കാങ്ഡ കോട്ട

ഹിമാചൽ പ്രദേശിലെ കാങ്ഡയിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ട

32°05′14″N 76°15′15″E / 32.087297°N 76.25406°E / 32.087297; 76.25406 ഹിമാചൽ പ്രദേശിലെ കാങ്ഡയിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു കോട്ടയാണ് കാങ്ഡ കോട്ട. നഗർകോട്ട്, കോട്ട് കാങ്ഡ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.[1] ഇന്ന് നാശോന്മുഖമായിക്കിടക്കുന്ന ഈ കോട്ട, ഹിമാലയത്തിലെ ഏറ്റവും വലിയ കോട്ടയാണ്. ഇന്ത്യയിലെത്തന്നെ ഏറ്റവും പഴയ കോട്ടയാണ് ഇതെന്നും അവകാശവാദമുണ്ട്. ഹിമാചൽ പ്രദേശിലെ കാങ്ഡ ജില്ലയുടെ ആസ്ഥാനമായ കാങ്ഡയുടെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള പുരാനാ കാങ്ഡ എന്ന പ്രദേശത്ത് മാൻസി, ബൻഗംഗ[൧] എന്നീ നദികളുടെ സംഗമസ്ഥാനത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

കാംങ്ഡ കോട്ട

ചരിത്രം തിരുത്തുക

 
കോട്ടയുടെ ദർശനി ദർവാസയിൽ നിന്നും അകത്തേക്കുള്ള വീക്ഷണം - കോട്ടയുടെ ഏറ്റവും പുരാതനമായ ഭാഗം ഇതാണെന്ന് വിലയിരുത്തിയിട്ടുണ്ട്
 
കോട്ടക്കകത്തെ തകർന്നുകിടക്കുന്ന കെട്ടിടങ്ങൾ - ഈ ഭാഗത്ത് കുഴിച്ചിട്ടുള്ള കിണറുകളിലാണ് ആദ്യകാലത്ത് സമ്പത്ത് സൂക്ഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു

ഈ കോട്ടയുടെ ചരിത്രത്തെക്കുറിച്ച് വിശദമായ പഠനം ഇതുവരെയും നടന്നിട്ടില്ല.[1] കോട്ടയിൽ നിലവിലുള്ള അവശിഷ്ടങ്ങളുടെ വിശകലനമനുസരിച്ച് കോട്ടയുടെ ഏറ്റവും പുരാതനമായ ഭാഗങ്ങൾ ഒമ്പതോ പത്തോ നൂറ്റാണ്ടിലത്തേതാണ്. എന്നാൽ ഈ കോട്ട ബി.സി.ഇ. 1500 കാലയളവിൽ പണികഴിപ്പിച്ചതാണെന്നാണ്, 1947-നു മുൻപ് ഈ കോട്ടയുടെ നിയന്ത്രണം കൈയാളിയിരുന്ന കറ്റോച്ച് വംശജരുടെ[൨] വിശ്വാസം.[2]

ഈ കോട്ടയെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ ചരിത്രം, 1009-ാമാണ്ടിൽ ഗസ്നിയിലെ മഹ്മൂദ് ഇത് ആക്രമിച്ച് കീഴടക്കിയതാണ്. മഹ്മൂദിന്റെ നാലാമത്തെ ഇന്ത്യൻ ആക്രമണമായിരുന്നു ഇത്. വൻ സമ്പത്ത് ഇവിടെനിന്ന് മഹ്മൂദ് കടത്തിക്കൊണ്ടുപോയെന്ന് മഹ്മൂദിന്റെ ചരിത്രകാരനായിരുന്ന ഉത്ബി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സമ്പത്തും കോട്ടയും ശാഹി രാജവംശങ്ങളുടേതായിരുന്നിരിക്കാനും സാധ്യതയുണ്ട്. 1043 വരെ ഗസ്നിയിലെ മഹ്മൂദിന്റെ സൈന്യം ഇവിടെ താവളമടിച്ചിരുന്നു. 1043-ൽ ദില്ലിയിലെ രാജാവിന്റെ സഹായത്തോടെ കോട്ടയിലെ മഹ്മൂദിന്റെ പിൻഗാമികളുടെ ആധിപത്യം അവസാനിക്കുകയും തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകൾ ഇത് തദ്ദേശീയരുടെ കൈവശമായിരുന്നെന്നും കരുതുന്നു.[1]

