ഏകലോകം ഏകാരോഗ്യം ക്യാമ്പയിൻ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ വിവിധ ബഹുജനസംഘടനകളെ കൂട്ടിച്ചേർത്തു കൊണ്ട് ആരോഗ്യമേഖലയിൽ നടത്തി വരുന്ന ഒരു പ്രചരണപ്രവർത്തനം ആണ് "ഏകലോകം ഏകാരോഗ്യം ക്യാമ്പയിൻ" [1].
രാജ്യാന്തരതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന One World – One Health [2][3] എന്ന ആശയവുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളാണ് ഏകലോകം ഏകാരോഗ്യം ക്യാമ്പയിനിലൂടെ നടക്കുന്നത്. പൊതുജനങ്ങൾക്കും പ്രൊഫഷണലുകൾക്കുമായുള്ള ക്ലാസ്സുകൾ, "ഒന്ന്" എന്ന ശാസ്ത്രകലാജാഥ, വിവിധ ആനുകാലികങ്ങളിലെ ലേഖനങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികൾ ഇതുമായി ചേർന്ന് നടക്കുന്നുണ്ട്.[4] [5] [6]
ജന്തുജന്യ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും നമ്മുടെ ആരോഗ്യ സമീപനങ്ങളിൽ നയപരമായ ഒരു മാറ്റം അനിവാര്യമാണ്. മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ല. നമുക്ക് ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെയും, അവയുടെ ആവാസ വ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യ രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വൺ ഹെൽത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്റെ സത്ത. [7]
“One Health” സംബന്ധിച്ച് ഏഴു രാജ്യങ്ങളിൽ 2014 മുതൽ 2016 വരെ നടത്തിയ പഠനങ്ങളിൽ നിന്നും ജന്തുജന്യ രോഗങ്ങൾ മനുഷ്യനും മൃഗങ്ങൾക്കും മാത്രമല്ല ആഗോള ആരോഗ്യ സുരക്ഷക്ക് തന്നെ എത്ര മാത്രം ഭീഷണി ഉയർത്തുന്നു എന്ന് വ്യക്തമാകുന്നുണ്ട്. പകർച്ച വ്യാധികളിൽ 60 ശതമാനവും പുതുതായി ഉയർന്നു വരുന്ന പകർച്ച വ്യാധികളിൽ (emerging zoonotic diseases) 75 ശതമാനവും ജന്തുജന്യ രോഗങ്ങളാണത്രെ. ആഗോള തലത്തിൽ 15 .8 ശതമാനം മരണങ്ങളും ജന്തുജന്യ രോഗങ്ങളാകുമ്പോൾ അവികസിത രാജ്യങ്ങളിൽ അത് 43 .7 ശതമാനമാണ്. പുതുതായി ഉയർന്നു വരുന്ന ജന്തുജന്യ രോഗങ്ങളാണ് (emerging zoonotic diseases) അടുത്ത കാലത്തായി വളരെ വിനാശകരമായ പകർച്ച വ്യാധികൾക്കു കാരണമായിക്കൊണ്ടിരിക്കുന്നത്. [8]
“One health” എങ്ങനെ നടപ്പിലാക്കാം ?
പൊതുജനാരോഗ്യം (public health) മുന്നിൽ കണ്ട് ആരോഗ്യം- മൃഗസംരക്ഷണം -പരിസ്ഥിതി എന്നീ വകുപ്പുകൾ സംയോജിച്ചുള്ള ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം പോലെ ഡിസീസ് ഫോർകാസ്റ്റിംഗ് സിസ്റ്റം നിലവിൽ വരേണ്ടതുണ്ട്. അസുഖങ്ങൾ പൊട്ടിപുറപ്പെടുമ്പോൾ മാത്രമല്ല കാലാവസ്ഥക്കും സാഹചര്യങ്ങൾക്കും അനുസരിച് പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ മേൽ വകുപ്പുകളുടെ കൂട്ടായ പരിശ്രമങ്ങൾ സാധ്യമാക്കണം. വിനോദത്തിനും ഉപജീവനത്തിനുമായി നടത്തിക്കൊണ്ടു പോകുന്ന മൃഗശാലകൾ ഫാമുകൾ കൃഷിയിടങ്ങൾ പാർക്കുകൾ എന്നിവിടങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ വ്യക്തമായ ഇടവേളകളിൽ നടപ്പിലാക്കണം. മാരക രോഗങ്ങളിൽ നിന്നും നമ്മുടെ വളർത്തു മൃഗങ്ങളെ ലഭ്യമായ വാക്‌സിനുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ടതാണ് .പകർച്ച വ്യാധികളുടെ സമയത്ത് മനുഷ്യരുടെ ആരോഗ്യം പോലെ തുല്യ പ്രാധാന്യം മൃഗങ്ങൾക്കും നൽകി പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ആദ്യം തന്നെ പുറപ്പെടുവിക്കേണ്ടതാണ്. [8]
- ↑ "ന്യൂസ് കേരള ഡെയിലി വാർത്ത". Archived from the original on 2022-11-22. Retrieved 2022-05-10.
- ↑ "oneworldonehealth സംഘടനയുടെ വെബ്സൈറ്റ്".
- ↑ "journals.lww.com ലേഖനം".
- ↑ "സംസ്ഥാന തല ഉദ്ഘാടനത്തെ പറ്റിയുള്ള ഫേസ്ബുക്ക് പോസ്റ്റ്".
- ↑ "അന്വേഷണം പത്രത്തിലെ വാർത്ത".
- ↑ "ദേശാഭിമാനി വാർത്ത".
- ↑ "ലൂക്ക ലേഖനം".
- ↑ 8.0 8.1 "ഡോ: ശോഭ സതീഷ് ലൂക്ക മാഗസിനിൽ എഴുതിയ ലേഖനം".