ഒരു വൈദ്യുതിപരിപഥം (സർക്യൂട്ട്) പൂർണ്ണമായും നിശ്ചേതനമാക്കാൻ ഉപയോഗിക്കുന്ന ഘടകോപകരണമാണു് ഐസോലേറ്റർ അഥവാ ഡിസ്കണക്റ്റ് സ്വിച്ച്. വളരെ ഉയർന്ന വിദ്യുത്‌തീവ്രതയുള്ള വൈദ്യുതശൃംഖലകളിലും ഏറ്റവും താഴ്ന്ന വിദ്യുത്‌തീവ്രതയുള്ള ഉപകരണങ്ങളിലും ഐസോലേറ്റർ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണു്.

ഏതു തരം സർക്യൂട്ടുകളിലാണു് ഉപയോഗിക്കുന്നതെന്നതിനനുസരിച്ച് ഐസോലേറ്ററുകൾ പല രൂപങ്ങളിലും തരങ്ങളിലും കാണാം. ഗാർഹികസർക്യൂട്ടുകളിൽ നാം ഉപയോഗിക്കുന്ന സ്വിച്ചുകൾ ഐസോലേറ്ററുകളുടെ ഏറ്റവും ലളിതവും സാധാരണവുമായ രൂപമാണു്. (എന്നാൽ കൃത്യമായ വൈദ്യുതി എഞ്ചിനീയറിങ്ങ് മാനദണ്ഡങ്ങൾ വെച്ചുനോക്കിയാൽ ഇത്തരം സ്വിച്ചുകൾക്കും ഐസോലെറ്ററുകൾക്കും തമ്മിൽ നേരിയ വ്യത്യാസങ്ങളുണ്ടു്. ഉദാഹരണത്തിനു് ഉയർന്ന തോതിൽ വൈദ്യുതിപ്രവാഹം നടന്നുകൊണ്ടിരിക്കുന്ന ഒരു സർക്യൂട്ട് ഓഫ് ചെയ്യാൻ ഐസോലേറ്റർ സാധാരണ ഉപയോഗിക്കാറില്ല. പക്ഷേ ഗാർഹികസ്വിച്ചുകൾ, സർക്യൂട്ട് ബ്രേയ്ക്കറുകളെപ്പോലെ, വൈദ്യുതിപ്രവാഹമുള്ളപ്പോളും ഓഫ് ചെയ്യാൻ അനുവദനീയമാണു്.)

സർക്യൂട്ട് ബ്രേയ്ക്കറുകളും ഐസോലേറ്ററുകളും തമ്മിലുള്ള വ്യത്യാസം

തിരുത്തുക

ഐസോലേറ്ററുകൾക്കു സമാനമായ മറ്റൊരു ഘടകോപകരണമാണു് സർക്യൂട്ട് ബ്രേക്കറുകൾ. ഇവ രണ്ടും ഉപയോഗിക്കുന്നതു് ഒരു പരിപഥം വിച്ഛേദിക്കുവാനാണു്. (സർക്യൂട്ട് ഓഫ് ചെയ്തു് വൈദ്യുതി നിർജ്ജീവമാക്കാനാണു്.) പക്ഷേ, ഇവ തമ്മിൽ താഴെ പറയുന്ന വ്യത്യാസങ്ങളുണ്ടു്.

ഐസോലേറ്ററുകൾ ഉപയോഗിക്കുന്നതു് മുമ്പുതന്നെ വൈദ്യുതിപ്രവാഹം ഇല്ലാതിരിക്കുന്ന ഒരു സർക്യൂട്ടിനെ പൂർണ്ണമായും വൈദ്യുതിസ്രോതസ്സിൽ നിന്നും വിടുവിച്ച് സുരക്ഷ ഉറപ്പാക്കാനാണു്. ഓഫ് ആയിരിക്കുന്ന അവസ്ഥയിൽ ഇവയ്ക്കുള്ളിലെ ടെർമിനലുകൾ പരസ്പരം വളരെ അകന്നിരിക്കും. അബദ്ധവശാൽ പോലും വീണ്ടും ഇവ തമ്മിൽ ബന്ധപ്പെട്ട് വൈദ്യുതിപ്രവാഹം പുനഃസ്ഥാപിക്കാതിരിക്കുക എന്നതാണു് ഇതിന്റെ ഉദ്ദേശം. സാധാരണയായി ഒരാൾ കൈകൊണ്ടു തന്നെ പ്രവർത്തിപ്പിച്ചാണു് ഐസോലേറ്റർ ഓഫ് അല്ലെങ്കിൽ ഓൺ ചെയ്യുന്നതു്.

