ഉപയോക്താവ്:Manubot/task4/sandbox
ടൂറിസം
തിരുത്തുകമാനസികവും ശാരീരികവുമായ ഉന്മേഷത്തിനും അറിവിന്റെ ചക്രവാളം വികസിപ്പിക്കുന്നതിനുമായി നടത്തുന്ന സഞ്ചാരവും ഇത്തരം സഞ്ചാരികൾക്കാവശ്യമായ ഭൗതിക സൗകര്യങ്ങളുടെ ലഭ്യമാക്കലും. പുതിയ കാഴ്ചകൾ കാണാനും പുതിയ അനുഭവങ്ങൾ തേടാനുമുള്ള മനുഷ്യന്റെ സഹജമായ വാസനയാവാം ഈ സഞ്ചാരത്വരയ്ക്കു കാരണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ നിരവധി മാനങ്ങൾ ഇന്ന് ടൂറിസത്തിന് കൈവന്നിട്ടുണ്ട്. ആധുനിക ലോകത്തിലെ ഏറ്റവും പ്രധാനമായ വ്യവസായങ്ങളിലൊന്നുകൂടിയാണ് വിനോദസഞ്ചാരം. ലോകകയറ്റുമതിയിൽ ടൂറിസം എന്ന ആഗോളവ്യവസായത്തിന്റെ സംഭാവന ഇന്ന് പത്തു ശതമാനത്തോളമാണ്. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭമായി ടൂറിസം ഇന്നു മാറിയിരിക്കുന്നു. അന്തർദേശീയ തലത്തിലും പ്രാദേശികതലത്തിലും ഉള്ള ഒട്ടനവധി പൊതുമേഖലാ-സ്വകാര്യസ്ഥാപനങ്ങൾ ഒന്നിച്ചുചേർന്നു നടത്തുന്ന ഒരു വ്യവസായം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ടൂറിസം - ഒരു ചരിത്രാവലോകനം
തിരുത്തുകസഞ്ചരിക്കുവാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജവാസനകളിലൊന്നാണ്. അതുകൊണ്ടുതന്നെയാണ് സഞ്ചാരത്തിന്റെ ചരിത്രത്തിന് ചരിത്രാതീതകാലത്തോളം പഴക്കവും കാണുന്നത്. ജീവസന്ധാരണത്തിനുവേണ്ടിയുള്ള അനിവാര്യമായ യാത്രകൾ, പുതിയ സ്ഥലങ്ങളും സംസ്കാരങ്ങളും കാണാനുള്ള യാത്രകൾ, അങ്ങനെയൊക്കെയാവാം സഞ്ചാരങ്ങളുടെ തുടക്കം. പിന്നീട് അതിന് നിയത ലക്ഷ്യം നൽകിയത് കച്ചവടം, ആരാധന എന്നിവയാകാം. ഏറ്റവും പ്രാചീനമായ സോദ്ദേശ്യ യാത്രകൾ പലതും വാണിജ്യപരമോ തീർഥാടനപരമോ ആയിരുന്നിരിക്കണം. അധിനിവേശം, ജ്ഞാനസമ്പാദനം തുടങ്ങിയവ ലക്ഷ്യമായുള്ള യാത്രകളും ചരിത്രത്തിൽ സ്ഥാനം പിടിച്ചു. യാത്രക്കാർ അതോടെ സാർഥവാഹകർ, തീർഥാടകർ, ദേശാടനക്കാർ, സന്ദർശകർ എന്നിങ്ങനെ പല വിഭാഗങ്ങളായി അറിയപ്പെട്ടുതുടങ്ങി.
-
ഹ്യുയാങ് സാങ്
-
ഹെറോഡോട്ടസ്
വാണിജ്യോദ്ദേശ്യത്തോടെയുള്ള യാത്രകൾക്ക് ടൂറിസം വികസനത്തിൽ നേരിട്ട് പങ്കില്ലെങ്കിലും അത്തരം യാത്രകളാണ് അറിയപ്പെടാത്ത പല ലോകങ്ങളെക്കുറിച്ചുമുള്ള കൗതുകം ലോകജനതയ്ക്ക് കൈമാറുവാനുപകരിച്ചത്. ഹ്യൂയാങ്സാങ്, ഇബ്നുബത്തൂത്ത, ഹെറോഡോട്ടസ്, ഫ്രാൻസിസ്കൊ, ഫ്രെയർ, അൽബുക്കർക്ക്, മാർക് ട്വെയ് ൻ മഗല്ലൻ, മാർക്കോപോളോ, അലക്സാണ്ടർ ദ് ഗ്രേറ്റ്, സ്ട്രാബോ, സെന്റ് പോൾ, പ്ലിനി , ടോളമി, ജെയിംസ് കുക്ക് തുടങ്ങിയവർ നടത്തിയിട്ടുള്ള സാഹസിക യാത്രകളെല്ലാം ഇതിനുദാഹരണമാണ്. ആദ്യകാലസഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ യാത്രാചരിത്രം മാത്രമല്ല, ടൂറിസ ചരിത്രവും സമാന്തരമായും പരോക്ഷമായും സ്ഥാനം പിടിച്ചിരിക്കുന്നതുകാണാം.
കണ്ടറിയുവാനുള്ള കൗതുകത്തോടെ നടത്തിയ യാത്രകളുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാതൃകയാണ് ശേബാ രാജ്ഞിയുടെ കഥ. സോളമന്റെ ബുദ്ധിവൈഭവത്തിന്റെ ലോകത്തിലൂടെ - അറേബ്യയിലുടനീളം - 1900 കി.മീ. ദൂരം അവർ യാത്ര ചെയ്യുകയുണ്ടായി.
-
മഗല്ലൻ
-
അലക്സാണ്ടർ ദ് ഗ്രേറ്റ്
-
ജെയിംസ് കുക്ക്
നാണയങ്ങൾ വ്യാപകമായി നിലവിൽ വന്ന സു.ബി.സി. 3000-ാമാണ്ടോടെയാണ് വാണിജ്യപരമായ യാത്രകൾ സാർവത്രികമായിത്തുടങ്ങിയതെങ്കിൽ, മതപരമായ യാത്രകൾ പ്രാധാന്യം ആർജിച്ചത് മധ്യകാലത്തോടുകൂടി മാത്രമാണ്. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ യൂറോപ്പിലെ ആരാധനാലയങ്ങൾ പലതും വൻ തീർഥാടനകേന്ദ്രങ്ങളായി മാറി. ഭാരതത്തിൽ തീർഥാടനവും ദേശാടനവുമൊക്കെ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നു എന്നതിന് പ്രാചീന ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഇവിടത്തെ മതപരമായ യാത്രകൾ സജീവമാക്കുന്നതിൽ ബുദ്ധമതം വഹിച്ച പങ്ക് വളരെ വലുതാണ്. പാടലീപുത്രത്തിൽ നിന്ന് നേപ്പാളിലേക്കും ലുംബിനിയിലേക്കും കപിലവസ്തുവിലേക്കും സാരനാഥത്തിലേക്കുമൊക്കെ അശോകചക്രവർത്തി നടത്തിയ തീർഥാടനം അവിടങ്ങളിൽ പില്ക്കാലത്തെത്തിയ തീർഥാടകർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രേരകമായിത്തീർന്നു.
ഗ്രീസിന് ആദ്യകാലസഞ്ചാരങ്ങളുടെ നിറപ്പകിട്ടാർന്ന കഥകൾ പറയുവാനുണ്ട്. പുരാതനഗ്രീസിലെ ഡെൽഫി ക്ഷേത്രം തേടി ജനങ്ങൾ ഏറെ ദൂരം സഞ്ചരിച്ചെത്തുക പതിവായിരുന്നു. സവിശേഷമായ മതാഘോഷങ്ങൾ കാണാനായി പല ദിക്കിൽ നിന്നും ആളുകൾ അവിടെ എത്തിക്കൂടിയിരുന്നതായി ധാരാളം തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിനെല്ലാറ്റിനുമുപരിയാണ് 'ഒളിമ്പിക്സ്' കാണാനെത്തിയിരുന്ന സന്ദർശകരുടെ കഥ.
എന്നാൽ, ടൂറിസത്തിന്റെ പ്രാചീന മാതൃക എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള യാത്രകൾ കാണാനാകുന്നത് റോമിലാണ്. റോമാസാമ്രാജ്യത്തിന്റെ സുവർണകാലത്തിൽ യാത്രകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ പലതും അവിടെ ഉണ്ടായിരുന്നു. സഞ്ചാരയോഗ്യവും പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ റോഡുകളാണ് അവയിൽ മുഖ്യം. റോഡുമാർഗം എത്തിച്ചേരാവുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ, ഓരോ സ്ഥലത്തേക്കുമെത്താൻ അവശേഷിക്കുന്ന ദൂരം, അവ താണ്ടാൻ സാധാരണ ഗതിയിൽ എടുക്കുന്ന സമയം എന്നിവയെല്ലാം അന്ന് രേഖപ്പെടുത്തിയിരുന്നതായി കാണുന്നു. പല സ്ഥലങ്ങളിലും കുതിരലായങ്ങളും വിശ്രമസങ്കേതങ്ങളും നിർമിച്ചിരുന്നു. യാത്രക്കാർക്ക് തങ്ങളുടെ കുതിരയെ മാറ്റി താത്ക്കാലികമായി മറ്റൊന്ന് തിരഞ്ഞെടുത്ത് യാത്ര തുടരുവാനുള്ള സൗകര്യവും അന്നുണ്ടായിരുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി രക്ഷാഭടന്മാരെയും വഴിയോരങ്ങളിൽ നിയോഗിച്ചിരുന്നു. നിത്യേന നൂറിലേറെ മൈൽ ദൂരം താണ്ടാവുന്ന കുതിരസവാരി സംവിധാനം അക്കാലത്തവിടെ നിലവിലിരുന്നു. സാമ്രാജ്യത്തിനകത്തെന്നപോലെ സമീപദേശങ്ങളിലേക്കും റോമാക്കാർ സഞ്ചരിച്ചിരുന്നു. വിനോദം, വിശ്രമം, ആരോഗ്യപരിപാലനം എന്നിവയായിരുന്നു അത്തരം യാത്രകളുടെ ഉദ്ദേശ്യങ്ങൾ. ആരോഗ്യപരിചരണത്തിനായുള്ള യാത്രകൾ പലതും വിശേഷ ഔഷധമൂല്യം ഉള്ളവയെന്ന് പരക്കെ അറിയപ്പെട്ട നീരുറവകളിലേക്കായിരുന്നു. തീരദേശ ടൂറിസത്തിന്റെ കന്നിപ്പൊടിപ്പുകളാണ് അത്തരം യാത്രകളിൽ കണ്ടെത്തുവാൻ കഴിയുന്നത്. നീരുറവകൾക്കു സമീപം സ്നാനസൗകര്യങ്ങളും താത്ക്കാലിക വിശ്രമസൗകര്യങ്ങളും വ്യാപകമായി ഒരുക്കിയിരുന്നു എന്നതിന് തെളിവുകളുണ്ട്. 'സ്പാ' എന്നറിയപ്പെട്ട ഇത്തരം ധാതുജലയുറവകൾക്കരികിൽ വിനോദത്തിനുള്ള പ്രത്യേക സംവിധാനങ്ങളും നിലവിലുണ്ടായിരുന്നു - കായികമത്സരങ്ങൾ, ഉത്സവങ്ങൾ, നാടകാവതരണം തുടങ്ങിയവ. ഇംഗ്ലണ്ടിലെ 'ബാത്ത്' എന്ന സ്ഥലം ഇത്തരത്തിൽ പ്രസിദ്ധമാണ്. രണ്ടായിരം വർഷങ്ങൾക്കു മുമ്പുതന്നെ റോമാക്കാർ അവിടെ കുളിച്ചുവിശ്രമിക്കാനായി എത്തിയിരുന്നതിനു പ്രത്യക്ഷമായ തെളിവുകളുണ്ട്. 18-ാം ശ. -ത്തോടെ ഇത്തരം സ്നാനസങ്കേതങ്ങൾ യൂറോപ്പിലും വ്യാപകമാവുകയും സമുദ്രസ്നാനത്തിന് പൂർവാധികം പ്രചാരം സിദ്ധിക്കുകയും ചെയ്തു. ക്രമേണ, സമുദ്രതീരങ്ങൾ സന്ദർശകകേന്ദ്രങ്ങളായി മാറുകയും സമുദ്രതീരവിശ്രമസങ്കേതങ്ങൾ നിലവിൽവരികയും ചെയ്തു. ആ നൂറ്റാണ്ടിൽ കൂടുതൽ വിശ്രമസമയം ലഭിച്ച പ്രഭുക്കന്മാരും കുടുംബാംഗങ്ങളുമാണ് വിനോദസഞ്ചാരത്തിൽ കൂടുതൽ ഏർപ്പെട്ടത്. ചുരുക്കത്തിൽ, ആധുനിക ടൂറിസത്തിന്റെ പ്രാഥമിക മാതൃകയ്ക്ക് റോമാസാമ്രാജ്യമാണ് കളമൊരുക്കിയതെന്നു പറയാം. ആധുനിക ടൂറിസത്തിന്റെ കറുത്ത വശങ്ങളായ ധൂർത്തിന്റെയും ലൈംഗിക അരാജകത്വത്തിന്റെയും ആദ്യകാല മാതൃകയും അവിടത്തെ ഉല്ലാസഗൃഹങ്ങളിൽത്തന്നെ കാണാമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ പതനത്തെത്തുടർന്ന് ഇത്തരം സന്ദർശനങ്ങൾ വിരളമായിത്തീർന്നു. തീർഥാടനം മാത്രമാണ് നാമമാത്രമായെങ്കിലും പിന്നീട് നിലനിന്നിരുന്നത്. പില്ക്കാലത്ത് വിജ്ഞാനസമ്പാദനത്തിനുവേണ്ടിയുള്ള യാത്രകളിലൂടെയാണ് റോം ടൂറിസം ചരിത്രത്തിൽ ഇടം നേടിയത്.
പണ്ടുകാലം മുതൽ റോമാക്കാരായ വിദ്യാർഥികളും പണ്ഡിതന്മാരും ഗ്രീസിലെ പുരാതന സ്ഥലങ്ങൾ സന്ദർശിക്കുന്ന പതിവ് നിലനിന്നിരുന്നു. ഏഥൻസ്, ഡെൽഫി, ഒളിംബിയ എന്നിവിടങ്ങൾ സന്ദർശിക്കുക എന്നത് പഠനത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കിയിരുന്നത്. 14 മുതൽ 16 വരെ ശതാബ്ദങ്ങളിൽ യൂറോപ്പിൽ, വിശേഷിച്ചും ഇറ്റലിയിൽ, ഉണ്ടായ നവോത്ഥാനത്തിന്റെ ഫലമായി വിജ്ഞാനസമ്പാദന യാത്രകളുടെ എണ്ണം വർധിച്ചു. ഈജിപ്തിലേക്കും മധ്യയൂറോപ്യൻ രാജ്യങ്ങളിലേക്കും ധാരാളം പഠനയാത്രകൾ നടന്നു. 19-ാം ശ. ആയപ്പോൾ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള പഠന യാത്രകളുടെ എണ്ണം പിന്നെയും കൂടി. ഇറ്റലിയിലെ ഗതാഗതസൗകര്യങ്ങളിൽ പെട്ടെന്നുണ്ടായ വർധന, നഗരസംവിധാനത്തിലുണ്ടായ വളർച്ച എന്നിവ നിരവധി സഞ്ചാരികളെ അവിടേക്ക് ആകർഷിച്ചു. യൂറോപ്പിൽ സമാന്തരമായുണ്ടായ സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനവും അതിന് ആക്കം കൂട്ടി. ഇറ്റലിയിലെ ചരിത്രസ്മാരകങ്ങളും വാസ്തുശില്പവൈവിധ്യങ്ങളും കലാസങ്കേതങ്ങളും വൈജ്ഞാനികലോകത്തിൽ ശ്രദ്ധേയമായിത്തീരുകയും ആദാനപ്രദാനപരമായ സഞ്ചാരങ്ങൾക്ക് കൂടുതൽ കരുത്തു പകരുകയും ചെയ്തു. പാരീസിലും മിലാനിലും ഫ്ളോറൻസിലും റോമിലും സ്വിറ്റ്സർലാന്റിലുമൊക്കെ സന്ദർശനം നടത്തുക എന്നത് 17-ാം. ശ.-ത്തിലെ ഇംഗ്ലീഷ് പണ്ഡിതന്മാരുടെയും വിദ്യാർഥികളുടെയും ജ്ഞാനാർജന പരിപാടിയിലെ അനിവാര്യ ഘടകങ്ങളിലൊന്നായി മാറി. ഈ ലക്ഷ്യമില്ലെങ്കിലും അത്തരം സ്ഥലങ്ങൾ സന്ദർശിക്കുവാൻ പ്രഭുകുടുംബങ്ങളും ഉത്സാഹം പ്രദർശിപ്പിച്ചു. ചില നിശ്ചിത സ്ഥലങ്ങൾ സന്ദർശിക്കുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. സാധാരണ ജീവിതവുമായി യാതൊരു തരത്തിലും ബന്ധപ്പെടാതിരിക്കാൻ അവർ ബോധപൂർവം ശ്രദ്ധിച്ചിരുന്നു. അക്കാലത്തെ യാത്രാപദ്ധതികളെക്കുറിച്ചു നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങൾ ഫ്രാൻസിസ് ബേക്കൺ തന്റെ യാത്രാവിവരണത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലൈബ്രറികൾ, വിജ്ഞാനമന്ദിരങ്ങൾ, മ്യൂസിയങ്ങൾ, തുറമുഖങ്ങൾ, പുരാവസ്തു സങ്കേതങ്ങൾ തുടങ്ങിയവയായിരുന്നു അക്കാലത്തെ മുഖ്യ സന്ദർശന ലക്ഷ്യങ്ങൾ.
ഇത്തരത്തിൽ വിജ്ഞാനസമ്പാദനാർഥം ആസൂത്രിതമായി നടത്തിയ യാത്രകളാണ് 'ഗ്രാൻഡ് ടൂർ' എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. ഗ്രേറ്റ് ബ്രിട്ടനിലാണ് ഈ സങ്കല്പം ആദ്യമായി പിറന്നത്. 'ഗ്രാൻഡ് ടൂറി'ന്റെ ചരിത്രത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊരാൾ ജെയിംസ് ബോസ്വെൽ ആണ്. 1763-ലും 1766-ലും ഇദ്ദേഹം ഹോളണ്ട്,ജർമനി, സ്വിറ്റ്സർലാന്റ്, ഇറ്റലി, ക്രൊയേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ഇദ്ദേഹമെഴുതിയ ദ് ജേണൽ ഒഫ് എ ടൂർ ടു ഹീബ്രൈഡ്സ് വിത്ത് സാമുവൽ ജോൺസൺ ഗ്രാൻഡ്ടൂർ ചരിത്രത്തിന്റെ നല്ലൊരു അക്ഷരസാക്ഷ്യമാണ്. ചരിത്രരചനയ്ക്കും സാഹിത്യത്തിനും ടൂറിസം നൽകിയ സംഭാവനങ്ങൾക്ക് മറ്റൊരുദാഹരണമാണ് 1764-ൽ ഇറ്റലിയിൽ 'ഗ്രാൻഡ്ടൂർ' നടത്തിയ എഡ്വാർഡ് ഗിബ്ബണിന്റെ രചനകൾ. കാലം ചെല്ലുംതോറും ഗ്രാൻഡ് ടൂറുകൾക്ക് മൂല്യച്യുതി സംഭവിക്കാനിടയായി. അവ വിനോദ-വിശ്രമലക്ഷ്യങ്ങൾ വച്ചുള്ളവ മാത്രമായി ചുരുങ്ങി.
പതിനെട്ടാം ശ.-ത്തിന്റെ അന്ത്യ ദശകങ്ങളിലും പത്തൊൻപതാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളിലും യൂറോപ്യൻ സാംസ്കാരികജീവിതത്തെ ഗ്രസിച്ച കാല്പനികത ടൂറിസത്തിന്റെ രൂപഭാവങ്ങളിൽ പരിവർത്തനം വരുത്തി. 'ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യത്തിലേക്കും പ്രകൃതിയിലേക്കുമുള്ള തിരിച്ചുപോക്ക്' തുടങ്ങിയ റൂസ്സോവിന്റെയും മറ്റും ആശയങ്ങൾ വിനോദസഞ്ചാരികളുടെ അഭിരുചി മാറ്റിമറിച്ചു. വിജ്ഞാനകേന്ദ്രങ്ങൾക്കു പകരം പ്രകൃതിസൗന്ദര്യത്തിന്റെ ഉറവിടങ്ങളായി സന്ദർശനസ്ഥലങ്ങൾ മാറി. മലനിരകൾ, വനഭൂമികൾ, കടൽത്തീരങ്ങൾ എന്നിവയായി ടൂറിസ്റ്റുകൾക്ക് കൂടുതൽ പ്രിയങ്കരം. പ്രാചീന സംസ്കൃതികളെച്ചൊല്ലിയുള്ള ഗൃഹാതുരത്വം ഇക്കാലത്തെ സഞ്ചാരികളിൽ നിറഞ്ഞുനിന്നു. തത്ഫലമായി പുരാതന യവന-റോമൻ സംസ്കാരങ്ങളുടെ ഈറ്റില്ലങ്ങൾ അവയുടെ ചരിത്രാവശിഷ്ടങ്ങൾ എന്നിവ തേടിയെത്തി കൂടുതൽ കൂടുതൽ സഞ്ചാരികൾ. ടൂറിസത്തിന്റെ ചരിത്രത്തിലുണ്ടായ നിർണായകമായ ഒരു അഭിരുചിമാറ്റം എന്നതിലുപരി, വിനോദസഞ്ചാരമേഖലയെ വിപുലവും സംസ്കാരധന്യവുമാക്കി കാല്പനിക പ്രസ്ഥാനം എന്നു പറയുന്നതായിരിക്കും ശരി.
ഇതിനു സമാന്തരമായാണ് 'അവധി ദിനങ്ങൾ' എന്ന സങ്കല്പം ജനങ്ങൾക്കുണ്ടായത്. പ്രാചീന റോമിലാണ് ഈ സങ്കല്പത്തിന്റെയും ആവിർഭാവം. പുരാതന കാലത്തുതന്നെ 'സാറ്റർനാലിയ' എന്ന പേരിൽ അവിടെ വാർഷിക അവധി ദിനങ്ങൾ നിലനിന്നിരുന്നു. ഡിസംബറിൽ നടക്കാറുള്ള ഒരു പ്രത്യേക ഉത്സവവുമായി ബന്ധപ്പെട്ടാണ് അത് നടപ്പിലാക്കപ്പെട്ടിരുന്നത്. യൂറോപ്പിലാകട്ടെ വിശുദ്ധരുടെ ജന്മദിനങ്ങളും മറ്റുമായിരുന്നു ആദ്യകാലത്ത് അവധിദിനങ്ങൾ. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമനിർമാണം ആദ്യമായി നടന്നത് ഇംഗ്ലണ്ടിലാണ്. എഡ്വേർഡ് - ആറാമൻ 1552-ൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജീവനക്കാർക്ക് ചില വിശുദ്ധ ദിനങ്ങളും ഉപവാസദിനങ്ങളും അവധി നൽകണമെന്ന നിയമം കൊണ്ടുവന്നു. 19-ാം ശ.-ത്തിൽ 'അവധിദിനങ്ങൾ' മിക്കയിടങ്ങളിലും നാമമാത്രമായെങ്കിലും നിലവിൽവന്നതോടെ വിശ്രമത്തിനുവേണ്ടിയുള്ള വിനോദയാത്രകൾ എന്ന സങ്കല്പം കൂടുതലാളുകളിലേക്ക് വ്യാപിച്ചു. അതോടെ, അഭിജാതവർഗത്തിന്റെ മാത്രമല്ല, തൊഴിലാളിവർഗത്തിന്റെയും ജീവിതത്തിന്റെ ഭാഗമായി ടൂറിസം മാറി.
19-ാം ശ.-ത്തിൽ തന്നെ പാശ്ചാത്യലോകത്ത് അരങ്ങേറിയ വ്യാവസായിക വിപ്ലവം സഞ്ചാരത്തിന്റെ സാധ്യതകൾ അതിവേഗം വർധിപ്പിച്ചു. സാങ്കേതിക രംഗത്തുണ്ടായ പുരോഗതി സഞ്ചാരത്വരയുടെ സാക്ഷാത്ക്കാരത്തിനുവേണ്ട ഭൌതിക സൗകര്യങ്ങൾ ഒരുക്കി എന്നു പറയാം. ഇക്കൂട്ടത്തിൽ ആദ്യത്തേത് തീവണ്ടിഗതാഗതത്തിന്റെ ആരംഭമാണ്. 1830-ൽ ലിവർപൂൾ മുതൽ മാഞ്ചസ്റ്റർ വരെയുള്ള ആദ്യത്തെ തീവണ്ടിപ്പാത നിലവിൽവന്നു. തുടർന്ന്, മറ്റു മുഖ്യ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതകൾ നിർമിക്കപ്പെട്ടുതുടങ്ങി. ആദ്യകാലത്ത് തീവണ്ടിമാർഗം ചരക്കുഗതാഗതമാണ് കാര്യമായി നടന്നിരുന്നതെങ്കിലും അധികം വൈകാതെ ആകർഷകവും വേഗമേറിയതുമായ ഒരു യാത്രോപാധിയായി തീവണ്ടി മാറി. ഇംഗ്ലണ്ടിൽ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലും തീവണ്ടിഗതാഗതം സാധ്യമായതോടെ സഞ്ചാരികളുടെ എണ്ണം വർധിച്ചുതുടങ്ങി. 1840-കളിൽ തീവണ്ടികൾ എന്നപോലെ 1880-കളിൽ ആവിക്കപ്പലുകൾ യാത്രാസങ്കല്പത്തെ മാറ്റിമറിച്ചു. സമുദ്രങ്ങൾ സാധാരണ യാത്രക്കാർക്കും സഞ്ചാരപഥമായി. ഭൂഖണ്ഡാന്തര കപ്പൽ യാത്രകളുടെ വർണശബളിമ ടൂറിസത്തിനു പുതിയൊരു ഈടുവയ്പായി.
ആസൂത്രിതമായ വിനോദസഞ്ചാരം യാഥാർഥ്യമാകാൻ കാരണക്കാരായത് കാൾ ബയഡേക്കർ, തോമസ് കുക്ക് എന്നീ വ്യക്തികളാണ്. ടൂറിസത്തെ ഒരു വ്യവസായമായി കണ്ട് സഞ്ചാരികൾക്ക് സന്ദർശനയോഗ്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായുള്ള പുസ്തകങ്ങൾ ആദ്യമായി രചിച്ച്, പ്രകാശിപ്പിച്ചത് കാൾ ബയഡേക്കറാണ്. അദ്ദേഹം 'ഗൈഡുബുക്കു'കൾ പല ഭാഷകളിൽ ഇറക്കിയെന്നതാണ് മറ്റൊരു പ്രത്യേകത.
ഇംഗ്ലണ്ടിലെ ഡർബിഷയറിലെ ഒരു പുസ്തകക്കച്ചവടക്കാരനും സുവിശേഷ പ്രസംഗകനുമായ തോമസ് കുക്ക് (1808-92) ടൂറിസത്തിന്റെ വികാസ ചരിത്രത്തിൽ സുപ്രധാനമായ പങ്കു വഹിച്ച വ്യക്തിയാണ്. 1841-ൽ ലോബോറോയിൽ നടന്ന ഒരു പെന്തക്കോസ്തു സഭാ സുവിശേഷ യോഗത്തിൽ കുറേയാളുകളെ എത്തിക്കേണ്ട ചുമതല ഇദ്ദേഹത്തിനായിരുന്നു. ലെസ്റ്ററിൽ നിന്ന് അവിടേക്ക് തീവണ്ടി ഉണ്ടായിരുന്നു. സുവിശേഷ യോഗത്തിൽ പങ്കെടുക്കേണ്ട 570 പേർക്ക് യാത്ര ചെയ്യാനായി തോമസ് കുക്ക് അവിടെ തീവണ്ടി സർവീസ് നടത്തിയിരുന്ന മിഡ്ലാൻഡ് കൌണ്ടീസിനോട് ഒരു പ്രത്യേക തീവണ്ടി തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ, ആദ്യത്തെ 'ചാർട്ടേഡ് ടൂറിസം സംരംഭം' എന്നു വിളിക്കാവുന്ന ആ യാത്ര 1841-ൽ ലെസ്റ്ററിൽ നിന്ന് ലോബോറോയിലേക്കും തിരിച്ചും നടന്നു. ഈ സ്പെഷ്യൽ തീവണ്ടി പ്രസ്തുത യാത്രയ്ക്ക് പ്രത്യേക നിരക്കാണ് ചുമത്തിയതെന്നത് മറ്റൊരു സവിശേഷതയായി. ഈ സംരംഭത്തിന്റെ വിജയത്തോടെ ഒരു സംഘം ആൾക്കാരെ ഒരു പ്രത്യേകസ്ഥലത്തേക്ക് പ്രത്യേക തീവണ്ടിമാർഗം എത്തിക്കുക എന്നത് കുക്ക് തന്റെ ദൗത്യമാക്കി മാറ്റി. കുക്കിന്റെ നേതൃത്വത്തിൽ നടന്ന അടുത്ത യാത്ര കുട്ടികൾക്കായി മധ്യവേനലവധിക്കാലത്ത് നടത്തിയ വിനോദസഞ്ചാരം ആയിരുന്നു. 1845 ആഗസ്റ്റ് 4-ന് ലിവർപൂളിലേക്കും അവിടെ നിന്ന് കോൺവോളിലേക്കും കുക്ക് സംഘടിപ്പിച്ച യാത്ര ലക്ഷണമൊത്ത ആദ്യത്തെ 'ചാർട്ടേഡ് ടൂർ' ആയി കണക്കാക്കപ്പെടുന്നു. അതിന് വൻ തോതിലുള്ള ജനപങ്കാളിത്തവും ഉണ്ടായി. ആ യാത്രയുടെ ഒരു സവിശേഷത യാത്രയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങളും മുൻകൂട്ടി ചിട്ടപ്പെടുത്തിയിരുന്നു എന്നതാണ്. അതിനായി യാത്രാമധ്യേയുള്ള സൗകര്യങ്ങളെ കുറിച്ച് കുക്ക് ഒരു സർവെ നടത്തുകയും എത്തുന്ന സ്ഥലത്ത് താമസസൗകര്യങ്ങളും മറ്റും മുൻകൂട്ടി ഏർപ്പാടാക്കുകയും ചെയ്തു.
യൂറോപ്പിൽ റെയിൽവേ നിലവിൽ വന്നതോടെ കുക്ക് അവിടേക്കും യാത്രാസംഘങ്ങളെ അയച്ചുതുടങ്ങി. 1862 മുതൽ ഫ്രാൻസിലേക്കും സ്വിറ്റ്സർലണ്ടിലേക്കും തുടർന്ന് ഇറ്റലിയിലേക്കും ഹംഗറിയിലേക്കും ആസ്റ്റ്രിയയിലേക്കും കുക്കിന്റെ 'ചാർട്ടേഡ് തീവണ്ടി യാത്രകൾ' ഉണ്ടായി. ഇതിനായി ഇദ്ദേഹം ഏർപ്പെടുത്തിയ നൂതന സംവിധാനമാണ് 'തോമസ് കുക്ക് റെയിൽവേ കൂപ്പൺ'. യാത്രയ്ക്കിടയിലെ ഭക്ഷണത്തിനായി കുക്ക് 'ഹോട്ടൽ കൂപ്പണു'കളും ഉണ്ടാക്കി. 1866-ൽ അമേരിക്കയിലെത്തിയ കുക്ക് അതേ വർഷം മുതൽ അവിടേക്കും സഞ്ചാരികളെ എത്തിച്ചുതുടങ്ങി. 1867-ൽ ഇദ്ദേഹം വാണിജ്യാടിസ്ഥാനത്തിൽ ടൂർ സംഘടിപ്പിക്കുന്ന പ്രഥമസ്ഥാപനമായ 'തോമസ് കുക്ക് ആൻഡ് സൺ' സ്ഥാപിച്ചു. 1872-ൽ തോമസ് കുക്ക് സ്വയം ഒരു ആഗോളയാത്ര നടത്തുകയും ചെയ്തു. കൂട്ടത്തിൽ, മധ്യപൂർവേഷ്യൻ രാജ്യങ്ങളും ഇന്ത്യയും ഇദ്ദേഹം സന്ദർശിച്ചു. ഇക്കാലത്ത്, ഔദ്യോഗികസന്ദർശകരെയും സൈനികോദ്യോഗസ്ഥരെയും ഈജിപ്തിൽ എത്തിക്കുന്ന ജോലി ബ്രിട്ടീഷ് ഗവൺമെന്റ് കുക്കിന്റെ കമ്പനിയെ ഏല്പിക്കുകയുണ്ടായി. സ്വകാര്യ ടൂറിസം സംരംഭങ്ങളുമായി ഭരണകൂടങ്ങൾ കൈകോർക്കുന്നതിന്റെ തുടക്കം കുറിക്കുന്നതിനും തോമസ് കുക്ക് കാരണഭൂതനായി.
ഇന്ത്യയിൽ 'തോമസ് കുക്ക് ആൻഡ് സണ്ണി'ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് പുത്രനായ ജോൺ കുക്ക് ആണ്. ജൂബിലിയാഘോഷവേളയിൽ വിക്ടോറിയ രാജ്ഞിയും രാജകീയ പ്രതിനിധികളും ഇന്ത്യയിലേക്കു നടത്തിയ യാത്രയുടെ സംഘാടകൻ ഇദ്ദേഹമായിരുന്നു. 'തോമസ് കുക്ക് ആൻഡ് സൺ' കമ്പനി ഇന്ത്യയിൽ നടത്തിയ ഏറ്റവും സ്തുത്യർഹമായ സേവനം ഹജ്ജ് യാത്ര സുഗമമാക്കി എന്നതാണ്. അന്ന് ഹജ്ജ് തീർഥാടനത്തിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ബ്രിട്ടീഷ് ഭരണകൂടം അവരെയാണ് ചുമതലപ്പെടുത്തിയത്.
ടൂറിസത്തിന് ഒരു വ്യവസായ പദവി നൽകുവാനുള്ള യത്നം നടത്തുകയും അതിനെ ഒരു ആസൂത്രിതപദ്ധതിയാക്കി മാറ്റുവാൻ വേണ്ട പ്രചോദനമരുളുകയും ചെയ്തത് തോമസ് കുക്ക് എന്ന ക്രാന്തദർശി തന്നെയാണ്. കുക്കിനെത്തുടർന്ന് ആ കാലത്തുതന്നെ നിരവധി ടൂർ കമ്പനികൾ നിലവിൽ വരുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ട ഒന്ന് വിനോദസഞ്ചാരികളുടെ പ്രഥമ ആഗോളയാത്ര സംഘടിപ്പിച്ച 'സ്റ്റാൻജെൻ' എന്ന ജർമൻ കമ്പനിയാണ്. 1878-ലായിരുന്നു ആ ലോക യാത്ര.
തീവണ്ടികളിലെ ഒന്നാം ക്ലാസ്സ് കമ്പാർട്ടുമെന്റുകൾ എന്ന ആർഭാടപൂർവമായ ബോഗികളുടെ നിർമാണം ടൂറിസത്തിന് ഒരുത്തേജനമായി. ഉല്ലാസപ്രദമായി യാത്ര ചെയ്യുന്നതിനും സ്വസ്ഥമായി ഭക്ഷണം കഴിക്കുന്നതിനും പറ്റിയ അത്തരം കോച്ചുകളുടെ നിർമാണത്തോടെ സമ്പന്നർ ധാരാളമായി ദീർഘദൂരവിനോദസഞ്ചാരം നടത്തിത്തുടങ്ങി. 1820-ൽ ജി.എം. പുൾമാൻ ആണ് അത്തരം കോച്ചുകൾ നിർമിച്ചത്. 'പൂൾമാൻ കോച്ചുകൾ' എന്നാണ് പിന്നീട് അവ അറിയപ്പെട്ടത്.
