തിരുവനന്തപുരം, ചിറയിൻകീഴ്, കിളിമാനൂർ, പഴയകുന്നുമ്മേൽ എന്നിവിടങ്ങളിൽ പ്രചരിക്കുന്നു. വേടർ, പറയർ, കുറവർ എന്നിവരാണ് ഈ കല കൈകാര്യം ചെയ്യുന്നവർ. സാമൂഹിക വിനോദമായാണ് നടത്തപ്പെടുന്നത്. ഇരുപതു മുതൽ അമ്പത്തിയഞ്ചു വരെ പ്രായമുള്ളവർ ഈ ദൃശ്യകലാവിനോദത്തിൽ പങ്കെടുത്തുവരുന്നു. പ്രായേണ കർഷകത്തൊഴിലാളികളാണ് കലാകാരന്മാർ. അഞ്ഞൂറ് വർഷത്തെ പഴക്കം കാണും. പത്തുപേരടങ്ങിയ ഒരു സംഘമാണ് ദൃശ്യപ്രകടനം നടത്തുന്നത്. കോഴിപ്പോരുതായവനെ, താതത്ത തൈ തൈ തൈ തോം എന്നു തുടങ്ങുന്ന താളാത്മകമായ പാട്ടുപാടിക്കൊണ്ട് രണ്ടുമൂന്നടി നീളം വരുന്ന കോലുകൾ കൊണ്ട് തന്നാളും മാറ്റാളും അടിച്ച് വട്ടം തിരിഞ്ഞ് വീരം പ്രദർശിപ്പിക്കുകയാണ് പ്രകടനത്തിൻറെ പൊതുരൂപം. പശ്ചാത്തലത്തിൽ ഡോലക്കും കൈമണിയും മുട്ടുന്നു. അടവുകൾ കാട്ടും. അടവുകളുടെ അവസാനത്തിൽ കൊക്കൊക്കൊ, കൊക്കൊ, കൊക്കൊ എന്ന് പൂവൻകോഴികൾ കൊക്കരിക്കുന്ന ശബ്ദം താളാത്മകമായി പുറപ്പെടുവിക്കും. താഴ്ന്ന ഈണത്തിൽ തുടങ്ങി ക്രമേണ ഉയർന്നു മുറുകുമ്പോൾ ഇതവസാനിക്കുന്നു. ഡോലക്കും കൈമണിയുമാണ് ആവശ്യമായ സംഗീതോപകരണങ്ങൾ. ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് പതിനഞ്ച് മിനിറ്റ് സമയം വേണം. പ്രത്യേകിച്ച് അരങ്ങൊന്നും ആവശ്യമില്ല. വാഴത്തട വെട്ടിമുറിച്ച് കുഴിച്ചിട്ട് അതിനുമുകളിൽ നിലവിളക്കിന്റെ തിരിത്തണ്ടു വച്ച് അഞ്ചിതളുകളിൽ‍ കൊളുത്തിയാൽ ദീപവിധാനമായി. തലയിൽ ചുവന്ന പട്ട്, മൂന്നടി നീളമുള്ള ഈ രണ്ടുവടി കാലിൽ ചിലങ്ക, നെറ്റിയിലും നെഞ്ചിലും ചന്ദനക്കുറി, സിന്ദൂരപ്പൊട്ടി, പച്ചിലപിഴിഞ്ഞ് ചുണ്ണാന്പ് ചേർത്തുകുഴച്ച കോലം മുഖത്തും മാറിലും - ഇവയാണ് വേഷവിധാനങ്ങൾ. വീരാധനാപരമായ ഒരു ഗ്രാമീണകലയാണ്ഇത്. വടക്കുൻപാട്ടുകളിൽ പ്രസ്താവിക്കപ്പെടുന്ന കോഴിയങ്കത്തെ ഈ കള അനുസ്മരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കോഴിപ്പോര്_കളി&oldid=3944250" എന്ന താളിൽനിന്ന് ശേഖരിച്ചത്