കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പാർവതി പുത്തനാറിന്റെ കരയിൽ കരിക്കകം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രമാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട ശക്തി ക്ഷേത്രമാണിത്. നഗരത്തിനോട് ചേർന്നു കിടക്കുന്നു. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തിയുടെ കാളി ഭാവമായ ചാമുണ്ഡി അഥവാ ചാമുണ്ഡേശ്വരി. ഒരേ ഭഗവതി സങ്കല്പം ഇവിടെ മൂന്ന് ഭാവങ്ങളിൽ ആരാധിക്കപ്പെടുന്നു. കരിക്കകത്തമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പല ആചാരങ്ങളും മനോഹരമായ നിർമാണരീതിയും ഇവിടെ കാണപ്പെടുന്നു.
ക്ഷേത്ര നിർമാണം
തിരുത്തുകമധുര മീനാക്ഷി ക്ഷേത്രത്തിലെത്തേത് പോലെ മനോഹരമായ വലിയ അലങ്കാര ഗോപുരമാണ് ഒരു പ്രത്യേകത. പരാശക്തിയുടെ മനോഹരമായ ശില്പങ്ങളും കാളീ രൂപങ്ങളും കൊണ്ടലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ആധുനിക ശൈലി കൂടി ചേർന്ന സമന്വയിച്ചിരിക്കുന്ന വ്യത്യസ്തവും സുന്ദരവുമായ നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
കരിക്കകത്തമ്മ
തിരുത്തുകമുഖ്യ പ്രതിഷ്ഠ
തിരുത്തുകപ്രധാന ശ്രീകോവിലിൽ കുടികൊള്ളുന്ന ദേവിയാണ് ശ്രീ ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡാദേവി. ആദിപരാശക്തിയുടെ കാളിക ഭാവം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി സാന്നിധ്യം ഈ ഭഗവതിയിൽ സങ്കൽപ്പിക്കപ്പെടുന്നു. പുഞ്ചിരി തൂകുന്ന ഭഗവതിയുടെ മനോഹരമായ പഞ്ചലോഹ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ചുവന്ന പൂക്കൾ കൊണ്ടുള്ള രക്തപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. മാറാരോഗങ്ങൾ മാറുന്നതിനും ദുരിതശാന്തിക്കും ഭക്തർ ഇവിടെ എത്തിച്ചേരുന്നു.
രക്ത ചാമുണ്ഡി
തിരുത്തുകഉഗ്രരൂപത്തിലുള്ള കാളിയാണ് രക്ത ചാമുണ്ഡി. ഭദ്രകാളിയുടെ വലിയ ചുവർ ചിത്രമാണ് ഈ നടയിലുള്ളത്. ദേവി മാഹാത്മ്യപ്രകാരം ചണ്ഡിക ദേവിയുടെ പുരികക്കോടിയിൽ നിന്നും അവതരിച്ചു ചണ്ടമുണ്ടൻമാരെ വധിച്ചതിനു ശേഷമുള്ള രൗദ്ര ഭാവം. പ്രതിഷ്ഠ ഒന്നും തന്നെയില്ല. എപ്പോഴും അടഞ്ഞു കിടക്കുന്ന ഈ നടയിൽ നടതുറപ്പ് വഴിപാട് നടക്കുന്ന സമയത്ത് ഒരു മിനിറ്റ് മാത്രമാണ് ദർശന സമയം. കരിക്കകം ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധവും തിരക്കേറിയതുമായ നട ഇത് തന്നെയാണ്.
