ആറ് മലയാളിക്ക് നൂറു മലയാളം



മാടപ്രാവേ.. പൊന്നു മാടപ്രാവേ..
ഈ താളിൽ കേറല്ലേ.. മാടപ്രാവേ...


സുവർണനിയമം: സന്ദർഭം നോക്കിയിട്ടേ ഒരു പദപ്രയോഗം തെറ്റോ ശരിയോ എന്ന് പറയാനാകൂ


  • അക്ഷരമാലാക്രമത്തിലുള്ള വിശദീകരണത്തിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നവ, കുറിപ്പുകൾ എന്ന വിഭാഗത്തിൽ കൊടുത്തിട്ടുണ്ട്.
  • അനിവാര്യം: അനിർ‌വാര്യം എന്ന് എഴുതുകയും പറയുകയും ചെയ്യുന്നവർ നിരവധിയാണ്, എന്നാൽ അനിവാര്യമാണ് ശരി. നിവാരണം ചെയ്യാവുന്നത് നിവാര്യം. അ + നിവാര്യം → അനിവാര്യം, നിവാരണം ചെയ്യാനാവാത്തത്.
  • അപൂർവം - മുൻപില്ലാത്തവിധം എന്നർഥം. 'വിരളം' എന്ന അർഥത്തിൽ ഉപയോഗിക്കാൻ പാടില്ല.
  • അഭിഭാഷിക : 'അഭിഭാഷക' - തെറ്റ്; 'അഭിഭാഷിക' - ശരി.
  • അവതാരക: അവതരിപ്പിക്കുന്നവൾ 'അവതാരക' ആണ്. പുസ്തകത്തെ അവതരിപ്പിച്ച് എഴുതുന്ന കുറിപ്പ് 'അവതാരിക'യും.
  • അസ്തിവാരം: അസ്തിവാരം എന്നതാണ് ശരി, അസ്ഥിവാരം അല്ല. അസ്തിവാരമെന്നാൽ അടിത്തറ. 'ഉസ്തവാർ' എന്ന ഉറുദു പദത്തിൽ നിന്ന് ജനിച്ച ഈ പദത്തിന് അസ്ഥിയുമായി ബന്ധമില്ല.
  • ആർജവം : 'ധൈര്യം', 'തന്റേടം' എന്നെല്ലാമുള്ള അർത്ഥത്തിൽ പലരും പ്രയോഗിക്കുന്ന ഈ വാക്കിന് അങ്ങനെ ഒരു അർത്ഥമേ ഇല്ല! 'വളവില്ലാത്തത്', 'നേരെയുള്ളത്' എന്നേ ഇതിന് അർത്ഥമുള്ളൂ. 'നേരേവാ നേരേപോ' എന്ന സ്വഭാവത്തിന് ആർജ്ജവം എന്നു പറയാം. 'സത്യസന്ധത' എന്ന ആശയം. 'ഋജു' എന്ന വാക്കിന്റെ രൂപമാണ് 'ആർജവം'. ഋജുത്വം. അത്രതന്നെ. (കടപ്പാട് : പുതിയവിളകൾ ബ്ലോഗ്)
  • ഉദ്‌ഘാടനം: ഉദ്‌ഘാടനമാണ് ശരി. ഉത്ഘാടനമോ, ഉൽ‌ഘാടനമോ അല്ല.
  • ഉദ്ദേശം: ഏകദേശം എന്നർഥം. ഉദ്ദേശ്യം എന്നതിന് ലക്ഷ്യം എന്നും. ഉദാ: ഉദ്ദേശം അമ്പതുപേർ ചർച്ചയിൽ പങ്കെടുത്തു.
  • ഉദ്ദേശ്യം: ലക്ഷ്യം എന്നർഥം. ഉദ്ദേശം എന്നതിന് ഏകദേശം എന്നും. ഉദാ: അവന്റെ ഉദ്ദേശ്യം വേറെയാണ്.
  • - ഈ അക്ഷരം ക്ഌപ്തം എന്ന വാക്കിൽ പണ്ടുപയോഗിച്ചിരുന്നു. 'ക്ഌ' എന്നതിനു പകരം ഇന്ന് ഏറെപ്പേർ എഴുതുന്നതും, അച്ചടിയിൽ മിക്കയിടത്തും കാണുന്നതും 'ക്ലി' ആണ്.
  • ഐകകണ്ഠ്യേന - 'ഏകകണ്ഠഭാവം' ആണ് 'ഐകകണ്ഠ്യം'. അതായത് ഒരേ കണ്ഠം എന്ന ഭാവം. 'ഐകകണ്ഠ്യേന' എന്നാൽ 'ഒരേ കണ്ഠം എന്ന ഭാവത്തിലൂടെ', അതായത്, ഒരേ അഭിപ്രായത്തിലൂടെ. ഇവിടെ 'ഐക്യ'ത്തിന് ഒരു സ്ഥാനവും ഇല്ല. അതിനാൽ 'ഐക്യകണ്ഠ്യേന' എന്ന പ്രയോഗം തെറ്റ്. 'ഐകകണ്ഠ്യേന' ശരി.
പ്രസിഡന്റിനെയും സെക്രട്ടറിയെയും യോഗം ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തത്.
  • ഐകമത്യം - 'ഒരേ അഭിപ്രായം'. 'ഐക്യമത്യം' എന്ന പ്രയോഗം തെറ്റ്.
ഐകമത്യം മഹാബലം
  • ഐച്ഛികം - 'ഐച്ഛികം' എന്ന് എഴുതണം. 'ഐശ്ചികം' എന്നല്ല.
  • ഐഹികം - 'ഐഹികം' ശരി. 'ഐഹീകം' എന്നെഴുതരുത്.

