പ്രസിദ്ധ തെയ്യം കലാകാരനും ആയുർവേദ ബാലചികിത്സകനുമാണ് കുഞ്ഞിരാമൻ വൈദ്യൻ. 2014 ൽ കൂടിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു. മുഖത്തെഴുത്ത്, തോറ്റംപാട്ട്, വാദ്യം, ആടയാഭരണനിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചു.

ജീവിതരേഖ

തിരുത്തുക

പിലിക്കോട് വയലിലെ തെയ്യം കലാകാരനായ കെ.വി.രാമൻ മണക്കാടന്റെയും കൊടക്കാട് വെള്ളച്ചാലിലെ ഏഴോത്ത് പാറുവിന്റെയും മൂത്തമകനാണ്. കുട്ടിക്കാലത്തേ പോളിയോ പിടിപെട്ട് വൈകല്യം ബാധിച്ചു. കണ്ണൻ പെരുവണ്ണാൻ, നർത്തക രത്‌നം കണ്ണൻ പെരുവണ്ണാൻ എന്നിവരിൽനിന്ന് ബാല്യത്തിൽത്തന്നെ വിവിധ തെയ്യങ്ങളുടെ തോറ്റംപാട്ടും മുഖത്തെഴുത്തും പഠിച്ചു. പതിമൂന്നാം വയസ്സിൽ അച്ഛന്റെ മുഖത്തെഴുതിക്കൊണ്ട് കലാരംഗത്തേക്ക് ചുവടുവെച്ചു. അൻപതു വർഷമായി തെയ്യം കലയുടെ പിന്നണിയിൽ പ്രവർത്തിച്ചു വരുന്നു. തെയ്യങ്ങളുടെയും ക്ഷേത്രങ്ങളുടെയും പുരാവൃത്തങ്ങളെക്കുറിച്ചുള്ള അവഗാഹമുള്ള വൈദ്യർ, ഉത്തരമലബാറിലെ ചെറുതും വലുതുമായ മിക്ക കളിയാട്ടങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തെയ്യം മുഖത്തെഴുത്തിലെ പ്രാവീണ്യത്തെ മാനിച്ചുകൊണ്ട് 2005-ൽ കേരള ഫോക്ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. [1]

ശിഷ്യന്മാർ

തിരുത്തുക

സ്വദേശത്തും വിദേശത്തുമായി നിരവധി ശിഷ്യന്മാർ ഉണ്ട്. അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റി വിദ്യാർഥി ജെ.റിച്ചാർഡ്‌സ് ഫ്രീമൻ, ജാപ്പാനീസ് ഗവേഷക വിദ്യാർഥിനി മയൂരി കോഹ തുടങ്ങിയവർ വൈദ്യരുടെ ശിഷ്യന്മാരാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[2]
  • 2005-ൽ കേരള ഫോക്ലോർ അക്കാദമി അവാർഡ്

1982-ൽ ഡൽഹി ഏഷ്യാഡിന്റെ ഉദ്ഘാടനച്ചടങ്ങിലും കൊൽക്കത്തയിൽ നടന്ന ലോകോത്സവത്തിലും മുംബൈ, ബാംഗ്ലൂർ, മംഗലാപുരം എന്നിവിടങ്ങളിലും 1987 -ലെ തിരുവനന്തപുരം നാഷണൽ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും വൈദ്യരുടെ സംഘം തെയ്യം അവതരിപ്പിച്ചിട്ടുണ്ട്.

  1. "കുഞ്ഞിരാമൻ വൈദ്യർക്ക് 'കലാശ്രീ പുരസ്‌കാരം' അർഹതയ്ക്കുള്ള അംഗീകാരം". www.mathrubhumi.com. Archived from the original on 2014-12-03. Retrieved 3 ഡിസംബർ 2014.
  2. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=കുഞ്ഞിരാമൻ_വൈദ്യൻ&oldid=3628512" എന്ന താളിൽനിന്ന് ശേഖരിച്ചത്