ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മൂവാരി സമുദായക്കാരുടെ പ്രധാനക്ഷേത്രങ്ങളിലൊന്നായ പഴയങ്ങാടിക്കടുത്തുളള വെങ്ങര മൂലക്കീൽ കുട്ടിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമാണ് കുട്ടിക്കര ഭഗവതി. മലയാള മാസം മകരം 26 മുതൽ കുംഭം 2 വരെയാണ് ഇവിടെ കളിയാട്ടം നടത്താറ്. വലിയ മുടിയാണ് കുട്ടിക്കര ഭഗവതിയുടെ കോലത്തിന്.

ഐതിഹ്യം

തിരുത്തുക

കുന്നരു ദേശത്തെ നമ്പൂതിരിമാർ മൂലക്കീൽ പുഴയ്ക്ക് ഇക്കരെ അവരുടെ പരദേവതയായ വെള്ളാർകുളങ്ങര ഭഗവതിയെയും സോമേശ്വരിയെയും ആരാധിച്ചിരുന്നു. ഇല്ലത്തുനിന്ന് ഇക്കരെ ദീപം തെളിയിക്കാൻ ഇല്ലത്തെ ഒരു ബ്രാഹ്മണ ബാലിക പതിവായി വരാറുണ്ടായിരുന്നു. ഒരിക്കൽ വിളക്ക് വയ്ക്കാൻ വന്ന പെൺകുട്ടി കനത്ത പേമാരിയിൽ ആരോരും തുണയില്ലാതെ ഒറ്റപ്പെടുന്നു. താൻ വിളക്ക് കത്തിച്ചാരാധിക്കുന്ന ദൈവങ്ങളെ അവൾ കരഞ്ഞ് വിളിക്കുകയും തായ്പരദേവതമാർ ആ കുട്ടിയെ ശ്രീകോവിലിനുള്ളിലസുരക്ഷിതയാക്കുകയും ജന്മനാ ലക്ഷ്മിചൈതന്യമുള്ള കുട്ടിയെ തങ്ങൾക്കൊപ്പം ഇരിപ്പിടം നൽകി ദൈവമായി അവരോധിക്കുകയും ചെയ്തു. ഈ സമയം കുട്ടിയെ അന്വേഷിച്ചെത്തിയവർ വിവരമറിയുകയും അക്കരെ കാത്തുനിന്നവരോട് "കുട്ടി ഇക്കരെ " എന്ന് വിളിച്ചു പറയുകയും ചെയ്തുവത്രെ. ആ വാക്യം ലോപിച്ച് പിന്നീട് അത് കുട്ടിക്കര എന്നായി എന്നാണ് ഐതിഹ്യം. ആദ്യ കാലത്ത് നമ്പൂതിരിമാരായിരുന്നു ക്ഷേത്രം നടത്തിപ്പുകാർ.പിന്നീട് ഈ ക്ഷേത്രം മൂവാരിമാർക്കു നൽകുകയായിരുന്നു. വിളക്കു വയ്ക്കാൻ വന്ന പെൺകുട്ടിയെ കുട്ടിക്കര ഭഗവതിയായി കെട്ടിയാടിക്കുന്ന സമയത്ത് തായ്പരദേവതമാരെയും കെട്ടിയാടിക്കുന്നു.ഈ തെയ്യക്കോലങ്ങൾക്കു പുറമേ അനവധി തെയ്യങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്.