അനുസ്വാരം

തിരുത്തുക
  • ക്ഷണനം = മുറിക്കൽ, ക്ഷണം = invitation. Invitation എന്ന അർഥത്തിൽ 'ക്ഷണനം' ഉപയോഗിക്കരുത്.
  • ഗംഭീരം: ഗംഭീരം എന്നാൽ ആഴമുള്ളത് എന്നാണ് അർഥം. ആഴത്തെ സൂചിപ്പിക്കുന്ന 'ഗഹ്' എന്ന ധാതുവിൽ നിന്നാണ് ആ പദത്തിന്റെ നിഷ്പത്തി. ആഴത്തെ സൂചിപ്പിക്കേണ്ട സന്ദർഭങ്ങളിലേ 'ഗംഭീരം', 'ഗാംഭീര്യം' എന്നിവ പ്രയോഗിക്കാവൂ. 'ഗംഭീരമായ സമുദ്രം' എന്ന് പറയാം, എന്നാൽ 'ഗംഭീരമായ പർ‌വതം' എന്ന് പറയുന്നത് അഭംഗിയാണ്. വിഷയത്തിന്റെ അഗാധതകളിലേക്ക് / ആഴങ്ങളിലേക്ക് ശ്രോതാക്കളെ നയിക്കുന്നതാണ് പ്രസംഗമെങ്കിൽ 'ഗംഭീരമായ പ്രഭാഷണം' എന്ന് പറയാം.
  • ചെമപ്പ് - ചുമപ്പ്, ചുവപ്പ്, ചൊകപ്പ്, ചോപ്പ് എന്നിങ്ങനെ വ്യത്യസ്തരൂപങ്ങൾ സാഹിത്യകൃതികളിൽ വന്നിട്ടുണ്ട്. ഇവയിൽ ഒന്നുപോലും തെറ്റാണെന്നു പറഞ്ഞു ഗദ്യത്തിൽനിന്നോ പദ്യത്തിൽനിന്നോ നീക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നാൽ 'ചെമപ്പ്' ആണ് ശരിയായ രൂപം എന്ന് പറയാൻ സ്പഷ്ടമായ യുക്തിയുണ്ട്: ചെമ്മാനം (ചെം‌+മാനം), ചെങ്കൊടി (ചെം+കൊടി), ചെമ്മണ്ണ് (ചെം+മണ്ണ്), ചെന്താമര (ചെം+താമര) ഇങ്ങനെ പല വാക്കുകളുണ്ടല്ലോ. ഇവയിലെല്ലാം രക്തവർണത്തെ സൂചിപ്പിച്ചിരിക്കുന്നത് 'ചെം'കൊണ്ടാണ്. അതിനാൽ 'ചെമപ്പ്' തന്നെ ശരി എന്ന് സ്പഷ്ടം.[1]
  • ചെലവ് - 'ചിലവ്', 'ചെലവ്' എന്നു രണ്ടു രൂപം കാണാറുണ്ടല്ലോ. ഇവയിൽ ചെലവ് എന്ന രൂപമാണ് ശരി. വരുന്നത് 'വരവും' ചെല്ലുന്നത് 'ചെലവും' ആണ്. അതിനാൽ 'ചിലവ്' തെറ്റുതന്നെ.
  • ഝടിതി: ഝടുതിയാണോ ഝടിതിയാണോ ശരി? ഝടിതി ആണ് ശരി. വളരെ വേഗത്തിൽ ഒരു നിമിഷം പോലും നഷ്ടപ്പെടാതെ കണ്ണടച്ചു തുറക്കുന്നതിനു മുൻപ് എന്നൊക്കെ വരുന്ന അർത്ഥത്തിൽ മലയാളത്തിൽ 'പെട്ടെന്ന്' എന്ന് പറയും. ഇത് 'പെട്' - 'എന്ന്' എന്നു പിരിച്ചു വായിക്കാം. ഇതിലെ 'ട്' ചില്ലായി (സ്വരം കളഞ്ഞ ട ആയി) ഉച്ചരിക്കണം. 'കാട്' (വനം) എന്ന വാക്കിലെ ട് പോലെയല്ല. ആംഗലേയത്തിലെ വാട്? (what) എന്നതിലെ ട് പോലെ, വിരാട് എന്നതിലെ ട് പോലെ. അപ്പോൾ ഒരു വെടിയുണ്ട പായുന്ന പോലെ ആരംഭിച്ചവസാനിക്കുന്ന വാക്കാണ് 'പെട്'. ആ ശബ്ദം പോലെ, അത്ര വേഗത്തിൽ എന്നാണ് പെട് + എന്ന് = പെട്ടെന്ന് എന്ന മലയാളം വാക്കിനർഥം. അതുപോലെ 'ഝട്' + 'ഇതി' എന്ന രണ്ട് സംസ്കൃത പദങ്ങൾ ചേർന്ന് ഉണ്ടാകുന്നഉണ്ടാകുന്ന 'ഝടിതി' എന്ന പദത്തിന്റെയും അർത്ഥം അതു തന്നെ. झट् + इति = झटिति ആവുന്നത്. 