വിക്കിപീഡിയ:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ/പ്രൊപ്പോസൽ

മലയാളം വിക്കിപീഡിയ-ഐടി@സ്കൂൾ വിദ്യാഭ്യാസ പദ്ധതി

ഐടി@സ്കൂളും മലയാളം വിക്കിസമൂഹവും തമ്മിൽ ദീർഘകാലത്തെ സംയുക്ത പ്രവർത്തന പാരമ്പര്യമാണുള്ളത്.

വിക്കിസംരംഭങ്ങളെകുറിച്ചുള്ള പൊതുജനാവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി മലയാളം വിക്കിസമൂഹം സംഘടിപ്പിച്ച പഠനശിബിരങ്ങൾക്കുള്ള പശ്ചാത്തലമൊരുക്കൽ, വിക്കിപീഡിയയിലെ തെരഞ്ഞെടുത്ത ലേഖനങ്ങൾ സിഡിയായി പ്രസിദ്ധീകരിക്കുന്നതിന് പിന്തുണ നൽകൽ തുടങ്ങി പലമേഖലകളിലും ഐടി@സ്കൂളിന്റെ സഹായം മലയാളം വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാൻ ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സ്കൂളുകളുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന സ്കൂൾ വിക്കി വെബ്സൈറ്റ് ആരംഭിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായവും നിർദ്ദേശങ്ങളും നൽകൽ, സ്കൂൾ പാഠ്യപദ്ധതിയിൽ വിക്കിപീഡിയ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കുക തുടങ്ങി മലയാളം വിക്കിപീഡിയരുടെ എല്ലാവിധ പിന്തുണയും ഐടി@സ്കൂൾ പ്രോജക്ടിനും നൽകിവരുന്നു. മലയാളം വിക്കിസംരംഭങ്ങളിൽ നിലവിൽ സജീവരായ അംഗങ്ങളിൽ നല്ലൊരു ശതമാനം പേർ ഐടി@സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ധ്യാപകരും സ്കൂൾ വിദ്യാർത്ഥികളും ആണെന്നതും ഇത്തരുണത്തിൽ സന്തോഷപൂർവ്വം സ്മരിക്കേണ്ടതാകുന്നു.

സജീവമായ ഈ സഹകരണം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകുന്നതിന്റെ ഭാഗമായുള്ള ഒരു ചെറിയ പൈലറ്റ് പ്രൊജക്ടിനെ പറ്റിയാണ് ഈ ഡോക്കുമെന്റ്.


സ്കൂൾ വിക്കിയും പ്രാദേശിക വിജ്ഞാനകോശവും

തിരുത്തുക

ഐടി@സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ വിക്കി (http://schoolwiki.in/) എന്ന വിക്കിയിൽ പ്രാദേശിക വിജ്ഞാനകോശം എന്ന മഹത്തായ ഒരു ആശയം ഉണ്ടായിരുന്നു. സ്കൂൾ വിക്കിയിലൂടെ വിദ്യാർത്ഥികളുടെ സഹായത്തോടെ വിവര ശേഖരണം നടത്തി പിന്നീട് മലയാളം വിക്കിപീഡിയയിലേക്ക് ആ ഉള്ളടക്കം കൊണ്ടു പോവുക എന്ന ആശയം ആയിരുന്നു അത്. ചുരുക്കത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ പ്രാദേശികമായ അറിവുകളുടെ ശേഖരണത്തിന്റെ ഭാഗമാക്കി ലോകത്തിനു മുഴവൻ മാതൃക ആകുമായിരുന്ന ഒരു ആശയം ആയിരുന്നു അത്. എന്നാൽ സ്കൂൾ വിക്കിയിൽ സംഭാവന ചെയ്തിരുന്ന വിദ്യാർത്ഥികൾക്കും, അവരെ നയിച്ചിരുന്ന അദ്ധ്യാപകർക്കും മലയാളം വിക്കിപീഡിയയിൽ പ്രവർത്തിച്ചു പരിചയം ഇല്ലാതിരുന്നതും, ഒരു ചെറിയ പൈലറ്റ് പ്രൊജക്ട് നടത്തി പാഠങ്ങൾ പഠിച്ച് പിന്നീട് വലിയ അളവിൽ കേരളം മൊത്തം ഇതു നടപ്പാക്കാൻ ശ്രമിക്കാതിരുന്നതു മൂലവും, മറ്റ് സാങ്കേതിക പ്രശ്നങ്ങൾ മൂലവും മറ്റും ആ ആശയം സ്കൂൾ വിക്കിയിലൂടെ നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല.

