിരിക്കുകയോ കുരിശിന്റെ പ്രതലത്തിൽ നിന്ന് അല്പം മാത്രം ഉയർത്തി ചിത്രീകരിക്കപ്പെട്ടിരിക്കുകയോ ആവാം.


ചിത്രസഞ്ചയംതിരുത്തുക

അവലംബംതിരുത്തുക

  1. Rufolf Distelberger, Western Decorative Arts (National Gallery of Art 1993), p. 15
  2. Paul F. Bradshaw, The New SCM Dictionary of Liturgy and Worship (Hymns Ancient & Modern Ltd, 2002)
  3. General Instruction of the Roman Missal, 117.
"https://ml.wikipedia.org/w/index.php?title=ക്രൂശിതരൂപം&oldid=2282115" എന്ന താളിൽനിന്ന് ശേഖരിച്ചത്