ആധുനിക ടൂറിസം യാഥാർഥ്യമാകുന്നത് 20-ാം ശ.-ത്തിലാണ്. വിനോദസഞ്ചാരസങ്കല്പത്തിൽ ഉണ്ടായ മാറ്റം, വിദ്യാസമ്പാദനത്തിനായുള്ള യാത്രകൾക്കു കൈവന്ന പുതിയ മൂല്യം, ഭൌതിക സമ്പത്തിലും സ്വകാര്യസ്വത്തിലുമുണ്ടായ വളർച്ച, തിരക്കും, പിരിമുറുക്കവും ഏറിയ തൊഴിൽരംഗം സൃഷ്ടിക്കുന്ന വിശ്രമതൃഷ്ണ തുടങ്ങി നിരവധി ഘടകങ്ങൾ അതിനു കാരണമായി. വ്യാപകമായിത്തീർന്ന ഹോട്ടൽ ശൃംഖലകൾ, 'പുൾമാൻ കോച്ചു'കളുടെ ക്രമപ്രവൃദ്ധമായ ഉത്പാദനവും ഉപയോഗവും, അഗമ്യമായിരുന്ന സ്ഥലങ്ങളിലേക്കു കൂടി തീവണ്ടിപ്പാതകളുടെ നിർമാണം, ഓറിയന്റ് എക്സ്പ്രസ്സ്, ബ്ലൂറിബാൻഡ് തുടങ്ങിയ വിനോദയാത്രാക്കപ്പലുകളുടെ ആവിർഭാവം ഇവയെല്ലാം ടൂറിസത്തെ മുന്നോട്ടു നയിച്ചു. ദുരന്തത്തിലവസാനിച്ചുവെങ്കിലും ടൈറ്റാനിക്ക് കപ്പൽ യാത്ര (1912) ചരിത്രപ്രധാനമായ ഒരു വിനോദസമുദ്രയാന സംരംഭമാണ്.
മധ്യവർഗത്തേയും തൊഴിലാളിവർഗത്തേയും വിനോദസഞ്ചാരികളാക്കി മാറ്റിയ ആസൂത്രിതസന്ദർശനപരിപാടികളാണ് ഇക്കാലത്ത് ടൂറിസം വികസനത്തിന് വഴിയൊരുക്കിയ മറ്റൊരു ഘടകം. ഇവയ്ക്കെല്ലാറ്റിനുമുപരി 20-ാം ശ.-ത്തിന്റെ തുടക്കത്തിൽ വിനോദസഞ്ചാരത്തിന് ഗതിവേഗം പകർന്നത് 1920 മുതൽ ധാരാളമായി ഇറങ്ങിയ സ്വകാര്യ മോട്ടോർ കാറുകളാണ്. യൂറോപ്യൻ ജനങ്ങളുടെയും അമേരിക്കൻ ജനതയുടെയും അവധിക്കാല ശീലങ്ങളെ ഈ കാറുകൾ മാറ്റി മറിച്ചു. ഒന്നാം ലോകയുദ്ധത്തിനു മുൻപുള്ള പത്തു വർഷങ്ങളിൽ കാറുകളിലൂടെയും ബസ്സുകളിലൂടെയും കരഗതാഗതരംഗത്തുണ്ടായ അപൂർവമായ മുന്നേറ്റം ടൂറിസം രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി.
വിനോദസഞ്ചാരത്തിന്റെ അനുസ്യൂതവികാസത്തിന് ഒന്നാം ലോകയുദ്ധം താല്ക്കാലികമായി വിരാമമിട്ടു. എന്നാൽ യുദ്ധാനന്തരലോകത്തിൽ ടൂറിസം മുമ്പത്തേതിലും കരുത്തോടെ തഴച്ചു വളരുകയാണുണ്ടായത്. അതിർത്തികളെക്കുറിച്ചുള്ള സങ്കല്പങ്ങളെ തിരുത്തിയ യുദ്ധം അന്തർദേശീയ ടൂറിസത്തിന് പരോക്ഷമായി ആക്കം കൂട്ടി. മാത്രമല്ല, ആഗോളയുദ്ധത്തിന്റെ വിപത്ത് കൺമുമ്പിൽ കണ്ട പലർക്കും വിശ്രമജീവിതത്തോടും, ജീവിക്കുന്ന കാലത്ത് ആവുന്നത്ര അനുഭവങ്ങൾ സ്വന്തമാക്കുക എന്ന മനോഭാവത്തോടും കൂടുതൽ ആഭിമുഖ്യം ഉണ്ടാവുകയും ചെയ്തു. യുദ്ധാനന്തരം കർശനമായ ആസൂത്രണത്തിലൂടെ വിവിധ രാജ്യങ്ങൾ കൈവരിച്ച സാമ്പത്തിക പുരോഗതിയും തത്ഫലമായി മധ്യവർഗ ജീവിതനിലവാരത്തിലുണ്ടായ ഉയർച്ചയും വിനോദസഞ്ചാരികളുടെ എണ്ണം കൂടാനിടയാക്കി. ഇക്കാലത്ത് സ്വിറ്റ്സർലാന്റിൽ ഒന്നര ദശലക്ഷത്തോളം പേരും ഇറ്റലിയിൽ ഒരു ദശലക്ഷം പേരും ആസ്ട്രിയ, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിലായി 2 ദശലക്ഷം പേരും വിനോദസഞ്ചാരികളായെത്തി.
യുദ്ധകാലത്ത് പത്രമാധ്യമങ്ങൾക്കുണ്ടായ വൻ പ്രചാരവും യുദ്ധാനന്തര ടൂറിസത്തിനു പ്രേരണയായി. അവയിലൂടെ പുതിയ പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും മറ്റു രാജ്യങ്ങളിൽ നിലവിലുള്ള സന്ദർശന സൗകര്യങ്ങളെക്കുറിച്ചും സാധാരണക്കാർക്കുപോലും അറിയുവാനുള്ള അവസരം കൈവന്നു. ആഗോളസമ്പദ്വ്യവസ്ഥയുമായി ടൂറിസം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും അത് അന്താരാഷ്ട്രധാരണയെ എത്രമാത്രം ദൃഢമാക്കുന്നുവെന്നും ചരിത്രകാരന്മാർ ഒന്നാം ലോകയുദ്ധാനന്തരകാലത്തെ ഊർജിത ടൂറിസം വികസനത്തെ അവലംബമാക്കി സ്പഷ്ടമാക്കിയിട്ടുണ്ട്.
1930-കളിൽ വിനോദസഞ്ചാര വികസനത്തെ സ്വാധീനിച്ച ഒരു ഘടകം തൊഴിലാളികൾക്ക് കിട്ടിത്തുടങ്ങിയ അർഹതപ്പെട്ട അവധിദിനങ്ങളും ശമ്പളത്തോടുകൂടിയ അവധി ദിനങ്ങളുമാണ്. 1917-ൽ നടന്ന റഷ്യൻ (ഒക്ടോബർ) വിപ്ലവത്തെത്തുടർന്ന് ലോകമെങ്ങും വ്യാപിച്ച തൊഴിലാളിവർഗത്തിന്റെ അവകാശങ്ങളെക്കുറിച്ചുള്ള പുതിയ അവബോധമാണ് അതിനു വഴിയൊരുക്കിയത്. 1936-ൽ നടന്ന 'ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷ'ന്റെ പ്രഥമ കൺവെൻഷൻ ശമ്പളത്തോടുകൂടിയ അവധിക്കുവേണ്ടി ശക്തിയുക്തം വാദിച്ചു. 1938-ലാണ് അതു പ്രാബല്യത്തിൽ വന്നത്. അതോടെ വിവിധ രാജ്യങ്ങളിലായുള്ള 11 ദശലക്ഷം തൊഴിലാളികൾക്ക് പ്രതിവർഷം നിശ്ചിത ദിവസങ്ങൾ ശമ്പളത്തോടുകൂടിയുള്ള അവധി ലഭിച്ചുതുടങ്ങി. അങ്ങനെ, വിനോദസഞ്ചാരത്തിനായി വേണ്ട സമയവും സൗകര്യവും അവർക്കു ലഭ്യമായി. ഇത് ടൂറിസത്തെ ഗണ്യമായി വളർത്തി. മാത്രമല്ല, 'സംഘടിത ടൂറിസം' എന്ന ആധുനിക സങ്കല്പത്തെ യാഥാർഥ്യമാക്കുകയും ചെയ്തു. പ്രഭുവർഗത്തിന്റെ 'ഗ്രാൻഡ് ടൂറിസം' എന്നതിൽ നിന്ന് സാധാരണക്കാരന്റെ 'മാസ്സ് ടൂറിസം' എന്ന നിലയിലേക്കുള്ള മാറ്റം വിനോദസഞ്ചാരത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി.
രണ്ടാം ലോകയുദ്ധാനന്തരവും ടൂറിസംരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായി. യുദ്ധാനന്തരദശകത്തിൽ തന്നെ അറുപത്തഞ്ചോളം രാജ്യങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. സാമ്പത്തികരംഗത്തും സാങ്കേതികരംഗത്തും വ്യാവസായികരംഗത്തുമുണ്ടായ മാറ്റങ്ങളാണ് അതിനു നിദാനമായത്. വികസ്വരരാജ്യങ്ങൾ ടൂറിസത്തെ വിദേശനാണ്യമുൾപ്പെടെയുള്ള വരുമാനമാർഗമായി പ്രയോജനപ്പെടുത്തിത്തുടങ്ങിയതും ഇക്കാലത്താണ്.
രണ്ടാം ലോകയുദ്ധാനന്തരം വ്യാപകമായിത്തീർന്ന യാത്രാവിമാനങ്ങൾ ടൂറിസത്തിന് മുൻപെന്നത്തെക്കാളും പുരോഗതിയുണ്ടാക്കി. 1950-കൾക്കുശേഷം യാത്രാ വിമാനങ്ങൾക്ക് കൂടുതൽ വേഗവും സുരക്ഷിതത്വവും കൈവന്നു; അവ നൽകിവന്ന യാത്രാസൗകര്യങ്ങൾ വർധിക്കുകയും ചെയ്തു. 'ആഗോള വിനോദസഞ്ചാരം' എന്ന സങ്കല്പം യാഥാർഥ്യമായിത്തീർന്നത് വ്യോമഗതാഗതത്തിന്റെ അഭൂതപൂർവമായ ഈ മുന്നേറ്റത്തോടെയാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, 1958-ൽ ജെറ്റ് വിമാനങ്ങൾ പറന്നു തുടങ്ങിയതോടുകൂടി അതു സംഭവിച്ചു. ബോയിങ് 747, മാക്ഡൊണൽ-ഡഗ്ലസ് പി.സി. 10, എയർബസ് എ 300, ലോക്ഹീൽഡ് ട്രിസ്റ്റാർ, എൽ 1011, തുടങ്ങിയ വിമാനങ്ങൾ കൂടുതലാളുകളെ അതിവേഗത്തിൽ വിദൂരലക്ഷ്യങ്ങളിലെത്തിക്കാൻ തുടങ്ങി. ജറ്റ് വിമാനങ്ങളിൽ അത്ലാന്തിക് സമുദ്രം കടക്കാൻ കേവലം 7-8 മണിക്കൂർ മതി എന്ന നിലവന്നു. അതേസമയം, ജറ്റുകൾ കൂടുതൽ യാത്രാക്കൂലി ചുമത്തിയതുമില്ല. അതുവരെ വ്യോമമാർഗം അപ്രാപ്യമായിരുന്ന ദക്ഷിണ പസിഫിക്, ദക്ഷിണ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എളുപ്പം എത്തിച്ചേരുവാനുള്ള സാധ്യത ജറ്റ് വിമാനങ്ങൾ സൃഷ്ടിച്ചു. ഒന്നോ രണ്ടോ ആഴ്ച മാത്രം അവധി കിട്ടുന്ന അദ്ധ്വാനവർഗാംഗങ്ങൾക്കുപോലും ദീർഘദൂര താവളങ്ങൾ സന്ദർശിച്ച് അവധി തീരുംമുൻപ് മടങ്ങാമെന്ന സ്ഥിതി വരുകയും ചെയ്തു. അമേരിക്കൻ ഡോളറിന് ആഗോളതലത്തിലുണ്ടായ അഭൂതപൂർവമായ മൂല്യവർധനയും ആഗോള ടൂറിസത്തിന് ആക്കം കൂട്ടി.
വാർത്താവിനിമയ സൗകര്യത്തിലുണ്ടായ വിപ്ലവം റേഡിയോയിൽ നിന്ന് ടെലിവിഷനിലേക്കും അവിടെനിന്ന് കമ്പ്യൂട്ടറിലേക്കും ടെലിഫോണിൽ നിന്ന് ഇന്റർനെറ്റിലേക്കുമൊക്കെയുണ്ടായ മാറ്റങ്ങൾ എന്നിവ പല തലങ്ങളിലും ആഗോള ടൂറിസത്തിന് സഹായകമായി. ഉപഗ്രഹങ്ങൾ വഴിയുള്ള കാലാവസ്ഥാപ്രവചനങ്ങളും ആഗോള വിനോദസഞ്ചാരത്തെ മുന്നോട്ടു നയിച്ചു.
ദീർഘദൂര വിനോദസഞ്ചാരത്തെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകം 'ട്രാവലേഴ്സ് ചെക്കു'കളുടെ ആവിർഭാവമാണ്. തുടർന്ന്, ക്രെഡിറ്റ് കാർഡുകൾ നിലവിൽ വന്നു. അന്തർദേശീയ നിലവാരമുള്ള ഹോട്ടൽ ശൃംഖലകളുടെ ആവിർഭാവം, ചാർട്ടേഡ് ടൂറിസത്തിന്റെ വ്യാപനം, തുടങ്ങിയ ഒട്ടനവധി ഘടകങ്ങൾ ടൂറിസത്തിന്റെ ഉന്നമനത്തിനു കാരണമായിട്ടുണ്ട്.
ഭരണകൂടങ്ങൾ ടൂറിസത്തിനു നൽകിയ വർധിച്ച പ്രാധാന്യം ഈ മേഖലയുടെ വികാസത്തിന് ഐക്യരാഷ്ട്രസഭയും മറ്റും നൽകുന്ന ഊന്നൽ, ഈ മേഖലയുമായി ബന്ധപ്പെട്ട നിലവിൽ വന്ന പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള പ്രസ്ഥാനങ്ങൾ, വിവിധ രാജ്യങ്ങളിലുള്ള ആസൂത്രിത ടൂറിസം വികസനപദ്ധതികൾ, ആകർഷകമായ പ്രചാരണ പരിപാടികൾ, വിനോദസഞ്ചാരികളെ ഉദ്ദേശിച്ചു നടത്തുന്ന മേളകൾ, ഉത്സവങ്ങൾ എന്നിവ സമകാലിക വിനോദസഞ്ചാരത്തിന്റെ വികാസത്തിനുപകരിച്ചു. തത്ഫലമായി ടൂറിസ്റ്റുകളുടെ എണ്ണവും അതുമൂലമുണ്ടാകുന്ന ദേശീയ വരുമാനവും പ്രതിവർഷം വർധിച്ചുകൊണ്ടിരിക്കുന്നു. 1950-കൾക്കുശേഷം ലോകത്തിലെ മുഖ്യ വ്യവസായങ്ങളിലൊന്നായി ടൂറിസത്തെ വളർത്തിയെടുത്തു. അന്തർദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 1955-ൽ 51 ദശലക്ഷം ആയിരുന്നത് 1965-ൽ 157 ദശലക്ഷം ആയും 1976-ൽ 220 ദശലക്ഷമായും ഉയർന്നു. 'വേൾഡ് ടൂറിസം ഓർഗനൈസേഷ'ന്റെ കണക്കുകൾ പ്രകാരം 1990-ൽ അന്തർദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 415-430 ദശലക്ഷമായിരുന്നു. 2000-ാമാണ്ടിൽ അത് ഏകദേശം 660 ദശലക്ഷമായി ഉയർന്നു.
ടൂറിസത്തിനുണ്ടായ ആഗോളസ്വീകാര്യതയ്ക്കുദാഹരണ മാണ് എല്ലാ വർഷവും സെപ്തം. 27-നു നടക്കുന്ന ലോക ടൂറിസം ദിനാഘോഷം. 2002-ലെ ദിനാഘോഷങ്ങളുടെ ഭാഗമായി 'പരിസ്ഥിതി സൗഹൃദവിനോദസഞ്ചാര-സുസ്ഥിരവികസനത്തിന്' എന്ന മുദ്രാവാക്യമായിരുന്നു ടൂറിസം രംഗം ഉയർത്തിപ്പിടിച്ചത്.
2001-ൽ ന്യൂയോർക്കിലെ 'വേൾഡ് ട്രേഡ് സെന്ററി'നു നേർക്കുണ്ടായ തീവ്രവാദ ആക്രമണവും അതേത്തുടർന്ന് അമേരിക്ക നടത്തിയ 'തീവ്രവാദവിരുദ്ധയുദ്ധവും' അന്തർദേശീയ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ന്യൂയോർക്ക് സംഭവത്തെ തുടർന്നു വിമാനയാത്ര ചെയ്യാൻപോലും പേടിച്ചവർ ക്രമേണ ഭയമുക്തരാവുകയും വീണ്ടും വിമാനത്തിൽ സഞ്ചരിക്കാൻ തുനിയുകയും ചെയ്തതിനെത്തുടർന്ന് വിനോദസഞ്ചാരത്തിനു നഷ്ടപ്പെട്ട ഗതിവേഗം കുറെശ്ശെയായി തിരിച്ചുകിട്ടിവരുകയാണിപ്പോൾ.
ടൂറിസം - നിർവചനവും സ്വഭാവവും
തിരുത്തുക'ടൂറിസ'ത്തെ ഏതാനും വാക്യങ്ങളിലുള്ള ഒരു നിർവചനത്തിലൊതുക്കുക എളുപ്പമല്ല. എങ്കിലും അത്തരമൊരു നിർവചനം വിനോദസഞ്ചാരവികസനത്തിന്റെ ആസൂത്രണത്തിന് ആവശ്യമാണു താനും. ടൂറിസത്തിന്റെ ഒരു നിർവചനത്തിനായുള്ള ശാസ്ത്രീയമായ അന്വേഷണത്തിനു ആദ്യം മുതിർന്നത് ഹെർമൻ വി. ഷുല്ലാർഡ് എന്ന ആസ്ട്രിയൻ ധനതത്ത്വശാസ്ത്രജ്ഞനാണ്. ടൂറിസത്തിന്റെ പ്രധാനപ്പെട്ട ആദ്യകാല നിർവചനം അദ്ദേഹം 1910-ൽ നൽകിയതാണ്: 'ഒരു ദേശത്തിലോ നഗരത്തിലോ രാജ്യത്തിലോ പരദേശികൾ നടത്തുന്ന പ്രവേശനം, താമസം, യാത്രകൾ എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ട, സാമ്പത്തിക കാര്യങ്ങൾക്കു മുൻതൂക്കമുള്ള എല്ലാ തരം ഇടപെടലുകളുടെയും ആകെത്തുകയാണ് ടൂറിസം'.
-
മലകയറ്റം
-
ഈജിപ്ഷ്യൻ പിരമിഡിന് മുന്നിൽ-കൾച്വറൽ ടൂറിസം
-
ആദിവാസികളോടൊപ്പം ക്യാപ്റ്റൻ കുക്ക്(രേഖാചിത്രം)-വംശീയപഠന ടൂറിസം
-
തേക്കടി -ഇക്കോ ടൂറിസം
-
ചവിട്ടിത്തിരുമൽ-ഹെൽത്ത് ടൂറിസം
-
തിരക്കേറുന്ന തീരങ്ങൾ
1942-ൽ പ്രൊഫ. ഹൻസിക്കറും ക്രാപ്ഫും കുറേക്കൂടി സാങ്കേതികമായ ഒരു നിർവചനം ടൂറിസത്തിനു നൽകി. ആ സ്വിസ് പണ്ഡിതന്മാരുടെ നിർവചനം ഇതാണ്: 'പ്രതിഫലം വാങ്ങിയുള്ള ജോലിക്കുവേണ്ടിയല്ലാതെ ഒരിടത്ത് എത്തുന്നവരുടെ യാത്രയും അവരുടെ താത്ക്കാലികവാസവും മൂലമുണ്ടാകുന്ന ബന്ധങ്ങളുടെ ആകെത്തുക എന്ന പ്രതിഭാസമാണ് ടൂറിസം.'
തുടർന്നുണ്ടായ ടൂറിസം നിർവചനം 1970-ൽ ബ്രിട്ടനിലെ 'ദ ടൂറിസം സൊസൈറ്റി' നൽകിയതാണ്: 'ജനങ്ങൾ തങ്ങളുടെ സ്ഥിരതാമസസ്ഥലത്തുനിന്ന് നടത്തുന്ന താത്ക്കാലികവും ഹ്രസ്വകാലത്തേക്കുള്ളതുമായ യാത്രകളും ലക്ഷ്യസ്ഥാനങ്ങളിലെ താമസകാലത്തിനിടയ്ക്ക് അവരനുഷ്ഠിക്കുന്ന കർമങ്ങളുമാണ് ടൂറിസം'.
1981-ൽ വിശ്രമം-വിനോദം-ടൂറിസം എന്ന വിഷയത്തെ അധികരിച്ച് 'ഇന്റർനാഷണൽ അസ്സോസിയേഷൻ ഒഫ് സയിന്റിഫിക് എക്സ്പെർട്സ് ഇൻ ടൂറിസ'(I.A.S.E.t.)വും ഇംഗ്ലണ്ടിലെ കാർഡിഫിലുള്ള 'ടൂറിസ്റ്റ് സൊസൈറ്റി'യും നടത്തിയ അന്തർദേശീയ സമ്മേളനം മുന്നോട്ടുവച്ച നിർവചനം മറ്റൊന്നാണ്: 'സ്വന്തം വാസസ്ഥലങ്ങൾക്കു പുറത്ത് ജനങ്ങൾ താത്പര്യാനുസരണം നടത്തുന്ന പ്രത്യേക കർമങ്ങളെ ടൂറിസം എന്നു വിളിക്കാം. അതിൽ വീട്ടിൽ നിന്നു മാറിയുള്ള രാത്രി താമസങ്ങൾ ഉൾപ്പെടുകയോ ഉൾപ്പെടാതിരിക്കുകയോ ചെയ്യും'.
ഈ നിർവനചനങ്ങളിലെല്ലാം പ്രാധാന്യത്തോടെ പ്രകടമാകുന്നത് ടൂറിസത്തിന്റെ താഴെപ്പറയുന്ന സവിശേഷതകളാണ്.
1. ഒരു സ്ഥലത്തേക്ക് അവിടത്തെ സ്ഥിരതാമസക്കാരല്ലാത്തവർ നടത്തുന്ന യാത്ര.
2.സന്ദർശനസ്ഥലത്തുള്ള താത്ക്കാലിക താമസം.
3.പ്രതിഫലമോ സാമ്പത്തികലാഭമോ ഉദ്ദേശിച്ചല്ലാതെ വീട്ടിൽനിന്നകന്നുള്ള താമസം.
ഇതോടൊപ്പംതന്നെ വിനോദത്തിനും ഉന്മേഷത്തിനും ഉണർവിനും വേണ്ടിയുള്ള കർമങ്ങൾ നിർവഹിക്കുന്നതിനായി നടത്തുന്ന യാത്രകളും വിനോദസഞ്ചാരത്തിൽപ്പെടും. ടൂറിസം സംഭവിക്കണമെങ്കിൽ മുഖ്യമായും മൂന്നു ഘടകങ്ങൾ ആവശ്യമുണ്ട്-
1. ഗതാഗതം
2. സന്ദർശനസ്ഥലം
3. താമസം.
സുന്ദരമായ ഒരു സ്ഥലം അഥവാ ദൃശ്യം ഒരിടത്തുണ്ടെന്നുവച്ച് അവിടേക്ക് ടൂറിസ്റ്റുകൾ ധാരാളമായി എത്തണമെന്നില്ല. അതിനു ഗതാഗതസൗകര്യം താമസസൗകര്യം എന്നീ രണ്ടു ഘടകങ്ങൾ കൂടി ഉണ്ടായേ മതിയാവൂ. ഇവയോടൊപ്പം വിനോദസഞ്ചാരത്തെ ഫലപ്രദമാക്കുന്ന മറ്റു മുഖ്യ ഘടകങ്ങൾ താഴെപ്പറയുന്നവയാണ്.
1. നല്ല കാലാവസ്ഥ
2. പ്രകൃതിഭംഗി
3. ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ
4. യാത്ര ചെയ്തെത്താനുള്ള എളുപ്പം
5. ഭൗതികസൗകര്യങ്ങളുടെ ലഭ്യത
6. നല്ല ആതിഥേയമര്യാദ
കാലാവസ്ഥയും ഭൂപ്രകൃതിയും ടൂറിസത്തിന്റെ സാധ്യതകൾ നിർണയിക്കുന്ന ഘടകങ്ങളായിരിക്കുമ്പോൾതന്നെ അവ ആപേക്ഷികങ്ങളുമാണ്. കാരണം ശൈത്യരാജ്യമേഖലകളിലുള്ളവരെ സംബന്ധിച്ചിടത്തോളം ഉഷ്ണമേഖലാരാജ്യങ്ങളാണ് വിനോദസഞ്ചാരത്തിനു ഏറ്റവും പറ്റിയ സ്ഥലങ്ങൾ. അതിശൈത്യമുള്ള ഹിമാലയൻ പ്രദേശവും അതിവന്യമായ ആഫ്രിക്കൻ വനാന്തരങ്ങളും തിരക്കുപിടിച്ച നഗരങ്ങളുമെല്ലാം പലർക്കും വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.
ഇത്തരത്തിലുള്ള ഘടകങ്ങളെല്ലാം ചേർന്ന് ഒരു വിനോദസഞ്ചാരിയെ സൃഷ്ടിക്കുന്നിടത്താണ് ടൂറിസം ആരംഭിക്കുന്നത്. ടൂറിസത്തിന്റെ എന്നപോലെ 'ടൂറിസ്റ്റ്' എന്നതിന്റെ നിർവചനവും ഏറെ ചർച്ച ചെയ്യപ്പെട്ടതിനുശേഷമാണ് സ്വീകരിച്ചിട്ടുള്ളത്. 1937-ൽ ലീഗ് ഒഫ് നേഷൻസ് ആണ് 'ടൂറിസ്റ്റ്' എന്നതിന് ആഗോള അംഗീകാരം നേടിയ ഒരു നിർവചനം രൂപപ്പെടുത്തിയത്.
'തന്റെ താമസസ്ഥലത്തുനിന്നും വ്യത്യസ്തമായ മറ്റൊരു ദേശത്ത് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും സന്ദർശനം നടത്തുന്നയാളാണ് ടൂറിസ്റ്റ്'.
ഇതനുസരിച്ച് ചികിത്സാർഥം യാത്ര ചെയ്യുന്നവരും വ്യക്തിപരമായ മറ്റാവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവരും മതപരമോ വിനോദപരമോ ആയ മേളകൾക്കും മറ്റും പോകുന്നവരും വ്യാപാരപരമായ യാത്ര ചെയ്യുന്നവരുമൊക്കെ 'ടൂറിസ്റ്റ്' നിർവചനത്തിൽപ്പെടും. ഉദ്യോഗത്തിനുവേണ്ടിയും പഠിക്കാനായും സ്ഥിരതാമസത്തിനുവേണ്ടിയും അന്യ സ്ഥലത്തെത്തുന്നവരെ ഈ നിർവചനം 'ടൂറിസ്റ്റു'കളായി കണക്കാക്കുന്നില്ല. കേവലമായ ഉല്ലാസയാത്ര മാത്രമല്ല ആധുനിക ടൂറിസത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
ടൂറിസ്റ്റുകളെക്കുറിച്ചുള്ള ഈ നിർവചനം 1945-ൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടി. അതോടുകൂടി മിക്ക രാഷ്ട്രങ്ങളും വിനോദസഞ്ചാരികളുടെ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കുന്നത് ഈ നിർവചനത്തിന്റെ അടിസ്ഥാനത്തിലാക്കി.
1963-ൽ റോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ ട്രാവൽ ആൻഡ് ടൂറിസം കോൺഫറൻസിൽ ഈ നിർവചനം കുറേക്കൂടി പരിഷ്ക്കരിക്കുകയുണ്ടായി. അതനുസരിച്ച് 24 മണിക്കൂറിൽ താഴെ മാത്രം ഒരിടത്തു സന്ദർശനം നടത്തുന്നവർ ഉല്ലാസയാത്രക്കാരൻ (excursionist) എന്നും അല്ലാതുള്ളവർ വിനോദസഞ്ചാരികൾ (Tourists) എന്നും വ്യക്തമാക്കപ്പെട്ടു. വിനോദസഞ്ചാരികളെ ആ നിർവചനം വിശ്രമത്തിനായി വരുന്നവർ (കളികൾ, അവധിക്കാലം ചെലവഴിക്കൽ, ആരോഗ്യം, പഠനം, മതപരമായ കാര്യങ്ങൾ, കായികമത്സരം) വാണിജ്യത്തിനായി വരുന്നവർ (സമ്മേളനങ്ങളിൽ പങ്കെടുക്കാനും മറ്റും വരുന്നവരടക്കം) എന്നിങ്ങനെ രണ്ടായി തിരിക്കുവാൻ സഹായകമായി.
ടൂറിസത്തിന്റെ വിവിധ രൂപങ്ങൾ
തിരുത്തുകടൂറിസ്റ്റുകളുടെ യാത്രാലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യകാലത്ത് ടൂറിസത്തെ വിഭജിച്ചിരുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മേഷത്തിനായി നടത്തുന്ന യാത്രകളാണല്ലോ ടൂറിസത്തിലെ മുഖ്യയിനം. അതുകൊണ്ടാണ് ടൂറിസത്തെ പൊതുവേ 'ഉല്ലാസയാത്ര' അല്ലെങ്കിൽ 'വിനോദയാത്ര' എന്നു വിവക്ഷിക്കുന്നത്. എന്നാൽ ആധുനികാർഥത്തിൽ ടൂറിസം വിനോദയാത്ര മാത്രമല്ല. പ്രത്യേക കായികവിനോദങ്ങളിൽ പങ്കെടുക്കാൻ പോകുന്നവരും ഇന്ന് ടൂറിസ്റ്റുകളാണ്. പക്ഷേ, 'ടൂറിസ്റ്റ്' എന്നതിന് വിനോദസഞ്ചാരി എന്നും 'ടൂറിസ'ത്തിനു വിനോദസഞ്ചാരമെന്നും ഉള്ള പദങ്ങളാണ് തർജുമയായി നാം ഉപയോഗിച്ചുവരുന്നത്. ചരിത്രപരമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദർശിക്കാനായി നടത്തുന്ന യാത്രകൾ ടൂറിസത്തിന്റെ ഭാഗമാണെങ്കിലും അവ വിനോദയാത്ര മാത്രമല്ല. അപൂർവപക്ഷികളെ കാണാനായി യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾ പുണ്യസ്ഥലങ്ങളിലേക്ക് പ്രവഹിക്കുന്ന ടൂറിസ്റ്റുകൾ അങ്ങനെ ആ പട്ടിക നീളുന്നു. ഈ പ്രത്യേകതകൾ ഓരോന്നിനെയും ആശ്രയിച്ചെന്നപോലെതന്നെ യാത്ര ചെയ്യുന്ന രീതിയെ ആസ്പദമാക്കിയും ടൂറിസം വിവിധ ഇനങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്.
ആഭ്യന്തര ടൂറിസം
തിരുത്തുകഒരു രാജ്യത്തിനകത്ത് അതേ രാജ്യത്തിലുള്ളവർ നടത്തുന്ന സന്ദർശനങ്ങളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. വിനോദത്തിനായും കുടുംബസംഗമങ്ങൾക്കായും സമ്മേളനങ്ങൾക്കായും ആരാധനയ്ക്കായും ഉള്ള യാത്രകളെല്ലാം ഇതിലുൾപ്പെടുന്നു. അന്താരാഷ്ട്ര ടൂറിസം എന്നപോലെതന്നെ ഓരോ രാജ്യത്തിന്റെയും ടൂറിസം രംഗത്ത്
ആഭ്യന്തര വിനോദസഞ്ചാരത്തിന് ഏറെ പ്രസക്തിയുണ്ട്. വിശേഷിച്ചും, ഏറെ വിസ്തൃതിയുള്ളതും വിവിധ ഭാഷകൾ സംസാരിക്കുന്നവരും വിവിധ മതാചാരങ്ങളും മറ്റും പിന്തുടരുന്നവരുമായ നൂറിലധികം കോടി ജനങ്ങൾ വസിക്കുന്നതുമായ ഇന്ത്യക്ക് വിദേശനാണ്യലബ്ധി ഒഴിച്ച് ഏതാണ്ട് മറ്റെല്ലാ ടൂറിസം നേട്ടങ്ങളും ഇതുമൂലം ഉണ്ടാകുന്നുണ്ട്. ആഭ്യന്തര ടൂറിസത്തിലെ പ്രധാന സങ്കേതങ്ങൾ എല്ലായ്പ്പോഴും അവിടത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി ആകണമെന്നില്ല. എന്നാൽ, ഒരു രാജ്യത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് സങ്കേതങ്ങൾ മിക്കവയും ആഭ്യന്തര വിനോദസഞ്ചാരികളുടെയും ഇഷ്ടതാവളങ്ങളായിരിക്കും.
അഡ്വഞ്ചർ ടൂറിസം (സാഹസിക ടൂറിസം)
തിരുത്തുകസാഹസിക പ്രവൃത്തികളിലൂടെ മാനസികോല്ലാസം ആഗ്രഹിക്കുന്നവർ നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മലകയറ്റം. ലോകത്തിലെ ഒട്ടുമിക്ക ടൂറിസ്റ്റ് രാജ്യങ്ങളിലും അഡ്വഞ്ചർ ടൂറിസത്തിനായുള്ള സങ്കേതങ്ങളുണ്ട്. മലകയറ്റത്തിനു പുറമേ, സാഹസികമായ മത്സ്യബന്ധനം, മഞ്ഞുമേഖലകളിലെ സാഹസികവിനോദങ്ങൾ, കുതിരസവാരി തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. പ്രകൃതിയോട് ഏറ്റുമുട്ടുന്ന തരം സാഹസികതകൾക്കൊപ്പം മനുഷ്യനിർമിതമായ സാഹസികകേളികളും അഡ്വഞ്ചർ ടൂറിസം രംഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. അഡ്വഞ്ചർ പാർക്കുകൾ ഈ തരം വിനോദസഞ്ചാരത്തിനുവേണ്ടി നിർമിക്കപ്പെട്ടിട്ടുള്ളവയാണ്.
എത്നിക് ടൂറിസം (വംശീയ പഠന ടൂറിസം)
തിരുത്തുകവംശീയപാരമ്പര്യങ്ങളെ അടുത്തറിയുന്നതിനുവേണ്ടി നടത്തുന്ന വിനോദസഞ്ചാരപദ്ധതികൾ. അന്യം നിന്നു തുടങ്ങുന്ന പാരമ്പര്യജനാ-വാസ കേന്ദ്രങ്ങളിലേക്ക് അവരുടെ കലയും സംസ്കാരവും ജീവിതരീതിയും കണ്ടറിയുവാനായാണ് വംശീയപഠന ടൂറിസത്തിൽ സഞ്ചാരികൾ പങ്കാളികളാവുന്നത്.
കൾച്വറൽ ടൂറിസം (സാംസ്കാരിക ടൂറിസം)
തിരുത്തുകചരിത്രസ്മാരകങ്ങളും സാംസ്കാരികത്തനിമയാർന്ന ദേശങ്ങളും തേടിയുള്ള യാത്രകളാണ് സാംസ്കാരിക ടൂറിസം കൊണ്ട് അർഥമാക്കുന്നത്. ഇതിന് അതാതിടങ്ങളിലെ സാമ്പത്തികരംഗത്തെപോലെ സാംസ്കാരികരംഗത്തും വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്. ചരിത്രസ്മാരകങ്ങളും മറ്റും സംരക്ഷിച്ച് നിലനിർത്തുന്നതിന് പ്രചോദനം നൽകുന്നു ടൂറിസം. ഭാരത സർക്കാർ അടുത്തകാലത്തായി കൂടുതൽ പ്രാധാന്യം നൽകിവരുന്നത് കൾച്വറൽ ടൂറിസത്തിനാണ്.
ഹെൽത്ത് ടൂറിസം (ആരോഗ്യ ടൂറിസം)
തിരുത്തുകആരോഗ്യപരിചരണത്തിനായി നടത്തുന്ന യാത്രകൾ. ഒരു നിശ്ചിതരോഗത്തിന്റെ ചികിത്സയ്ക്കായോ ശസ്ര്തക്രിയയ്ക്കായോ നടത്തുന്ന യാത്രകളല്ല, മറിച്ച് സുഖചികിത്സകൾക്കായി നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഔഷധഗുണമാർന്നതെന്നു കരുതപ്പെടുന്ന തടാകതീരങ്ങളിലേക്ക് നടത്തിയ ആദ്യകാലസഞ്ചാരങ്ങൾ മുതൽ വിഭിന്ന രാജ്യങ്ങളിലെ പാരമ്പര്യ ചികിത്സാരീതികൾ അതാതിടങ്ങളിൽ ചെന്നു സ്വീകരിക്കാനുള്ള യാത്രകൾ വരെ ഇതിലുൾപ്പെടുന്നു.
മാസ്സ് ടൂറിസം (സംഘ ടൂറിസം)
തിരുത്തുകവൻതോതിൽ ആളുകൾ പങ്കാളികളാകുന്നതരം വിനോദസഞ്ചാരമാണിത്. കാണേണ്ട കാഴ്ചകളും വിനോദസൗകര്യങ്ങളുമെല്ലാം ഇതിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കും. ആതിഥേയ സമൂഹത്തിന്റെ വിഭവശേഷിയുടെ മേലും മറ്റു സൗകര്യങ്ങളുടെ മേലും ഇത് വലിയ സമ്മർദം ചെലുത്തും എന്നതിനാൽ മാസ്സ് ടൂറിസത്തോട് മൂന്നാം ലോക രാജ്യങ്ങളിലെ ഒരു വിഭാഗം ജനങ്ങൾ കടുത്ത എതിർപ്പാണ് വച്ചുപുലർത്തുന്നത്.