ഐടി@സ്കൂളും മലയാളം വിക്കിസമൂഹവും തമ്മിലുള്ള സഹകരണത്തിനുള്ള സാദ്ധ്യത

തിരുത്തുക

സ്കൂൾവിദ്യാത്ഥികളുടെ സഹായത്തോടെ പ്രാദേശികമായ അറിവുകളുടെ വൈജ്ഞാനികശേഖരണം നടത്താനുള്ള ഐടി@സ്കൂളിന്റെ ആശയം മഹത്തായതാണെന്ന് മലയാളം വിക്കിപീഡിയർക്ക് പൂർണ്ണ ബോദ്ധ്യമുണ്ട്. അതിനാൽ ആ ആശയം നടപ്പിൽ വരുത്താൻ ഐടി@സ്കൂളിനെ സഹായിക്കേണ്ടത് മലയാളം വിക്കിപീഡിയരുടെ കടമയാണെന്നു മലയാളം വിക്കിസമൂഹം കരുതുന്നു. അതിനുള്ള ഏറ്റവും പ്രധാനകാരണങ്ങൾ സ്കൂൾ വിദ്യാർത്ഥികളുടെ ഈ മഹത്തായ പ്രയത്നത്തിന്റെ ഗുണം ലഭിക്കാൻ പോകുന്നത് മലയാളി സമൂഹത്തിനും അത് മലയാളി സമൂഹവുമായി പങ്കു വെക്കാനുള്ള ഏറ്റവും മികച്ച മാദ്ധ്യമം മലയാളം വിക്കിസംരംഭങ്ങളും ആണ് എന്നതിനാലും ആണ്. അതിനാൽ തന്നെ ഈ സഹകരണം ആത്യന്തികമായി എല്ലാ മലയാളികൾക്കും പ്രയോജനപ്രദമായി ഭവിക്കും.

മലയാളം വിക്കിപീഡിയ-ഐടി@സ്കൂൾ വിദ്യാഭ്യാസ പദ്ധതി

തിരുത്തുക

കേരളത്തിലെ തിരഞ്ഞെടുത്ത ഒരു വിദ്യാലയത്തിൽ, തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും മലയാളം വിക്കിപദ്ധതികളെ കുറിച്ച് അവബോധമുള്ള അദ്ധ്യാപകരേയും ഉപയോഗിച്ച്, പ്രാദേശികമായ അറിവുകളെ വൈജ്ഞാനിക ലേഖനങ്ങളാക്കി മലയാളം വിക്കിപീഡിയയിൽ ചേർക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി മലയാളം വിക്കിപീഡിയർ നിർദ്ദേശിക്കുന്നത് കൊല്ലം ജില്ലയിലെ അഞ്ചൽ വെസ്റ്റിൽ ഉള്ള ഗവ.ഹയർസെക്കണ്ടറി സ്കൂൾ ആണ്. ഈ സ്കൂളിൽ കുറച്ച് നാളുകൾക്ക് മുൻപ് ഒരു വിക്കി പഠന ശിബിരം നടത്തിയപ്പോൾ വിദ്യാർത്ഥികൾ പ്രകടിപ്പിച്ച താൽപര്യവും, ഇതിനകം തന്നെ മലയാളം വിക്കിസമൂഹത്തിന്റെ ഭാഗമായ ആ സ്കൂളിലെ അദ്ധ്യാപകരുടെ സാന്നിദ്ധ്യവും ഈ സ്കൂൾ നിർദ്ദേശിക്കാനുള്ള പ്രധാന കാരണം.

അഞ്ചൽ വെസ്റ്റ് ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ തെരഞ്ഞെടുത്ത 50 കുട്ടികളും തല്പരരായ അദ്ധ്യാപകരും ആയിരിക്കും ഈ പദ്ധതിയുടെ കീഴിൽ വരുന്നത്. പ്രഥമാദ്ധ്യാപകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സ്കൂൾ ഐ.ടി. കോർഡിനേറ്ററുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടക്കുക.

പദ്ധതിയുടെ ലക്ഷ്യം

തിരുത്തുക
  • സ്കൂൾ വിദ്യാർത്ഥികളിൽ സ്വതന്ത്രവിജ്ഞാന സംസ്കാരം വളർത്തിയെടുക്കുക
  • വിജ്ഞാനം പങ്കു വെക്കുവാൻ പരിശീലിപ്പിക്കുക
  • കൂട്ടായി പ്രവർത്തിക്കുമ്പോൾ അവർ നേടിയെടുക്കുന്ന ഫലങ്ങൾ നേരിട്ട് പ്രവർത്തനത്തിലൂടെ കാണുക
  • വൈജ്ഞാനിക വിവരങ്ങളും മറ്റും മാതൃഭാഷയിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുക
  • മലയാളം കംപ്യൂട്ടിംഗ് പ്രചരണം

അങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലൂടെ പ്രാവർത്തികമാവുക.

