കാലനേമി (രാമായണം)
രാവണൻ്റെ മകൻ ഇന്ദ്രജിത്തും ലക്ഷ്മണനും തമ്മിൽ ഒരു യുദ്ധം നടന്നു. ഇന്ദ്രജിത്ത് തൊടുത്ത അസ്ത്രത്താൽ ലക്ഷ്മണൻ ബോധം കെട്ടുവീണു. ലങ്കയുടെ രാജവൈദ്യനായ ശൂസേനൻ ഹിമാലയത്തിൽ വളരുന്ന സഞ്ജീവനി എന്ന മൂലിക കൊണ്ടുവന്നാലേ ലക്ഷ്‌മണനെ ഗുണപ്പെടുത്താനാവൂ എന്ന് പറഞ്ഞു. ഇതുകേട്ട മാത്രയിൽ തന്നെ ലങ്കയിൽ നിന്നും ഹിമാലയത്തിലേക്ക് പറന്നു ഹനുമാൻ. ഇതറിഞ്ഞ രാവണൻ ഹനുമാൻ്റെ യാത്ര തടസ്സപ്പെടുത്താൻ പല വിദ്യകളും നോക്കിയെങ്കിലും അതിനെയെല്ലാം തകർത്തെറിഞ്ഞ് ഹനുമാന്റെ യാത്ര കൃതഗതിയിൽ തുടർന്നു. ഒടുവിൽ കാലനേമി എന്ന അസുരനെ അയച്ചു ഇന്ദ്രജിത്ത്.സഞ്ജീവനി മൂലിക വളരുന്ന പ്രദേശത്ത് ഹനുമാൻ എത്തിയപ്പോൾ കാലനേമി ഒരു മഹർഷിയുടെ രൂപത്തിൽ ഹനുമാൻ്റെ മുന്നിലെത്തി. മഹർഷിയെ കണ്ട ഹനുമാൻ ബഹുമാനത്തോടെ അദ്ദേഹത്തെ വന്ദിച്ചു. ആ സമയത്ത് മഹർഷി അടുത്തുള്ള ഒരു കുളം ചൂണ്ടിക്കാണിച്ചുകൊണ്ട് അതിൽ നീരാടിയിട്ട് വന്ന് അനുഗ്രഹം വാങ്ങിച്ചുകൊള്ളൂ, നിൻ്റെ ഉദ്ദേശം സഫലമാവും എന്നുപറഞ്ഞു. കുളത്തിൽ സ്നാനത്തിന് ഇറങ്ങിയപ്പോൾ കാലനേമിയാൽ സൃഷ്ടിക്കപ്പെട്ട ഒരു മായാമുതല ഹനുമാനെ വിഴുങ്ങി. ഹനുമാൻ അതിൻ്റെ വയറു കീറി പുറത്തിറങ്ങി. ആ ക്ഷണം മുതല ഒരു ദേവനായി മാറി. എന്നിട്ട് ആ ദേവൻ പറഞ്ഞു. എൻ്റെ പേര് ധാന്യമാലി. ഇത്രയും നാൾ ശാപത്താൽ ഞാൻ മുതലയായി കുളത്തിൽ കഴിയുകയായി രുന്നു. താങ്കൾ കാരണം എനിക്ക് ശാപമോചനം കിട്ടി എന്ന് പറഞ്ഞ് നന്ദി പറഞ്ഞതോടൊപ്പം തന്നെ കാലനേമിയുടെ ചതി പദ്ധതിയെക്കുറിച്ചും ധാന്യമാലി ഹനുമാ നോട് വെളിപ്പെടുത്തി. കാലനേമിയെ കൊന്ന് മൂലികയുമായി മടങ്ങിയെത്തി ഹനുമാൻ ലക്ഷ്‌മണനെ രക്ഷിച്ചു.