പ്രമുഖ മലയാള പത്രാധിപരും സിനിമാ - നാടക നടനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു കാമ്പിശ്ശേരി കരുണാകരൻ(3 മാർച്ച് 1922 – 27 ജൂലൈ 1977). ദീർഘകാലം ജനയുഗം വാരികയുടെയും പത്രത്തിന്റെയും സിനിരമയുടെയും മുഖ്യ പത്രാധിപരായിരുന്നു. മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു.

കാമ്പിശ്ശേരി കരുണാകരൻ

ജീവിതരേഖതിരുത്തുക

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽപ്പെട്ട വള്ളികുന്നം എന്ന ഗ്രാമത്തിലെ സമ്പന്നമായ കാമ്പിശ്ശേരി തറവാട്ടിൽ കാമ്പിശ്ശേരി കൊച്ചിക്കാ ചാന്നാരുടെ മകനായി 1922 മാർച്ച് മൂന്നാം തീയതിയാണ് പി എൻ കരുണാകരൻ എന്ന കാമ്പിശ്ശേരി കരുണാകരൻ ജനിച്ചത്. ഭാര്യ പ്രേമവല്ലി. മക്കൾ റാഫി,റോബി, ഉഷ.[1]

വിദ്യാഭ്യാസംതിരുത്തുക

സംസ്‌കൃതം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമായിരുന്നു കാമ്പിശ്ശേരിക്ക് ലഭിച്ചത്.[1]കാമ്പിശ്ശേരിയുടെ സാഹിത്യ- പത്രപ്രവർത്തക ജീവിതകാലത്ത് ഈ സംസ്‌കൃത സംബന്ധം ഏറെ സഹായകമായി. വള്ളികുന്നത്തെ അരീക്കര സ്‌കൂളിൽ തുടങ്ങിയ കാമ്പിശ്ശേരിയുടെ വിദ്യാഭ്യാസം തിരുവനന്തപുരം സംസ്‌കൃത കോളേജിൽ അവസാനിക്കുകയായിരുന്നു.സംസ്‌കൃത കോളേജിൽ മഹോപാദ്ധ്യായ അവസാനവർഷം പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭണത്തിന്‌ നേതൃത്വം നൽകിയതിന്റെ പേരിൽ സർ സി.പിയുടെ പൊലീസ് കാമ്പിശ്ശേരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.[1]

പത്രപ്രവർത്തനംതിരുത്തുക

തലസ്ഥാന നഗരത്തിലെ സാധാരണ റിപ്പോർട്ടർ മുതൽ ചീഫ് എഡിറ്റർ വരെ നീളുന്ന എല്ലാ മേഖലകളിലും കാമ്പിശ്ശേരി പ്രവർത്തിച്ചിട്ടുണ്ട്. [2] 1942- 43 കാലഘട്ടത്തിൽ വള്ളികുന്നത്തു നിന്ന് പ്രസിദ്ധീകരിച്ച 'ഭാരതത്തൊഴിലാളി' എന്ന കൈയെഴുത്തു മാസികയിൽ തുടങ്ങുന്നുണ്ട് കാമ്പിശ്ശേരിയുടെ പത്രപ്രവർത്തക ജീവിതം.[1] ഭാരതത്തൊഴിലാളിയുടെ പത്രാധിപർ കാമ്പിശ്ശേരിയായിരുന്നു.ഉറ്റ സുഹൃത്തുക്കളായ തോപ്പിൽ ഭാസിയും പുതുശ്ശേരി രാമചന്ദ്രനും സഹപത്രാധിപന്മാരും. മൂവരുടെയും എഴുത്തിന്റെ ആദ്യകളരി ആ മാസികയിലായിരുന്നു.[1]പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ പ്രൈവറ്റായി എഴുതി പാസ്സായ ശേഷം യുവകേരളം പത്രാധിപസമിതി അംഗമായി. തിരുവനന്തപുരം സിറ്റി എഡിറ്ററായും പ്രവർത്തിച്ചു. യുവകേരളം, കേരളം, കേരള ഭൂഷണം, രാജ്യാഭിമാനി, വിശ്വകേരളം, പൗരധ്വനി എന്നിങ്ങനെ വിവിധ പത്രങ്ങളിൽ ലേഖകനായും എഡിറ്റോറിയൽ അംഗമായും പ്രവർത്തിച്ചതിൽപ്പിന്നെ 1954-ൽ അദ്ദേഹം ജനയുഗത്തിലെത്തി.[1]

