കാവിൻപുറം ദേവീക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോട്ടയം ജില്ലയിലാണ് കാവിൻപുറം ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാല, രാമപുരം എന്നിവയാണ് സമീപ പട്ടണങ്ങൾ. ശിവ-പാർവ്വതി ചൈതന്യം ഒരേ വിഗ്രഹത്തിൽ സന്നിവശിപ്പിച്ചിരിക്കുന്നുവെന്ന പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. ഭാരതത്തിൽ അത്യപൂർവ്വമാണ് ഇത്തരം പ്രതിഷ്ഠാരീതി.
ചരിത്രം
തിരുത്തുകപഞ്ചപാണ്ഡവന്മാരിൽ മൂന്നാമനായ അർജ്ജുനൻ ഒരിക്കൽ ഒരു കാട്ടിലൂടെ നടന്നുപോവുകയായിരുന്നു. വില്ലാളിവീരനും സമർത്ഥനായ യോദ്ധാവുമായി കീർത്തിനേടിയ അർജ്ജുനനിൽ തന്റെ നേട്ടങ്ങൾ അഹങ്കാരത്തിന് കാരണമായിത്തീർന്നിരുന്നു. അർജ്ജുനനിലെ ഈ അഹങ്കാരത്തെ നശിപ്പിച്ച് വിനയമുള്ളവനാക്കിത്തീർക്കുവാൻ ഭഗവാൻ ശ്രീപരമേശ്വരനും പാർവ്വതിദേവിയും തീരുമാനിച്ചു. അവർ വേട്ടക്കാരനും വേട്ടക്കാരിയുമായി വേഷംമാറി വന്ന് അർജ്ജുനനെ യുദ്ധത്തിനായി വെല്ലുവിളിച്ചു. തന്നോട് യുദ്ധം ചെയ്യാനെത്തിയവർ ആരെന്നറിയാതെ അർജ്ജുനൻ യുദ്ധം തുടർന്നു. യുദ്ധത്തി പരാജയപ്പെട്ട് അർജ്ജുനന്റെ അഹങ്കാരമടങ്ങി. ഭഗവാൻ ശ്രീപരമേശരനും പാർവ്വതിദേവിയുമാണ് തന്നോട് യുദ്ധത്തിലേർപ്പെട്ടതെന്ന് അർജ്ജുനൻ തിരിച്ചറിയുന്നു. അഹങ്കാരം ശമിച്ച അർജ്ജുനൻ മാപ്പപേക്ഷിച്ചു. അപ്പോൾ ശിവപാർവ്വതിമാർ കിരാതരൂപം വെടിഞ്ഞ് സ്വരൂപത്തിൽ അർജ്ജുനന് ദർശനവും അനുഗ്രഹവും നൽകി. അനുഗ്രഹം നൽകുന്ന രൂപത്തിലുള്ളതാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും വിവിധ വിഗ്രഹങ്ങളും കാലങ്ങൾക്കു മുൻപേതന്നെ ഇവിടെ നിലവിലുണ്ടായിരുന്നു. സമീപകാലത്ത് പ്രാദേശിക സംഘടനകളുടെ പ്രവർത്തനഫലമായി ക്ഷേത്രം പൂർണ്ണമായി പുനഃരുദ്ധരിക്കുകയും അതിന്റെ പ്രതാപം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി ഇന്ന് ഈ ക്ഷേത്രം നിലനിൽക്കുന്നു. പ്രധാന പ്രതിഷ്ഠയായ ശിവ-പാർവ്വതി വിഗ്രഹം കൂടാതെ, ഉപദേവതകളായ ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകളും നാലമ്പലത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. നാഗരാജാവ്, നാഗയക്ഷി, നാഗകന്യക, രക്ഷസ് എന്നീ ഉപദേവാലയങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.
ഉത്സവങ്ങൾ/വഴിപാടുകൾ
തിരുത്തുകധനുമാസത്തിലെ 12, 13 തീയതികളിലായാണ് പ്രധാന ഉത്സവാഘോഷങ്ങൾ. 'കാവിൻപുറം താലപ്പൊലി' എന്നറിയപ്പെടുന്ന ചടങ്ങാണ് ഉത്സവത്തിന്റെ മുഖ്യ ആകർഷണം. രാത്രിയിൽ ദീപങ്ങളുമായി നടത്തുന്ന ഘോഷയാത്രയാണിത്. ഇതിൽ പങ്കെടുക്കുന്നതിനായി നാനാദേശങ്ങളിൽ നിന്നും ആളുകൾ വന്നെത്തുന്നു. വൃശ്ചികമാസത്തിൽ നടത്തുന്ന പൊങ്കാലയും നാരങ്ങവിളക്കും ആണ് മറ്റ് പ്രധാന ആഘോഷങ്ങൾ. നിത്യപൂജ നടക്കുന്ന ക്ഷേത്രമാണിത്. അറുനാഴിപായസം, നിറമാല, പുഷ്പാഞ്ജലി എന്നീ വഴിപാടുകളുമുണ്ട്. ഗണപതിക്ക് തേങ്ങയുടയ്ക്കൽ, ശാസ്താവിന് നീരാജനം, രക്ഷസിന് പാൽപ്പായസം, സർപ്പത്തിന് തളിച്ചുകൊട, ആയില്യംപൂജ എന്നീ വഴിപാടുകളും ഏർപ്പാടാക്കിയിട്ടുണ്ട്. ഒരേ വിഗ്രഹത്തിൽ ശിവ-പാർവ്വതീ ചൈതന്യങ്ങൾ ലയിച്ചിരിക്കുന്നതിനാൽ ദീർഘവും സന്തോഷകരവുമായ വൈവാഹികജീവിതത്തെ കരുതിയുള്ള പ്രത്യേക പൂജകളും ഭക്തജനങ്ങൾക്കായി നടത്താറുണ്ട്. തുടർച്ചയായ ഏഴ് തിങ്കളാഴ്ചകളിൽ നടത്തുന്ന ‘സ്വയംവര പുഷ്പാജ്ഞലി’ അത്തരത്തിലുള്ളതാണ്; ഇതിൽ ഏഴാമത്തെ തിങ്കളാഴ്ച വൈകുന്നേരം ‘ഉമാമഹേശ്വര’ പൂജയോടുകൂടിയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.