കേരളത്തിലെ ആരോഗ്യ, മത, വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ പുതിയ ചിന്തകളും സംഭാവനകളും സമർപ്പിച്ച ഡോക്ടറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു ഡോ. കെ. അബ്‌ദുറഹ്‌മാൻ.[1]

ഡോ. കെ. അബ്‌ദുറഹ്‌മാൻ
ജനനം1948, മാർച്ച് 1
അരീക്കോട്, മലപ്പുറം
മരണം2021, ഏപ്രിൽ 16
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംഫാറൂഖ് കോളേജ്

MBBS - കോഴിക്കോട് മെഡിക്കൽ കോളേജ്

MD - ഡൽഹി യൂണിവേഴ്സിറ്റി
തൊഴിൽPhysician
സംഘടന(കൾ)കോഴിക്കോട് കെയർ ഹോം, പെയിൻ & പാലിയേറ്റീവ് സൊസൈറ്റി, ഐ. എം. ബി, കേരള നദ്‌വത്തുൽ മുജാഹിദീൻ - മർക്കസുദഅവ, ഗുഡ് ഡീഡ്സ് ട്രസ്റ്റ്

ജീവിതരേഖ

തിരുത്തുക

അരീക്കോട് കൊല്ലത്തൊടി അബൂബക്കർ, ഖദീജ ദമ്പതിമാരുടെ മകനായി 1948 മാർച്ച് 1 ന് ജനനം. ദീർഘകാലം മഞ്ചേരി കൊരമ്പയിൽ ഹോസ്പിറ്റലിലും കോഴിക്കോട് മിംസ്, മെയ്ത്ര ഹോസ്പിറ്റലുകളിലും സീനിയർ ഫിസിഷ്യനായി സേവനം ചെയ്തു. കോഴിക്കോട് കെയർ ഹോമിന്റെ ചെയർമാൻ, കേരള നദ്‌വത്തുൽ മുജാഹിദീൻ-മർക്കസുദ്ദഅവയുടെ ട്രഷറർ എന്നീ പദവികൾ വഹിച്ചിരുന്നു. കേരളത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി, നിച്ച് ഓഫ് ട്രൂത്ത്, ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (IMB), മഞ്ചേരി ഇസ്‌ലാഹീ ക്യാംപസ്, നോബ്ൾ പബ്ലിക് സ്കൂൾ, എയ്‌സ്‌ പബ്ലിക് സ്‌കൂൾ, ഗുഡ് ഡീഡ്‌സ് ട്രസ്റ്റ് (GD Trust) എന്നിവയുടെ സ്ഥാപകനാണ് ഇദ്ദേഹം. [2]

വിദ്യാഭ്യാസം

തിരുത്തുക

അരീക്കോട് ഓറിയന്റൽ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫാറൂഖ് കോളേജ്, കോഴിക്കോട് മെഡിക്കൽ കോളജ്, ഡൽഹി വെല്ലിംഗ്ടൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർപഠനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം. ബി. ബി. എസ് പൂർത്തിയാക്കുകയും, ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എം. ഡി കരസ്ഥമാക്കുകയും ചെയ്തു.[3]

പ്രവർത്തനങ്ങൾ

തിരുത്തുക

ആരോഗ്യമേഖലയിൽ

തിരുത്തുക
  • ആദ്യത്തെ പാലിയേറ്റീവ് ഹോം കെയർ:

മലപ്പുറം ജില്ലയിൽ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രഥമ കേന്ദ്രം മഞ്ചേരിയിൽ സ്ഥാപിക്കുന്നത് ഇദ്ദേഹത്തിൻറെ പ്രവർത്തനഫലമായിട്ടാണ്. ഇവിടെ നൽകിയ പരിശീലനത്തെ തുടർന്നാണ് ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ ആദ്യകാല പാലിയേറ്റീവ് ക്ലിനിക്കുകൾ രൂപം കൊള്ളുന്നത്. പാലിയേറ്റീവ് കെയർ രംഗത്ത് ലോകശ്രദ്ധ നേടിയ മലപ്പുറം ജില്ലയെ അതിനു പ്രാപ്തമാക്കിയവരിൽ മുൻനിരയിൽ നിൽക്കുന്ന ആളാണ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയായ ഇദ്ദേഹം. വിവിധയിടങ്ങളിലെ മെഡിക്കൽ പ്രാക്ടീസിന് ശേഷം തിരൂർ താലൂക്ക് ആശുപത്രിയിൽ നിന്നും മഞ്ചേരി ജില്ലാ ആശുപത്രിയിൽ ചാർജ് എടുക്കുന്നതോടെയാണ് പൊതു പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.