ജനയുഗം പത്രാധിപർതിരുത്തുക

1977 വരെ ജനയുഗം പത്രാധിപരായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചരണായുധം എന്ന നിലയിൽ നിന്ന് ജനയുഗത്തെ എല്ലാ ഭവനങ്ങളിലും സ്വീകാര്യമാകുന്ന പ്രസിദ്ധീകരണമാക്കി വളർത്താനാണ് കാമ്പശ്ശേരി ശ്രമിച്ചത്. അതിനാൽ ജനയുഗം വാരികയുടെ പ്രചാരം അദ്ദേഹം പത്രാധിപരായിരുന്ന കാലത്ത് അച്ചടിയന്ത്രത്തിന്റെ ക്ഷമതയും കവിഞ്ഞുപോയി. ഏജന്റുമാർ കൂടുതൽ കോപ്പി ആവശ്യപ്പെടരുതെന്ന് പരസ്യം നൽകിയ ഏക വാരികയും കാമ്പിശ്ശേരിയുടെ ജനയുഗമാണ്. [3]പട്ടംതാണുപിള്ള, ആർ. ശങ്കർ, കെ.എ. ദാമോദരമേനോൻ തുടങ്ങിയവർക്കെതിരെ അഴിമതിയാരോപണങ്ങൾ കാമ്പിശ്ശേരി പുറത്തുകൊണ്ടു വന്നു.[4] സെക്രട്ടറിയേറ്റിലെ രഹസ്യരേഖകൾ കൈവശപ്പെടുത്തി അതിന്റെ ഫോട്ടോസ്റ്റാറ്റുകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് കാമ്പിശ്ശേരി പല 'സ്‌കൂപ്പു'കളും പുറത്തുകൊണ്ടുവന്നത്.

ബംഗാളി നോവലുകൾ പരിഭാഷയിലൂടെ മലയാളം വായനക്കാർക്ക് സുപരിചിതമാക്കാൻ പത്രാധിപരെന്ന നിലയിൽ കാമ്പിശ്ശേരി കാട്ടിയ താത്പര്യം ശ്രദ്ധേയമാണ്. [5] ആക്ഷേപഹാസ്യത്തിൽ കാമ്പിശ്ശേരി തുടങ്ങിവച്ച പംക്തിയാണ് കൽക്കി. കേരളത്തിലെ ദിനപത്രങ്ങളിൽ ആദ്യം 'ബോക്‌സ് കാർട്ടൂൺ' പ്രസിദ്ധപ്പെടുത്തിയത് 'ജനയുഗ' ത്തിലൂടെ കാമ്പിശ്ശേരിയാണ് 'കിട്ടുമ്മാവൻ' എന്ന ബോക്സ് കാർട്ടൂണിന് ആരാധകരേറെയുണ്ടായിരുന്നു. അത് മറ്റുപത്രങ്ങളെല്ലാം പിന്നീട് അനുകരിച്ചു. യേശുദാസൻ, ജി.സോമനാഥൻ, അജയഘോഷ്, സുജാതൻ എന്നീ കാർട്ടൂണിസ്റ്റുകളെ പരിചയപ്പെടുത്തിയത് കാമ്പശ്ശേരിയാണ്. [6]ആദ്യത്തെ വനിതാ പംക്തി, ഡോക്ടറോടു ചോദിക്കാം, ബാലപംക്തി, നാടകപംക്തി, സിനിമാ പംക്തി, തുടങ്ങി ഇന്നു പത്ര മാധ്യമങ്ങളിൽ കാണുന്ന മിക്ക പംക്തികളുടെയും തുടക്കകാരൻ കാമ്പിശ്ശേരിയാണ്. ജനയുഗം ദിനപ്പത്രം, ജനയുഗം വാരിക, ബാലയുഗം, സിനിരമ, നോവൽപ്പതിപ്പ് തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവർത്തിച്ചു.

സ്വാതന്ത്യ്രസമര,രാഷ്ട്രീയ പ്രവർത്തനംതിരുത്തുക

1948 വരെ കോണ്ഗ്രസ്സിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സിന്റെ നയങ്ങളെ ചോദ്യം ചെയ്തു വള്ളി കുന്നത്ത് നിയമലംഘനം നടത്തി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു.[7] തിരുകൊച്ചി നിയമസഭയിൽ അംഗമായിരിക്കുമ്പോഴാണ് നാടകവേദിയിൽ കാമ്പശ്ശേരി തിരക്കുള്ള നടനായി തിളങ്ങിയത്. [8]

