കോംഗോ പനി
നൈറോവൈറസ് (Nairovirus ) എന്ന ആർ. എൻ. എ കുടുംബത്തിൽപ്പെട്ട ബുനിയവൈരിടായ് വൈറസ് (Bunyaviridae family RNA virus ) മൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗമാണു് കോംഗോ പനി (Congo fever ) അഥവാ ക്രിമിയൻ-കോംഗോ ഹിമ്രാജിക് ഫീവർ (Crimean -Congo hemorrhagic fever) . ഇത് ഒരു ജന്തുജന്യ രോഗമാണു് (Zoonosis).
ടിക്കുകളെ തിരിച്ചറിയുക
തിരുത്തുക30 ശതമാനം വരെ മരണ സാദ്ധ്യത ഉണ്ടാക്കുന്ന ഈ രോഗാണുക്കളെ പ്രാരംഭത്തിൽ, മനുഷ്യരിലേക്ക് സംക്രമിപ്പിക്കുന്നത്, മിക്ക മൃഗങ്ങളിലും ബാഹ്യ പരാദമായി കാണപ്പെടുന്ന ആർത്രോപോട ഫൈലത്തിലെ, അരാക്കിനിടയെ ക്ലാസ്സിൽ പെട്ട അർഗാസ്സിദ് (Argasid ) കുടുംബത്തിലെ സോഫ്റ്റ് ടിക്കുകൾ (Soft Tick ), ഇക്സോടിടെ (Ixodidae )കുടുംബത്തിലെ ഹാർഡ് ടിക്കുകൾ (Hard Ticks ) ആണ്. പിന്നീട് ടിക്കുകൾ ഇടനിലക്കാരനായി ഇല്ലാതെ, രക്ത-മാംസ സംസർഗം കൊണ്ട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാം. 7 ജെനുസ്സുകളിൽ പെട്ട 31 ഇനം ടിക്കുകളിൽ ഈ വൈറസ്സുകളെ , പ്രകൃതിയിൽ കണ്ടെത്തിയിട്ടുണ്ട്. ഹയലോമ ട്രുന്കാട്ടം (Hyalomma truncatum ), അമ്ബ്ലിഒമ വരിഗേറ്റും (Amblyomma variegatum ) എന്നീ രണ്ടിനം ടിക്കുകൾ ആണ് മുഖ്യ രോഗാണു വാഹകർ. (vectors ) . വൈറസ്സുകളെ തലമുറകളിലൂടെ സംക്രമിപ്പിക്കുവാനും (trans -ovarian transmission ) ഇവയ്ക്ക് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ വീട്ടു മൃഗങ്ങളിലും വന്യ ജീവികളിലും 4 ജോഡി കാലുകളുള്ള ഈ ടിക്കുകൾ സർവസാധാരണമായതിനാൽ ഏത് സമയത്തും എവിടെയും ഈ രോഗം പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യത ഉണ്ട്. പക്ഷികളുടെ കൂട്ടത്തിൽ, ഒട്ടകപ്പക്ഷികളുടെ ശരീരത്തിൽ മാത്രമേ ടിക്കുകളെ കാണുന്നതായി രേഖപ്പെടുത്തി യിട്ടോള്ളൂ. എലി ചെള്ളും, പട്ടി ചെള്ളും , പൂച്ച ചെള്ളും വേറെ കീടങ്ങൾ ആണ്. 3 ജോഡി കാലുള്ള അവ ചാടി സഞ്ചരിക്കും. ജീവികളുടെ രോമത്തിന്റെ ഇടയിലൂടെ പായാനും അവയ്ക്ക് കഴിയും. ടിക്കുകൾക്ക് ഇത് സാധ്യമല്ല. ടിക്കുകൾക്ക് ശൈശവത്തിൽ (nymph ) മാത്രം 3 ജോഡി കാലുകൾ. രക്തം കുടിച്ചു വീർക്കുന്നതോടെ 4 ജോഡി കാലുകൾ ഉണ്ടാവും . പശു , ആട്, പട്ടി, പൂച്ച എന്നിവയുടെ ചെവി, കഴുത്തു, കൺ പോളകൾ തുടങിയ ഭാഗങ്ങളിൽ ബലമായി കടിച്ചു പിടിച്ചു ചോരകുടിച്ച് തറയിൽ വീണ് പുല്ലിനടിയിലേക്ക് മുട്ട ഇടാനായി ഇഴഞ്ഞു പോകുന്നതാണ് ടിക്കുകളുടെ സ്വഭാവം. ചോര കുടിക്കുന്ന ശരീര ഭാഗത്ത് നിന്നും ടിക്കുകളെ പാറിച്ചെടുക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിൽ, ടിക്കുകളെ ഉണ്ണി എന്നാണു അറിയപ്പെടുന്നത്. ,