ബാല ചാമുണ്ഡി
തിരുത്തുകസൗമ്യസുന്ദര രൂപത്തിലുള്ള ഭഗവതിയാണ് ഇത്. ഒരു പെൺകുട്ടിയുടെ രൂപത്തിലുള്ള ഭഗവതിയുടെ ചുവർ ചിത്രമാണ് ഇവിടെയുള്ളത്. സരസ്വതി ഭാവം കൂടി ഈ ഭഗവതിയിൽ സങ്കൽപ്പിക്കപ്പെടുന്നു. ഈ നടയിൽ ദർശനം നടത്തുന്നത് കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് എന്നാണ് വിശ്വാസം. കുട്ടികൾ ഇല്ലാത്ത ദമ്പതികളും, കുട്ടികളുടെ ഉയർച്ചക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയെല്ലാം ഇവിടെ ഭക്തർ എത്തിച്ചേരുന്നു. നടതുറപ്പ് വേളയിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ ദർശനം നടത്താൻ സാധിക്കുകയുള്ളു.
ഉപദേവതകൾ
തിരുത്തുക- മഹാഗണപതി
- ധർമ്മ ശാസ്താവ്
- ഭുവനേശ്വരി
- മഹാദേവൻ (ആയിരവില്ലീശ്വരൻ)
- നാഗരാജാവ്
- ഗുരു
- മന്ത്രമൂർത്തി
പുരാണം, ഐതീഹ്യം
തിരുത്തുകപണ്ട് രാജഭരണകാലത്ത് രാജാവിൻറെ നീതി നിർവ്വഹണ ക്ഷേത്രമായി അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് കരിക്കകം ചാമുണ്ഡി ക്ഷേത്രം. അതിനാൽ പരീക്ഷണ ക്ഷേത്രമെന്നും അറിയപ്പെടുന്നു. ആദിപരാശക്തിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയാണ് കാളി അവതാരമായ "ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡാദേവി. ചുരുക്കത്തിൽ ചാമുണ്ഡി". ദേവിഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങൾ പ്രകാരം സുംഭനിസുംഭ യുദ്ധവേളയിൽ ചണ്ഡികാ പരമേശ്വരിക്ക് തുണയേകുവാനാണ് പരാശക്തി ഇപ്രകാരം അവതരിച്ചതെന്ന് പറയുന്നു.
അമരത്വം കൊതിച്ച രാക്ഷസ സഹോദരന്മാരായ ശുംഭന്റെയും നിശുംഭന്റെയും വർഷങ്ങൾ നീണ്ട തപസ്സിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. എന്ത് വരമാണ് വേണ്ടത് എന്ന ബ്രഹ്മാവിന്റെ ചോദ്യത്തിന് അവർ ഒരുമിച്ചു ഒന്നേ അവശ്യപ്പെട്ടുള്ളൂ. 'മൃത്യു ഞങ്ങളെ തീണ്ടരുത്.'
അങ്ങനെ ഒരു വരം നൽകാനുള്ള തന്റെ പരിമിതികൾ അവരെ ബ്രഹ്മാവ് അറിയിച്ചു. തങ്ങളുടെ പൌരുഷത്തിലും ശക്തിയിലുമുള്ള അഹങ്കാരത്തോടെ സ്ത്രീകളോടുള്ള പുച്ഛവും അവളുടെ ശക്തിയെക്കുറിച്ചുള്ള അജ്ഞാനവും കാരണം അവർ ഇങ്ങനെ പറഞ്ഞു. "എങ്കിൽ, ഞങ്ങളുടെ മരണം ഒരു പെണ്ണിന്റെ കൈകൊണ്ടു മാത്രമായിരിക്കണം" ഇതുകേട്ട ബ്രഹ്‌മാവ് ഉള്ളിലൊരു പുഞ്ചിരിയോടെ അനുഗ്രഹിച്ചു.
വരപ്രാപ്തിക്ക് ശേഷം ശുക്രനെ ഗുരുവായി അവരോധിച്ചു ശുംഭൻ രാജാവായി. ശക്തരായ ശുംഭ-നിശുംഭൻക്ക് സഹായമായി ചണ്ഡനും മുണ്ഡനും ധൂമ്രലോചനനും രക്തബീജനും ഉണ്ടായിരുന്നു. ശുംഭനിശുംഭൻമാർ ദേവൻമാരെ ആക്രമിച്ചുകീഴടക്കി സ്വർഗ്ഗലോകം പിടിച്ചെടുത്തു.
