മറാഠാ സാമ്രാജ്യത്തിന്റെ ഭാഗമായ ദഭാഡെ കുടുംബത്തിലെ ഒരു പ്രമുഖ അംഗമായിരുന്നു സർസേനാപതി ഉമാബായ് ദഭാഡെ (മരണം: 1753). മറാഠാ സൈന്യത്തിലെ സേനാപതിയായ ആദ്യത്തെ വനിതയാണ് ഉമാബായ്.[1]

സർസേനാപതി ഉമാബായ് ദഭാഡെ
ജീവിതപങ്കാളി ഖാണ്ഡേറാവു ദഭാഡെ
മക്കൾ
ത്രയംബക്‌ റാവു ദഭാഡെ
Clan ദഭാഡെ
പിതാവ് ദേവ്‌റാവു ഠോക്കെ ദേശ്മുഖ്

ദഭാഡെ കുടുംബത്തിലെ അംഗങ്ങൾ പാരമ്പര്യമായി സേനാപതി (കമാൻഡർ-ഇൻ-ചീഫ്) എന്ന പദവി വഹിച്ചിരുന്നു. കൂടാതെ ഗുജറാത്തിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണവും ദഭാഡെ കുടുംബത്തിന്റെ അധികാരത്തിൽ ആയിരുന്നു. ഭർത്താവ് ഖാണ്ഡേറാവുവിന്റെയും മകൻ ത്രയംബക് റാവുവിന്റെയും മരണശേഷം ഉമാബായ് അധികാരം ഏറ്റെടുത്തു. ഈ കാലത്ത് സേനാപതി സ്ഥാനം പ്രായപൂർത്തിയാകാത്ത മകൻ യശ്വന്ത് റാവു വിന്റെ പേരിലായിരുന്നുവെങ്കിലും ഭരിച്ചിരുന്നത് ഉമാബായ് ആയിരുന്നു. പേഷ്വ ബാലാജി ബാജിറാവുവിനെതിരായി ഉമാബായ് നടത്തിയ കലാപം പരാജയപ്പെടുകയും ഇത് ദഭാഡെ കുടുംബത്തിന്റെ പതനത്തിൽ കലാശിക്കുകയും ചെയ്തു.

ആദ്യകാലജീവിതം

തിരുത്തുക

അഭോങ്കർ ദേവ്‌റാവു ഠോക്കെ ദേശ്മുഖിന്റെ മകളാണ് ഉമാബായ് ദഭാഡെ. ഖാണ്ഡേറാവു ദബാഡെയെ വിവാഹം കഴിച്ചതോടെ അവർ ദഭാഡെ കുടുംബത്തിന്റെ ഭാഗമായി. ഖാണ്ഡേറാവുവിന്റെ മൂന്ന് ഭാര്യമാരിൽ ഏറ്റവും ഇളയത് ഉമാബായ് ആയിരുന്നു. ഈ ദമ്പതികൾക്ക് ത്രയംബക്‌ റാവു, യശ്വന്ത്റാവു, സവായ് ബാബുറാവു എന്നിങ്ങനെ മൂന്ന് ആൺമക്കളും ഷാബായ്, ദുർഗ്ഗാബായ്, ആനന്ദിബായ് എന്നിങ്ങനെ മൂന്ന് പെൺമക്കളും ഉണ്ടായിരുന്നു. 1710-ൽ ഉമാബായി നാസിക്കിനടുത്തുള്ള സപ്തശൃംഗി ദേവിയുടെ ക്ഷേത്രത്തിലെത്താൻ കുന്നിൻ മുകളിലേക്ക് 470 പടികൾ നിർമ്മിച്ചു.

