Kerala Thandan Mahasabha-KTMS(കേരള തണ്ടാൻ മഹാസഭ-1950).

കേരളത്തിലെ തെക്കൻ ജില്ലകളിൽ തെങ്ങ് കയറ്റം തൊഴിലായി സ്വീകരിച്ച ഒരു വിഭാഗത്തെ ആണ് തണ്ടാൻ എന്നറിയപ്പെടുന്നത്. പട്ടികജാതിയിലുൽപ്പെട്ട ഒരു സമുദായമാണിത്. അവരുടെ ജീവിത-സൗകാര്യങ്ങളുടെയും വിദ്യാഭ്യാസനിലവാരത്തിന്റെയും ഉന്നമനത്തിനായും അവരുടെ നിരവധി പ്രശ്നങ്ങളുടെ പരിഹാരത്തിനായും വേണ്ടി കുഞ്ഞൻ വെളുമ്പൻ എന്ന സാമൂഹ്യപരിഷ്കർത്താവ്, കാർത്തികപ്പള്ളി,മാവേലിക്കര,കരുനാഗപ്പള്ളി, ,തിരുവല്ല,പത്തനംതിട്ട , കുന്നത്തൂർ,പത്തനാപുരം, കൊട്ടാരക്കര, കൊല്ലം,തിരുവനന്തപുരം എന്നീ 10 താലൂക്കുകളിലായി സബ് രജിസ്ട്രാർ കച്ചേരി വഴി രജിസ്റ്റർ ചെയ്യാനുള്ള നീയമാവലി എഴുതിയുണ്ടാക്കി 150 കരയോഗങ്ങളെ കൂട്ടിയോജിപ്പിച്ച് ‘അഖില തിരുവിതാംകൂർ തണ്ടാർ മഹാജന സഭ’ 1925 ൽ കുഞ്ഞൻ വെളുമ്പൻ സെക്രട്ടറിയായി പ്രവർത്തനമാരംഭിച്ചു.ആദ്യത്തെ പ്രസിഡന്റ് കൊല്ലം ശ്രീ.കുഞ്ചൻ വൈദ്യൻ ആയിരുന്നു.കൂട്ടായ്മയിലൂടെ സംഘങ്ങൾക്ക് രൂപം കൊടുത്ത് ഐക്യവും സ്നേഹവും സൃഷ്ട്ടിക്കാൻ മരണം വരെയും സ്വസമുദായത്തിന് വേണ്ടി പ്രവർത്തിച്ചയാളാണ് ശ്രീ. കുഞ്ഞൻ വെളുമ്പൻ. സമുദായ പ്രവർത്തനത്തിലൂടെ തണ്ടാന്മാരെ പട്ടികജാതിയിലുൽപ്പെടുത്താനും, ഇന്നും അത് തുടരാനും പ്രയത്നിച്ചതു മുൻ നിയമസഭാസാമാജികൻ കൂടിയായ ശ്രീ. കുട്ടപ്പൻ കോയിക്കലാണ്.1950 ൽ ഔദ്യോഗികമായി

"അഖില തിരുവിതാംകൂർ തണ്ടാർ മഹാജനസഭ " നിലവിൽ വന്നു.1976-77 വർഷത്തോടെ "കേരള തണ്ടാർ മഹാസഭ" എന്ന് പുനർനാമകരണം ചെയ്തു പ്രവർത്തനം തുടങ്ങി. 2004 ഡിസംബർ 7നു കൂടിയ മഹാസഭയുടെ വിശേഷാൽ യോഗത്തിൽ കേരള തണ്ടാൻ മഹാസഭ"എന്ന പുതിയ നാമം സ്വീകരിച്ചു. (രജിസ്ട്രേഷൻ നമ്പർ:46/1950).KTMS ന്റെ കേന്ദ്രകാര്യാലയം സ്ഥിതി ചെയ്യുന്നത് പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി ആണ്.KTMS ന്റെ ശാഖകൾ മുതൽ സംസ്ഥാനതലം വരെയും കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ജനാതിപത്യ രീതിയിൽ ആണ്. പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്‌, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ആയിരിക്കും കമ്മിറ്റി അംഗങ്ങൾ. KTMS ന്റെ പോഷക സംഘടകൾ ആണ് കേരള തണ്ടാൻ മഹിളാ സമിതി, കേരള തണ്ടാൻ യുവജന സംഘടന (KTYA) തുടങ്ങിയവ. കേരള തണ്ടാൻ മഹാസഭ(KTMS)യുടെ പതാകയുട നിറം, പച്ച, ചുവപ്പ് എന്നീ രണ്ട് നിറങ്ങൾ പ്രതിനിതീകരിക്കുന്നു. പച്ച കർഷക പുരോഗതിയെയും ചുവപ്പ് ഏതൊരാപത്തിനെയും നേരിടാനുള്ള മനശ്ശക്തിയെയും കാണിക്കുന്നു.