ദില്ലിയിലെ തുഗ്ലക് രാജവംശത്തിലെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക് 1337-ൽ ഈ കോട്ട കീഴടക്കിയിരുന്നു. എന്നാൽ ഈ സമയത്ത് ചൈനയിലേക്ക് ഒരു ആക്രമണം നടത്തി പരാജയപ്പെട്ട മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ മുഖം രക്ഷിക്കുന്നതിന് കെട്ടിച്ചമച്ച കഥയായിരുന്നു കാങ്ഡ കോട്ട കീഴടക്കലിന്റേതെന്നും വാദമുണ്ട്. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പിൻഗാമിയായ ഫിറോസ് ഷാ തുഗ്ലക് 1365-ൽ കോട്ട ആക്രമിച്ചിരുന്നു. കോട്ടയിൽ അന്നു ഭരണത്തിലിരുന്ന രൂപ് ചന്ദ് എന്ന രാജാവ് ദില്ലിയുടെ പരിസരപ്രദേശങ്ങൾ ആക്രമിച്ചതിന്റെ പ്രതികാരമായിരുന്നു ഈ ആക്രമണം. ആക്രമണത്തിൽ ഫിറോസ് ഷാ, കോട്ട കീഴടക്കിയെങ്കിലും രൂപ് ചന്ദിനെ ഭരണത്തിൽ തുടരാൻ അനുവദിച്ചെന്നും, അതല്ല ഇരുവരും തമ്മിൽ സന്ധിയിലെത്തുകയാണുണ്ടായതെന്നും വാദങ്ങളുണ്ട്.[1] എന്തായാലും തുടർന്നും ഇവിടെ തദ്ദേശീയർ തന്നെയാണ് ഭരണത്തിലിരുന്നത്.

1540-ൽ ഷേർഷാ സൂരി ദില്ലിയിൽ അധികാരത്തിലെത്തിയപ്പോഴും കാങ്ഡ കോട്ട ആക്രമിച്ച് കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തുപോയെങ്കിലും പിന്നീടും തദ്ദേശീയർ തന്നെ കോട്ടയുടെ നിയന്ത്രണം തുടർന്നു. മുഗൾ ചക്രവർത്തിയായ അക്ബർ അധികാരത്തിലെത്തുകയും അദ്ദേഹം സിക്കന്ദർ ഷാ സൂരിയെ അന്വേഷിച്ച് 1556-ൽ കാങ്ഡക്ക് വടക്കുപടിഞ്ഞാറുള്ള നൂർപൂർ പ്രദേശത്തേക്കെത്തിയപ്പോൾ കാങ്ഡ കോട്ടയിലെ രാജാവായിരുന്ന ധരം ചന്ദ്, അക്ബറോട് കീഴടങ്ങുകയും സന്ധിയിലെത്തി ഭരണം തുടരുകയും ചെയ്തു.[1] ധർമ്മ ചന്ദ്രയെത്തുടർന്ന് മാണിക്യചന്ദ്ര, ജയ ചന്ദ്ര എന്നിവർ കാങ്ഡയിൽ അധികാരത്തിലിരുന്നു.[3] ജയ ചന്ദ്രയിൽ വിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്ന് 1571-ൽ അക്ബറുടെ ഉത്തരവു പ്രകാരം മുഗളരുടെ പഞ്ചാബിലെ പ്രതിനിധിയായ ഖാൻ ജഹാൻ (ഖാൻ ജഹാൻ ഹുസൈൻ ഖിലി ഖാൻ) കാങ്ഡ ആക്രമിച്ചു. കാങ്ഡയുടെ ഭരണം അക്ബർ, ബീർബലിന് നൽകാമെന്നേറ്റിരുന്നു. ഈ ആക്രമണത്തിനിടെ പഞ്ചാബിൽ ഇബ്രാഹിം ഹുസൈൻ മിർസയും, മസൂദ് മിർസയും ആക്രമണമാരംഭിച്ചെന്നറിഞ്ഞ മുഗൾ സൈന്യം സന്ധിക്ക് തയ്യാറായി. മുഗൾ ചക്രവർത്തിക്ക് കപ്പം നൽകിക്കൊള്ളാമെന്നും മറ്റു ചില വ്യവസ്ഥകളും പ്രകാരം യുദ്ധം അവസാനിച്ചു.[1]