അധികാരത്തിലേക്ക്

തിരുത്തുക

ഉമാബായിയുടെ ഭർത്താവ് ഖാണ്ഡേറാവു, ഛത്രപതി ഷാഹുവിന്റെ കീഴിൽ മറാഠാ സേനാപതി (കമാൻഡർ-ഇൻ-ചീഫ്) ആയിരുന്നു. 1729-ൽ അദ്ദേഹത്തിന്റെ മരണശേഷം, അവരുടെ മകൻ ത്രയംബക് റാവു ദഭാഡെ സേനാപതിയായി. ഗുജറാത്ത് പ്രവിശ്യയിൽ നിന്ന് ചൗത്ത്, സർദേശ്മുഖി എന്നീ നികുതികൾ പിരിക്കാനുള്ള അവകാശം ദഭാഡെ കുടുംബത്തിന് ഉണ്ടായിരുന്നു. അത് അവർക്ക് ഒരു പ്രധാന വരുമാന സ്രോതസ്സായിരുന്നു. ഷാഹുവിന്റെ പേഷ്വ (പ്രധാനമന്ത്രി) ബാജിറാവു ഒന്നാമൻ ഗുജറാത്തിൽ നിന്ന് നികുതി പിരിവ് ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾ, ദഭാഡെ കുടുംബം ഛത്രപതിക്കും പേഷ്വയ്‌ക്കുമെതിരെ കലാപം നടത്തി. 1731-ലെ ദാഭോയ് യുദ്ധത്തിൽ ബാജിറാവു ത്രിംബക് റാവുവിനെ പരാജയപ്പെടുത്തി വധിച്ചു. [2][3] ഭർത്താവിൻന്റെയും മകന്റെയും മരണശേഷം, ഉമാബായ് ദബാഡെ കുടുംബത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. ത്രയംബക് റാവുവിന്റെ എല്ലാ സ്വത്തുക്കളും പദവികളും (സേനാപതി സ്ഥാനം ഉൾപ്പെടെ) ഛത്രപതി ഷാഹു ഉമാബായിയുടെ പ്രായപൂർത്തിയാകാത്ത മകൻ യശ്വന്ത് റാവുവിന് നൽകി. [4] The Peshwa allowed them to retain control of Gujarat, on the condition that they would remit half of the revenues to his treasury.[3] വരുമാനത്തിന്റെ പകുതി തന്റെ ഖജനാവിലേക്ക് അയക്കാമെന്ന വ്യവസ്ഥയിൽ ഗുജറാത്തിന്റെ നിയന്ത്രണം നിലനിർത്താൻ പേഷ്വ അവരെ അനുവദിച്ചു. പ്രായപൂർത്തിയായപ്പോൾ, യശ്വന്ത് റാവു മദ്യത്തിനും കറുപ്പിനും അടിമയായി. ഈ അവസരത്തിൽ ലെഫ്റ്റനന്റ് ദാമാജി റാവു ഗെയ്ക്‌വാഡ് തന്റെ ശക്തി വർദ്ധിപ്പിച്ചു. [5]

