പ്രഗല്ഭനായ ആയുർവേദ ചികിത്സകനായിരുന്നു തിനവിള എൻ. കുഞ്ഞുരാമൻ വൈദ്യർ (2 ഏപ്രിൽ 1890 - 19 ജൂലൈ 1964). കൊല്ലം മുനിസിപ്പൽ കൗൺസിലർ, ആയുർവേദ മഹാ മണ്ഡലം ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ശ്രീമൂലം പ്രജാ സഭയിലെ നോമിനേറ്റഡ് മെംബറായിരുന്നു.[1]

തിനവിള എൻ. കുഞ്ഞുരാമൻ വൈദ്യർ

ജീവിതരേഖ

തിരുത്തുക

കൊല്ലം പെരിനാട് ജനിച്ചു. കൊല്ലം ഗവൺമെന്റ് ഹൈസ്കൂളിലും ശിവഗിരി സംസ്കൃത സ്കൂളിലും പഠിച്ചു. മദിരാശിയിലെ എസ്.കെ.ഡി.പി. ആയുർവേദ കോളേജിൽ നിന്ന് 1914 ൽ ആയുർവ്വേദഭൂഷൺ ബിരുദം നേടി. ശ്രീനാരായണ വിലാസം ആയുർവേദ ഫാ‍ർമസി (എസ്.എൻ.വി.എ)എന്ന പേരിൽ കൊല്ലത്ത് ചിന്നക്കടയിൽ ഒരു സ്ഥാപനം ആരംഭിച്ചു. എസ്.എൻ.വി.എ യുടെ മരുന്നുകൾക്ക് കേരളത്തിനകത്തും പുറത്തും വലിയ പ്രചാരം ലഭിക്കുകയും തിരുവനന്തപുരം, തെങ്കാശി, കുറ്റാലം, മധുര, മദിരാശി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുകയും ചെയ്തു.[2]

ശ്രീനാരായണ വിലാസം ആയുർവേദ ഫാ‍ർമസി

തിരുത്തുക

ആയുർവ്വേദ ഔഷധ വിപണന രംഗത്ത് നൂതനമായ പല പദ്ധതികളും നടപ്പാക്കി.കുപ്പികൾ, ടിന്നുകൾ, പായ്ക്കറ്റുകൾ എന്നിവയിലാക്കി നിറച്ച് ലേബലൊട്ടിച്ച് കളർ പേപ്പറുകളിലാക്കി പാക്ക് ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചത് കുഞ്ഞുരാമൻ വൈദ്യരായിരുന്നു.

ശ്രീനാരായണ വിലാസം ആയുർവേദ സ്കൂൾ

തിരുത്തുക

കൊല്ലത്ത് ഇന്നത്തെ ബെൻസിഗർ ആശുപത്രിക്കു സമീപം സംസ്കൃത ആയുർവേദ സ്കൂൾ 1921 ൽ ആരംഭിച്ചു. അക്കാലത്ത് തിരുവിതാംകൂറിലെ അഞ്ച് ആയുർവേദ ഹൈസ്ക്കൂളുകളിലൊന്നായിരുന്നു. മുപ്പതു വർഷത്തോളം പ്രവർത്തിച്ച വിദ്യാലയത്തിൽ ഫ്രഥമം മുതൽ ശാസ്ത്രി വരെയും ആയുർവേദ പാഠശാലയിൽ പ്രഥമം മുതൽ തൃതീയം വരെയും ക്ലാസുകൾ ഉണ്ടായിരുന്നു. ഈസ്ഥാപനത്തിന് തിരുവിതാംകൂർ ഗവൺമെന്റിന്റെ അംഗീകാരവും ധന സഹായവും ലഭിച്ചിരുന്നു.

ശ്രീനാരായണ വിലാസം ആയുർവേദ ആശുപത്രി

തിരുത്തുക

രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പരിഷ്കൃത രീതിയിൽ ആവശ്യമായ ഉപകരണങ്ങളോടെ ഒരു ആയുർവേദ നഴ്സിംഗ് ഹോം സ്ഥാപിച്ചു. സ്വന്തമായി ഔഷധത്തോട്ടവും ഉണ്ടായിരുന്നു.

ആയുർവേദം മാസിക

തിരുത്തുക

ആയു‍വ്വേദ പ്രചരണത്തിനായി ആര്യഭാരതി പ്രസ് ആരംഭിച്ച് ആയുർവേദം മാസിക പ്രസിദ്ധീകരിച്ചു. വിരമിച്ച കേരള ചീഫ് ജസ്റ്റിസ് കോമലേഴത്ത് ശങ്കരൻ വക്കീൽ, പരവൂർ ദാമോദരൻ വക്കീൽ എന്നിവരായിരുന്നു പ്രസിന്റെ മാനേജർമാർ.

  1. ഭാരതിക്കുട്ടി. കെ (1997). ഗുരുദേവന്റെ വാത്സല്യ ശിഷ്യൻ തിനവിള എൻ. കുഞ്ഞിരാമൻ വൈദ്യർ. കൊല്ലം: എസ്.ബി. പ്രിന്റേഴ്സ്.
  2. ടി.ഡി. സദാശിവൻ (2018). ശ്രീനാരായണഗുരുദേവനും ഗൃഹസ്ഥശിഷഅയന്മാരും. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം. pp. 189–199. ISBN 978-93-88163-95-8.
"https://ml.wikipedia.org/w/index.php?title=എൻ._കുഞ്ഞുരാമൻ_വൈദ്യർ&oldid=4108371" എന്ന താളിൽനിന്ന് ശേഖരിച്ചത്