ഇക്കോ ടൂറിസം (പ്രകൃതി-സൗഹൃദ ടൂറിസം)
തിരുത്തുകവിനോദസഞ്ചാരത്തിനെതിരെ ഉയർന്നിട്ടുള്ള ഏറ്റവും വലിയ ആരോപണങ്ങളിൽ ഒന്ന് അത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും അതുവഴി ആ പ്രദേശങ്ങളുടെ തന്നെയും പാരിസ്ഥിതിക സംതുലനാവസ്ഥ തകിടം മറിക്കുന്നു എന്നതാണ്. ഇതിനുപരിഹാരമായി സ്വീകരിച്ചുപോരുന്നതാണ് ഇക്കോ ടൂറിസം. ഇത് ഒരു സ്ഥലത്തെ പാരിസ്ഥിതികസവിശേഷതകളെത്തന്നെയാണ് വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. നിത്യഹരിതവനങ്ങളും മലനിരകളും മഞ്ഞുപാറകളുമെല്ലാം ഇത്തരത്തിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റപ്പെട്ടിട്ടുണ്ട്. പ്രകൃതി-സൗഹൃദ ടൂറിസം ഒരു തരത്തിലും പ്രസ്തുത സ്ഥലത്തെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്യപ്പെടുക. അത് യഥാവിധി സംഘടിപ്പിച്ചാൽ പ്രകൃതി വിസ്മയങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും കലവറകൾ കാഴ്ചവസ്തുക്കളാകും എന്നതിനോടൊപ്പം അവ സംരക്ഷിക്കപ്പെടുകയും ചെയ്യും.
'ഇക്കോ ടൂറിസ'ത്തിനും 'കൾച്വറൽ ടൂറിസ'ത്തിനുമാണ് നാം ഇപ്പോൾ കൂടുതൽ പ്രാധാന്യം നല്കിവരുന്നത്.
ബദൽ ടൂറിസം
തിരുത്തുകവിവേചനമില്ലാത്ത വിനോദസഞ്ചാര വളർച്ച വരുത്തിത്തീർത്ത സാമൂഹികവും പാരിസ്ഥിതികവും ധാർമികവുമായ പ്രശ്നങ്ങളാണ് ബദൽ ടൂറിസം എന്ന നൂതന ടൂറിസം സങ്കല്പത്തിലേയ്ക്കു നയിച്ചത്. സുസ്ഥിരമായ ടൂറിസം (sustainable tourism) എന്ന പേരിലും ബദൽ ടൂറിസം (alternative turism) അറിയപ്പെടുന്നു. ആതിഥേയജനതയുടെ സംസ്കാരത്തെയും പ്രകൃതിയെയും ജീവിതരീതിയെയുമെല്ലാം ആദരിക്കുന്ന ഒന്നാണിത്. ഒരു പ്രദേശത്തിന് ഉൾക്കൊള്ളാനുള്ള കഴിവിനനുസരിച്ച് മാത്രം സഞ്ചാരികളെ അനുവദിച്ചുകൊണ്ട് എണ്ണത്തെക്കാൾ ഗുണത്തിന് പ്രാധാന്യം കൊടുക്കുന്നു, ഇത്.
മുഖ്യ ഘടകങ്ങൾ
തിരുത്തുകപ്രോത്സാഹന പ്രവർത്തനങ്ങൾ
തിരുത്തുകടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രോത്സാഹന പ്രവർത്തനങ്ങൾ (promotional activities) പ്രാഥമിക സ്ഥാനം നേടുന്നു. ഒരു വ്യക്തിയെയോ സംഘത്തെയോ 'ടൂറിസ്റ്റ്(കൾ)' ആക്കി മാറ്റുന്നതിനുവേണ്ട വിവരങ്ങളും പ്രേരണയും നിർഭയത്വവും പ്രദാനം ചെയ്യുന്നതാണ് ടൂറിസം പ്രോത്സാഹന പ്രവർത്തനം. അത് വിനോദസഞ്ചാരികളെ എന്നപോലെതന്നെ 'ട്രാവൽ ഏജന്റു'കളെയും 'ടൂർ ഓപ്പറേറ്റർ'മാരെയും 'റിസർവേഷൻ സർവീസുകാരെ'യും ഹോട്ടലുടമകളെയും ഗതാഗതരംഗത്തുള്ളവരെയും എല്ലാം നിശ്ചിതവിനോദസഞ്ചാരസങ്കേതത്തിലേക്ക് ആകർഷിക്കുവാൻ പോരുന്നതുമായിരിക്കും. ഒരു വ്യവസായം എന്ന നിലയിൽ സേവനരംഗത്തുള്ളവരെയും ഉപഭോക്താക്കളെയും തങ്ങളുടെ ഉത്പന്നത്തിലേക്ക് ആകർഷിക്കാനുള്ള ദ്വിമുഖകർമപദ്ധതിയാണ് ടൂറിസത്തിലെ പ്രോത്സാഹന പ്രവർത്തനങ്ങൾ. ഇത് പ്രധാനമായും മൂന്നു തരത്തിലാണ് നിർവഹിക്കപ്പെടുന്നത്.
i. പരസ്യങ്ങൾ
ii. വിപണനോന്മുഖ കർമങ്ങൾ
iii. പബ്ലിക് റിലേഷൻസ്
ഇവ മൂന്നും വ്യത്യസ്തങ്ങളായിരിക്കെത്തന്നെ പരസ്പരപൂരകങ്ങളുമായിരിക്കുന്നു. ഈ മൂന്നുതരം കർമങ്ങളുടെ പരസ്പരബന്ധത്തിന്റെ വിജയമായിരിക്കും പ്രസ്തുത ടൂറിസം പ്രോത്സാഹന പ്രവർത്തനത്തിന്റെയും വിജയം.
പരസ്യങ്ങൾ. ടൂറിസ്റ്റ് സങ്കേതങ്ങളെക്കുറിച്ചുള്ള സാമാന്യമായ അറിവു നൽകുക എന്നതു മാത്രമാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരസ്യങ്ങൾകൊണ്ട് ആദ്യകാലത്ത് ഉദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാൽ വിദേശനാണയലബ്ധിക്കായുള്ള ഏറ്റവും നല്ല വ്യവസായമാണിതെന്ന കാഴ്ചപ്പാടുണ്ടായതോടെ മത്സരബുദ്ധിയോടുകൂടെയുള്ള വാണിജ്യ പരസ്യങ്ങൾ ഈ രംഗത്തും ആവിർഭവിച്ചു. ടൂറിസം പരസ്യരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് പ്രൊഫ. ക്രാപ്ഫിന്റെ പഠനങ്ങളാണ്. ഈ മേഖലയിലെ ഉപഭോഗം മുഖ്യമായും ആശ്രയിച്ചുനിൽക്കുന്നത് വൈകാരികതലത്തെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അതുകൊണ്ട് സഞ്ചാരികളെ വൈകാരികമായി പ്രചോദിപ്പിക്കുന്നതരം പരസ്യങ്ങൾക്കാണ്, വസ്തുനിഷ്ഠവിവരണങ്ങളടങ്ങിയ പരസ്യങ്ങളെക്കാൾ, കൂടുതൽ പ്രസക്തി എന്നദ്ദേഹം സമർഥിച്ചു.
ഇന്ന് ടൂറിസം രംഗത്ത് രണ്ട് പ്രവണതകളാണ് പൊതുവേ കാണപ്പെടുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ മുഖ്യ പ്രഭവകേന്ദ്രം അമേരിക്കയും പടിഞ്ഞാറൻ യൂറോപ്പുമായതുകൊണ്ട് അന്താരാഷ്ട്ര ടൂറിസം മേഖലയിൽ മത്സരിക്കുന്ന രാഷ്ട്രങ്ങൾ ആ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരസ്യങ്ങൾ ധാരാളമായി ചെയ്യുന്നത്. വിനോദസഞ്ചാരരംഗത്ത് വികാസം കൈവരിച്ച രാജ്യങ്ങൾ അവിടങ്ങളിലെ ടൂറിസം വ്യാപാര സ്ഥാപനങ്ങളെയോ, റിസോർട്ടുകളെയോ, പ്രത്യേക സങ്കേതങ്ങളെയോ ആസ്പദമാക്കിയുള്ള പരസ്യങ്ങൾക്കാണ് മുൻതൂക്കം നൽകുക. വികസ്വരരാജ്യങ്ങളാകട്ടെ, രാജ്യത്തെ ഒറ്റ ഘടകമായി കണ്ടുകൊണ്ടുള്ള പരസ്യതന്ത്രങ്ങളാണ് പൊതുവേ സ്വീകരിച്ചുവരുന്നത്.
അച്ചടിച്ചു തയ്യാറാക്കിയ പരസ്യസാമഗ്രികൾ, പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയുമുള്ള പരസ്യങ്ങൾ, ദൃശ്യമാധ്യമത്തിലൂടെയുള്ള പരസ്യങ്ങൾ, സ്ഥാപനങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള പരസ്യങ്ങൾ, വ്യക്തിതലത്തിൽ നടത്തുന്ന പ്രചാരണപ്രവർത്തനങ്ങൾ എന്നിങ്ങനെ മുഖ്യമായും അഞ്ചുതരത്തിലാണ് ടൂറിസം രംഗം പരസ്യവേലകൾ നിർവഹിക്കുന്നത്.
അച്ചടിച്ചു തയ്യാറാക്കിയ പരസ്യസാമഗ്രികളിൽ പ്രധാനപ്പെട്ടവ ലീഫ്ലെറ്റുകൾ, ബ്രോഷറുകൾ, ഫോൾഡറുകൾ, പോസ്റ്ററുകൾ എന്നിവയാണ്.
പൊതുവായ വിവരങ്ങളേക്കാളുപരി ഒരു സവിശേഷ സന്ദർശനസ്ഥലത്തെപ്പറ്റിയോ സന്ദർശനപദ്ധതിയെപ്പറ്റിയോ ഉള്ള വിവരങ്ങൾ ഹ്രസ്വമായി നൽകുന്നവയാണ് ലീഫ്ലെറ്റുകൾ. കുറേക്കൂടി ആകർഷകമായ ഫോൾഡറുകളെ ടൂറിസം വിപണനരംഗത്തെ നിശ്ശബ്ദപ്രതിനിധി (silent representative) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വർണാഭമായ ചിത്രങ്ങൾ ഇവയിലുണ്ടാവും. കാഴ്ചയ്ക്കുള്ള ഭംഗി, പുറംചട്ടയുടെ ആകർഷണീയത ആവശ്യമായ വിവരങ്ങളുടെ കൃത്യമായ പ്രതിപാദനം, ലാളിത്യം, ഹ്രസ്വത എന്നിവയൊക്കെയാണ് ഫോൾഡറുകളുടെ സവിശേഷതകൾ.
വലുപ്പത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമാണ് ബ്രോഷറുകൾ. അത് ടൂറിസ്റ്റ് 'ഗൈഡുബുക്കു'കളിൽ നിന്നും ഭൂമിശാസ്ര്തവിവരണപുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമാണ്. പരസ്യം ചെയ്യപ്പെടുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാനുള്ള വഴികൾ, അവിടെനിന്ന് എളുപ്പം എത്തിച്ചേരാവുന്ന സമീപസ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, അവിടത്തെ ഭൂമിശാസ്ത്രസവിശേഷതകൾ, കാലാവസ്ഥ, ധനവിനിയോഗ രീതികൾ, താമസസൌകര്യങ്ങൾ, ഭക്ഷണരീതി, പ്രത്യേകനിയമങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, അവിടെനിന്നു വാങ്ങാവുന്ന സാധനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും അതിലുണ്ടായിരിക്കും. ആകർഷകമായ ചിത്രങ്ങളും ബ്രോഷറുകളെ മോടിപിടിപ്പിക്കുന്നു.
പോസ്റ്ററുകൾ മറ്റുള്ളവയെക്കാൾ എളുപ്പത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും. മുഖ്യമായും ട്രാവൽ ഏജൻസികളിലും ഇതര ടൂറിസം സ്ഥാപനങ്ങളിലുമാണ് ഇവ പ്രദർശിപ്പിക്കപ്പെടുന്നത്. ഇത്തരം അകത്തുപയോഗിക്കാവുന്ന തരം പോസ്റ്ററുകൾക്കു പുറമേ പൊതുസ്ഥലങ്ങളിൽ, വിശേഷിച്ചും സന്ദർശനസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ പറ്റിയ തരം വലിയ പോസ്റ്ററുകളും ബോർഡുകളും ഉപയോഗിച്ചുവരുന്നുണ്ട്.
പത്രങ്ങളിലൂടെയും ആനുകാലികപ്രസിദ്ധീകരണങ്ങളിലൂടെയുമുള്ള പരസ്യം കുറേക്കൂടി വ്യാപകമായ മേഖലയിൽ എത്തുന്നുണ്ട്. ദൃശ്യമാധ്യമരംഗത്തെ ആദ്യകാലത്തെ പരസ്യങ്ങൾ സഞ്ചാരമാഹാത്മ്യങ്ങളുടെയും സ്ഥലപുരാണങ്ങളുടെയും ഡോക്യുമെന്ററികൾ വഴിയായിരുന്നു. അമേരിക്കയിൽ അത്തരം ഹ്രസ്വ ചലച്ചിത്രങ്ങൾ 'ട്രാവലോഗു'കൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് പരസ്യചിത്രങ്ങളുടെ വരവായി. ഇപ്പോൾ ചലച്ചിത്ര മാധ്യമത്തെക്കാളേറെ ടെലിവിഷൻ മാധ്യമത്തെയാണ് ദൃശ്യമാധ്യമ പരസ്യങ്ങൾ ആശ്രയിക്കുന്നത്. അതേസമയം, ചലച്ചിത്രരംഗം പരോക്ഷമായ ടൂറിസം പ്രചാരണം എക്കാലത്തും നടത്തുന്നുണ്ട്. മനോഹരമായ ഭൂഭാഗങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റും ചിത്രീകരണസ്ഥലമാക്കിക്കൊണ്ടുള്ള കഥാചിത്രങ്ങളാണ് ടൂറിസത്തിന് അത്തരം പരോക്ഷപ്രചാരണം നൽകുന്നത്.
സ്ഥാപനങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള പരസ്യങ്ങൾ ടൂറിസം രംഗത്ത് വിജയകരമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ചെറിയ പ്രദർശനസാമഗ്രികളും ലഘുചിത്രങ്ങളുമെല്ലാമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ സ്പോർട്സ് കടകളിലും, ഫാഷൻ സ്ഥാപനങ്ങളിലും, യാത്രാസഹായികൾ വിൽക്കുന്നയിടങ്ങളിലും മറ്റും പ്രദർശിപ്പിക്കാറുണ്ട്. അന്തർദേശീയ ടൂറിസം മേളകളിലൂടെ നടത്തുന്ന പരസ്യങ്ങളാണ് ഈ വിഭാഗത്തിലെ മറ്റൊരിനം. ഓരോ ടൂറിസ്റ്റ് ആഫീസും അതാതു ദേശത്തിന്റെ പരമ്പരാഗതമട്ടിൽ ഒരുക്കിവയ്ക്കുന്നതുപോലും ഈ തരത്തിലുള്ള പരസ്യമായാണ് കണക്കാക്കപ്പെടുന്നത്.
വിപണനോന്മുഖ കർമങ്ങൾ. ഒരു പ്രത്യേക ടൂറിസംരംഗത്തിന്റെ ഉപഭോക്താക്കളെയും ആ രംഗത്തു പ്രവർത്തിക്കുന്നവരെയും നേരിട്ടു ബന്ധപ്പെടുത്തുന്ന തരം പ്രവർത്തനങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. വിനോദസഞ്ചാരമേളകൾ സംഘടിപ്പിക്കുക അവയിൽ പങ്കെടുക്കുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. മറ്റൊന്ന് വിവിധ രീതികളിലുള്ള പ്രത്യേക സന്ദർശന പാക്കേജുകൾ സംഘടിപ്പിക്കുക എന്നതാണ്. ഓരോരോ സ്ഥലങ്ങളിൽ പ്രത്യേക ഉത്സവങ്ങൾ സംഘടിപ്പിക്കുകയാണ് ഒരു രീതി. അന്താരാഷ്ട്ര കായിക കലാമേളകൾക്ക് ആതിഥ്യം വഹിക്കുകയാണ് മറ്റൊരു മാർഗം. പ്രത്യേക യാത്രാ-താമസ കിഴിവുകൾ നൽകുന്നതും വിപണോന്മുഖകർമങ്ങളിൽ ഉൾപ്പെടുന്നു. ചലച്ചിത്രോത്സവങ്ങൾ, ഫാഷൻ ഷോകൾ എന്നിവയും ഈ രീതിയിലുള്ള പ്രചാരണ പരിപാടികളിൽ ഉൾപ്പെടുന്നു. പ്രാദേശിക ഉത്സവങ്ങളെ അന്താരാഷ്ട്ര തലത്തിൽ വിപണനം ചെയ്യുന്ന തരത്തിലും ഇവ പ്രത്യക്ഷപ്പെടാറുണ്ട്. കേരളത്തിലെ ഓണം വിനോദസഞ്ചാര വാരാഘോഷം ഇതിനൊരുദാഹരണമാണ്.
പബ്ലിക് റിലേഷൻസ്. പത്രങ്ങളിലും ആനുകാലികങ്ങളിലും വാർത്തകളും ചിത്രങ്ങളും വരുത്തുന്നതും ടൂറിസം ജേർണലുകളുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നതും ടൂറിസം പബ്ലിക് റിലേഷൻസിലെ മുഖ്യ ഘടകങ്ങളാണ്. അതാതു ടൂറിസം മേഖലകളിൽ ഓരോ കാലാവസ്ഥയും ഉണ്ടാക്കുന്ന മാറ്റങ്ങൾ ഉപഭോക്താക്കളിലെത്തിക്കാനുള്ള ചെലവില്ലാത്ത ഒരു മാർഗമാണ് ഇത്. ഒരു രാജ്യത്തെക്കുറിച്ചുള്ള മികച്ച അഭിപ്രായം അന്താരാഷ്ട്രതലത്തിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും വിനോദസഞ്ചാരമേഖലയിലെകൂടി പബ്ലിക് റിലേഷൻസ് പ്രവർത്തനം ആകുന്നു. സ്വതന്ത്രവും ഭയരഹിതവുമായ സഞ്ചാരം ഉറപ്പാക്കാൻ രാജ്യത്തിന്റെ സമാധാനപരമായ കാലാവസ്ഥ ആവശ്യമാണ്. വാർത്തകൾ, ഫീച്ചറുകൾ, പത്രക്കുറിപ്പുകൾ, ചലച്ചിത്രങ്ങൾ, ചിത്രങ്ങൾ എന്നിങ്ങനെ വിവിധ രൂപങ്ങളിലാണ് 'ടൂറിസം പബ്ലിക് റിലേഷൻസ്' യാഥാർഥ്യമാകുന്നത്.
ട്രാവൽ ഏജൻസികൾ
തിരുത്തുകഇന്നത്തെ രീതിയിലുള്ള ട്രാവൽ ഏജൻസികൾ ജെറ്റ് എയർ ട്രാവലിന്റെ ആരംഭത്തോടെയാണ് പ്രവർത്തനം തുടങ്ങിയത്. ടൂറിസത്തിൽ ഇന്നവയുടെ ദൗത്യം വിനോദസഞ്ചാരികൾക്ക് യാത്ര, താമസം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ മുൻകൂട്ടി ബുക്കുചെയ്യുക എന്നതാണ്. അന്താരാഷ്ട്ര ട്രാവൽ ഏജൻസികൾ മിക്കവയും ഏതെങ്കിലും ഹോട്ടൽ ശൃംഖലയുടെയോ വിമാനക്കമ്പനിയുടെയോ റെയിൽവേകമ്പനിയുടെയോ കപ്പൽക്കമ്പനിയുടെയോ ടൂർ ഓപ്പറേറ്റർമാരുടെയോ പ്രതിനിധി എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ യഥാകാലം നൽകുക, യാത്രയുടെ വിശദാംശങ്ങൾ നേരത്തേ തയ്യാറാക്കുക, ടിക്കറ്റുകൾ എടുത്തുകൊടുക്കുക, യാത്രയ്ക്കു വേണ്ടിവരുന്ന വിദേശ കറൻസി ലഭ്യമാക്കുക, സഞ്ചാരികൾക്കും അവരുടെ കൈവശമുള്ള സാധനങ്ങൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തിക്കൊടുക്കുക എന്നിവയെല്ലാം ട്രാവൽ ഏജൻസികൾ ചെയ്യുന്നു.
ഒട്ടേറെ ആസൂത്രണം ആവശ്യമുള്ള ഒന്നാണ് ട്രാവൽ ഏജൻസിയുടെ രൂപവത്ക്കരണം. ഇവയുടെ കർമമേഖലയുടെ വലുപ്പം ഓരോ രാജ്യത്തിലും വ്യത്യസ്തമാണ്. വ്യാവസായിക-സാമ്പത്തികപുരോഗതി കൈവരിച്ച രാജ്യങ്ങളിൽ വിനോദസഞ്ചാരികൾ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടു മാത്രമേ യാത്രകൾ ആസൂത്രണം ചെയ്യാറുള്ളൂ എന്നതിനാൽ അവിടങ്ങളിൽ വിപുലമായ ട്രാവൽ ഏജൻസികളാണ് നിലവിലുള്ളത്. വിപണന വിഭാഗം, ഗവേഷണ വിഭാഗം, ആസൂത്രണ വിഭാഗം, പരസ്യ വിഭാഗം, ധനകാര്യ വിഭാഗം തുടങ്ങിയ ഉപവകുപ്പുകളും ഇവയ്ക്കുണ്ടാവും. അന്തർദേശീയ രംഗത്തു പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികൾക്ക് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസ്സോസ്സിയേഷന്റെ അംഗീകാരം നിർബന്ധമാണ്. ഇതിനുപുറമെ ഓരോ രാജ്യത്തും ട്രാവൽ ഏജൻസികൾ രജിസ്റ്റർ ചെയ്യാനുള്ള മറ്റു സ്ഥാപനങ്ങളുമുണ്ട്. ഇന്ന് ഏറ്റവുമധികം ട്രാവൽ ഏജൻസികൾ പ്രവർത്തിക്കുന്നത് അമേരിക്ക, കാനഡ, ജർമനി എന്നീ രാജ്യങ്ങളിലാണ്.
ടൂർ ഓപ്പറേറ്റർമാർ
തിരുത്തുകകഴിഞ്ഞ മൂന്നു ദശകങ്ങളിൽ വിനോദസഞ്ചാര രംഗത്തുണ്ടായ ഗതിമാറ്റത്തിനും അത്ഭുതകരമായ വളർച്ചയ്ക്കും പ്രധാന കാരണം ടൂർ ഓപ്പറേറ്റർമാരുടെ സാന്നിധ്യമാണ്. ചരിത്രപരമായി ട്രാവൽ ഏജൻസികളുടെ വികസിതരൂപമാണ് 'ടൂർ ഓപ്പറേറ്റർമാർ' എന്നു പറയാം. ഒരു ചില്ലറ വില്പനക്കാരനും മൊത്തക്കച്ചവടക്കാരനും തമ്മിലുള്ള വ്യത്യാസമാണ് ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരും തമ്മിലുള്ളത്. ട്രാവൽ ഏജൻസികൾ ഏജന്റുകൾ മാത്രമായിരിക്കുമ്പോൾ ടൂർ ഓപ്പറേറ്റർമാർ ടൂറിസം പാക്കേജുകളുടെ സംവിധായകർ/സംഘാടകർ കൂടിയാണ്. അവ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ആ പദ്ധതികൾ മൊത്തമായി വിറ്റഴിക്കുകയും ചെയ്യുന്നു. അതിൽ യാത്രയും താമസവും വിനോദവും എല്ലാം ഉൾപ്പെടും. മറ്റൊരു പ്രത്യേകത, ടൂർ ഓപ്പറേറ്റർമാർ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കായല്ല (free individual traveller-FIT) സംഘമായി സഞ്ചരിക്കുന്നവർക്കായാണ് (inclusive tourist-IT) യാത്രാപരിപാടികൾ സംഘടിപ്പിക്കുന്നത്.
സംഘമായി സഞ്ചരിക്കുക എന്നതുകൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത് പരസ്പരം പരിചയമുള്ളവർ കൂടിയാലോചിച്ചു നടത്തുന്ന യാത്രയെ അല്ല. ഇവിടെ സംഘാംഗങ്ങൾക്കു തമ്മിൽ ഒന്നിച്ചു സഞ്ചരിക്കുന്നു എന്ന ബന്ധമേയുള്ളൂ. ഇവരുടെ യാത്രാപരിപാടി വിശദമായിത്തന്നെ മുൻകൂട്ടി ടൂർ ഓപ്പറേറ്റർ നിശ്ചയിച്ചതാവും. അവർ അതിന് ഒരു വില നിശ്ചയിച്ചശേഷം അത് പലർക്കും വിൽക്കുകയും തങ്ങളുടെ മേൽനോട്ടത്തിൽ മുൻനിശ്ചയപ്രകാരം യാത്ര സംഘടിപ്പിക്കുകയും ചെയ്യും. ഇത്തരം യാത്രാപരിപാടികളെ പാക്കേജ് ഹോളിഡേ (package holiday), അല്ലെങ്കിൽ പാക്കേജ് ടൂർ (package tour) എന്നാണു വിളിക്കുക. 1960-കളിലാണ് ഇത് നിലവിൽ വന്നത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ളതിനെക്കാളും കുറഞ്ഞ ചെലവിൽ താമസമടക്കമുള്ള യാത്രാസൗകര്യങ്ങൾ സഞ്ചാരികൾക്ക് ലഭിക്കുന്നു എന്നതാണ്.
ടൂർ ഓപ്പറേറ്റർമാർ നടത്തുന്ന യാത്രാപരിപാടികളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗ്രൂപ്പ് ഇൻക്ലൂസിവ് ടൂർ (group inclusive tour) എന്നറിയപ്പെടുന്ന സംഘയാത്രകൾ. പതിനഞ്ചോ അതിലധികമോ ആളുകളാണ് ഓരോ സംഘത്തിലുമുണ്ടാവുക. ഇത്തരം യാത്രകൾ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസ്സോസിയേഷന്റെ ഉപാധികൾക്കു വിധേയമായിട്ടായിരിക്കും നടത്തപ്പെടുക. ഗ്രൂപ്പ് ഇൻക്ലൂസിവ് ടൂറിൽ, ടൂർ ഓപ്പറേറ്ററുടെ പ്രതിനിധിയും വിനോദസഞ്ചാരികളോടൊപ്പം യാത്ര ചെയ്യുന്നുണ്ടാവും. എന്നാൽ അതില്ലാത്ത തരം പാക്കേജു ടൂറുകളും ഉണ്ട്. അവ 'ഫോറിൻ ഇൻക്ലൂസിവ് ടൂർ' (foreign inclusive tour) എന്നാണറിയപ്പെടുന്നത്.
ഉപഭോക്താവിന് ഏറ്റവും ചുരുങ്ങിയ ചെലവിലുള്ള ഒരു വിനോദയാത്രാപരിപാടി തയ്യാറാക്കിക്കൊടുക്കുകയാണ് ടൂർ ഓപ്പറേറ്റർമാരുടെ ദൗത്യം. അവർ രണ്ടു രീതിയിലാണ് ഇത്തരം പാക്കേജുകളെ ലാഭകരമായ ടൂറിസം ഉത്പന്നങ്ങളാക്കിത്തീർക്കുന്നത്. മൊത്തവിലയ്ക്ക് യാത്രാ ടിക്കറ്റുകളും ഹോട്ടൽമുറികളും ലഭ്യമാക്കുകയാണ് ഒരു രീതി. അതിലൂടെ ലഭിക്കുന്ന കിഴിവ് ഉപഭോക്താക്കൾക്കെല്ലാവർക്കുമായി വീതിച്ചുനൽകും. ഒരു പാക്കേജിൽ ഒട്ടനവധി ഇനങ്ങൾ സന്നിവേശിപ്പിക്കുകയാണ് അടുത്ത മാർഗം. അവ ഒറ്റയൊറ്റയായി ചെയ്യുമ്പോൾ ഉപഭോക്താവിന് മുടക്കേണ്ടിവരുന്ന തുകയെക്കാൾ കുറഞ്ഞ വിലയ്ക്ക് എത്തിച്ചുകൊടുക്കാൻ ഓപ്പറേറ്റർമാർക്കു കഴിയും. മറ്റൊന്ന് ഷെഡ്യൂൾ വിമാനങ്ങൾക്കുപകരം ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുക എന്നതാണ്. സാധാരണ യാത്രാവിമാനത്തെക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കും.
ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസയാത്ര (excursion), കണ്ടക്ടഡ് ടൂർ, ഗൈഡ് ടൂർ തുടങ്ങിയ ഹ്രസ്വദൂര-ഹ്രസ്വകാല വിനോദസഞ്ചാരങ്ങൾ സംഘടിപ്പിക്കുന്നതിലും ടൂർ ഓപ്പറേറ്റർമാരുടെ സേവനം പ്രയോജനപ്പെടാറുണ്ട്. സ്കൂൾ-കോളേജ് വിദ്യാർഥികൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, ഹ്രസ്വദൂര തീർഥാടകർ ഇവരെയും ഈയിനം വിനോദസഞ്ചാരം നടത്തുന്നവരിൽപ്പെടുത്താം. ഇത്തരം ടൂറിസം കാലം ചെല്ലുന്തോറും കൂടിക്കൂടിവരുകയാണ്.
വിമാനക്കമ്പനികൾ, ഹോട്ടലുകൾ, സന്ദർശനസ്ഥലത്തെ വിനോദവ്യവസായമേഖല എന്നിവയുടെ കച്ചവടതാത്പര്യങ്ങൾ ഏകോപിപ്പിക്കുന്നതും ടൂർ ഓപ്പറേറ്റർമാരാണ്. അന്താരാഷ്ട്ര വിനോദസഞ്ചാരത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ഇന്ന് വിമാനക്കമ്പനി-ടൂർ ഓപ്പറേറ്റർ-ഹോട്ടൽ ശൃംഖല എന്നിവയുടെ കൂട്ടായ പ്രവർത്തനം ആണെന്നു പറയാം. ഇവയിൽ പലതിന്റെയും ഉടമസ്ഥത ഒരു സംഘത്തിനാവും. ഉദാഹരണത്തിന് ബ്രിട്ടനിലെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായ 'തോംസൺ ഹോളിഡേയ്സ്' നിയന്ത്രിക്കുന്നത് ബ്രിട്ടാനിയ എയർവേയ്സ്' ആണ്. 'ടി.ഡബ്ള്യൂ.എ' എന്ന വിമാനക്കമ്പനിയാണ് ഹിൽട്ടൻ ഹോട്ടൽ ശൃംഖല നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ ടൂർ ഓപ്പറേറ്റർമാരുടെയും പാക്കേജ് ടൂറിന്റെയും വരവോടെ ലോകവിനോദസഞ്ചാര വിപണി വൻകിട വിമാനക്കമ്പനികളുടെയും ഹോട്ടൽ ശൃംഖലയുടെയും നിയന്ത്രണത്തിലായി. അവ ഏറെയും ബഹുരാഷ്ട്രക്കമ്പനികളാണ് എന്നതിനാലാണ് ആധുനിക ടൂറിസം മൂന്നാം ലോകരാജ്യങ്ങളിൽ വൻ എതിർപ്പുകളെ നേരിടുന്നത്. ഇന്ന് ഒരു രാജ്യത്തിനോ പ്രദേശത്തിനോ അന്താരാഷ്ട്ര വിനോദസഞ്ചാരരംഗത്ത് എന്തെങ്കിലും ചലനമുണ്ടാക്കണമെങ്കിൽ ആഗോള ടൂർ ഓപ്പറേറ്റർമാരുടെ സഹായം കൂടിയേ കഴിയൂ.
ഗതാഗതസൗകര്യം
തിരുത്തുകടൂറിസത്തിന്റെ വികസനം ഗതാഗതസൗകര്യങ്ങളുടെ വികാസത്തിനു സമാന്തരമായിട്ടാണ് സംഭവിച്ചിട്ടുള്ളത്.
യാത്രാസൗകര്യങ്ങളുടെ മേഖലയിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുണ്ടായ ഒരു മുഖ്യ സംഭവം 1963-ൽ ഐക്യരാഷ്ട്രസഭ കൈക്കൊണ്ട ഉദാരമായ തീരുമാനമാണ്. ഇന്റർനാഷണൽ യൂണിയൻ ഒഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷന്റെ (IUOTO) താത്പര്യപ്രകാരം നടന്ന പ്രസ്തുതയോഗം വിനോദസഞ്ചാരികൾക്ക് സുഗമമായി ഏതൊരു രാജ്യവും സന്ദർശിക്കുന്നതിനുവേണ്ട നിയമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും വിനോദസഞ്ചാരികൾക്കു മുന്നിൽ രാജ്യാതിർത്തികൾ ക്രമേണ ഇല്ലാതാകണമെന്നും വാദിച്ചു. അന്തർദേശീയ ടൂറിസം വർഷമായ 1967-ൽ ഈ തീരുമാനത്തിന് വ്യാപകമായ പിന്തുണ ലോകരാഷ്ട്രങ്ങളിൽ നിന്നുണ്ടായി. ആ വർഷം മിക്ക രാജ്യങ്ങളും വിനോദസഞ്ചാരികൾക്കുള്ള പ്രവേശന നിയന്ത്രണങ്ങളിൽ പലതും എടുത്തുകളഞ്ഞു. അതോടൊപ്പം പ്രവേശന വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്തു. 1975-ൽ നിലവിൽ വന്ന വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ 'ഫെസിലിറ്റേഷൻ കമ്മിറ്റി'യുടെ 1981-ൽ മാഡ്രിഡിൽ ചേർന്ന പ്രഥമയോഗം 'വേൾഡ് ടൂറിസം ഓർഗനൈസേഷ'ന്റെ നിർദേശങ്ങൾ ആവുന്നത്ര നടപ്പിലാക്കുന്നതിന് രാജ്യങ്ങളെ പ്രേരിപ്പിച്ചു.
ഇരുപതാം ശ.-ത്തിൽ വിനോദസഞ്ചാരരംഗത്തെ വളർത്തിയ ഗതാഗതവികസനം ആധുനിക റോഡുകളുടെ നിർമാണമാണ്. ജർമനിയാണ് ആദ്യം ഈ രംഗത്ത് മുന്നേറ്റം നടത്തിയത്. ഹൈവേകൾ, എക്സ്പ്രസ്സ് വേകൾ, സൂപ്പർ ഹൈവേകൾ എന്നിങ്ങനെ അമേരിക്കയിലുണ്ടായ റോഡുവിപ്ലവം അവിടത്തെ ടൂറിസത്തെ മാത്രമല്ല അന്തർദേശീയ ടൂറിസത്തെത്തന്നെ നിർണായകമായി സ്വാധീനിച്ചു. ഈ രംഗത്തെ ഏറ്റവും പുതിയ പരിവർത്തനങ്ങളാണ് 6,956 കി.മീ. ദൂരമുള്ള ദ്-ട്രാൻസ് ആഫ്രിക്കൻ ഹൈവേ, 4771 കി.മീ. ദൂരമുള്ള ദ് ട്രാൻസ്-വെസ്റ്റ് ആഫ്രിക്കൻ ഹൈവേ, 9,000 കി.മീ ദൈർഘ്യമുള്ള ദ് ട്രാൻസ്-ഈസ്റ്റ് ആഫ്രിക്കൻ ഹൈവേ, ദ് ട്രാൻസ് യൂറോപ്പ്-നോർത്ത്-സൌത്ത് മോട്ടോർവേ, 23,000 കി.മീ. ദൈർഘ്യമുള്ള ദ് പാൻ അമേരിക്കൻ ഹൈവേ എന്നിവയുടെ നിർമാണം മൂലം സംഭവിച്ചത്. ഇന്ത്യൻ ടൂറിസത്തിന് പ്രത്യാശ നൽകുന്ന ഒന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദി ഏഷ്യൻ ഹൈവേ പ്രോജക്ട്'. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, കംബോഡിയ, ഇറാൻ, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, സിങ്കപ്പൂർ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ 15 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 66,000 കി.മീ. ദൈർഘ്യമുള്ള സ്വപ്നവീഥിയാണത്.
