കാതറിൻ ഡിക്കൻസ്
കാതറിൻ തോംസൺ "കേറ്റ്" ഡിക്കൻസ് (മുമ്പ്, ഹൊഗാർട്ട്; ജനനം: 19 മെയ് 1815 - 22 നവംബർ 1879) ഇംഗ്ലീഷ് നോവലിസ്റ്റ് ചാൾസ് ഡിക്കൻസിന്റെ പത്നിയും അദ്ദേഹത്തിന്റെ പത്ത് കുട്ടികളുടെ മാതാവുമായിരുന്നു.
കാതറിൻ ഡിക്കൻസ് | |
---|---|
ജനനം | കാതറിൻ തോംസൺ ഹൊഗാർത് 19 മേയ് 1815 എഡിൻബർഗ്, സ്കോട്ട്‍ലാന്റ് |
മരണം | 22 നവംബർ 1879 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 64)
അന്ത്യ വിശ്രമം | ഹൈഗേറ്റ് സെമിത്തേരി, ലണ്ടൻ, ഇംഗ്ലണ്ട് |
അറിയപ്പെടുന്നത് | ഇംഗ്ലീഷ് നോവലിസ്റ്റ് ചാൾസ് ഡക്കൻസിന്റെ പത്നി |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | Charles Culliford Boz Dickens Mary Dickens Kate Macready Dickens Walter Landor Dickens Francis Jeffrey Dickens Alfred D'Orsay Tennyson Dickens Sydney Smith Haldimand Dickens Sir Henry Fielding Dickens Dora Annie Dickens Edward Dickens |
മാതാപിതാക്ക(ൾ) | ജോർജ്ജ് ഹൊഗാർത്ത് ജോർജിയാന തോംസൺ |
ആദ്യകാലം
തിരുത്തുക1815 ൽ സ്കോട്ട്‌ലൻഡിലെ എഡിൻബർഗിൽ ജനിച്ച കാതറിൻ 1824 ൽ തന്റെ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് താമസം മാറി. ജോർജ്ജ് ഹൊഗാർട്ടിന്റെ 10 കുട്ടികളിൽ മൂത്ത മകളായിരുന്നു കാതറിൻ. എഡിൻബർഗ് കൊറന്റിന്റെ ലേഖകനായിരുന്ന അവളുടെ പിതാവ് പിന്നീട് മോർണിംഗ് ക്രോണിക്കിളിലെ എഴുത്തുകാരനും സംഗീത നിരൂപകനുമായിത്തീർന്നു. അവിടെ ആദ്യകാലത്ത് ഒരു യുവ പത്രപ്രവർത്തകനായി സേവനമനുഷ്ടിച്ചിരുന്ന ഡിക്കൻസ് പിന്നീട് ഈവനിംഗ് ക്രോണിക്കിളിന്റെ പത്രാധിപരായിത്തീർന്നു. ബുദ്ധിമതിയും സുന്ദരിയുമായ 19 വയസ്സുള്ള കാതറിനെ പ്രഥമ ദർശനത്തിൽത്തന്നെ ഡിക്കൻസിന് ഇഷ്ടപ്പെടുകയും അതോടെ തന്റെ 23-ാം ജന്മദിന പാർട്ടിയിലേക്ക് അവളെ ക്ഷണിക്കുകയും ചെയ്തു. പിന്നീട് കാതറിനും ഡിക്കൻസും 1835-ൽ വിവാഹനിശ്ചയം നടത്തുകയും 1836 ഏപ്രിൽ 2-ന് ചെൽസിയിലെ സെന്റ് ലൂക്ക്സ് പള്ളിയിൽ വച്ച് വിവാഹിതരായശേഷം കെന്റിലെ ചാത്താമിനടുത്തുള്ള ചോക്കിൽ മധുവിധുവിനായി പുറപ്പെടുകയും ചെയ്തു. അവർ ബ്ലൂംസ്ബറിയിൽ ഒരു വീട് നിർമ്മിക്കുകയും അവർക്ക് പത്തു കുട്ടികളുണ്ടാവുകയും ചെയ്തു. ആ കാലയളവിൽ, താൻ ധനികനും പ്രശസ്തനുമായിത്തീർന്നാലും, കാതറിനുമൊത്ത് ആ ചെറിയ ഫ്ലാറ്റിൽ താമസിച്ചിരുന്നതുപോലെ താൻ ഒരിക്കലും സന്തുഷ്ടനാകില്ല എന്ന് ചാൾസ് ഒരിക്കൽ എഴുതിയിരുന്നു.