സർക്യൂട്ട് ബ്രേയ്ക്കറുകളാവട്ടെ, അവയിലൂടെ വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഓഫ് ചെയ്യാനോ, ലോഡ് വൈദ്യുതിപ്രവാഹത്തിനു സജ്ജമായിരിക്കുമ്പോൾ തന്നെ ഓൺ ചെയ്യാനോ തക്ക വിധത്തിൽ പ്രത്യേക തരത്തിലുള്ള ടെർമിനൽ സംവിധാനങ്ങളോടെ നിർമ്മിച്ചിട്ടുള്ളവയാണു്. വൈദ്യുതിപ്രവാഹം (കറന്റ്) പെട്ടെന്നു നിർത്തുമ്പോൾ നൈമിഷികമായി ഉണ്ടാവുന്ന തീപ്പൊരി(സ്പാർക്ക് അഥവാ ആർക്) മൂലം സ്ഥിരമായ കേടുപാടുകൾ ഉണ്ടാവാതിരിക്കാനുള്ള മുൻ‌കരുതലുകൾ സർക്യൂട്ട് ബ്രേയ്ക്കറിൽ തയ്യാറാക്കിയിട്ടുണ്ടു്. കൈ കൊണ്ടു പ്രവർത്തിപ്പിക്കാമെന്നതിനു പുറമേ, ആവശ്യമായ ഘട്ടത്തിൽ (ഓവർലോഡ്, ഷോർട്ട് സർക്യൂട്ട് ഇവ മൂലം അമിതമായ കറന്റ് ഒഴുകുകയാണെങ്കിൽ) സ്വയമേവ ഓഫ് ചെയ്യാനും സർക്യൂട്ട് ബ്രേയ്ക്കറുകൾക്കു് കഴിയും.

കൂടുതൽ സങ്കീർണ്ണമായ ഘടനയുള്ളതിനാൽ സർക്യൂട്ട് ബ്രേയ്ക്കറുകൾക്കു് താരതമ്യേന വില കൂടുതലായിരിക്കും.

വിവിധയിനം ഐസോലേറ്ററുകൾ

തിരുത്തുക

ഐസോലേറ്ററുകൾക്കു് വീടുകളിൽ കാണാവുന്ന ഏറ്റവും നല്ല മാതൃക ‘മെയിൻ സ്വിച്ച്’ എന്നു വിളിക്കപ്പെടുന്ന ഘടകമാണു്. സാധാരണ ഗതിയിൽ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ ആദ്യം വന്നുചേരുന്നയിടത്തു്, ഉപഭോഗമീറ്ററിനടുത്തായാണു് ഒരു ലോഹപ്പെട്ടിയായി ഈ ഐസോലേറ്റർ കാണുക. ഇതിന്റെ ഒരു വശത്തായി, കൈ കൊണ്ട് ഓഫ് ചെയ്യാൻ തക്ക ഒരു ലിവർ കാണപ്പെടും. ഓഫ് ചെയ്യാതെ തുറക്കാൻ സാധിക്കില്ല എന്ന വിധത്തിൽ ലോഹപ്പെട്ടിയുടെ മൂടി ലിവറുമായി ഉൾഭാഗത്ത് ബന്ധപ്പെടുത്തിയിരിക്കും (ഇതിനെ ഇന്റർലോക്ക് എന്നാണു വിളിക്കുന്നതു്).


ഇത്തരം ഐസോലേറ്ററുകളുടെ കൂടുതൽ വലിപ്പമുള്ള രൂപങ്ങളാണു് വലിയ കെട്ടിടങ്ങളിലും വ്യവസായശാലകളിലും മറ്റുമുള്ള ഇൻ‌ഡോർ സബ്സ്റ്റേഷനുകളിലും കണ്ട്രോൾ പാനലുകളിലും കാണാനാവുന്നതു്. വയറുകൾക്കു പകരം ഇവയെല്ലാം സർക്യൂട്ടുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതു് തടിച്ച ചെമ്പുപലകകളുമായിട്ടായിരിക്കും. (ഇത്തരം ചെമ്പുപലകകളെ ബസ്ബാർ എന്നു വിളിക്കുന്നു).


മറ്റൊരു രൂപത്തിൽ ഐസോലേറ്ററുകൾ കാണാവുന്നതു് തെരുവോരങ്ങളിലെ 11കി.വോ. ട്രാൻസ്ഫോർമറുകൾക്കു സമീപവും ഇലക്ട്രിൿ സബ്സ്റ്റേഷനുകളിലെ സ്വിച്ച് യാർഡുകളിലും ആണു്. ഒരാളുയരത്തിൽ ഒരു കൈപ്പിടിയും മുകളിലേക്ക് ഉയർന്നുപോകുന്ന നീളമുള്ള ഒരു ലോഹദണ്ഡും (അല്ലെങ്കിൽ ഇരുമ്പു കുഴൽ) അതിനറ്റത്ത് വൈദ്യുതകമ്പിയിൽ വിച്ഛേദനം നടത്തക്ക വിധത്തിലുള്ള ടെർമിനലുകലും കൂടിയതാണു് ഇത്തരം ഐസോലേറ്ററുകൾ.

സ്കൂളുകളിലും കോളേജുകളിലും ഊർജ്ജതന്ത്രപരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന സ്വിച്ചുകളും ഐസോലേറ്ററുകളായി കണക്കാക്കാം.


സ്റ്റാൻഡേർഡുകളും റേറ്റിങ്ങുകളും

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐസോലേറ്റർ&oldid=2311683" എന്ന താളിൽനിന്ന് ശേഖരിച്ചത്