താമസസൗകര്യം
തിരുത്തുകടൂറിസം വികസനത്തിന് അനിവാര്യമായതും എന്നാൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടിട്ടുള്ളതുമാണ് ഇതിലേക്കുവേണ്ടിയുള്ള ഹോട്ടൽ ശൃംഖലയുടെ നിർമാണം. വിനോദസഞ്ചാരത്തിന്റെ പേരിൽ അതാതിടങ്ങളിലെ പരിസ്ഥിതിക്കും സംസ്കാരത്തിനും ഇണങ്ങാത്ത മട്ടിൽ കോൺക്രീറ്റുകാടുകൾ ഉയർത്തുന്നത് ഏറെ പ്രതിഷേധവും എതിർപ്പും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പക്ഷേ, അതിഥിയുടെ ആവശ്യങ്ങൾക്കും ആതിഥേയരാജ്യത്തിന്റെ മര്യാദകൾക്കും പാരമ്പര്യത്തിനും ഇണങ്ങുന്ന തരത്തിലുള്ള താമസസൗകര്യങ്ങൾ ഈ വ്യവസായത്തിന്റെ വികസനത്തിന് അനുപേക്ഷണീയം തന്നെയാണുതാനും.
അതിഥികൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക ഗ്രീക്കുകാർക്ക് ഒരാചാരം തന്നെയായിരുന്നു. സന്ദർശകർക്കായുള്ള എല്ലാതരം സൗകര്യങ്ങളെയും സൂചിപ്പിക്കുന്ന 'സീനിയ' എന്ന പദം ചേർത്താണ് സ്പാർട്ടയിലെ ദേവത പോലും അറിയപ്പെട്ടിരുന്നത് - സീനിയ അഥീന. പക്ഷേ, ഈ സങ്കല്പം സാക്ഷാത്ക്കരിക്കാനായി സന്ദർശകർക്കായുള്ള വസതികളൊന്നും അവർ നിർമിച്ചില്ല. അക്കാലത്തെ സന്ദർശകരെ-സമൂഹത്തിലെ മാന്യന്മാർ ആദരപൂർവം സ്വീകരിച്ച് കൂടെത്താമസിപ്പിക്കുകയായിരുന്നു പതിവ്.
ബി.സി.നാലാം ശ.-ത്തിലാണ് അപരിചിതരായ സന്ദർശകർക്കായുള്ള പ്രഥമ താത്ക്കാലിക വസതി അവിടെ സ്ഥാപിതമായത്. അത് 'ലിയോനിഡിയോ' എന്നപേരിലറിയപ്പെട്ടിരുന്നു. പിന്നീട് 'സത്ര'ങ്ങൾ നിലവിൽവന്നു. റോമാസാമ്രാജ്യത്തിന്റെ പ്രഭാവകാലത്ത് നിരവധി സത്രങ്ങൾ നിലവിലുണ്ടായിരുന്നു. അവിടെ താമസസൗകര്യത്തോടൊപ്പം ഭക്ഷണത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. കുതിരവണ്ടിയിലുള്ള യാത്ര വ്യാപകമായതോടെയാണ് 'കുതിരലായങ്ങൾ'ക്കരികെ താത്ക്കാലിക താമസസൗകര്യങ്ങളുണ്ടായത്. പില്ക്കാലത്ത് ഇത് പണം സ്വീകരിച്ചു മാത്രം നൽകുന്ന സേവനമായി മാറുകയും ചെയ്തു.
15-ാം ശ.-ത്തോടെ ഇംഗ്ലണ്ടിലും ഫ്രാൻസിലും സത്രങ്ങൾ വ്യാപകമായി. 30 മുറികൾ വരെയുള്ള സത്രങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നു.
അമേരിക്കയിൽ 1634 മുതൽ മറ്റൊരു തരം അതിഥി മന്ദിരങ്ങൾ നിലവിൽ വന്നു. 'ടാവേൺ' എന്നാണ് അവ അറിയപ്പെട്ടിരുന്നത്. സാമുവൽ കോൾസ് ആണ് അതിന്റെ സ്ഥാപകൻ. 1780-ൽ 'ടാവേണു'കൾ അമേരിക്കൻ ജനതയുടെ പ്രിയപ്പെട്ട വിശ്രമ-സന്ദർശനതാവളങ്ങളായി മാറി.
അതിഥികൾക്കായി താമസസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പ്രാചീനകാലം മുതൽ ഭാരതീയർ ദത്തശ്രദ്ധരായിരുന്നു. വിഹാരങ്ങൾ, സത്രങ്ങൾ, ധർമശാലകൾ, സരായ്കൾ, മുസാഫിർ ഖാനാകൾ തുടങ്ങി സന്ദർശകർക്കായുള്ള നിരവധി താമസസൗകര്യങ്ങൾ ഇവിടെ പണ്ടുമുതൽ ഉണ്ടായിരുന്നു.
14-ാം ശ.-ത്തിലാണ് 'ഹോട്ടലുകളു'ടെ തുടക്കം. ഇവയുടെ പ്രാഗ്രൂപം എന്നു വിശേഷിപ്പിക്കപ്പെടുന്നത് 1312-ൽ പാരീസിൽ സ്ഥാപിതമായ അതിഥി മന്ദിരമാണ്. വൈകാതെ ഫ്രാൻസിലും ഹോളണ്ടിലും ഇറ്റലിയിലും ജർമനിയിലും അത്തരം സ്ഥാപനങ്ങൾ നിലവിൽവന്നു. ആധുനിക ഹോട്ടലുകളുടെ ആദ്യമാതൃക 1774-ൽ ലണ്ടനിൽ ഡേവിഡ് ലോ സ്ഥാപിച്ച ഹോട്ടലാണ്. എങ്കിലും 1820-ൽ മാത്രമാണ് 'ഹോട്ടൽ' എന്ന പദം നിലവിൽ വന്നത്. ആദ്യകാലത്ത് ടൂറിസ്റ്റുകൾക്ക് പ്രിയങ്കരങ്ങളായിത്തീർന്ന ചില ഹോട്ടലുകളാണ് ഫ്രാൻസിലെ 'വിച്ചി'യും ഒവിയനും. മോണ്ടികാറ്റീൻ (ഇറ്റലി), ബാഡൻ-ബാസൻ (ജർമനി) എന്നിവയാണ് മറ്റു മുഖ്യ ആദ്യകാല ഹോട്ടലുകൾ. വിനോദസഞ്ചാരത്തെ ഹോട്ടലുകളുമായി ശാസ്ര്തീയമായി കൂട്ടി ഇണക്കിയത് 1860-ൽ തോമസ് കുക്ക് ആണ്.
20-ാം ശ.-ത്തിൽ ഹോട്ടലുകളുടെ സങ്കല്പം ആകെ മാറി. ഇന്റർനാഷണൽ ഹോട്ടലുകൾ, കമേഴ്സ്യൽ ഹോട്ടലുകൾ, റെസിഡൻഷ്യൽ ഹോട്ടലുകൾ, റിസോർട്ട് ഹോട്ടലുകൾ, ഫ്ളോട്ടിങ് ഹോട്ടലുകൾ, പാലസ് ഹോട്ടലുകൾ, കാപ്സ്യൂൾ ഹോട്ടലുകൾ എന്നിങ്ങനെ അവ കൂടുതൽ പ്രത്യേകതകൾ ഉള്ളവയായിത്തീർന്നു.
ഇതേ കാലയളവിൽത്തന്നെ പല അനുബന്ധ താമസസൗകര്യങ്ങളും നിലവിൽവന്നു. മോട്ടലുകൾ, യൂത്ത് ഹോസ്റ്റലുകൾ, ക്യാമ്പുകൾ, ടൂറിസ്റ്റ് ഹോളിഡേ വില്ലേജുകൾ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. റോഡിലൂടെ മോട്ടോർ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ ഉദ്ദേശിച്ചുള്ള വഴിയോരഹോട്ടലുകളാണ് 'മോട്ടലുകൾ'. അമേരിക്കയിലാണ് ഇവ ആദ്യം നിലവിൽ വന്നത്. പാർക്കിങ് ഗ്യാരേജ് സൗകര്യങ്ങൾ അവയുടെ പ്രത്യേകതയാണ്. ഹോട്ടലുകൾക്കുള്ളതുപോലുള്ള റാങ്കിങ് സമ്പ്രദായം അമേരിക്കയിൽ മോട്ടലുകൾക്കുണ്ട്. നോർവ്വേ, ഫ്രാൻസ്, അയർലാന്റ്, തുർക്കി എന്നിവിടങ്ങളിൽ മോട്ടലുകളിൽ പെട്രോൾ പമ്പുകളുമാവാം എന്ന നിയമം നിലവിലുണ്ട്. ഫ്രാൻസിലെ മോട്ടലുകൾക്ക് മൂന്ന് സ്റ്റാർ പദവികൾ നൽകിവരുന്നു.
യൂത്ത് ഹോസ്റ്റലുകൾ ജർമനിയിലാണ് ആരംഭിച്ചത്. വിദ്യാർഥികൾക്കും യുവജനങ്ങൾക്കും യാത്രയ്ക്കിടയിൽ താമസിക്കുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഇവ 1900-ൽ അവിടെ നിലവിൽ വന്നു. ഇന്ന് ലോകമെങ്ങുമുണ്ട് യൂത്ത് ഹോസ്റ്റലുകൾ. പലയിടങ്ങളിലും സന്നദ്ധസംഘടനകളാണ് ഇവ നടത്തുന്നത്. യൂത്ത് ഹോസ്റ്റലുകളുടെ മേഖലയിൽ നിന്ന് ഉയർന്നുവന്നിട്ടുള്ള ഒരു അന്തർദേശീയ സംഘടനയാണ് 'ദി ഇന്റർനാഷണൽ യൂത്ത് ഹോസ്റ്റൽ ഫെഡറേഷൻ'.
തുറസ്സായ വിശ്രമസങ്കേതങ്ങളാണ് ക്യാമ്പുകൾ. ടൂറിസ്റ്റ് വില്ലേജുകൾ ഒരു പ്രത്യേകസ്ഥലത്തെത്തുന്നവർക്കെല്ലാമായുള്ള കേന്ദ്രീകൃത വിശ്രമസങ്കേതമാണ്. മിക്കവാറും തീരദേശഗ്രാമങ്ങളിലാവും ഇവ. കലാപ്രകടനങ്ങൾക്കും കായികകലകൾക്കുമുള്ള സൗകര്യങ്ങൾ നൽകുക, കുതിരസവാരിക്കും ബോട്ടിങ്ങിനും മറ്റുമുള്ള സൗകര്യങ്ങളൊരുക്കുക എന്നിവയൊക്കെയാണ് വിശ്രമത്തിനും ഭക്ഷണത്തിനുമൊപ്പം ഇവ നൽകുന്ന സേവനങ്ങൾ.
ഹോട്ടൽ മേഖലയുടെ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിൽ 1946-ൽ ലണ്ടനിൽ സ്ഥാപിതമായ ഇന്റർനാഷണൽ ഹോട്ടൽ അസ്സോസിയേഷൻ (IHA) നൽകുന്ന സേവനം മികച്ചതാണ്.
ആദ്യകാലത്ത് ടൂറിസം സ്റ്റാർ ഹോട്ടലുകളെ മാത്രം ആശ്രയിച്ചിരുന്നുവെങ്കിൽ ഇന്നത് അതാതു സ്ഥലങ്ങൾക്കിണങ്ങിയ റിസോർട്ടുകൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തുകാണുന്നത്. ഇത് ആതിഥേയ രാഷ്ട്രങ്ങളിലെ പരമ്പരാഗത വാസ്തുവിദ്യയുടെ പുനരുജ്ജീവനത്തിന് വഴിതുറന്നു. ഇന്ത്യയിലും കേരളത്തിലും ഇതിനു മാതൃകകൾ നിരവധിയാണ്.
ട്രാവൽ - ട്രെയ്ഡ് ഫെയറുകൾ
തിരുത്തുകട്രാവൽ ട്രെയ്ഡ് ഫെയറുകളും വാണിജ്യ പ്രദർശനങ്ങളും അനുബന്ധ മേളകളും വിനോദസഞ്ചാര വികസനത്തെ ത്വരിതപ്പെടുത്തുന്നു. ഒരു രാജ്യം അന്തർദേശീയ സഞ്ചാരവ്യാപാരമേളയിൽ പങ്കെടുക്കുമ്പോൾ അതിനു മറ്റു രാജ്യങ്ങളിലെ വാണിജ്യോത്പന്നങ്ങളേയും സമകാലിക വിപണനതന്ത്രങ്ങളേയും അടുത്തറിയുവാൻ കഴിയുന്നു. ഒരേ കുടക്കീഴിൽ നിന്നുതന്നെ വിഭിന്നരാജ്യങ്ങളുടെ സാങ്കേതിക പുരോഗതിയെക്കുറിച്ചറിയുവാനും അവയുമായി ആശയ വിനിമയം നടത്തുവാനുംകൂടി അതു സഹായകമാകുന്നു. പുത്തൻ ഉപഭോക്തൃശീലങ്ങളെക്കുറിച്ച് അറിവ് നേടാനും ഇവ സഹായിക്കുന്നുണ്ട്.
ടൂറിസം മേഖലയുമായി നേരിട്ടു ബന്ധപ്പെടുന്ന രീതിയിൽ ട്രാവൽ ട്രെയ്ഡ് ഫെയറുകളും മറ്റും വളർന്നത് 1950-കൾക്കുശേഷമാണ്. ഇത്തരം മേളകളിൽ ടൂറിസം വ്യവസായമേഖല പങ്കെടുത്തുപോരുന്നത് രണ്ടു തരത്തിലാണ്. ഒന്ന്, 'പബ്ലിക് ഫെയറുകൾ' എന്ന നിലയിൽ. അതിലൂടെ ട്രാവൽ ഏജന്റുമാർ ഓപ്പറേറ്റർമാർ, ഹോട്ടൽ നടത്തിപ്പുകാർ, ദേശീയ ടൂറിസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധം സ്ഥാപിക്കുകയും പരസ്പരസഹകരണത്തിന്റെ തലം ഉണ്ടാക്കിയെടുക്കുകയുമാണ് ചെയ്യുന്നത്. ട്രേഡ് ഫെയറുകൾ എന്നറിയപ്പെടുന്ന അടുത്ത മാതൃകയിൽ സവിശേഷമായും പങ്കാളിയുടെ നിക്ഷിപ്ത വാണിജ്യതാത്പര്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുക.
പടിഞ്ഞാറൻ ബർലിനിലാണ് പ്രഥമ ട്രാവൽ ട്രേഡ് ഫെയർ നടന്നത് - 1967-ൽ. 'ഇന്റർനാഷണൽ ടൂറിസ്മസ് ബോർഡ്' എന്നാണ് ആ മേള അറിയപ്പെട്ടത്. തുടർന്നിങ്ങോട്ട് അവ ഒരു പതിവായിത്തീർന്നു. ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുടമകൾ, എയർലൈൻ കമ്പനികൾ, കപ്പൽ കമ്പനികൾ, വിവിധ രാഷ്ട്രങ്ങളിലെ വിനോദസഞ്ചാര സംഘടനകൾ എന്നിവയോടൊപ്പം ട്രാവൽ മീഡിയയുടെ പതിവുസംഗമകേന്ദ്രങ്ങളായി ഇന്ന് അവ മാറിയിരിക്കുന്നു.
മികച്ച അന്തർദേശീയ ട്രാവൽ ട്രേഡ് മേളകളിൽ ചിലത് ഇവയാണ്: വേൾഡ് ട്രാവൽ മാർട്ട് (WTM), ലണ്ടൻ; ഇന്റർ നാഷണൽ ടൂറിസ്മസ് ബോർഡ് (ITB), ബെർലിൻ; ഇന്റർനാഷണൽ ബ്രസ്സൽസ് ട്രാവൽ ഫെയർ (BTF), ബ്രസ്സൽസ്; സലോൺ മോൻഡിയൽ ദ ടൂറിസം വോയേജസ് (SMTV), പാരീസ്; ഫെറിയ ഇന്റർനാഷണൽ ടൂറിസ്മോ (FITUR), മാഡ്രിഡ്; ടൂറിസം ട്രെയ്ഡ് ഫെയർ (TTW), മോൺട്രിയാക്സ് (സ്വിറ്റ്സർലാൻഡ്); ഇന്റർനാഷണൽ ടൂറിസം എക്സ്ചേഞ്ച് (BIT), മിലാൻ; സ്വീഡിഷ് ഇന്റർനാഷണൽ ടൂറിസം ആൻഡ് ട്രാവൽ ഫെയർ (TUR), ഗോതെൻബെർഗ് (സ്വീഡൻ); ഡച്ച് ട്രാവൽ ട്രെയ്ഡ് എക്സിബിഷൻ (TOUR), ആംസ്ട്രർഡാം (ഹോളണ്ട്).
ഇവയിൽ ഏറ്റവും പ്രധാനം ലണ്ടനിലെ വേൾഡ് ട്രാവൽ മാർട്ട് ആണ്. 1980-ൽ ആരംഭിച്ച ഈ വ്യാപാരമേള എല്ലാ വർഷവും നവംബർ മാസത്തിലാണ് നടക്കുന്നത്. ഇവയിൽ നിന്നെല്ലാം ഏറെ പ്രത്യേകതകളുള്ള ഒന്നാണ് പസിഫിക് ഏഷ്യ ട്രാവൽ അസ്സോസിയേഷൻ (PATA) നടത്താറുള്ള 'പാറ്റ (PATA) ട്രാവൽ മാർട്ട്'.
ട്രാവൽ-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങൾ
തിരുത്തുകടൂറിസം രംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രസ്തുത വ്യവസായരംഗത്തെ വാർത്തകളും നൂതനപ്രവണതകളും എത്തിച്ചുകൊടുക്കുന്നതിൽ പത്രങ്ങൾ, മാസികകൾ, ത്രൈമാസികജേണലുകൾ തുടങ്ങിയ ട്രാവൽ-ട്രേഡ് പ്രസിദ്ധീകരണങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്. പൊതുവേ ഈ പ്രസിദ്ധീകരണങ്ങളെല്ലാം വാർത്തകൾക്കുതന്നെയാണ് മുൻതൂക്കം കൊടുക്കുന്നത്. അമേരിക്കയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ട്രാവൽ വീക്കിലി, ഇംഗ്ലണ്ടിൽ നിന്ന് ഏഷ്യയിൽ നിന്നും ഇടവിട്ടിടവിട്ട് പ്രസിദ്ധീകരിക്കുന്ന 'ടി.ടി.ജി.', ന്യൂസിലാണ്ടിൽ നിന്നുള്ള 'ട്രാവൽ ന്യൂസ്' എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. പൊതുവായ വാർത്തകളാണ് ഇവ ഉള്ളടക്കമാക്കുന്നതെങ്കിൽ മറ്റു ചിലത് പ്രത്യേക വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നവയാണ്. ഇവയ്ക്കു പുറമേയുള്ള ചില അന്താരാഷ്ട്രപ്രസിദ്ധീകരണങ്ങളാണ്. ഹോങ്കോങ്ങിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പസിഫിക് ട്രാവൽ ന്യയൂസുംട്രാവൽ ട്രേഡ് ഏഷ്യയും.
ടൂർ ഓപ്പറേറ്റർമാരെ നൂതന പാക്കേജുകൾ ഉണ്ടാക്കുന്നതിനു സഹായിക്കുന്ന പ്രസിദ്ധീകരണങ്ങളാണ് മറ്റൊരു വിഭാഗം. ഇൻസന്റീവ് ട്രാവൽ, ഇന്റർനാഷണൽ കോൺഫറൻസ് ആൻഡ് കൺവെൻഷൻ, ട്രാവൽ മാനേജ്മെന്റ് ന്യൂസ്ലെറ്റർ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഡയറക്ടറികളാണ് മറ്റൊരു വിഭാഗം. പസിഫിക് ഹോട്ടൽ ഡയറക്ടറി, ഐ.എച്ച്.എ. ഇന്റർനാഷണൽ ഹോട്ടൽ ഗൈഡ്, വേൾഡ് ഡയറക്ടറി ഒഫ് ട്രാവൽ ഏജന്റ എന്നിവയാണ് പ്രധാന അന്തർദേശീയ ഡയറക്ടറികൾ.
ഇവയ്ക്കുപുറമേ ഇപ്പോൾ നിലവിലുള്ള മറ്റു പ്രധാനപ്പെട്ട ട്രാവൽ ട്രേഡ് പ്രസിദ്ധീകരണങ്ങൾ ഇവയാണ്: ഏഷ്യാ ട്രാവൽ ട്രെയ്ഡ്, ബ്രിട്ടീഷ് ട്രാവൽ ന്യൂസ്, കാനഡ ടൂറിസം ന്യൂസ്, ഡിസ്കവർ ഇൻഡ്യ, ഫാർ ഈസ്റ്റ് ട്രാവലർ, ഇന്റർനാഷണൽ ടൂറിസ്റ്റ് ക്വാർട്ടേർലി, ജേണൽ ഒഫ് ലെഷർ റിസർച്ച്, ലെഷർ വേയ്സ്, പസിഫിക് ട്രാവൽ ന്യൂസ്, സിംഗപ്പൂർ ട്രാവൽ ന്യൂസ്, ട്രാവൽ റിവ്യൂ, ട്രാവൽ ജേണൽ ഇന്റർനാഷണൽ, ട്രാവൽ ട്രെഡ് ഗസറ്റ് വേൾഡ് ട്രാവൽ.
ഇന്ത്യയിൽ നിന്ന് ഒട്ടനവധി ട്രാവൽ-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവ എയർ ഒബ്സർവർ, ഡസ്റ്റിനേഷൻ ഇന്ത്യ, ഇൻഡ്യൻ ഹോട്ടൽ കീപ്പർ ആൻഡ് ട്രാവലർ, ഇൻഡ്യൻ ഹോട്ട്ലിയർ ആൻഡ് കാറ്ററെർ, ഇൻഡ്യൻ മാഗസിൻ, ഇൻഡ്യൻ ടൂറിസ്റ്റ് ട്രെയ്ഡ് ജേണൽ, ഇൻഡ്യൻ ട്രാവൽ ഗൈഡ്, മാജിക് കാർപെറ്റ്, നമസ്കാർ, നമസ് തെ, ദ് താജ്, ട്രാവൽ ന്യൂസ്, ടി.സി.ഐ. ന്യൂസ്, ടൂറിസം ആൻഡ് വൈൽഡ് ലൈഫ്, യൂത്ത് ഹോഡ്റ്റെല്ലെർ എന്നിവയാണ്.
ഇത്തരം പത്രങ്ങൾക്കും ആനുകാലികങ്ങൾക്കും പുറമേ ഒട്ടനവധി മാർഗദർശകഗ്രന്ഥങ്ങളും (tourist guide books) ഈ വിഭാഗത്തിലുൾപ്പെടുന്നുണ്ട്. ഇൻഡ്യ-എ ടൂറിസ്റ്റ്സ് പാരഡൈസ്, ഇൻഡ്യ-ഹാൻഡ്ബുക്ക് ഒഫ് ട്രാവൽ, ഹാൻഡ് ബുക്ക് ഒഫ് ഇൻഡ്യ, ലുക്ക് ഇൻഡ്യ-എ ടൂറിസ്റ്റ് ഗൈഡ് തുടങ്ങിയവ ഇന്ത്യയിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള അത്തരം ഗ്രന്ഥങ്ങളാണ്. വിവരസാങ്കേതികവിദ്യയുടെ വളർച്ച ഇത്തരം പ്രസിദ്ധീകരണങ്ങളുടെ സാധ്യതയ്ക്ക് അല്പം മങ്ങലേല്പിച്ചിട്ടുണ്ട്. അവയുടെ സ്ഥാനം ഇന്ന് വെബ്സൈറ്റുകൾ കയ്യടക്കിത്തുടങ്ങിക്കഴിഞ്ഞു.
അന്തർദേശീയ ടൂറിസ്റ്റ് സംഘടനകൾ
തിരുത്തുകഏതൊരു രാജ്യത്തിന്റെയും ടൂറിസം വികസനത്തിന് അന്തർദേശീയ സഹകരണം ആവശ്യമാണ്. ഇതു സാധ്യമാകുന്നതിന് വിഭിന്നരാജ്യങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരാതികളും അവതരിപ്പിക്കാൻ പറ്റുന്ന വേദികൾ വേണം. അന്താരാഷ്ട്ര ടൂറിസ്റ്റ് സംഘടനകളാണ് യഥാർഥത്തിൽ രംഗവേദികളായിവർത്തിക്കുന്നത്. അവ സഹകരണാടിസ്ഥാനത്തിലുള്ള രാജ്യാന്തര വിനോദസഞ്ചാരവികസനപദ്ധതികൾക്ക് കളമൊരുക്കുകകൂടി ചെയ്യുന്നുണ്ട്. ടൂറിസം രംഗത്ത് പരസ്പര സഹകരണത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ഫ്രാൻസ്, സ്പെയിൻ, പോർത്തുഗൽ എന്നിവ 1908-ൽ 'ഫ്രാങ്കോ ഹിസ്പാനോ പോർത്തുഗീസ് ഫെഡറേഷൻ ഒഫ് ടൂറിസ്റ്റ് അസ്സോസിയേഷൻ' സ്ഥാപിച്ചതാണ് ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം.
ഒന്നാം ലോകയുദ്ധത്തെത്തുടർന്ന് വിനോദസഞ്ചാര വികസനത്തിന് അന്തർദേശീയ സഹകരണം ആവശ്യമാണെന്നു ഒട്ടുമിക്ക രാജ്യങ്ങൾക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് 1924-ൽ 'ഇന്റർനാഷണൽ യൂണിയൻ ഒഫ് ഒഫിഷ്യൽ ഓർഗനൈസേഷൻസ് ഫോർ ടൂറിസ്റ്റ് പ്രൊപ്പഗാൻഡ' സ്ഥാപിക്കപ്പെട്ടത്. അതിന്റെ ആദ്യകൺവെൻഷൻ 1925-ൽ ഹോളണ്ടിലെ ഹേഗിൽ നടന്നു. പതിനാല് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അതിൽ പങ്കെടുത്തു. രണ്ടാം ലോകയുദ്ധകാലംവരെ ആ പ്രസ്ഥാനം നിലനിന്നു.
രണ്ടാം ലോകയുദ്ധാനന്തരം 1947-ൽ 'ഇന്റർനാഷണൽ യൂണിയൻ ഒഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ' സ്ഥാപിതമായെങ്കിലും ഈ രംഗത്ത് ഗണ്യമായ ചലനമുണ്ടാക്കിയത് ഐക്യരാഷ്ട്രസംഘടനയാണ്. 1963-ൽ വിവിധരാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അന്തർദേശീയ ടൂറിസ്റ്റ് സംഘടനകൾക്ക് ഐക്യരാഷ്ട്രസംഘടന അംഗീകാരം നൽകുകയും അവയുടെ ഒരു സമ്മേളനം റോമിൽ വിളിച്ചുകൂട്ടുകയും ചെയ്തു. തുടർന്ന് 'ഇന്റർനാഷണൽ യൂണിയൻ ഒഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷ'നെ വിനോദസഞ്ചാര വികസനപ്രവർത്തനങ്ങൾക്കായുള്ള ഐക്യരാഷ്ട്രസംഘടനയുടെ വേദിയാക്കി മാറ്റി. 1950 മുതൽ ഇന്ത്യ ഈ സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി.
ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതിൽ ഏറെ വിജയം വരിച്ച സംഘടനയാണ് 1975 ജനുവരി 2-ന് നിലവിൽ വന്ന വേൾഡ് ടൂറിസം ഓർഗനൈസേഷൻ' (WTO). 1976-ൽ ഇതിന് സ്പെയിനിലെ മാഡ്രിഡിൽ സ്ഥിരമായ ആസ്ഥാനവുമുണ്ടായി. വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായി നേരിട്ടുബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ബന്ധപ്പെട്ട ആഗോള സംഘടനകൾ, ഐക്യരാഷ്ട്രസഭ, വാണിജ്യപരവും വാണിജ്യേതരവുമായ ടൂറിസം സംഘടനകൾ എന്നിവയുമായും ഇതിനു ബന്ധമുണ്ട്. 1976-ൽ തന്നെ 'യൂണൈറ്റഡ് നാഷൻസ് ഡവലപ്മെന്റ് പ്രോഗ്രാ(UNDP)'മിന്റെ ഒരു കാര്യനിർവഹണസമിതി കൂടി ആയി ഇത്. അതോടെ അംഗരാജ്യങ്ങളിൽ ഈ സംഘടനയുടെ പ്രതിനിധികൾ സ്ഥാനമേൽക്കുകയും വിനോദസഞ്ചാരരംഗത്താവശ്യമായ സാങ്കേതിക കാര്യങ്ങളിൽ രാജ്യാന്തരീയ സഹകരണം നടപ്പിൽ വരുത്താൻ ശ്രമിക്കുകയും ചെയ്തുതുടങ്ങി.
പ്രധാനമായും മൂന്നു മേഖലകളിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഓരോ രാജ്യത്തിന്റെയും സാമ്പത്തികപുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ദേശ-ഭാഷ-വർഗ-ലിംഗവ്യത്യാസമില്ലാതെ അന്തർദേശീയതലത്തിൽ പരസ്പരധാരണയും, സമാധാനവും, സമൃദ്ധിയും സൃഷ്ടിക്കുവാനും മൗലികസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നിലനിർത്താനുമായി ടൂറിസം വികസനം നിർവഹിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. വികസ്വരരാജ്യങ്ങൾക്ക് ടൂറിസം വികസനത്തിനുവേണ്ട കൂടുതൽ സൗകര്യങ്ങളും നിർദേശങ്ങളും നൽകുകയാണ് രണ്ടാമത്തെ ഉദ്ദേശ്യം. ഐക്യരാഷ്ട്രസഭയുടെ യു.എൻ.ഡി.പി. പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ട് വിനോദസഞ്ചാരമേഖലയിലെ ആഗോളതലത്തിലുള്ള കേന്ദ്രസംഘടനയായി പ്രവർത്തിക്കുക എന്നതാണ് ഇതിന്റെ മൂന്നാമത്തെ ധർമം. ഫുൾ മെമ്പർമാർ, അസ്സോസിയേറ്റ് മെമ്പർമാർ, അഫിലിയേറ്റ് മെമ്പർമാർ എന്നിങ്ങനെ മൂന്നുതരം അംഗത്വമാണ് ഈ സംഘടനയ്ക്കുള്ളത്. ഇതിലെ ഫുൾ മെമ്പർ സ്വതന്ത്രരാഷ്ട്രങ്ങളായിരിക്കും. അസ്സോസിയേറ്റ് മെമ്പർഷിപ്പ് നൽകുന്നത് ചില സവിശേഷപ്രദേശങ്ങൾക്കാണ്. അഫിലിയേറ്റ് മെമ്പർമാരിൽ സർക്കാരുകളുടെ മേൽനോട്ടത്തിലുള്ളതും അല്ലാത്തതുമായ ടൂറിസം സംഘടനകളും സ്ഥാപനങ്ങളുമാണുള്ളത്.
പസിഫിക് പ്രദേശത്തെ ഒഴിവുകാലസഞ്ചാരികളുടെ ആകർഷണകേന്ദ്രമാക്കി മാറ്റാനായി രാജ്യാന്തര തലത്തിൽ ആരംഭിച്ച സംഘടനയാണ് 1951-ൽ സ്ഥാപിതമായ 'പസിഫിക് ഏഷ്യ ട്രാവൽ അസ്സോസിയേഷൻ'. 44 രാജ്യങ്ങളാണ് ഇതിൽ അംഗങ്ങളായുള്ളത്. ഇതിനു മുൻകൈ എടുത്തത് ലോറിൻ തേഴ്സ്റ്റൻ എന്ന പത്രപ്രവർത്തകനാണ്. ടൂറിസം വികസനം, പ്രചാരണം, ആഭ്യന്തര സൗകര്യങ്ങളൊരുക്കൽ എന്നിവ ലാഭേച്ഛയില്ലാതെ ചെയ്യുന്ന സന്നദ്ധസംഘടനയാണിത്. ഇതിന്റെ ആസ്ഥാനം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലാണ്. ലോകത്താകമാനമായി എഴുപത്തിയൊന്ന് പ്രാദേശിക ചാപ്റ്ററുകൾ ഇതിനുണ്ട്. 1957-ൽ ഇന്ത്യ ഇതിൽ ഒരു 'അസ്സോസിയേറ്റ് ഗവൺമെന്റ് അംഗ'മായി. 1966-ൽ സംഘടനയുടെ പതിനഞ്ചാം കോൺഗ്രസ് ന്യൂഡൽഹിയിൽ നടന്നത് ഇന്ത്യൻ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുന്നതിന് കാരണമായി. അതോടെ ഇന്ത്യ സംഘടനയിലെ മുഴുവൻ സമയ അംഗമായി മാറുകയും ചെയ്തു. 1978-ലും ഇന്ത്യ പസിഫിക് ഏഷ്യ ട്രാവൽ അസ്സോസിയേഷൻ കോൺഫറൻസിന് ആതിഥ്യമരുളുകയുണ്ടായി. 1969-ൽ 'പസിഫിക് ഏഷ്യ ട്രാവൽ അസ്സോസിയേഷ'ന്റെ ഇൻഡ്യൻ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. അതിൽ കേന്ദ്ര ടൂറിസം വകുപ്പ്, ഇന്ത്യ ടൂറിസം വികസന കോർപ്പറേഷൻ, ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യ, മറ്റു മുഖ്യ വിമാനക്കമ്പനികൾ, പ്രധാന ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, പരസ്യക്കമ്പനികൾ തുടങ്ങി 98 അംഗങ്ങൾ ഇപ്പോഴുണ്ട്.
അന്തർദേശീയ ടൂറിസം സംഘടനകളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് 1945-ൽ സ്ഥാപിതമായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട് അസ്സോസിയേഷൻ. 85 രാജ്യങ്ങളിലുള്ള വിമാനക്കമ്പനികൾ അംഗങ്ങളായുള്ള ഈ പ്രസ്ഥാനം എല്ലാ ലോകരാജ്യങ്ങളിലേക്കുമുള്ള വിമാനയാത്രകൾക്കും വേണ്ട സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നു. അതിന്റെ നേതൃത്വത്തിൽ നടക്കാറുള്ള ട്രാഫിക് കോൺഫറൻസുകൾക്ക് സമകാലിക വ്യോമഗതാഗതരംഗത്ത് ഏറെ പ്രസക്തിയുണ്ട്.
1947-ൽ സ്ഥാപിതമായ മറ്റൊരു അന്താരാഷ്ട്ര വിനോദസഞ്ചാരസംഘടനയാണ് 'ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ'.
ഇവയ്ക്കുപുറമേ, യുണൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം (UVEP), യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (UNDP), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO), ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (IMF), വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) തുടങ്ങിയ സംഘടനകളും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നുണ്ട്. സർക്കാരിതര അന്താരാഷ്ട്ര സംഘടനകളിൽ പ്രധാനപ്പെട്ടവയിൽ ചിലത് ഇവയാണ്. അമേരിക്കൻ സൊസൈറ്റി ഒഫ് ട്രാവൽ ഏജന്റ്സ്, ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് ടൂർ ഓപ്പറേറ്റേഴ്സ്, ഇന്റർനാഷണൽ യൂത്ത് ഹോസ്റ്റൽ ഫെഡറേഷൻ, ദ് ട്രാവൽ റിസർച്ച് അസ്സോസിയേഷൻ, ഇന്റർനാഷണൽ ബ്യൂറോ ഒഫ് സോഷ്യൽ ടൂറിസം, വേൾഡ് ഫെഡറേഷൻ ഒഫ് ട്രാവൽ ജേണലിസ്റ്റ്സ് ആൻഡ് റൈറ്റേഴ്സ്.
ടൂറിസം - ഭരണം
തിരുത്തുകനിയതമായ ഭരണസംവിധാനം വിനോദസഞ്ചാരമേഖലയിലെ മറ്റൊരു അവശ്യഘടകമാണ്. മറ്റു മിക്ക വ്യവസായങ്ങളിൽ നിന്ന് വ്യത്യസ്തവും സങ്കീർണവുമാണ് ടൂറിസം എന്നതിനാൽ ഇതിന്റെ പ്രാധാന്യം വർധിക്കുന്നു. ഇവ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി വ്യാപിച്ചു കിടക്കുന്നു. സർക്കാർ-അർധസർക്കാർ ഉടമസ്ഥതയിലുള്ള ദേശീയ-പ്രാദേശിക ടൂറിസം ഭരണസംവിധാനങ്ങൾ എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇതിനുപുറമേയാണ് സ്വകാര്യമേഖലയിലുള്ള ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ, ഗതാഗത സ്ഥാപനങ്ങൾ എന്നിവ. ഇവയോരോന്നിന്റെയും പാരസ്പര്യത്തിലൂടെയാണ് ടൂറിസം ഭരണം യാഥാർഥ്യമാകുന്നത്. 1963-ൽ റോമിൽ നടന്ന അന്തർദേശീയ ടൂറിസം കൺവെൻഷനിൽവച്ച് ഐക്യരാഷ്ട്ര സംഘടന രൂപം നൽകിയ മാർഗനിർദേശങ്ങളാണ് ആധുനിക ടൂറിസം ഭരണസംവിധാനത്തിന് ആധാരം.