ചരിത്രം
തിരുത്തുകറഷ്യൻ ശാസ്ത്രജ്ഞർ ഈ രോഗം 1944 ൽ ക്രിമിയയിൽ കണ്ടെത്തി. 200 ൽഅധികം പട്ടാളക്കാർക്ക് രോഗ ബാധ ഉണ്ടായി. 1969 ൽ കോംഗോയിൽ രോഗം കണ്ടെത്തിയതോടെ, ക്രിമിയൻ-കോംഗോ-ഹിമ്രാജിക് ഫീവർ എന്ന പേരിൽ ഈ രോഗം അറിയപ്പെടുന്നു. 2002 -2008 കാലയളവിൽ തുർക്കിയിൽ, 3128 പേർക്ക് രോഗ ബാധ ഉണ്ടായി. 2010 ൽകൊസോവോയിൽ 70 കേസുകൾ ഉണ്ടായി, 4 മരണങ്ങളും . 2010 സെപ്റ്റംബറിൽ പാകിസ്താനിലെ കൈബെർ പ്രോവിൻസിലും രോഗബാധ ഉണ്ടായി. ഇന്ത്യയിൽ ആദ്യമായി ഗുജറാത്തിൽ 3 മരണങ്ങൾ ഉണ്ടായതായി 2011 ജനുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രോഗ ലക്ഷണം
തിരുത്തുകടിക്ക് മുഖാന്തരം അണുബാധ ഉണ്ടായാൽ, ഒന്നുമുതൽ മൂന്ന്, അഥവാ ഒൻപതു ദിവസത്തിനകം രോഗം പ്രത്യക്ഷപ്പെടും .രോഗിയുമായുള്ള സമ്പർക്കം കൊണ്ട്, അതായത് രക്തത്തിലൂടെ അല്ലെങ്കിൽ മറ്റു ശരീര സ്രവങ്ങളിൽ കൂടി, രോഗബാധ ഉണ്ടായാൽ അഞ്ചു മുതൽ ആറ് ദിവസം അല്ലെങ്കിൽ പരമാവധി 13 ദിവസം വരെ എടുക്കാം. രോഗ ലക്ഷണങ്ങൾ പെട്ടെന്നാണ് പ്രത്യക്ഷപ്പെടുന്നത്. പനി, പേശി വേദന ,തലചുറ്റൽ, കഴുത്തിൽ വേദന, കഴുത്ത് മടക്കാൻ ബുദ്ധിമുട്ട് , തല വേദന, പുറം വേദന, കണ്ണിനു ചുവപ്പ് നിറം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ . വയറു വേദനയും വയറിളക്കവും ഉണ്ടാവും.രോമകൂപങ്ങളിൽ നിന്നും രക്തം പൊടിക്കും. രോഗിയുടെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകും. അസ്വസ്ഥതയും അക്രമസ്വഭാവവും പ്രകടിപ്പിക്കും. മൂന്ന്, നാല് ദിവസം കഴിയുമ്പോഴേക്കും , അക്രമ സ്വഭാവം മാറി അധോമുഖനായി എപ്പോഴും ഉറക്കം ആരംഭിക്കും.. രോഗ ബാധ മൂലം കരൾ വലുതാകുന്നതിനാൽ, വയറു വേദന വലതുവശത്തേക്ക് മാറും. ഹൃദയമിടിപ്പ് വർദ്ധിക്കുക, ലസിക ഗ്രന്ഥികൾ വലുതാകുക, തൊലിക്കടിയിൽ രക്തവാർച്ച ഉണ്ടായി തൊലി ,വായ, തൊണ്ട ചുവക്കുക എന്നിവ തുടർ ലക്ഷണങ്ങൾ ആണ്. മലത്തിലും മൂത്രത്തിലും രക്തം കലർന്ന് കാണപ്പെടും . മൂക്കിലും ഊനുകളിലും രക്തസ്രാവം ഉണ്ടാകും. രോഗം മാരകമാകുന്നവരിൽ, അഞ്ചാം ദിവസം മുതൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലാകും. തലച്ചോറിനെ ബാധിച്ചാൽ മരണം തീർച്ച. രോഗം ഗുരുതരമാകുന്നവർ രണ്ടാമത്തെ ആഴ്ചയോടെ മരണപ്പെടും. രോഗം ഭേദപ്പെടുന്നവർക്ക് പത്താം ദിവസം മുതൽ ആശ്വാസം കണ്ടു തുടങ്ങും.
