ഏഷ്യാറ്റിക് സൊസൈറ്റി, മുംബൈ
മുംബൈ ആസ്ഥാനമായുള്ള ഒരു പഠനസമൂഹമാണ് ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് മുംബൈ. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബോംബെ എന്നായിരുന്നു പഴയ പേര്.
സ്ഥാപിതം | 1804 |
---|---|
സ്ഥാനം | ഷഹീദ് ഭഗത് സിംഗ് റോഡ്, ഫോർട്ട്, മുംബൈ |
വെബ്‌വിലാസം | Official website |
ചരിത്രം
തിരുത്തുക1804 നവംബർ 26 ന് ജെയിംസ് മാക്കിന്റോഷ് ആണ് ഈ സൊസൈറ്റി സ്ഥാപിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട പ്രയോജനപ്രദമായ അറിവുകൾ ശേഖരിക്കുക, പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം.1823 ൽ ലണ്ടനിൽ ബ്രിട്ടീഷ് രാജ്യാന്തര ഏഷ്യൻ സൊസൈറ്റി സ്ഥാപിതമായതിനു ശേഷം അതിനോട് അഫിലിയേറ്റ് ചെയ്യപ്പെടുകയും 1830 മുതൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ബോംബെ ബ്രാഞ്ചായി അറിയപ്പെടുകയും ചെയ്തു. 1873 ൽ ബോംബെ ജിയോഗ്രഫിക്കൽ സൊസൈറ്റിയും തുടർന്ന് 1896-ൽ ബോംബെ ആന്ത്രോപോളജിക്കൽ സൊസൈറ്റിയും ഇതിൽ ലയിച്ചു. 1954 ൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിൽ നിന്ന് വേർപെട്ട് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബോംബേ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു [1]. 2002-ൽ, ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് മുംബൈ ആയി [2]. ഈ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് കേന്ദ്രസർക്കാർ വാർഷിക ഗ്രാന്റായി നൽകുന്നു.
പ്രദർശനം
തിരുത്തുകനിരവധി പുസ്തകങ്ങൾ ഈ സൊസൈറ്റിയുടെ ലൈബ്രറിയിലൂണ്ട്. ഇതിൽ ഏകദേശം 15,000 പുസ്തകങ്ങൾ അപൂർവവും വിലപ്പെട്ടതുമാണ്. പേർഷ്യൻ, സംസ്കൃതം, പ്രാകൃതം എന്നീ ഭാഷകളിൽ രചിച്ച 3000 പ്രാചീന കൈയ്യെഴുത്തു പ്രതികളും ഉണ്ട്. അക്ബറിന്റെ കാലത്തെ അപൂർവ്വ സ്വർണ്ണ മൊഹർ, ശിവജി പുറത്തിറക്കിയ നാണയങ്ങൾ, കുമഗുപ്തൻ ഒന്നാമന്റെ സ്വർണനാണയം തുടങ്ങിയവയടക്കം 11,829 പഴയ നാണയങ്ങൾ ഇവിടത്തെ നാണയ ശേഖരത്തിൽ ഉൾപ്പെടുന്നു. സൊസൈറ്റിയുടെ മാപ്പ് ശേഖരത്തിൽ ഏകദേശം 1300 മാപ്പുകൾ ഉൾക്കൊള്ളുന്നു. സൊസൈറ്റി ശേഖരത്തിലെ മറ്റു മുഖ്യ ആകർഷണങ്ങൾ ഇനി പറയുന്നവയാണ്:
- ഡാന്റേയുടെ ഡിവൈൻ കോമഡിയുടെ ആകെയുള്ള രണ്ട് ആദ്യ പകർപ്പുകളിൽ ഒന്ന്.
- ജൈന തീർത്ഥങ്കരനായ വസുപൂജ്യയുടെ ജീവിതത്തെ പറ്റിയുള്ള സംസ്കൃതത്തിൽ രചിച്ച വസുപൂജ്യചരിതാ (1242) എന്ന ഗ്രന്ധത്തിന്റെ കൈയെഴുത്തുപ്രതി.
- പേർഷ്യൻ ഭാഷയിലുള്ള ഫിർദൗസിയുടെ ഷാ നാമയുടെ(1853) കൈയെഴുത്തുപ്രതി.
- മഹാഭാരതത്തിൽ നിന്നുള്ള ആരണ്യകപർവ്വത്തിന്റെ പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കൈയ്യെഴുത്ത് പ്രതി.
- നാലസോപാരയുടെ പ്രാന്തപ്രദേശത്ത് നിലനിന്നിരുന്ന പുരാതന തുറമുഖ പട്ടണമായ സോപാരയിൽ നിന്നു ലഭിച്ച അഞ്ച് ബുദ്ധ കൊട്ടകുകൾ.
അവലംബം
തിരുത്തുക- ↑ Bavadam, Lyla (May 8–21, 2010). "Treasure house". Frontline. 27 (10). Retrieved 21 May 2010.
- ↑ According to its official website Archived 2014-12-10 at the Wayback Machine., it was renamed in 2005