ആരിക്കാടി കോട്ട

കേരളത്തിലെ ഒരു കോട്ട
(കുമ്പള കോട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ ഒരു കോട്ടയാണ് ആരിക്കാടി കോട്ട. ഇത് കുമ്പള കോട്ട എന്നും അറിയപ്പെടുന്നു. കുമ്പളയിൽ നിന്ന്‌ രണ്ടുകിലോമീറ്റർ ദൂരത്തിൽ എൻഎച്ച് 66 ദേശീയപാതയ്ക്കരികിലാണ് കോട്ട സ്ഥിതിചെയ്യുന്നത്.[1] കോട്ടയുടെ തൊട്ടുതാഴെ ഒരു ഹനുമാൻ ക്ഷേത്രമുണ്ട്.[1]

ആരിക്കാടി കോട്ട
ആരിക്കാടി, കുമ്പള കാസർഗോഡ് ജില്ല
ആരിക്കാടി കോട്ട
ആരിക്കാടി കോട്ട is located in Kerala
ആരിക്കാടി കോട്ട
ആരിക്കാടി കോട്ട
Coordinates 12°37′06″N 74°56′43″E / 12.618380°N 74.945290°E / 12.618380; 74.945290
Site information
Open to
the public
അതെ

കേരള സർവകലാശാലയിലെ പുരാവസ്തു വകുപ്പിൽ നിന്നുള്ള സംഘം 2015 ൽ നടത്തിയ ഖനനം ഒരു വലിയ ഹാൾ കണ്ടെത്തിയിരുന്നു.[2] യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) കേരള സർവകലാശാലയും സംയുക്തമായി ധനസഹായം നൽകുന്ന ‘എ സർവേ ഓഫ് ഫോർട്ട്സ്’ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഖനനം നടത്തിയത്. ഉത്ഖനനത്തിൽ വലിയ അളവിൽ മേൽക്കൂര ടൈലുകൾ, പ്രാദേശിക മൺപാത്രങ്ങൾ, ചൈനീസ് മൺപാത്രങ്ങൾ, ലെഡ് ബുള്ളറ്റുകൾ, അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അച്ച് എന്നിവയും ലഭിച്ചിട്ടുണ്ട്.[2]

ഭൂമിശാസ്ത്രം

തിരുത്തുക

കാസർഗോഡ് ജില്ലയിൽ കുമ്പളയിൽ ആരിക്കാടി ഗ്രാമത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനും ബസ്സ്റ്റാന്റും കുമ്പള ആണ്. മാംഗളൂർ അന്താരാഷ്ട്രവിമാനത്താവളം ആണ് ഏറ്റവും അടുത്ത വിമാനത്താവളം.

ചരിത്രം

തിരുത്തുക

സൗത്ത് കാനറ മാനുവൽ അനുസരിച്ച്, കർണാടകയിലെ കേലടി, ഇക്കേരി, ബെഡ്നോർ എന്നിവിടങ്ങളിൽ തലസ്ഥാനങ്ങളുണ്ടായിരുന്ന കേലടി നായകന്മാർ (1500-1763) ഹോസ്ദുർഗ്-കാസർഗോഡ് പ്രദേശത്ത് ഏതാനും കോട്ടകൾ നിർമ്മിച്ചിട്ടുണ്ട്. ആരിക്കാടി കോട്ടയും അതിലൊന്നാണ്. ചരിത്ര രേഖകൾ പ്രകാരം 1608-ൽ ഇക്കേരി ഹിരിയ വെങ്കടപ്പ നായക് കെട്ടിയതാണ് ആരിക്കാടി കോട്ട.[3] കോട്ടയുടെ കവാടത്തിൽ നായക് നിർമ്മിച്ച കോട്ടയെന്ന് കന്നടയിൽ ആലേഖനം ചെയ്ത ഒരു ശിലാലിഖിതം ഉണ്ടായിരുന്നുവെന്ന് സൗത്ത് കാനറ ഡിസ്ട്രിക്ട് മാന്വൽ രണ്ടാം വാള്യത്തിൽ സ്റ്റുവർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.[3]

അതല്ലാതെ വേറെയും ചരിത്രങ്ങൾ പറയപ്പെടുന്നുണ്ട്. ടിപ്പു സുൽത്താന്റെ കാലത്ത് നിർമ്മിച്ച കോട്ടയാണ് ഇതെന്നാണ് ഒരു വിശ്വാസം.[3] കുമ്പള രാജവംശത്തിന്റെ ആസ്ഥാനത്തിനുവേണ്ടി നിർമ്മിച്ചതാണ് എന്ന് മറ്റൊരു വിശ്വാസം.[3] കോലത്തിരി രാജാക്കന്മാരുടെ കാലത്തുതന്നെ കോട്ട നിലവിൽ ഉണ്ടായിരുന്നു എന്നും കോലത്തിരി രാജ്യത്തിന്റെയും വിജയനഗര സാമ്രാജ്യത്തിന്റെയും തകർച്ചയ്ക്കുശേഷം ഈ പ്രദേശം ഇക്കേരി നായകരുടെ നിയന്ത്രണത്തിലാകുകയും അവർ കോട്ടകൾ പുനർനിർമ്മിക്കുകയും ചെയ്തു എന്നാണ് മറ്റൊരു വിശ്വാസം.[4]

ചില ചരിത്രകാരന്മാർ പറയുന്നത് കുമ്പള മുതൽ ചന്ദ്രഗിരി പുഴ വരെ അധികാരപരിധി ഉണ്ടായിരുന്ന മായിപ്പാടി കോവിലകത്തിന്റെ ആധിപത്യത്തിന് കീഴിലായിരുന്നു കോട്ട എന്നാണ്.[2] വിജയനഗര സാമ്രാജ്യത്തിന്റെ പരമോന്നത കാലഘട്ടത്തിൽ ഈ പ്രദേശം അവരുടെ നിയന്ത്രണത്തിലായിരുന്നു, പിന്നീട് അത് ബെഡ്നൂരിലെ നായകന്മാർക്ക് കൈമാറുകയും പ്രാദേശിക നാട്ടുരാജാവ് അവരുടെ ഫ്യൂഡേറ്ററായി പ്രവർത്തിച്ചു എന്നുമാണ്.[2] വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം ഇത് മൈസൂർ ഭരണാധികാരികളുടെ കൈകളിലേക്ക് എത്തുകയും, ടിപ്പു സുൽത്താനെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയതിനുശേഷം കോട്ട ബ്രിട്ടീഷുകാരുടെ കൈകളിൽ എത്തുകയും ചെയ്തു.[2]

പരാമർശം

തിരുത്തുക
  1. 1.0 1.1 "ആരിക്കാടി കോട്ട നാശത്തിലേക്ക്." Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2019-11-12. Retrieved 2020-11-25.
  2. 2.0 2.1 2.2 2.3 2.4 Mahadevan, G. (3 ഏപ്രിൽ 2015). "Excavations at Kumbla fort unearth palace hall". The Hindu (in Indian English).
  3. 3.0 3.1 3.2 3.3 "നിത്യാനന്ദ ഷേണായിയുടെ നാട്ടിൽ!". Asianet News Network Pvt Ltd.
  4. "Vestige of glorious past". Deccan Herald (in ഇംഗ്ലീഷ്). 3 സെപ്റ്റംബർ 2010.
"https://ml.wikipedia.org/w/index.php?title=ആരിക്കാടി_കോട്ട&oldid=3801421" എന്ന താളിൽനിന്ന് ശേഖരിച്ചത്