കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി

ഭാരതത്തിലെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം റിസർവ്വ് ബാങ്ക് ആവിഷ്കരിച്ച് നബാർഡ് മേൽനോട്ടം വഹിക്കുന്ന പദ്ധതിയാണ് കിസാൻ ക്രഡിറ്റ് കാർഡ് പദ്ധതി (Kisan Credit Card Scheme). ആവശ്യമായ സമയങ്ങളിൽ പര്യാപ്തമായ രീതിയിൽ കാർഷിക വായ്പ കർഷകരിൽ എത്തിക്കുന്നതിനായി 1998 ലാണ് ഇത് ആരംഭിക്കുന്നത്. വിത്ത്, വളം, കീടനാശിനികൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനാവശ്യമായ സാമ്പത്തിക സഹായം ശരിയായ സമയങ്ങളിൽ ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്.

സവിശേഷതകൾ

തിരുത്തുക
  • ബാങ്കുകൾ മുഖേന അർഹരായ കൃഷിക്കാർക്ക് ക്രഡിറ്റ് കാർഡ്, പാസ്സ് ബുക്ക് എന്നിവ നൽകുന്നു.
  • വാണിജ്യബാങ്കുകൾ, ഗ്രാമീണബാങ്കുകൾ, സഹകരണബാങ്കുകൾ എന്നിവവഴിയാണ് ഈ പദ്ധതിയിലൂടെ കാർഡ് ലഭ്യമാക്കുന്നത്.
  • കാർഷികരീതി, ഭൂവിസ്തൃതി, വിളകൾ എന്നിവയെ അടിസ്ഥാനമാക്കി കാർഷികപരിധി നിശ്ചയിച്ച് കർഷകവായ്പ അനുവദിക്കുന്നു.
  • 3 വർഷം വരെയാണ് കാർഡുകൾ അനുവദിക്കുന്നതെങ്കിലും അത് 5 വർഷം വരെ നീട്ടി നൽകാറുമുണ്ട്
  • രണ്ടുതരം കാർഷികവായ്പകളാണ് നൽകപ്പെടുന്നത്. കൃഷി ചെലവുകൾക്കായി ഹ്രസ്വകാല വായ്പയും മൂലധന ചെലവുകൾക്കായി ദീർഘകാല വായ്പയും.
  • ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 12 മാസമാണ് കാലാവധി.
  • വർഷത്തിൽ എത്ര തവണ വേണമെങ്കിലും അനുവദിച്ചിരിക്കുന്ന തുകവരെ പിൻവലിക്കുന്നതിനും അത് തിരിച്ചടയ്ക്കുന്നതിനും സൗകര്യം ഈ പദ്ധതിയിൽ നൽകുന്നുണ്ട്.
  • ദീർഘകാല വായ്പകൾക്ക് 5 വർഷം വരെയാണ് കാലാവധി.
  • കൃഷിനാശത്തിന് വായ്പയിൽ തിരിച്ചടവ് പുനഃക്രമീകരിച്ച് നൽകുന്നുമുണ്ട്.
  • റിസർവ്വ് ബാങ്ക് നിഷ്കർഷിക്കുന്ന കാർഷികവായ്പാ നിബന്ധനകൾ ഈ വായ്പകൾക്കും ബാധകമാക്കിയിരിക്കുന്നു.