കഥാഖ്യാനത്തിന്റെ വിവിധ രൂപങ്ങളിൽ ഗ്രാഫിക് ആർട്ട് പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന ദക്ഷിണേഷ്യയിൽ നിന്നുള്ള വനിതാ കലാകാരന്മാരുടെ ഒരു കൂട്ടായ്മയാണ് കഡക് കളക്റ്റീവ്. ചലച്ചിത്ര നിർമ്മാതാവും വെബ്‌കോമിക് സ്രഷ്ടാവുമായ ആരതി പാർത്ഥസാർഥി, കോമിക് ആർട്ടിസ്റ്റും ചിത്രകാരിയുമായ കാവേരി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഇതിലെ അംഗങ്ങളാണ്.

തുടക്കം

തിരുത്തുക

ആനിമേറ്ററും കോമിക്സ് ജേണലിസ്റ്റുമായ ഐന്ദ്രി ചക്രവർത്തിയുടെ മുൻകൈയിലാണ് കഡക് കളക്ടീവ് സ്ഥാപിതമായത്. വിവിധ കലാമേളകളിലും കോമിക് ബുക്ക് കൺവെൻഷനുകളിലും സ്ത്രീകളുടെയും ദക്ഷിണേഷ്യൻ വനിതകളുടെയും പ്രാതിനിധ്യത്തിന്റെ കുറവ് തിരിച്ചറിഞ്ഞതോടെയാണ് ഇങ്ങനെയൊരു കൂട്ടായ്മക്ക് അവർ തുടക്കം കുറിച്ചത്. തുടക്കത്തിൽ ഐന്ദ്രിയെ കൂടാതെ ദക്ഷിണേഷ്യയിൽ നിന്നുള്ള എട്ട് കലാകാരികൾ കൂടി ഉണ്ടായിരുന്നു.

ചലച്ചിത്ര നിർമ്മാതാവും വെബ്‌കോമിക് സ്രഷ്ടാവുമായ ആരതി പാർത്ഥസാരഥി, ആർട്ടിസ്റ്റ് ഗരിമ ഗുപ്ത, കോമിക് ആർട്ടിസ്റ്റും ചിത്രകാരിയുമായ കാവേരി ഗോപാലകൃഷ്ണൻ, ടൈപ്പോഗ്രാഫർ പവിത്ര ദീക്ഷിത്, ഗ്രാഫിക് ഡിസൈനറായ മീര മൽഹോത്ര, ചിത്രകാരിയും ഡിസൈനറും സംവിധായകയുമായ അഖില കൃഷ്ണൻ[1] എന്നിവർ തുടക്കത്തിൽ തന്നെ ഈ കൂട്ടായ്മക്കൊപ്പം ഉണ്ടായിരുന്നു. കോമിക് ബുക്ക് എഴുത്തുകാരി കൃതിക സുസർല ചിത്രകാരികളായ റേ സക്കറിയ, നൗഷീദ് ജാവേദ്, പ്രിയ ദാലി തുടങ്ങിയവരും പിന്നീട് ഇതിൽ അംഗങ്ങളായി. [2]

'കഡക്' എന്ന വാക്ക് തീവ്രമായത്, മൂർച്ചയേറിയത് എന്നൊക്കെയുള്ള അർഥത്തിൽ പ്രയോഗിക്കപ്പെടുന്നു. കടുപ്പമേറിയത് എന്ന അർഥത്തിൽ ചായയുടെ വിശേഷണമായും ഈ വാക്ക് ഉപയോഗിച്ചു പോരുന്നു.[1][3]

പ്രൊജക്റ്റുകൾ

തിരുത്തുക

ഈസ്റ്റ് ലണ്ടൻ കോമിക് ആർട്സ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച കോമിക് സൈനുകളുടെയും പ്രിന്റുകളുടെയും പോസ്റ്റ്കാർഡുകളുടെയും ശേഖരമായിരുന്നു കടക് കളക്ടീവിൻ്റെ ആദ്യ പ്രോജക്റ്റ്. ഈ കൂട്ടായ്മയുടെ സൃഷ്ടികൾ ഇവിടെ വാണിജ്യപരമായും വിജയം നേടി. പ്രദർശനത്തിനു വച്ച മിക്ക കലാസൃഷ്ടികളും കലാപ്രേമികൾ ഫെസ്റ്റിവലിൽ തന്നെ വിറ്റുതീർന്നു.[3][4][5][6]

2016-ൽ കടക് കളക്ടീവ് 'റീഡിംഗ് റൂം' എന്ന പേരിൽ ഒരു സഞ്ചരിക്കുന്ന വായനശാല ഒരുക്കി ഇതോടൊപ്പം കൂട്ടായ്മയിലെ അംഗങ്ങൾ സൃഷ്ടിച്ച 21 ശീർഷകങ്ങൾ അടങ്ങുന്ന ഒരു പ്രദർശനവും ഉണ്ടായിരുന്നു. തുടക്കത്തിൽ ബംഗളൂരുവിലെ ഗോഥെ-ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മാക്സ് മുള്ളർ ഭവനിൽ സൂക്ഷിച്ചിരുന്ന ഇത് പിന്നീട് ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഫിസിക്കൽ, വെർച്വൽ സ്പേസ് ആയി അവതരിപ്പിക്കപ്പെട്ടു. ഇതിന്റെ ഉള്ളടക്കം അവർ ഓൺലൈനിലും ലഭ്യമാക്കി. സ്ത്രീ ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക പ്രതീക്ഷകൾ ദക്ഷിണേഷ്യയിലെ ഫെമിനിസം, ലിംഗഭേദം, സ്വത്വം, ജാതി തുടങ്ങിയ വിഷയങ്ങൾ ഇതിലൂടെ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ മാധ്യമങ്ങളിൽ ഇതിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു.[1][7][8]

