കബളിപ്പിക്കലും വഞ്ചനയും അടങ്ങിയ വ്യാപാരനടപടികളെ സൂചിപ്പിക്കുന്നതിനും, രാഷ്ട്രീയരംഗത്ത് വോട്ടുകച്ചവടം നടത്തുന്നതിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് കുതിരക്കച്ചവടം. യാഥാർഥ അർത്ഥത്തിൽ കുതിരയെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെ കുതിരക്കച്ചവടം(horse trading) എന്നും പറയും. കുതിര ഇടപാട് (horse dealing) എന്നും ഇതിനെ വിളിക്കുന്നു. വില്പനക്ക് വച്ച കുതിരയുടെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുന്നത് ഏറ്റവും ദുഷ്കരമായതിനാൽ കുതിരക്കച്ചവടം കള്ളത്തരത്തിനുള്ള നല്ലൊരു അവസരമാണ്‌. കുതിര വില്പനക്കാർ ഈ അവസരം മുതലെടുക്കുന്നതിൽ പരാജയപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ കുതിരക്കച്ചവടവുമായി ബന്ധമുള്ളവർക്ക് അധാർമ്മിക കച്ചവടം നടത്തുന്നവർ എന്ന ദോഷപ്പേരാണുള്ളത്.

അമേരിക്കയിലെ ഗ്ലൈഡഡ് യുഗത്തിൽ (അമേരിക്കൻ ജനതയുടെ വളർച്ചയും അവരുടെ സാമ്പത്തികമായ പ്രകടനപരതയും വ്യാപകമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലെ കാലഘട്ടം) കച്ചവട-വ്യാപാര രംഗത്തെ നൈതിക-ധാർമ്മിക നിലവാരം ഇടിഞ്ഞതോടെ കുതിരക്കച്ചവടക്കാരുടെ സത്യസന്ധതയില്ലായ്മയെ ധാർമ്മിക അധഃപതനമായി കാണുന്നതിനു പകരം അതൊരു സ്വാഭാവിക രീതിയായും മത്സരാധിഷ്ഠിത കമ്പോളത്തിന്റെ നിരുപദ്രവകര ഉല്പന്നമായുമായാണ്‌ കൂടുതലാളുകളും വിലയിരുത്തിയത്. ഉദാഹരണമായി 1893 ൽ ന്യൂ യോർക്ക് ടൈംസ് എഴുതിയ എഡിറ്റോറിയലിൽ പത്രങ്ങൾ തങ്ങളുടെ സർക്കുലേഷൻ കണക്ക് പെരുപ്പിച്ച് കാണിക്കുന്നത് നിയമവിരുദ്ധമാക്കുന്ന നിർദ്ദേശത്തെ വിമർശിച്ച് ഇങ്ങനെ എഴുതി: കള്ളം പറയുന്നത് നിയമം മൂലം നിരോധിക്കുകയാണെങ്കിൽ കുതിരക്കച്ചവട വ്യാപാരം അവസാനിക്കും, അതുവഴി രാജ്യത്തിലെ ശീതകാലത്തെ മദ്യശാലകളും പലചരക്ക് കടകളും വഴിയാധാരമാവാൻ ഇടവരുകയും ചെയ്യും.[1]

കബളിപ്പിക്കലും വഞ്ചനയും ഉൾക്കൊള്ളുന്ന വ്യാപാരനടപടിയെ കുറിക്കുന്നതിന്‌ കുതിരക്കച്ചവടം എന്ന പദത്തെ സ്വീകരിക്കുന്ന സമീപനങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ആവിഷ്കാരങ്ങളിൽ പ്രതിഫലിച്ചിരുന്നു. 1898 പ്രസിദ്ധീകരിച്ച എഡ്വേർഡ് നോയസ് വെസ്റ്റ്കോട്ടിന്റെ "ഡേവിഡ് ഹറും" എന്ന നോവലിലെ പ്രധാന കഥാപാത്രം കുതിരക്കച്ചവടത്തിന്റെ കണ്ണിലൂടെയാണ്‌ എല്ലാവ്യാപാരത്തെയും കാണുന്നത്

പിന്നീട് ഈ പദത്തിന്റെ അർത്ഥതലങ്ങൾ വികസിക്കുകയും അതു രാഷ്ട്രീയരംഗത്തെ വോട്ട് കച്ചവടത്തെ പരാമർശിക്കുന്ന പൊതുവാക്കായി മാറുകയും ചെയ്തു. വോട്ടുകച്ചവടത്തെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്ന ലോഗ്റോളിംഗ് (logrolling) എന്ന പഴയ പ്രയോഗത്തിന്റെ സ്ഥാനത്താണ്‌ ‌ കുതിരക്കച്ചവടം എന്ന പദം ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കുതിരക്കച്ചവടം&oldid=3823543" എന്ന താളിൽനിന്ന് ശേഖരിച്ചത്