എക്സ്പ്രസ് (മലയാളപത്രം)

(എക്സ്പ്രസ് മലയാളപത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1945 മുതൽ 1996 വരെ തൃശ്ശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാള പത്രമാണ് എക്‌സ്പ്രസ്. കെ. കൃഷ്ണൻ ആണ് സ്ഥാപകൻ. കോട്ടയം മുതൽ കണ്ണൂർ വരെ പ്രചാരമുണ്ടായിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതുമായ ദിനപത്രമായിരുന്നു എക്‌സ്പ്രസ്. [1] വി.കരുണാകരൻ നമ്പ്യാർ, ആർ.എം.മനക്കലാത്ത്, [2] മംഗലാട്ട് രാഘവൻ, എ.പി. നമ്പ്യാർ, ടി.വി. അച്യുതവാര്യർ, പി.ശ്രീധരൻ തുടങ്ങിയ പ്രമുഖർ പല കാലങ്ങളിൽ എക്സ്പ്രസ് പത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

തുടക്കം തിരുത്തുക

1944 ആഗസ്ത് 17നു - (ചിങ്ങം ഒന്ന്) പത്രം എന്ന ആശയത്തിനു തൃശ്ശൂരിൽ തുടക്കമാകുന്നത്. സോഷ്യലിസ്റ്റ് വിശ്വാസികളായ ഒരു സംഘം യുവാക്കളാണ് ഇതിനു തുടക്കമിട്ടത്. അതിൽ പ്രധാനി തമിഴ് ബ്രാഹ്മണവിഭാഗത്തിൽ പെട്ട കെ.കൃഷ്ണൻ ആയിരുന്നു. സോഷ്യലിസ്റ്റ് ആവേശവും പത്രപ്രവർത്തന ആവേശവും ഒരു പോലെ ഉണ്ടായിരുന്ന ആളായിരുന്നു വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണൻ. പല പത്രങ്ങൾക്കും റിപ്പോർട്ട് അയക്കുമായിരുന്നു അദ്ദേഹം. അക്കാലത്തു തൃശ്ശൂരിൽ നല്ലൊരു പത്രം ഉണ്ടായിരുന്നില്ല. 1962-ൽ മാത്രമേ കൊച്ചിയിൽനിന്നു മാതൃഭൂമി വന്നുതുടങ്ങിയുള്ളൂ. മനോരമ കോട്ടയത്തു നിന്നു കാര്യമായി എത്താറുമില്ല. അങ്ങനെയാണ് പത്രം തുടങ്ങിയത്. ഭരിക്കുന്നവർക്കൊപ്പമല്ല, ഭരിക്കപ്പെടുന്നവർക്കൊപ്പം നിൽക്കും എന്നതും ആരു ഭരിച്ചാലും പ്രതിപക്ഷമായി പ്രവർത്തിക്കും എന്നതുമായിരുന്നു പത്രത്തിന്റെ നയം.

വളർച്ച തിരുത്തുക

തൃശ്ശൂരിൽ പ്രവർത്തിച്ചിരുന്ന ഗോമതി പത്രത്തിൽനിന്നു സഹപത്രാധിപരായിരുന്ന വി.കരുണാകരൻ നമ്പ്യാർ 1956-ൽ എക്‌സ്പ്രസ്സിൽ ചേർന്നതിനു ശേഷമാണ് പത്രത്തിന് പുതിയ ജീവൻ കൈവന്നത്. അറുപതുകളിൽ എല്ലാ ജില്ലകളിലും ലേഖകന്മാർ നിയോഗിക്കപ്പെട്ടു. ജില്ലാ വാർത്തകൾ കള്ളി തിരിച്ചു വലുതായി കൊടുത്തുപോന്നതുകൊണ്ട് ദൂരെയുള്ള ജില്ലകളിലും പത്രത്തിന് പ്രിയം വർദ്ധിച്ചു. ഇടതുപക്ഷ സ്വഭാവമുള്ള വിമർശന മുഖപ്രസംഗങ്ങളും പ്രമുഖരുടെ ലേഖനങ്ങളും വായനക്കാർക്ക് കൗതുകമുണ്ടാക്കുന്ന തരം തലക്കെട്ടുകളും പത്രത്തിന്റെ പ്രചാരം വർദ്ധിക്കാൻ പ്രയോജനപ്പെട്ടു. ഒരു ഘട്ടത്തിൽ തൃശ്ശൂർ ജില്ലയിലെ വലിയ പത്രം എക്‌സ്പ്രസ് ആയിരുന്നു.