 
ജഹാംഗീരി ദർവാസ - കോട്ട കീഴടക്കിയതിനു ശേഷം ജഹാംഗീർ നിർമ്മിച്ച കവാടം

അക്ബറിന്റെ മരണശേഷം ജഹാംഗീർ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ മുൻഗണനാവിഷയങ്ങളിൽ ഒന്നായിരുന്നു കാങ്ഡ കോട്ട പിടിക്കുക എന്നത്. കാങ്ഡയിലെ ഒരു രാജകുമാരനായിരുന്ന ത്രിലോക് ചന്ദിന്റെ കൈവശമുണ്ടായിരുന്ന ഒരു തത്ത സലീമിന് (ജഹാംഗീറിന്) വളരെ പ്രിയപ്പെട്ടതായിരുന്നു. സലീം ഇത് ആവശ്യപ്പെട്ടെങ്കിലും ത്രിലോക് ചന്ദ് നൽകിയില്ല. ഇതായിരുന്നു ജഹാംഗീറിന്റെ കാങ്ഡ ആക്രമണത്തിന്റെ കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്. 1615-ൽ മുഗൾ സൈന്യാധിപൻ ഷേഖ് ഫരീദ് മുർത്താസ ഖാൻ, നൂർപൂറിലെ രാജാ സൂരജ് മലിന്റെ സഹായത്തോടെ കോട്ട ആക്രമിച്ചെങ്കിലും സൂരജ് മലിന്റെ അഭിപ്രായവ്യത്യാസങ്ങൾ മൂലം നടപടികൾ ഇടക്കുവച്ച് ഉപേക്ഷിക്കേണ്ടിവന്നു. 1617-ൽ സൂരജ് മലിന്റെ ആവശ്യപ്രകാരം രണ്ടാമതൊരാക്രമണം നടത്താനൊരുമ്പെട്ടെങ്കിലും സൂരജ് മൽ വിമതപ്രവർത്തനം നടത്തിയതോടെ അതും ഉപേക്ഷിച്ചു. പിന്നീട് സുന്ദർ ദാസ്, റായ് റയ്യാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ ഒരു സേനയെ ജഹാംഗീർ കോട്ട കീഴടക്കുന്നതിനായി നിയോഗിക്കുകയും ഒരു വർഷവും രണ്ടു മാസവും നീണ്ട ആക്രമണത്തിലൂടെ[1] 1621-ൽ[3] കോട്ട പിടിച്ചടക്കുകയും ചെയ്തു. ഇതിനുശേഷം 1622-ൽ നൂർ ജഹാനോടൊപ്പം ജഹാംഗീർ കാങ്ഡ സന്ദർശിക്കുകയും കോട്ടയിൽ ഒരു കവാടം കൂട്ടിച്ചേർക്കുകയും ചെയ്തു. ജഹാംഗീറി ദർവാസ എന്നാണ് ഈ കവാടം അറിയപ്പെടുന്നത്. കാങ്ഡയിൽ ഒരു കൊട്ടാരം പണിയാൻ ജഹാംഗീറിന് പദ്ധതിയുണ്ടായിരുന്നു. കാങ്ഡക്കടുത്തുള്ള മോജ ഗുഡ്കരി പ്രദേശത്ത് ഈ കൊട്ടാരത്തിന്റെ പ്രാരംഭനിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയായില്ല.[1]

1783 വരെ കാങ്ഡ കോട്ട മുഗളരുടെ നിയന്ത്രണത്തിൽ തുടർന്നു. നവാബ് അലി ഖാൻ ആയിരുന്നു ഇവിടത്തെ ആദ്യത്തെ മുഗൾ ഖിലദാർ. അദ്ദേഹത്തിനു ശേഷം പുത്രനായ ഹർമത് ഖാൻ കോട്ടയുടെ അധികാരിയായി. ഷാജഹാന്റെ ഭരണകാലത്ത് നവാബ് ആസാദുള്ള ഖാൻ, കോച്ച് ഖിലി ഖാൻ എന്നിവർ കോട്ടയുടെ നിയന്ത്രണം നടത്തി. കോച്ച് ഖിലി ഖാൻ അധികാരത്തിലിരിക്കുമ്പോൾ ഇവിടെ വച്ചാണ് മരണമടഞ്ഞത്. അദ്ദേഹത്തിന്റെ ശവശരീരം കോട്ടക്കു താഴെയായി ഒഴുകുന്ന മുനുനി നദിയുടെ (ബൻഗംഗയുടെ കൈവഴി) തീരത്താണ് അടക്കം ചെയ്തിരിക്കുന്നത്. ഔറംഗസേബിന്റെ ഭരണകാലത്ത് സയിദ് ഹുസൈൻ ഖാൻ ഹസൻ, അബ്ദുല്ല ഖാൻ പഠാൻ, നവാബ് സയിദ് ഖലീൽ ഖാൻ എന്നിവരായിരുന്നു കോട്ടയുടെ അധികാരികൾ. 1743-ൽ നിയമിതനായ നവാബ് സൈഫ് അലി ഖാൻ ആയിരുന്നു കാങ്ഡ കോട്ടയിലെ അവസാനത്തെ മുഗൾ ഖിലാദാർ.[1]

