കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 ഫെബ്രുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു ദേവീക്ഷേത്രമാണ് കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനമായുള്ള അന്നപൂർണേശ്വരിയാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. വടക്ക് മാറിയുള്ള വടക്കേക്കുറ്റ് ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠയും പ്രാധാന്യമേറിയതാണ്.. മീനമാസത്തിലെ കാർത്തിക നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടെയാണ് ഇവിടത്തെ ഉത്സവം കൊടിയിറങ്ങുന്നത്. മഹാദേവൻ , ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ, നാഗരാജാവ് - നാഗയക്ഷി, രക്ഷസ് എന്നീ ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മേജർ ക്ഷേത്രങ്ങളിലൊന്നാണ് പള്ളിയറക്കാവ്. നാല് വിശാലമായ കുളങ്ങളും രണ്ട് കിണറുകളും ക്ഷേത്ര പരിസരത്തുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ക്ഷേത്രം കുട്ടനാട്ടിലെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയങ്ങളിൽ പ്രമുഖമാണ്.
ക്ഷേത്ര ചരിത്രം
കാവാലത്താറിന്റെ ഇരുകരകളിൽ ഒരുകാലത്ത് രണ്ട് രാജവംശത്തിന്റെ അധികാരമാണ് നിലനിന്നിരുന്നത്. ഒരുകരയിൽ അമ്പലപ്പുഴ കേന്ദ്രമാക്കി ചെമ്പകശ്ശേരി രാജാവും മറുകരയിൽ വടക്കുംകൂർ രാജാവും. വടക്കുംകൂറിന്റെ അതിർത്തിയായിരുന്നു കാവാലവും കാവാലത്തെ പള്ളിയറക്കാവ് ക്ഷേത്രവും. അവിടെ അന്ന് രാജാവിന്റെ കൊട്ടാരത്തിലാണ് ഇന്നത്തെ ക്ഷേത്രത്തിനാധാരമായ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയത്. ദേവനാരായണൻമാർ എന്നാണ് ചെമ്പകശ്ശേരി രാജാക്കൻമാർ അറിഞ്ഞിരുന്നത്. പുറക്കാട്, അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങളായിരുന്നു ഭരണത്തിൽ. നാവികപ്പടയുമൊക്കെയായി ദേശം വളർത്തിയും സംരക്ഷിച്ചും കഴിഞ്ഞവർ. കളരിപ്പയറ്റും കായികാഭ്യാസങ്ങൾക്കും പുറമേ വലിയ പടക്കോപ്പുകളും വെള്ളത്തിലൂടെ വള്ളത്തിൽചെന്ന് യുദ്ധം ചെയ്യാൻ സമർത്ഥരായ സേനയുമുണ്ടായിരുന്ന നാട്ടുരാജ്യം. പുഴയുടെ വടക്കേക്കര, വടക്കുംകൂർ രാജവംശത്തിന്റെ അധീനതയിലായിരുന്നു. കടുത്തുരുത്തി ആസ്ഥാനമാക്കി, വൈക്കം, ഏറ്റുമാനൂർ, മീനച്ചിൽ പ്രദേശങ്ങളായിരുന്നത് പിൽക്കാലത്ത് വടക്ക് ഉദയംപേരൂരും കിഴക്ക് തൊടുപുഴയും പടിഞ്ഞാറ് ചേർത്തലയും വരെ അധീനമായിരുന്നു.
അങ്ങനെ ഒരു പുഴയുടെ ഇരുകരകളിൽ ഒന്ന് ശൈവ സമ്പ്രദായക്കാരും മറ്റൊന്ന് വൈഷ്ണവ വിശ്വാസികളുമായി. വടക്കുംകൂർ ശൈവരായിരുന്നു.അമ്പലപ്പുഴക്കാരാകട്ടെ, കൃഷ്ണ - വിഷ്ണു ആരാധനാ വിശ്വാസക്കാർ.
ഈ നാട്ടുരാജാക്കന്മാർ തമ്മിൽ യദ്ധമുണ്ടായി. വടക്കുംകൂറിന്റെ സേനയെ കോട്ടയംവരെ ദേവനാരായണൻമാർ തോൽപ്പിച്ചു.
വടക്കുംകൂറിന്റെ അധീനതയിലിരുന്ന പ്രദേശങ്ങൾ ചിലത് ചെമ്പകശേരിയുടെ പക്കലായി. വടക്കുംകൂറിന്റെ വക കോയിക്കൽ കൊട്ടാരവും കൊട്ടാരത്തിനോട് ചേർന്ന മേൽപ്പറഞ്ഞ ക്ഷേത്ര സമൂഹവും ചെമ്പകശ്ശേരി രാജാവിലായി. അതിൽ ശ്രീകൃഷ്ണ ക്ഷേത്രമില്ലായിരുന്നു. കോയിക്കൽ കൊട്ടാരം നിലനിന്ന സ്ഥലം ഇന്ന് പള്ളിയറക്കാവിലമ്മയുടെ ആറാട്ടുകുളം നിലനിൽക്കുന്ന ഇടത്താണ്. അവിടെയടുത്ത് കൊട്ടാരവും ക്ഷേത്രവുമായി ബന്ധപ്പെട്ട ഗുരുസിക്കളം (ഗുരുതിക്കളം), പടനിലം തുടങ്ങിയ പേരിലുള്ള സ്ഥലങ്ങൾ ഇന്നുമുണ്ട്.
ചെമ്പകശ്ശേരിക്ക് കൈവന്ന പ്രദേശവും കൊട്ടാരവും സന്ദർശിക്കുന്ന രാജാവിന് രാജ്യാതിർത്തി സന്ദർശിച്ച് തിരികെ അമ്പലപ്പുഴയ്ക്ക് പോകുമ്പോൾ, വിശ്വാസപ്രകാരമുള്ള ക്ഷേത്ര ദർശനത്തോടെയാണല്ലോ തുടങ്ങേണ്ടത്. അത് അക്കാലത്ത് ഏറ്റവും കാവാലംകരയുടെ തെക്കേ അറ്റത്തെ ക്ഷേത്രമായിരുന്ന ദുർഗാ ദേവി ക്ഷേത്രത്തിൽ തൊഴുത് വേണ്ടിവന്നു. എന്നാൽ, ചെമ്പകശ്ശേരി രാജാവിന് വിശ്വാസപ്രകാരം കൃഷ്ണനെ തൊഴുതു വേണം തുടങ്ങാൻ. പരിഹാരമായി, അങ്ങനെ ശ്രീകൃഷ്ണന് ചെമ്പകശ്ശേരി രാജാവ് ക്ഷേത്രം പണിതു. ആ ക്ഷേത്രമാണ് ഇന്നത്തെ കൃഷ്ണൻമഠം. കാവാലത്ത് അങ്ങനെ ശൈവ-വൈഷ്ണവ സംയോഗത്തിന്റെ സ്ഥാനമായി.