'ഝട്' എന്ന പദം ഒരു കൊള്ളിയാനെ പോലെ ഉദിച്ചസ്തമിക്കുന്നു. 'ഇതി' = എന്ന്. 'ഝട് എന്ന ശബ്ദം പോലെ' വളരെ വേഗത്തിൽ. ഇത് മലയാളത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. (വിവരണത്തിന് കടപ്പാട്: നന്ദകുമാർ മേനോൻ, ശുദ്ധമലയാളം ഫെയ്സ്ബുൿ കൂട്ടായ്മ).
  • ന, ഩ : 'ന' എന്ന ലിപിക്ക് രണ്ടുതരം ഉച്ചാരണമുണ്ട്. ഉദാ: നനഞ്ഞു. സംസ്കൃതത്തിലും न എന്ന ലിപിക്ക് രണ്ടുതരം ഉച്ചാരണമുണ്ട്. ഉദാ: नानारत्न-. ഈ രണ്ടുച്ചാരണവും വെവ്വേറെ കുറിക്കുന്നതിനായി കേരളപാണിനി 'ഩ' എന്ന ലിപികൂടി സ്വീകരിച്ചെങ്കിലും, ഇന്നും വ്യാകരണചർച്ചയ്ക്കു പുറത്ത് അതിനു സ്ഥാനം ലഭിച്ചിട്ടില്ല. 'ൻ' എന്ന ലിപിക്ക് എവിടെയും കേവല'ഩ'കാരത്തിന്റെ ഉച്ചാരണം തന്നെയാണ്[2].
  • പീഡനം : പീഡനം ശരി. പീഢനം തെറ്റ്.
  • പ്രതിനിധീകരിക്കുക : പ്രതിനിധീകരിക്കുക എന്ന് പറഞ്ഞാൽ പ്രതിനിധിയാക്കുക/പ്രതിനിധിയാക്കി മാറ്റുക എന്നർഥം. (ശുദ്ധീകരിക്കുക = ശുദ്ധമാക്കുക/ശുദ്ധിയുള്ളതാക്കി മാറ്റുക; ചിത്രീകരിക്കുക = ചിത്രമാക്കുക/ചിത്രമാക്കി മാറ്റുക; ഭസ്മീകരിക്കുക = ഭസ്മമാക്കുക/ഭസ്മമാക്കി മാറ്റുക; പ്രസിദ്ധീകരിക്കുക = പ്രസിദ്ധമാക്കുക/പ്രസിദ്ധമാക്കി മാറ്റുക). അടൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പ്രകാശ് ആണ് എന്ന് പറഞ്ഞാൽ അതിന്റെ അർഥം, 'പ്രകാശ്‌, അടൂർ നിയോജക മണ്ഡലത്തെ പ്രതിനിധി ആക്കി മാറ്റിയിരിക്കുന്നു' എന്നാണ്. (പ്രതിനിധി =പകരക്കാരൻ.) അതായത് പ്രതിനിധി ഇപ്പോൾ അടൂർ നിയോജകമണ്ഡലമാണ്. പ്രകാശ്‌ അല്ല. .പ്രകാശ് നിയോജകമണ്ഡലത്തോട് നിർദേശിക്കുകയാണ് നിയമസഭയിൽ പോകാൻ .അല്ലാതെ നിയോജകമണ്ഡലം പ്രകാശിനോട് നിർദേശിക്കുകയല്ല ഇവിടെ. ഇതു ചെറിയ ഒരു തെറ്റല്ല .വലിയ തെറ്റാണ്. ‘നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്’ എന്നായാലും അർഥം ഒന്ന് തന്നെ. പ്രധിനിധാനം ചെയ്യുക = പകരം വയ്കുക, പ്രതിനിധീകരിക്കുക = പകരക്കരനാക്കി ചെയ്യുക .രണ്ടും അർഥം ഒന്ന് തന്നെ.
ശരിയായ രൂപങ്ങൾ –:
അടൂർ നിയോജക മണ്ഡലം പ്രതിനിധീകരിക്കുന്നത് പ്രകാശിനെയാണ്. ‘
പ്രകാശിനെ പ്രതിനിധീകരിക്കുന്നത് അടൂർ നിയോജകമണ്ഡലമാണ്’.
അടൂർ നിയോജകമണ്ഡലത്തിന്റെ പ്രതിനിധി പ്രകാശ്‌ ആണ്.
