മലേഷ്യയിലെ തെരെങ്കാനു സംസ്ഥാനത്ത് നിന്നുള്ള ഒരു ക്ലാസിക്കൽ മലായ് നൃത്തമാണ് ഉലെക് മയങ് (ജാവി: ولق ماyang). [1] കടലിൻ്റെ ആത്മാക്കളെ പ്രീതിപ്പെടുത്തുന്നതിനോ ആവാഹിക്കുന്നതിനോ വേണ്ടി നടത്തുന്ന ഒരു ആചാരപരമായ നൃത്തമാണിത്. ഈ നൃത്തരൂപത്തോടൊപ്പമുള്ള ഗാനവും ഉലെക് മയങ് എന്ന പേരിൽത്തന്നെ അറിയപ്പെടുന്നു. ഡ്രംസ്, ഗോംഗ്, വയലിൻ, അക്കോർഡിയൻ എന്നിവയുടെ അകമ്പടിയോടെയുള്ള ഒരു ഓർക്കസ്ട്രയും നൃത്തത്തോടൊപ്പമുണ്ട്.

പരമ്പരാഗത് ഉലെക് മയങ് നർത്തകർ

ചരിത്രം

തിരുത്തുക

ഒരു മുക്കുവനുമായി പ്രണയത്തിലായ ഒരു സമുദ്രരാജകുമാരിയെക്കുറിച്ചുള്ള പുരാതന കഥയിൽ നിന്നാണ് ഉലേക് മയങ്ങിൻ്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു. രാജകുമാരി മത്സ്യത്തൊഴിലാളിയുടെ ആത്മാവിനെ തട്ടിക്കൊണ്ടുപോയി. അവൻ്റെ ശരീരം അബോധാവസ്ഥയിലാക്കി. അവനെ സുഖപ്പെടുത്താൻ സുഹൃത്തുക്കൾ ഒരു ബോമോ (ഷാമൻ) യോട് അപേക്ഷിച്ചു. മത്സ്യത്തൊഴിലാളിയുടെ ആത്മാവിനെ തിരികെ കൊണ്ടുവരാൻ ബോമോ രോഗശാന്തി ചടങ്ങ് നടത്തിയപ്പോൾ, രാജകുമാരി പ്രത്യക്ഷപ്പെടുകയും അവളുടെ അഞ്ച് സഹോദരിമാരെ സഹായത്തിനായി വിളിച്ച് ശക്തമായി പ്രതികരിക്കുകയും ചെയ്തു. ബോമോയും ആറ് രാജകുമാരിമാരും തമ്മിലുള്ള യുദ്ധം ഏറ്റവും സുന്ദരിയും ഏറ്റവും മുതിർന്നവളുമായ ഏഴാമത്തെ രാജകുമാരി പ്രത്യക്ഷപ്പെടുന്നതു വരെ തുടർന്നു. "നിങ്ങളുടെ ഉത്ഭവം എനിക്കറിയാം," മൂത്ത രാജകുമാരി പറയുന്നു. "കടലിൽ നിന്നുള്ളവർ കടലിലേക്കും കരയിൽ നിന്നുള്ളവർ കരയിലേക്കും മടങ്ങട്ടെ." എന്ന് അവൾ എല്ലാവരോടും ആജ്ഞാപിക്കുകയും അതുവഴി യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു. നന്ദിസൂചകമായി ബോമോയും മുക്കുവസുഹൃത്തുക്കളും രാജകുമാരിക്ക് കടലിൻ്റെ ആത്മാക്കൾക്കുള്ള വഴിപാടായി നിറമുള്ള അരി സമ്മാനിക്കുന്നു. ഉലേക് മയങ് നൃത്തത്തോടൊപ്പം ഈ സമ്പ്രദായം സമീപ ദശകങ്ങളിലെ ഇസ്ലാമികവൽക്കരണം വരെ തുടർന്നു പോന്നിരുന്നു.

