കോറ പള്ളി
ബൈസാന്റിൻ വാസ്തുകലയുടെ മനോഹരമായ ഒരു ഉദാഹരണമാണ് ഇസ്താംബൂളിൽ സ്ഥിതി ചെയ്യുന്ന കോറയിലെ വിശുദ്ധ സേവ്യറിന്റെ പള്ളി (തുർക്കിഷ്: Kariye Müzesi, Kariye Camii, Kariye Kilisesi — കോറ കാഴ്ചബംഗ്ലാവ്, മസ്ജിദ്, പള്ളി).[1]
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് ഈ പള്ളിയുടെ ആദ്യത്തെ കെട്ടിടം പണി കഴിപ്പിച്ചത്. ഒരു നൂറ്റാണ്ടിനു ശേഷവും 1315-21 കാലഘട്ടത്തിലും ഇതിൽ കൂട്ടിച്ചേർക്കലുകളും പുതുക്കിപ്പണിയലും നടന്നു. 1315-21 കാലഘട്ടത്തിൽ ഫ്രസ്കോ ചുമർചിത്രങ്ങളും മൊസൈക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു. ആദം വരെ നീളുന്ന ക്രിസ്തുവിന്റെ പൂർവ്വപരമ്പരയുടെ ചിത്രീകരണം ഇതിൽ വിശേഷപ്പെട്ടതാണ്. 1510-ൽ ഓട്ടൊമൻ സുൽത്താൻ ബെയാസിത് രണ്ടാമൻ (ഭ.കാ. 1481-1512) ഇതിനെ കരിയ കാമി എന്ന പേരിലുള്ള മസ്ജിദ് ആക്കി മാറ്റുന്നതു വരെ സെയിന്റ് സേവ്യേഴ്സ്, ഒരു ക്രിസ്ത്യൻ പള്ളിയായി തുടർന്നിരുന്നു.
മതനിരപേക്ഷവാദിയായ കമാൽ അത്താത്തുർക്കിന്റെ ഭരണകാലത്ത്, 1948-ൽ ഈ മസ്ജിദ്, കാരിയ മ്യൂസിയം എന്ന പേരിൽ ഒരു കാഴ്ചബംഗ്ലാവാക്കി. ഇതോടൊപ്പം ബൈസാന്റിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ പത്തു വർഷത്തോളമെടുത്ത് ഇവിടത്തെ ഫ്രസ്കോ ചിത്രങ്ങളേയും മൊസൈക് ചിത്രങ്ങളേയും പുനരുദ്ധരിച്ചു.[2]
അവലംബം
തിരുത്തുക- ↑ Ousterhout
- ↑ Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 64. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)