പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൈപ്പുറം. തിങ്കളാഴ്ചകളിൽ നടന്നിരുന്ന കൈപ്പുറം ചന്ത പ്രസിദ്ധമായിരുന്നു. അവശ്യ വസ്തുക്കളും മറ്റും വേടിക്കുവാൻ വിദൂര പ്രദേശങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്തുമായിരുന്നു. തിരുവേഗപ്പുറ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ഈ ഗ്രാമത്തിലാണ്. കൈപ്പുറം ടൗണിലും വെസ്റ്റ് കൈപ്പുറത്തുമായി (നെടുങ്ങോട്ടൂർ റോഡ്) രണ്ട് എൽ.പി. സ്‌കൂളുകൾ ഇവിടെയുണ്ട്. നരിപ്പറമ്പ് യു.പി. സ്‌കൂളും നടുവട്ടം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളും പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി ഈ ഗ്രാമത്തോട് വളരെ ചേർന്ന് നിൽക്കുന്നു. ഇവിടുത്തെ ചിനവതി കാവ് അമ്പലം പ്രശസ്തമാണ്. നാരായണത്ത് ഭ്രാന്തനുമായി ബന്ധപ്പെട്ട ഭ്രാന്തൻ കല്ല് എന്ന് അറിയപ്പെടുന്ന വലിയ പാറക്കൂട്ടം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൈപ്പുറം ടൗണിലും നോർത്തിലുമായി (നൂറാനിയ്യ) രണ്ട് ജുമാ മസ്ജിദുകൾ ഇവിടെയുണ്ട്. ധാരാളം വിദ്യാഭ്യാസ ജീവകാരുണ്യ ആരോഗ്യ സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന മദീന മഖ്ദൂം ട്രസ്റ് കൈപ്പുറത്തിന്റെ വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്നു. തൂതപ്പുഴ കൈപ്പുരത്തിന്റെ ചാരത്തുകൂടെയാണ് ഒഴുകുന്നത്. രാഷ്ട്രീയ സാംസ്കാരിക മത സംഘടനകളുടെ ഉന്നത നേതൃസ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം വ്യക്തികൾ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.

"https://ml.wikipedia.org/w/index.php?title=കൈപ്പുറം&oldid=3478433" എന്ന താളിൽനിന്ന് ശേഖരിച്ചത്