കൂറുമാറ്റ നിരോധന നിയമം
ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച ഒരു ജനപ്രതിനിധി തന്റെ പാർട്ടിയുടെ വിപ്പ് ലംഘിക്കുകയോ, മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരുകയോ ചെയ്യുന്നതിൽ നിന്നും അയാളെ വിലക്കുന്ന നിയമമാണ് കൂറുമാറ്റ നിരോധന നിയമം (Anti-Defection Law).
നിയമാവലി
തിരുത്തുകഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതിനു ശേഷം, ആ പാർട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവെക്കുകയോ, ആ രാഷ്ട്രീയപ്പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടുനിൽക്കുകയോ വോട്ടു ചെയ്യുകയോ ചെയ്താൽ ആ അംഗത്തിന് തന്റെ സഭാംഗത്വം നഷ്ടപ്പെടും. അതിനെതുടർന്ന് അയാൾ തൽസ്ഥാനത്ത് തുടരുന്നതിൽ നിന്നും അയോഗ്യനായി മാറും. 1985 ൽ രാജീവ് ഗാന്ധി സർക്കാർ കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം 2003 ൽ ഭേദഗതി ചെയ്ത് ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികൾ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല. [1]
ചരിത്രം
തിരുത്തുക1985-ൽ 52-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ നിയമം പാസാക്കിയത്. ഇതിനു വേണ്ടി ഭരണഘടനയുടെ 102-ാം വകുപ്പിൽ ഭേദഗതി വരുത്തുകയും, 10-ാം പട്ടിക കൂടിച്ചേർക്കുകയും ചെയ്തു. [2]
അയോഗ്യതയ്ക്കുള്ള മാനദണ്ഡം
തിരുത്തുകകൂറുമാറ്റ നിയമം സംബന്ധിച്ച 2004-ലെ കോടതിവിധി പ്രകാരം ഒരു പാർട്ടി പിളർന്നാൽ മൂന്നിൽ രണ്ടു സഭാംഗങ്ങൾ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ മറ്റൊരു പാർട്ടിയുമായി ചേർന്നു മൂന്നാമതൊരു പാർട്ടി ഉണ്ടാക്കുകയോ ചെയ്താൽ കൂറുമാറ്റ നിയമം ബാധകമല്ല. ഈ നിയമം അനുസരിച്ച് ലോക്‌സഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ലോക്‌സഭാ സ്പീക്കറും, രാജ്യസഭാ അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നത് രാജ്യസഭാ ചെയർമാനും ആണ്.
പുറത്തായവർ
തിരുത്തുകകൂറുമാറ്റ നിരോധന നിയമം വഴി പാർലമെന്റിൽ നിന്നും ആദ്യമായി പുറത്താക്കപ്പെട്ടത് ലാൽ ദുഹോമയും, കേരള നിയമസഭയിൽ നിന്നും പുറത്താക്കപ്പെട്ടത് ആർ ബാലകൃഷ്ണപിള്ളയും ആണ്.