ഭൂമി കറങ്ങുന്നതുകൊണ്ടു് അന്തരീക്ഷത്തിലൂടെ നീങ്ങുന്ന വായുവിന്മേൽ ഇടത്തേക്കോ വലത്തേക്കോ ഒരു ബലം പ്രവർത്തിക്കുന്നതായി ഭൂമിയുടെ ഉപരിതലത്തിൽനിന്നു നോക്കുമ്പോൾ തോന്നും. ഇതു് ലളിതമായി വിശദീകരിക്കുന്നതിനായി സങ്കല്പിച്ചിരിക്കുന്ന ബലം. ഇതു് യഥാർത്ഥത്തിലുള്ളതല്ല, സാങ്കല്പികം മാത്രമാണു്.

ഭൂമിയുടെ ഉപരിതലവുമായി ബന്ധിച്ചിരിക്കുന്നതുകൊണ്ടു് ഭൂമി കറങ്ങുന്നതിനേപ്പറ്റി നമ്മൾ പലപ്പോഴും അറിയാറില്ല. ഇനി ഭൂമിയിൽനിന്നു് വേർപെട്ടു് ബഹിരാകാശത്തു് മാറി നിന്നുകൊണ്ടു് ഭൂമി കറങ്ങുന്നതു് നിരീക്ഷിക്കുന്നതായി സങ്കല്പിച്ചു നോക്കൂ. വടക്കേ ധ്രുവം മുകളിൽ വരത്തക്കവണ്ണം തല വച്ചാണു് നിൽക്കുന്നതു് എന്നു സങ്കല്പിക്കാം. അങ്ങനെയെങ്കിൽ നമ്മുടെ ഇടതു വശത്തു നിന്നു് വലത്തോട്ടു് ഭൂമി തിരിയുന്നതായിട്ടായിരിക്കും നമ്മൾ കാണുക. അന്തരീക്ഷവും ഭൂമിയോടൊപ്പം കറങ്ങുകയാണല്ലോ. പക്ഷെ ഭൂമിക്കു് ഏറ്റവും "വണ്ണം" കൂടിയ മധ്യരേഖാ പ്രദേശത്തു് വായു മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു് കൂടുതൽ വേഗതയോടെ ആയിരിക്കണമല്ലോ നീങ്ങുന്നതു്. ഏറ്റവും ചുറ്റളവു് കൂടിയ ഭാഗമായതുകൊണ്ടു് 24 മണിക്കൂർ കൊണ്ടു് ഒരിക്കൽ വലം വയ്ക്കണമെങ്കിൽ വണ്ണം കുറഞ്ഞ ഭാഗങ്ങളേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിച്ചാലല്ലേ പറ്റൂ. ഈ വായു വടക്കോട്ടു് നീങ്ങുമ്പോഴും അതിനു്കിഴക്കോട്ടുള്ള വേഗത അതുപോലെതന്നെ നിലനിൽക്കും. അതുകൊണ്ടു് അവിടെയുള്ള വായുവിനേക്കാൾ വേഗതയോടെ കിഴക്കോട്ടു് സഞ്ചരിക്കുന്നതായി തീരും. ഇതാണു് ആ വായുവിനെ വലത്തോട്ടു് വലിക്കുന്നതായി തോന്നിയ്ക്കുന്നതു്. അതേപോലെ ധ്രുവങ്ങളോടു് കൂടുതൽ അടുത്തുള്ള വായു മദ്ധ്യരേഖയ്ക്കു് സമീപത്തേക്കു് നീങ്ങുമ്പോൾ ചുറ്റുമുള്ള വായുവിനേക്കാൾ സാവധാനത്തിലായിരിക്കും സഞ്ചരിക്കുക. അപ്പോഴും ഉത്തരാർദ്ധഗോളത്തിൽ വായു വലത്തേക്കു് തിരിയുന്നതായി നമ്മൾ കാണും. ചുഴലിക്കാറ്റുകൾ ഉത്തരാർദ്ധഗോളത്തിൽ അപ്രദക്ഷിണമായും ദക്ഷിണാർദ്ധഗോളത്തിൽ പ്രദക്ഷിണമായും തിരിയുന്നതിനു് ഈ പ്രതിഭാസം കാരണമാകുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോറിയോലിസ്_ബലം&oldid=1697978" എന്ന താളിൽനിന്ന് ശേഖരിച്ചത്