കോട്ടയിലെ മുഗൾ ആധിപത്യകാലത്ത് കറ്റോച്ച് വംശജർ ചുറ്റുമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തിയാർജ്ജിച്ചുകൊണ്ടിരുന്നു. അവർ സമീപത്തുള്ള വിജയ്പൂർ, ആലംപൂർ, ഹമീർപൂർ തുടങ്ങിയ പ്രദേശങ്ങൾ വികസിപ്പിച്ച് കോട്ടകളും കൊട്ടാരങ്ങളും തീർത്ത് ശക്തിപ്പെട്ടു. 1758-ൽ കറ്റോച്ച് വംശത്തിലെ ഗമന്ദ് ചന്ദ് എന്ന രാജാവിനെ അഫ്ഗാനികൾ, ജലന്ധർ ദൊവാബിലെ അവരുടെ പ്രതിനിധിയായി അംഗീകരിച്ചു. ഗമന്ദ് ചന്ദ്, കാങ്ഡ കോട്ടയിലേക്ക് ആക്രമണം നടത്തിയെങ്കിലും അദ്ദേഹത്തിന് അത് പിടിച്ചെടുക്കാനായില്ല. ഗമന്ദ് ചന്ദിന്റെ പൗത്രനായ സൻസാർ ചന്ദ് രണ്ടാമന്റെ കാലഘട്ടത്തിലാണ് കോട്ട പിടിച്ചെടുക്കാനുള്ള ഊർജ്ജിതശ്രമം നടന്നത്. സിഖ് പടനായകനായ ജയ് സിങ് കന്നയ്യയുടെ (ജയ് സിങ് ഗാനി) സഹായത്തോടെ കോട്ട ആക്രമിക്കുകയും 1783-ൽ ജയ് സിങ് കന്നയ്യ കോട്ട പിടിച്ചടക്കുകയും ചെയ്തു. 1786-ൽ സമതലപ്രദേശത്തുള്ള ചില പ്രദേശങ്ങളുടെ നിയന്ത്രണം ജയ് സിങ് കന്നയ്യക്ക് കൈമാറി സൻസാർ ചന്ദ് കോട്ട ഏറ്റെടുത്തു. സൻസാർ ചന്ദ് തന്റെ അധികാരം സമതലപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിച്ചു. ലാഹോറിന്റെ ദിശയിലേക്കുള്ള ആക്രമണങ്ങൾ ഹോഷിയാർപൂരിലെത്തിയപ്പോഴേക്കും പഞ്ചാബ് രാജാവ് രഞ്ജിത് സിങ് തടഞ്ഞു. തെക്കുകിഴക്കുള്ള ബിലാസ്പൂരിലേക്കും അദ്ദേഹം ആക്രമണം നടത്തുകയും ബിലാസ്പൂർ തന്റെ രാജ്യത്തോട് ചേർക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ബിലാസ്പൂരിലെ രാജാവ്, നേപ്പാളിലെ ഗൂർഖ രാജാവായ അമർ സിങ് ഥാപ്പയെ കാങ്ഡ ആക്രമിക്കുന്നതിന് ക്ഷണിക്കുകയും അതിന് തന്റെ സേനയുടെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. 1806-ൽ ബിലാസ്പൂർ രാജാവിന്റെ സഹായത്തോടെ ഗൂർഖകൾ കാങ്ഡ താഴ്വര പിടിച്ചടക്കി. സൻസാർ ചന്ദും കുടുംബവും കാങ്ഡ കോട്ടയിൽ ഒളിച്ചു. കോട്ടയുടെ നിയന്ത്രണത്തിനായി 1809 വരെയുള്ള നാലുവർഷം യുദ്ധം തുടർന്നു. ഇതിനിടയിൽ സൻസാർ ചന്ദ്, രഞ്ജിത് സിങ്ങിനോട് സഹായാഭ്യർത്ഥന നടത്തിയെങ്കിലും അനുകൂലനടപടികളൊന്നുമുണ്ടായില്ല. തുടർന്ന് സൻസാർ ചന്ദ്, ഗൂർഖകളുമായി അനുരഞ്ജനത്തിന് ശ്രമിക്കുകയും തന്നെയും കുടുംബത്തെയും സ്വതന്ത്രമായി വിടാമെങ്കിൽ കീഴടങ്ങാമെന്ന വ്യവസ്ഥയിൽ യുദ്ധം അവസാനിക്കുകയും ചെയ്തു.[1]