കേരള തണ്ടാൻ മഹാസഭ യുടെ രണ്ടു നക്ഷത്രങ്ങൾ;

തണ്ടാൻ സമൂഹത്തിന്റെ പ്രശ്നങ്ങൾക്കും പ്രതിസന്ധിക്കും നടുവിൽ പരിഹാര മാർഗ്ഗ നിർദ്ദേശങ്ങളുമായി നിന്ന രണ്ടു പ്രധാന വ്യക്തിത്വങ്ങളായിരുന്നു ശ്രീ.കുഞ്ഞൻവെളുമ്പനും ശ്രീ.കുട്ടപ്പൻ കോയിക്കലും. അതുകൊണ്ടു തന്നെ രണ്ടുപേരും ജനനായകരുമായി. അയിത്തവും അകലവും പാലിക്കാൻ വിധിക്കപ്പെട്ട സമുദായത്തെ സംഘടിപ്പിക്കുന്നതിൽ ഇവർ കാട്ടിയ ചാതുര്യം എക്കാലത്തും ഓർമ്മിക്കപ്പെടും. ജാതിമത വർണ്ണഭേദങ്ങൾ കൊടികുത്തി വാണകാലം. അയ്യായിരം വർഷം നിലനിന്നിരുന്ന സാമൂഹ്യക്രമത്തോട് മല്ലടിക്കാനുള്ള ആത്മധൈര്യം അവരെ മഹാത്മാക്കളാക്കുന്നു. വൈവിധ്യത്തെ വൈരുദ്ധ്യമായും, വൈകല്യമായും കരുതിപ്പോന്ന മുൻകാലചരിത്രം തിരുത്തിക്കുറിക്കാൻ പടപൊരുതിയ ധീരൻമാരെന്ന് ഭാവിതലമുറ ഇവരെ വാഴ്ത്തപ്പെടും. ഗുരുദേവനും, ആർ.ശങ്കറും, ഡോ.പൽപ്പുവും, സി.കേശവനും, കേളപ്പനും, സഹോദരൻ അയ്യപ്പനും, അയ്യങ്കാളിയും വരുന്ന മനീഷിപരമ്പരയിലാണിവരുടേയും സ്ഥാനം.

നരകതുല്യമായ ജീവിതം തന്നെയായിരുന്നു കീഴ് ജാതി സമൂഹങ്ങൾക്ക്. മഹാസഭയുടെ ചരിത്രവും ജീവിതചരിത്രവും അഴിച്ചെടുക്കാനാവാത്ത വിധം ഇഴചേർന്ന രണ്ടു ജീവിതങ്ങൾ. അവസാനശ്വാസംവരേയും താനുൾപ്പെടുന്ന സമൂഹത്തിന്റെ ഉന്നമനം നെഞ്ചേറ്റിയ വ്യക്തിത്വങ്ങൾ. സമാനകതകളില്ലാതെ സ്വസമുദായത്തെ സ്നേഹിച്ചവർ, വളർത്തിയവർ എന്ന് പിൻതലമുറക്കാർ ഓർത്തെടുക്കും ഇവരെ.

നിലവിലുണ്ടായിരുന്ന സാമൂഹ്യനീതി അധ:സ്ഥിതരെ വിദ്യാഭ്യാസം എന്നതുപോയിട്ട് അക്ഷരജ്ഞാനം പോലും നിഷേധിച്ചിരുന്നു. മനുഷ്യാവകാശങ്ങളത്രയും ലംഘിച്ചുകൊണ്ട് വീർപ്പുമുട്ടി കഴിഞ്ഞിരുന്ന ഒരു വിഭാഗത്തെ പുരോഗതിയിലേക്കു നയിക്കാൻ നടത്തിയ ധൈര്യപൂർവ്വമായ ചെറുത്തുനിൽപ്പുകൾ ജീവിതദൗത്യമായി സ്വീകരിക്കുകയായിരുന്നു ഇവർ ഇരുവരും.

