കെ. സരസ്വതി അമ്മ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മ.

കെ. സരസ്വതി അമ്മ
കെ. സരസ്വതി അമ്മ
ജനനം(1919-02-04)ഫെബ്രുവരി 4, 1919
കുന്നപ്പുഴ, തിരുവനന്തപുരം
മരണംഡിസംബർ 26, 1975(1975-12-26) (പ്രായം 56)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയും

ജീവിത രേഖ തിരുത്തുക

 • 1919 ജനനം
 • 1928 പാൽക്കുളങ്ങരയിലേക്കു കുടുംബം താമസം മാറ്റി
 • 1936 ഇ.എസ്.എസ്.എൽ.സി. ജയിച്ചു
 • 1938 ആദ്യകഥ പ്രസിദ്ധീകരിച്ചു
 • 1942 ബി.എ. ജയിച്ചു
 • 1942-43 പെരുന്ന എൻ.എസ്.എസ് സ്കൂളിൽ അധ്യാപിക
 • 1943-44 നെയ്യാറ്റിൻകര സെന്റ് തെരേസാസിൽ അധ്യാപിക
 • 1944 'പ്രേമഭാജനം'
 • 1945 സർക്കാർ സർവീസിൽ; 'പൊന്നും കുടം'
 • 1958 'പുരുഷന്മാരില്ലാത്ത ലോകം'
 • 1961 വളർത്തുമകന്റെ മരണം
 • 1963 അമ്മയുടെ മരണം
 • 1967 സഹോദരിയുടെ ആത്മഹത്യ
 • 1975 മരണം

തിരുവനന്തപുരം നഗരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിൽ കിഴക്കേവീട്ടിൽ തറവാട്ടിൽ 1919 ഏപ്രിൽ 4-നു സരസ്വതിയമ്മ ജനിച്ചു. അമ്മ: കാർത്യായനിയമ്മ. അച്ഛൻ: പത്മനാഭപിള്ള. 1936-ൽ പാള്ളം ഗേൾസ് ഇംഗ്ലീഷ് സ്കൂളിൽ നിന്നും ഒന്നാം സ്ഥാനത്തോടെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളെജിൽ ഇന്റർമീഡിയറ്റ് പഠനം. ആർട്സ് കോളെജിൽ മലയാളം ഐഛികമായി എടുത്ത് ബി.എ. യ്ക്കു പഠിച്ചു. മലയാളം ബി.ഏ റാങ്കോടെ പാസ്സായി. പി.അനന്തൻപിള്ള, ഡോ.ഗോദവർമ്മ, കോന്നിയൂർ മീനാക്ഷിയമ്മ ,ഇളംകുളം കുഞ്ഞൻപിള്ള എന്നിവർ അദ്ധ്യാപകരായിരുന്നു. കെ.ആർ നാരായണൻ, പി.സി അലക്സാണ്ടർ, ചങ്ങമ്പുഴ, ടി.എൻ.ഗോപിനാഥൻനായർ, കെ.ബാലകൃഷ്ണൻ, രവീന്ദ്രവർമ്മ എന്നിവർ സഹപാഠികൾ.പഠനത്തിൽ സരസ്വതിയമ്മയ്ക്ക് നല്ല കഴിവുണ്ടായിരുന്നിട്ടും, കടുത്ത സാമ്പത്തികബുദ്ധിമുട്ടുകൾ മെച്ചപ്പെട്ട പഠനം മുന്നോട്ട്കൊണ്ടുപോകുന്നതിന് പലപ്പോഴായി അവർക്ക് തടസ്സമുണ്ടാക്കി. അക്കാലത്ത് സന്യാസിയാകാനുള്ള ആഗ്രഹം അവരിൽ ജനിച്ചു. അതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ടാഗോറിന് സരസ്വതിയമ്മ കത്തെഴുതി. എന്നാൽ ടാഗോർ ആ ആഗ്രഹം നിരാകരിച്ചുകൊണ്ടു മറുപടി എഴുതി. 1942-ൽ ബി.എ. പൂർത്തിയാക്കി. തുടർന്ന് രണ്ടുവർഷം അദ്ധ്യാപികയായി ജോലിചെയ്തു. 1945-ൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായി.

ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമിയി വാരികയിൽ സീതാഭവനം എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ശാരി, രാജലക്ഷ്മി എന്നീ കൂട്ടുകാരികളായിരുന്നു പ്രേരണ.[1] ചങ്ങമ്പുഴ വാഴക്കുല എഴുതുന്നതിനു മുമ്പു് സരസ്വതി അമ്മ അവശന്മാരുടേയും ആർത്തന്മാരുടേയും കഥകൾ എഴുതി. പ്രസിദ്ധപ്പെടുത്തിയ ആദ്യരചന ‘സീതാഭവനം’ എന്ന ചെറുകഥയാണ്. വിവാഹം എന്ന സമ്പ്രദായത്തിലെ അപചയങ്ങൾ പലപ്പോഴും പ്രമേയായിരുന്ന കഥകൾ രചിച്ച സരസ്വതിയമ്മ അവിവാഹിതയായിരുന്നു.

