എമിലി മർഫി
ഒരു കനേഡിയൻ ന്യായാധിപയും സ്ത്രീവിമോചന പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു എമിലി മർഫി. 1916-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ആദ്യത്തെ വനിതാ ന്യായാധിപയായി ചുമതലയേറ്റു. ഫേമസ് ഫൈവ് എന്നറിയപ്പെട്ട കാനഡയിലെ അഞ്ച് സ്ത്രീവിമോചന പ്രവർത്തകരിൽ ഒരാളായിരുന്നു.[1] എന്നാൽ, കാനഡയിലെ കുടിയേറ്റക്കാർക്കെതിരായ നിലപാടുകളിൽ പിൽക്കാലത്ത് വിമർശനം നേരിട്ടു.
എമിലി മർഫി | |
---|---|
ജനനം | ഒൺറ്റേറിയോ, കാനഡ | 14 മാർച്ച് 1868
മരണം | 17 ഒക്ടോബർ 1933 എഡ്മൺടൺ, കാനഡ | (പ്രായം 65)
തൊഴിൽ | മജിസ്ട്രേട്ട്, എഴുത്തുകാരി |
അറിയപ്പെടുന്നത് | സ്ത്രീവിമോചന പ്രവർത്തക |
ആദ്യകാല ജീവിതം
തിരുത്തുകഐസക്-എമിലി ഫെർഗൂസൻ ദമ്പതികളുടെ മകളായി ഒൺടേറിയോയിലെ കുക്സ്ടൗണിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. പിതാവ് ഐസൿ ഫെർഗൂസൻ ഒരു പ്രമുഖ വ്യാപാരിയും ഭൂവുടമയുമായിരുന്നു [2]. ലിംഗഭേദമില്ലാതെ കുട്ടികളെ വളർത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു പിതാവ്. തന്റെ രണ്ട് ജ്യേഷ്ഠന്മാരോടൊത്ത് വേർതിരിവറിയാതെയുള്ള കുട്ടിക്കാലമായിരുന്നു എമിലിയുടേത്. മകൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകാനും എമിലിയുടെ മാതാപിതാക്കൾ ശ്രദ്ധിച്ചു. ടൊറന്റോയിലെ ബിഷപ്പ് സ്റ്റ്രാചൻ സ്കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം.
1887-ൽആർതർ മർഫിയുമായുള്ള വിവാഹം നടന്നു. തുടർന്ന് മാഡലീൻ, ഈവ്ലിൻ, ഡോറിസ്, കാത്ലീൻ എന്നിങ്ങനെ നാലു പെണ്മക്കളുടെ അമ്മയായി. ഇതിൽ ഡോറിസ് ഡിഫ്തീരിയ പിടിപെട്ട് മരണമടഞ്ഞു. ഡോറിസിന്റെ മരണശേഷം വാസസ്ഥലം മാറുവാൻ തീരുമാനിച്ച ആ കുടുംബം 1903-ൽ മാനിറ്റോബയിലെ സ്വാൻ റിവർ എന്ന സ്ഥലത്തേക്കും പിന്നീട് 1907-ൽ ആൽബെർട്ടയിലെ എഡ്മൺടൻ എന്ന സ്ഥലത്തേക്കും താമസം മാറി.
ഒരു ആംഗ്ലിക്കൻ പാതിരിയായിരുന്നു എമിലിയുടെ ഭർത്താവ്. ഒഴിവ് സമയങ്ങളിൽ ചുറ്റുപാടുകളിലേക്കിറങ്ങിച്ചെന്ന എമിലി ആ പ്രദേശത്തെ ദാരിദ്യത്തെ കുറിച്ച് കൂടുതൽ ബോധവതിയായി.
സാമൂഹ്യപ്രവർത്തനത്തിൽ
തിരുത്തുക40-ആം വയസ്സിൽ തന്റെ മക്കൾ അവരുടേതായ ജീവിതം തുടങ്ങിയതോടെയാണ് എമിലി തന്റെ സാമൂഹ്യപ്രവർത്തനങ്ങൾ ആരംഭിച്ചത്. വീട്ടമ്മമാർക്ക് പുതിയ ആശയങ്ങൾ ചർച്ച ചെയ്യുവാനും, ഒരുമിച്ച് പ്രവർത്തിക്കുവാനുമുള്ള കൂട്ടായ്മകൾ സംഘടിപ്പിക്കുകയാണ് എമിലി ആദ്യം ചെയ്തത്.
ഇതോടൊപ്പം തന്നെ തനിക്കു ചുറ്റുമുള്ള സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവരേ കുറിച്ചും അവരുടെ മോശപ്പെട്ട ജീവിതസാഹചര്യങ്ങളേക്കുറിച്ചും അവർ സംസാരിച്ചു. ഇക്കാലത്ത് ആൽബർട്ടയിലെ ഒരു സ്ത്രീയുടെ ഭർത്താവ് തന്റെ ഭൂമി വിൽക്കുകയും ഒപ്പം ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കുകയും ചെയ്തു. അക്കാലത്ത് നിയമപരമായി ഭാര്യക്ക് ഭൂസ്വത്തിൽ അവകാശമുണ്ടായിരുന്നില്ല. പണമോ കിടപ്പാടമോ ഇല്ലാതെയായ അവരുടെ ദൈന്യത എമിലി മർഫി നേരിട്ടറിയുകയുണ്ടായി. ഈ സംഭവം അവരെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിനായി പ്രവർത്തിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു. ആ പ്രദേശത്തെ ഗ്രാമീണസ്ത്രീകളുടെ പിന്തുണയോടെ ഭൂമിയുടെ അവകാശം സ്ത്രീകൾക്കു കൂടി ലഭ്യമാക്കാൻ അവർ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തി. അവരുടെ ശ്രമഫലമായി 1916-ൽ ആൽബർട്ടയിലെ നിയമനിർമ്മാണസഭ ഭാര്യക്ക് ഭർത്താവിന്റെ ഭൂസ്വത്തിൽ മൂന്നിലൊന്ന് അവകാശം കൽപ്പിച്ചുകൊണ്ട് ഡോവർ ആക്റ്റ് എന്ന നിയമം നടപ്പിൽ വരുത്തി. ഈ വിജയത്തോടെ എമിലി മർഫി ഒരു സ്ത്രീവിമോചക പ്രവർത്തക എന്ന നിലയിൽ പരക്കെ അറിയപ്പെട്ടു.
അവലംബം
തിരുത്തുക- ↑ Kome, Penney (1985). Women of Influence: Canadian Women and Politics (1st ed.). Toronto, Ontario: Doubleday Canada. pp. 31–32. ISBN 978-0-385-23140-4.
- ↑ "Emily Ferguson Murphy". Celebrating Women's Achievements. Library and Archives Canada. 2 October 2000. Retrieved 19 March 2013.