ടൂറിസം - കണക്കെടുപ്പ്
തിരുത്തുകആധുനിക ടൂറിസത്തിന്റെ മുഖ്യഘടകങ്ങളിലൊന്നാണ് സ്ഥിതിവിവരക്കണക്കെടുപ്പ് (tourism statistics). തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ടൂറിസം എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാൻ ഓരോ രാജ്യത്തും ശാസ്ത്രീയമായ ടൂറിസം കണക്കുകൾ സമാഹരിക്കേണ്ടതുണ്ട്. അവികസിത രാജ്യങ്ങൾക്ക് ഏതേതു മേഖലകളിൽ മുതൽമുടക്കി തങ്ങളുടെ ടൂറിസം നവീകരിക്കാം എന്ന അറിവു ലഭിക്കുന്നത് ഈ കണക്കെടുപ്പിലൂടെയാണ്. സമാഹരണം, പഠനം, വിശകലനം എന്നിവയിലൂടെ നടത്തപ്പെടുന്ന ഈ കണക്കെടുപ്പ് ടൂറിസം ആസൂത്രണത്തിന് ഏറ്റവും അനിവാര്യമാണ്.
വിനോദസഞ്ചാര സ്ഥിതിവിവരക്കണക്കെടുപ്പുകൾ മുഖ്യമായും രണ്ടു തരത്തിലാണ് നടത്തപ്പെടുന്നത്. സഞ്ചാരികളുടെ സന്ദർശനതാത്പര്യങ്ങൾ, താമസസൌകര്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ, ധനവിനിയോഗപ്രവണതകൾ എന്നിവ വിശകലനം ചെയ്യുന്നവയാണ് ആദ്യ വിഭാഗം. അത് 'ഫ്ളോ സ്റ്റാറ്റിസ്റ്റിക്സ്' എന്നറിയപ്പെടുന്നു. തങ്ങളുടെ ടൂറിസം വിഭവങ്ങളുടെ ശേഷി കണ്ടെത്താനായി നടത്തുന്ന കണക്കെടുപ്പാണ് രണ്ടാമത്തെ വിഭാഗം. ഒന്നാം ലോകയുദ്ധാനന്തരമുള്ള ആറു ദശകങ്ങളിലാണ് വിനോദസഞ്ചാരസ്ഥിതിവിവരക്കണക്കെടുപ്പ് വലിയ പ്രാധാന്യം കൈവരിച്ചത്. സ്വിറ്റ്സർലാന്റ്, ഇറ്റലി, ആസ്ട്രിയ, ഫ്രാൻസ് എന്നിവിടങ്ങളായിരുന്നു ശാസ്ത്രീയമായ ടൂറിസം സ്ഥിതിവിവരക്കണക്കെടുപ്പിനു തുടക്കം കുറിച്ചത്. വേൾഡ് ടൂറിസം ഓർഗനൈസേഷൻ ഈ രംഗത്ത് ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു അന്തർദേശീയ സംഘടനയാണ്. ദി ഇയർബുക്ക് ഒഫ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് എന്ന സംഘടനയുടെ പ്രസിദ്ധീകരണം തന്നെ അതിന് ഒരുദാഹരണമാണ്.
ആസൂത്രണം
തിരുത്തുകടൂറിസത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശ്രദ്ധാപൂർവവും ഭാവനാപൂർണവുമായുള്ള ആസൂത്രണം. അതിലൂടെ മാത്രമേ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനും പ്രാദേശികവികസനം സാധ്യമാക്കുന്നതിനും എല്ലാറ്റിനുമുപരി ദേശീയ വരുമാനവും വിദേശനാണ്യസമ്പത്തും വർദ്ധിപ്പിക്കുന്നതിനും സാധിക്കുകയുള്ളു.
സന്ദർശകന്റെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടറിയുവാനുള്ള കഴിവാണ് ടൂറിസം ആസൂത്രണത്തിലെ ആണിക്കല്ല്. ആതിഥേയരാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രത്യേകതകൾക്ക് പരിക്കുകൾ ഏൽക്കാതെ സന്ദർശകന് പരമാവധി വിനോദസാധ്യത ഒരുക്കുക എന്നത് വിഷമംപിടിച്ച ഒരു കാര്യമാണ്.
-
കൂടിയാട്ടം
-
കളരിപ്പയറ്റ്
-
വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും-കന്യാകുമാരി
1963-ൽ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ അന്തർദേശീയ ടൂറിസം കൺവെൻഷൻ ടൂറിസം രംഗത്തെ ആസൂത്രണവുമായി ബന്ധപ്പെട്ട നിരവധി വസ്തുതകൾ ലോകരാഷ്ട്രങ്ങൾക്ക് കൈമാറിയിട്ടുണ്ട്. വിനോദസഞ്ചാര വികസനത്തിന് മുഖ്യപ്രാധാന്യം നൽകാൻ വികസ്വരരാജ്യങ്ങൾ തയ്യാറാകണമെന്നതാണ് കൺവെൻഷൻ നൽകിയ ഏറ്റവും പ്രധാനപ്പെട്ട നിർദേശം. ടൂറിസം സാധ്യതകൾ കണ്ടെത്താനുള്ള 'യുണൈറ്റഡ് നേഷൻസ് സ്പെഷ്യൽ ഫണ്ട്' വികസ്വരരാജ്യങ്ങൾക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. മലകയറ്റം, ശീതകാല കായികവിനോദങ്ങൾ, മത്സ്യബന്ധനം, നായാട്ട് എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ടൂറിസം വികസനത്തിനായി ഉപയോഗിക്കാവുന്നതാണെന്നും സംഘടന വ്യക്തമാക്കി. സമുദ്രതീരങ്ങൾ, തടാകങ്ങൾ, ദേശീയോദ്യാനങ്ങൾ, നാടോടി പാരമ്പര്യങ്ങൾ, ആചാരവിശേഷങ്ങൾ, ദേശീയ സ്മാരകങ്ങൾ, ആരാധനാലയങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, കായിക-കലാ മഹോത്സവങ്ങൾ എന്നിവയെയെല്ലാം അധികരിച്ചായിരിക്കണം ടൂറിസം പദ്ധതികൾ.
വിഭവങ്ങളെക്കുറിച്ചുള്ള അറിവ്, അടിസ്ഥാനസൗകര്യവികസനം, സന്ദർശക സാധ്യതകൾ, ധനകാര്യാസൂത്രണം, മാനവികശേഷിവികസനം, ഭരണസംവിധാനം തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആസ്പദമാക്കിയാണ് ടൂറിസം ആസൂത്രണം നിർവഹിക്കപ്പെടേണ്ടത്.
ടൂറിസം - വിദ്യാഭ്യാസം
തിരുത്തുകലോകത്ത് ഇന്ന് ഏറ്റവുമധികം തൊഴിൽ നൽകുന്ന വ്യവസായമാണ് വിനോദസഞ്ചാരമെന്ന് 'അമേരിക്കൻ എക്സ്പ്രസ്സ് ട്രാവൽ റിലേട്ടഡ് സർവീസ് കമ്പനി' നടത്തിയ പഠനം തെളിയിക്കുന്നു. ഈ വർധിച്ച തൊഴിൽ സാധ്യത കാരണം ടൂറിസം വിദ്യാഭ്യാസമേഖലയും ഇന്ന് ഏറെ വികാസം പ്രാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖലയിൽ സൈദ്ധാന്തിക പഠനങ്ങളും പ്രായോഗിക പരിശീലനങ്ങളും നൽകുന്ന ഒട്ടനവധി വിദ്യാഭ്യാസ ശാഖകൾ ഇതിനകം ലോകമാസകലം നിലവിൽ വന്നുകഴിഞ്ഞു. തൊഴിലവസരങ്ങൾക്കായി ആളുകളെ പ്രാപ്തരാക്കുക എന്നതുപോലെതന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായുള്ള പരിശീലന പരിപാടികളും ഇതിലുൾപ്പെടുന്നു.
1958-ൽ 'ഇന്റർനാഷണൽ യൂണിയൻ ഒഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷ'നാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ശാസ്ത്രീയപഠനങ്ങൾക്ക് അന്തർദേശീയതലത്തിൽ തുടക്കം കുറിച്ചത്. ഒരു കറസ്പോണ്ടൻസ് കോഴ്സാണ് സംഘടന ആദ്യം ആരംഭിച്ചത്. 1966-ൽ 'ഇന്റർനാഷണൽ സെന്റർ ഫോർ അഡ്വാൻസ്ഡ് ടൂറിസം സ്റ്റഡീസ്' സ്ഥാപിതമായതോടെ ഈ രംഗത്ത് വലിയ ചലനം തന്നെ ഉണ്ടായി. ഇറ്റലിയിലെ ടൂറിൻ ആസ്ഥാനമാക്കിയാണ് ഇതു പ്രവർത്തിച്ചുവന്നത്. 1977-ൽ ആസ്ഥാനം മെക്സിക്കോയിലേക്കു മാറി. മെക്സിക്കോ സിറ്റിയിൽ ഈ കേന്ദ്രം ഒരു ബിരുദാനന്തരബിരുദകോഴ്സ് നടത്തുന്നുണ്ട്. അതിനുപുറമേ വിദൂരവിദ്യാഭ്യാസപദ്ധതികളും കേന്ദ്രത്തിന്റെ കീഴിൽ നടക്കുന്നുണ്ട്. പ്രാഥമിക ടൂറിസം പരിശീലനം, വിപണനരീതികൾ, ആസൂത്രണപാഠങ്ങൾ, പ്രോത്സാഹനപദ്ധതികൾ എന്നീ മേഖലകളെ അധികരിച്ചുള്ളതാണ് പ്രധാന കോഴ്സുകൾ.
ഇതിനുപുറമേ മറ്റ് ഒട്ടനവധി പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും അന്തർദേശീയ-ദേശീയ തലങ്ങളിൽ ടൂറിസം വിദ്യാഭ്യാസപദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 'വേൾഡ് ടൂറിസം ഓർഗനൈസേഷൻ' നടത്തുന്ന കോഴ്സുകളാണ്. ഇന്ന് ആ സംഘടനയാണ് ആഗോളതലത്തിൽ വിനോദസഞ്ചാര വിദ്യാഭ്യാസം പ്രചരിപ്പിച്ചുപോരുന്നത്.
ഇന്ന് നിരവധി യൂണിവേഴ്സിറ്റികളും സാങ്കേതിക കലാശാലകളും ടൂറിസം വിദ്യാഭ്യാസത്തിനു മുൻഗണന നല്കുന്നുണ്ട്. സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, ബിരുദ-ബിരുദാനന്തര കോഴ്സുകൾ തുടങ്ങി 'ഡോക്ടറൽ ലെവൽ പ്രോഗ്രാമു'കൾ വരെ ഇവർ നടത്തുന്നു. എങ്കിലും ഇവ അന്താരാഷ്ട്ര തലത്തിൽ ഏകീകരിക്കപ്പെട്ട ഒരു പാഠ്യപദ്ധതിയല്ല സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഇവയുടെ ഒരു പോരായ്മ.
ഉന്നത ടൂറിസം ബിരുദങ്ങൾക്കായുള്ള കോഴ്സുകൾ നടത്തുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടവ 'ദ് സ്കോട്ടിഷ് ഹോട്ടൽ സ്കൂൾ', 'ജോർജ് വാഷിങ്ടൻ യൂണിവേഴ്സിറ്റി', 'യൂണിവേഴ്സിറ്റി ഒഫ് കാൽഗാരി' (കാനഡ), 'യൂണിവേഴ്സിറ്റി ഒഫ് സറെ' (ഇംഗ്ലണ്ട്) യൂണിവേഴ്സിറ്റി ഒഫ് സോബൊൺ (ഫ്രാൻസ്) എന്നിവയാണ്. ടൂറിസം കോഴ്സുകൾ നടത്തുന്ന ഏതാനും ഇൻഡ്യൻ സ്ഥാപനങ്ങൾ ഇവയാണ്: യൂണിവേഴ്സിറ്റി ഒഫ് ഡൽഹി (ഡിഗ്രി, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ), യൂണിവേഴ്സിറ്റി ഒഫ് ഗഢ്വാൾ (പി.ജി.ഡിപ്ളോമ), യൂണിവേഴ്സിറ്റി ഒഫ് മദ്രാസ് (പി.ജി.ഡിപ്ലോമ), യൂണിവേഴ്സിറ്റി ഒഫ് രാജസ്ഥാൻ (പി.ജി.സർട്ടിഫിക്കറ്റ്), കുരുക്ഷേത്ര യൂണിവേഴ്സിറ്റി, അണ്ണാമല യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ്.
ടൂറിസം വികസനം ഇന്ത്യയിൽ
തിരുത്തുകസഞ്ചാരികളുടെ പറുദീസയായിരുന്നു പണ്ടു മുതൽക്കേ ഭാരതം. പ്രകൃതിയും സംസ്കാരവും ഒരുപോലെ വൈവിധ്യസമ്പന്നമാക്കിയ ഈ രാജ്യത്തിന്റെ ചരിത്രം വിരുന്നുവരവുകളുടെ ചരിത്രം കൂടിയാണ്. വിഭിന്നരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുവന്ന സഞ്ചാരികളാണ് ഇന്ത്യയിലെ ആദ്യകാല വിനോദസഞ്ചാരികളെന്നു പറയാം. അത്തരമൊരു സഞ്ചാരചരിത്രത്തിനുടമയാണെങ്കിലും ഇന്നത്തെ അർഥത്തിലുള്ള ആസൂത്രിത ടൂറിസം ഇന്ത്യയിൽ വേരുപിടിച്ചത് മറ്റനേകം രാജ്യങ്ങളിൽ അത് ഏറെ വികസിച്ചശേഷം മാത്രമാണ്.
ആസൂത്രിതമായ വിനോദസഞ്ചാര വികസനത്തിന്റെ ആവശ്യം ഇന്ത്യക്ക് ബോധ്യപ്പെട്ടത് 1945-ലാണ്. ആ വർഷമാണ് ഇന്ത്യാഗവൺമെന്റ് ഇന്ത്യയിലെ ടൂറിസം സാധ്യതകളെക്കുറിച്ചു പഠിക്കാൻ ഒരു കമ്മറ്റിയെ ആദ്യമായി നിയോഗിച്ചത്. അന്ന് ഗവൺമെന്റിന്റെ വിദ്യാഭ്യാസോപദേഷ്ടാവായ സർ ജോൺ സർജന്റ് ആയിരുന്നു കമ്മറ്റിയുടെ അധ്യക്ഷൻ. ആ കമ്മറ്റി പഠനവിധേയമാക്കിയത് ഈ കാര്യങ്ങളാണ്:
1. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് ഇന്ത്യയിൽ നിലവിലിരുന്ന വിദേശ-ആഭ്യന്തര വിനോദസഞ്ചാര സങ്കേതങ്ങളെക്കുറിച്ചു പഠിക്കുകയും അവ യുദ്ധാനന്തരകാലഘട്ടത്തിൽ എങ്ങനെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നവ ആക്കാമെന്ന് കണ്ടെത്തുകയും ചെയ്യുക.
2. ഇന്ത്യയിലെ വിനോദസഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകൾ പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യയിലും വിദേശത്തും എന്തെല്ലാം പ്രോത്സാഹനപരിപാടികൾ നടപ്പിലാക്കണം എന്നു നിർദേശിക്കുക.
3. ഇന്ത്യയിലെ വിനോദസഞ്ചാര സങ്കേതങ്ങളിൽ വിദേശ ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യംവച്ച് ചെയ്യേണ്ടുന്ന പരിഷ്കരണപരിപാടികൾ നിർദേശിക്കുക. ഇതിൽ റെയിൽവേവികസനം, റോഡുവികസനം, ഹോട്ടൽ നിർമാണം, ടൂറിസ്റ്റ് ഗൈഡുകളുടെ നിയമനം, ടൂറിസം പ്രസിദ്ധീകരണങ്ങളുടെ പ്രസാധനം എന്നിവ ഉൾപ്പെടുത്തണം.
4. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലും പ്രാദേശിക ഗവൺമെന്റുകളിലും വിനോദസഞ്ചാര വികസനത്തിനായി എന്തൊക്കെ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് നിർദേശിക്കുക.
5. ടൂറിസവുമായി ബന്ധപ്പെട്ട ഇതരകാര്യങ്ങളിൽ ഗവൺമെന്റ് സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കുക.
1946 ഒക്ടോബറിൽ സർജന്റ് കമ്മറ്റി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. എന്തു വില കൊടുത്തും ഇന്ത്യയിൽ ടൂറിസം വികസനം സുസാധ്യമാക്കണമെന്ന് ഊന്നിപ്പറയുന്ന ഒന്നായിരുന്നു ആ റിപ്പോർട്ട്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും പരോക്ഷമായി വ്യാവസായിക പുരോഗതിക്കും വിനോദസഞ്ചാരം ഏറെ ഗുണം ചെയ്യുമെന്നും ഇടക്കാല റിപ്പോർട്ട് വ്യക്തമാക്കി. ടൂറിസം മേഖലയിൽ അർധ-സർക്കാർ സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിന്റെ അനിവാര്യതയും അത് എടുത്തുപറഞ്ഞു. വിദേശികൾക്കും സ്വദേശികൾക്കും വേണ്ട താമസസൗകര്യങ്ങളുടെ സ്വഭാവം വിശദമാക്കിയ റിപ്പോർട്ട് അത്തരം സൗകര്യങ്ങളൊരുക്കുന്നതിന് സർക്കാരിന്റെ വിവിധ വകുപ്പുകൾ എന്തൊക്കെ ചെയ്യണമെന്നും നിർദേശിച്ചു. വിദേശരാജ്യങ്ങളിൽ ആകർഷകമായ പരസ്യങ്ങൾ ചെയ്യുക, ടൂറിസ്റ്റ് ഗൈഡുകൾക്ക് ആവശ്യമായ പരിശീലനം നൽകി രംഗത്തിറക്കുക, ഗൈഡുബുക്കുകൾ, ഫോൾഡറുകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം ഊർജിതമാക്കുക, ടൂറിസം സ്ഥിതിവിവരക്കണക്കെടുപ്പു നടത്തുക, വ്യോമ-കരഗതാഗതമേഖലകൾ തമ്മിലുള്ള സഹകരണം സാധ്യമാക്കുക, അന്തർദേശീയ നിലവാരമുള്ള ഹോട്ടൽ ശൃംഖലകൾ സജ്ജമാക്കുക, ലണ്ടൻ,ന്യയൂയോർക്ക് തുടങ്ങിയ നഗരങ്ങളിൽ പരസ്യവിഭാഗങ്ങൾ ആരംഭിക്കുക എന്നു തുടങ്ങി ഇന്ത്യൻ ടൂറിസം വികസനത്തിന്റെ അടിസ്ഥാനശിലകളായി പിൽക്കാലത്തുമാറിയ ഒട്ടനവധി നിർദേശങ്ങൾ ആ ഇടക്കാല റിപ്പോർട്ട് മുന്നോട്ടുവച്ചു.
സർജന്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ അതിവേഗം ഫലപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടർന്നു നടന്നത്. അതുകൊണ്ട് സ്വാതന്ത്ര്യപ്പുലരിയായപ്പോഴേക്കും ഇന്ത്യ ടൂറിസത്തിന്റെ രാജപാതയിൽ പദമൂന്നിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തരം, 1948-ൽ, ഒരു താത്കാലിക ടൂറിസ്റ്റ് ട്രാഫിക് കമ്മറ്റി രൂപീകരിക്കപ്പെട്ടു. സർജന്റ് കമ്മറ്റിയുടെ ശുപാർശകൾ അടിയന്തിരമായി പ്രാവർത്തികമാക്കുകയായിരുന്നു ആ കമ്മറ്റിയുടെ ദൗത്യം. 1949-ൽ ഇത് ഗതാഗതമന്ത്രാലയത്തിന്റെ കീഴിലുള്ള ടൂറിസ്റ്റ് ട്രാഫിക് വിഭാഗമായിത്തീരുകയും അമ്പതുകളിൽ കൂടുതൽ വിപുലമായ മേഖലകളിൽ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു.
1955-56 കാലഘട്ടത്തിൽ ടൂറിസ്റ്റ് ട്രാഫിക് വിഭാഗം നാല് ഉപ വിഭാഗങ്ങളിലായി പ്രവർത്തനം വിപുലമാക്കി.
(1) ട്രാഫിക് വിഭാഗം
(2) ഭരണ വിഭാഗം
(3) പരസ്യ വിഭാഗം
(4) വിതരണ വിഭാഗം
ടൂറിസ്റ്റ് ട്രാഫിക് വിഭാഗം വിനോദസഞ്ചാരഗതാഗത വികസനം, ട്രാവൽ ഏജൻസികളുടെ പ്രോത്സാഹനം, ഹോട്ടലുകൾ, ഗസ്റ്റ്ഹൗസുകൾ, റസ്റ്റ് ഹൗസുകൾ എന്നിവയുടെ നിർമാണം, ടൂറിസ്റ്റ് സ്ഥിതിവിവരക്കണക്കെടുപ്പ്, റെയിൽവേ വികസനം, അന്തർദേശീയ തലത്തിലുള്ള ടൂറിസം പ്രവർത്തനങ്ങൾ എന്നിവ അതാതു വകുപ്പുകളിലൂടെ നടപ്പിലാക്കുന്നതിലാണ് ശ്രദ്ധ പതിപ്പിച്ചത്. ടൂറിസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം നിയന്ത്രിക്കലും ഏകോപിപ്പിക്കലും ഭരണവിഭാഗം ഏറ്റെടുത്തു. അന്താരാഷ്ട്രമേളകളിൽ പങ്കെടുക്കുക, ദേശീയ-അന്തർദേശീയതലത്തിൽ പരസ്യ പ്രചാരണം നടത്തുക തുടങ്ങിയവ ആയിരുന്നു പരസ്യ വിഭാഗത്തിന്റെ ചുമതലകൾ. വിതരണ വിഭാഗം പരസ്യവിഭാഗത്തിന്റെ അനുബന്ധമെന്നവണ്ണമാണ് പ്രവർത്തിച്ചുപോന്നത്.
ഇതിനിടയ്ക്ക് ടൂറിസ്റ്റ് ഓഫീസുകൾ നാനാഭാഗങ്ങളിൽ സജ്ജമാക്കുന്നതിൽ ഇന്ത്യ വിജയം വരിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ടൂറിസ്റ്റ് ഓഫീസുകൾ ഡൽഹി, മുംബെ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ സ്ഥാപിക്കപ്പെട്ടു. 1955 ആയപ്പോഴേക്കും ഇത്തരം ഒമ്പത് ടൂറിസ്റ്റ് ഓഫീസുകൾ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞിരുന്നു.
1952-ൽ ഇന്ത്യയുടെ പ്രഥമ വിദേശ ടൂറിസ്റ്റ് ഓഫീസ് ന്യൂയോർക്കിൽ സ്ഥാപിതമായി - 'ഗവൺമെന്റ് ഒഫ് ഇൻഡ്യ, ടൂറിസ്റ്റ് ഓഫീസ്' എന്നായിരുന്നു അതിന്റെ പേര്. ബ്രിട്ടണിലെ പ്രഥമ ഓഫീസ് 1955-ൽ ലണ്ടനിലാണ് സ്ഥാപിച്ചത്. 1956-ൽ പാരീസിലും ഫ്രാങ്ക്ഫർട്ടിലും ഓരോ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ആസ്ട്രേലിയ, ന്യയൂസിലാണ്ട് എന്നിവിടങ്ങളിലെ പ്രചാരണപ്രവർത്തനങ്ങൾ ഊർജിതമാക്കാനായി ആസ്റ്റ്രേലിയയിലെ മെൽബണിൽ 1956-ൽത്തന്നെ ഒരു ഓഫീസ് കൂടി ആരംഭിച്ചു. അടുത്ത ഓഫീസ് ശ്രീലങ്കയിലെ കൊളംബോയിലാണ് സ്ഥാപിച്ചത്.
വിദേശരാജ്യങ്ങളിൽ ഇന്ത്യയെപ്പറ്റി ആകർഷകമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുക, ടൂർ ഓപ്പറേറ്റർമാരുമായും ട്രാവൽ ഏജൻസികളുമായുമുള്ള സഹകരണം ഉറപ്പുവരുത്തുക, തുടങ്ങിയ ദൗത്യങ്ങൾ സ്തുത്യർഹമായി ചെയ്യാൻ വിദേശ ടൂറിസ്റ്റ് ഓഫീസുകൾ തയ്യാറായതോടെ ആഗോളരംഗത്ത് ഇന്ത്യ ശ്രദ്ധേയമായൊരു ടൂറിസ്റ്റ് കേന്ദ്രമായി. ഇന്നിപ്പോൾ ഇത്തരം 19 വിദേശ ഓഫീസുകളാണ് ഇന്ത്യയുടെ വിനോദസഞ്ചാര പ്രചാരണത്തിനായി പ്രവർത്തിക്കുന്നത്.
ഇന്ത്യയിൽ കേന്ദ്രഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽത്തന്നെ നാലു മേഖലാ ഓഫീസുകളും പതിനേഴ് പ്രാദേശിക ഓഫീസുകളുമുണ്ട്.
1962-ലെ ചൈനീസ് ആക്രമണം അനുക്രമമായി വികസിച്ചുവന്ന ഇന്ത്യൻ ടൂറിസത്തിന് ഗണ്യമായ പരുക്കേല്പിച്ചു. മുമ്പത്തേതുപോലുള്ള ശ്രദ്ധ ലഭിക്കാതെ വന്ന വിനോദസഞ്ചാര മേഖലയെ പ്രവർത്തന നിരതമാക്കാനായി അക്കാലത്ത് മറ്റൊരു കമ്മറ്റി നിയോഗിക്കപ്പെട്ടു. എൻ.കെ. ഝാ അതിന്റെ അധ്യക്ഷനും ആദ്യത്തെ ടൂറിസം ഡയറക്ടർ ജനറലായ എസ്.എൻ. ഛിബ് സെക്രട്ടറിയും ആയിരുന്നു. ഇന്ത്യ ടൂറിസത്തിനു നൽകുന്ന പ്രാധാന്യമനുസരിച്ച് ഔദ്യോഗികതലത്തിൽ അതിനുള്ള അംഗീകാരത്തിൽ മാറ്റം വന്നിട്ടുണ്ട്. 1958 മാ. 1-ന് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ കീഴിൽ ഒരു പ്രത്യേക വിഭാഗമായി ടൂറിസം വകുപ്പ് രൂപീകൃതമായി. 1967 ജൂല. 14-ന് ഗതാഗത സിവിൽ വ്യോമയാനവകുപ്പിൻ കീഴിലായിരുന്ന കേന്ദ്ര വ്യോമയാനവകുപ്പും കേന്ദ്ര ടൂറിസം വകുപ്പും, ചേർത്ത് 'കേന്ദ്ര ടൂറിസം - വ്യോമയാന മന്ത്രാലയം' ഉണ്ടാക്കി. അങ്ങനെ ഇന്ത്യൻ ടൂറിസം വികസനത്തിനായി ഒരു പ്രത്യേക വകുപ്പുതന്നെ രൂപീകൃതമായി. അതിന് ഒരു മുഴുവൻ സമയ മന്ത്രിയും ഉണ്ടായി. നയപരവും പ്രചാരണപരവും സാങ്കേതികവുമായ രംഗങ്ങളിൽ ഇന്ത്യൻ ടൂറിസം അതോടെ വൻമുന്നേറ്റം തന്നെ നടത്തി.
ഇന്ത്യയിലെ ടൂറിസം വികസനത്തിന് പൂർവാധികം ഗതിവേഗം പകർന്ന ഒന്നാണ് 'ഇന്ത്യാ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ' (ഐ.ടി.ഡി.സി.) രൂപീകരണം (1966). 1963-ലെ ഝാ കമ്മറ്റി റിപ്പോർട്ട് ടൂറിസം രംഗത്ത് കൂടുതൽ പൊതുമേഖലാ സംരംഭങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞിരുന്നു. അതനുസരിച്ച് 1965-ൽ ടൂറിസം വകുപ്പിനു കീഴിൽ മൂന്നു കോർപ്പറേഷനുകൾ സ്ഥാപിച്ചു. 'ഹോട്ടൽ കോർപ്പറേഷൻ ഒഫ് ഇന്ത്യാ ലിമിറ്റഡ്', 'ഇന്ത്യാ ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്', 'ഇന്ത്യ ടൂറിസം ട്രാൻസ്പോർട്ട് അണ്ടർടേക്കിങ് ലിമിറ്റഡ്' എന്നിവയാണവ. പിന്നീട് ഇവ മൂന്നും ലയിപ്പിച്ചാണ് ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന് (ITDC) രൂപം നൽകിയത്. ഹോട്ടലുകൾ, മോട്ടലുകൾ, റസ്റ്റാറന്റുകൾ, ടൂറിസ്റ്റ് ബംഗ്ലാവുകൾ, അതിഥിമന്ദിരങ്ങൾ, ബീച്ചുറിസോർട്ടുകൾ തുടങ്ങിയവ അനുയോജ്യസ്ഥലങ്ങളിൽ സ്ഥാപിക്കുകയും അവ ടൂറിസ്റ്റുകൾക്ക് ഗുണകരമാവുംവിധം നടത്തിക്കൊണ്ടുപോവുകയുമാണ് പ്രസ്തുത കോർപ്പറേഷന്റെ മുഖ്യ ചുമതലകളിലൊന്ന്. ടൂറിസ്റ്റുകൾക്കായുള്ള പ്രത്യേക ഗതാഗതസൗകര്യം ഏർപ്പെടുത്തുക, ഷോപ്പിങ് സൗകര്യം ഒരുക്കുക, പരസ്യ പരിപാടികൾ തയ്യാറാക്കുക എന്നിവയും അതിന്റെ മറ്റു ചുമതലകളിൽപ്പെടുന്നു. സംഗീതസദസ്സുകൾ, 'ലൈറ്റ്-ആൻഡ് സൗണ്ട് ഷോ'കൾ സാംസ്കാരികമേളകൾ എന്നിവ ടൂറിസ്റ്റുകളുടെ വിനോദാർഥം സംഘടിപ്പിക്കുകയാണ് മറ്റൊരു ദൗത്യം.
ഐ.ടി.ഡി.സി.യുടെ ആവിർഭാവത്തോടെ വിനോദസഞ്ചാരികൾക്കായുള്ള താമസസൗകര്യത്തിന്റെയും യാത്രാസൗകര്യത്തിന്റെയും കാര്യങ്ങളിലാണ് ഗണ്യമായ മാറ്റം ഉണ്ടായത്. ഇപ്പോൾ (2002-ൽ) 3,000-ത്തോളം ഹോട്ടൽ മുറികളും മുന്നൂറോളം വാഹനങ്ങളും ഐ.ടി.ഡി.സി.ക്കുണ്ട്. നിലവിലുണ്ടായിരുന്ന പല സ്ഥാപനങ്ങളും ഏറ്റെടുത്തുകൊണ്ടോ പുതിയവ നിർമിച്ചുകൊണ്ടോ ആണ് ഐ.ടി.ഡി.സി. അതിന്റെ ഹോട്ടൽ ശൃംഖല വിപുലമാക്കിയത്. മരാമത്തുവകുപ്പിന്റെ കൈവശമിരുന്ന അശോക് ഹോട്ടൽസ് ലിമിറ്റഡ്, ജൻപഥ് ഹോട്ടൽ ലിമിറ്റഡ് എന്നിവയും ലോധി, രഞ്ജിത് എന്നീ ഹോട്ടലുകളും കൂടെ സ്വന്തമാക്കിയതോടെയാണ് (1970 മാ. 28) ഐ.ടി.ഡി.സി.യുടെ ഹോട്ടൽ ശൃംഖല വിപുലമായിത്തുടങ്ങിയത്.
ഇന്ത്യൻ ടൂറിസം ഭൂപടത്തിൽ ദക്ഷിണേന്ത്യയും പ്രാധാന്യത്തോടെ സ്ഥാനം പിടിച്ചു എന്നതാണ് ഐ.ടി.ഡി.സി. (നോ: ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ)യുടെ വരവോടെയുണ്ടായ ഒരു മാറ്റം. കേരളത്തിലെ കോവളത്തിന്റെ വികസനത്തിന് ഐ.ടി.ഡി.സി. ചെയ്തിട്ടുള്ള സേവനം ഒരുദാഹരണം മാത്ര മാണ്. അടുത്തകാലത്ത് ഇന്ത്യൻ പൊതുമേഖലാരംഗത്ത് വൻതോതിലുള്ളസ്വകാര്യവത്ക്കരണസംരംഭങ്ങൾ നടപ്പിലായിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഐ.ടി.ഡി.സി.യുടെ പല സംരംഭങ്ങളും സ്വകാര്യമേഖലയുടേതായിക്കഴിഞ്ഞു. കോവളത്തെ ഐ.ടി.ഡി.സി. ഹോട്ടൽ സമുച്ചയം 2002 ജൂല. മുതൽ സ്വകാര്യസംരംഭകരുടേതായി മാറി. കോവളം ഹോട്ടൽസ് എന്നാണ് ഇപ്പോൾ അതിന്റെ പേർ.
ഇന്ത്യയിലെ വിനോദസഞ്ചാരവികസന സംരംഭങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രത്യേക 'ഓപ്പറേഷൻ പദ്ധതികൾ'. 1968-ലാണ് അതിനു തുടക്കം കുറിച്ചത്. 1968 ജൂല. മാസത്തിൽ 'ഓപ്പറേഷൻ യൂറോപ്പ്' എന്ന പദ്ധതി ആരംഭിച്ചു. 1970-ൽ ഇംഗ്ലണ്ടിലേക്കും 1971-ൽ അമേരിക്കയിലേക്കും 1977-ൽ ആസ്റ്റ്രേലിയയിലേക്കും ആ പ്രത്യേക പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. എയർ ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ഇപ്പോൾ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം വിനോദസഞ്ചാര വകുപ്പ് അത്തരം പദ്ധതികൾ നടപ്പിലാക്കിവരുന്നു.
ഇത്തരം പദ്ധതികളുടെയെല്ലാം ഫലമായി 1965 മുതൽ ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയിൽ അനുക്രമമായ വികാസം വന്നിട്ടുണ്ട്. 1968-ൽ ഇന്ത്യ സന്ദർശിച്ചവരുടെ എണ്ണം 1,88,820 ആയിരുന്നു. എന്നാൽ 1990-ൽ അത് 13,29,950 ആയി ഉയർന്നു. ഇപ്പോൾ രണ്ടു ദശലക്ഷത്തോളം വിനോദസഞ്ചാരികളാണ് പ്രതിവർഷം ഇന്ത്യയിലെത്തുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനാണ്യസമ്പാദനമാർഗം ടൂറിസമാണ്. പ്രത്യക്ഷമായും പരോക്ഷമായും അത് ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്നു. 1997-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ രണ്ടുകോടി ജനങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്.
യുദ്ധങ്ങൾ, കലാപങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിവ മിക്കപ്പോഴും ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ വളർച്ചയെ താത്ക്കാലികമായി തടഞ്ഞു നിർത്തിയിട്ടുണ്ട്. എങ്കിലും ഏഷ്യൻ രാജ്യങ്ങളിൽ താരതമ്യേന ആഭ്യന്തര കുഴപ്പങ്ങൾ അത്ര രൂക്ഷമല്ലാത്ത രാജ്യം എന്ന പേര് കുറേ ദശകങ്ങളായി ഭാരതത്തിനുണ്ട്. ഇറാൻ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റ് പ്രവാഹം ഗണ്യമായി കുറഞ്ഞപ്പോഴും ഇന്ത്യയിൽ അതു സംഭവിക്കാത്തതിനു കാരണം ഇതാണ്. ആഭ്യന്തരക്കുഴപ്പങ്ങളുടെ പേരിൽ ആഗോളവിനോദസഞ്ചാരികൾ കൈയ്യൊഴിഞ്ഞ ഒരേയൊരു ഇന്ത്യൻ ടൂറിസ്റ്റ് കേന്ദ്രം കാശ്മീരാണ്.
ഇന്ത്യയുടെ ടൂറിസം വികസനചരിത്രത്തിലെ വേറിട്ടൊരു സംരംഭം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് 1977-79 കാലത്ത് മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് വരുത്തിയ പരിഷ്കാരം. പഞ്ചനക്ഷത്രഹോട്ടലുകളല്ല ഇന്ത്യൻ ടൂറിസം വികസനത്തിനുവേണ്ടത് എന്ന സമീപനത്തോടുകൂടി ആ ഗവൺമെന്റ് തുടങ്ങിയതാണ് 'ജനതാ ഹോട്ടലുകൾ'. പക്ഷേ, ഇതിന് താത്ക്കാലിക പരീക്ഷണം എന്നതിനപ്പുറം ദൂരവ്യാപകമായ ചലനമൊന്നും ഉണ്ടാക്കാനായില്ല.
1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ടൂറിസത്തിന്റെ വികാസത്തിനു നൽകിയ സംഭാവന വളരെ വലുതാണ്. മറ്റൊരു നിർണായകമായ ടൂറിസം വികസനദൗത്യമാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ദേശീയ വികസനസമിതി ടൂറിസത്തിന് വ്യവസായ പദവി നൽകിയത്.
