ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ കേദാർ രാജ (কেদার রাজা ) ആദ്യം മാതൃഭൂമി എന്ന ബംഗാളി മാസികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കപ്പെട്ടു. 1945-ലാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയത്. [1]. പണ്ടെന്നോ അസ്തമിച്ചുപോയ രാജപാരമ്പര്യത്തിന്റെ നിഴലിൽ ജീവിക്കുന്ന, ശുദ്ധമനസ്ക്കരായ ഒരു പിതാവിന്റേയും പുത്രിയുടേയും നിഷ്കളങ്കത ചൂഷണം ചെയ്യപ്പെടുന്നതാണ് പ്രതിപാദ്യ വിഷയം

കഥാസംഗ്രഹംതിരുത്തുക

പേരിൽ മാത്രം രാജപദവിയുളള ഗഡ് ശിവപൂർ ഗ്രാമത്തിലെ കേദാർ രാജക്ക് പൂർവ്വജരുടെ ജീർണ്ണിച്ച സൌധവും കാടുകയറിയ പുരയിടവും മാത്രമേ ഇന്ന് സ്വന്തമായിട്ടുളളു. യുവതിയായ പുത്രി ശരത് സുന്ദരി അച്ഛനോടൊപ്പമുണ്ട്. ആരും നോക്കി നിന്നുപോകുന്ന അഴകും ആഭിജാത്യവും ഉളളവളാണ് ശരത് സുന്ദരി. പക്ഷെ അകാലവൈധവ്യം അവളുടെ ജീവിതത്തെ വർണ്ണരഹിതമാക്കിയിരിക്കുന്നു. . വളരെ അരിഷ്ടിച്ചാണ് പിതാവും പുത്രിയും ആവർത്തന വിരസമായ ദിവസങ്ങൾ തളളിനീക്കുന്നത്. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലെ ഇഷ്ടികയും കഴുക്കോലും പലരും എടുത്തു കൊണ്ടു പോകാറുണ്ട്. പക്ഷെ കേദാർ രാജ അതിനു വില പറയാറില്ല. കൊൽക്കത്തയിൽ നിന്ന് ആ ഗ്രാമത്തിലേക്ക് സന്ദർശകരായെത്തിയ പ്രഭാസ് , അരുൺ എന്ന രണ്ടു കുത്സിതബുദ്ധികളായ ചെറുപ്പക്കാർ അച്ഛനേയും മകളേയും കബളിപ്പിച്ച് കൊൽക്കത്ത കാണാനായി കൂട്ടിക്കൊണ്ടു പോകുന്നു. അവരുടെ യഥാർത്ഥ ഉദ്ദേശ്യം ശരത് സുന്ദരിയെ കൊൽക്കത്തയിലെ ചുവന്ന തെരുവിൽ എത്തിക്കുകയാണ്. അതിനുളള പണം അവർ ഹേനാ ഭായിയുടെ ദല്ലാൾ ഗിരീനിൽ നിന്ന് പറ്റിക്കഴിഞ്ഞിരുന്നു. അന്യരുടെ കുടിലത മനസ്സിലാക്കാനാകാത്ത, ലോകമെന്തെന്നറിയാത്ത പിതാവിന്റേയും, ആത്മധൈര്യവും തുറന്ന മനസ്സും മാത്രം കൈമുതലായുളള പുത്രിയുടേയും കഥയാണ് കേദാർ രാജ

അവലംബംതിരുത്തുക

  1. Bibhutibhushan Bandhopadhyay: Upanyas Samagra Vol.I. Kolkata: Mitra & Ghosh Publishers. 2005.
"https://ml.wikipedia.org/w/index.php?title=കേദാർ_രാജാ&oldid=1449140" എന്ന താളിൽനിന്ന് ശേഖരിച്ചത്