മനുഷ്യർക്കോ (പുരുഷന്മാർക്ക്) ദേവന്മാർക്കോ തങ്ങളെ കൊല്ലാൻ കഴിയാത്ത അനുഗ്രഹം ഉണ്ടായിരുന്ന ശുംഭനും നിശുംഭനും സ്വർഗ്ഗം ആക്രമിക്കുകയും ഇന്ദ്രന്റെ രാജ്യം നശിപ്പിക്കുകയും ചെയ്തു. പ്രാണനും കൊണ്ടോടിയ ദേവൻമാർ ദേവഗുരുവായ ബൃഹസ്പതിയോട് സങ്കടമുണർത്തിച്ചു. ഗുരു ഇങ്ങനെ ഉപദേശിച്ചു : 'ആപത്തു വരുമ്പോൾ ജഗദീശ്വരിയായ ഭഗവതിയെ സ്മരിക്കണം '
അവർ സങ്കടവുമായി സാക്ഷാൽ ആദിപരാശക്തി തന്നെയായ ജഗദംബ ശ്രീപാർവ്വതിയോടു പ്രാർഥിച്ചു. അസുരന്മാരെ നേരിടാൻ ശ്രീ പാർവതി തീരുമാനിച്ചു. സ്വയം ചണ്ഡികയുടെ (ദുർഗ്ഗ) രൂപത്തിൽ അവർ ശത്രുപുരിക്ക് സമീപമെത്തി, രൂപംമാറി അവിടെ ഒരു ഊഞ്ഞാലിൽ ഇരുന്ന്, ഭഗവതി മനോഹരമായൊരു ഗാനമാലപിച്ചു. ഇത് കാണുകയും കേൾക്കുകയും ചെയ്ത ചണ്ഡനും മുണ്ഡനും, പാട്ടുപാടുന്ന അതിസുന്ദരിയായ സ്ത്രീയെപ്പറ്റി ശുംഭനെ അറിയിച്ചു. ശുംഭൻ തന്റെ ഭൂതനെ അയച്ച്, പരാശക്തിയോട് എത്രയും വേഗം തൻ്റെ ഭാര്യയാവാൻ ആവശ്യപ്പെട്ടു. കാലാതീതയായ ആ മഹാദേവി ഭാവിയിൽ എന്ത് നടക്കാൻ പോകുന്നു എന്നോർത്ത് ഊറിച്ചിരിച്ചു കൊണ്ടു ഇപ്രകാരം പറഞ്ഞു.
"എന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്നവന്റെ ഭാര്യയാകാൻ തയ്യാറാണ് എന്ന് നീ നിന്റെ യജമാനന്മാരെ അറിയിക്കൂ ".
ദൂതനിൽ നിന്ന് വിവരമറിഞ്ഞ ശുംഭനും നിശുംഭനും കോപം കൊണ്ടു വിറച്ചു. തന്റെ സൈന്യാധിപരിൽ ഒരാളായ ധൂമ്രലോചനനോട് ഇങ്ങനെ ആജ്ഞാപിച്ചു : "ഹേ ധൂമ്രലോചനാ, മഞ്ഞുമൂടിയ ഹിമാലയപർവ്വതത്തിൽ അതിസുന്ദരിയായ ഒരു സ്ത്രീയുണ്ട്. വേഗം പോയി അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരൂ. ഈ യാത്രയെ ഭയപ്പെടേണ്ട. അവൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ശക്തമായി പോരാടണം, അവളുടെ മുടിക്ക് പിടിച്ചു വലിച്ചിഴച്ചു കൊണ്ടുവരണം."
അങ്ങനെ, ധൂമ്രലോചനൻ ഹിമാലയത്തിൽ പോയി ദേവിയോട് സംസാരിച്ചു. “അല്ലയോ സ്ത്രീയേ, എന്റെ യജമാനനെ വിവാഹം കഴിക്കുക. ഇല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും. അറുപതിനായിരം അസുരന്മാരും എൻ്റെ കൂടെയുണ്ട്”. ഭഗവതി അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ധൂമ്രലോചനൻ അവളുടെ നേരെ പാഞ്ഞടുത്തു, പക്ഷേ ഭഗവതിയുടെ അലർച്ചയിൽ (ഹുങ്കാരത്തിൽ) തന്നെ അവൻ ദഹിച്ചുപോയി.
