1943 ആഗസ്ത് 21 (1119 ചിങ്ങം 5) ന് തിരുവിതാംകൂർ ഗണക മഹാസഭ എന്ന പേരിൽ ആരംഭിച്ച് 1982 ൽ കേരള ഗണക മഹാസഭ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ 5 ലക്ഷത്തിൽ പരം വരുന്ന കണിയാൻ, കണിശ, കണിശു, കണിയാർ പണിക്കർ, കണി, കമ്നൻ, ഗുരുക്കൾ, പണിക്കർ, ബില്യായ തുടങ്ങിയ ഗണക (ഗണകൻ അഥവാ ഗണകർ) എന്ന പൊതു നാമധേയത്തിൽ അറിയപ്പെടുന്ന പാരമ്പര്യമായി ജ്യോതിഷം, സാത്വിക പൂജാദി കർമ്മങ്ങൾ, ആയുർവ്വേദ നാട്ടു ചികിത്സകൾ, വിഷ ചികിത്സകൾ, നിലത്തെഴുത്ത്, ഓലക്കുട നിർമ്മാണം തുടങ്ങിയ ജോലികൾ നിർവ്വഹിക്കുന്ന സമൂഹത്തിൻ്റെ മാതൃസംഘടനയാണ് 1/1943 എന്ന രജിസ്റ്റർ നമ്പരോടുകൂടി പ്രവർത്തിക്കുന്ന കേരള ഗണക മഹാസഭ (Kerala Ganaka Maha Sabha). ഇതിൻ്റെ ആസ്ഥാനം കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി എന്ന സ്ഥലത്താണ്. 1908 ൽ ‘ഗണക മഹാജന യോഗം‘ എന്ന പേരിൽ ആരംഭിച്ച് 1943 ൽ തിരുവിതാംകൂർ ഗണക മഹാസഭ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഈ സംഘടന സ്വാതന്ത്ര്യാനന്തരം 1956 ലെ ഇൻഡ്യൻ കമ്പനീസ് ആക്റ്റിനു കീഴിൽ വരികയും 1961 ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്റ്റിനു കീഴിൽ നോൺ ട്രേഡിംഗ് കമ്പനി ആയി പ്രവർത്തിവരികയും ചെയ്യുന്ന സമുദായ സംഘടനയാണ്. ഡയറക്ടർ ബോർഡാണ് ഭരണസനിർവ്വഹണ സമിതി. യൂണിയനുകളുടെ പ്രതിനിധികളായാണ് ഇവർ തെരഞ്ഞെടുക്കപ്പെടുക. പൊതുയോഗം നേരിട്ടു തെരഞ്ഞെടുക്കുന്ന പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവരാണ് ബോർഡിൻ്റെ തലപ്പത്ത് ഉള്ളത്. വനിതാവേദി, യുവജനവേദി, ബാലവേദി എന്നീ പോഷക സംഘടനകൾ ഇതിനുണ്ട്. കുറിച്ചിയിലുള്ള ആസ്ഥാന മന്ദിരത്തിൽ ജ്യോതിഷം, താന്ത്രിക വിഷയങ്ങൾ, മരണാനന്തര കർമ്മങ്ങൾ എന്നിവ പഠിപ്പിക്കുന്ന ‘ജ്യോതിഷ വിദ്യാപീഠം' എന്ന വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നു. 249 ശാഖകൾ നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകൾ ആണ് സംഘടനയുടെ പ്രധാന ശക്തികേന്ദ്രങ്ങൾ.

"https://ml.wikipedia.org/w/index.php?title=കേരള_ഗണക_മഹാസഭ&oldid=3944359" എന്ന താളിൽനിന്ന് ശേഖരിച്ചത്