കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ്

(കാസ്മോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി.ഇ. ആറാം നൂറ്റാണ്ടിൽ കേരളക്കര സന്ദർശിച്ച യൂറോപ്പ്യൻ ക്രൈസ്തവസഞ്ചാരിയാണ് കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ്.

കേരളത്തിലെ തെങ്ങുകൃഷിയെപറ്റിയുള്ള ഏറ്റവും ആദ്യത്തെ രേഖ ഇദ്ദേഹത്തിന്റേതാണ്. തെങ്ങിന്റേയും തെങ്ങുകയറ്റക്കാരന്റേയും കൂട്ടത്തിൽ ഒരാനയുടേയും ചിത്രം അദ്ദേഹം തന്റെ യാത്രാക്കുറിപ്പുകളിൽ വരച്ചു ചേർത്തിട്ടുണ്ട്.

കുരുമുളകിന്റെ നാട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം മലയത്തെ വിശേഷിപ്പിക്കുന്നത്. (സി.ഇ ആറാം നൂറ്റാണ്ടിൽത്തന്നെ രചിക്കപ്പെട്ട വരാഹമിഹിരന്റെ ബൃഹത്സംഹിതയിലും മലയം എന്ന പർവതനിരയെപ്പറ്റി പറയുന്നുണ്ട്.) അവിടെനിന്ന് കുരുമുളക് പുദോപട്ടണ,സലോപട്ടണ, നലോപട്ടണ, മംഗറൂത്ത്, പാർത്തി എന്നീ തുറമുഖങ്ങളിലേക്ക് അയക്കുന്നുവെന്ന് കോസ്മാസ് പറയുന്നു. മുസിരിസ്സിനെപ്പറ്റി കോസ്മാസ് പറയുന്നില്ല. മലയത്തിൽ ഒരു ക്രൈസ്തവസഭയുണ്ടെന്ന് കോസ്മാസ് പ്രസ്താവിക്കുന്നുണ്ട്. അവിടെ എല്ലാ രാജാക്കന്മാർക്കും ധാരാളം ആനകളുണ്ടെന്നും കൂടുതൽ ആനകളുള്ള രാജാക്കന്മാർക്ക് പ്രാമുഖ്യം കൂടുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

തേങ്ങയുടെ അകത്തുള്ള വെള്ളത്തിന് "റോംഗോസുര" എന്നു പേരാണെന്ന് അദ്ദേഹം പറയുന്നുണ്ട്. തെങ്ങിലെ ഒരു കുലയിൽ മൂന്നു തേങ്ങകൾ വിളയുമെന്നും അദ്ദേഹം പറയുന്നു. മുട്ടുവരെയുള്ള മുണ്ടുടുത്ത് തലയിൽ പാളത്തൊപ്പിപോലെ ഒന്ന് വച്ചിരിക്കുന്ന ഒരാളാണ് അദ്ദേഹത്തിന്റെ ചിത്രത്തിലെ തെങ്ങുകയറ്റക്കാരൻ.

മലയത്തെ ക്രിസ്ത്യാനികളുടെ ഉറവിടം എവിടെ നിന്നാണെന്ന് കോസ്മാസ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം കല്യാണിലേയും സിലോണിലേയും സഭകൾ പേഴ്സ്യയിൽ നിന്നുള്ളതാണെന്ന് അദ്ദേഹം പറയുന്നു. തോമസ് പുണ്യവാളൻ കേരളക്കരയിൽ മതപ്രചാരണം നടത്തിയതായും അദ്ദേഹം രേഖപ്പെടുത്തുന്നില്ല. [1]

<references>

  1. പണ്ടത്തെ മലയാളക്കര, കെ.ടി. രവിവർമ്മ, പേജ്225,226