പിന്നെ ശുംഭനും നിശുംഭനും അയച്ചത് ചണ്ഡൻ , മുണ്ഡൻ എന്ന രണ്ട് അസുരന്മാരെയായിരുന്നു. സിംഹത്തിന് പുറത്ത് തൃശൂലവും സുദർശന ചക്രവും മറ്റും ധരിച്ചു ഗംഭീരമായി ഇരിക്കുന്ന ദുർഗ്ഗയോട് അവർ ഇങ്ങനെ ആജ്ഞാപിച്ചു : "ഹേ സ്ത്രീയേ, ശുംഭനെയും നിശുംഭനെയും വേഗം സമീപിക്കൂ. അല്ലാത്തപക്ഷം, നിങ്ങളുടെ ഗണങ്ങളോടും സിംഹത്തോടും കൂടി ഞങ്ങൾ നിങ്ങളെ കൊല്ലും. സ്ത്രീയേ, അവനെ നിങ്ങളുടെ ഭർത്താവായി തിരഞ്ഞെടുക്കുക. എങ്കിൽ നിങ്ങൾ കാരണം ദേവന്മാർ അപൂർവമായ മഹത്തായ ആനന്ദം കൈവരിക്കും." ഇതു കേട്ട ദേവി അവരെ പ്രകോപിപ്പിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു : "സാക്ഷാൽ വേദങ്ങൾക്ക് പോലും പൊരുൾ മനസ്സിലാകാത്ത പരംപൊരുളായ പരമേശ്വരന്റെ പ്രകൃതിയാണ് ഞാൻ. എൻ്റെ ഭർത്താവായി മറ്റൊരാളെ എങ്ങനെ തിരഞ്ഞെടുക്കും? സ്‌നേഹത്താൽ മതിമറന്നാലും ഒരു സിംഹി തൻ്റെ ഇണയായി കുറുക്കനെ തിരഞ്ഞെടുക്കുമോ? നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്നോട് യുദ്ധം ചെയ്യാൻ പടക്കളത്തിലേക്കു ഇറങ്ങുക. നിങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ പോരാടുക" അതൊരു യുദ്ധത്തിന്റെ തുടക്കാമായിരുന്നു. പാഞ്ഞടുത്ത അസുരരെ കണ്ടു കോപം പൂണ്ട ദുർഗ്ഗയുടെ പുരികക്കൊടി വില്ലുപോലെ വളഞ്ഞുയർന്നു. അതിൽ നിന്നും ഉഗ്രരൂപിയായ ഭദ്രകാളി പ്രത്യക്ഷപെട്ടു. ചണ്ഡികയ്ക്ക് വേണ്ടി യുദ്ധം ചെയ്തത് ആ കാളിയായിരുന്നു. അതിന്റെ അവസാനത്തിൽ കാളി, ചണ്ഡൻ്റെയും മുണ്ഡൻ്റെയും തലയിൽ പിടിച്ച്, ചണ്ഡികയുടെ അടുത്ത് ചെന്ന് ഉറക്കെ ചിരിച്ചു പറഞ്ഞു- “ഇതാ ഞാൻ നിനക്കായി കൊണ്ടുവന്ന ചണ്ഡൻ മുണ്ഡൻ എന്ന രണ്ട് മഹാമൃഗങ്ങൾ (പശുക്കൾ); നീ തന്നെ യുദ്ധയാഗത്തിൽ ശുംഭനെയും നിശുംഭനെയും വധിക്കുക ."
