കെ. നട്‌വർ സിങ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

2004 മുതൽ 2005 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്ന പ്രമുഖ നയതന്ത്രജ്ഞനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന മുൻ നേതാവുമായിരുന്നു കെ.നട്‌വർ സിങ്.(1931-2024) 1953 മുതൽ 1984 വരെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായും ഇന്ത്യൻ അംബാസിഡറായും പ്രവർത്തിച്ചിരുന്നു. 1984-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് രാജിവച്ച സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. മൂന്ന് തവണ കേന്ദ്രമന്ത്രി, രണ്ട് തവണ ലോക്സഭാംഗം, ഒരു തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]

കെ. നട്‌വർ സിങ്
കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2004-2005
പ്രധാനമന്ത്രിഡോ. മൻമോഹൻ സിംഗ്
രാജ്യസഭാംഗം
ഓഫീസിൽ
2002-2008
മണ്ഡലംരാജസ്ഥാൻ
ലോക്സഭാംഗം
ഓഫീസിൽ
1998-1999, 1984-1989
മണ്ഡലംഭരത്പ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1931 മെയ് 16
ഭരത്പ്പൂർ, രാജസ്ഥാൻ
മരണം11 ഓഗസ്റ്റ് 2024(2024-08-11) (പ്രായം 93)
ഗുരുഗ്രാം, ഹരിയാന
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1984- 2008)
പങ്കാളിഹേമീന്ദർ കുമാരി
കുട്ടികൾജഗത് സിംഗ്
As of 12 ഓഗസ്റ്റ്, 2024
ഉറവിടം: indiatoday

ജീവിത രേഖ

തിരുത്തുക

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഒരു ജാട്ട് കുടുംബത്തിൽ ഗോവിന്ദ് സിംഗിൻ്റെയും പ്രയാഗ് കൗറിൻ്റെയും മകനായി 1931 മെയ് 16ന് ജനനം. അജ്മീർ മയോ കോളേജ്, ഗ്വാളിയോർ സിന്ധ്യ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ നട്‌വർ സിംഗ് ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദവും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

1953 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങിയ സിംഗ് 1956 മുതൽ 1958 വരെ ചൈനയിലും 1961 മുതൽ 1966 വരെ ന്യൂയോർക്ക് സിറ്റിയിലും യൂണിസെഫ് എക്സിക്യൂട്ടീവ് ബോർഡിലെ ഇന്ത്യൻ പ്രതിനിധിയായിരുന്നു.

1966-ൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന സിംഗ് 1971 മുതൽ 1973 വരെ പോളണ്ടിലെ ഇന്ത്യൻ അംബാസിഡർ ആയിരുന്നു. 1973 മുതൽ 1977 വരെ ബ്രിട്ടനിൽ ഡപ്യൂട്ടി ഹൈക്കമ്മീഷണർ, 1977-ൽ സാംബിയയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ, 1980 മുതൽ 1982 വരെ പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ, 1982 മുതൽ 1984 വരെ ഭാരതത്തിൻ്റെ വിദേശകാര്യ വകുപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1984-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.

1984-ൽ ഐഎഫ്എസ് ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1984-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ഭരത്പൂർ മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ ലോക്സഭാംഗമായ സിംഗ് 1984-1989-ലെ രാജീവ് ഗാന്ധി മന്ത്രിസഭയിലെ ഖനന വകുപ്പ് സഹമന്ത്രിയായും വിദേശകാര്യ വകുപ്പ് സഹ മന്ത്രിയായും പ്രവർത്തിച്ചു.

1989-ൽ ഉത്തർ പ്രദേശിലെ മഥുര സീറ്റിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വധത്തിലെ സഹതാപതരംഗം ആഞ്ഞടിച്ചതിനെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തി.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 1991-ൽ കോൺഗ്രസ് വീണ്ടും കേന്ദ്രഭരണത്തിൽ അധികാരത്തിൽ വന്നപ്പോൾ സിംഗ് ലോക്‌സഭാംഗമായിരുന്നില്ല. 1991 മുതൽ 1996 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പി.വി.നരസിംഹ റാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിംഗ് 1991-ൽ തന്നെ കോൺഗ്രസ് പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു.

1998-ൽ സോണിയ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷയായപ്പോൾ കോൺഗ്രസിൽ തിരിച്ചെത്തി. 1998-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഭരത്പൂർ മണ്ഡത്തിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി.

2002-ൽ രാജസ്ഥാനിൽ നിന്നും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ ഒന്നാം യു.പി.എ സർക്കാരിൽ വിദേശ കാര്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ സിംഗിന് ഇറാക്കുമായിട്ടുള്ള എണ്ണക്ക് പകരം ഭക്ഷണം പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം മൻമോഹൻ സിംഗ് മന്ത്രിസഭയിൽ നിന്ന് 2006-ൽ രാജി വയ്ക്കേണ്ടി വന്നു. തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യപെട്ട സിംഗ് 2008 വരെ കേന്ദ്ര മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പിൽ വകുപ്പില്ലാ മന്ത്രിയായി തുടർന്നു. 2008-ൽ കോൺഗ്രസ് വിട്ടു.

തുടർന്ന് ബിഎസ്പിയിൽ ചേർന്നെങ്കിലും നാല് മാസത്തിന് ശേഷം ബിഎസ്പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2008-ൽ രാജ്യസഭ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ബിഎസ്പി ടിക്കറ്റിൽ വീണ്ടും രാജ്യസഭയിൽ എത്താനുള്ള പദ്ധതിയും പുറത്താക്കലോടെ അവസാനിച്ചു.

തുടർന്ന് ആത്മകഥ രചനയിൽ മുഴുകിയ സിംഗിൻ്റെ ആത്മകഥ 2014-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. വൺ ലൈഫ് ഈസ് നോട്ട് ഇനഫ് എന്നതായിരുന്നു ആത്മകഥയുടെ പേര്. കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയ്ക്കും മകൻ രാഹുൽ ഗാന്ധിയ്ക്കും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനുമെതിരെയുള്ള നിശിതമായ വിമർശനങ്ങൾ ഉയർത്തിയ ആത്മകഥ ആ സമയത്ത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.[5]

പുസ്തകങ്ങൾ

  • A Legacy of Nehru : A Memorial Tribute
  • My China Diary (1956-1988)
  • One Life is Not Enough (Autobiography)

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 93-മത്തെ വയസിൽ ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[6]

  1. നട്‌വർ സിംഗ് അന്തരിച്ചു
  2. വിദേശകാര്യ വകുപ്പ്മന്ത്രി നട്വർസിംഗ് അന്തരിച്ചു
  3. വിമർശനം ഉയർത്തി നട്‌വർ സിംഗ്
  4. അസ്തമിച്ച നെഹ്റുവിയൻ ലെഗസി
  5. One Life is Not Enough
  6. "Volcker Report names Natwar Singh and Congress Party as "beneficiaries"". The Hindu. 2005-10-29. Archived from the original on 2005-10-31. Retrieved 2013-04-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെ._നട്‌വർ_സിങ്&oldid=4109937" എന്ന താളിൽനിന്ന് ശേഖരിച്ചത്