കാതറിൻറെ സഹോദരിയായ മേരി ഹൊഗാർത് പുതുതായി വിവാഹിതയായ അവളുടെ സഹോദരിക്കും ഭർത്താവിനും പിന്തുണ നൽകാൻ ഡിക്കൻസിന്റെ ഡൌഗ്റ്റി തെരുവിലെ വീട്ടിൽ താമസത്തിനായെത്തി. ഭാര്യയുടെ അവിവാഹിതയായ സഹോദരി നവദമ്പതികളോടൊപ്പം താമസിക്കുകയും സഹായിക്കുകയും ചെയ്യുന്നത് അക്കാലത്ത് അസാധാരണമായിരുന്നില്ല. ഡിക്കൻസ് മേരിയുമായി വളരെ അടുപ്പം പുലർത്തുകയും 1837-ൽ ഒരു ചെറിയ അസുഖത്തെ തുടർന്ന് അവൾ അദ്ദേഹത്തിൻറെ കൈകളിൽ കിടന്നു മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളിലും അവൾ ഒരു കഥാപാത്രമായിരുന്നു.
ഡിക്കൻസും കാതറിനും അമേരിക്കയിലേക്ക് കപ്പൽ കയറിയപ്പോൾ നാട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനായി കാതറിൻറെ ഇളയ സഹോദരി ജോർജീന ഹൊഗാർട്ട് 1842 ൽ ഡിക്കൻസിന്റെ കുടുംബത്തിലേയ്ക്കെത്തി. യാത്രയ്ക്കിടെ, ഡിക്കൻസ് ഒരു സുഹൃത്തിന് എഴുതിയ ഒരു കത്തിൽ, കപ്പലിലെ അവരുടെ നീണ്ട യാത്രയിലുടനീളം കാതറിന് ഒരിക്കലും ദുഃഖം തോന്നുകയോ ധൈര്യം ചോർന്നുപോകുകയോ ചെയ്തിട്ടില്ലെന്നും "പരാതിയില്ലാതെ ഏത് സാഹചര്യവുമായു പൊരുത്തപ്പെടുന്ന വനിത"യായിരുന്നു അവരെന്നും എഴുതി. 1845-ൽ ചാൾസ് ഡിക്കൻസ്, 'എവരി മാൻ ഇൻ ഹിസ് ഹ്യൂമർ' എന്ന പേരിൽ ലീ ഹണ്ടിനുവേണ്ടി ഒരു അമേച്വർ നാടകം നിർമ്മിച്ച് അവതരിപ്പിച്ചു. തുടർന്നുള്ള പ്രദർശനത്തിൽ, ചെറിയ വേഷം ചെയ്ത കാതറിൻ ഡിക്കൻസ് ഒരു വാതിലിനിടയിൽപ്പെട്ട് ഇടത് കണങ്കാലിന് പരിക്കേറ്റിരുന്നു. 1851-ൽ 'ലേഡി മരിയ ക്ലട്ടർബക്ക്' എന്ന പേരിൽ കാതറിൻ ഡിക്കൻസ് ഒരു കുക്കറി പുസ്തകം പ്രസിദ്ധീകരിച്ചു. 1860 വരെ ഇതിന്റെ നിരവധി പതിപ്പുകളിറങ്ങിയിരുന്നു.[1] 1851-ൽ, 8 മാസം പ്രായമുള്ള മകൾ ഡോറ ഡിക്കൻസിന്റെ മരണത്തെത്തുടർന്ന് അവൾക്ക് ഒരു നാഡീസ്തംഭനം ഉണ്ടായി.