പ്രവർത്തന കാലം

തിരുത്തുക

2012 ജൂലൈ 1 മുതൽ 2012 ഡിസംബർ 15 വരെ ( 6 മാസം)

പങ്കാളികളുടെ എണ്ണം

തിരുത്തുക

എട്ട്, ഒൻപത് ക്ലാസുകളിലെ തെരഞ്ഞെടുത്ത 50 കുട്ടികളും തല്പരരായ അദ്ധ്യാപകരും

പദ്ധതിയുടെ ഘട്ടങ്ങൾ

തിരുത്തുക

ഘട്ടം ഒന്ന്

തിരുത്തുക

പദ്ധതിയിൽ താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും കണ്ടെത്തുക

ഘട്ടം രണ്ട്

തിരുത്തുക
  • സ്കൂളിൽ ഒരു വിക്കി ക്ലബ്ബ് രൂപീകരിക്കുക
  • പദ്ധതിക്കായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിക്കിപീഡിയ എഡിറ്റിങ്ങ് പരിശീലനം നൽകുകു
  • പദ്ധതിയിലൂടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ലേഖനങ്ങൾ സ്കൂളിൽ നിന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകരും ഈ പദ്ധതിയിൽ സഹകരിക്കുന്ന മലയാളം വിക്കിപീഡിയരും ചേർന്ന് തീരുമാനിക്കുക
  • പദ്ധതിക്ക് പ്രാദേശികമായ സഹായങ്ങൾ കിട്ടുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുക

ഘട്ടം മൂന്ന്

തിരുത്തുക
  • ഉള്ളടക്ക വികസനം തുടങ്ങുക
  • ലേഖനത്തിനു അവലംബവും ചിത്രങ്ങളും മറ്റും ചേർക്കാൻ പ്രാദേശിക സഹായം ലഭ്യമാക്കുക. അതിനു വിദ്യാർത്ഥികളെ സഹായിക്കുക
  • എല്ലാ ആഴ്കയും പദ്ധതിയുടെ പൊക്ക് വിലയിരുത്തി അഭിപ്രായം കൈമാറുകയും ആവശ്യമെങ്കിൽ പദ്ധതിയുടെ പോക്കിൽ തിരുത്തലുകൾ വരുത്തുകയും ചെയ്യുക

ഘട്ടം നാല്

തിരുത്തുക
  • പദ്ധതി ലക്ഷ്യം കണ്ടെത്തി പൂർത്തികരിക്കുക
  • പദ്ധതി വിലയിരുത്തുക, പഠിച്ച പാഠങ്ങൾ രേഖപ്പെടുത്തുക
  • പദ്ധതിയിലൂടെ വന്ന ഉള്ളടക്കം സ്കൂൾ വിക്കിയിൽ ചേർക്കുക
  • പദ്ധതിയിലൂടെ ഉണ്ടാക്കിയ ലേഖനങ്ങളുടെ ഓഫ് ലൈൻ വേർഷൻ ഉണ്ടാക്കുക
  • പദ്ധതിയുടെ വിജയത്തെ കുറിച്ച് പരമാവധി പ്രചാരണം കൊടുക്കുക

ഐടി@സ്കൂൾ ചെയ്യേണ്ടത്

തിരുത്തുക

സ്കൂൾ അധികാരികൾക്കും ഐടി കോർഡിനേറ്റർക്കും അവശ്യ നിർദ്ദേശം നൽകുക, അവധി ദിവസങ്ങളിലും കുട്ടികളുടെ ഒഴിവ് പീരിയഡുകളിലും സ്കൂൾ കമ്പ്യൂട്ടർ ലാബ് (കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ക്യാമറ, ഹാൻഡി ക്യാം, പ്രൊജക്റ്റർ എന്നിവ) ഉപയോഗപ്പെടുത്താനുള്ള അനുമതി നൽകുക.

മലയാളം വിക്കിമീഡിയ സമൂഹം ചെയ്യേണ്ടത്

തിരുത്തുക
  • അദ്ധ്യാപകർക്കും കുട്ടികൾക്കും അവശ്യമായ പരിശീലനം
  • അദ്ധ്യാപകർക്കും കുട്ടികൾക്കും ആവശ്യമുള്ളപ്പോൾ ലഭ്യമാക്കേണ്ടുന്ന മറ്റ് സഹായങ്ങൾ
  • കൈപ്പുസ്തകം തയ്യാറാക്കൽ
  • വിക്കി സമൂഹത്തിലെ ചുമതലക്കാരെ തീരുമാനിക്കൽ
  • കുട്ടികൾക്കുള്ള ചെറിയ പ്രോത്സാഹന സമ്മാനങ്ങൾ

പൊതുവിൽ ഇത് സ്കൂൾ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും അവർക്ക് പ്രാദേശിക ചരിത്രം മനസ്സിലാക്കാൻ ഉപകാരപ്പെടുകയും ചെയ്യും. പൈലറ്റ് പ്രൊജക്ടിൽ നിന്ന് പാഠം ഉൾക്കൊണ്ട് അടുത്ത അദ്ധ്യയന വർഷം ഈ പദ്ധതി കൂടുതൽ വിപുലീകരിക്കാൻ ഐടി@സ്കൂളിനു മലയാളം വിക്കിപീഡിയർ കഴിയുന്ന സഹായങ്ങൾ ചെയ്യാം.

അഭ്യർത്ഥന

തിരുത്തുക

ലോകത്തിനു തന്നെ മാതൃകയായിട്ടുള്ളതും, വമ്പിച്ച ലോക ശ്രദ്ധ ആകർഷിക്കാൻ സാദ്ധ്യതയും ഉള്ളതായ ഈ പദ്ധതിക്ക് ഐടി@സ്കൂളിന്റെ അനുമതിയും നേതൃത്വവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു