ഒഗാല്ലല ഭൂഗർഭജലശേഖരം
വടക്കേഅമേരിക്കയുടെ മധ്യഭാഗത്തുള്ള എട്ട് സംസ്ഥാനങ്ങളിലെ ഭൂമിക്കടിയിൽ 20 മുതൽ 60 വരെ ലക്ഷം വർഷങ്ങൾക്കുമുൻപേ സംഭരിക്കപ്പെട്ട ഭൂഗർഭജലശേഖരമാണ് ഒഗാല്ലല ഭൂഗർഭജലശേഖരം (Ogallala Aquifer). ഈ പ്രദേശത്ത് ജലം ഭൂമിയ്ക്കടിയിൽ 15 മുതൽ 90 മീറ്റർ വരെ ആഴത്തിലാണ് ഉള്ളത്. രണ്ടാം ലോകമഹായുദ്ധാനന്തരം ഇതിൽനിന്നും വലിയതോതിൽ ജലം കാർഷികാവശ്യത്തിനു പമ്പുചെയ്തുതുടങ്ങി. ഇന്ന് അമേരിക്കയിലെ ജലസേചനമുപയോഗിച്ച് കൃഷിചെയ്യുന്നപ്രദേശങ്ങളുടെ 27 ശതമാനം ഇതിൽപ്പെടുന്നതാണ്. വളരെ വലിയതോതിൽ ജലം ഇവിടെ നിന്നും നിത്യേന എടുക്കുന്നതിനാൽ ഈ ശേഖരത്തിന്റെ നിലനിൽപ്പ് അപകടത്തിലേക്ക് നീങ്ങുകയാണ്. ഒരിക്കൽ തീർന്നാൽ മഴയിൽക്കൂടി ഇത്രയും വെള്ളം തിരികെയെത്താൻ ഏതാണ്ട് 6000 വർഷങ്ങൾ വേണ്ടിവരും. ഈ പ്രദേശത്തുള്ള 82 ശതമാനം ആൾക്കാരുടെയും കുടിവെള്ളം ലഭിക്കുന്നതും ഈ ഭൂഗർഭജലത്തിൽനിന്നുമാണ്. തുടർച്ചയായ ഉപയോഗവും കൃഷിചെയ്യുന്നതിൽനിന്നും ബാക്കിയാവുന്ന നൈട്രജൻ ആഴ്ന്നിറങ്ങുന്നതും ഈ ജലത്തിന്റെ അളവും നിലവാരവും കുറയ്ക്കുന്നുണ്ട്. ഈ രീതിയിൽ വെള്ളം പമ്പുചെയ്താൽ 2028 ആവുമ്പോഴേക്കും ഈ ജലശേഖരം വറ്റിപ്പോവുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. അതിനാൽ പലയിടത്തും കാർഷികാവശ്യത്തിനായി ഈ വെള്ളം ഊറ്റുന്നത് നിർത്തിയിട്ടുണ്ട്.
അമേരിക്കയിൽ ഏറ്റവും വലിയതോതിൽ ചോളം, ഗോതമ്പ്, സോയാബീൻ എന്നിവ കൃഷിചെയ്യുന്ന ഇടങ്ങളും വ്യാവസായികമായി കാലിവളർത്തുന്ന സ്ഥലങ്ങളുമെല്ലാം ഈ പ്രദേശങ്ങളിലാണ്. വൃത്തത്തിൽ സ്പ്രിംഗ്ലർ ഉപയോഗിച്ചുനനയ്ക്കുന്ന രീതി നിലവിൽ വന്നതോടെ തീരെ മഴയില്ലാത്ത സ്ഥലത്തും കൃഷി ചെയ്യുന്ന ഇവിടം ലോകത്തേറ്റവും കാര്യക്ഷമമായി കൃഷിചെയ്യുന്ന ഇടങ്ങളിലൊന്നായിമാറി. ധാരാളം ജലം ലഭിക്കുന്നതിനാൽ അത്രയ്ക്ക് ആർഭാടമായിത്തന്നെയാണ് തുടർച്ചയായി അൻപതിലേറെ വർഷം കൃഷിചെയ്തുകൊണ്ടിരിക്കുന്നത്. അമിതോപയോഗം മൂലം ശേഖരത്തിന്റെ പലയിടത്തും ജലനിരപ്പ് വലിയതോതിൽ കുറയുകയും പലയിടത്തും വറ്റിപ്പോവുകയും ചെയ്തുകഴിഞ്ഞു. പലയിടത്തും ഒന്നരമീറ്ററോളം ജലനിരപ്പ് ഒരുവർഷം കുറയുമ്പോൾ ആകെ മഴയിൽക്കൂടി ഒഴുകി തിരികെയെത്തുന്നത് പരമാവധി ഒരിഞ്ച് ജലമാണ്. കർഷകർക്ക് സ്വന്തം സ്ഥലങ്ങളിൽ നിന്നും നിയന്ത്രണമില്ലാതെ ജലം പമ്പുചെയ്യാം. പമ്പിങ്ങിന് പ്രകൃതിവാതകം ഉപയോഗിക്കുന്നതിനാൽ അതിനും ചെലവ് തീരെ കുറവാണ്. 2005 -ലാണ് ഉത്തരസംസ്ഥാനങ്ങളിൽ ആദ്യമായി ഇതിനൊരു നിയന്ത്രണം വന്നത്. ഇപ്പോൾ ചിലയിടത്ത് എടുക്കുന്ന വെള്ളത്തിന്റെ അളവ് രേഖപ്പെടുത്താൻ മീറ്റർ വയ്ക്കേണ്ടതുണ്ട്. അമേരിക്കയിലെ കാർഷികഉൽപ്പന്നങ്ങളുടെ അഞ്ചിലൊന്നും ധാന്യം നൽകി വളർത്തി ഉണ്ടാക്കുന്ന മാംസത്തിന്റെ 40 ശതമാനവും ഇന്ന് ലഭ്യമാവുന്നത് ഈ ജലശേഖരത്തിൽ നിന്നും പമ്പുചെയ്യുന്ന രണ്ടുലക്ഷം കിണറുകളെ ആശ്രയിച്ചാണ്.