ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നടന്ന സമരമാണു കല്ലറ-പാങ്ങോട് വിപ്ലവം.

വിപ്ലവസ്മാരകം

1938 സെപ്തംബർ 30നാണ് കർഷകരും കർഷകത്തൊഴിലാളികളുമെല്ലാം ഉൾപ്പെട്ട ഐതിഹാസിക സമരം അരങ്ങേറിയത്. കല്ലറ ചന്തയിലെ അനധികൃത ചുങ്കപ്പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സായുധ വിപ്ലവത്തിലേക്ക് നയിച്ചത്.

പശ്ചാത്തലം

തിരുത്തുക

മഹാത്മാ ഗാന്ധിയുടെ നിസ്സഹരണ ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗ്രാമത്തിലെ ജനങ്ങൾ ചന്തയിൽ ചുങ്കം കൊടുക്കേണ്ടന്നു തീരുമാനിച്ചു. പ്രദേശത്തെ ഒരുപറ്റം വിപ്ലവ ചിന്താഗതിക്കാരായ ജനങ്ങൾ ഇതിനെ സർ സി.പി. രാമസ്വാമി അയ്യർക്കെതിരായും, ബ്രിട്ടീഷ്കാർക്കു വേണ്ടി സാമന്ത ഭരണം നടത്തുന്ന തിരുവിതാംകൂർ രാജ ഭരണത്തിനെതിരായും കണ്ടു.കൊച്ചപ്പിപിള്ള, പ്ലാക്കീഴ് കൃഷ്ണപിള്ള, ചെല്ലപ്പൻ വൈദ്യൻ, ചെറുവാളം കൊച്ചുനാരായണൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ സംഘടിപ്പിച്ച് പ്രതിഷേധിച്ചു.[1] കല്ലറ ചന്തയിൽനിന്ന് നികുതി പിരിവുകാരെ തല്ലിയോടിച്ചതിനുപിന്നാലെ കാരേറ്റ് നിന്ന് ഒരു വണ്ടി പോലീസുമായി ഇൻസ്പെക്ടർ ഉസ്മാൻ ഖാൻ എത്തിയതോടെയാണ് അടിച്ചമർത്തലിന്റെ ഭീകരത ആരംഭിച്ചത്. തച്ചോണത്ത് വെച്ച് പോലീസിനെ അഭിവാദ്യം ചെയ്ത കൊച്ചാപ്പി പിള്ളയെ തോക്കുകൊണ്ട് അടിച്ച് ജീപ്പിൽ കയറ്റി പാങ്ങോട് സ്റ്റേഷനിൽ ഇട്ട് തല്ലി അവശനാക്കി. ഇതോടെ നാട്ടുകാർ കൂടുതൽ പ്രകോപിതരായി . സംഭവമറിഞ്ഞ് പാലോട്, പെരിങ്ങമ്മല, നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കർഷകർ കല്ലറയിലേക്കെത്തി. പൊലീസ് സ്റ്റേഷൻ ആക്രമിച്ച് കൊച്ചാപ്പിപിള്ളയെ മോചിപ്പിക്കാനായിരുന്നു ഇവരുടെ നീക്കം.തിരുവനന്തപുരത്തു നിന്ന് പാങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും മരം വെട്ടിയിട്ടും കല്ലുകൾ നിറച്ചും കിടങ്ങുകളുണ്ടാക്കിയും സമരക്കാർ അടച്ചു. എന്നാൽ നേതാക്കൾ ഇടപെട്ട് ഇവരെ തടയുകയും പട്ടാളം കൃഷ്ണൻ എന്ന സമരനേതാവ് പൊലീസുകാരുമായി ചർച്ച നടത്തി കൊച്ചാപ്പിപ്പിള്ളയെ മോചിപ്പിക്കുകയുമായിരുന്നു.അവശനിലയിലായ കൊച്ചപ്പിപ്പിള്ളയെ കണ്ടതോടെ സമരക്കാരുടെ രോഷം അണപൊട്ടി. കല്ലറയിലെ റോഡ് ഉപരോധം നീക്കാൻ ശ്രമിച്ച കുഞ്ഞുകൃഷ്ണനെന്ന പൊലീസുകാരനെ ഇവർ അടിച്ചുകൊന്നു. തുടർന്ന് സമരക്കാർ പാങ്ങോട് പൊലീസ് ഔട്ട്പോസ്റ്റിലേക്ക് ആയുധങ്ങളുമായി മാർച്ച് ചെയ്തു. പിന്നീട് നടന്ന വെടിവയ്പ്പിൽ (1938 സെപ്റ്റംബർ 30) സമരനേതാക്കളായ പ്ലാങ്കീഴ് കൃഷ്ണപിള്ളയും കൊച്ചുനാരായണൻ ആശാരിയും വെടിയേറ്റ് മരിച്ചു.[2] അടുത്ത ദിവസം കൂടുതൽ പൊലീസെത്തി സമരക്കാരെ നേരിടുകയും പലരെയും കൊലപ്പെടുത്തുകയും ചെയ്തു. പൊലീസ് അതിക്രമത്തെത്തുടർന്ന് പലരും നാടുവിട്ടു. സമരം ക്രൂരമായി അടിച്ചമർത്തപ്പെടുകയും ചെയ്തു.സമരത്തിന് നേതൃത്വം നൽകിയിരുന്ന കൊച്ചപ്പിപിള്ളയേയും, പട്ടാളം കൃഷ്ണനേയും 1940 ഡിസംബർ 17നും 18 നുമായി തിരുവിതാംകൂർ ഭരണകൂടം തൂക്കിലേറ്റി. അധികാരികളുടെ നിർദ്ദേശം അനുസരിച്ച് മാപ്പ് എഴുതി നൽകിയതിനാൽ ശിക്ഷ റദ്ദാക്കും എന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അതിനായി സി.പി.യുടെ ഭരണകൂടം നീതി കാട്ടിയില്ല. മറ്റൊരു പ്രതിയായ രാമേലിക്കോണം പദ്മനാഭൻ പൊലീസ് വീട് വളഞ്ഞപ്പോൾ ആത്മഹത്യ ചെയ്തു.

തിരുവിതാംകൂർ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു ഏട് പൊലീസ് ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. പാലുവള്ളി അബ്ബാസ് ചട്ടമ്പി, മടത്തുവാതുക്കൽ ശങ്കരൻ മുതലാളി, മാങ്കോട് ഹനീഫ ലബ്ബ, ഡ്രൈവർ വാസു, ഗോപാലൻ, പനച്ചക്കോട് ജമാൽ ലബ്ബ, കല്ലറ പദ്മനാഭപിള്ള, മാധവക്കുറുപ്പ്, കൊച്ചാലുംമൂട് അലിയാരുകുഞ്ഞ്, മുഹമ്മദാലി, വാവാക്കുട്ടി, കുഞ്ഞൻ പിള്ള, പാറ നാണൻ തുടങ്ങിയവരായിരുന്നു സമര നേതാക്കൾ.

ജമാൽ ലബ്ബ എന്നയാളെ ജീവപര്യന്തം ശിക്ഷ വിധിച്ചു.[3]

  1. "കല്ലറ-പാങ്ങോട് സമരത്തിന് ഇന്ന് 83 ആണ്ട്". Retrieved 2024-08-15.
  2. https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/pangod+polees+steshan+charithra+smarakamakunnu-newsid-71844228
  3. http://lsgkerala.gov.in/pages/history.php?intID=5&ID=251&ln=ml[പ്രവർത്തിക്കാത്ത കണ്ണി]