അങ്ങനെ ദേവി പരാശക്തി, ഇരുവരേയും വാളുകൊണ്ട് വധിച്ചു. അന്നുമുതൽ ഭഗവതി ചാമുണ്ഡിയായി. ശുംഭനിശുംഭന്മാർ എന്നിട്ടും നേരിട്ട് യുദ്ധത്തിന് ഇറങ്ങിയില്ല. തുടർന്ന് രക്തബീജനെ അയച്ചു. അവന്റെ യാതനകളാൽ ഉഴലുകളായിരുന്നു ലോകജനത. രക്തബീജന് സവിശേഷവും ശക്തവുമായ ഒരു അനുഗ്രഹം ഉണ്ടായിരുന്നു. അത്ര വേഗം അവനെ നശിപ്പിക്കാൻ കഴിയില്ല. രക്തബീജന്റെ ഒരു തുള്ളി രക്തം ഭൂമിയിൽ തൊടുമ്പോഴും അതിൽ നിന്നു ഒരു പുതിയ രക്തബീജൻ ഉയർന്നുവരും. ദേവിക്ക് യുദ്ധം ജയിക്കാൻ ഓരോ തുള്ളിച്ചോരയിൽ നിന്നായി ഒരായിരം പേർ ഉയരുന്നത് തടഞ്ഞേ തീരൂ. അങ്ങനെ ദേവി, തന്നോടൊപ്പമുള്ള കാളിയോട് ഇപ്രകാരം പറഞ്ഞു:
"ഇപ്പോഴുയിർത്ത സകലരേയും നീ ഭക്ഷിക്കുക. ഇനി അവൻ്റെ ചോര താഴെ വീഴാതെ, മുഴുവനായും പാനംചെയ്യുകയും വേണം. "
ഇങ്ങനെ പറഞ്ഞ്, ചണ്ഡിക രക്തബീജനെ വാളുകൊണ്ട് അരിഞ്ഞ് കഷണമാക്കി. ദുർഗ്ഗ പ്രഹരിക്കുന്നതോടൊപ്പം അവന്റെ രക്തം ഭൂമിയിൽ വീഴും മുന്നേ താഴെ വീഴാതെ ഓരോ തുള്ളിയും കാളി പാനം ചെയ്തു. അങ്ങനെ ഭഗവതി ദുർഗ്ഗാപരമേശ്വരിയുടെ ഏറ്റവും ഭീഭത്സമായ അവതാരമായ കാളരാത്രി എന്ന രൂപം ധരിച്ചാണ് ഭദ്രകാളി രക്തബീജൻ എന്ന അസുരനെ വധിച്ചത്. രക്തഭീജന്റെ രക്തം നിലത്തു പതിക്കാതിരിക്കാൻ പാത്രത്തിൽ രക്തം പിടിച്ചെടുത്ത് അത് കുടിച്ച് തീർത്ത കാളിയെ രക്ത ചാമുണ്ഡി എന്നറിയപ്പെട്ടു.
മറ്റൊരു സാഹചര്യത്തിലും ശ്രീ പാർവതി ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. ശിവപത്നി ശ്രീ പാർവതിയെ ഭാര്യയാക്കാൻ രുരു ശ്രമിച്ചു. അതിനുവേണ്ടി ബ്രഹ്മാവിൽ നിന്ന് വരം നേടുവാൻ രുരു കൈലാസത്തിന്റെ സമീപത്തു ചെന്ന് തപസ് ആരംഭിച്ചു. നിസ്സഹായനായ ബ്രഹ്മാവ് വരം നൽകുവാൻ തയ്യാറായില്ല. എന്നാൽ രുരുവും പിന്മാറാൻ തയ്യാറായില്ല, രുരുവിന്റെ തപോബലം നിരന്തരം വർധിച്ചു വന്നു. രുരുവിന്റെ തപസിനെ ഭയപ്പെട്ട ശിവൻ പാർവതി ദേവിയുമായി കൈലാസം വിട്ടുപോകാൻ തീരുമാനിച്ചു. ഇതിൽ കോപിഷ്ടയായ പാർവതി രൗദ്രമായ കാളി രൂപം പൂണ്ടു. രുരുവിന്റെ ചർമ്മവും, മുണ്ഡവും (തല) ത്രിശൂലം കൊണ്ട് വേർപെടുത്തിയ ഭഗവതി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത പാർവതി ചാമുണ്ഡി എന്നറിയപ്പെട്ടു.
