കുടുംബ നിയമം (ഇന്ത്യ)
വിവാഹം, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ രക്ഷകർതൃ സംബന്ധമായ അവകാശങ്ങൾ തുടങ്ങിയ കുടുംബജീവിത സംബന്ധമായ തർക്കങ്ങൾ സംബന്ധിച്ച നിയമങ്ങളെ പൊതുവിൽ കുടംബനിയമം എന്ന് പറയുന്നു.
ഇന്ത്യയിൽ പൊതുവായ കുടുംബനിയമം ഇതുവരെ നിർമ്മിക്കുവാനോ നടപ്പാക്കുവാനോ കഴിഞ്ഞിട്ടില്ലാത്തതിനാൽ വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ചടങ്ങുകളെ സംബന്ധിച്ച മത പ്രോക്തമായ "വ്യക്തി നിയമങ്ങൾ" തന്നെയാണ് കുടുംബനിയമമായി പരിഗണിക്കുന്നത്. മതനിയമങ്ങൾ തന്നെ മതത്തിനുള്ളിൽ, വ്യത്യസ്ത ജാതി - സമുദായങ്ങൾക്കിടയിൽ വ്യത്യസ്ത തരത്തിലാണ് നിലനിന്നുപോന്നത്. ഇവ സൃഷ്ടിച്ച പ്രശ്നങ്ങൾ മറികടക്കാനും, പൊതുവായ ചിട്ടപ്പെടുത്തലുകൾ വരുത്താനും വേണ്ടി, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്കായി പലകാര്യങ്ങളിലും പ്രത്യേകം,. പ്രത്യേകം നിയമങ്ങൾ നിർമ്മിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തി - കുടുംബജീവിതങ്ങളിലെ ഇടപെടലുകൾ ലക്ഷ്യമിട്ട് ബ്രീട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്തുമുതൽ ആരംഭിച്ച ഇത്തരം നിയമപരിഷ്കാരങ്ങൾ എല്ലാം കൂടിച്ചേർന്നതാണ് ഇന്ത്യയിലെ കുടുംബനിയമം. എന്നിരിക്കിലും ഇന്നും അവ ഹിന്ദു - മുസ്ലീം - ക്രിസ്ത്യൻ എന്നിങ്ങനെ വേറിട്ട നിയമങ്ങളായാണ് നിലനിൽക്കുന്നത്. ഹിന്ദു വിധവാ പുനർവിവാഹ നിയമം 1856 മുതൽ മുസ്ലീം വനിതാ (വിവാഹമോചനാവകാശ സംരക്ഷണ) നിയമം 1986 നിയമം വരെയുള്ള വ്യത്യസ്ത നിയമങ്ങൾ ഇതിനുദാഹരണങ്ങളാണ്.
അതേസമയം ഇന്ത്യയിൽ താമസമാക്കിയ ക്രിസ്തുമത വിശ്വാസികളായ ബ്രീട്ടീഷ് പൌരന്മാർ, ക്രിസ്തുമതം സ്വീകരിച്ച ഇന്ത്യാക്കാർ തുടങ്ങിയവരുടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം നിയമങ്ങൾ പാസ്സാക്കുകയും അവയിൽ പലതും ഇന്ന് രാജ്യത്തെ എല്ലാ മത - ജാതി സമുദായങ്ങൾക്കും സ്വീകരിക്കുവാൻ കഴിയുന്ന തരത്തിൽ നിലനിൽക്കുന്നുമുണ്ട്. വിവാഹമോചന നിയമം 1869 ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം 1925 തുടങ്ങിയവ അവയിൽ ചിലതാണ്. ഹിന്ദു വിവാഹ നിയമം 1955 ഹിന്ദു പിന്തുടർച്ചാവകാശ നിയമം 1956, ഹിന്ദു ദത്തെടുക്കലും പരിപാലവും നിയമം 1956, ഹിന്ദു മൈനോറിറ്റിയും രക്ഷകർതൃത്വവും നിയമം 1956, തുടങ്ങിയവയും കുടുംബനിയമങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
കുടുംബനിയമങ്ങൾ സംബന്ധമായ കേസുകൾ കേൾക്കുന്നതിന് ജില്ലാ കോടതികളുൾപ്പെടെയുള്ള സിവിൽ കോടതികൾക്ക് മുൻപ് അധാകാരമുണ്ടായിരുന്നെങ്കിലും ഇന്നിപ്പോൾ കുടുംബക്കോടതി നിയമം 1984 പ്രകാരം ആ അവകാശം ജില്ലാ ജഡ്ജിയുടെ തുല്യ പദവിയിലുള്ള കുടുംബക്കോടതി ജഡ്ജിക്കാണ്.