മലയാളിയായ സംഗീത സംവിധായകനും ഗായകനുമാണ് കെ.വി. അബുട്ടി. ആകാശവാണിയുടെ 'എ ടോപ് ഗ്രേഡ്' ലഭിച്ചിട്ടുള്ള അദ്ദേഹം ആകാശവാണി ഡൽഹിയിൽ ഓഡിഷൻ ബോർഡ് അംഗമാവുകയും ചെയ്തിട്ടുണ്ട്. മാപ്പിളപ്പാട്ടുകളും വിപ്ളവഗാനങ്ങളും ഭക്തിഗാനങ്ങളും ഉൾപ്പെടെ രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്.[1]

ജീവിതരേഖ

തിരുത്തുക

മലപ്പുറം ജില്ലയിൽ അരീക്കോട് താഴത്തങ്ങാടിയിലെ കല്ലുവെട്ടി തറവാട്ടിൽ ആലിക്കുട്ടി ഹാജിയുടെയും റുഖിയയുടെയും മകനായി ജനനം.

പ്രാദേശിക തലത്തിൽ ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്ന ഇദ്ദേഹം അരീക്കോട് ടൗൺ ടീമിന്റെ ക്യാപ്റ്റനായിരുന്നു.[2] സേഠ്‌ നാഗ്ജി ഫുട്ബോൾ ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്.[2]

സംഗീതരംഗത്ത്

തിരുത്തുക

യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചതിനാൽ അദ്ദേഹത്തിന് സംഗീതം പഠിക്കാൻ വിലക്കുണ്ടായിരുന്നു. മാതാപിതാക്കളറിയാതെയാണ് പത്താം വയസ്സിൽ അബുട്ടി സംഗീതം പഠിക്കാൻ ചേരുന്നത്.[1] 1966–ൽ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ വി എം കുട്ടിക്കുവേണ്ടി 'കർഷകരേ വിയർപ്പുത്തുള്ളികൾ മുത്തുമണികളാക്കി മാറ്റൂ...' എന്ന വിപ്ളവഗാനം ചിട്ടപ്പെടുത്തിയാണ് അദ്ദേഹം അരങ്ങേറുന്നത്.[1] അരീക്കോട് വൈഎംഎ യുവജന കലാസമിതി സംഘടിപ്പിച്ച പരിപാടിയിൽ ‘ചെങ്കൊടി ചെങ്കൊടി ചോരച്ചെങ്കൊടി’ എന്ന വിപ്ലവഗാനം പാടിയാണ് ഗായകനായുള്ള തുടക്കം.[2]

ഹിന്ദുസ്ഥാനി സംഗീതത്തിലും കർണാട്ടിക് സംഗീതത്തിലും ബിരുദമുള്ള അബുട്ടി മാപ്പിളപ്പാട്ട് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വിൻസെന്റ് മാസ്റ്റർ ആണ് സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് കുറച്ച് കാലം വി എം കുട്ടിയുടെയും എംഎസ് ബാബുരാജിൻ്റെയും ഒപ്പം ഹാർമോണിസ്റ്റായി.[3] സംഗീതജ്ഞരായ പാലാ സി കെ രാമചന്ദ്രൻ, കെ രാഘവൻ മാസ്റ്റർ എന്നിവരുടെ നിർബന്ധത്തെതുടർന്ന് തലശേരിയിലെ സ്കൂൾ ഓഫ് മ്യൂസിക്കിൽ ചേർന്ന അദ്ദേഹം ബാലൻ മാസ്റ്ററുടെ ശിക്ഷണത്തിൽ അവിടെ നിന്നും കർണാടിക് സംഗീതത്തിൽ ബിരുദം നേടി.[1]

ആകാശവാണിയിൽ മ്യൂസിക് കംപോസർ ടെസ്റ്റ് പാസായ അദ്ദേഹം,[3] കോഴിക്കോട് ആകാശവാണിയിൽ നിന്ന് എ ടോപ്പ് ഗ്രേഡ് നേടുന്ന ആദ്യത്തെ പാട്ടുകാരനാണ്.[4]

ഔദ്യോഗിക ജീവിതം

തിരുത്തുക

1986 ൽ അരീക്കോട് ഓറിയന്റൽ ഹൈസ്കൂളിൽ സംഗീത അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[2] 20 വർഷത്തോളം അധ്യാപകനായി ജോലിചെയ്ത ശേഷം ജോലി ഉപേക്ഷിച്ച് മുഴുവൻസമയ സംഗീതജ്ഞനായി.[4] നിലവിൽ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി വൈസ് ചെയർമാൻ കൂടിയാണ് അദ്ദേഹം.[5]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക
  • കേരള ഫോക്ലാർ അക്കാദമിയുടെ മാപ്പിളപ്പാട്ടിനുള്ള ഫെലോഷിപ്പ്[1]
  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം[1]
  • ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ പ്രത്യേക പുരസ്കാരം[1]
  • കേരള മാപ്പിളകലാ അക്കാദമിയുടെ എസ് എ ജമീൽ പുരസ്കാരം[1]
  • രാജീവ് ഗാന്ധി യൂത്ത് ഫൌണ്ടേഷന്റെ സംഗീതപ്രതിഭാ പുരസ്കാരം[1]
  • പാലക്കാട് സ്വരലയ പുരസ്കാരം[1]
  • ഓൾ ഇന്ത്യാ റേഡിയോ ഡൽഹി മ്യൂസിക് ഓഡിഷൻ ബോർഡ് മെംബർ[1]
  • കൈരളി ടിവിയുടെ മികച്ച സംഗീതസംവിധായകനുള്ള അവാർഡ്[1]
  • സംഗീത സംവിധാനത്തിൽ ആകാശവാണിയുടെ 'എ ടോപ് ഗ്രേഡ്' ലഭിച്ചിട്ടുണ്ട്.

കുടുംബം

തിരുത്തുക

ഭാര്യ റസിയ അദ്ധ്യാപികയാണ്.[1] ദമ്പതികൾക്ക് സിമിൽജാസ്, ഗസൽ, അതുൽരഖ എന്നീ മൂന്ന് മക്കളുണ്ട്.[1]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 "പാട്ടിൽ തളരാത്ത ചെറുപ്പമായി അബുട്ടി". Deshabhimani.
  2. 2.0 2.1 2.2 2.3 "സംഗീതം, നാടകം, ഫുട്‌ബോൾ, ചിത്രകല... അബുട്ടി ആക്‌ടീവാണ്‌". Deshabhimani.
  3. 3.0 3.1 ഡെസ്ക്, വെബ് (7 ഫെബ്രുവരി 2016). "സഫലം ഈ സംഗീതയാത്ര | Madhyamam". www.madhyamam.com.
  4. 4.0 4.1 "'പല നിറങ്ങൾ പല മണങ്ങൾ നിറഞ്ഞ പൂങ്കാവ്". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-09-13. Retrieved 2021-09-13.
  5. "ബഷീർ മാല പ്രകാശനം ചെയ്തു | I&PRD : Official Website of Information Public Relations Department of Kerala". prd.kerala.gov.in.
"https://ml.wikipedia.org/w/index.php?title=കെ.വി._അബുട്ടി&oldid=3983365" എന്ന താളിൽനിന്ന് ശേഖരിച്ചത്