1995-ൽ നടന്ന ഒരു മെഡിക്കൽ കോൺഫറൻസിൽ വെച്ച് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. രാജഗോപാലുമായുള്ള സംസാരത്തിൽ നിന്നാണ് മെഡിക്കൽ കോളജിൽ ആരംഭിച്ച പെയ്ൻ & പാലിയേറ്റീവ് ക്ലിനിക്കിനെ കുറിച്ച് ഡോ. കെ അബ്ദുറഹ്മാൻ മനസ്സിലാക്കുന്നതും പിന്നീട് മഞ്ചേരിയിൽ ആദ്യത്തെ പാലിയേറ്റീവ് ക്ലിനിക്ക് ആരംഭിക്കുന്നതും. 1987 മുതൽ മഞ്ചേരിയിൽ പ്രവർത്തിച്ചുവന്ന ഐ. എം. ബി ഫ്രീ ക്ലിനിക്കിനോടനുബന്ധിച്ചാണ് പാലിയേറ്റീവ് ക്ലിനിക്ക് പ്രവർത്തിച്ചത്. ഐ. എം. ബി ഫ്രീ ക്ലിനിക്ക് എന്ന ആശയവും ഡോ. അബ്‌ദുറഹ്‍മാന്റേതായിരുന്നു.[4]

1996-2000 കാലത്ത് പാലിയേറ്റീവ് ക്ലിനിക്കുകൾ വിപുലമാക്കേണ്ടതിനു വേണ്ടി ഡോക്ടർ മുൻകൈ എടുത്തു ധാരാളം പ്രദേശങ്ങളിൽ മീറ്റിംഗുകളും പരിശീലനങ്ങളും നൽകുകയുണ്ടായി. സമൂഹം ക്രമേണ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും പിന്തുണ നൽകുകയും ചെയ്തു. പാലിയേറ്റീവ് കെയറിനെപറ്റി ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഇടയിൽ വ്യാപകമായ ധാരണയില്ലാത്ത ഒരു കാലത്താണ് മലപ്പുറം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും കീഴിൽ പാലിയേറ്റീവ് ക്ലിനിക്കുകളും ഹോംകെയർ സംവിധാനങ്ങളും ആരംഭിക്കുന്നത്. ഭാരിച്ച സാമ്പത്തിക ബാധ്യതകളിലായിരുന്നു ആദ്യത്തെ ഒന്നു രണ്ടു വർഷങ്ങൾ. മഞ്ചേരി പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രാരംഭ കാലത്തെ ചിലവുകൾ സിംഹഭാഗവും ഡോക്ടർ സ്വയം വഹിക്കുകയായിരുന്നു.[5]

  • സാന്ത്വനമേകാൻ അയൽ കണ്ണികൾ:

മഞ്ചേരി, നിലമ്പൂർ പാലിയേറ്റീവ് ക്ലിനിക്കുകളിലെ വളണ്ടിയർ പങ്കാളിത്തവും ആ കാലങ്ങളിൽ പ്രാദേശിക വളണ്ടിയർമാർ വഴി രോഗികൾക്ക് വീടുകളിൽ സഹായങ്ങൾ എത്തിക്കുകയും അവരുടെ പരിചരണാവശ്യങ്ങളിൽ പിന്തുണ നൽകിയതും അതു വഴി രോഗിയും കുടുംബവും അനുഭവിച്ച ആശ്വാസവും മനസ്സിലാക്കിയായിരുന്നു 2001 ൽ ‘സാന്ത്വനമേകാൻ അയൽ കണ്ണികൾ’ - Neighborhood Network in Palliative Care (എൻ. എൻ. പി. സി) രൂപീകരിച്ചത്. ഇതു പാലിയേറ്റീവ് പരിചരണ രംഗം സമൂഹം ഏറ്റെടുത്ത ഒരു പദ്ധതിയായിരുന്നു. എൻ. എൻ. പി. സി യുടെ രൂപീകരണത്തിലും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിദ്യാർഥി സംഘടനകൾ നൽകിയ വളണ്ടിയർ പ്രവർത്തന രീതിയായിരുന്നു ഒരു മാതൃകയായി നിലനിന്നത്. നിലമ്പൂർ പ്രദേശങ്ങളിലെ സേവന തത്പരരായ സംഘടനാ പ്രവർത്തകർ ഈ രംഗത്ത് വലിയ മാർഗദർശനമായിരുന്നു നൽകിയത്. സംഘടനാ സംവിധാനത്തിന്റെ വിവിധ തലങ്ങളിൽ പാലിയേറ്റീവ് വളണ്ടിയർമാരെയും ക്ലിനിക്കുകളെയും സംഘടിപ്പിക്കാനും വിഭവ സമാഹരണത്തിനും മുജാഹിദ് പ്രസ്ഥാനം മുൻകൈ എടുത്തിറങ്ങിയത് എൻ. എൻ. പി. സി യുടെ പ്രവർത്തനങ്ങൾക്ക് മുന്നേറ്റം നൽകുന്നതായിരുന്നു.[6]

വിദ്യാഭ്യാസ മേഖലയിൽ:

തിരുത്തുക

"ക്ലാസ് മുറിയിൽ മാറ്റം വരുത്തുക, സമൂഹത്തെ മാറ്റിയെടുക്കാം" (Change the Class Rooms, Change the Society) – ഇതായിരുന്നു ഡോ. കെ. അബ്‌ദുറഹ്‌മാൻ ലക്ഷ്യം വെച്ച വിദ്യാഭ്യാസ അജണ്ട. 20 വർഷത്തിന് ശേഷമുള്ള സമൂഹത്തെ മുന്നിൽ നിന്ന് നയിക്കാൻ ലീഡേഴ്‌സിനെ വാർത്തെടുക്കുന്നതിന് കുട്ടികളിൽ പ്രൈമറി വിദ്യാഭ്യാസം മുതൽ ഇടപെടണമെന്ന സിദ്ധാന്തമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. മൂന്ന് മുതൽ എട്ട് വയസ്സ് വരെയുള്ള പ്രായത്തിൽ കുട്ടികളിലുണ്ടാവുന്ന ബുദ്ധിപരമായ വളർച്ചയിലും വികാസത്തിലും നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിയെയും സമീപിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.[3]

2021 ഏപ്രിൽ 16 നു കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ജന്മനാടായ അരീക്കോട്ടിൽ ഖബർ അടക്കപ്പെട്ടു.[1]

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥാപകൻ ഡോക്ടർ കെ അബ്ദുറഹ്മാൻ അന്തരിച്ചു". Retrieved 2021-05-29.
  2. ലേഖകൻ, മാധ്യമം (2021-04-16). "പാലിയേറ്റിവ് ക്ലിനിക്കുകളുടെ ഉപജ്ഞാതാവ് ഡോ. കെ അബ്ദുറഹ്മാൻ നിര്യാതനായി | Madhyamam" (in ഇംഗ്ലീഷ്). Retrieved 2021-05-29.
  3. 3.0 3.1 "ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവങ്ങൾ തീർത്ത ഡോ. കെ അബ്ദുറഹിമാൻ വിടവാങ്ങി". 2021-04-16. Retrieved 2021-05-29.
  4. Vijay, Devi; Monin, Philippe. "Poisedness for social innovation: The genesis and propagation of communitybased palliative care in Kerala (India)". M@n@gement. AIMS. Retrieved 2021-05-29.
  5. "Shabab Weekly" (in ഇംഗ്ലീഷ്). 2021-04-29. Retrieved 2021-05-29.
  6. Libby Sallnow, Libby; Chenganakkattil, Shabeer. "Indian Journal of Palliative Care". Medknow Publications. Archived from the original on 2020-11-26. Retrieved 2021-05-29.
"https://ml.wikipedia.org/w/index.php?title=കെ._അബ്‌ദുറഹ്‌മാൻ&oldid=3628882" എന്ന താളിൽനിന്ന് ശേഖരിച്ചത്