1944 ൽ ആദ്യ പുസ്തകം പ്രേമഭാജനം പുറത്തിറങ്ങി. ഇതോടെ അവർക്കെതിരെ വ്യക്തിപരമായ പല അപവാദങ്ങളും ഉയർന്നു. കുടുംബാന്തരീക്ഷം കലുഷമായി. സഹോദരീ പുത്രൻ സുകു അവർക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സുകുവുമായുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടായി. അവധിക്കാലത്ത് വീട്ടിൽ താമസിക്കാനാവാതെ മദ്രാസിലും മറ്റും പോയി താമസിച്ചു. വീട്ടിലെ സംഘർഷം എഴുത്ത് ജീവിതത്തേയും ബാധിച്ചു. ഒപ്പമുണ്ടായിരുന്ന സുകു മാറി താമസിച്ചു. പോലീസ് സർവീസിലായിരുന്ന സുകു ജോലി ആവശ്യത്തിനായി താമസം കോട്ടയത്തേക്കും മാറ്റി. സരസ്വതിയമ്മ ജോലി മാറ്റമായി തൃശൂരിലേക്ക് പോയി. എന്നാൽ 1961 ഏപ്രിൽ 9ന് സുകു മരണമടഞ്ഞു. സുകുവിന്റെ അപമൃത്യു സരസ്വതിയമ്മയ്ക്കു വലിയ ആഘാതമായി. 1963 ഒക്ടോ്ബർ 26ന അമ്മയും മരിച്ചു. മകന്റെ മരണത്തിൽ സമനില തെറ്റിയ മൂത്തസഹോദരി സരസ്വതിയമ്മയ്‌ക്കെതിരെ മേലുദ്യോഗസ്ഥർക്ക് പരാതി അയയ്ക്കുകയും ചെയ്തു. മൂത്തസഹോദരി സരസ്വതിയമ്മ എഴുതിയ കഥകളും മറ്റും അടിച്ചുവന്ന മാസികകൾ കൂട്ടിയിട്ട് അതിൽ മണ്ണെണ്ണയൊഴിച്ച് തീയിട്ട് 1967 ഏപ്രിൽ 25ന് ആത്മഹത്യയും ചെയ്തു. 1942 മുതൽ 1958 വരെയുള്ള കാലത്താണ് സരസ്വതിയമ്മ സജീവമായി സാഹിത്യരചനയിൽ ഏർപ്പെട്ടത്. കുടുംബബന്ധങ്ങളിലെ കാലുഷ്യവും വ്യക്തിപരമായ ദുരന്തങ്ങളും കാരണം, പിന്നീടവർ കാര്യമായിട്ട് ഒന്നുമെഴുതിയില്ല. സർവ്വീസിൽ നിന്ന് 1973 ഫെബ്രുവരിയിൽ സ്വയം വിരമിച്ചു.

തനിച്ചായതിന്റെ തിക്ത വേദന അവരെ മഥിച്ചു. ദൈവത്തോട് തന്നെ രക്ഷിക്കണേയെന്ന അഭ്യർഥന മാത്രമായി പിന്നീടെഴുതിയ ഡയറിക്കുറിപ്പുകളിൽ മുഴുവൻ. രോഗപീഡകളിലേക്ക് മൂക്കുകുത്തിവീണ സരസ്വതിയമ്മ പ്രമേഹവും രക്തസമ്മർദ്ദവും വർധിച്ചതിനെ തുടർന്ന് 1975 ഡിസംബർ 26ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.

കൃതികൾ തിരുത്തുക

കഥാസമാഹാരങ്ങൾ തിരുത്തുക

 • പെൺബുദ്ധി
 • കനത്ത മതിൽ
 • കീഴ്ജീവനകാരി
 • ചോലമരങ്ങൾ
 • ഒരുക്കത്തിന്റെ നടുവിൽ
 • വിവാഹസമ്മാന൦
 • സ്ത്രീജന്മം
 • ചുവന്നപൂക്കൾ
 • കലാമന്ദിരം
 • പ്രേമപരീക്ഷണം
 • എല്ലാം തികഞ്ഞ ഭാര്യ
 • ഇടിവെട്ടുതൈലം

നോവൽ തിരുത്തുക

 • പ്രേമഭാജനം
 • പൊന്നിൻകുടം ( പൊന്നിൻകുടം സരസ്വതിയമ്മ എന്നറിയപ്പെട്ടിരുന്നു)

നാടകം തിരുത്തുക

 • ദേവദൂതി

ലേഖനസമാഹാരം തിരുത്തുക

 • പുരുഷൻമാരില്ലാത്ത ലോകo

അന്ത്യം തിരുത്തുക

1975 ഡിസംബർ 26-ന് തന്റെ 56-ആം വയസ്സിൽ അവർ അന്തരിച്ചു.

അവലംബം തിരുത്തുക

 1. മാതൃഭൂമി ആഴ്ചപ്പതിപ്പ്‌-പ്രൊഫ.കനകലത
 • സാഹിത്യപോഷിണി നവംബർ 2006 പ്രൊഫ.വി.കുഞ്ഞുകൃഷ്ണപിള്ള-പാൽക്കുളങ്ങര കെ.സരസ്വതി അമ്മ
 • സാഹിത്യ സംഭവങ്ങൾ-എഴുതികിട്ടാത്ത അവതാരിക.ജി.പ്രിയദർശനൻ കറന്റ്‌ ബുക്സ്‌, 1995
 • കെ. സുരേന്ദ്രന്റെ പ്രബന്ധങ്ങൾ-കെ.സുരേന്ദ്രൻ
"https://ml.wikipedia.org/w/index.php?title=കെ._സരസ്വതി_അമ്മ&oldid=3612404" എന്ന താളിൽനിന്ന് ശേഖരിച്ചത്