കേരളത്തിൽ, പ്രത്യേകിച്ചും വടക്കൻ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ഓണക്കളിയാണ് കോട്ടക്കുത്ത്.[1] ഒരു കളി എന്നതിനൊപ്പം മെയ്ക്കരുത്ത് കാട്ടാനുള്ള ഒരിനം കൂടിയാണ് ഇത്. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൂടുന്നതിനനസരിച്ച് കളിയുടെ ഗതിയും 'കോട്ട'യുടെ വലിപ്പവും കൂടുന്ന 'കോട്ടക്കുത്ത്' ആവേശം നിറഞ്ഞഒരു വിനോദം കൂടിയാണ്.

കളിക്കുന്ന രീതി

തിരുത്തുക

വൃത്താകൃതിയിൽ ഒരു കളം (കോട്ട) വരച്ച് അതിനകത്തും പുറത്തുമായി ആളുകൾ നിന്നാണ് കോട്ടക്കുത്ത് കളിക്കുന്നത്. ഏതെങ്കിലും നാടൻപാട്ടിന്റെ വരികൾ പാടുകയും ഓരോ വാക്കിനും ഓരോരുത്തരെ തൊടുകയും ചെയ്യും. ഓരോ ഈരടിയുടേയും അവസാന വാക്കിൽ തൊടുന്നയാൾ കളത്തിന് വെളിയിലാകും. ഇങ്ങനെ ആളുടെ എണ്ണം കുറഞ്ഞ് അവസാനം ബാക്കിനിൽക്കുന്ന ആൾ കൂടി കളത്തിന് പുറത്തുപോകുന്നു. ആദ്യമായി കളത്തിന് പുറത്തുപോകുന്ന ആളായിരിക്കും അടുത്ത കളിയുടെ തുടക്കത്തിൽ പുറത്തുനിൽക്കേണ്ടിവരിക. മറ്റുള്ളവരെല്ലാം അകത്തു കയറും. ഇതിനുശേഷം, കളത്തിനുള്ളിൽ നിൽക്കുന്ന ആളുകളെ പുറത്തുള്ളയാൾ വലിച്ച്‌ പുറത്തുകൊണ്ടുവരണം. പുറമേനിന്ന് ഉള്ളിക്കൽക്കയറി വലിച്ചിറക്കാൻ വന്നാൽ കളത്തിനുള്ളിൽ നിൽക്കുന്നവർക്ക് അയാളുടെ പുറത്ത് മുഷ്ടി ചരുട്ടി അടിക്കാനുള്ള (കുത്ത്) അവകാശമുണ്ട്. അകത്തുനിൽക്കുന്നവരുടെ തടസ്സം തരണംചെയ്ത്‌ മാത്രമേ ആളുകളെ പുറത്തിറക്കാൻ സാധിക്കൂ. പുറത്തെത്തുന്ന ആളുകൾ എല്ലാം ചേർന്ന് മറ്റുള്ളവരെ പലഭാഗത്തുനിന്നും പിടിച്ചിറക്കാം. കായികക്ഷമതയും ആവേശവും ചേർന്ന ഈ കളിയിൽ, സ്ഥിരമായ എതിർ സംഘം ഇല്ല എന്ന പ്രത്യേകതയുമുണ്ട്.

  1. "മെയ്ക്കരുത്ത് കാട്ടും കോട്ടക്കുത്ത്" (in ഇംഗ്ലീഷ്). 2024-09-09. Retrieved 2024-09-12.
"https://ml.wikipedia.org/w/index.php?title=കോട്ടക്കുത്ത്&oldid=4113306" എന്ന താളിൽനിന്ന് ശേഖരിച്ചത്