കുട്ടിക്കര ചാമുണ്ഡിയും അടുത്തില പള്ളിപെരുമലയനും

തിരുത്തുക

ആയിരംതെങ്ങ്,പങ്ങടം നീലങ്കൈ ,വെങ്ങര കിഴക്കറ,വെങ്ങര കുട്ടിക്കര ഇവയാണ് മൂവാരി സമുദായത്തിൻറെ സുപ്രധാനമായ കഴകങ്ങൾ. ചാമുണ്ഡിയാണ് ഇവിടുത്തെ പ്രധാന പരദേവത. ആയിരംതെങ്ങിൽ ആഴിതീരം ചാമുണ്ഡിയെന്നും നീലങ്കൈയിൽ നീലങ്കൈ ചാമുണ്ടിയെന്നും കുട്ടിക്കരയിൽ കുട്ടിക്കര ചാമുണ്ടിയെന്നും കിഴക്കറക്കാവിൽ കിഴക്കറ ചാമുണ്ഡി എന്നിങ്ങനെ കെട്ടിയാടുന്നു. ഈ ദേവതമാരാണു അതതു കാവുകളിൽ മേൽപ്പറമ്പിൽ ഭഗവതിക്കൊപ്പം വയലാട്ടമാടുക. സവിശേഷമായ മറ്റൊരു കാര്യം മറ്റു മൂന്നിടങ്ങളിലും ചാമുണ്ടി പുറത്തട്ടു മുടിയുള്ള അമ്മ പരദേവതയാണെങ്കിൽ കുട്ടിക്കര അത് പുരുഷദൈവമാണ്. ലോകാദിനാഥനാം വിഷ്ണുമൂർത്തിയെയാണ് കുട്ടിക്കര ചാമുണ്ടിയായി കെട്ടിയാടുന്നത്‌.