1809 മേയ് മാസം സൻസാർ ചന്ദ്, കോട്ട വീണ്ടെടുക്കുന്നതിന് രഞ്ജിത് സിങ്ങിന്റെ സഹായം വീണ്ടും അഭ്യർത്ഥിച്ചു. കാങ്ഡക്കടുത്തുള്ള ജ്വാലാമുഖിയിൽ വച്ച് ഇരുനേതാക്കളും സന്ധിക്കുകയും തുടർന്ന് വൻ പോരാട്ടത്തിനുശേഷം ഗൂർഖകളെ തോൽപ്പിച്ച് രഞ്ജിത് സിങ് കോട്ട പിടിച്ചടക്കുകുയും ചെയ്തു. ധാരണപ്രകാരം കോട്ടയും പരിസരപ്രദേശങ്ങളും രഞ്ജിത് സിങ് നിയന്ത്രണത്തിൽവക്കുകയും കാങ്ഡ താഴ്വരയിലെ 66 ഗ്രാമങ്ങളുടെ നിയന്ത്രണം സൻസാർ ചന്ദിന് നൽകുകയും ചെയ്തു.[1] തുടർന്ന് 1846 വരെ കോട്ട സിഖുകാരുടെ നിയന്ത്രണത്തിലായിരുന്നു. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ പരാജിതരായ സിഖുകാർ 1846-ലെ ലാഹോർ ഉടമ്പടിപ്രകാരം, ഈ കോട്ട ഉൾപ്പെടുന്ന ജലന്ധർ ദൊവാബ് പ്രദേശം മുഴുവൻ ബ്രിട്ടീഷുകാർക്ക് കൈമാറുകയായിരുന്നു. 1905-ൽ ഒരു വൻ ഭൂകമ്പത്തിൽ കോട്ടക്കും സമീപപ്രദേശങ്ങൾക്കും വൻ നാശനഷ്ടങ്ങളുണ്ടാകുന്നതുവരെ ബ്രിട്ടീഷ് പട്ടാളം ഈ കോട്ടയിൽ താവളമടിച്ചിരുന്നു. 1909-ൽ ഇത് ദേശീയപ്രാധാന്യമുള്ള ചരിത്രസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.[3]

സ്ഥാനം തിരുത്തുക

 
കാങ്ഡ കോട്ടയോട് ചേർന്നുള്ള ഇരു നദികളുടെ സംഗമസ്ഥാനം

പ്രകൃത്യാൽത്തന്നെ എത്തിപ്പെടാൻ പ്രയാസമേറിയ തന്ത്രപ്രധാനമായ പ്രദേശത്താണ് ഈ കോട്ട തീർത്തിരിക്കുന്നത്. സമീപപ്രദേശത്തെ അപേക്ഷിച്ച് വളരെ താഴ്ന്ന നിരപ്പിൽ ഒഴുകുന്ന മാൻസി, ബൻഗംഗ[൧] എന്നീ നദികളുടെ സംഗമസ്ഥാനത്തുള്ള നാടപോലെയുള്ള കുന്നിൻപ്രദേശത്താണ് ഇതിന്റെ സ്ഥാനം. കോട്ടയുടെ വടക്കുപടിഞ്ഞാറുഭാഗത്തുകൂടെ ഒഴുകുന്ന ബൻഗംഗ നദിയുടെ നിരപ്പിൽ നിന്ന് ഏതാണ് 300 അടി ഉയരത്തിലാണ് കോട്ട നിൽക്കുന്നത്.[1] മൂന്നുവശവും ചെങ്കുത്തായ നദീതീരങ്ങളായതിനാൽ വടക്കുകിഴക്കുഭാഗത്തെ പട്ടണത്തിന്റെ ദിശയിൽ നിന്നുമാത്രമേ കോട്ടയിലേക്ക് പ്രവേശിക്കാനാകൂ. നിരീക്ഷണസൗകര്യത്തിനായി, രാജഭരണകാലത്ത്, കോട്ടക്ക് ഇരുവശങ്ങളിലുമുള്ള കീഴ്ക്കാംതൂക്കായ നദീതീരങ്ങളിലെ സസ്യങ്ങൾ മുഴുവൻ വെട്ടി വൃത്തിയാക്കുകയും ചെയ്തിരുന്നു. കോട്ടക്ക് വടക്കുവശത്തുള്ള നദിക്കപ്പുറത്ത് ഉയരമുള്ള കുന്നിൻമുകളിൽ ജയന്തിമാതാക്ഷേത്രം സ്ഥിതിചെയ്യുന്നു.

കോട്ടയുടെ ഭാഗങ്ങൾ തിരുത്തുക

വലിയൊരു മലക്കുമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോട്ടയുടെ പ്രധാനകൊട്ടാരം സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കെത്തുന്നത് ഏഴുകവാടങ്ങൾ കടന്നാണ്. 23 കൊത്തളങ്ങൾ ഈ കോട്ടക്കുണ്ടായിരുന്നു എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[1] മൊത്തത്തിൽ ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ ഈ കോട്ട വ്യാപിച്ചുകിടക്കുന്നു. കോട്ടയുടെ ഏറ്റവും മുകളിലുള്ള ഭാഗത്ത് രാജകൊട്ടാരവും, തൊട്ടു താഴെയുള്ള തട്ടിൽ ക്ഷേത്രങ്ങളുമാണ്. ഇതിനു താഴെ വ്യത്യസ്ത നിരപ്പിൽ ഓരോരോ കവാടങ്ങൾ സ്ഥിതി ചെയ്യുന്നു.

