മലയാളചലച്ചിത്രനിർമ്മാതാവായിരുന്നു കെ.വി. കോശി. ഇദ്ദേഹമാണ് മലയാളത്തിൽ ആദ്യമായി ചലച്ചിത്രവിതരണക്കമ്പനി സ്ഥാപിക്കുന്നത്.[1] ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയെന്ന ഫിലിംകോ ആണ് കോശിയുടെ ശ്രമമായി ആരംഭിച്ചത്. അക്കാലത്ത് "സിനിമ" എന്ന പേരിൽ ഒരു സിനിമാ മാഗസിനും അദ്ദേഹം പുറത്തിറക്കിയിരുന്നു. ബാലൻ എന്ന ശബ്ദചിത്രം വിതരണം ചെയ്തതും ഫിലിംകോ ആയിരുന്നു.[2] തിരുവിതാംകൂർ - കൊച്ചി - മലബാർ മേഖലകളിലെ ഏകദേശം ഇരുപതോളം പ്രദർശനശാലകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു.

കെ.വി. കോശി

തിരുവല്ലായിൽ വള്ളംകുളം കണ്ടത്തിൽ (മനോരമ) കുടുംബത്തിൽ ജനിച്ചു. ബി.എ., ബി.എൽ. ബിരുദശേഷം 2 വർഷക്കാലം വക്കീലായി ജോലി നോക്കി. തൊഴിലുമായി പൊരുത്തപ്പെടാനാവാത്തതിനാൽ ജോലി ഉപേക്ഷിച്ചു. തുടർന്ന് നാഷണൽ ആന്റ് ക്വയിലോൺ ബാങ്കിന്റെ ഏജന്റായി.1938-ൽ ബാങ്ക് പ്രവർത്തനം അവസാനിച്ചപ്പോൾ സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ചലച്ചിത്രവിതരണ രംഗത്ത് പ്രവേശിച്ചു.[3]

കുഞ്ചാക്കോയോടൊപ്പം കെ&കെ പ്രൊഡക്ഷൻസ് എന്ന ചലച്ചിത്രനിർമ്മാണക്കമ്പനി ആരംഭിച്ചു. "നല്ലതങ്ക"യായിരുന്നു കമ്പനിയുടെ ആദ്യ സംരംഭം. "ജീവിതനൗക", "വിശപ്പിന്റെ വിളി" എന്ന സിനിമകളും ഇതിന്റെ തുടർച്ചയായി നിർമ്മിച്ചു. ശേഷം കുഞ്ചാക്കോയുമായി തെറ്റിപ്പിരിയുകയും കോശി ഫിലിംകോ എന്ന പേരിലും കുഞ്ചാക്കോ എക്സൽ എന്ന പേരിലും ചലച്ചിത്രങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു.

1969 ജൂൺ 19-ന് അന്തരിച്ചു.

കുറിപ്പുകൾ തിരുത്തുക

  • മലയാളമനോരമയിലെ ശ്രദ്ധേയമായ കുഞ്ചുക്കുറുപ്പെന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപം കെ.വി. കോശിയിൽ നിന്നുമാണ് രൂപം കൊണ്ടത്.
  • കേരളത്തിലെ ആദ്യ അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനി സ്ഥാപിച്ചത് കെ.വി. കോശിയാണ്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.വി._കോശി&oldid=3968738" എന്ന താളിൽനിന്ന് ശേഖരിച്ചത്