ഇന്ത്യയിൽ ആദ്യമായൊരു ടൂറിസം നയം ഔദ്യോഗികതലത്തിൽ ഉണ്ടായത് 1982-ലാണ്. ഭാരതസർക്കാർ 1982 ന. -ൽ പ്രഖ്യാപിച്ച പ്രസ്തുത ദേശീയ നയം അടിവരയിട്ടു പറഞ്ഞത് ഇതൊക്കെയാണ്: വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പ്രചാരണത്തിൽ ദേശീയ പാരമ്പര്യസമ്പത്തുകളിൽ ഊന്നൽ കൊടുക്കും, സഞ്ചാരികളുടെ അവധിക്കാല സന്ദർശനകേന്ദ്രങ്ങളായി ഇന്ത്യയിലെ ടൂറിസ്റ്റു പ്രാധാന്യമുള്ള സ്ഥലങ്ങളെ വികസിപ്പിക്കും, ടൂറിസത്തിന് ഒരു കയറ്റുമതി വ്യവസായത്തിന്റെ പദവി നൽകും, ടൂറിസംമേഖലയിൽ സ്വകാര്യവ്യവസായികളെ കൂടുതൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. വിനോദസഞ്ചാരത്തെ ഒരു വ്യവസായമായി പ്ലാനിംഗ് കമ്മിഷൻ അംഗീകരിച്ചത് പത്തു വർഷത്തിനുശേഷമാണ് - 1992-ൽ. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ വേണം വിദേശസഞ്ചാരികളെ ആകർഷിക്കാനായി ഉപയോഗിക്കേണ്ടതെന്നായി സൂചന. ടൂറിസത്തിനായുള്ള ദേശീയ കർമ പരിപാടി (The national action plan for tourism) 1992 മേയിലാണ് രൂപംകൊണ്ടത്. വിനോദസഞ്ചാരമേഖലകളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനം, തൊഴിലവസരങ്ങളുടെ അധികമായ സൃഷ്ടി, ആഭ്യന്തര ടൂറിസവികസനം, ദേശീയ പാരമ്പര്യ സമ്പത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം, സാർവദേശീയ വിനോദസഞ്ചാരത്തിന്റെ വികസനം, ടൂറിസം ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, ലോക ടൂറിസത്തിൽ ഇന്ത്യയുടെ പങ്കിന്റെ വർധന-ഇതെല്ലാമാണ് ദേശീയ കർമപരിപാടി ലക്ഷ്യമിട്ടത്. മുഖ്യമായും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെ ടൂറിസം വികസനം യാഥാർഥ്യമാക്കണമെന്ന് എടുത്തുപറയുകതന്നെ ചെയ്തു എട്ടാം പഞ്ചവത്സരപദ്ധതികളുടെ രൂപരേഖ.
ഇന്ത്യയിലെ വിനോദസഞ്ചാര ചരിത്രം പൊതുമേഖലയുടെ എന്നപോലെ തന്നെ സ്വകാര്യമേഖലയുടെ കൂടി പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഏകോപനം ഒട്ടനവധി സംഘടനകളിലൂടെയാണ് നടക്കുന്നത്. അത്തരം സംഘടനകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയിലെ ട്രാവൽ ഏജന്റുമാരുടെ സംഘടനയായ ടായ് (TAAI-Travel Agents Association). ടൂർ ഓപ്പറേറ്റർമാരുടെ സംഘടനയായ അയാറ്റോ (IATO-Indian Association of Tour Operators) ആണ് മറ്റൊന്ന്. ഫെഡറേഷൻ ഒഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസ്സോസിയേഷൻ ഒഫ് ഇന്ത്യയും (FHRAI) മികച്ച സേവനം അനുഷ്ഠിച്ചുവരുന്ന ദേശീയ സംഘടനയാണ്.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കയറ്റുമതി ഉത്പന്നമാണ് ഇന്ന് ടൂറിസം. രത്നക്കല്ലുകൾ, തുണിത്തരങ്ങൾ എന്നിവയാണ് ഒന്നാം സ്ഥാനത്തുള്ളത്. 1996-97 കാലത്ത് 104.18 ബില്യൺ രൂപയായിരുന്നു വിനോദസഞ്ചാരത്തിലൂടെ ഇന്ത്യ സമ്പാദിച്ചത്. 1998-99-ൽ അത് 120.11 ബില്യണായി ഉയർന്നു. എങ്കിലും ആഗോളടൂറിസം രംഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിലെ ടൂറിസം വികസനം അത്ര പുരോഗമിച്ചിട്ടില്ലെന്നു കാണാം. 1998-ലെ കണക്കനുസരിച്ച് ലോക ടൂറിസ്റ്റുകളുടെ കേവലം 0.38% മാത്രമാണ് ഇന്ത്യയിലെത്തുന്നത്. ആഗോള ടൂറിസം വരുമാനത്തിന്റെ കേവലം 0.51% മാത്രമേ ഇന്ത്യക്ക് നേടാനാകുന്നുള്ളൂ.
ഇന്ത്യയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം വികാസം നേടിയിട്ടുള്ളത് ഹോട്ടൽ ശൃംഖലയാണ്. 2000-ാമാണ്ടിൽ 66,522 അംഗീകൃത ഹോട്ടൽ മുറികൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. നക്ഷത്ര പദവിയുള്ള ഹോട്ടലുകളുടെ സ്ഥിതിവിവരക്കണക്ക് ഇപ്രകാരമാണ്: ഒൺ-സ്റ്റാർ ഹോട്ടലുകൾ 146, ടു-സ്റ്റാർ ഹോട്ടലുകൾ 324, ത്രീ-സ്റ്റാർ ഹോട്ടലുകൾ 311, ഫോർ-സ്റ്റാർ ഹോട്ടലുകൾ 53, ഫൈവ്-സ്റ്റാർ ഹോട്ടലുകൾ 48.
ഇന്ന് മൂന്നു തലങ്ങളിലായാണ് ഇന്ത്യയിലെ വിനോദസഞ്ചാരപ്രവർത്തനങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ, സംസ്ഥാന ടൂറിസം വകുപ്പുകളുടെ പ്രവർത്തനങ്ങൾ, സ്വകാര്യ സംരംഭകരുടെ പ്രവർത്തനങ്ങൾ എന്നിവയാണവ.
ടൂറിസം വികസനം കേരളത്തിൽ
തിരുത്തുകവൈവിധ്യമാർന്നതും നിറപ്പകിട്ടാർന്നതുമായ പ്രകൃതിയും സംസ്കൃതിയും ഒരുപോലെ കൈമുതലായുള്ള ഒരിടമാണ് കേരളം. വിനോദസഞ്ചാരവികസനത്തിന് അവശ്യം വേണ്ട മറ്റു മുഖ്യ ഘടകങ്ങളുടെ കാര്യത്തിലും കേരളം ഏറെ സമ്പന്നമാണ്. വിദ്യാഭ്യാസ നേട്ടങ്ങളും മെച്ചപ്പെട്ട ആരോഗ്യസംവിധാനവും അതിനുദാഹരണങ്ങളാണ്. വാർത്താവിനിമയസൗകര്യങ്ങൾ, വൈദ്യസഹായലഭ്യത, ശുചിത്വം, ഗതാഗതസൗകര്യം, സർക്കാരിന്റെ അനുകൂലസമീപനം, ഭദ്രമായ ക്രമസമാധാനനില, എന്നിങ്ങനെ പിന്നെയും പല ഘടകങ്ങൾ കേരളത്തെ ടൂറിസം വ്യവസായത്തിന് അനുയോജ്യമായ ഒരിടമാക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളിൽ പ്രമുഖം പ്രശാന്തസുന്ദരമായ സമുദ്രതീരങ്ങൾതന്നെ. ഗ്രാമജീവിതത്തിന്റെ കരക്കാഴ്ചകളൊരുക്കി നിൽക്കുന്ന കായൽക്കെട്ടുകൾ, ചന്ദനാദി സുഗന്ധവിഭവങ്ങളും ജന്തു-സസ്യവൈവിധ്യങ്ങളുമായി ഹരിതകാന്തിയാർന്നു നിൽക്കുന്ന കാനനങ്ങളും പർവതഭൂഭാഗങ്ങളും, മഞ്ഞു മേയുന്ന താഴ്വാരദേശങ്ങൾ എന്നിങ്ങനെ കേരളത്തിന്റെ പ്രകൃതിമനോഹാരിത ഭിന്നഭാവങ്ങളാർന്നു നിൽക്കുന്നു. സംസ്കാരവിശേഷങ്ങളിൽ സമുന്നത സ്ഥാനം കലകൾക്കുതന്നെ. ഐക്യരാഷ്ട്രസംഘടനപോലും ലോകത്തിലെ സംരക്ഷിച്ചു നിലനിർത്തേണ്ടുന്ന പാരമ്പര്യകലകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കൂടിയാട്ടം, ഇന്ത്യൻ കലാരൂപങ്ങളിൽ വിദേശരാജ്യക്കാരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയിട്ടുള്ളവയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കഥകളി, ആഗോളതലത്തിൽത്തന്നെ മൗലികത കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞ കളരിപ്പയറ്റ് എന്ന ആയോധനകല, ജലോത്സവങ്ങളുടെ ലോകമാതൃകകളിൽ ഏറ്റവും വിസ്മയകരമായ ഒന്നായി വാഴ്ത്തപ്പെട്ടിട്ടുള്ള ചുണ്ടൻവള്ളങ്ങളണിനിരക്കുന്ന വള്ളംകളി, എന്നിവ കേരളത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്ന തനതായ കലാവിഭവങ്ങളിൽ ചിലതുമാത്രമാണ്. കേരളീയ സംസ്കൃതിയുടെ മറ്റൊരു സവിശേഷത വർണാഭമായ ഉത്സവാഘോഷങ്ങളാണ്. ഏതെങ്കിലുമൊരു ഉത്സവമോ ആഘോഷമോ അനുഷ്ഠാനമോ ഇല്ലാത്ത ഒരു മാസംപോലുമില്ല കേരളത്തിൽ. ലോകസഞ്ചാരത്തിന്റെ ആദ്യകാല ചരിത്രത്തിന്റെപോലും സ്മാരകങ്ങളും പൗരാണിക സ്മരണകളുണർത്തുന്ന ഭൂഭാഗങ്ങളുമാണ് കേരളത്തെ സർവലക്ഷണങ്ങളുമൊത്ത സഞ്ചാര ലക്ഷ്യമാക്കുന്ന മറ്റൊരു ഘടകം.
കേരളത്തിന്റെ ചരിത്രം തന്നെ വിശ്വസഞ്ചാര ചരിത്രവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. വിഖ്യാതരായ ലോകസഞ്ചാരികൾ പലരുടെയും കുറിപ്പുകളിൽ പ്രാചീനകാലം മുതൽതന്നെ കേരളം സ്ഥാനം പിടിച്ചിട്ടുണ്ട്. മെഗസ്തനീസി(ഗ്രീസ്)ന്റെയും ടോളമി(ഗ്രീസ്)യുടെയും പ്ലിനി(ഇറ്റലി)യുടെയും മഹ്വാന്റെ(ചീന)യുമെല്ലാം ദേശവിവരണക്കുറിപ്പുകളിൽ പ്രാചീനകേരളപരാമർശങ്ങളുള്ളതായി ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. എ.ഡി. നാലാം നൂറ്റാണ്ടു മുതലുള്ള കേരളചിത്രങ്ങൾ അത്തരം യാത്രാക്കുറിപ്പുകളിൽ നിന്നു ലഭ്യമാണ്. ആധ്യാത്മികാചാര്യനായ തോമാശ്ലീഹയുടെ പാദസ്പർശമേറ്റ ഇടങ്ങളിലൊന്നായി കേരളം പണ്ടുകാലംമുതലേ അറിയപ്പെട്ടിരുന്നു. സുഗന്ധ വ്യഞ്ജനാദികളടക്കമുള്ള കേരളത്തിന്റെ ജൈവവൈവിധ്യങ്ങൾ പണ്ടുകാലം മുതൽ പ്രമുഖ രാജ്യങ്ങളെ ഇവിടേക്ക് ആനയിച്ചിരുന്നു. ആദ്യകാലത്ത് വാണിഭോദ്ദേശ്യത്തോടെ. കേരളം സന്ദർശിച്ചവരിൽ ചീനാക്കാരനായ വാങ്താ യ്വാൻ, അറബിദേശക്കാരനായ, സുലൈമാൻ, യവനരാജ്യക്കാരനായ അൽ മസൂദി എന്നിവരാണ് പ്രമുഖർ. ആഗോളസഞ്ചാരചരിത്രത്തിലെ സുപ്രധാനവ്യക്തികളിലൊരാളായ ഇബനുബത്തൂത്ത (മൊറോക്കോ) ആറു തവണ കോഴിക്കോട് സന്ദർശിച്ചിട്ടുണ്ടെന്നാണ് സൂചന. 13-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി മാർക്കോപോളോ(വെനീസ്)യും കേരളത്തിലെത്തി. അദ്ദേഹത്തിന്റെ ഏഴിമലവർണന അതിമനോഹരമാണ്. ചൈനയിലെ ജോൺ ഒഫ് മോൺടി കോർവിനോ, വോർഡിനോണിലെ ഫ്രിയാർ ഒദോറിക്, ഇറ്റലിയിലെ നിക്കോളോകോണ്ടി, പേർഷ്യയിലെ അബ്ദുൽ റസാക്ക്, റഷ്യയിലെ അത്തനേഷ്യസ്, പോർട്ടുഗലിലെ ഡി കോവിൽ ഹാം, ഇറ്റലിയിലെ ബാർബോസ, വെനീസിലെ സീസർ ഫ്രെഡറിക്, ഫ്രാൻസിലെ പിറ്രഡ് ഡി ലാവൽ, റോമിലെ പീട്രോ ഡെല്ലാ എന്നിങ്ങനെ ഒട്ടനവധി പേർ കേരളത്തിന്റെ ആദ്യകാല അതിഥികളായിരുന്നു. മറ്റ് ആദ്യകാല സഞ്ചാരികളിൽ പ്രമുഖർ ചൈനാക്കാരായ ഫാഹിയാൻ, ഹുയാങ്സാങ്, ഇ-റ്റ്സിങ്, ചൗ-ജൂ-ക്വാ ഫെയ്സിൻ, ഈജിപ്തുകാരനായ കാസ്മോസ്, അറബി നാട്ടുകാരനായ ഇബനു ഖുർറാദാദ്ബെ, ശൈഖ് സൈനുദ്ദീൻ, പേർഷ്യാക്കാരനായ അബു സെയ്ദ് എന്നിവരാണ്. റഷ്യയിൽ നിന്നുമെത്തിയ അൽബറൂനി അഫ്നാസി നികിതിൻ, മിഷനറിമാരായ ജോർഡാനൂസ്, ജോൺ ഡി മാറിനെല്ലി എന്നിവരുടെ കുറിപ്പുകളും കേരളത്തിന്റെ ആദ്യകാല സഞ്ചാരചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്നവയാണ്. കൂടാതെ കേരളത്തിന്റെ ആദ്യകാല സഞ്ചാരചരിത്രത്തിൽ പരാമർശയോഗ്യമായ യാത്രികർ ഇവരാണ്: അൽ ഇദ്രീസി (ആഫ്രിക്ക), റബ്ബിബിൻ ജമിൻ (യൂറോപ്പ്), അബുൽഫിദ (ദമാസൂസ്), കമ്പ്രാൾ (പോർട്ടുഗീസ്), വർത്തേമ (ഇറ്റലി), സ്റ്റെഫാനോ (ജനോവ), ഫെറിയ ബൈസൂസ (പോർത്തുഗീസ്). എ.ഡി. 1498-ൽ പോർട്ടുഗീസുകാരനായ വാസ്കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങിയതോടെ വിശ്വഭൂപടത്തിൽ കേരളം ശ്രദ്ധേയമായൊരു സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കച്ചവടക്കാരായും മതപ്രചാരകരായും രാഷ്ട്രീയാധിനിവേശക്കാരായും വിദേശികൾ വന്നുകൊണ്ടിരുന്ന ഒടരിടമാണ് പ്രാചീനകേരളമെന്നു ചുരുക്കിപ്പറയാം.
കേരളത്തിന്റെ ആദ്യകാല വിനോദസഞ്ചാര ചരിത്രത്തിൽ മാമാങ്കം തുടങ്ങിയ മഹോത്സവങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. ആലുവ ശിവരാത്രി, ആറന്മുള വള്ളംകളി, തൃശൂർ പൂരം, ശബരിമല ഉത്സവം തുടങ്ങിയ ഉത്സവാഘോഷങ്ങളും ആഭ്യന്തര ടൂറിസത്തിലെ ആദ്യകാലചരിത്രത്തിൽ സവിശേഷ പരാമർശമർഹിക്കുന്നവയാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട്, മുറജപം, ലക്ഷദീപം തുടങ്ങിയവ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങളെ ഒരിടത്തേക്ക് ആനയിക്കുന്ന ആചാരവിശേഷങ്ങളായിരുന്നു. കേരളത്തിലെ മഹാരാജാക്കന്മാർ തൃക്കാക്കരച്ചെന്ന് മഹാബലിയെ വന്ദിച്ചിരുന്നതിന്റെ ഓർമയാണ് ഓണം എന്ന ഐതിഹ്യം. ഓണാഘോഷത്തെയും ഒരു സന്ദർശനോത്സവമായി വിശേഷിപ്പിക്കുന്നുണ്ട്. അത്തച്ചമയത്തിനും അതിനനുബന്ധമായുള്ള ഘോഷയാത്രയ്ക്കും നമ്മുടെ സഞ്ചാരചരിത്രത്തിൽ പണ്ടുമുതൽതന്നെ വലിയ സ്ഥാനമാണുള്ളത്. ഉത്തരകേരളത്തിലെ പൂരാഘോഷങ്ങളും പെരുങ്കളിയാട്ടങ്ങളും നാനാജാതിമതസ്ഥരുടെ സംഗമവേദികൾ കൂടെയായിരുന്നു. ആദ്യകാലത്ത് ദേശാതിർത്തികൾ കടന്നും പ്രചാരം നേടിയ ക്ഷേത്രോത്സവങ്ങളിൽ ചിലതാണ് ഏറ്റുമാനൂരമ്പലത്തിലെ ഏഴരപ്പൊന്നാനയും വൈയ്ക്കത്തഷ്ടമിയും കൊട്ടിയൂരുത്സവവും ഓച്ചിറക്കളിയും ചെങ്ങന്നൂർ തിരുപ്പൂത്തും കൊടുങ്ങല്ലൂർ ഭരണിയും കടമ്മനിട്ട പടയണിയും ഗുരുവായൂർ ഉത്സവവും ആനയോട്ടവുമെല്ലാം.
1894-ൽ പമ്പാനദിയുടെ തീരത്തുള്ള മാരാമണിൽ ആരംഭിച്ച ക്രിസ്തുമതകൺവെൻഷൻ ഇന്ന് ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും ക്രൈസ്തവമതവിശ്വാസികളുടെ സംഗമവേദിയായി മാറിയിരിക്കുന്നു. കൊണ്ടോട്ടി, മമ്പുറം പള്ളികളിലെ നേർച്ചയുത്സവങ്ങൾ ആദ്യകാല ഇസ്ലാം മത സംബന്ധിയായ ആഘോഷോത്സവങ്ങളിൽ പ്രഥമസ്ഥാനമലങ്കരിക്കുന്നു.
കേരളത്തിനകത്തുള്ളവർ സമുദ്രതീരങ്ങളെയും മലനിരകളെയും വിശ്രമവിനോദസങ്കേതങ്ങളായല്ല, ഉപജീവനത്തിനും സവിശേഷ ആചാരാനുഷ്ഠാനങ്ങൾക്കുമായുള്ള ഇടങ്ങളായാണ് കണ്ടിരുന്നത്. തീരങ്ങൾ മിക്കവയും മത്സ്യബന്ധനകേന്ദ്രങ്ങളും കയറുത്പാദനകേന്ദ്രങ്ങളും തുറമുഖങ്ങളും ആയിരുന്നു. തിരുവനന്തപുരത്തെ ശംഖുംമുഖം കടൽപ്പുറം ആറാട്ടുത്സവവേദിയെന്ന നിലയിൽ അക്കൂട്ടത്തിൽ വേറിട്ടുനിന്നു. കൊല്ലത്തെ തിരുമുല്ലവാരം കടൽപ്പുറവും തിരുവനന്തപുരത്തെ ഇന്നത്തെ കോവളം കടൽപ്പുറവും വർക്കല പാപനാശം കടൽപ്പുറവുമാണ് ആചാരബദ്ധമായ മറ്റു പ്രാചീന കേരള സമുദ്രതീരങ്ങൾ. കർക്കിടകവാവിന് പിതൃക്കൾക്ക് ബലിയർപ്പിക്കുന്ന സവിശേഷമായ ആചാരത്തിന്റെ മുഖ്യവേദിയായിരുന്നു ഇന്നത്തെ കോവളം കടൽപ്പുറം. പണ്ടുകാലത്ത് അതിന്റെ പേര് വാവ് നടത്തുന്ന തീരം എന്ന അർഥത്തിൽ വാവാടുംതുറ എന്നായിരുന്നു. പിന്നീട് അത് ആവാടുംതുറയായി. മലയോരങ്ങൾ ആചാരഭൂമികകളായിരുന്നു എന്നതിന് ഉദാഹരണങ്ങളാണ് ശബരിമലയും തിരുനെല്ലിയും. പിന്നീട് മലയാറ്റൂർ തുടങ്ങിയ സ്ഥലങ്ങളും അത്തരത്തിൽ സന്ദർശനകേന്ദ്രങ്ങളായി. ആസൂത്രിതമായ വിശ്രമവിനോദസങ്കേതങ്ങളായി കേരളത്തിലെ തീരങ്ങളും മലയോരങ്ങളും മാറിയതിൽ രാജവാഴ്ചയ്ക്കെന്നപോലെ കോളനിവാഴ്ചയ്ക്കും പങ്കുണ്ട്. മൂന്നാർ, തേക്കടി, കോവളം എന്നിവിടങ്ങളിലെ വേനൽക്കാലവസതികൾ ഇതിനുദാഹരണങ്ങളാണ്.
പ്രകൃതിദത്തമായ സൗഭാഗ്യങ്ങളെ ആശ്രയിച്ചെന്നപോലെതന്നെ പുതിയതരം സന്ദർശന കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിലും കേരളത്തിലെ പല രാജാക്കന്മാരും ശ്രദ്ധാലുക്കളായിരുന്നു. ഇക്കാര്യത്തിൽ തിരുവിതാംകൂർ രാജാവായ സ്വാതിതിരുനാളിന്റെ നാമധേയം ഏറെ പ്രാധാന്യമർഹിക്കുന്നു. 1836-ൽ സ്ഥാപിക്കപ്പെട്ട തിരുവനന്തപുരത്തെ നക്ഷത്രബംഗ്ലാവ് അദ്ദേഹത്തിന്റെ സംഭാവനയാണ്. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് (1860-80) സ്ഥാപിക്കപ്പെട്ട തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവും മൃഗശാലയും ഇന്നും കേരളതലസ്ഥാനത്തെ മുഖ്യ ടൂറിസ്റ്റ് ആകർഷണങ്ങളാണ്. കൊച്ചി രാജ്യത്തിൽ 1885-ലാണ് മൃഗശാലയും കാഴ്ച ബംഗ്ലാവും സ്ഥാപിച്ചത്. തൃശൂരാണ് അവ സ്ഥാപിതമായത്. 1935-ൽ ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് തിരുവനന്തപുരത്തു നിലവിൽ വന്ന ശ്രീചിത്രാ ആർട് ഗ്യാലറി ഈ രംഗത്തെ മറ്റൊരു മഹത്തായ സ്ഥാപനമാണ്.
അതിഥികളെ സത്ക്കരിക്കുന്നതിനായി തിരുവിതാംകൂർ ഗവൺമെന്റ് 'സ്റ്റേറ്റ് ഗസ്റ്റ് ഡിപ്പാർട്ടുമെന്റ്' സ്ഥാപിച്ചതോടെയാണ് സർക്കാർ തലത്തിലുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കപ്പെട്ടത്. തിരുവിതാംകൂറിലെത്തുന്ന വിശിഷ്ടാതിഥികൾക്കുവേണ്ട ആതിഥ്യസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു പ്രസ്തുത വകുപ്പിന്റെ ചുമതല. അതിന്റെ തുടർച്ചയാണ് ഇന്നത്തെ കേരളസംസ്ഥാന ടൂറിസം വകുപ്പ്.
ആദ്യകാലത്ത് അനുകൂലഘടകങ്ങളെന്നപോലെതന്നെ ഒട്ടനവധി പ്രതികൂല ഘടകങ്ങളും വകുപ്പിനു മുന്നിലുണ്ടായിരുന്നു. വിദേശ ടൂറിസ്റ്റുകൾ കേരളസന്ദർശകരായല്ല ഭാരതസന്ദർശകരായിട്ടാണ് അന്നൊക്കെ വന്നുകൊണ്ടിരുന്നത്. അവരുടെ സന്ദർശനങ്ങൾ ദൽഹിയിലും പരിസരപ്രദേശങ്ങളിലും പിന്നീട് കാശ്മീരിലുമായി ഒതുങ്ങിനിന്നു. കേരളത്തിന്റെ ടൂറിസം വികസനത്തിന് അക്കാലത്ത് മുഖ്യ തടസ്സമായി നിന്നത് ഭാരതതലസ്ഥാനത്തുനിന്നുമുള്ള അതിന്റെ അകലമാണ്. വിദേശിക്ക് തന്റെ രാജ്യത്തുനിന്ന് ദൽഹിയിലെത്തുന്നതിനെക്കാൾ ശ്രമകരമായിരുന്നു ദൽഹിയിൽ നിന്ന് കേരളത്തിലെത്തുക. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യകാല ടൂറിസം ദൽഹി-ആഗ്ര-ജയ്പൂർ എന്ന സുവർണത്രികോണത്തിൽ ഒതുങ്ങിനിന്നത്. ഈ പ്രതിസന്ധി മറികടന്നതിനോടൊപ്പം 'ഇന്ത്യ കാണാനല്ല, കേരളം കാണാൻ പോകുന്നവർ' എന്നൊരവസ്ഥയിലേക്ക് വിദേശസഞ്ചാരികളെ എത്തിക്കാനുള്ള പ്രവർത്തനങ്ങളും സ്തുത്യർഹമായി നിർവഹിക്കുവാൻ കേരളത്തിലെ ടൂറിസം വകുപ്പിനു കഴിഞ്ഞു.
ടൂറിസം വികസനത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു തുല്യം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐ.ടി.ഡി.സി.യുടെ പ്രവർത്തനങ്ങളും. കോവളം, തേക്കടി, കൊച്ചി എന്നിവിടങ്ങളെ വിദേശ ടൂറിസ്റ്റ് ആകർഷണങ്ങളാക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് വലുതാണ്.
ടൂറിസം പ്രോത്സാഹനാർഥം കേരള സർക്കാർ ആദ്യമായി നടത്തിയ ഒരു സംസ്ഥാന-തല സംഘടിത ശ്രമം 1961-ലെ ഓണാഘോഷമാണ്. സംസ്ഥാനത്തെ ദേശീയോത്സവമെന്ന് അറിയപ്പെടുന്ന ഓണം ആഘോഷങ്ങളെ ടൂറിസം വാരാഘോഷമായി മാറ്റാനും അങ്ങനെ ആഭ്യന്തര ടൂറിസം അഭിവൃദ്ധിപ്പെടുത്താനും വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനും നടന്ന ആദ്യ ശ്രമത്തിനു നേതൃത്വം നൽകിയത് സ്പോർട്സ്-ടൂറിസ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കേണൽ ഗോദവർമരാജായും (ജി.വി.രാജ) അന്നത്തെ ടൂറിസത്തിന്റെ ചാർജ് വഹിച്ചിരുന്ന പൊതുമരാമത്തു വകുപ്പുമന്ത്രി ഡി. ദാമോദരൻ പോറ്റിയുമാണ്. തുടർന്ന് ഒരു സംസ്ഥാനതല ഓണാഘോഷകമ്മറ്റി ഉണ്ടായി; ജില്ലകളിൽ ജില്ലാ ഓണാഘോഷക്കമ്മിറ്റികളും. സ്പോർട്സ്, നാടൻ കലാമേളകൾ, നൃത്ത-സംഗീതപരിപാടിയും, വള്ളംകളി, തുടങ്ങിയവ വിവിധകേന്ദ്രങ്ങളിൽ ജനപങ്കാളിത്തത്തോടെ അന്ന് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. പിന്നീട് ചില വർഷങ്ങളിൽ ഓണാഘോഷം സർക്കാർ വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിലും ആ ആഘോഷം കാലക്രമത്തിൽ ടൂറിസം വാരാഘോഷമായി വളർന്നു വികസിക്കുകതന്നെ ചെയ്തു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനപ്പെട്ട ഒരാഘോഷമായി (ജൂലൈ-ഓഗസ്റ്റ്) അതുമാറി.
ടൂറിസം എന്ത്? എന്തിന്? എന്ന പുസ്തകത്തിൽ കെ.ജയകുമാർ കേരളത്തിന്റെ ടൂറിസം വികസനത്തെ പ്രാരംഭദശ, വികസനദശ, എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി വിഭജിച്ച് വിവരിച്ചിട്ടുണ്ട്. 1985-നു മുമ്പുള്ള ഘട്ടമാണ് പ്രാരംഭദശ. കോവളം തേക്കടി പ്രദേശങ്ങളുടെ വികസനം നടന്നതും കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ രൂപീകരിച്ചതും അതിന്റെ കീഴിൽ ഹോട്ടലുകൾ ആരംഭിച്ചതുമെല്ലാം പ്രാരംഭദശകത്തിലെ നിർണായകപ്രവർത്തനങ്ങളാണ്.
ഇക്കാലത്തുനടന്ന സുപ്രധാനമായ ഒരു ടൂറിസം വികസനസംരംഭമാണ് 1966-ലെ കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ രൂപവത്ക്കരണം. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടൽ ആണ് കെ.ടി.ഡി.സി.യുടെ ആഭിമുഖ്യത്തിൽ ആദ്യകാലത്ത് ഏറ്റെടുത്തു നടത്തിത്തുടങ്ങിയ ഹോട്ടൽ. 'ആരണ്യനിവാസ്' 'ലേക്പാലസ്' 'പെരിയാർ ഹൗസ്' എന്നീ തേക്കടിയിലെ കെ.ടി.ഡി.സി. ഹോട്ടലുകൾ അവിടത്തെ ടൂറിസം രംഗത്ത് അന്നെന്നപോലെ ഇന്നും മുഖ്യസ്ഥാനം അലങ്കരിക്കുന്നു. 1764-ൽ ഡച്ചുകാർ കൊച്ചിയിൽ പണികഴിപ്പിച്ച ബോൾഗാട്ടി പാലസ് ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലാക്കി മാറ്റിയതാണ് കെ.ടി.ഡി.സിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്ന്. ഹോട്ടലുകൾ തുടങ്ങുക മാത്രമല്ല തേക്കടിയിൽ തടാകയാത്രാ സൗകര്യം വിപുലമാക്കുക, തിരുവനന്തപുരം, തേക്കടി എന്നിവിടങ്ങളിൽ ചെറുകിട സന്ദർശനസൗകര്യങ്ങൾ തയ്യാറാക്കുക എന്നിങ്ങനെ അനുക്രമമായി കേരളത്തിലെ ടൂറിസം രംഗത്തെ സമ്പന്നമാക്കാൻ കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ പരിശ്രമിച്ചുതുടങ്ങി. നോ: കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
സർക്കാർ ഗസ്റ്റ്ഹൗസുകൾ സജ്ജീകരിക്കുന്നതിലും കന്യാകുമാരി, ചെറുതുരുത്തി, മലമ്പുഴ, വർക്കല, പൊന്മുടി, മൂന്നാർ എന്നിവിടങ്ങളിൽ ടൂറിസം പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് അതിഥിമന്ദിരങ്ങൾ സജ്ജീകരിക്കുന്നതിലും ശ്രദ്ധ ചെലുത്തിയത് ഈ ദശയിലായിരുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിന്റെ അഭാവമായിരുന്നു ഈ ഘട്ടത്തിലെ ഒരു പ്രധാന അപര്യാപ്തത. അക്കാലത്ത് ഒട്ടെല്ലാ വിനോദസഞ്ചാരവികസന പ്രവർത്തനങ്ങളും സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽത്തന്നെയായിരുന്നു. ടൂർ ഓപ്പറേറ്റർമാരുടെ സാന്നിധ്യം, ശാസ്ത്രീയമായ പ്രചാരണപരിപാടികൾ തുടങ്ങിയവയൊന്നും അക്കാലത്ത് കാര്യമായി ഉണ്ടായിരുന്നില്ല. പക്ഷേ, ഇക്കാലത്ത് ഭാവിയിലെ ടൂറിസം വികസനത്തിനുവേണ്ടിയുള്ള ചില നിർണായക പ്രവർത്തനങ്ങൾ നടന്നു. അതിനുദാഹരണമാണ് തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ കെ.ടി.ഡി.സി.ക്കും ടൂറിസം വകുപ്പിനും വേണ്ടി ഭൂമി സമ്പാദിക്കാനും അടിസ്ഥാന ടൂറിസ്റ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താനുമായി നടന്ന ശ്രമങ്ങൾ.
കേരളത്തിൽ ആധുനിക ടൂറിസം വേരൂന്നുന്നത് 1985 മുതലുള്ള കാലഘട്ടത്തിലാണ്. അതിൽ 1985 മുതൽ 95 വരെയുള്ള 10 വർഷങ്ങളെ സന്നാഹദശകമെന്നും തുടർന്നുള്ള കാലയളവിനെ നിർമാണദശകമെന്നും (1996-2005) വിളിക്കാവുന്നതാണ്.
1980 മുതലാണ് സംസ്ഥാന ടൂറിസം വകുപ്പ് വികസനപ്രവർത്തനങ്ങൾ ശാസ്ത്രീയമായി നിർവഹിച്ചുതുടങ്ങിയത്. ആദ്യകാലത്ത് അതിന്റെ കർമമേഖലകൾ മൂന്നെണ്ണമായിരുന്നു. സംസ്ഥാനസർക്കാരിന്റെ ആതിഥ്യകാര്യങ്ങൾ ചെയ്യുക, സംസ്ഥാനഭരണകർത്താക്കളുടെ താമസ-ഗതാഗതകാര്യങ്ങൾ ഒരുക്കുക, സംസ്ഥാനത്തെ ടൂറിസം രംഗം വികസിപ്പിക്കുക എന്നിവയാണവ.
ആതിഥ്യവിഭാഗം വി.വി.ഐ.പി. (അതിപ്രധാന വ്യക്തികൾ), വി.ഐ.പി. (പ്രധാന വ്യക്തികൾ) വിഭാഗത്തിൽപ്പെടുന്ന സംസ്ഥാന അതിഥികളുടെ ആതിഥ്യകാര്യങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. അതിനായി ഇപ്പോൾ 24 സർക്കാർ ഗസ്റ്റ്ഹൗസുകൾ വകുപ്പിൻകീഴിൽ പ്രവർത്തിക്കുന്നുണ്ട്. കന്യാകുമാരി, ദൽഹി എന്നിവിടങ്ങളിലെ കേരളഹൗസും ഈ വിഭാഗത്തിൻകീഴിലാണുള്ളത്.
ടൂറിസം വകുപ്പിലെ വികസനവിഭാഗത്തിന്റെ 1980 മുതലുള്ള ആസൂത്രിതമായ പ്രവർത്തനങ്ങളുടെ ഫലമായാണ് 1985 മുതൽ കേരളത്തിലെ വിനോദസഞ്ചാരമേഖല വികസനോന്മുഖമായിത്തീർന്നത്. വികസനവിഭാഗത്തിന്റെ ചുമതലകളിൽ ആസൂത്രണം, പദ്ധതി നിർവഹണം, വിപണനം, പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്നു. 1985 മുതൽ ഈ രംഗങ്ങളിൽ വൻ കുതിപ്പുകൾ നടത്താൻതന്നെ വകുപ്പിനു കഴിഞ്ഞു. ഭാരതത്തിലെ ലക്ഷ്യദേശങ്ങളിലൊന്ന് എന്നതിൽ നിന്ന് കേരളത്തെ മൗലികമായ ഒരു ലക്ഷ്യദേശമാക്കി ആഗോള ടൂറിസ്റ്റ് രംഗത്ത് ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളായിരുന്നു പൊതുവേ ഇക്കാലത്ത് നടന്നത്. 1985-86 വർഷത്തിലാണ് കേരളത്തിലെ ടൂറിസം വികസനത്തിനായി കേന്ദ്രഗവൺമെന്റ് ആദ്യമായി നേരിട്ടുള്ള സാമ്പത്തികസഹായങ്ങൾ ലഭ്യമാക്കിത്തുടങ്ങിയത്. ആ തുക കൊണ്ടാണ് കേരളത്തിലെ പ്രധാന റോഡുകളിൽ വഴിയോരവിശ്രമകേന്ദ്രങ്ങൾ തുറന്നതും തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ യാത്രീനിവാസുകൾ സ്ഥാപിച്ചതും നെയ്യാർ ഡാമിൽ ഫോറസ്റ്റ് ലോഡ്ജ് നിർമിച്ചതും കാപ്പാടും വർക്കലയിലും ബീച്ചു റിസോർട്ടുകൾ വികസിപ്പിച്ചെടുത്തതും കോവളത്ത് മാത്രമൊതുങ്ങിനിന്നിരുന്ന ബീച്ച് ടൂറിസം വർക്കലയിലേക്കും പറവൂരിലേക്കും കാപ്പാടിലേക്കും ചേർത്തലയിലേക്കും വ്യാപിപ്പിച്ചതും.