വേഷവിധാനം

തിരുത്തുക

ഉലെക് മയങ് നർത്തകരുടെ വേഷവിധാനത്തിന് രണ്ട് തരം വസ്ത്രങ്ങളുണ്ട്. ഏഴ് നർത്തകിമാരിൽ ആറ് പേരും പരമ്പരാഗത വസ്ത്രങ്ങളായ സോംഗ്കെറ്റ് (ഒരു പട്ടുതുണി) കൊണ്ടുള്ള നീളൻ സ്ളീവുള്ള ബ്ലൗസും നീളമുള്ള സോംഗ്കെറ്റ് സ്കർട്ടും അണിയുകയും സെലെൻഡാങ് എന്നു പേരുള്ള ഒരു നീണ്ട സ്കാർഫ് അരയിലും വിരലിലും ധരിക്കുകയും ചെയ്യും. സാംഗോൾ (മുടിക്കെട്ട്), സുബാംഗ് (ഒരു കമ്മൽ), തുടങ്ങിയവയും ഉണ്ടാകും. ‘തുവാൻ പുതേരി മായങ് സാരി‘ അല്ലെങ്കിൽ ‘പുതേരി തുജു‘ (ഏഴാമത്തെ രാജകുമാരി) ആയി അഭിനയിക്കുന്ന നർത്തകിയുടെ പ്രധാന കഥാപാത്രം മറ്റ് ആറ് നർത്തകരെപ്പോലെ അതേ വസ്ത്രവും അനുബന്ധ ഉപകരണങ്ങളും ധരിക്കും. ബ്ലൗസിന്റെ സ്ളീവ് ചെറുതായിരിക്കുമെന്നതും വസ്ത്രത്തിന്റെ നിറം വേറെയായിരിക്കുമെന്നതും മാത്രമാണ് വ്യത്യാസം. സാധാരണയായി മഞ്ഞ വസ്ത്രമാണ് ഈ കഥാപാത്രം ധരിക്കുക. പ്രധാന രാജകുമാരിയാണെന്ന് ഇത് വ്യക്തമാക്കുന്നു. പുരുഷ കലാകാരന്മാർ മത്സ്യത്തൊഴിലാളി വസ്ത്രം ധരിക്കും, ഒരു ബോമോ (ഷാമൻ) പരമ്പരാഗത മലായ് പുരുഷന്മാരുറെ മേൽവസ്ത്രമായ ബാജു മേലായു (നീണ്ട കൈയുള്ള മലായ് ഷർട്ട്) ധരിക്കും.

നൃത്തത്തോടൊപ്പമുള്ള ഉലേക് മയങ് ഗാനം കഥ വിവരിക്കുന്നു. ഈ പാട്ടിന് പ്രകൃതിയയെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പരമ്പരാഗതവിശ്വാസം. കടൽത്തീരത്ത് സൂര്യാസ്തമയ സമയത്ത് അവതരിപ്പിക്കുമ്പോൾ കാരണം ഈ ഗാനം തണുത്ത കാലാവസ്ഥ കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ ഗാനം ഇന്നും ജനപ്രിയമായി തുടരുന്നു. അതിൻ്റെ സമകാലീനമായ നിരവധി അവതരണങ്ങളുണ്ട്. മലേഷ്യൻ റോക്ക് ഗായികയായ എല്ല, ഈ പാട്ടിന്റെ ഒരു റോക്ക് പതിപ്പ് റെക്കോർഡുചെയ്‌തു. അതുപോലെ, ത്രഷ് മെറ്റൽ ബാൻഡ് ആയ ക്രോമോക്ക്, ഈ ഗാനത്തിൻ്റെ നിരവധി ഇൻസ്ട്രുമെൻ്റൽ പതിപ്പുകൾ നിർമ്മിച്ചു. ഈ ഗാനം പരമ്പരാഗത തെരെങ്കാനു ഉച്ചാരണം നിലനിർത്തുന്നു. ആത്മാക്കളെ തുരത്താൻ ഉപയോഗിക്കുന്ന തെങ്ങിൻപൂക്കുലയെ ആണ് മയങ് എന്ന് പറയുന്നത്.

  1. "Tarian Ulek Mayang". Tourism Terengganu at Wayback Machine. 2013. Archived from the original on 2 December 2017. Retrieved 2 December 2017.
"https://ml.wikipedia.org/w/index.php?title=ഉലെക്_മയങ്&oldid=4139151" എന്ന താളിൽനിന്ന് ശേഖരിച്ചത്