സ്കൂളിൽ ചേരാൻ പലരുമെത്തിയെങ്കിലും സർക്കാർ സ്കൂളിൽ പോലും പ്രവേശനം കൊടുക്കാൻ ഉന്നതജാതിക്കാർ തയ്യാറായില്ല. എയിഡഡ് സ്കൂളിൽ അധികൃതർ പ്രവേശനമേ നൽകിയില്ല. നിരന്തരമായ പോരാട്ടത്തിന്റെ ഫലമായി വിദ്യാഭ്യാസ ഡയറക്ടറായിരുന്ന മി.മൈക്കേൽ 1914-ൽ മുൻ ഉത്തരവിലെ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. അപ്പോഴാണ് കുറേയൊക്കെ കുട്ടികൾ വിദ്യാലയത്തിൽ കടന്നത്.

വിദ്യാഭ്യാസം കേവലം അക്ഷരാഭ്യാസമല്ല ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ജ്ഞാന സമ്പാദനത്തിലൂടെ സമൂഹത്തിന് ഉപകാരപ്രദമാംവണ്ണം സമുദായത്തെ പ്രാപ്തരാക്കുവാൻ ശ്രമിക്കുകയായിരുന്നു അവർ ഇരുവരും ചെയ്തത്. യാതൊരു ഫലേച്ഛയും കൂടാതെയുള്ള പ്രവർത്തനങ്ങളും ആത്മാർത്ഥ നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ ഈ സമുദായത്തിന്റെ നേതൃനിരയിലെത്തിയവരെ പിൻതലമുറയെ  പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു.

ഉയർന്ന ജാതികളുടെ ധൂർത്ത്, പൊങ്ങച്ചം, ആഡംബര ഭ്രമം തുടങ്ങിയവ അനുകരിക്കരുതെന്നും എല്ലാ ദുരാചാരങ്ങളിൽ നിന്നും വിട്ടു നിൽക്കാനും അവർ ഉദ്ബോധിപ്പിച്ചു. മറ്റു സമുദായങ്ങളെപ്പോലെ ഉയരാനും സദാചാരമൂല്യങ്ങൾ വളർത്തിയെടുക്കാനും നിർദ്ദേശിച്ചു. 1932 പൂനാക്കരാർ, 1936 നവംബർ 12 ന്റെ ക്ഷേത്രപ്രവേശന വിളംബരം ഇവയൊക്കെ പിന്നോക്ക വിഭാഗങ്ങൾക്കു നൽകിയ അവകാശങ്ങൾ ഇൻഡ്യയിലാകെയും, കേരളത്തിലും ശ്രീ.കുഞ്ഞൻവെളുമ്പൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ഫലമാണ്.

1947 സെപ്റ്റംബർ 4ന് തിരുവിതാകൂറിൽ പ്രായപൂർത്തി വോട്ടവകാശ വിളംബരം വന്നു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി (Constituent Assembly) തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ശ്രീ.കുഞ്ഞൻ വെളുമ്പന്റെ അനുഗ്രഹാശ്ശിസ്സുകളോടെ യുവാവായ ശ്രീ.കുട്ടപ്പൻ കോയിക്കൽ റിഫോംസ് (Reforms) കമ്മിറ്റി മുമ്പാകെ ഹാജരായി. ശക്തിയുക്തം വാദിച്ച് സീറ്റുറപ്പാക്കി. ജനറൽ സീറ്റിൽ ശ്രീ.നാരായണപ്പിള്ളയും, റിസർവേഷൻ സീറ്റിൽ ശ്രീ.കുട്ടപ്പൻ കോയിക്കലും തെരഞ്ഞെടുക്കപ്പെട്ടു. 1948 മാർച്ച് 20-ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളി നിലവിൽ വരുകയും ചെയ്തു. തണ്ടാൻ സമുദായത്തിന്റെ ആദ്യത്തെ പ്രതിനിധി. ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്നു ശ്രീ.കുട്ടപ്പൻ കോയിക്കലിന്റെ അതി വാചാലവും, ശ്രമവും നിമിത്തമാണ് തണ്ടാൻമാർ പട്ടികജാതിയിൽ ഉൾപ്പെട്ടതും.

"https://ml.wikipedia.org/w/index.php?title=കേരള_തണ്ടാൻ_മഹാസഭ&oldid=3936797" എന്ന താളിൽനിന്ന് ശേഖരിച്ചത്