കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാ ഇനമാണ് കുറ്റ്യാട്ടൂർ മാങ്ങ. നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നുണ്ട്.

കുറ്റ്യാട്ടൂർ മാങ്ങ മുറിച്ചു വെച്ചത്

ജനുവരി മാസത്തോടെ പൂക്കുകയും മാർച്ച്, ഏപ്രിൽ മാസമാകുമ്പോഴേക്കും പാകമാകുകയും ചെയ്യുന്നതാണ് ഈ മാങ്ങ. സാധാരണ മാങ്ങയുടേതിനേക്കാൾ വലിപ്പമുള്ള ഈ മാങ്ങക്ക് പഴുത്തു കഴിഞ്ഞാൽ സ്വാദേറെയാണ്.

കുറ്റ്യാട്ടൂർ മാങ്ങ

നീലേശ്വരം ഭാഗത്തു നിന്ന് കുറ്റ്യാട്ടൂരിൽ എത്തിയതാണു് ഈ മാവ് എന്നു പറയപ്പെടുന്നു. കണ്ണപുരം മാവ്, കുഞ്ഞിമംഗലം മാവ് എന്നൊക്കെ പേരുണ്ടെങ്കിലും കുറ്റ്യാട്ടൂർ മാങ്ങ എന്ന പേരിലാണ് ഇത് കൂടുതലായറിയപ്പെടുന്നത്. കുറ്റ്യാട്ടൂരിൽ ധാരാളമായി ഉണ്ടായിരുന്ന ഈ മാങ്ങ ഇരിക്കൂറിലെ അങ്ങാടിയിൽ എത്തിച്ചിരുന്നത് ഒരു നമ്പ്യാർ ആയതിനാൽ നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടാൻ തുടങ്ങി.

കണ്ണൂർ ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഗ്രാമം’ സമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്. ഇവിടത്തെ പ്രധാന കാർഷിക ഉല്പന്നമാണ് പ്രത്യേക ഇനം മാങ്ങ. അഞ്ച് നൂറ്റാണ്ട് മുൻപാണ് ഇപ്പോൾ കാസർകോട് ജില്ലയിലുൾപ്പെട്ട നീലേശ്വരത്ത് നിന്നും കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്ത് നമ്പൂതിരി മാവിന്റെ വിത്ത് കൊണ്ടുവന്നത്. തുടർന്ന് കുറ്റ്യാട്ടൂർ ഗ്രാമത്തിലാകെ സവിശേഷ ഇനം മാവ് കൃഷി ചെയ്യാൻ തുടങ്ങി. നൂറ്റാണ്ടുകൾ പഴക്കമുള്ള മാവുകൾ കുറ്റ്യാട്ടൂർ ഗ്രാമത്തിലെ പഴയ തറവാടുകളിൽ ഇപ്പോഴും കാണാം.കുറ്റിയാട്ടൂരിൽ മൂവായിരത്തിലധികം മാവ് കർഷകർ ഉണ്ടെന്നാണ് കണക്കാക്കിയത്. തൊട്ടടുത്ത പഞ്ചായത്തുകളിലും കുറ്റ്യാട്ടൂർ മാവ് കർഷകർ ഉണ്ട്. എല്ലാ മാവ് കർഷകരും ചേർന്ന് പ്രതിവർഷം 5000 ടൺ കുറ്റ്യാട്ടൂർ മാങ്ങ ഉല്പാദിപ്പിക്കുമെന്നാണ് കണക്ക്.

നാട്ടുമാവിനങ്ങളെ പോലെ അധികം ഉയരത്തിൽ വളരാത്ത മാവിനമാണ് കുറ്റ്യാട്ടൂർ മാവ്. മാങ്ങയണ്ടി മുളപ്പിച്ച മാവിൻ‌തൈ സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളിൽ നട്ട്‌വളർത്തുന്നു. ആവശ്യത്തിന് ജലസേചനം നടത്തുകയും ജൈവവളം ചേർക്കുകയും ചെയ്യാറുണ്ട്. നാലോ അഞ്ചൊ വർഷത്തിനുള്ളിൽ കുറ്റ്യാട്ടൂർ മാവ് പുഷ്പിച്ച് കായ്ക്കും. ഗോളാകൃതിയിൽ വലിപ്പം കൂടിയ മാങ്ങയുടെ ഭാരം കാരണം ശാഖകൾ പൊട്ടി വീഴാനിടയുള്ളതിനാൽ അവയ്ക്ക് താങ്ങ് നൽകാറുണ്ട്. ഒന്നിടവിട്ട വർഷങ്ങളിലാണ് കുറ്റ്യാട്ടൂർ മാവ് നന്നായി കായ്ക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ തണുപ്പും തെളിഞ്ഞ കാലാവസ്ഥയും മാവ് നന്നായി പുഷ്പിച്ച് ഉണ്ണിമാങ്ങകൾ വിരിയാൻ സഹായിക്കുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ കുറ്റ്യാട്ടൂർ മാങ്ങ മൂപ്പെത്തിയിട്ട് പറിച്ചെറ്റുക്കാൻ പാകമാവുന്നു.

