കോലരി
കല്ലാശാരിമാർ, തോട്ടപ്പണിക്കാർ, പുരാവസ്തുഗവേഷകർ തുടങ്ങിയവർ ഉപയോഗിക്കുന്ന ഒരു പണിയായുധമാണ് കോലരി. മദ്ധ്യകേരളത്തിലെ ചില പ്രദേശങ്ങളിൽ കൊലശേരി, കരണ്ടി എന്നീ പേരുകളിലും മലബാറിൽ സിമന്റുചട്ടുകം, സിമന്റുകത്തി എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഇഷ്ടികകൾക്കിടയിൽ സിമന്റ്കൂട്ട് കുത്തിനിറക്കുന്നതിനും ഉപരിതലം മിനുസപ്പെടുത്തുന്നതിനുമാണ് ആശാരിമാർ കോലരി ഉപയോഗിക്കുന്നത്. തോട്ടപ്പണിക്കാർ മണ്ണ് കുത്തിയിളക്കുന്നതിനുപയോഗിക്കുമ്പോൾ പുരാവസ്തുഗവേഷകർ ഫോസിലുകളും മറ്റും വൃത്തിയാക്കിയെടുക്കുന്നതിനാണ് കോലരി ഉപയോഗപ്പെടുത്തുന്നത്.
ഒരു വശം കൂർത്ത ഡയമണ്ട്/ത്രികോണ ആകൃതിയിലുള്ള ഒരു ലോഹത്തകിടും, മരം കൊണ്ടുള്ള ഒരു പിടിയുമാണ് കോലരിയുടെ ഭാഗങ്ങൾ. കൂർത്ത അഗ്രം മണ്ണിലും, സിമന്റുകൂട്ടിലും എളുപ്പം കുത്തിയിറക്കാൻ സഹായകമാകുന്നു. പരന്ന അടിഭാഗം ഉപരിതലം മിനുക്കുന്നതിനുപയോഗിക്കുന്നു. ഒരു കയിലിന്റെ രൂപമായതിനാൽ ചെറിയ അളവിൽ മണ്ണും സിമന്റുകൂട്ടും കോരിയിടാനും സൗകര്യമാണ്. ലോഹത്തകിടായതിനാൽ ഇതിന്റെ അരികുപയോഗിച്ച് ഇഷ്ടികയും മറ്റും ശരിയായ അളവിൽ വെട്ടിമുറിക്കാനും കോലരി ഉപയോഗിക്കുന്നു.