കവാടങ്ങൾ തിരുത്തുക

കോട്ടയിലെ കവാടങ്ങൾ പല കാലയളവുകളിലായി നിർമ്മിച്ചതാണ്. കോട്ടയുടെ മുകളിലേക്കുള്ള വളഞ്ഞുപുളഞ്ഞുള്ള വഴിയിൽ പലയിടത്തായാണ് ഈ കവാടങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കോട്ടയുടെ ഏറ്റവും താഴെയുള്ള രഞ്ജിത് സിങ് ഗേറ്റ്' പണിതിരിക്കുന്നത് സിഖ് സാമ്രാജ്യസ്ഥാപകനായ രഞ്ജിത് സിങ്ങിന്റെ ആധിപത്യകാലത്താണ്. ഇരട്ടക്കവാടമായ ഇതിന് മരംകൊണ്ടുള്ള വാതിലാണുള്ളത്. ഈ കവാടത്തിനു മുന്നിൽ കോട്ടയുടെ വശങ്ങളിലുള്ള ഇരുനദികളെയും യോജിപ്പിക്കുന്ന ഒരു കിടങ്ങും നിർമ്മിച്ചിട്ടുണ്ട്.

ഇരുമ്പുകമ്പികളും പട്ടകളും കൊണ്ടുള്ള വാതിലുണ്ടായിരുന്നു എന്നതിനാലാണ് അഹീനി ദർവാസക്ക് ആ പേരുവന്നത്. നിലവിൽ ഇതിന് വാതിലുകളൊന്നുമില്ല. ഈ കവാടത്തിനുശേഷം അമീറി ദർവാസ കാണാം ഇതുരണ്ടും കോട്ടയിലെ ആദ്യ മുഗൾ പ്രതിനിധിയായിരുന്ന നവാബ് അലി ഖാൻ നിർമ്മിച്ചതാണ്.[3] നാലാമത്തെ കവാടമായ ജഹാംഗീരി ദർവാസ വഴിയിലെ ഒരു കൊടും വളവിനുശേഷമാണ് സ്ഥിതിചെയ്യുന്നത്. 1621-ൽ ജഹാംഗീർ കോട്ട പിടിച്ചെടുത്തതിനു ശേഷം തന്നെ പണിതതാണിത്. ഈ കമാനത്തിനു മുകളിൽ കോട്ട പിടിച്ചെടുത്ത തിയതി ആലേഖനം ചെയ്തുവച്ചിട്ടുണ്ട്.[1]

ഇരുവശത്തും ഉയർന്ന മതിലുകളോടുകൂടിയ വീതികുറഞ്ഞ കവാടമാണ് അന്ധേരി ദർവാസ. ഹന്ദേലി ദർവാസ എന്നും ഇതിനുപേരുണ്ട്. വീതിയില്ലാത്തതിനാൽ ഇരുണ്ടിരിക്കാമെന്നതിനാലായിരിക്കാം ഈ പേര്. ആകെ തകർന്നുകിടക്കുന്ന ഈ കവാടം ഇപ്പോൾ പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അന്ധേരി ദർവാസ കടക്കുമ്പോൾ രണ്ട് വഴികളുണ്ട്. ഒന്ന് കോട്ടയുടെ മറുഭാഗത്തേക്ക് പുറത്തേക്കിറങ്ങാനുള്ള വഴിയാണ്. ജഹാംഗീർ നിർമ്മിച്ച മസ്ജിദും, രണ്ടു തടാകങ്ങളും ഈ വഴിയിലുണ്ട്. രണ്ടാമത്തെ വഴി കോട്ടയുടെ മുകളിലെ പ്രധാനഭാഗത്തേക്കുള്ളതാണ്. ദർശനി ദർവാസ എന്ന കവാടത്തിലൂടെയാണ് ഇങ്ങോട്ടുകടക്കുന്നത്. കോട്ടയുടെ ഏറ്റവും പുരാതനമായ ഭാഗം ദർശനി ദർവാസയുടെ ഭാഗമാണ്. ഇരുഭാഗത്തും ഗംഗ, യമുന എന്നീ നദീദേവതകളുടെ ശില്പങ്ങൾ കൊത്തിവച്ചിരിക്കുന്ന കവാടമാണിത്. ക്ഷേത്രങ്ങളിരിക്കുന്ന തളത്തിലേക്കാണ് ഈ കവാടത്തിലൂടെ പ്രവേശിക്കുന്നത് എന്നതിനാലാണ് ദർശനി ദർവാസ എന്ന പേര് വന്നിരിക്കുന്നത്. ഈ തളത്തിലെ ലക്ഷ്മീനാരായൺ ക്ഷേത്രത്തിന്റെ ഇടതുവശത്തുകൂടി കൊട്ടാരങ്ങളുടെ തട്ടിലേക്കുള്ള മഹലോം കാ ദർവാസ ആരംഭിക്കുന്നു.