നാടക പ്രവർത്തനംതിരുത്തുക

കാമ്പിശ്ശേരി തന്റെ എട്ടാമത്തെ വയസിൽ 'ഹരിശ്ചന്ദ്ര ചരിതം' നാടകത്തിലെ രോഹിതാശ്വന്റെ വേഷമിട്ട് അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചു. പിന്നീട് കെ.പി.എ.സിയുടെ രൂപവത്‌കരണം മുതൽ ഒപ്പം നിന്നുകൊണ്ട് അതിന്റെ പ്രധാന ചുമതല വഹിച്ചു. കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിലെ പരമു പിള്ളയെ അവതരിപ്പിച്ചിരുന്നത് കാമ്പിശ്ശേരിയായിരുന്നു. അഞ്ഞൂറിൽപ്പരം വേദികളിൽ കാമ്പിശ്ശേരി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. ശരശയ്യയിൽ എന്ന നാടകത്തിൽ കുഷ്ഠരോഗിയായും അഭിനയിച്ചു. [9] നാടകത്തെയും അഭിനയത്തെയും തികഞ്ഞ ഗൗരവത്തോടെ സമീപിച്ച കാമ്പിശ്ശേരിയുടെ അഭിനയചിന്തകൾ എന്ന ഗ്രന്ഥം മലയാള നാടകപഠന ഗ്രന്ഥങ്ങളിൽ പ്രമുഖമാണ്. കരുനാഗപ്പള്ളി ടഗോർ തിയറ്റേഴ്സിനു വേണ്ടി ബി.എ.രാജശേഖരൻ എഴുതിയ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന നാടകം സംവിധാനം ചെയ്തതു കാമ്പിശ്ശേരി കരുണാകരനും തോപ്പിൽ ഭാസിയും ചേർന്നാണ്. [10]

ഏതാനും ചലചിത്രങ്ങളിലും കാമ്പിശ്ശേരി അഭിനയിച്ചിട്ടുണ്ട്.

അന്ത്യംതിരുത്തുക

അവസാനകാലത്ത് രോഗബാധിതനായിരുന്ന അദ്ദേഹം തന്റെ മരണത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. " ഞാൻ മരിച്ചാൽ, മരിക്കുന്ന സ്ഥലത്തു നിന്നും ആറു മണിക്കൂറിനുള്ളിൽ എന്നെ എന്റെ നാട്ടിലോ ഏതെങ്കിലും പൊതുശ്മശാനത്തിലോ കൊണ്ടുപോയി സംസ്‌കരിക്കണം. മതപരമായ യാതൊരുവിധ ചടങ്ങുകളും പാടില്ല. വായ്ക്കരിയിടൽ,കോടിയിടൽ മുതലായവയൊന്നും അരുത്. എന്റെ മൃതദേഹം ദഹിപ്പിക്കരുത്. റീത്ത് സമർപ്പണവും ഫോട്ടോ എടുപ്പും വേണ്ട.അനുശോചനയോഗം കൂടരുത്. ഫണ്ട് പിരിക്കുകയോ സ്മാരകം ഉണ്ടാക്കുകയോ ചെയ്യരുത്. മൃതദേഹം വള്ളികുന്നത്തു കൊണ്ടുപോവുകയാണെങ്കിൽ എന്റെ അച്ഛനെ കുഴിച്ചിട്ടിരിക്കുന്നതിന് സമീപത്തായി എന്നെയും കുഴിച്ചിടണം. അവിടെയുള്ള കൂവളത്തിനു വളമാകട്ടെ".[1]

തന്റെ അൻപത്തഞ്ചാമത്തെ വയസ്സിൽ 1977 ജൂലൈ 27-ന് വൈകീട്ട് നാലരയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് കാമ്പിശ്ശേരി അന്തരിച്ചു. മൃതദേഹം വള്ളിക്കുന്നത്തെ വീട്ടുവളപ്പിൽ മതാചാരങ്ങളില്ലാതെ സംസ്കരിച്ചു. [1]

കൃതികൾതിരുത്തുക

 • അഭിനയ ചിന്തകൾ
 • അന്ത്യ ദർശനം
 • കൂനന്തറ പരമുവും പൂന കേശവനും
 • കുറെ സംഭവങ്ങൾ

അഭിനയിച്ച സിനിമകൾതിരുത്തുക

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Daily, Keralakaumudi (2021-07-21). "സ്നേഹമതത്തിന്റെ കാമ്പിശ്ശേരി" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-08-16.
 2. http://keralamediaacademy.org/archives/?q=content/kambissery-karunakaran
 3. http://keralamediaacademy.org/archives/?q=content/kambissery-karunakaran
 4. കാമ്പിശ്ശേരി: കാലം കാത്തു വെച്ച പത്രാധിപർ. മാതൃഭൂമി. 2013. മൂലതാളിൽ നിന്നും 2013-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-10. |first= missing |last= (help)
 5. http://keralamediaacademy.org/archives/?q=content/kambissery-karunakaran
 6. http://keralamediaacademy.org/archives/?q=content/kambissery-karunakaran
 7. http://www.malayalachalachithram.com/profiles.php?i=5576&ln=ml
 8. http://keralamediaacademy.org/archives/?q=content/kambissery-karunakaran
 9. http://keralamediaacademy.org/archives/?q=content/kambissery-karunakaran
 10. https://www.manoramaonline.com/news/latest-news/2021/05/02/kerala-assembly-election-result-karunagappally-udf-cr-mahesh.html

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാമ്പിശ്ശേരി_കരുണാകരൻ&oldid=3726769" എന്ന താളിൽനിന്ന് ശേഖരിച്ചത്