കേരളത്തിന്റെ ടൂറിസം വികസനം 1985-നുശേഷം പുതിയൊരു സഞ്ചാരപഥം സ്വന്തമാക്കിയതിനുള്ള സുപ്രധാന കാരണങ്ങളി ലൊന്ന് സംസ്ഥാന സർക്കാർ ടൂറിസം വ്യവസായമായി പ്രഖ്യാപിച്ചു എന്നതാണ്. 1986 ജൂലൈ 11-ാം തീയതിയാണ് ടൂറിസത്തിന് വ്യവസായപദവി നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പ്രസിദ്ധീകരിച്ചത്. അതോടെ ഈ രംഗത്തെ നിക്ഷേപകർക്ക് വൻ ആനുകൂല്യങ്ങളും കിഴിവുകളും അനുവദിച്ചുകൊണ്ടുള്ള വാഗ്ദാനം ചെയ്യപ്പെട്ടു.
വിനോദസഞ്ചാര മേഖലയിൽ മുതൽമുടക്കുന്നതിന് സ്വകാര്യവ്യവസായികളെ ആകർഷിക്കുക എന്നതായിരുന്നു അതിന്റെ മുഖ്യ ഉദ്ദേശ്യങ്ങളിലൊന്ന്. വൈദ്യുതിചാർജിലുള്ള കുറവ്, കെട്ടിടനികുതിയിലെ ഇളവ്, നഗരപരിധിക്കുപുറത്തുള്ള ഹോട്ടലുകൾക്ക് സബ്സിഡി എന്നിങ്ങനെ ഒട്ടേറെ ആനുകൂല്യങ്ങൾ ആ പ്രഖ്യാപനത്തിലുണ്ടായിരുന്നു. ഇതേത്തുടർന്ന് മുൻനിരയിലുള്ള ഹോട്ടൽ ഗ്രൂപ്പുകൾ പലതും കേരളത്തിലേക്കു വരാൻ സന്നദ്ധമായി. ഇതിന്റെ ഭാഗമായി കേരളാ ടൂറിസം വികസന കോർപ്പറേഷന്റെ കീഴിലുള്ള അനുബന്ധമായി പ്രവർത്തിക്കുന്ന ടൂറിസ്റ്റ് റിസോർട്സ് കേരള എന്ന കമ്പനി ടാജ് ഗ്രൂപ്പുമായി ചേർന്ന് കേരള ഹോട്ടൽസ് ആൻഡ് റിസോർട്സ് എന്ന സംയുക്തസംരംഭം ആരംഭിച്ചു. കൊച്ചിയിലും കുമരകത്തും ഇപ്പോൾ നിലവിലുള്ള ഹോട്ടലുകൾ അത്തരത്തിൽ നിലവിൽ വന്നവയാണ്. 'ഓബ്റോയ് കേരള' എന്നൊരു സംയുക്തമേഖലാ കമ്പനിയും ഇതേത്തുടർന്ന് നിലവിൽവന്നു.
പൊതുമേഖലയിൽ ഇക്കാലത്ത് മറ്റൊരു നടപടി ടൂറിസം വികസനത്തിനായി 1986-88 കാലയളവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾ സ്ഥാപിച്ചതാണ്. പുതിയ പുതിയ ടൂറിസ്റ്റ് സങ്കേതങ്ങൾ കണ്ടെത്തുക, അവ വികസിപ്പിക്കുക എന്ന സുപ്രധാന ദൗത്യം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ നിർവഹിക്കുന്നുണ്ട്. സാധാരണക്കാരിൽ വിനോദസഞ്ചാര താത്പര്യം പകർത്തുന്നതിൽ അവ നിർണായകമായ പങ്ക് വഹിച്ചുവരുന്നു.
ഇക്കാലത്ത് ടൂറിസം വികസനത്തിനായുള്ള സംസ്ഥാന സർക്കാർ വിഹിതത്തിലും ഗണ്യമായ വർധനയുണ്ടായി. മുൻ വിദേശകാര്യ സെക്രട്ടറി വെങ്കിടേശ്വരൻ അധ്യക്ഷനായുള്ള ഒരു 'ടാസ്ക്ഫോഴ്സ്' എട്ടാം പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ മുന്നോടിയായി കേരളത്തിലെ ടൂറിസം മേഖലയെപ്പറ്റി സമഗ്രമായി പഠിക്കുകയും ടൂറിസത്തിന് മുൻഗണനയും മെച്ചപ്പെട്ട വിഹിതവും ശുപാർശ ചെയ്യുകയും ചെയ്തു.
അക്കാലഘട്ടം വരെ ഇന്ത്യയിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന വിദേശ ടൂർ ഓപ്പറേറ്റർമാരുമായി സമ്പർക്കം പുലർത്തുകയും അവർക്കുവേണ്ടി ഇന്ത്യക്കുള്ളിലെ യാത്രാപരിപാടികൾ സജ്ജീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാർ അവരുടെ പദ്ധതികളിൽ കേരളത്തെ അത്ര പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നില്ല. എന്നാൽ 1990 മുതൽ കേരളത്തിലെ ടൂറിസം വകുപ്പിന് ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാരുമായി മാത്രമല്ല, അന്താരാഷ്ട്ര ടൂർ ഓപ്പറേറ്റർമാരുമായിവരെ കേരളത്തിന് ഗുണകരമായ ബന്ധം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു. ഇക്കാലയളവിലാണ് 'കേരളം-ദൈവത്തിന്റെ സ്വന്തം നാട് (Kerala-God's own country)' എന്ന അത്യാകർഷകമായ പരസ്യവാചകം നിലവിൽ വന്നത്. സംസ്ഥാന ടൂറിസം വകുപ്പിനുവേണ്ടി അക്കാലത്ത് ബ്രോഷറുകളും പരസ്യങ്ങളും തയ്യാറാക്കിക്കൊണ്ടിരുന്ന 'മുദ്ര' എന്ന പരസ്യസ്ഥാപനത്തിലെ കോപ്പിറൈറ്ററായ 'വാൾട്ടർ മെൻഡിസ്' ആണ് ആ പരസ്യവാചകം തയ്യാറാക്കിയത്.
സന്നാഹദശകത്തിലെ മറ്റൊരു ആസൂത്രിതപരിപാടിയായിരുന്നു ഗജമേളകൾ. തൃശൂർ പൂരത്തിനെ അനുകരിച്ച് നൂറ്റിയൊന്ന് ആനകളെ അണിനിരത്തി കുടമാറ്റം നടത്തുന്ന വർണശബളമായ ചടങ്ങായിരുന്നു അത്. അതിന്റെ മറ്റൊരു പ്രത്യേകത മേളയിലെത്തുന്ന സഞ്ചാരികൾക്ക് ആനസവാരി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു എന്നതാണ്. വള്ളംകളിയുമായി അതിനെ ബന്ധിപ്പിക്കുവാനുള്ള ശ്രമങ്ങളും വിദേശസഞ്ചാരികൾക്കിടയിൽ അതിന് പ്രിയം വർധിപ്പിക്കുന്നതിന് കാരണമായി. ആനയൂട്ട് ആയിരുന്നു ഗജമേളയിലെ മറ്റൊരാകർഷണം. ഗജപീഡനാരോപണത്തെത്തുടർന്ന് പില്ക്കാലത്ത് ഗജമേളകൾ നിർത്തലാക്കി.
വിദേശപത്രപ്രവർത്തകർക്ക് ആതിഥ്യമരുളുക, സഞ്ചാരസാഹിത്യകാരന്മാരെ അതിഥികളായി സ്വീകരിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുക തുടങ്ങിയ കർമങ്ങൾ പ്രചാരണപരിപാടികളുടെ ഭാഗമായത് ഇക്കാലത്താണ്. ഖുശ്വന്ത്സിംഗ്, ഡോമ് മൊറെയ്സ് തുടങ്ങിയ പ്രശസ്ത എഴുത്തുകാരെ അതിഥികളാക്കിയത് ഇതിനുദാഹരണമാണ്. ഇതിന്റെ തുടർച്ചയെന്നോണം അടുത്ത കാലത്ത് പ്രശസ്ത ചിത്രകാരനായ എം.എഫ്. ഹുസൈനെ അതിഥിയാക്കുകയും രേഖാചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി ഇന്ത്യാഗവൺമെന്റിന്റെ വിദേശരാജ്യങ്ങളിലെ ടൂറിസ്റ്റ് ഓഫീസുകളിൽനിന്ന് കേരളത്തിൽ എഴുത്തുകാരുടെ അനേകം സംഘങ്ങൾ തന്നെ എത്തിത്തുടങ്ങി. അങ്ങനെ വിദേശമാധ്യമങ്ങളിൽ 'ദൈവത്തിന്റെ സ്വന്തം നാട്' സചിത്രലേഖനപരമ്പരകളായി. നിശാഗന്ധി നൃത്തോത്സവം, ടൂറിസം വാരാഘോഷം എന്നിവയും അന്തർദേശീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്.
1990-കളോടെ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ, ഹോട്ടലുടമകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളടങ്ങുന്ന ഒരു ടൂറിസം സമൂഹംതന്നെ കേരളത്തിൽ അനുക്രമമായി വികസിച്ചുവരാൻ തുടങ്ങി. ട്രാവൽ ഏജൻസികൾ കേരളത്തിൽ വ്യാപകമായതിനുപിന്നിൽ ഗൾഫ്മേഖലയിലേക്കുള്ള യാത്രകളുടെ വർധനയും കാരണമായിട്ടുണ്ട്. ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരുമായി സഹകരിച്ചുപ്രവർത്തിക്കാൻ തുടങ്ങിയതാണ് ഇക്കാലത്തെ മറ്റൊരു പ്രത്യേകത. ഇങ്ങനെ സമഗ്രമായ ടൂറിസം വികസനത്തിന്റെ അരങ്ങൊരുങ്ങിയ സന്നാഹദശകത്തിൽത്തന്നെയാണ് ടൂറിസം വലിയൊരു തൊഴിൽദാതാവാണെന്ന ചിന്തയും കേരളത്തിൽ വ്യാപകമായത്.
ടൂറിസം മേഖലയിൽ പരിശീലനം സിദ്ധിച്ചവർ കൂടുതലാവശ്യമായിവന്ന ഈ സന്ദർഭത്തിൽ കേരളത്തിലെ രണ്ട് പ്രമുഖ പൊതുമേഖലാ ടൂറിസം ഇൻസ്റ്റിറ്റ്യൂട്ടുകൾ നിലവിൽ വന്നു - സംസ്ഥാന ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള 'കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്)', ഭാരതസർക്കാരിന്റെ നിയന്ത്രണത്തിലുള്ള 'ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയും (ഐ.എച്ച്.എം.സി.റ്റി).
തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസിനു സമീപമുള്ള പഴയ ബ്രിട്ടീഷ് റസിഡൻസിയിലാണ് കിറ്റ്സ് പ്രവർത്തിക്കുന്നത്. 1988 സെപ്. 27-ന് അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ അത് പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ടൂറിസം വകുപ്പ് നേരിട്ടു നടത്തുന്ന ഈ സ്ഥാപനത്തിന് ഇന്ത്യാഗവൺമെന്റിന്റെയും ഐ.ഐ.ടി.ടി.എം. എന്ന അന്തർദേശീയ ടൂറിസം വിദ്യാഭ്യാസസ്ഥാപനത്തിന്റെയും അംഗീകാരമുണ്ട്. വേൾഡ് ടൂറിസം ഓർഗനൈസേഷനും, ട്രാവൽ ഏജന്റ്സ് അസ്സോസിയേഷൻ ഒഫ് ഇൻഡ്യയും ഇതിന് പ്രശസ്ത സ്ഥാപനങ്ങളിലൊന്ന് എന്ന പദവി നൽകിയിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് പോഗ്രാം ഇൻ എയർ ടിക്കറ്റിങ് ആൻഡ് ട്രാവൽ ഏജൻസി മാനേജ്മെന്റ് എന്നിങ്ങനെ വിവിധ കോഴ്സുകൾ ഇവിടെ നടത്തിവരുന്നു. ഇതിനു പുറമേ ട്രാവൽ ഏജൻസി മാനേജ്മെന്റ്, ടൂർ ഓപ്പറേഷൻ മാനേജ്മെന്റ,എയർ കാർഗോ മാനേജ്മെന്റ് പ്രോഗ്രാം എന്നിങ്ങനെ വിവിധതരം മാനേജ്മെന്റ് പ്രോഗ്രാമുകളും ഇവിടെയുണ്ട്.
വൻകിടഹോട്ടലുകൾക്കുവേണ്ട ജീവനക്കാർക്കുള്ള പരിശീലനം നൽകുന്ന അഖിലേന്ത്യാ സ്ഥാപനമാണ് 'ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ്ങ് ടെക്നോളജി'. കോവളത്ത് സ്ഥിതിചെയ്യുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന യുവതീയുവാക്കന്മാർക്കാണ് വിദഗ്ധ പരിശീലനം ലഭിച്ചുവരുന്നത്.
നേരിട്ടും സ്വകാര്യപങ്കാളിത്തത്തോടെയും നിരവധി ടൂറിസം വികസനപ്രവർത്തനങ്ങൾ നടത്താൻ ഈ കാലയളവിൽ സർക്കാർ സന്നദ്ധമായി. മലമ്പുഴയിൽ സ്വകാര്യമേഖലയിൽ റോപ്പ് വേ സ്ഥാപിച്ചതും വേളി, ആക്കുളം എന്നിവയുടെ വിനോദസഞ്ചാരപ്രാധാന്യം വർധിപ്പിക്കാനുള്ള നടപടി ആരംഭിച്ചതും ഇതിനുദാഹരണമാണ്. സ്വകാര്യമേഖലയുമായുള്ള ബന്ധം പുതിയ സംരംഭകരെ എന്നപോലെതന്നെ പുതിയ പ്രദേശങ്ങളെയും ടൂറിസം മേഖലയ്ക്കു സംഭാവനചെയ്തു. കുമരകം, കാപ്പാട്, പീരുമേട് എന്നിവിടങ്ങൾ ഇന്നത്തെ രീതിയിൽ ടൂറിസം രംഗത്ത് പ്രാധാന്യമാർജിച്ചതിൽ സ്വകാര്യസംരംഭകർ വഹിച്ച പങ്ക് വലുതാണ്.
ചുരുക്കത്തിൽ, 1985 മുതൽ 95 വരെയുള്ള കാലഘട്ടത്തിനിടയിലാണ് കേരളത്തിലെ ആധുനിക ടൂറിസത്തിന് സമഗ്രമായ ഒരടിത്തറ ഉണ്ടായത്. വർധിച്ച ടൂറിസം സാധ്യതകൾ കേരളത്തിന്റെ വ്യോമഗതാഗതരംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കി. കൂടുതൽ എയർലൈനുകൾ കേരളത്തിലേക്ക് നേരിട്ട് സർവീസുകൾ നടത്താൻ തുടങ്ങി. അങ്ങനെ ഒരു കുതിച്ചുചാട്ടത്തിനു തയ്യാറെടുത്തുകഴിഞ്ഞ കേരളത്തിലെ ടൂറിസംരംഗത്തെ 1994-ലെ സ്ഥിതിവിവരക്കണക്കുകളിൽ കാണാം.
1995 മുതൽ കേരളം ടൂറിസം മേഖല അതിവേഗം വികസിക്കുവാൻ തുടങ്ങി. പുതിയ പുതിയ ടൂറിസം ഉത്പന്നങ്ങളും ആഭ്യന്തര സൗകര്യങ്ങളും വൻതോതിൽ സൃഷ്ടിക്കപ്പെട്ട 1995 മുതലിതുവരെയുള്ള കാലം എല്ലാ അർഥത്തിലും ഒരു 'നിർമാണദശ' തന്നെയാണ്. വ്യാപകമായ അത്തരമൊരു മാറ്റത്തിന് പശ്ചാത്തലമൊരുക്കിയത് 1995-ൽ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച സമഗ്രമായ ടൂറിസം നയമാണ്. കേരളത്തിലെ ടൂറിസം സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുക, ടൂറിസത്തെ സാമൂഹിക സാമ്പത്തികപുരോഗതിക്കായുള്ള ഉപകരണമാക്കുക എന്നിവയാണ് പ്രസ്തുത ടൂറിസം നയത്തിന്റെ ആധാരശിലകൾ. അന്തർദേശീയ ടൂറിസ്റ്റുകളുടെ വരവ് പ്രതിവർഷം ഒരു ലക്ഷമെന്നതിൽ നിന്ന് അഞ്ചുലക്ഷവും ആഭ്യന്തര ടൂറിസ്റ്റുകളുടേത് പത്തു ലക്ഷമെന്നതിൽ നിന്ന് അമ്പതു ലക്ഷവുമാക്കുക എന്ന ലക്ഷ്യം, അഞ്ചു വർഷം കൊണ്ട് സാധിച്ചെടുക്കേണ്ടതാണെന്നും ടൂറിസം നയം വ്യക്തമാക്കി. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഈ രംഗത്ത് അനിവാര്യമാണെന്ന വാദവും അതു മുന്നോട്ടുവച്ചു. മുഖ്യമായും നാലു മേഖലകളിലൂന്നിക്കൊണ്ടുള്ള ടൂറിസം വികസനനയമാണ് അതു മുന്നോട്ടുവച്ചത്. ആഭ്യന്തര സൌകര്യങ്ങളിലുള്ള വർധന, ടൂറിസം വിപണനത്തിന്റെ വിപുലീകരണം, മാനവികശേഷിയുടെ വികസനം, ടൂറിസം ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം.
വൻകിട-ചെറുകിട നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതികളാണ് ആഭ്യന്തരസൌകര്യവികസനം പ്രധാനമായും മുന്നോട്ടുവച്ചത്. അതിനായി ഒരു 'ടൂറിസ്റ്റ് ഇൻവെസ്റ്റ്മെന്റ് ഏജൻസി'യും അതു വിഭാവനം ചെയ്തു. വൻകിട നിക്ഷേപകരെ ആകർഷിക്കാൻ നിക്ഷേപസൗഹൃദ അന്തരീക്ഷം ഉണ്ടാക്കുകയാണ് വേണ്ടത്. ചെറുകിട നിക്ഷേപകർക്കാകട്ടെ, ആനൂകൂല്യങ്ങളും ഇളവുകളും നൽകുകയായിരിക്കും ഉചിതം എന്നും നയരേഖ വ്യക്തമാക്കി. സ്ഥലം, വൈദ്യുതി, വാർത്താവിനിമയസൗകര്യം എന്നിവ എളുപ്പത്തിലും ലാഭകരമായ നിലയിലും നിക്ഷേപകർക്കു ലഭ്യമാക്കുക എന്നതാണ് വൻകിട നിക്ഷേപസൗഹൃദാന്തരീക്ഷം ഉണ്ടാക്കാൻ അടിയന്തിരമായി ചെയ്യേണ്ടത്. നിക്ഷേപകർക്ക് സർക്കാർ ചെയ്യേണ്ടത് കാലതാമസം കൂടാതെ ചെയ്തുകൊടുക്കുന്നതിനുള്ള സംവിധാനവും അത്യാവശ്യമാണ്. കേന്ദ്രഗവൺമെന്റിന്റെ 'ഹെറിറ്റേജ് ഹോട്ടൽ പദ്ധതി'ക്കു സമാന്തരമായി ഒരു 'ഹെറിറ്റേജ് ഹോം പ്രൊട്ടക്ഷൻ സ്കീം' നടപ്പിലാക്കാനും അതിൽ നിർദേശമുണ്ടായിരുന്നു. പഴയ തറവാടുകൾ സംരക്ഷിച്ചുനിറുത്തുകയും അവ സഞ്ചാരികൾക്കു താമസിക്കാനായി തുറന്നുകൊടുക്കുകയുമാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. പുതിയ ടൂറിസം സാധ്യതകൾ കണ്ടെത്തി അവയെ 'പ്രത്യേക ടൂറിസം മേഖല' എന്ന പദവി നൽകി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും ടൂറിസം നയം മുന്നോട്ടുവച്ചു. കോഴിക്കോട്-കാസർഗോഡ്, കൊല്ലം-ആലപ്പുഴ എന്നീ ജലഗതാഗതമാർഗങ്ങൾ അത്തരത്തിൽ സംരക്ഷിക്കപ്പെടുകയും പുനർനവീകരിക്കപ്പെടുകയും ചെയ്യപ്പെടേണ്ടവയാണെന്ന് നിർദേശിക്കപ്പെട്ടു. പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ യാത്രാസൗകര്യം ഉണ്ടാക്കണമെന്നതാണ് മറ്റൊരു നിർദേശം. ലക്ഷ്വറി ടൂറിസ്റ്റ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി അവയ്ക്ക് പ്രത്യേക ഇളവിലുള്ള നികുതികൾ ഏർപ്പെടുത്തേണ്ടതാണെന്നും നയരേഖ ചൂണ്ടിക്കാട്ടി. ഏറ്റവും ആകർഷകമായ മറ്റൊരു വികസനപദ്ധതിയാണ് 'സ്പെഷ്യൽ ബാക്വാട്ടർ ടൂറിസം പ്ളാൻ' എന്ന കായൽ ടൂറിസംപദ്ധതി. തനിമയാർന്ന ഒരു ടൂറിസം സാധ്യതയായി കായലുകളെ വികസിപ്പിച്ചെടുക്കുന്നത് വിഭാവന ചെയ്ത അതിൽ ആ രംഗത്തെ നിക്ഷേപകർക്ക് 25% സബ്സിഡി വാഗ്ദാനം ചെയ്യുകയുമുണ്ടായി. ആഭ്യന്തര സൗകര്യവികസനത്തിന് വിദേശ ഏജൻസികളുടെയും മറുനാടൻ മലയാളികളുടെയും സേവനം പ്രയോജനപ്പെടുത്തണമെന്നും അതിൽ നിർദേശമുണ്ടായിരുന്നു.
വിപുലമായ വിപണന-വികസനനിർദേശങ്ങൾ തന്നെ 1995-ലെ ടൂറിസം നയം മുന്നോട്ടുവച്ചിരുന്നു. അന്നുവരെയുള്ള കണക്കനുസരിച്ച് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് കേരളത്തിലേക്ക് വിദേശസഞ്ചാരികൾ ഏറെയും വന്നിരുന്നത്. അതുകൊണ്ട് ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിലെ സഞ്ചാരികളെ ആകർഷിക്കത്തക്കവിധമായുള്ള വിപണനമാർഗങ്ങൾ ആവിഷ്ക്കരിക്കേണ്ടതാണെന്ന് നയരേഖ നിർദേശിച്ചു. അമേരിക്ക, ഗൾഫ്നാടുകൾ, പൂർവേഷ്യാ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിപണനോന്മുഖ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും അത് ആവശ്യപ്പെട്ടു. അന്തർദേശീയ ടൂറിസം മേളകളിൽ സജീവമായി പങ്കെടുക്കുക, കേരളം ലക്ഷ്യത്തിലെ സ്വപ്നതീരമാക്കാൻ വിനോദസഞ്ചാരികളെ പ്രേരിപ്പിക്കുന്ന തരം നൂതന പരസ്യങ്ങൾ നടത്തുക, കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും രീതികളെയും അവലംബിച്ച് ഡോക്യൂമെന്ററികൾ നിർമിച്ച് വിതരണം ചെയ്യുക, സ്വകാര്യമേഖലയുമായി സഹകരിച്ച് ഒരു 'ജോയിന്റ് പ്രൊമോഷണൽ കൌൺസിൽ' സ്ഥാപിക്കുക, ഇന്റർനാഷണൽ കൺവെൻഷൻ സെന്ററുകൾ സ്ഥാപിക്കുക, കൊൽക്കത്ത, ആഗ്ര, ഗോവ, ജയ്പൂർ എന്നിവിടങ്ങളിൽ കേരള ടൂറിസം ഇൻഫർമേഷൻ സെന്ററുകൾ തുറക്കുക തുടങ്ങി ഒട്ടേറെ കർമപരിപാടികൾ ടൂറിസം വിപണിയുടെ വിപുലീകരണത്തിനായി നയരേഖയിൽ എടുത്തുപറഞ്ഞിരുന്നു.
കിറ്റ്സ്, കാറ്ററിംഗ് കോളേജ് എന്നിവയ്ക്കുപുറമേ ടൂറിസം തൊഴിൽമേഖലയിൽ പരിശീലനം ലഭ്യമാക്കുന്ന കൂടുതൽ സ്ഥാപനങ്ങൾ സ്വകാര്യമേഖലയിലും ഉണ്ടാകണമെന്ന നിർദേശമാണ് മാനവശേഷി വികസനപദ്ധതികളിലെ മുഖ്യയിനമായി നയരേഖ എടുത്തുപറഞ്ഞിരുന്നത്. നിലവിലുള്ള സർക്കാർ ജീവനക്കാർക്ക് (ടൂറിസം വകുപ്പിലെയും കെ.ടി.ഡി.സി.യിലെയും) പ്രത്യേക പരിശീലനം നൽകുക, പൊതുജനങ്ങളെ വിനോദസഞ്ചാരവികസനത്തിൽ പങ്കാളികളാക്കുന്നതിനുവേണ്ട ബോധവത്ക്കരണം നടത്തുക, സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ടൂറിസം ഉൾപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അതിലുണ്ടായിരുന്നു.
ടൂറിസം നയരേഖയിലെ ഉത്പന്നവികസനഭാഗം പ്രധാനമായും കരകൌശലരംഗത്തിന്റെ വികസനസാധ്യതകളാണ് ആരാഞ്ഞത്. പരമ്പരാഗത കരകൌശല-കൈത്തറിമേഖലയുടെ സംരക്ഷണവും കാലാനുസാരിയായ പരിഷ്കരണവും ടൂറിസം വഴിയുള്ള സാമ്പത്തികനേട്ടത്തിനിടയാക്കും. ഈ രംഗത്ത് സ്വയം തൊഴിൽ പദ്ധതികൾ പ്രോത്സാഹിപ്പിക്കുക, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനുമായി സഹകരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുക, വായ്പാപദ്ധതികൾ നിലവിൽ വരുത്തുക എന്നീ നിർദേശങ്ങളും അതിലുണ്ടായിരുന്നു. ടൂറിസം രജിസ്ട്രേഷൻ ആക്ട് കർശനമാക്കിക്കൊണ്ട് പ്രസ്തുത സംരംഭങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, 'ഹെറിറ്റേജ്-ഫെയറു'കൾ സംഘടിപ്പിക്കുക, ജലോത്സവകലണ്ടർ പ്രസിദ്ധീകരിക്കുക, പുരാവസ്തുപ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചു നയരേഖ.
കേരള സംസ്ഥാന വകുപ്പ് ടൂറിസം, കെ.ടി.ഡി.സി. അതിന്റെ അനുബന്ധസംരംഭമായ ടൂറിസം റിസോർട്സ് കേരള ലിമിറ്റഡ്, കിറ്റ്സ് (KITTS), ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ എന്നിവയുടെ ചുമതലകളും 1995-ലെ ടൂറിസം നയം പുതുക്കി നിർവചിച്ചു. ടൂറിസ്റ്റുകളുടെ സംരക്ഷണത്തിനായുള്ള ടൂറിസം പോലീസിന്റെ സേവനം മെച്ചപ്പെടുത്താനും ടൂറിസ്റ്റുകൾക്കായി ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്താനും അതു നിർദേശിക്കുകയും ചെയ്തു. സാംസ്കാരിക കേരളത്തിന് കളങ്കം വരുത്താത്ത പരിപാടികളായിരിക്കണം ടൂറിസം മേഖല ആവിഷ്ക്കരിച്ചു നടപ്പിലാക്കേണ്ടതെന്നും വ്യക്തമാക്കപ്പെട്ടു. എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങൾ വ്യാപിക്കുന്നതിന് വിനോദസഞ്ചാരം കാരണമാകാതിരിക്കാനുള്ള ജാഗ്രത വേണമെന്നും അതിൽ സൂചിപ്പിച്ചിരുന്നു. പരിസ്ഥിതി സൌഹൃദവും സാംസ്കാരികവിനിമയോന്മുഖവുമായ പദ്ധതികൾക്ക് മുൻതൂക്കം നൽകുമെന്ന് തറപ്പിച്ചു പറഞ്ഞു. '95-ലെ ടൂറിസം നയം.
രണ്ടായിരാമാണ്ടിൽ അഞ്ചുലക്ഷം വിദേശടൂറിസ്റ്റുകൾ എന്ന ലക്ഷ്യം പകുതി മാത്രമേ സാധിക്കാനായുള്ളൂ. എങ്കിലും, ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം അമ്പതുലക്ഷമാക്കുക എന്ന ലക്ഷ്യം പൂർണമായും സാക്ഷാത്ക്കരിക്കുവാൻ ഇന്ന് കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. 1996 മുതലുള്ള വിദേശ ടൂറിസ്റ്റുകളുടെയും ആഭ്യന്തര ടൂറിസ്റ്റുകളുടെയും സ്ഥിതിവിവരക്കണക്കുകൾ ഇപ്രകാരമാണ്.
കേരളം സന്ദർശിച്ച വിദേശ ടൂറിസ്റ്റുകളുടെ എണ്ണം (1996-2000)
(സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്സ്, റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ഡിവിഷൻ തയ്യാറാക്കിയത്)
1995 മുതലിങ്ങോട്ട് ടൂറിസത്തിലൂടെയുള്ള വരുമാനം ഗണ്യമായി വർധിച്ചിട്ടുള്ളതായും ടൂറിസം സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
(സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്സ്, റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ഡിവിഷൻ തയ്യാറാക്കിയത്)
ടൂറിസത്തിലൂടെയുണ്ടായ ഈ വരുമാനത്തിൽ ഏറിയ പങ്കും ഹോട്ടൽ മേഖലയിൽ നിന്നുള്ളതാണ്. ആ ലക്ഷ്യം വച്ചുകൊണ്ടുതന്നെ ഹോട്ടൽ രംഗം അതിവേഗം വിപുലമായിക്കൊണ്ടിരിക്കുകയാണ്.
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിൽ 18 ഹോട്ടലുകളാണ് ഇപ്പോഴുള്ളത്. അവയിൽ ഹോട്ടൽ സമുദ്ര (കോവളം), മാസ്കറ്റ് ഹോട്ടൽ (പാളയം, തിരുവനന്തപുരം), ഹോട്ടൽ അരണ്യനിവാസ് (തേക്കടി) എന്നിവ ത്രീസ്റ്റാർ ഹോട്ടലുകളാണ്. ഹോട്ടൽ പെരിയാർ ഹൌസ് (തേക്കടി), ഹോട്ടൽ നന്ദനം (ഗുരുവായൂർ), യാത്രിനിവാസ് (തൃശൂർ), ഗാർഡൻ ഹൗസ് (മലമ്പുഴ), മലബാർ മാൻഷൻ (കോഴിക്കോട്) എന്നിവ വൺ-സ്റ്റാർ പദവി ഉള്ളവയാണ്. കെ.ടി.ഡി.സി. വക മറ്റു ഹോട്ടലുകൾ ഇവയാണ്: മോട്ടൽ ആരാം (ആതിരപ്പള്ളി), ഹോട്ടൽ ബോൾഗാട്ടി പാലസ് (കൊച്ചി), ലേക്ക് പാലസ് (തേക്കടി), ടീ കൗണ്ടി (മൂന്നാർ), ഹൗസ്ബോട്ട് ഹോളിഡേയ്സ് (കുമരകം), കെ.ടി.ഡി.സി. മോട്ടൽ (പാതിരപ്പള്ളി), ഹോട്ടൽ ചൈത്രം (തിരുവനന്തപുരം), അഗസ്ത്യഹൗസ് (നെയ്യാർ ഡാം, തിരുവനന്തപുരം), കളപ്പുര യാത്രാനിവാസ്, ആശ്രാമം യാത്രാനിവാസ്.
സർക്കാർവക ഗസ്റ്റ് ഹൗസുകളും, പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസുകളും കേരളത്തിലെ ഹോട്ടൽ ശൃംഖലയിലെ മുഖ്യ കണ്ണികളാണ്. ഇപ്പോൾ പാറശ്ശാല മുതൽ കാസർഗോഡുവരെ 65 റസ്റ്റ്ഹൗസുകളാണ് നിലവിലുള്ളത്. 25 ഗസ്റ്റ്ഹൗസുകളും.
സ്വകാര്യമേഖലയിലാണ് ഏറ്റവുമധികം വൻകിട ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. കേരളത്തിലെ 6 ഫൈവ് സ്റ്റാർ ഹോട്ടലുകളും സ്വകാര്യമേഖലയിലുള്ളവയാണ്. ടാജ് മലബാർ (കൊച്ചി), ടാജ് റസിഡൻസി (കൊച്ചി), കാസിനോ ഹോട്ടൽ (കൊച്ചി), കോവളം ഹോട്ടൽസ് (കോവളം - തിരുവനന്തപുരം), ടാജ് റസിഡൻസി (കോഴിക്കോട്), മുത്തൂറ്റ്പ്ലാസ (തിരുവനന്തപുരം) എന്നിവയാണവ. ഒമ്പത് ഫോർ സ്റ്റാർ ഹോട്ടലുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്. അവന്യൂ റീജന്റ് (കൊച്ചി), ഹോട്ടൽ പ്രസിഡൻസി (കൊച്ചി), ദ് റെനെയ്സ്സൻസ് (കൊച്ചി), ടാജ് ഗാർഡൻ റിട്രീറ്റ് (തേക്കടി-കുമരകം-വർക്കല), സൗത്ത് പാർക്ക് (തിരുവനന്തപുരം), ലൂസിയ കോണ്ടിനെന്റൽ (തിരുവനന്തപുരം), മലബാർ പാലസ് (കോഴിക്കോട്) എന്നിവയാണവ. 24 ത്രീ-സ്റ്റാർ ഹോട്ടലുകളും 35 ടു-സ്റ്റാർ ഹോട്ടലുകളും 24 ഒൺ സ്റ്റാർ ഹോട്ടലുകളുമാണ് അവശേഷിക്കുന്ന വൻകിട ഹോട്ടലുകൾ.
വിദേശസഞ്ചാരികൾക്ക് പ്രിയങ്കരങ്ങളായി മാറിക്കഴിഞ്ഞ ഏഴ് ഹെറിറ്റേജ് ഹോട്ടലുകൾ ഇന്ന് കേരളത്തിലുണ്ട് - സോമതീരം ബീച്ച് റിസോർട്ട് (കോവളം), സൂര്യ സമുദ്ര ബീച്ച് ഗാർഡൻ (കോവളം), കോക്കനട്ട് ലഗൂൺ (കുമരകം), മലബാർ ഹൗസ് റസിഡൻസി (കൊച്ചി), ഫോർട്ട് ഹെറിറ്റേജ് (കൊച്ചി), നടുലുവീട്ടിൽ റിസോർട്ട് (കയ്പമംഗലം), കായലോരം ലേക്ക് റിസോർട് (ആലപ്പുഴ) എന്നിവയാണവ.
കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് പരമാവധി വിവരങ്ങൾ കൈമാറാനാകുംവിധമുള്ള വിപുലമായ ഇൻഫർമേഷൻ ശൃംഖല ഇന്ന് ടൂറിസം വകുപ്പിനു കീഴിൽത്തന്നെയുണ്ട്. വിവിധ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തുമായി 38 ഇൻഫർമേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. അവയിൽ രണ്ടെണ്ണം കേന്ദ്ര ടൂറിസം വകുപ്പിൻകീഴിലുള്ളവയാണ്. തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിലും കൊച്ചിയിലെ വെല്ലിംഗ്ടൺ ദ്വീപിലുമാണ് ഈ 'ഗവൺമെന്റ് ഒഫ് ഇൻഡ്യ ടൂറിസ്റ്റ് ഓഫീസു'കൾ. കെ.ടി.ഡി.സി.യുടെ കീഴിലുള്ളവ മൂന്നെണ്ണം. അവ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററുകൾ എന്ന പേരിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള 20 ഇൻഫർമേഷൻ സെന്ററുകളിൽ അഞ്ചെണ്ണം കേരളത്തിനു പുറത്താണ്. ചെന്നൈ, ന്യൂഡൽഹി, ഗോവ, മുംബൈ, ആഗ്ര, ജയ്പൂർ എന്നിവിടങ്ങളിൽ. സംസ്ഥാനത്തിനകത്തുള്ള കേരള ടൂറിസം ഇൻഫർമേഷൻ ഓഫീസുകൾ ആറെണ്ണം തിരുവനന്തപുരം ജില്ലയിലാണുള്ളത് - പാർക് വ്യൂ, ഇന്റർനാഷണൽ എയർപോർട്ട്, ഡൊമസ്റ്റിക് എയർപോർട്ട്, കോവളം, തമ്പാനൂർ റെയിൽവേസ്റ്റേഷൻ, തമ്പാനൂർ സെൻട്രൽ ബസ്സ്റ്റേഷൻ എന്നിവിടങ്ങളിൽ. മറ്റ് കേന്ദ്രങ്ങൾ തേക്കടി, നെടുമ്പാശ്ശേരി, കോഴിക്കോട്, കരിപ്പൂർ, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വർക്കല എന്നിവിടങ്ങളിലാണ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളുടെ കീഴിലുള്ളവയാണ് അവശേഷിക്കുന്ന 13 എണ്ണം.
