കേരളത്തിലെ പൊതുപ്രവർത്തകനും കർഷക നേതാവും ഫാർമേർസ് റിലീഫ് ഫോറം സ്ഥാപകനുമാണ് എ.സി. വർക്കി.

കർണാടകയിലെ കർഷക നേതാവ് നഞ്ചുണ്ട സ്വാമിയുടെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം നിരവധി കർഷക സമരങ്ങളിലൂടെ പ്രശസ്തനായിരുന്നു. [1]

ജീവിത രേഖ

തിരുത്തുക

വയനാട് ജില്ലയിലെ നടവയൽ ഗ്രാമത്തിൽ ആനിക്കൽ ചാക്കോയുടേയും റോസമ്മയുടേയും രണ്ടാമത്തെ മകനായി 1954-ൽ ജനിച്ചു. 2016 സെപ്തംബർ 17-ന് മരിച്ചു. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. കർഷക കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റായിരുന്നു. പിന്നീട് കോൺഗ്രസ് എസിൽ ചേർന്നു. 1987 - ൽ കക്ഷിരാഷ്ട്രീയം അവസാനിപ്പിച്ച് കാർഷിക കടാശ്വാസ സമിതി രൂപികരിച്ചു. 1991-ൽ ഫാർമേർസ് റിലീഫ് ഫോറം (എഫ്.ആർ.എഫ്.) സ്ഥാപിച്ചു. ബാങ്ക് വായ്പ അടച്ചു പുതുക്കന്നതിന് രൂപികരിച്ച പ്രാദേശിക വായ്പ നിധി (ലോക്കൽ ലോൺ ഫണ്ട്), കർഷകർക്ക് വലിയ സഹായമായിരുന്നു.

കർഷക സമരങ്ങൾ

തിരുത്തുക

കടക്കെണിയിലായ കർഷകർക്ക് പണം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി തുടങ്ങിയ ഫാമേർസ് റിലീഫ് ഫോറം സംഘടന, പിന്നീട് കർഷകർക്കുള്ള പോരാട്ട സംഘടനയായി മാറി. കർഷകർക്കുവേണ്ടി ബാങ്കുകൾക്ക് മുന്നിൽ സമരത്തിന് നേതൃത്വം നൽകി. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലത്തകർച്ച് നേരിട്ടപ്പോൾ ഉൽപ്പന്നങ്ങളുമായി ബാങ്കുകളിൽ പോയി പ്രതിഷേധിച്ചു. സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് കോഴിക്കോട് കോടഞ്ചേരിയിൽ ബദൽ അസംബ്ലി സംഘടിപ്പിച്ച അദ്ദേഹം കർഷക കേന്ദ്രീകൃതമായുള്ള ബദൽ ബജറ്റ് അവതരിപ്പിച്ചിരുന്നു. വളർത്തുമൃഗങ്ങളുമായി സർക്കാർ ആപ്പിസുകളിലേക്ക് സമരം നടത്തി. [2]

ജപ്തി പ്രതിരോധ പ്രക്ഷോഭത്തിന്റെ ഭാഗമായി എഫ്ആർഎഫ് വയനാട് കലക്ടറേറ്റ് പടിക്കൽ ആഴ്ചകൾ നീണ്ട സമരമാണ് നടത്തിയത്. വർക്കിയുടെ നേതൃത്വത്തിൽ കർഷകര് ലക്കിടിയിൽ നിന്നു വയനാട് ചുരത്തിലൂടെ അടിവാരത്തേക്ക് നടത്തിയ ശയനപ്രദക്ഷിണവും ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. [3]

കേര കർഷകർക്ക് നീര ഉല്പാദനത്തിനായുള്ള അവകാശത്തിനായുള്ള സമരത്തിന്റെ ഭാഗമായി 1999 ഡിസംബറിൽ നീര ഉല്പാദിപ്പിക്കുകയും കോഴിക്കോട് നഗരത്തിൽ നീര വിൽപ്പനക്ക് വെയ്ക്കുകയും ചെയ്തു. കേരള അബ്കാരി നിയമലംഘനത്തിനു അറസ്റ്റിലാകുകയും നിയമനടപടിയുടെ ഭാഗമായി 28 ദിവസം ജയിലിൽ റിമാൻഡ് ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് നീര ചെത്താനുള്ള അവകാശം കർഷകർക്ക് നൽകി സർക്കാർ ഉത്തരവായി.

ജപ്തി ചെയ്യുന്നതിന് മുൻപായി, ചെണ്ട കൊട്ടി ജപ്തി വിവരം വിളംബരം ചെയ്യുന്നത് അവഹേളനമാണെന്നതുകൊണ്ട്, രാജഭരണകാലത്ത് തുടങ്ങിയ ചെണ്ട കൊട്ടിയുള്ള ജപ്തി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. പിന്നീട് ജപ്തിക്കായുള്ള ചെണ്ടകൊട്ടൽ നിർത്തലാക്കി.

കർഷകർക്ക് ന്യായ വില ഉറപ്പുവരുത്തുന്നതിന് വേണ്ടി ഫെയർ ട്രേഡ് പ്രസ്ഥാനത്തിന് പ്രചാരണം നൽകി.

കാർഷികമേഖലയുടെ കുത്തകവത്കരണത്തിനും ഭരണകൂട നയനിലപാടുകൾക്കെതിരെയും സജീവമായ പോരാട്ടങ്ങൾക്കാണ് അദ്ദേഹം നായകത്വം വഹിച്ചത്. [4]

അധികാരസ്ഥാനങ്ങൾ

തിരുത്തുക
  • ഫാമേർസ് റിലീഫ് ഫോറം സംസ്ഥാന അദ്ധ്യക്ഷൻ
  • ഫാമേർസ് റിലീഫ് ഫോറം രക്ഷാധികാരി
  • കർഷക കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ്

തിരഞ്ഞെടുപ്പുകൾ

തിരുത്തുക

കർഷകരുടെ പ്രതിനിനിധിയെന്ന ആശയത്തിനായി അദ്ദേഹം കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലും സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിലും മൽസരിച്ചിട്ടുണ്ട്.

ജീവചരിത്രം

തിരുത്തുക

"നല്ലവനായ അയൽക്കാരൻ" എന്ന പേരിൽ ജീവചരിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

കുടുംബം

തിരുത്തുക

ഭാര്യ - ഗ്രേസമ്മ, മക്കൾ - ജയ്‌സൻ, അജയ്, റോസ്‌ലിൻ

"https://ml.wikipedia.org/w/index.php?title=എ.സി._വർക്കി&oldid=2397397" എന്ന താളിൽനിന്ന് ശേഖരിച്ചത്