തുടർന്നുള്ള വർഷങ്ങളിൽ, ഡിക്കൻസ് കാതറിനെ കൂടുതൽ അപ്രാപ്തയും വീട്ടുജോലിയിൽ മുഴുകിയിരിക്കുന്ന ഒരു മാതാവായും കാണുകയും, സാമ്പത്തിക ആശങ്കകൾക്ക് കാരണമായിത്തീർന്ന അവരുടെ 10 കുട്ടികളുടെ ജനനത്തിന്റെപേരിൽ അവളെ കുറ്റപ്പെടുത്തുകയും ചെയ്തു. അവരുടെ നാലാമത്തെ മകൻ വാൾട്ടറിന്റെ ജനനത്തിനുശേഷം ഇനി കുട്ടികളുണ്ടാകില്ലെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു, അവൾ ഒരു വലിയ കുടുംബത്തിൽ നിന്ന് വന്നതുകാരണായിരിക്കാം വളരെയധികം കുട്ടികളെ ജനിപ്പിക്കാൻ കാരണമായത് എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഒരു മാനിസികാരോഗ്യകേന്ദ്രത്തിൽ അവളെ പാർപ്പിക്കുന്നതിനായി അവൾ ഒരു മാനസിക രോഗിയാണെന്ന് വരുത്താനും അദ്ദേഹം ശ്രമിച്ചു. ഇതുപോലെ, കൂടുതൽ കുട്ടികൾ ജനിക്കില്ലെന്ന് ഉറപ്പുവരുത്താൻ, അവരുടെ കിടക്ക വേർപെടുത്താൻ അദ്ദേഹം ഉത്തരവിടുകയും കട്ടിലുകൾക്കിടയിൽ ഒരു പുസ്തക ഷെൽഫ് വയ്ക്കുവാനും നിർദ്ദേശിച്ചു.[2] ആകസ്മികമായി എല്ലെൻ ടെർനാനു കൊടുക്കാൻ ഉദ്ദേശിച്ചുള്ള ഒരു ബ്രേസ്ലെറ്റ് കാതറിന്റെ കൈവശം ലഭിച്ചതിനെത്തുടർന്ന് 1858 മെയ് മാസത്തിൽ അവരുടെ വേർപിരിയൽ പൂർണ്ണമായി. ഇതു വളരെയധികം പ്രചാരം നേടുകയും ഡിക്കൻസിന്റെ സ്ത്രീകളുമായുള്ള മറ്റ ബന്ധങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ നിരവധിയായിരുന്നുവെങ്കിലും അവയെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു.
വേർപിരിയൽ
തിരുത്തുക1858 ജൂണിൽ ചാൾസും കാതറിൻ ഡിക്കൻസും വേർപിരിയുകയും അവൾ കാംഡൻ ടൌണിലെ ഗ്ലൗസെസ്റ്റർ ക്രസന്റിലെ ഒരു ഭവനത്തിലേക്ക് മാറുകയും ചെയ്തു. വേർപിരിയലിന്റെ യഥാർത്ഥ കാരണം അജ്ഞാതമാണെങ്കിലും ഡിക്കൻസും എല്ലെൻ ടെർനാനുമായുള്ള ബന്ധമോ അല്ലെങ്കിൽ കാതറിന്റെ സഹോദരി ജോർജീന ഹൊഗാർത്തും ഡിക്കൻസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോ ആണ് അക്കാലത്ത് വേർപിരിയലിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
എല്ലെൻ ടെർനാനു നൽകാൻ ഉദ്ദേശിച്ചുള്ള ഒരു ബ്രേസ്ലെറ്റ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഡിക്കൻസ് കുടുംബത്തിന് അയച്ചിരുന്നത് ആരോപണത്തിനും നിഷേധത്തിനും കാരണമായി. ഡിക്കൻസിന്റെ സുഹൃത്ത് വില്യം മെയ്ക്ക്പീസ് താക്കറെ പിന്നീട് വാദിച്ചത്, ജോർജീന ഹൊഗാർട്ട് വിഷയത്തേക്കാളുപരിയായി, കാതറിനിൽ നിന്ന് ഡിക്കൻസ് വേർപിരിഞ്ഞത് ടെർനാനുമായുള്ള ബന്ധം മൂലമാണെന്ന് തന്നോട് സൂചിപ്പിച്ചുവെന്നാണ്. ഈ പരാമർശം ഡിക്കൻസിന്റെ ശ്രദ്ധയിൽപ്പെടുകയും ഡിക്കൻസ് വളരെയധികം പ്രകോപിതനായതോടെ ഡിക്കൻസ്-താക്കറെ സുഹൃദ്‌ബന്ധം ഏതാണ്ട് അവസാനിക്കുകയും ചെയ്തു.
