കമ്മ്യൂണിറ്റി റേഡിയോ
കമ്മ്യൂണിറ്റി റേഡിയോ (Community radio) എന്നത് വാണിജ്യപരമായതും പൊതുപ്രക്ഷേപണപരവുമായ പ്രക്ഷേപണങ്ങൾ കൂടാതെയുള്ള ഒരു മൂന്നാം റേഡിയോ സേവനമാണ്. കമ്മ്യൂണിറ്റി റേഡിയോയുടെ പ്രവർത്തനം ഭൂമിശാസ്ത്രപരമായി വേറിട്ട സമൂഹത്തിന്റെയോ സമുദായത്തിന്റെയോ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുക. ഈ പ്രക്ഷേപണം പ്രസക്തവും ജനഹിതവും പ്രാദേശികമായ ജനങ്ങൾക്കുവേണ്ടിയുള്ളതുമാണ്. വാണിജ്യ മുഖ്യധാരാ മാധ്യമ പ്രേക്ഷരെ ഇത് ലക്ഷ്യം വയ്ക്കുന്നില്ല. കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം, ഉടമസ്ഥത, സ്വാധീനം എന്നിവ അത് പ്രവർത്തിക്കുന്ന പ്രത്യേകസമൂഹത്തിന്റെയോ സമുദായത്തിന്റെയോ സേവനങ്ങൾക്കുവേണ്ടിയായിരിക്കും. പൊതുവെ ഇത് ലാഭേച്ഛയില്ലാത്തതും വ്യക്തികളെ പ്രാപ്തമാക്കുന്നതിനുള്ളതുമായിരിക്കും. വ്യക്തികൾ, ഗ്രൂപ്പുകൾ, സമൂഹം, സമുദായം എന്നിവരുടെ സ്വന്തം കഥകൾ പറയാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ഉപയോഗിക്കപ്പെടുന്നു. മാധ്യമ സമ്പന്ന ലോകത്തിൽ, മാധ്യമങ്ങളുടെ സ്രഷ്ടാക്കളാക്കാനും അതിൽ സംഭാവന ചെയ്യുന്നവരെ സഹായിക്കാനും ഉള്ള ഒരു സംവിധാനമാണ് ഇത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണത്തിനുപുറമെ സന്നദ്ധ മേഖല, പൗരസമൂഹം, ഏജൻസികൾ, എൻ.ജി.ഒ കൾ, പൗരന്മാർ എന്നിവരുമായി സഹകരിച്ച് വികസന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. ഫ്രാൻസ്, അർജന്റീന, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അയർലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ കമ്മ്യൂണിറ്റി റേഡിയോ നിയമപരമായി നിർവചിക്കപ്പെട്ടതാണ്. നിയമനിർമ്മാണത്തിന്റെ ഭൂരിഭാഗവും നിർവചനത്തിന്റെ ഭാഗമായി "സാമൂഹിക നേട്ടം", "സാമൂഹിക ലക്ഷ്യങ്ങൾ"തുടങ്ങിയ പദപ്രയോഗങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. കമ്മ്യൂണിറ്റി റേഡിയോ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. യുണൈറ്റഡ് കിങ്ഡം, അയർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ പദത്തിന് വ്യത്യസ്തമായ അർത്ഥങ്ങളുണ്ട്, അവിടെ സംസാര സ്വാതന്ത്ര്യവും സാമൂഹ്യ യാഥാർത്ഥ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.