തകർച്ച തിരുത്തുക

പത്രത്തെ വളർത്തിക്കൊണ്ടുവന്ന സ്ഥാപകൻ കെ.കൃഷ്ണൻ 1969-ൽ മരിച്ചു. ആ ഘട്ടത്തിൽ, ചില നയപരമായ തീരുമാനങ്ങൾ സ്ഥാപനത്തെ സാമ്പത്തികമായി തളർത്തുന്നുണ്ടായിരുന്നു. കേരള ക്രോണിക്ക്ൾ എന്നൊരു ഇംഗ്ലീഷ് പത്രം തുടങ്ങിയതായിരുന്നു അതിലൊന്ന്. എക്‌സ്പ്രസ് പത്രത്തിലെ വാർത്തകൾ അപ്പടി ഇംഗ്ലീഷിലാക്കിയതായിരുന്നു പത്രത്തിന്റെ ഉള്ളടക്കം. വലുതായി പ്രചാരമമോ പരസ്യമോ കിട്ടാതിരുന്നതുകൊണ്ടു ഇംഗ്ലീഷ് പത്രം എക്‌സ്പ്രസ്സിന് ഒരു ബാദ്ധ്യതയായി. മകൻ കെ.ബാലകൃഷ്ണൻ ആണ് കെ.കൃഷ്ണനു ശേഷം പത്രച്ചുമതല വഹിച്ചിരുന്നത്. പുതിയ വെല്ലുവിളികൾ നേരിടാൻ സ്ഥാപനത്തിനു കഴിഞ്ഞില്ല. സാങ്കേതികവും സാമ്പത്തികവുമായ സൗകര്യങ്ങൾ കൂടുതലുള്ള മാതൃഭൂമി പത്രം തൃശ്ശൂരിൽ യൂണിറ്റ് ആരംഭിച്ചത് എക്‌സ്പ്രസ്സിന് ക്ഷീണമുണ്ടാക്കി. വൈകാതെ മനോരമയും തശ്ശൂരിൽ യൂണിറ്റ് തുടങ്ങി. പരസ്യത്തിന്റെ ലഭ്യത കുറഞ്ഞു. പുതിയ വെല്ലുവിളികൾ നേരിടാൻ വലിയ തോതിൽ മുതൽമുടക്ക് ആവശ്യമായിരുന്നു. പക്ഷേ, സ്ഥാപനത്തിന് അതിനുള്ള കഴിവുണ്ടായിരുന്നില്ല. നായർ സർവ്വീസ് സൊസൈറ്റി പത്രനടത്തിപ്പിന് 25 ലക്ഷം രൂപ മുതൽമുടക്കുകയും മാതൃഭൂമി മുൻ പത്രാധിപർ [3] വി.പി.രാമചന്ദ്രൻ, പ്രഗല്ഭ പത്രപ്രവർത്തകൻ [4] ടി.വേണുഗോപാലൻ തുടങ്ങിയവരെ ചുമതലക്കാരായി നിയമിക്കുകയും ചെയ്‌തെങ്കിലും എക്‌സ്പ്രസ് പ്രശ്‌നങ്ങൾ അതുകൊണ്ടൊന്നും പരിഹൃതമായില്ല. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ദേശീയ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ [5] ഡോ. സുബ്രഹ്മണ്യസ്വാമി പത്രത്തിന്റൈ ഓഹരികൾ വാങ്ങിയത്. അദ്ദേഹം അക്കാലത്ത് [6] ജനതാപാർട്ടി]യുടെ തലവനായിരുന്നു. പത്രം ശക്തിപ്പെടുത്താൻ അദ്ദേഹം കുറെ മൂലധനം നിക്ഷേപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

വിവാദങ്ങൾ തിരുത്തുക

പത്രത്തിന്റെ സ്ഥിതി മോശമാവുകയും ബാദ്ധ്യത വർദ്ധിക്കുകയുംചെയ്ത ഘട്ടത്തിൽ ഡോ. സുബ്രഹ്മണ്യസ്വാമി ചെയർമാൻ സ്ഥാനമൊഴിഞ്ഞിരുന്നു. ലോർഡ് കൃഷ്ണ ബാങ്കിൽനിന്നു വാങ്ങിയ വായ്പ തിരിച്ചടക്കാനാവാതെ ബാദ്ധ്യത വൻതോതിൽ വർദ്ധിക്കുന്നുണ്ടായിരുന്നു. നിൽക്കക്കള്ളിയില്ലാതെ എക്‌സ്പ്രസ് പ്രവർത്തനം നിർത്തിയപ്പോൾ ഇരുനൂറിലേറെ തൊഴിലാളികളും പത്രപ്രവർത്തകരും തൊഴിൽരഹിതരായി [7]. ഡൽഹിയിൽ കോൺഗ്രസ് ഉടമസ്ഥതയിൽ നടന്നു വരികയും പിന്നീട് പൂട്ടുകയും ചെയ്ത നാഷനൽ ഹെറാൽഡ് പത്രം സംബന്ധിച്ച് സോണിയാ ഗാന്ധിക്കും മറ്റും എതിരെ ഡോ. സുബ്രഹ്മണ്യസ്വാമി ആരോപണം ഉന്നയിച്ചപ്പോൾ ഡോ. സ്വാമിയുടെ എക്‌സ്പ്രസ് പത്ര ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ആ വിവാദവും ക്രമേണ കെട്ടടങ്ങുകയാണ് ചെയ്ത്. 2003 മേയിൽ എക്‌സ്പ്രസ് പത്രം ലിക്വിഡേറ്റ് ചെയ്തു.

അവലംബം തിരുത്തുക

  1. [1]|keralasahityaakademi.org
  2. [2]
  3. [3][പ്രവർത്തിക്കാത്ത കണ്ണി]
  4. [4] Archived 2017-06-29 at the Wayback Machine.|keralamediaacademy.org
  5. [5]
  6. [6]
  7. [7][പ്രവർത്തിക്കാത്ത കണ്ണി]|asianetnews
"https://ml.wikipedia.org/w/index.php?title=എക്സ്പ്രസ്_(മലയാളപത്രം)&oldid=3626040" എന്ന താളിൽനിന്ന് ശേഖരിച്ചത്