ഈ കവാടങ്ങൾ കൂടാതെ കോട്ടക്കു മുകളിൽ നിന്ന് നദിയിലേക്ക് നീളുന്ന ഒരു രഹസ്യപാതകൂടിയുണ്ടെന്നും ഇതുവഴിയാണ് ഗൂർഖകളുടെ ആക്രമണകാലത്ത് സൻസാർ ചന്ദ് കോട്ടയിൽ നിന്നും രക്ഷപ്പെട്ടതെന്നും പറയപ്പെടുന്നു.[1]

ജഹാംഗീർ നിർമ്മിച്ച മസ്ജിദ് തിരുത്തുക

 
മസ്ജിദിന്റെ അവശിഷ്ടങ്ങൾ

1621-ൽ ഈ കോട്ട പിടിച്ചടക്കിയതിനു ശേഷം മുഗൾ ചക്രവർത്തി ജഹാംഗീർ ഇവിടെ ഒരു മസ്ജിദ് നിർമ്മിച്ചിരുന്നു.[1] അന്ധേരി ദർവാസ കടന്നെത്തുമ്പോഴുള്ള രണ്ടു വഴികളിൽ വലതുവശത്തേക്കുള്ള വഴിയരികിലായി ഈ മസ്ജിദിന്റെ അവശിഷ്ടങ്ങൾ കാണാം. പിൽക്കാലത്ത് ഇത് ഒരു വെടിമരുന്നുപുരയായി ഉപയോഗിക്കുകയും ബ്രിട്ടീഷ് ആക്രമണകാലത്ത് പീരങ്കിയാക്രമണത്തിൽ തകരുകയും ചെയ്തു. ഈ മസിജിദിനടുത്തായി കപൂർ സാഗർ എന്ന ഒരു തടാകവുമുണ്ട്.

 
തകർന്നുകിടക്കുന്ന ലക്ഷ്മി നാരായൺ ക്ഷേത്രത്തിന്റെ പിൻവശം

ക്ഷേത്രങ്ങൾ തിരുത്തുക

ദർശനി ദർവാസ കടന്ന് അകത്തേക്ക് പ്രവേശിക്കുന്നത് വലിയൊരു തളത്തിലേക്കാണ് ഇവിടെ മൂന്നു ക്ഷേത്രങ്ങളുണ്ട്. ഇതിൽ കവാടത്തിന് അഭിമുഖമായി നിൽക്കുന്ന ലക്ഷ്മീ നാരായൺ ക്ഷേത്രത്തിന്റെ നാമമാത്രമായ അവശിഷ്ടങ്ങളേ ഇപ്പോൾ നിലവിലുള്ളൂ. അംബികാദേവി ക്ഷേത്രം എന്ന മറ്റൊരു ഹിന്ദു ക്ഷേത്രവും, ഒരു വലിയ ജൈനക്ഷേത്രത്തിന്റെ അവശിഷ്ടവും ഈ തളത്തിലുണ്ട്. ജൈന തീർത്ഥങ്കരനായ ആദിനാഥന്റെ ഒരു പ്രതിമ ഇവിടെയുണ്ട്. കറ്റോച്ച് രാജവംശത്തിന്റെ സ്ഥാപകനെന്നു വിശ്വസിക്കുന്ന സുശർമ്മന്റെ കാലത്തോളം ഈ പ്രതിമക്ക് പഴക്കമുണ്ടെന്നാണ് വിശ്വാസമെങ്കിലും ശാസ്ത്രീയവിശകലനമനുസരിച്ച് ഇത് 1446 കാലഘട്ടത്തിൽ തീർത്തതാണ്.[1] ക്ഷേത്രങ്ങൾ നിലനിൽക്കുന്ന ഈ തളത്തിൽ നിന്നാണ് രാജകൊട്ടാരങ്ങളടങ്ങിയ നിലയിലേക്കുള്ള മഹലോം കാ ദർവാസ ആരംഭിക്കുന്നത്.

