ഓർലിയൻസ് മഡോണ

റാഫേൽ വരച്ച ചിത്രം

1506-1507 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന റാഫേൽ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് ഓർലിയൻസ് മഡോണ. ഓർലിയൻസ് ശേഖരത്തിനായി ഓർലിയാൻസിലെ ഡ്യൂക്ക് ഫിലിപ്പ് രണ്ടാമൻ ഈ ചിത്രം ഏറ്റെടുത്തു. അതിന്റെ നിലവിലെ ശീർഷകവും നൽകി. ഈ ചിത്രം ഇപ്പോൾ ഷാന്റിലിയിലെ മ്യൂസി കോണ്ടയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ചരിത്രം

തിരുത്തുക

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പീഡ്‌മോണ്ടിൽ ഈ ചിത്രത്തിന്റെ പകർപ്പുകൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പീഡ്‌മോണ്ട് വംശജനായ ചിത്രകാരൻ ജിയോവന്നി മാർട്ടിനോ സ്‌പാൻസോട്ടി ഇതിനെ "ടാബുലെറ്റോ ഫിയോറെന്റിനോ" എന്ന് 1507-ൽ സാവോയിയിലെ ചാൾസ് രണ്ടാമന് എഴുതിയ കത്തിൽ പരാമർശിക്കുന്നു. 1507 നും 1526 നും ഇടയിൽ ചിത്രത്തിന്റെ മറ്റ് നിരവധി സ്റ്റുഡിയോ പകർപ്പുകൾ നിർമ്മിക്കപ്പെട്ടു. അവയിൽ നാലെണ്ണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിൽ ഒന്ന് ആംസ്റ്റർഡാമിലെ റിജക്സ്മ്യൂസിയത്തിലും മറ്റൊന്ന് യുഎസ്എയിലെ ബാൾട്ടിമോറിലെ വാൾട്ടേഴ്‌സ് ആർട്ട് മ്യൂസിയത്തിലും തൂക്കിയിരിക്കുന്നു.

മൂലസൃഷ്ടി പതിനേഴാം നൂറ്റാണ്ട് വരെ സാവോയ് പ്രഭുക്കളുടെ ശേഖരത്തിൽ തുടർന്നു. ഫ്രാൻസിലെ ക്രിസ്റ്റിൻ 1647-ൽ നാല് റാഫേൽ ചിത്രങ്ങൾ വാങ്ങിയിരുന്നു അതിൽ ഒരുപക്ഷേ ഈ ചിത്രവും ഉൾപ്പെട്ടിരുന്നു. 1729 വരെ ഈ ചിത്രം അപ്രത്യക്ഷമായിരുന്നു. ഈ ചിത്രം പാസാർട്ട് എന്ന വ്യക്തിയുടെ കൈവശമായിരുന്നെന്നും പിന്നീടെപ്പോഴോ പാമിയേഴ്സിലെ പണ്ഡിതനും ബിഷപ്പുമായ അബ് ഫ്രാങ്കോയിസ് ഡി ക്യാമ്പിനു കൈമാറപ്പെട്ടെന്നും (1643-1723), ഒടുവിൽ ഫിലിപ്പ് ഡി ഓർലിയാൻസിൻറെ കൈകളിൽ (1674-1723) ഈ ചിത്രം എത്തിയെന്നും പിയറി ക്രോസാറ്റ് നിയോഗിച്ച റീകൂയിൽ ഡിസ്റ്റാമ്പുകളിൽ പരാമർശിക്കുന്നു. ഈ ചിത്രം ഫ്രഞ്ച് വിപ്ലവം വരെ പാലെ-റോയലിൽ സൂക്ഷിച്ചു.

1791-ൽ കനത്ത കടബാദ്ധ്യത തീർക്കാനായി ഫിലിപ്പ് എഗാലിറ്റ തന്റെ ഇറ്റാലിയൻ ചിത്രങ്ങളുടെ മുഴുവൻ ശേഖരവും ബാങ്കർ എഡ്വാർഡ് ഡി വാക്കിയേഴ്സിന് വിറ്റു. ഡി വാക്കിയേഴ്സ് ഈ ശേഖരം ഒന്നടങ്കം തന്റെ ബന്ധു ഫ്രാങ്കോയിസ് ലാബോർഡ് ഡി മെറവില്ലെക്ക് വിറ്റു. 1798-ൽ ഈ ശേഖരം മുഴുവൻ ലണ്ടനിൽ ലോർഡ്‌സ് ബ്രിഡ്ജ് വാട്ടർ, ഗോവർ, കാർലൈൽ എന്നിവർക്ക് വിറ്റു. എന്നാൽ പിന്നീട് അവർ മഡോണയെ വീണ്ടും വിറ്റു. അത് പിന്നീട് 1799-ൽ ലണ്ടനിലെ സമാഹർത്താക്കളായ ഹിബ്ബർട്ട്, 1831-ൽ ബ്രസ്സൽസിലെ ന്യൂവെൻഹ്യൂസ്, പാരീസിലെ ഡെലമാറെ ഡി ലഹൗട്ട് എന്നിവർ ഏറ്റെടുത്തു. അടുത്തതായി ഇത് 1835-ൽ മാർക്വിസ് അഗവാഡോയും ഒടുവിൽ ബിസിനസുകാരനും പാർലമെന്റേറിയനുമായ ഫ്രാങ്കോയിസ് ഡെലെസെർട്ടും (1780-1868) ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മരണത്തിന് ഒരു വർഷത്തിനുശേഷം ഡെലെസെർട്ടിന്റെ ശേഖരം വിറ്റു. മഡോണയെ ഊമാൽ പ്രഭു ഹെൻറി ഡി ഓർലിയൻസ് കരസ്ഥമാക്കി. അദ്ദേഹം തന്റെ ചാറ്റോ ഡി ചാന്റിലിയുടെ 'സാന്റുവാരിയോ'യിൽ ഫിലിപ്പിനോ ലിപ്പിയുടെ ത്രീ ഗ്രേസെസിന്റെ പാനലിനോടൊപ്പം തൂക്കിയിട്ടു.

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[1] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു.

  1. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
"https://ml.wikipedia.org/w/index.php?title=ഓർലിയൻസ്_മഡോണ&oldid=3515111" എന്ന താളിൽനിന്ന് ശേഖരിച്ചത്