തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് ദേശമംഗലം പഞ്ചായത്തിൽ കൊണ്ടയൂർ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തായി കുടപ്പാറ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ആൽത്തറയിൽ പ്രതിഷ്ഠിച്ച ദേവീ ചൈതന്യത്തിന് കിഴക്കോട്ട് ദർശനം. വിശാലമായ അമ്പലപ്പറമ്പോടുകൂടിയ ഈ അമ്പലം കുടപ്പാറ ക്ഷേത്രക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു. ജഗദംബയായ ദുർഗാ ദേവിയുടെ നനദുർഗാ രൂപത്തിൽ ദേവിയെ ഇവിടെ ആരാധിക്കുന്നു. കുടപ്പാറ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ കുംഭമാസത്തിലെ (ഫെബ്രുവരി - മാർച്ച്) ഒരു വെള്ളിയാഴ്ച നടക്കുന്ന പൂരവും മിഥുന മാസത്തിലെ (ജൂൺ - ജൂലൈ) ചിത്ര നാളിൽ നടത്തപ്പെടുന്ന പിറന്നാളാഘോഷവുമാണ്.

കുടപ്പാറ പൂരം വർഷങ്ങൾക്ക് മുമ്പ് പറയർ സമുദായക്കാർ കെട്ടിയാടിക്കൊണ്ടിരുന്ന വേലയാണ് പിൽകാലത്ത് സാർവജനിക കുടപ്പറ പൂരമായി വിപുലപ്പെടുത്തപ്പെട്ടത്. കൊണ്ടയുർ കിഴക്കുമുറി, കൊണ്ടയുർ പടിഞ്ഞാറ്റുമുറി ദേശക്കാരുടെ പൂരവും, അതേ ദേശക്കാരുടെ ഹരിജൻ പൂരവും, കാഞ്ഞിരക്കോട്ട് കോളനി കാളവേലയും, പറയരുടെ ദാരികനും കാളിയും വരവും ചേർന്നതാണ് കുടപ്പാറ പൂരം. 20 ആനകളും, തായമ്പകയും, പഞ്ചവാദ്യവും, പാണ്ടിമേളവും, കാവടിയും, അലങ്കാരക്കാളകളും, പൂതൻ, തിറ , വെള്ളാട്ട്, കരിങ്കാളി, മറ്റ് ദേവതാ വേഷങ്ങളും ചേർന്ന ദൃശ്യവിസ്മയമാണ് കുടപ്പാറ പൂരം. മധ്യകേരളത്തിലെ പ്രസിദ്ധമായ മറ്റുപൂരങ്ങളേപ്പോലെ തന്നെ ഇവിടെയും ഗംഭീര വെടിക്കെട്ട് / കരിമരുന്നു പ്രയോഗം അരങ്ങേറാറുണ്ട്. വെടിക്കെട്ട് കാണുന്നതിനായി വിശാലമായ പാടശേഖരം പ്രത്യേകം കെട്ടിയൊരുക്കി സുരക്ഷാ സംവിധാനങ്ങൾ പാലിച്ചു കൊണ്ടാണ് സൌകര്യമൊരുക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കുടപ്പാറ_പൂരം&oldid=4095510" എന്ന താളിൽനിന്ന് ശേഖരിച്ചത്