മുകൾഭാഗം തിരുത്തുക

കോട്ടയുടെ ഏറ്റവും മുകൾഭാഗത്തുള്ള തട്ടിലാണ് രാജകൊട്ടാരങ്ങൾ സ്ഥിതി ചെയ്തിരുന്നത്. നിലവിൽ ഇവിടെ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ. ഈ തട്ടിന്റെ തെക്കുപടിഞ്ഞാറേ അറ്റത്തായി ബഹുഭുജാകൃതിയിലുള്ള വലിയ ഒരു കൊത്തളവുമുണ്ട്.

ഹമ്മം തിരുത്തുക

 
ഹമ്മം

കോട്ടയുടെ കവാടങ്ങൾക്കെല്ലാം പുറത്ത്, ഇപ്പോൾ സഞ്ചാരികൾക്കുള്ള പ്രവേശനകവാടത്തിനു വലതുവശത്തായി മുഗൾ ശൈലിയിലുള്ള ഒരു ഹമ്മം (കുളിമുറി) നിലവിലുണ്ട്. ജഹാംഗീറിന്റെ പ്രതിനിധിയായി കോട്ട ഭരിച്ച ആദ്യത്തെ ഖിലാദാർ നവാബ് അലി ഖാന്റെ ഭരണകാലത്താണ് ഈ ഹമ്മം നിർമ്മിക്കപ്പെട്ടത്. എന്നാൽ ഹമ്മത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി തൊട്ടടുത്ത് നിർമ്മിച്ചിട്ടുള്ള കുളത്തിന്റെ വാസ്തുകലാശൈലിയിൽ നിന്ന് ഹിന്ദുക്കളുടെ ഭരണകാലത്തായിരിക്കണം നടന്നിരിക്കുന്നത് എന്ന് അനുമാനിക്കുന്നു.[1]

കുറിപ്പുകൾ തിരുത്തുക

  • ^ ചില സ്രോതസ്സുകളിൽ ഈ നദികളുടെ പേരുകൾ മാൻസി, ബെനെർ എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്. ബൻഗംഗയുടെ മുനുനി എന്നു പേരുള്ള ശാഖയാണ് കോട്ടക്കടുത്തുകൂടെ ഒഴുകുന്നതെന്നും ചിലയിടങ്ങളിൽ കാണുന്നു. എന്തുതന്നെയായാലും ഇവയെല്ലാം ബിയാസ് നദിയുടെ പോഷകനദികളാണ്
  • ^ കറ്റോച്ച് എന്നത് കോട്ട എന്ന അർത്ഥമുള്ള കോട്ട് എന്ന വാക്കിൽ നിന്നും രൂപം കൊണ്ടതാണ്.[1]

അവലംബം തിരുത്തുക

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 ജെറാത്ത്, അശോക് (2000). "2 - ഫോർട്ട്സ് ഓൺ ദ ലെഫ്റ്റ് സൈഡ് ഓഫ് രാവി (Forts on the left side of Ravi)". ഫോർട്ട്സ് ആൻഡ് പാലസസ് ഓഫ് ദ വെസ്റ്റേൺ ഹിമാലയ (Forts and Palaces of the Western Himalaya) (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: എം.എൽ. ഗിഡ്വാണി, ഇൻഡസ് പബ്ളിഷിങ് കമ്പനി. p. 20-36. Retrieved 2013 മാർച്ച് 25. {{cite book}}: Check date values in: |accessdate= (help)
  2. കോട്ടക്കടുത്തുള്ള മഹാരാജാ സൻസാർ ചന്ദ്ര മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന വിവരഫലകമനുസരിച്ച് മഹാഭാരതയുദ്ധകാലത്ത് അതായത് ബി.സി. 1500 കാലയളവിൽ കറ്റോച്ച് രാജവംശത്തിലെ 234-ാമത്തെ രാജാവ് സുശർമ ചന്ദ്ര (ത്രിഗർത്തത്തിലെ സുശർമ്മൻ) ഈ കോട്ട നിർമ്മിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സുശർമ ചന്ദ്ര, മഹാഭാരതയുദ്ധത്തിൽ പാണ്ഡവർക്കെതിരെ യുദ്ധം ചെയ്തയാളായിരുന്നെന്നും ഇതോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ശേഖരിച്ചത് 2013 മാർച്ച് 12
  3. 3.0 3.1 3.2 3.3 ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഷിംല സർക്കിൾ പ്രസിദ്ധീകരിച്ച റുയിൻഡ് ഫോർട്ട്, കാങ്ഡ (Ruined Fort, Kangra) എന്ന തലക്കെട്ടിലുള്ള ലഘുലേഖ. ശേഖരിച്ചത് 2013 മാർച്ച് 12

ചിത്രങ്ങൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാങ്ഡ_കോട്ട&oldid=3762809" എന്ന താളിൽനിന്ന് ശേഖരിച്ചത്