എന്നാൽ ഒരുകാലം വരെ കുട്ടിക്കര ചാമുണ്ടിയായി കെട്ടിയാടിയിരുന്ന തെയ്യം മറ്റു മൂന്നു കഴകങ്ങൾക്കും സമാനമായി പുറത്തട്ടു മുടിയണിഞ്ഞ, വെളിമ്പൻ ഉടയാടകൾ അണിഞ്ഞ അമ്മ ചാമുണ്ഡി തന്നെയായിരുന്നു. പിന്നെ അത് വിഷ്ണുമൂർത്തിയായി മാറ്റി കെട്ടിയാടപ്പെടുകയായിരുന്നു എന്ന് ചരിത്രയാഥാർഥ്യം. വെറുതെയൊരു രസത്തിന് അല്ലെങ്കിൽ കാഴ്ചഭംഗിക്ക് വേണ്ടിയായിരുന്നില്ല ഇങ്ങനെയൊരു തെയ്യം മാറ്റിക്കെട്ടൽ. മഹാസ്വാതികനായ, കേൾവിക്കേട്ട തെയ്യക്കാരനായ അന്നത്തെ അടുത്തില പള്ളിപ്പെരുമലയൻറെ അചഞ്ചഭക്തിയുടെയും ആത്മവിശ്വാസത്തിൻറെയും ഇച്ഛാശക്തിയുടെയും കരളുറപ്പിൻറെയും കഥ ഈ തെയ്യം മാറ്റിക്കെട്ടലിലുണ്ട്. അടുത്തില പള്ളിപ്പെരുമലയനെ ഒരിക്കൽ പരദേവതമാർ പരീക്ഷിച്ചത്രേ. നാടെങ്ങും കളിയാട്ടത്തിൻറെ നിരവൃതികൾ നിറയുന്ന ഒരുകാലം. കുട്ടിക്കര ഭഗവതി ക്ഷേത്രത്തിലും തെയ്യം കുറിച്ചു. മലയർക്ക് വേണ്ടി അടുത്തില പള്ളിപ്പെരുമലയൻ അടയാളം വാങ്ങി. തെയ്യക്കോപ്പുകൾ മറ്റുള്ളവരിൽ നിന്നും കടം വാങ്ങി ഉപയോഗിക്കുന്ന ഒരു കാലമായിരുന്നു അന്നത്തേത്. കുട്ടിക്കരയിലെ കളിയാട്ടത്തീയതി അടുത്തു. പെരുമലയൻ ചാമുണ്ടിയുടെ അണിയലത്തിനായി പോയി. പക്ഷെ അണിയലം എവിടെയും കിട്ടാനില്ല. നാട്ടിലും നാട്ടിനു പുറത്തും അന്വേഷിച്ചു, പക്ഷേ എങ്ങും കളിയാട്ടം കൊടുമ്പിരിക്കൊള്ളുന്ന കാലമായതിനാൽ ചാമുണ്ടിയുടെ അണിയലം എങ്ങും കിട്ടാത്ത അവസ്ഥ. കുട്ടിക്കരയിലേക്ക് കളിയാട്ടത്തിനു പോകാനുള്ള സമയമടുത്തു. പക്ഷേ ചാമുണ്ടിയുടെ അണിയലം കിട്ടാതെ എങ്ങനെ കുട്ടിക്കര ചാമുണ്ടി കെട്ടിയാടും? പക്ഷേ പെരുമലയൻ ആത്മവിശ്വാസം കൈവിട്ടില്ല. കുലദേവതയും പരദേവതയുമാം പൊട്ടൻതെയ്യത്തെ മനസ്സിൽ വിളിച്ച് തൻറെ പകലുണ്ടായിരുന്ന വിഷ്ണുമൂർത്തിയുടെ തെയ്യക്കോപ്പുകളുമെടുത്ത്, പരിവാരങ്ങളെയും കൂട്ടി പെരുമലയൻ കുട്ടിക്കരയിലെത്തി. കാവിലെ ഭാരവാഹികളോട് തൻറെ അവസ്ഥ ബോധിപ്പിച്ചു , ചാമുണ്ടിക്ക് പകരം വിഷ്ണുമൂർത്തി കെട്ടിയാടാനുള്ള അനുവാദം ചോദിച്ചു. എതിർപ്പുകൾ ധാരാളമുണ്ടായി. പക്ഷേ തെയ്യം കെട്ടാതിരിക്കാനും കഴിയില്ല ഒരു തെയ്യത്തിന് പകരം മറ്റൊന്ന് കെട്ടിക്കാനും കഴിയില്ല എന്ന സ്തിഥി. ഒടുവിൽ പ്രശ്നപരിഹാരത്തിനായി മൂവാരി കാരണവന്മാർ ജ്യോതിഷനെ വിളിച്ചു. കണിശൻ കവടി നിർത്തിനോക്കി, കുട്ടിക്കര ചാമുണ്ടിക്ക് പകരം വിഷ്ണുമൂർത്തി കെട്ടിയാടുന്നതിൽ കാവിൽ കുടിയിരിക്കുന്ന ധർമ്മദൈവങ്ങൾക്ക് പരിപൂർണ്ണസമ്മതം എന്നായിരുന്നു പ്രശ്നവിധി. കാവുടമകളെയും അടുത്തില പള്ളിപ്പെരുമലയനയെയും ഭക്തജനങ്ങളെയും ആഹ്ലാദഭരിതരാക്കി ജ്യോതിഷവചനം. തികഞ്ഞ ഭക്തിയോടെ, പരദേവതമാരുടെ അനുഗ്രഹത്തോടെ അന്ന് ചരിത്രത്തിലാദ്യമായി ചാമുണ്ടിക്ക് പകരം കുട്ടിക്കരയിൽ വിഷ്ണുമൂർത്തി കെട്ടിയാടി. അന്നത്തെ അടുത്തില പള്ളിപ്പെരുമലയൻറെ ഉപാസനാവിജയം എന്ന് ഈ തെയ്യം മാറ്റിക്കെട്ടലിനെ വിശേഷിപ്പിക്കാം. കറകളഞ്ഞ ഭക്തിയും ആത്മാർപ്പണവും അളവറ്റ ദൈവാനുഗ്രഹവും മുഖമുദ്രയാക്കിയ അദ്ദേഹത്തിൻറെ മഹത് വ്യക്തിത്വത്തിന് താൻ കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ നൽകിയ പരമോന്നത ബഹുമതി എന്നും ഈ സംഭവത്തെ വിശേഷിപ്പിക്കാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=കുട്ടിക്കര_ഭഗവതി&oldid=3090222" എന്ന താളിൽനിന്ന് ശേഖരിച്ചത്