നല്ല മൂപ്പെത്തിയ മാങ്ങകൾ നിലത്ത്‌വീഴാതെ പറിച്ചെടുത്ത് ചാക്കിലോ തറയിലോ നിരത്തിവെച്ച് അതിനുമുകളിൽ കാഞ്ഞിരമരത്തിന്റെ ഇലയും വൈക്കോലും കൊണ്ട് പൊതിഞ്ഞ് ചാക്കുകൊണ്ട് മൂടിവെച്ചാൽ മൂന്നാമത്തെ ദിവസം മാങ്ങകൾ പഴുക്കുന്നതാണ്. പരമ്പരാഗതമായി കുറ്റിയാട്ടൂരിലെ കർഷകർ ഇങ്ങനെയാണ് ചെയ്യുന്നത്. രുചിയും ഗുണവും മണവും പോഷകഗുണവും ഉള്ള കുറ്റ്യാട്ടൂർ മാങ്ങ ലഭിക്കാൻ പരമ്പരാഗതമായ രീതിയിൽ പഴുപ്പിച്ചെടുക്കണം. കാലം‌തെറ്റി പെയ്യുന്ന മഴ, കുറ്റ്യാട്ടൂർ മാങ്ങയുടെ ഉല്പാദനം കുറയാൻ ഇടയാക്കും. മഴക്കാർ മൂടിയ അന്തരീക്ഷവും മഴയും ഉണ്ടായാൽ മൂപ്പെത്തിയ കുറ്റ്യാട്ടൂർ മാങ്ങകൾ കെട്ട്‌പോകാനിടയുണ്ട്[1].

കുറ്റ്യാട്ടൂർ മാവ് നടുന്ന വിധം:

തിരുത്തുക

കുറ്റ്യാട്ടൂർ മാങ്ങ ആദ്യമായി എത്തിയത് വേശാലയിൽ ആയതിനാൽ തന്നെ ഇതിനെ "വേശാല മാങ്ങ" എന്നും ചില ഇടങ്ങളിൽ വിളിക്കുന്നുണ്ട്. കുറ്റ്യാട്ടൂർ മാവിന്റെ മാങ്ങയണ്ടി മണ്ണിൽ നട്ടാൽ പലതും മുളച്ചുവരാറില്ല. മാവിന്റെ പൂക്കളിൽ പരാഗണം നടക്കുന്ന സമയത്ത് ഒരിനം വണ്ട് ആ പൂവിൽ മുട്ടയിട്ടിരിക്കും. പരാഗണംനടന്ന പൂവിന്റെ അണ്ഡാശയം മാങ്ങയായി മാറുമ്പോൾ മുട്ടവിരിഞ്ഞ് വെളിയിൽ വരുന്ന വണ്ട് മാങ്ങയുടെ വിത്തിനുള്ളിൽ കടന്നുകൂടിയിട്ട് മാങ്ങയണ്ടി തിന്നുന്നതുകൊണ്ട് കുറ്റ്യാട്ടൂർ മാങ്ങയണ്ടികൾ പലപ്പോഴും മുളയ്ക്കാറില്ല. അത് മുളച്ച് വരാനുള്ള മാർഗ്ഗം വണ്ടിനെ തോട് പൊട്ടിച്ച് നീക്കം ചെയ്യലാണ്. പഴുത്ത മാങ്ങയുടെ മാങ്ങയണ്ടി ശേഖരിച്ച് പുറമെകാണുന്ന തോട് നീക്കം ചെയ്തശേഷം അണ്ടിപ്പരിപ്പ് തിന്നുന്ന ചെറിയ വണ്ടിനെ(ചിലപ്പോൾ ഒന്നിലധികം വണ്ടുകളുണ്ടാവും) നീക്കം ചെയ്യണം. അതിനുശേഷം വിത്ത് നട്ടാൽ നാല് ദിവസം കൊണ്ട് അതിൽനിന്ന് ഒന്നോ ഒന്നിലധികമോ മാവിൻതൈകൾ മുളച്ചുവരും.

മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് മെയ് മാസത്തിൽ കുറ്റ്യാട്ടൂർ മാവിന്റെ വിത്ത് നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മേൽമണ്ണിൽനിന്നും അര സെന്റീമീറ്റർ ആഴത്തിൽ നട്ട വിത്തിന് ഇടയ്ക്കിടെ ജലസേചനം നടത്തണം. ആദ്യം വരുന്ന തളിരിലകൾക്ക് പച്ചനിറം വന്നതിനുശേഷം രണ്ട്മാസം കഴിഞ്ഞ് മാവിൻതൈ പറിച്ചുനടാം. ഇരുപത് സെന്റീമീറ്റർ ആഴമുള്ള കുഴിയിൽ ജൈവവളവും പച്ചിലകളും മണ്ണും കൂടിക്കലർത്തിയശേഷമാണ് ചെടികൾ നടുന്നത്. പുതിയ ഇലകൾ വരുമ്പോൾ ഉറുമ്പിന്റെ ശല്യം ഉണ്ടാവാറുണ്ട്. അത് ഒഴിവാക്കാൻ ഇലയിൽ വിറക് കത്തിച്ച ചാരമോ ബി.എച്ച്.സി പൊടിയോ വിതറണം. മൂന്ന് വർഷം വരെ ചുവട്ടിൽ വളം ചേർക്കണം. പിന്നീട് വേനൽക്കാലത്ത് ജലസേചനം നടത്തിയാൽ മാത്രം മതി. സൂര്യപ്രകാശമുള്ള സ്ഥലത്ത് വളരുന്ന കുറ്റ്യാട്ടൂർ മാവ്, മൂന്നോ നാലോ വർഷം കൊണ്ട് കായ്ക്കും.

  1. മാതൃഭൂമി കാഴ്ച 2011ഏപ്രിൽ 29
  • ദേശാഭിമാനി കിളിവാതിൽ 2012 ജൂൺ28

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുറ്റ്യാട്ടൂർ_മാങ്ങ&oldid=3069800" എന്ന താളിൽനിന്ന് ശേഖരിച്ചത്