  • പ്രായപൂർത്തി: 'പ്രായപൂർത്തി തികഞ്ഞവർക്കെല്ലാം' തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കണം. പ്രായം തികയുന്നതാണ് പ്രായപൂർത്തി. അതിനാൽ, 'പ്രായപൂർ‌ത്തി ആയവർക്കെല്ലാം നമ്മുടെനാട്ടിൽ വോട്ടവകാശമുണ്ട്' എന്നുമതി.
  • ഭയങ്കരം: 'എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു', 'അതിഭയങ്കരമായ പ്രസംഗം' തുടങ്ങിയ പ്രയോഗങ്ങൾ ഇപ്പോൾ വ്യാപകമാണ്. ഭയപ്പെടുത്തുന്ന കാര്യങ്ങൾ ആണെങ്കിൽ മാത്രമേ ഭയങ്കരമായ എന്ന വിശേഷണം ചേരുകയുള്ളൂ.
  • വൈതരണി: യമലോകത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് 'വൈതരണി' എന്നാണ് സങ്കല്പം. തരണം ചെയ്യാൻ - കടക്കാൻ - പ്രയാസമുള്ളത് എന്നർഥം. 'എല്ലാത്തരം വൈതരണികളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ട്' തുടങ്ങിയ പ്രയോഗങ്ങൾ കണ്ടാൽ തിരുത്തണം. 'വൈതരണി' നദിയാണെന്നതുതന്നെ കാരണം. ഇനി അല്ലെങ്കിൽത്തന്നെ 'കടക്കാൻ പ്രയാസമുള്ളതിനെ' പൊട്ടിച്ചെറിയുകയ്യല്ലല്ലോ ചെയ്യേണ്ടത്.
  • വൈയവസായികം എന്നു ശരിയായ രൂപം. വ്യാവസായികം തെറ്റ്.
  • ഷഷ്ടിപൂർത്തി: അറുപത് വയസ്സ് തികഞ്ഞു എന്ന അർഥത്തിൽ പ്രയോഗിക്കുമ്പോൾ ഷഷ്ടിപൂർത്തി എന്നാണ് പ്രയോഗിക്കേണ്ടത്. 'ഷഷ്ഠിപൂർത്തി' എന്ന് പ്രയോഗിച്ചാൽ ആറുവയസ്സ് തികഞ്ഞു എന്ന് അർഥം വരും. ഷഷ്ടിപൂർത്തി തികഞ്ഞു എന്നും പ്രയോഗിക്കരുത്. അറുപതുവയസ്സ് തികയുന്നതാണ് ഷഷ്ടിപൂർത്തി.
  • സന്ന്യാസി, സംന്യാസി എന്നിവ ശരി. 'സന്യാസി' തെറ്റ്.
  • സ്വതേ ശരി. 'സ്വതവേ' തെറ്റ്.
  • ഹാർദം ശരി. ഹാർദവം തെറ്റ്. ‘സ്വാഗതപ്രസംഗകരാണ് ഹാർദവം/ഹാർദ്ദവം എന്ന വികലപ്രയോഗത്തിന്റെ മുഖ്യപ്രചാരകർ. ‘ഹൃദ്‌‘ എന്നതിൽ നിന്നു്‌ ഉണ്ടാകുന്ന വാക്കായതിനാൽ (സൂക്ഷ്മമായിപ്പറഞ്ഞാൽ ‘ഹൃദയ’ശബ്ദത്തിൽ നിന്നാണു്‌ ഇതിന്റെ ഉത്പത്തി. ‘അണ്‌’ പ്രത്യയം ചേരുമ്പോൾ ഹൃദയസ്യ ഹൃല്ലേഖയദണ്‌ ലാസേഷു എന്ന പാണിനീയസൂത്രമനുസരിച്ചു്‌ (6-3-50) ‘ഹൃദയ’ശബ്ദം ‘ഹൃദ്‌’ ആയതാണു്‌.) ഹാർദം എന്നേ വരൂ. ഹാർദവം എന്നു വരണമെങ്കിൽ ഹൃദു എന്ന വാക്കിൽ നിന്നുണ്ടാകണം. അങ്ങനെയൊരു വാക്കില്ല. (മൃദു എന്ന വിശേഷണത്തിന്റെ ഭാവം പ്രകടിപ്പിക്കുന്ന തദ്ധിതത്തെ ‘അണ്‌’ പ്രത്യയം ചേർത്തുണ്ടാക്കുന്നതുകൊണ്ടു്‌ (ഇഗന്താച്ച ലഘുപൂർവാത്‌ (അണ്‌) എന്നു പാണിനി (5-1-13).) മാർദവം എന്ന വാക്കുണ്ടാകുന്നു. (മറ്റുദാഹരണങ്ങൾ : ലഘു - ലാഘവം, ഗുരു - ഗൗരവം, ഋജു - ആർജവം, പടു - പാടവം.))