അടക്കികൊട മഹോത്സവം
തിരുത്തുകഅടക്കികൊട മഹോത്സവമാണ് ഇവിടത്തെ പ്രധാന ഉത്സവം. കുംഭം മീനം അഥവാ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ഇത് നടക്കുന്നത്. ഉത്സവ ദിനങ്ങളിൽ ദർശനത്തിനായി വൻ ഭക്ത ജനത്തിരക്ക് അനുഭവപ്പെടുന്നു. ഉത്സവത്തിന്റെ ഏഴാം ദിനത്തിൽ പൊങ്കാല നടക്കും. മീന മാസത്തിലെ മകം നാളിലാണ് കരിക്കകം പൊങ്കാല. അതോടൊപ്പം ദേവിയെ തങ്കരഥത്തിൽ പുറത്തെഴുന്നെള്ളുന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്നതുമാണ്. വ്രതമെടുക്കുന്ന ഭക്തന്മാരാണ് ദേവിയുടെ തേര് വലിക്കുന്നത്. തെക്കൻ കേരളത്തിൽ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ രഥത്തിൽ പുറത്തെഴുന്നെള്ളത്ത് നടക്കുന്നുള്ളു എന്ന പ്രത്യേകത കൂടി ഈ ക്ഷേത്ര ഉത്സവത്തിനുണ്ട്.
നവരാത്രി
തിരുത്തുകനവരാത്രി വിജയദശമി മറ്റൊരു പ്രധാന ഉത്സവമാണ്. ഇവിടെ വിദ്യാരംഭം അതീവ വിശേഷപ്പെട്ട ചടങ്ങാണ്.
വഴിപാടുകൾ
തിരുത്തുകഭഗവതി ക്ഷേത്രത്തിൽ 13 വെള്ളിയാഴ്ച തുടർച്ചയായി രക്ത പുഷ്പാഞ്ജലി നടത്തുന്നത് ആഗ്രഹ സാഫല്യം ഉണ്ടാകാൻ ഉത്തമം എന്ന് ഭക്തർ വിശ്വസിക്കുന്നു. കടുംപായസം മറ്റൊരു പ്രധാന വഴിപാടാണ്.
നടതുറപ്പിക്കൽ വഴിപാട് രക്തചാമുണ്ഡി, ബാലചാമുണ്ഡി സന്നിധിയിൽ പ്രധാനമാണ്.
ദർശന സമയം
തിരുത്തുക*അതിരാവിലെ 5 AM മുതൽ ഉച്ചക്ക് 11.50 AM വരെ.
*വൈകുന്നേരം 4.30 PM മുതൽ രാത്രി 8.10 PM വരെ.
എത്തിച്ചേരുന്ന വഴി
തിരുത്തുകതിരുവനന്തപുരം നഗരകേന്ദ്രമായ കിഴക്കേക്കോട്ടയിൽ നിന്നും സർക്കാർ ബസുകളും സ്വകാര്യ ബസുകളും ഈ പ്രദേശത്തേക്ക് സർവ്വീസ് നടത്തുന്നു.
നഗര കേന്ദ്രമായ തമ്പാന്നൂരിൽ നിന്നും ഏകദേശം 9 കി.മി ദൂരമാണ് ഇങ്ങോട്ടേക്ക് ഉള്ളത്.
കൊല്ലം, ആറ്റിങ്ങൽ ഭാഗത്തുനിന്നും വരുന്നവർക്ക് കഴക്കൂട്ടം വഴി ഇവിടെ എത്തിച്ചേരാം.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - കൊച്ചുവേളി സ്റ്റേഷൻ.
അടുത്തുള്ള മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകൾ - തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം.
ഏറ്റവും അടുത്ത വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
ദേശീയപാത തൊട്ടടുത്തു കൂടി കടന്നുപോകുന്നു.