പേഷ്വക്കെതിരെ

തിരുത്തുക

ഉമാബായി പേഷ്വാ ബാജിറാവുവുമായി അനുരഞ്ജനം നടിച്ചുവെങ്കിലും തന്റെ മകനെ കൊന്നതിലുള്ള പക അവർ എപ്പോഴും നിലനിറുത്തി. കരാർപ്രകാരം വരുമാനത്തിന്റെ പകുതി ഷാഹുവിന്റെ ട്രഷറിയിലേക്ക് അയക്കേണ്ടിയിരുന്നുവെങ്കിലും ഉമാബായ് അത് ചെയ്തിരുന്നുല്ല. എന്നാൽ ദുഃഖിതയായ ഒരു വിധവ, മകനെ നഷ്ടപ്പെട്ട അമ്മ, എന്നീ കാര്യങ്ങൾ പരിഗണിച്ച് ഉമാബായിക്ക് എതിരെ കടുത്ത നടപടികളൊന്നും എടുക്കാൻ ഷാഹു മുതിർന്നില്ല. പേഷ്വാ ബാജിറാവു ഒന്നാമൻ 1740-ലും ഛത്രപതി ഷാഹു 1749-ലും മരിച്ചു. പുതിയ ഛത്രപതി രാജാറാം രണ്ടാമനും അദ്ദേഹത്തിന്റെ പേഷ്വ ബാലാജി ബാജി റാവുവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. തൽഫലമായി, പേഷ്വ ബാലാജി ബാജിറാവു ദഭാഡെകളെ കീഴടക്കാനും ഛത്രപതിയുടെ ഭണ്ഡാരത്തിലേക്ക് പണം അയക്കാൻ അവരെ നിർബന്ധിക്കാനും തീരുമാനിച്ചു. ഛത്രപതിയുമായി വരുമാനം പങ്കിടാൻ ആവശ്യമായ ഉടമ്പടിയിൽ നിന്ന് ദഭാഡെ കുടുംബത്തെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഉമാബായി പേഷ്വയോട് അപേക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. [5] മുൻ മറാഠാ റാണിയായിരുന്ന താരാബായിക്കും പേഷ്വയോട് പക ഉണ്ടായിരുന്നു. പേഷ്വയ്‌ക്കെതിരെ സഖ്യമുണ്ടാക്കാൻ അവൾ ഉമാബായിയെ സമീപിച്ചു. 1750-ൽ രണ്ട് സ്ത്രീകളും കണ്ടുമുട്ടി. ഉടമ്പടിയിൽ നിന്ന് ദഭാഡെ കുടുംബത്തെ മോചിപ്പിക്കാൻ പേഷ്വ വിസമ്മതിച്ചാൽ താരാബായിയെ പിന്തുണയ്ക്കുമെന്ന് ഉമാബായ് വാഗ്ദാനം ചെയ്തു. 1750 ഒക്ടോബർ 1-ന്, താരാഭായിയും ഉമാബായിയും ശംഭു മഹാദേവ ക്ഷേത്രത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടി. അവിടെ വെച്ച് പേഷ്വയ്‌ക്കെതിരെ പോരാടാൻ താരാബായ് പ്രേരിപ്പിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. 1750 ഒക്ടോബർ 20-ന്, വരുമാനം പങ്കിടൽ ഉടമ്പടിയിൽ നിന്ന് ദഭാഡെ കുടുംബത്തെ മോചിപ്പിക്കാൻ പേഷ്വയോട് അന്തിമ അഭ്യർത്ഥന നടത്താൻ ഉമാബായ് തന്റെ വിശ്വസ്തനായ യാദോ മഹാദേവ് നിർഗുഡോട് ആവശ്യപ്പെട്ടു. പേഷ്വ ബാലാജി ഈ അഭ്യർത്ഥന നിരസിക്കുകയും ഛത്രപതിയുടെ ട്രഷറിയിലേക്ക് ഉള്ള പണം ഉടൻ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലും ഉമാബായ് പേഷ്വയോട് എതിരിടാൻ തയ്യാറായില്ല. കൂടാതെ പേഷ്വയുമായി വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയും ചെയ്തു. നവംബർ 22ന് ആലന്തിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഈ യോഗത്തിൽ, വരുമാനം പങ്കിടൽ ഉടമ്പടി അന്യായമായി ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നും അതിനാൽ അത് ബാധകമല്ലെന്നും ഉമാബായ് വാദിച്ചു. പേഷ്വ ബാലാജി ബാജിറാവുവാകട്ടെ, ഇത് ഒരു സാധുവായ വാദമായി അംഗീകരിക്കാൻ വിസമ്മതിക്കുകയും ഗുജറാത്തിൽ നിന്ന് സമാഹരിച്ച വരുമാനത്തിന്റെ പകുതി ആവശ്യപ്പെടുകയും ചെയ്തു. [5]

ബാലാജി ബാജി റാവു മുഗൾ അതിർത്തിയിലേക്ക് പോയ തക്കത്തിന്, താരാബായ് ഛത്രപതി രാജാറാം രണ്ടാമനെ 1750 നവംബർ 24-ന് തടവിലാക്കി. താരാബായിയെ സഹായിക്കാൻ ഉമാബായി തന്റെ ലെഫ്റ്റനന്റ് ദാമാജി ഗെയ്ക്‌വാഡിന്റെ നേതൃത്വത്തിൽ മറാഠാ, ഗുജറാത്തി സൈനികരുടെ ഒരു സേനയെ അയച്ചു. 1751 മാർച്ചിൽ പേഷ്വയുടെ അനുയായികൾക്കെതിരെയുള്ള ചില പ്രാഥമിക വിജയങ്ങൾക്ക് ശേഷം, ഗെയ്ക്ക്‌വാഡ് കൃഷ്ണ നദീതടത്തിലെ ഒരു മലയിടുക്കിൽ കുടുങ്ങി. ഗെയ്ക്ക്‌വാഡിന്റെ പടയാളികൾ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയതിനാൽ പേഷ്വയുമായി സമാധാന ഉടമ്പടി തേടാൻ അദ്ദേഹം നിർബന്ധിതനായി. പേഷ്വ ഗുജറാത്തിന്റെ പകുതി പ്രദേശങ്ങളും യുദ്ധ നഷ്ടപരിഹാരമായി 25,00,000/- രൂപയും ആവശ്യപ്പെട്ടു. ദാമാജി ഈ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചു. താൻ ഒരു കീഴുദ്യോഗസ്ഥൻ മാത്രമാണെന്ന് പ്രസ്താവിക്കുകയും ഇക്കാര്യം ഉമാബായിയോട് കൂടിയാലോചിക്കാൻ പേഷ്വയോട് ആവശ്യപ്പെടുകയും ചെയ്തു. ഏപ്രിൽ 30-ന്, ഗെയ്‌ക്‌വാഡിന്റെ പാളയത്തിന് നേരെ പേഷ്വ ഒരു അപ്രതീക്ഷിത ആക്രമണം നടത്തി. ഈ ആക്രമണത്തിൽ പകച്ചുപോയ സൈന്യം ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി. [5]