ലിംഗഭേദവും സ്വത്വവും കേന്ദ്രീകരിച്ചുള്ള 'ജെൻഡർ ബെൻഡർ' ആയിരുന്നു രണ്ടാമത്തെ പ്രോജക്റ്റ്. ഈ പ്രോജക്റ്റിനായി മീര മൽഹോത്ര സൃഷ്ടിച്ച ഒരു സൈൻ, 'അൺഫോൾഡിംഗ് ദി സാരി' എന്ന പേരിൽ പ്രത്യേക പ്രശംസ നേടി.[9]

2019-ൽ പൊതു-സ്വകാര്യ ഇടങ്ങളിലേക്കുള്ള സ്ത്രീ പ്രവേശനവും മീ ടൂ പ്രസ്ഥാനത്തിന്റെ വശങ്ങളും പരിശോധിച്ച്, 'ബൈസ്റ്റാൻഡർ' എന്ന പേരിൽ കൂട്ടായ്മയിലെ അംഗങ്ങൾ നിർമ്മിച്ച ഒരു ദൃശ്യകലാസമാഹാരം ആരംഭിച്ചു. ക്രൗഡ് ഫണ്ടിംഗിന്റെ സഹായത്തോടെ ആവിഷ്കരിച്ച ഈ പദ്ധതിക്കും വിപുലമായ പ്രചാരം ലഭിക്കുകയുണ്ടായി.[10][11][12][13][14][15]

ഇന്ത്യൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാസൃഷ്ടികൾ ഒരുക്കിയിരിക്കുന്നു.[16][17][18][19]. ഇന്ത്യൻ ചിത്രകാരനായ സുബോധ് ഗുപ്തക്കെതിരായി ഉയർന്ന ലൈംഗികാരോപണത്തിൽ, എല്ലാ ഓൺലൈൻ ആരോപണങ്ങളും നീക്കണമെന്ന ഡെൽഹി ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ കഡക് കളക്റ്റീവ് കത്തെഴുതുകയുണ്ടായി.[20]

  1. 1.0 1.1 1.2 Kulkarni, Damini. "A women's art collective is serving a dose of truth–strong and Kadak". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-23.
  2. "Creators of Kadak". Creators of Kadak. Retrieved 2021-03-23.
  3. 3.0 3.1 Pasricha, Japleen (2016-03-07). "Kadak Collective: Questioning The Status Quo One Art(Tea) At A Time". Feminism In India (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-03-23.
  4. "Kadak". www.platform-mag.com. Retrieved 2021-03-23.
  5. "Why The Women From Kadak Collective Are Not Your Regular Cup Of Tea | Verve Magazine". www.vervemagazine.in (in അമേരിക്കൻ ഇംഗ്ലീഷ്). 2017-08-09. Retrieved 2021-03-23.
  6. Ratnam, Dhamini (2016-09-30). "What women do". mint (in ഇംഗ്ലീഷ്). Retrieved 2021-03-23.
  7. Cornelious, Deborah (2016-12-02). "A kadak point for history". The Hindu (in Indian English). ISSN 0971-751X. Retrieved 2021-03-23.
  8. "Strong, Sharp, Kadak". The Indian Express (in ഇംഗ്ലീഷ്). 2016-08-17. Retrieved 2021-03-23.
  9. Kappal, Bhanuj (2019-03-02). "The need to be zine". mint (in ഇംഗ്ലീഷ്). Retrieved 2021-03-23.
  10. "A new anthology offers perspective on the identities of a 'bystander'". The Indian Express (in ഇംഗ്ലീഷ്). 2019-06-12. Retrieved 2021-03-23.
  11. "A Crowdfunded Campaign Is Using Art to Flesh Out What a Bystander Is". The Wire. Retrieved 2021-03-23.
  12. "The Cultural Frontline: The Kadak Collective". BBC World Service. 3 February 2020. Retrieved 2021-03-23.
  13. "This Anthology Explores the Role of the 'Other' in Feminist Conversation - SheThePeople TV" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-23.
  14. Kale, Arun (2019-05-29). "Standing By". Helter Skelter Magazine (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-23.
  15. Behrawala, Krutika (2020-11-06). "India's digital artists: their time is now". The Hindu (in Indian English). ISSN 0971-751X. Retrieved 2021-03-23.
  16. Saranya Chakrapani (Jan 20, 2020). "Creators contribute posters, paintings to be used at CAA protests | Chennai News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-03-23.
  17. Majumdar, Meghna (2019-12-23). "How art on social media became the face of anti-CAA protests". The Hindu (in Indian English). ISSN 0971-751X. Retrieved 2021-03-23.
  18. "Amid anti-CAA, NRC protests, artists in India are creating — and sharing — a portrait of dissent". Firstpost. 2019-12-28. Retrieved 2021-03-23.
  19. "Indian creatives united by "collective rage and shock" over citizenship laws". Dezeen (in ഇംഗ്ലീഷ്). 2020-01-23. Retrieved 2021-03-23.
  20. "#MeToo: After activists' letter, Subodh Gupta's defamation suit condemned by JNU students in a statement". Firstpost. 2019-10-03. Retrieved 2021-03-23.
"https://ml.wikipedia.org/w/index.php?title=കഡക്_കളക്റ്റീവ്&oldid=4057089" എന്ന താളിൽനിന്ന് ശേഖരിച്ചത്