ചില്ലുകൾ

തിരുത്തുക

ദ്വിത്വം

തിരുത്തുക

അധ്യാപകൻ/അദ്ധ്യാപകൻ, മാധ്യമം/മാദ്ധ്യമം, വിദ്യാർഥി/വിദ്യാർത്ഥി .. ശരിയേത്? തെറ്റേത്?

ധാരാളം മലയാളികൾ അദ്ധ്യാപകൻ, വിദ്യാർത്ഥി, മാദ്ധ്യമം എന്നിങ്ങനെ ദ്വിത്വത്തോടെ എഴുതുന്നു. ചിലർ അധ്യാപകൻ, വിദ്യാർഥി, മാധ്യമം എന്നിങ്ങനെ ദ്വിത്വമില്ലാതെ എഴുതുന്നു. എന്നാൽ ആരും തന്നെ മൂർഖൻ/മൂർക്ഖൻ, ദീർഘം/ദീർഗ്ഘം തുടങ്ങിയവയിലൊന്നും ദ്വിത്വം എഴുതാറില്ല.

മറ്റ് ഭാഷക്കാരാരും ഇങ്ങനെ ഇരട്ടിപ്പിച്ച് എഴുതാറില്ല. എന്നാൽ മലയാളികൾ എഴുതാറുണ്ടായിരുന്നു. അതുകൊണ്ടു് അദ്ധ്യാപകൻ, മാദ്ധ്യമം, മൂർക്ഖൻ, ദീർഗ്ഘം, ചക്ക്രം, പൃത്ഥ്വി തുടങ്ങിയവ �മലയാളത്തിൽ തെറ്റല്ല. ചിലതൊക്കെ സാധാരണ ഉപയോഗിക്കാത്തതിനാൽ കാണാൻ വിചിത്രമായി തോന്നും എന്നു മാത്രം.

കുറിപ്പുകൾ

തിരുത്തുക

സം‌വൃതോകാരം എന്ന് എ.ആർ

വായിക്കുക

തിരുത്തുക
  1. തെറ്റില്ലാത്ത മലയാളം, പന്മന രാമചന്ദ്രൻ നായർ, നാഷണൽ ബുക്ക് സ്റ്റാൾ
  2. തെറ്റില്ലാത്ത മലയാളം, പന്മന രാമചന്ദ്രൻ നായർ, നാഷണൽ ബുക്ക് സ്റ്റാൾ