ചാൾസ് ഡിക്കൻസ് ജൂനിയർ ഒഴികെയുള്ള കുട്ടികളും ജോർജീന, ചാൾസും ടാവിസ്റ്റോക്ക് ഹൌസിലെ അവരുടെ വീട്ടിൽ തുടർന്നപ്പോൾ കാതറിനും ചാൾസ് ജൂനിയറും അവിടെനിന്നു മാറി. ജോർജീന ഹൊഗാർട്ട് ഡിക്കൻസിന്റെ വീട്ടുകാര്യങ്ങൾ നടത്തി. 1858 ജൂൺ 12-ന് അദ്ദേഹം വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിക്കുകയും അവ വ്യക്തമാക്കുകയോ സാഹചര്യം വെളിപ്പെടുത്തുകയോ ചെയ്യാതെ തന്റെ വാർത്താപത്രികയിൽ ഹൌസ്ഹോൾഡ് വേഡ്സ് എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു.
പിൽക്കാലജീവിതം
തിരുത്തുകവേർപിരിഞ്ഞതിനുശേഷം ഡിക്കൻസിനും കാതറിനുമിടയിൽ കാര്യമായ കത്തിടപാടുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല, പക്ഷേ ക്യാൻസർ ബാധിച്ച് മരിക്കുന്നതുവരെ അവൾ ഭർത്താവിനോടും അദ്ദേഹത്തിന്റെ ഓർമ്മകളോടും വിശ്വസ്തത പുലർത്തിയിരുന്നു. 1879-ൽ മരണക്കിടക്കയിൽവച്ച് കാതറിൻ ചാൾസ് ഡിക്കൻസിൽ നിന്ന് തനിക്ക് ലഭിച്ച കത്തുകളുടെ ശേഖരം മകൾ കേറ്റിന് നൽകിക്കൊണ്ടു പറഞ്ഞു “ചാൾസ് എന്നെ ഒരിക്കൽ സ്നേഹിച്ചുവെന്ന് ലോകം അറിയുന്നതിനായി ഇവ ബ്രിട്ടീഷ് മ്യൂസിയത്തിന് നൽകുക”.[3]
1851-ൽ 8 മാസം പ്രായമുള്ളപ്പോൾ മരണമടഞ്ഞ മകൾ ഡോറയുടെ ശവകുടീരത്തിനു സമീപത്തായി ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ കാതറിൻ ഡിക്കൻസ് സംസ്‌കരിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ Susan M Rossi-Wilcox, Dinner for Dickens: The Culinary History of Mrs Charles Dickens' Menu Books, Prospect Books, 2005.
- ↑ Malvern, Jack (21 February 2019). "Dickens's dastardly plan for his wife". The Times.
- ↑ Slater, Michael (1983). Dickens and Women. Stanford: Stanford University Press. p. 159. ISBN 0460042483. Retrieved 26 September 2016.