രോഗ നിർണയം
തിരുത്തുകഎലിസ(ELISA ) , ഇഐഎ (EIA )എന്നീ രക്ത പരിശോധനകളിലൂടെ ഈ വൈറസിന്റെ ആന്റിബോടി കണ്ടെത്തി രോഗം നിർണയിക്കാം. പക്ഷെ, ആറാം ദിവസം മുതലേ രക്തത്തിൽ ആന്റിബോഡി കാണപ്പെടുകയുള്ളൂ .രോഗം ഗുരുതരമാവുന്നവരുടെ രക്തത്തിൽ മിക്കപ്പോഴും അളക്കത്തക്ക അളവിൽ ആന്റിബോഡി കണ്ടില്ലെന്നും വരാം. രോഗിയുടെ രക്തം അല്ലെങ്കിൽ പേശി-സാമ്പിൾ പരിശോധിച്ച് വൈറസ്സിനെ കണ്ടെത്താം. പോളിമേരസ് ചങ്ങല പ്രതിപ്രവർത്തനം (Polymerase Chain Reaction : PCR ) ആണ് ഏറ്റവും പുതിയ രോഗ നിർണയ മാർഗം. കേരളത്തിൽ, ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ദേശീയ വൈരോളോജി കേന്ദ്രത്തിൽ രക്ത പരിശോധനാ സൗകര്യം ഉണ്ട്.
ചികിത്സ
തിരുത്തുകരോഗലക്ഷണങ്ങൾക്ക് ആശ്വാസം ഉണ്ടാകാൻ വേണ്ട ചികിത്സ ആണ് പ്രധാനമായും ചെയ്യേണ്ടത്. രക്തവാർച്ച മൂലം നഷ്ടപ്പെടുന്ന രക്തത്തിന് പകരമായി രക്തഘടകങ്ങൾ തക്കസമയത്ത് നൽകണം. രിബവ്രിൻ (Ribavirin ) എന്ന മരുന്ന് പ്രയോജനം ഉള്ളതായി കാണപ്പെടുന്നു. രോഗം ഭേദമായവരിൽ നിന്നും എടുക്കുന്ന പ്ലാസ്മ കുത്തിവെപ്പും നൽകാറുണ്ട്.
പ്രതിരോധവും നിയന്ത്രണവും
തിരുത്തുക- എലിയുടെ തലച്ചോറിൽ നിന്നും നിർവീര്യമാക്കി രൂപപ്പെടുത്തുന്ന ഒരിനം വാക്സിൻ കിഴക്കൻ യുറോപ്യൻ രാജ്യങ്ങളിൽ ചെറിയ തോതിൽ ഉപയോഗിക്കുന്നൊണ്ട്. . സുരക്ഷിതവും ഫലപ്രദവും ആയി മനുഷ്യർക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു വാക്സിൻ നിലവിലില്ല
- ടിക്കുകൾ നമ്മുടെ ശരീരത്തിൽ പറ്റിക്കൂടാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇവക്കു പറക്കുവാനും ചാടാനും കഴിവില്ലാത്തതിനാൽ, ഇലകളുടെയും പുല്ലിന്റെയും അറ്റത്ത് വന്നിരുന്നു കടന്നുപോകുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തിൽ പറ്റിക്കൂടുക ആണ് ചെയ്യുന്നത്. കീടങ്ങൾക്കെതിരെ ഉള്ള ലേപനങ്ങൾ ആവശ്യമെങ്കിൽ ഉപയോഗിക്കണം.
- കന്നുകാലികളെയും മറ്റും പാലിക്കുന്നവർ വേണ്ട മുൻ കരുതലുകൾ എടുക്കണം.: കയ്യുറ, വസ്ത്രം,ലേപനം.
- ആരോഗ്യ പ്രവർത്തകർ സാർവത്രിക മുൻകരുതലുകൾ (Universal precautions ) പാലിക്കണം.
- രോഗം ഉണ്ടെന്നു സംശയിക്കുന്നവരെ മാറ്റി പാർപ്പിക്കണം.
അവലംബം
തിരുത്തുക- WHO Fact sheet No:208
- http://en.wikipedia.org/wiki/Crimean%E2%80%93Congo_hemorrhagic_fever ,
- Vector Control: Methods for use by individuals and communities, 1997, WHO, Geneva.
- മലയാള മനോരമ , 22 ജനുവരി 2011.