1751 മെയ് മാസത്തിൽ പേഷ്വ ദാമാജി ഗെയ്‌ക്‌വാഡിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് പൂനെയിലേക്ക് അയച്ചു. താമസിയാതെ, ഉമാബായി, യശ്വന്ത് റാവു എന്നിവരും ദബാഡെ കുടുംബത്തിലെ മറ്റ് അംഗങ്ങളും അറസ്റ്റിലായി. അവർക്ക് അവരുടെ ജാഗിറുകളും അവരുടെ പാരമ്പര്യ പദവിയായ സേനാപതി സ്ഥാനവും നഷ്ടപ്പെട്ടു. 1752 മാർച്ചിൽ ഗെയ്‌ക്‌വാഡ് ദബാഡെ കുടുംബത്തിന്റെ സ്ഥാനമുപേക്ഷിച്ച് പേഷ്വക്കൊപ്പം ചേർന്നു. അദ്ദേഹത്തെ ഗുജറാത്തിലെ മറാഠാ മേധാവിയാക്കി. ദബാഡെ കുടുംബത്തിന് വാർഷിക പരിപാലനച്ചെലവ് നൽകാൻ ഗെയ്‌ക്‌വാഡ് സമ്മതിച്ചു. [5]

അന്ത്യം

തിരുത്തുക
 
ഉമാബായിയുടെ സമാധി

അവരുടെ അറസ്റ്റിന് ശേഷം ഗെയ്‌ക്‌വാഡ് പേഷ്വായുമായി സഖ്യമുണ്ടാക്കിയതിനെ തുടർന്ന് ദഭാഡെ കുടുംബത്തിന്റെ ശക്തിയും സമ്പത്തും നഷ്ടപ്പെട്ടു. 1753 നവംബർ 28-ന് പൂനെയിലെ നഡ്‌ഗെമോഡിയിൽ വച്ച് ഉമാബായി അന്തരിച്ചു. അവരുടെ സമാധി തലേഗാവ് ദഭാഡെയിലെ "ശ്രീമന്ത് സർസേനാപതി ദഭാഡെ ശ്രീ ബാണേശ്വർ മന്ദിർ" എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

  1. https://feminisminindia.com/2020/05/15/umabai-dabhade-first-female-maratha-army-chief/
  2. G.S.Chhabra (2005). Advance Study in the History of Modern India (Volume-1: 1707-1803). Lotus Press. pp. 19–28. ISBN 978-81-89093-06-8.
  3. 3.0 3.1 Stewart Gordon (1993). The Marathas 1600-1818. Cambridge University Press. pp. 120–131. ISBN 978-0-521-26883-7.
  4. Jaswant Lal Mehta (2005). Advanced Study in the History of Modern India 1707-1813. Sterling. pp. 213–216. ISBN 9781932705546.
  5. 5.0 5.1 5.2 5.3 5.4 Charles Augustus Kincaid; Dattatray Balwant Parasnis (1918). A History of the Maratha People Volume 3. Oxford University Press. pp. 2–10.
"https://ml.wikipedia.org/w/index.php?title=ഉമാബായ്_ദഭാഡെ&oldid=4072335" എന്ന താളിൽനിന്ന് ശേഖരിച്ചത്