പുതിയ ടൂറിസം മേഖലകൾ വികസിപ്പിച്ചെടുക്കുന്ന കാര്യത്തിലും '90-കളിൽ കേരളം നല്ല മുന്നേറ്റം നടത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ ബേക്കൽ ടൂറിസം പദ്ധതി, കായൽ ടൂറിസം പദ്ധതി, തെന്മല ഈക്കോ ടൂറിസം പദ്ധതി എന്നിവയാണ്.
1991-ൽ കേന്ദ്രഗവൺമെന്റ് 'സ്പെഷ്യൽ ടൂറിസം ഏരിയ' ആയി തിരഞ്ഞെടുത്തതോടെയാണ് ബേക്കൽ ടൂറിസം പദ്ധതി ജന്മമെടുത്തത്. തുടർന്ന് കേരളസർക്കാർ ബേക്കലിന്റെ വികസനത്തിനായി ബേക്കൽ ടൂറിസം അതോറിറ്റി രൂപീകരിച്ചു. കോട്ടയുടെ പശ്ചാത്തല ഗാംഭീര്യമാർന്ന സമുദ്രതീരമാണ് ബേക്കലിലേത്. ഒരു 'സുസ്ഥിര ടൂറിസം വികസനപദ്ധതി' എന്ന നിലയിൽ സമഗ്രവും പ്രാദേശിക സംസ്കൃതിയ്ക്കിണങ്ങിയതുമായ ഒന്നായിട്ടാണ് ബേക്കൽ ടൂറിസം പദ്ധതി ഇപ്പോൾ നടപ്പിലായിക്കൊണ്ടിരിക്കുന്നത്. അജനൂർ, പള്ളിക്കര, ഉദുമ, ചെമ്മനാട് എന്നീ നാലു പഞ്ചായത്തുകളിലായുള്ള 430 ഹെ. സ്ഥലത്താണ് ഈ പദ്ധതി സാക്ഷാത്ക്കരിക്കപ്പെടുന്നത്. ഏഴായിരം പേർക്കുള്ള താമസസൗകര്യങ്ങളാവും 15 റിസോർട്ടുവികസനപ്രദേശങ്ങളിലായി ഇവിടെ ഉണ്ടാവുക. കോഴിക്കോട് വിമാനത്താവളം മുതൽ ബേക്കൽ വരെയുള്ള സ്ഥലങ്ങൾ അനുബന്ധ ടൂറിസ്റ്റ് പ്രദേശങ്ങളായി വികസിക്കത്തക്കവിധമാണ് ഇത് ആസൂത്രണം ചെയ്യുന്നതുതന്നെ.
കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ആസൂത്രിതമായ പ്രഥമ ഈക്കോ-ടൂറിസം സംരംഭമാണ് തെന്മല ഈക്കോ ടൂറിസം പദ്ധതി. 1998 ജൂലായ് 15-ന് സ്ഥാപിതമായ തെന്മല ഈക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. കെ.ജി.മോഹൻലാൽ അധ്യക്ഷനായുള്ള സമിതി വനംവകുപ്പ്, ജലസേചന വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ചുകൊണ്ടാണ്, ചെന്തുരുണി വന്യമൃഗസങ്കേതവും തെന്മല അണക്കെട്ടും ഉൾപ്പെടുന്ന സ്ഥലത്ത് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 1999 ഡി. 12-ന് പദ്ധതിയുടെ ഭാഗമായുള്ള 'മാൻ പുനരധിവാസകേന്ദ്രവും ബോട്ടിങ് കേന്ദ്രവും നിലവിൽ വന്നു. ഇവിടെ സഞ്ചാരികൾക്കായി താത്ക്കാലിക വിശ്രമകേന്ദ്രങ്ങൾ - വൻകിടഹോട്ടലുകളല്ല - ഒരുക്കുക മാത്രമാണ് ചെയ്യുന്നത്. പ്രാദേശിക ജനതയെയും ആദിവാസി വിഭാഗത്തെയും ഉൾപ്പെടുത്തിക്കൊണ്ടും പദ്ധതിപ്രദേശത്തെ ജൈവവൈവിധ്യത്തെ സംരക്ഷിച്ചു നിർത്തിക്കൊണ്ടുമുള്ള ഒരു പദ്ധതി എന്ന സവിശേഷതയും ഇതിനുണ്ട്. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് ഇവിടെ സ്ഥാപിക്കുന്ന 'ചിത്രശലഭപാർക്ക്' വ്യത്യസ്തമായ 'കേരളാനുഭവങ്ങ'ളിൽ ഒന്നായിരിക്കും വിനോദസഞ്ചാരികൾക്ക്.
കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നാണ് ആയുർവേദമെന്ന പരമ്പരാഗത ചികിത്സാരീതിയെ ഒരു ടൂറിസം ഉത്പന്നം കൂടിയാക്കിയ നടപടി. ഇന്ന് കേരളത്തിലെ ഏതു ടൂറിസ്റ്റു സങ്കേതത്തിനോടനുബന്ധിച്ചും ഏതു റിസോർട്ടുകളോടനുബന്ധിച്ചും ഒരു ആയുർവേദ ചികിത്സാകേന്ദ്രമുണ്ടായിരിക്കും. ഇവ ശാസ്ര്തീയമായ രീതിയല്ല പിന്തുടരുന്നതെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്. അവ നമ്മുടെ ടൂറിസം വികസനത്തിൽ ഒരു സുപ്രധാന പങ്കുവഹിക്കുകതന്നെ ചെയ്തു. ആയുർവേദ 'തിരുമ്മൽ-പിഴിച്ചിൽ' കേന്ദ്രങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു. ആയുർവേദത്തിലൂടെ കേരളം തങ്ങളുടെ മാത്രമല്ല ലോക ഹെൽത്ത് ടൂറിസം രംഗത്തിനുതന്നെ അപൂർവമായ കരുത്ത് നൽകുന്നു.
1985 മുതലാരംഭിച്ച ശാസ്ത്രീയമായ പരസ്യ-പ്രോത്സാഹനപ്രവർത്തനങ്ങളുടെ രംഗത്ത് 95-നുശേഷം വൻ മാറ്റങ്ങൾ തന്നെ ഉണ്ടായി. 2000-ാമാണ്ടിൽ പ്രശസ്ത ചലച്ചിത്രകാരനായ സന്തോഷ്ശിവൻ ടൂറിസം വകുപ്പിനുവേണ്ടി നിർമിച്ച 'ദൈവം സൃഷ്ടിച്ച ജലച്ചായങ്ങൾ' (water colour by god) എന്ന പരസ്യചിത്രം 70 ലക്ഷം രൂപ ചെലവു ചെയ്ത് ടി.സി.എം, സ്റ്റാർപ്ലസ്, ഡിസ്കവറി തുടങ്ങിയ അന്താരാഷ്ട്ര ചാനലുകളിലൂടെ സംപ്രേഷണം ചെയ്തത് ഒരുദാഹരണം. അതേ പേരിൽത്തന്നെ ടൂറിസം വകുപ്പിനുവേണ്ടി സ്റ്റാർക്ക് അഡ്വർടൈസിങ് ഏജൻസി പുറത്തിറക്കിയ ബ്രോഷറും അത്യാകർഷകമായ പരസ്യമാതൃകകൾക്കുദാഹരണമാണ്. ആയുർവേദത്തെ ആസ്പദമാക്കിയതും കേരളത്തെക്കുറിച്ചുള്ള പൊതുവിവരങ്ങൾ വിശദമാക്കുന്നതുമായ കോംപാക്ട് ഡിസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്തതും കേരള ടൂറിസം.ഓർഗ് എന്ന വെബ്സൈറ്റ് ആരംഭിച്ചതും (Kerala tourism.org) ആധുനിക സാങ്കേതികവിദ്യകൾ കേരളത്തിലെ വിനോദസഞ്ചാര പരസ്യരംഗം ഉപയോഗിച്ചിട്ടുള്ളതിന് ഉദാഹരണങ്ങളാണ്. സിംഗപ്പൂർ, മുംബൈ, അഹമ്മദാബാദ്, ബാംഗ്ലൂർ, പാരീസ്, മിലൻ, ബാർസിലോണ, സൂറിച്ച്, വിയന്ന, കോപ്പൻഹേഗൻ എന്നിവിടങ്ങളിൽ നടത്തിയ ടൂറിസം പ്രദർശനങ്ങളാണ് മറ്റൊരു പ്രധാന പരസ്യതന്ത്രം.
തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി ഉയർത്തപ്പെട്ടതും കരിപ്പൂർ, നെടുമ്പാശ്ശേരി എന്നീ വിമാനത്താവളങ്ങൾ പുതുതായി ഉണ്ടാക്കിയതുമെല്ലാം കേരളത്തിലേക്ക് വിദേശടൂറിസ്റ്റുകളെ കൂടുതലായി എത്തിക്കുന്നതിന് അടുത്തകാലത്ത് കാരണമായ ആഭ്യന്തര സൗകര്യവികസനങ്ങളാണ്.
-
പ്രതൽ(പുട്ടും കടലയും)
-
സദ്യ
1995-നുശേഷം കേരളം ടൂറിസത്തിനു നൽകിയ വമ്പിച്ച പ്രാധാന്യത്തിനുദാഹരണമാണ് 'വിസിറ്റ് കേരള ഇയർ' എന്ന സവിശേഷ പദ്ധതി. 1997 ആഗ. 15 മുതൽ 1998 ആഗ. 15 വരെയാണ് 'വിസിറ്റ് കേരള ഇയർ' ആയി കേരളം ആഘോഷിച്ചത്. ഭാരതം സ്വതന്ത്രമായതിന്റെ അമ്പതാം വർഷത്തെ കേരളം ഒരു 'സന്ദർശനവർഷ'മായി കൊണ്ടാടി എന്നതാണ് പ്രത്യേകത. അതിന്റെ ഭാഗമായി ഹെറിറ്റേജ് എക്സിബിഷൻ, സംസ്കൃതി ഉത്സവം, ഓണം വാരാഘോഷം, ടൂറിസം വികസനശില്പശാല, കൊച്ചിൻ കാർണിവൽ, മലബാർ മഹോത്സവം, ഗ്രേറ്റ് എലിഫന്റ് മാർച്ച്, കേരള വില്ലേജ് ഫെയർ, ബോധവല്ക്കരണ സെമിനാർ, പരമ്പരാഗത ചികിത്സാ ക്യാമ്പ് തുടങ്ങി ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
ഇക്കാലയളവിൽ കേരളത്തിലെ 'എത്നിക് ടൂറിസ'ത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ടൂറിസം വകുപ്പും സംസ്ഥാന ആർക്കിയോളജി വകുപ്പുമായി ചേർന്നു സംഘടിപ്പിച്ചുതുടങ്ങിയ പ്രത്യേക പ്രചാരണ-പ്രദർശനപരിപാടിയാണ് 'ഗ്രാമ' എന്ന പേരിട്ട 'വില്ലേജ് ഫെയർ'. കോവളം കടൽത്തീരത്ത് വിനോദസഞ്ചാര സീസണോടനുബന്ധിച്ച് ഒരു താത്ക്കാലിക മാതൃകാ കേരള ഗ്രാമം പുനഃസൃഷ്ടിക്കുന്ന പരിപാടിയാണത്. പരമ്പരാഗത കേരളീയ ഗ്രാമങ്ങളിലെ ഒട്ടുമിക്ക ദൃശ്യങ്ങളും പകർത്തിക്കാട്ടുന്നതിനും ഒട്ടനവധി വിദേശ-ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്നതിനും അതിനു കഴിഞ്ഞിട്ടുണ്ട്. ഈർച്ചവാളുകൊണ്ട് മരമറുത്തു തടിയാക്കുന്നതും, മൺപാത്രങ്ങളും വെങ്കലപാത്രങ്ങളും ഉണ്ടാക്കുന്നതും, ആറന്മുളക്കണ്ണാടി നിർമിക്കുന്നതും, കുട്ടയും വട്ടിയും മുറവും പായയും നെയ്യുന്നതും മരച്ചക്കിൽ എണ്ണയാട്ടുന്നതുമൊക്കെ അവിടെ ആകർഷകമാംവിധം പുനഃസൃഷ്ടിച്ചിരുന്നു. പരമ്പരാഗത തറവാടും തറവാട്ടുകാരണവരും അത്തപ്പൂക്കളവും വീട്ടുമുറ്റത്തെ നാടോടിക്കലാവിരുന്നുകളും സംഗീത-നൃത്തപഠനവും പാചകവും സദ്യവിളമ്പലും വേളിയും എഴുത്തിനിരുത്തും തിരണ്ടുകല്യാണവുമെല്ലാം അവിടെ പുനഃസൃഷ്ടിച്ച് അവതരിപ്പിച്ചവയിൽപ്പെടുന്നു.
കേരളത്തിന്റെ ഈടുവയ്പുകളെല്ലാറ്റിനെയും ടൂറിസ്റ്റ് വിഭവങ്ങളാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേരളത്തിലെ വിനോദസഞ്ചാര വ്യവസായരംഗം. ഇളനീരും കള്ളും മാത്രമല്ല വെള്ളയപ്പവും കപ്പയും മീൻ കറിയും ഉപ്പുമാവും പുട്ടും കടലക്കറിയും സദ്യയും വരെ ഇന്ന് ടൂറിസം വിപണിയിലെ ഉത്പന്നങ്ങളാക്കിക്കഴിഞ്ഞിട്ടുണ്ട്. അവയിൽ പലതും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്. ട്രാവൽ ആൻഡ് ലെഷർ മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച പ്രഭാതഭക്ഷണം കേരളത്തിലേതാണെന്നു കണ്ടെത്തിയത് അതിനൊരുദാഹരണം മാത്രം. മൺസൂണും വെള്ളം തേവുന്ന ചക്രങ്ങളും ഒറ്റത്തടിപ്പാലങ്ങളും കൊതുമ്പുവള്ളങ്ങളും കേരളീയവേഷങ്ങളും അത്തപ്പൂക്കളവും സോപാനസംഗീതവും ചലച്ചിത്രങ്ങളും കാളയോട്ടങ്ങളും ഉപ്പുമാങ്ങയും സ്വർണാഭരണങ്ങളും കയറുപിരിക്കലും ചെണ്ടകൊട്ടലും കാളവണ്ടിസവാരിയും തെങ്ങുകയറ്റവും ചിത്രകലയും നൃത്തരൂപങ്ങളും തെയ്യവും പാവക്കൂത്തും വെടിക്കെട്ടും വെളിച്ചെണ്ണയും തറവാടും നാലുകെട്ടും വിശറിയും ഊഞ്ഞാലും എല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് വിദേശ സഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ഇന്നു നടക്കുന്നു.
വിദേശ ടൂറിസ്റ്റുകളെ എന്നതിലേറെ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയ ഒന്നാണ് വാട്ടർ തീം പാർക്കുകൾ. അവയെല്ലാം സ്വകാര്യമേഖലയിലാണ് പ്രവർത്തനമാരംഭിച്ചത്. കേരളത്തിൽ ഇപ്പോൾ അത്തരം മൂന്നു സംരംഭങ്ങളാണുള്ളത്. ഫാന്റസി പാർക്ക് (മലമ്പുഴ), സിൽവർ സ്റ്റോം (അതിരപ്പിള്ളി) വീഗാലാൻഡ് (കൊച്ചി) എന്നിവ.
ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജന്റുമാരും ധാരാളമായി രംഗത്തെത്തിയതാണ് കഴിഞ്ഞ ദശകത്തിലെ കേരളത്തിലെവിനോദസഞ്ചാരരംഗത്തുണ്ടായ വലിയ മാറ്റങ്ങളിലൊന്ന്. ഗ്രേറ്റ് ഇൻഡ്യാ ടൂർ കമ്പനിയാണ് ഈ രംഗത്തെ ഏറ്റവും പ്രമുഖസ്ഥാപനം. മറ്റു പ്രധാന സ്ഥാപനങ്ങളിൽ ചിലത് ഇവയാണ്: എയർ ട്രാവൽ എന്റർ പ്രൈസസ്, അക്ബർ ട്രാവൽസ്, ജയശ്രീ ട്രാവൽസ്, സീതാ ട്രാവൽസ്, ഫോർ യു ഹോളിഡേയ്സ് ആൻഡ് ട്രാവൽ സെന്റർ, ഓവർസീസ് എയർ ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റർ, സ്വസ്തിക് ടൂർസ് ആൻഡ് ട്രാവൽസ്, തോമസ്കുക്ക് യൂണിവേഴ്സൽ ട്രാവൽസ് ആൻഡ് ടൂർസ്, യുണൈറ്റഡ് ടൂർസ് ആൻഡ് ട്രാവൽസ്, ചാണക്യ ഗ്രൂപ്പ്, ചാലൂക്യ ഗ്രൂപ്പ്, ഡെസ്റ്റിനേഷൻ ഇൻഡ്യ, സതേൺ ബാക് വാട്ടേഴ്സ്.
1995 മുതലാണ് അന്താരാഷ്ട്ര ചാർട്ടർ വിമാനസർവീസ് കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്. കേരളത്തെ ഒരു ചാർട്ടേർഡ് ഡെസ്റ്റിനേഷൻ' ആക്കുന്നതിൽ ഇതും വലിയ പങ്കു വഹിച്ചിട്ടുണ്ട്.
വൻതോതിലുള്ള ടൂറിസ്റ്റുകളുടെ വരവ് പല തലങ്ങളിലും ദൂഷ്യഫലങ്ങളുണ്ടാക്കുക സ്വാഭാവികമാണ്. ഹിപ്പിസംസ്കാരത്തിന്റെ പ്രചാരകാലത്ത് കോവളം അത്തരം ദുരിതങ്ങൾ ഏറെ ഏറ്റുവാങ്ങിയിട്ടുണ്ട്. അതു കണക്കിലെടുത്ത് ഏതുതരം ടൂറിസ്റ്റുകളെയാണ് കേരളം ആകർഷിക്കേണ്ടത് എന്ന വിവേചനബുദ്ധിയോടുള്ള ആസൂത്രണമാണ് ഇപ്പോൾ നടക്കുന്നത്. വൻകിട ടൂറിസ്റ്റുകളെ ലക്ഷ്യം വയ്ക്കുന്ന ഒന്നാണ് പുതിയ ടൂറിസം നയം എന്നതാണ് സൂചനകൾ. അതോടൊപ്പം തന്നെ ഓരോ ടൂറിസ്റ്റ് സങ്കേതത്തിന്റെയും വാഹകശേഷി നിർണയിക്കാനുള്ള ശ്രമങ്ങളും കേരളം ഇപ്പോൾ നടത്തിവരുന്നുണ്ട്. ടാറ്റാ കൺസൾട്ടൻസി സർവീസിനെക്കൊണ്ട് അടുത്തകാലത്തു നടത്തിയ വാഹകശേഷി (carrying capacity) പഠനം അതിനുദാഹരണമാണ്.
സംസ്ഥാനത്തിന്റെ ടൂറിസം വിഹിതം വർധിപ്പിക്കുന്നതിനും കേന്ദ്രത്തിൽ നിന്ന് കൂടുതൽ ആനുകൂല്യം കിട്ടുന്നതിനുമുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. അഞ്ചാം പദ്ധതിക്കാലത്ത് സംസ്ഥാന ബജറ്റിൽ വിനോദസഞ്ചാരത്തിനായി നീക്കിവച്ചിരുന്നത്. 71.5 ലക്ഷം രൂപമാത്രമാണ്. ഇത് എട്ടാം പദ്ധതിയിൽ 2922 ലക്ഷം രൂപയായി വർധിച്ചു. ഒമ്പതാം പദ്ധതിയിൽ ബജറ്റിലെ സുപ്രധാന വിഹിതം തന്നെയായ 4,600 ലക്ഷം രൂപയാണ് ടൂറിസത്തിനായി വകയിരുത്തിയത്.
'കേരള ട്രാവൽ മാർട്ട്' എന്ന പേരിൽ 2000-ാമാണ്ടിൽ നടന്ന ട്രാവൽ-ടൂറിസം വിപണനമേള കേരളത്തിലെ ടൂറിസം വികസനചരിത്രത്തിലെ നല്ലൊരു കാൽവയ്പായിരുന്നു. ഹോട്ടലുടമകൾ, റിസോർട്ടുടമകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ, ഗതാഗതസ്ഥാപന ഉടമകൾ, ആയുർവേദ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ഹൗസ്ബോട്ടുടമകൾ തുടങ്ങി വിനോദസഞ്ചാരരംഗത്തെ എല്ലാ സേവനമേഖലകളിൽ നിന്നുള്ളവരും പ്രസ്തുത മേളയിൽ പങ്കെടുക്കുകയുണ്ടായി. രണ്ടാം കേരള ട്രാവൽ മാർട്ട് 2002 ഒക്ടോബർ ആദ്യവാരത്തിലാണു നടന്നത്. രണ്ടായിരത്തി അഞ്ചാമാണ്ടിൽ പത്തു ദശലക്ഷം ടൂറിസ്റ്റുകൾ എന്ന സങ്കല്പത്തിന്റെ സാക്ഷാത്ക്കാരത്തിനായാണ് ഈ മേള വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യമേളയിൽ കേരളത്തിലെ 135 കമ്പനികൾ പങ്കെടുത്തു. 350 മറുനാടൻ കമ്പനികളാണ് കേരളത്തിന്റെ ടൂറിസ്റ്റ് വിഭവങ്ങൾ വാങ്ങാനായി മേളയിൽ പങ്കെടുത്തത്. അവയിൽ 230 എണ്ണം ആർജന്റീന മുതൽ ഉക്രെയ് ൻ വരെയുള്ള നിരവധി ലോകരാജ്യങ്ങളിൽ നിന്നുള്ളവ ആയിരുന്നു.
2001-ൽ കേരളത്തിന്റെ പുതുക്കിയ കരട് ടൂറിസം നയം സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി കെ.വി.തോമസ് പുറത്തിറക്കുകയുണ്ടായി. 'ടൂറിസം വിഷൻ 2025' എന്ന ആ നയരേഖ പാരമ്പര്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ഉറച്ചുനിന്നുകൊണ്ട് ഉന്നത നിലവാരമുള്ള സഞ്ചാരികളെ ആകർഷിക്കാൻ പോന്ന പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഭാവിലക്ഷ്യം എന്ന് വ്യക്തമാക്കി. പ്രതിവർഷടൂറിസം വരുമാനത്തിൽ 10%-വും വിദേശസന്ദർശകരുടെ എണ്ണത്തിൽ 7%-വും ആഭ്യന്തര സന്ദർശകരുടെ എണ്ണത്തിൽ 9%-വും വർധനയാണ് അതു വിഭാവനം ചെയ്യുന്നത്. ഓരോ വർഷവും 10,000 തൊഴിലവസരങ്ങൾ ടൂറിസത്തിലൂടെ സൃഷ്ടിക്കാനാകുമെന്ന പ്രത്യാശയും അതിലുണ്ട്. അധികമറിയപ്പെടാത്ത സ്ഥലങ്ങൾ, കലകൾ, പാചകരീതികൾ, സ്മാരകങ്ങൾ, കരകൗശലവിദ്യകൾ എന്നിവ സംരക്ഷിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അതിൽ എടുത്തുപറഞ്ഞിരിക്കുന്നു. മറ്റൊരു പ്രധാന വസ്തുത സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയായിരിക്കും ഭാവി ടൂറിസം വികസനപദ്ധതികൾ മിക്കവയും മുന്നോട്ടുകൊണ്ടുപോവുക എന്ന പ്രഖ്യാപനമാണ്. കോവളം മുതൽ കാസർഗോഡുവരെയുള്ള ജലപാതാവികസനം കേരളത്തിലെ ടൂറിസ്റ്റു കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമഗതാഗതസൌകര്യം യാഥാർഥ്യമാക്കൽ എന്നിവയ്ക്കും വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കായലുകൾ, ആയുർവേദം, ഈക്കോ ടൂറിസം എന്നിവയെ കേന്ദ്രീകരിച്ചുള്ളവയായിരിക്കണം ഭാവി വിനോദസഞ്ചാര പദ്ധതികളെന്നും നിർദേശിക്കുന്നുണ്ട് നയരേഖ.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ടൂറിസം രംഗം അഭുതപൂർവമായി വികസിക്കും എന്നതിന്റെ സൂചനകളുണ്ട്. അന്തർദേശീയ തലത്തിൽ കേരളം നടത്തിയ പ്രചാരണപ്രോത്സാഹനപ്രവർത്തനങ്ങളുടെ ഭാഗമായി ലോക ടൂറിസം ഭൂപടത്തിൽ കേരളം പ്രാധാന്യമുള്ള ഒരിടം തന്നെ കരസ്ഥമാക്കിക്കഴിഞ്ഞു. ഇന്ത്യയിലെ സന്ദർശനകേന്ദ്രങ്ങളിൽ ഒന്ന് എന്നല്ല മൗലികമായ ഒരു ലക്ഷ്യതീരം എന്ന നിലയിൽത്തന്നെയാണ് അന്താരാഷ്ട്രരംഗത്ത് ഇന്ന് കേരളം പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നത്. 1999-ൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ, കേരളത്തെ 'ലോകത്തിലെ അനിവാര്യമായും സഞ്ചരിക്കേണ്ട' അമ്പതു സ്ഥലങ്ങളിൽ ഒന്നായി പ്രഖ്യാപിക്കുകയുമുണ്ടായി. ആ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള മറ്റൊരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ - താജ്മഹൽ. സാംബാനൃത്തോത്സവത്തിന്റെ നഗരമായ റിയോ ഡി ഷിനെയ്റൊ, ചൈനീസ് വൻമതിൽ എന്നിവയോടൊപ്പം തോൾചേർന്നു നിൽക്കാൻ പോന്നത്ര പ്രശസ്തി കേരളത്തിന് അതിലൂടെ ഉണ്ടായി എന്നത് ചില്ലറക്കാര്യമല്ല. പിന്നീട് മറ്റൊരു വിലയിരുത്തലിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ കേരളത്തെ 'വിശ്വപറുദീസകൾ പത്തെണ്ണത്തിൽ ഒന്ന്' എന്ന് വിശേഷിപ്പിക്കുകയുണ്ടായി. അടുത്ത കാലത്ത് അന്താരാഷ്ട്ര ട്രാവൽ-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങൾ കേരളത്തിനുമേൽ വാരിച്ചൊരിഞ്ഞ ആകർഷകങ്ങളായ മറ്റു വിശേഷണങ്ങൾ ഇവയാണ്: ഇരുപത്തൊന്നാം ശ.-ത്തിന്റെ നൂറ് മഹദ്യാത്രാലക്ഷ്യങ്ങളിൽ ഒന്ന് കേരളമാണ് (ട്രാവൽ ആൻഡ് ലെഷർ), ലോകത്തിലെ പത്ത് 'മില്ലെനിയം ഹോട്ട്സ്പോട്ടുകളിൽ' ഒന്ന് (എമിറേറ്റ്സ് ഇൻഫ്ളൈറ്റ് മാഗസിൻ), ഭാരതം സുശാന്തമായി പ്രവഹിക്കുന്ന ഒരിടം (ദ് ന്യൂയോർക്ക് ടൈംസ്) എവിടേക്കാണോ ഊർജസ്വലരായ സഞ്ചാരികൾ അന്വേഷിച്ചെത്തുന്നത് അവിടം (ഫിനാൻഷ്യൽ ടൈംസ്), അതിപുരാതനവും അത്യുദാത്തവുമായ ഒരു ചികിത്സാപദ്ധതിയുടെ വിശുദ്ധദേശം (ജിയോ സൈസൺ), ഒരു മനുഷ്യായുസ്സിൽ സന്ദർശിച്ചിരിക്കേണ്ട ആറു സ്വപ്നതീരങ്ങളിൽ ഒന്ന് (ഖലീജ് ടൈംസ്).
ഒട്ടനവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ 1995-നുശേഷമുള്ള 'സുവർണദശ'യിൽ കേരളത്തിലെ ടൂറിസം രംഗം കൈവരിക്കുകയുണ്ടായി. വിനോദസഞ്ചാര രംഗത്ത് ഏറ്റവും നന്നായി ശോഭിക്കുന്ന സംസ്ഥാനത്തിനുള്ള ഭാരതസർക്കാരിന്റെ പുരസ്കാരം 1999, 2000, 2001 എന്നീ വർഷങ്ങളിൽ കേരളമാണ് നേടിയത്. ഇതിനുപുറമേ ലഭിച്ചിട്ടുള്ള മറ്റ് അവാർഡുകൾ ഇവയാണ്: ഏറ്റവും മികച്ച ടൂറിസം ചലച്ചിത്രത്തിനുള്ള ഭാരതസർക്കാർ അവാർഡ് (2001), ഇൻഫർമേഷൻ ടെക്നോളജി പുരസ്കാരം-ഭാരതസർക്കാർ (2001), ട്രാവൽ, ടൂറിസം പ്രൊമോഷൻ എന്നീ രംഗങ്ങളിൽ ഏറ്റവും മികച്ച സേവനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം-ഔട്ട്ലുക്ക് ട്രാവല്ലർ ആൻഡ് ടായ് (TAAI)/2000, 2001, ഇന്റർനാഷണൽ അവാർഡ് ഫോർ ലെഷർ ടൂറിസം-പസിഫിക് ഏര്യാ ട്രാവൽ റൈറ്റേഴ്സ് അസ്സോസിയേഷൻ (2000-2001), ഗ്രാൻഡ് അവാർഡ് ഫോർ ഹെറിറ്റേജ്-പസിഫിക് ഏഷ്യ ട്രാവൽ അസ്സോസിയേഷൻ (2002).
ടൂറിസ്റ്റു സങ്കേതങ്ങൾ
തിരുത്തുകവിനോദസഞ്ചാരികളുടെ സന്ദർശനകേന്ദ്രങ്ങളാണ് ടൂറിസ്റ്റുസങ്കേതങ്ങൾ. ആധുനിക ടൂറിസത്തിൽ സ്ഥല ങ്ങൾ മാത്രമല്ല സഞ്ചാരികളുടെ ലക്ഷ്യം. ഉദാഹരണത്തിന്, കേരളത്തിലേക്ക് വരുന്ന സഞ്ചാരികളിൽ നല്ലൊരു പങ്കിന്റെയും മുഖ്യ ആകർഷണം ഇന്ന് ആയുർവേദമാണ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഘടകങ്ങളെ ഇന്ന് 'ടൂറിസം ഉത്പന്നങ്ങൾ' എന്നു വിളിക്കുന്നതിന് ഇതും കാരണമായി. ടൂറിസം വിഭവങ്ങളെ 'ഉത്പന്ന'ങ്ങളാക്കി വിപണനം ചെയ്യുകയാണ് ആധുനിക ടൂറിസം. എങ്കിലും, സ്ഥലം അടിസ്ഥാന ഘടകങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നുണ്ട്.
അന്താരാഷ്ട്ര രംഗം
തിരുത്തുകഅന്താരാഷ്ട്ര വിനോദസഞ്ചാര സങ്കേതങ്ങളിൽ ഇന്നും ഏറെ പ്രാധാന്യമുള്ളവയാണ് വിശ്വസപ്താത്ഭുതങ്ങൾ. ഈജിപ്തിലെ പിരമിഡുകളും പാരീസിലെ ഈഫൽഗോപുരവും ചൈനയിലെ വൻമതിലുമെല്ലാം അതിലുൾപ്പെടുന്നു.
വികസിത രാജ്യങ്ങളെക്കാൾ അവികസിത രാജ്യങ്ങളാണ് ഇന്ന് പുതിയ പുതിയ ടൂറിസം വിഭവങ്ങൾ മുന്നോട്ടുവച്ചുകൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണം കരീബിയൻ മേഖലയാണ്. ലോകത്തിലെ ഏറ്റവും ആർഭാടപൂർവമായ സുഖവാസകേന്ദ്രങ്ങൾ പലതും കരീബിയൻ ദ്വീപുകളിലാണുള്ളത് - ജമെയ്കാ ദ്വീപ്, ബാർബഡോസ് ദ്വീപ്, ഹെയ്തി തുടങ്ങിയവയെല്ലാം. സവിശേഷമായ പരമ്പരാഗത ഭക്ഷണങ്ങൾ, ലഹരിപാനീയങ്ങൾ, ആഴക്കടലിൽ വിനോദമത്സ്യബന്ധനം നടത്താനുള്ള സൗകര്യം, ഗ്രാമീണ ക്രിക്കറ്റ് കളിക്കളങ്ങൾ തുടങ്ങി പ്രകൃതിഭംഗിക്കനുബന്ധമായി ഒട്ടേറെ വിഭവങ്ങളും ആ ദ്വീപുകളിലുണ്ട്. ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നറിയപ്പെടുന്നത് ഹെയ്തിയിലെ 'സിറ്റാഡൽ' എന്ന വാസ്തുവിസ്മയമാണ്.
-
ആമസോൺ
-
അൻകോർ
-
ജെറുസലേം
-
മച്ചു-പിക്
-
കനേഡിയൻ
-
ജാപ്പാനീസ് -റോക്കൻ
-
ഗ്രാൻഡ് -കെനിയോൺ
-
ന്യൂയോർക്ക്
അടുത്ത കാലം വരെ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കാതിരുന്ന പല രാജ്യങ്ങളും ഇന്ന് ടൂറിസം രംഗത്തെത്തിയിട്ടുണ്ട്. ഭൂട്ടാൻ നിരവധി ഉദാഹരണങ്ങളിൽ ഒന്നുമാത്രം. 1974 മുതലാണ് അവിടെ വിനോദസഞ്ചാരം നിലവിൽ വന്നത്. ഇന്ന് ദേശീയ വരുമാനത്തിന്റെ മുഖ്യ പങ്കു നൽകുന്നതുതന്നെ ടൂറിസമാണ്.
-
വത്തിക്കാൻ
-
ആൽപ്സ് പർവതനിര
-
വിർജിൻ ദ്വീപ്
പ്രകൃതിവിസ്മയങ്ങളായ നയാഗ്രാ വെള്ളച്ചാട്ടം, ആസ്ട്രിയയിലെ സാഗ്സ്പൈറ്റ്സ മലകൾ, ചൈനയിലെ പർവതോദ്യാനങ്ങൾ, അമേരിക്കയിലെ യെല്ലോസ്റ്റ്യൻ നാച്വറൽ പാർക്ക്, വൈറ്റ് സാൻസ് നാഷണൽ മോണ്യുമെന്റ്, നോർവെയിലെ വോറിങ്ഫോസ് ജലപാതം, സാംബിയയിലെ വിക്ടോറിയ ഫാൾസ്, ആഫ്രിക്കയിലെ അതിവിശാലമായ വിക്ടോറിയ തടാകം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ റെയിൻബോ ബ്രിഡ്ജ്, ചാവു കടൽ, വെനിൻസുലയിലെ ഏയ്ഞ്ചൽ ഫാൾസ് എന്നിവ ഇപ്പോഴും ബഹുസഹസ്രം വിനോദസഞ്ചാരികളെ ആകർഷിച്ചുവരുന്നു.
മനുഷ്യനിർമിതമായ ടൂറിസ്റ്റ് നഗരങ്ങളും കൂറ്റൻ സൌധങ്ങളും ഗോപുരങ്ങളും മ്യൂസിയങ്ങളും പാർക്കുകളും ചരിത്ര-പുരാവസ്തുസ്മാരകങ്ങളുമാണ് പ്രധാനപ്പെട്ടവ. അവ പിരമിഡുകൾ മുതൽ ഡിസ്നിലാൻഡുവരെയും ദിനോസർ മ്യൂസിയങ്ങൾ വരെയും വ്യാപിച്ചുകിടക്കുന്നു. ന്യൂയോർക്കും പാരീസും സിങ്കപ്പൂരുമെല്ലാം പ്രമുഖ നഗരസങ്കേതങ്ങളാണ്. ഫ്രാൻസിലെ ആർട്ട് ഗ്യാലറികൾ, പൂക്കളുടെ നഗരമായ ഹോളണ്ടിലെ ഹേഗിലുള്ള സീൽ- ഡോൾഫിൻ - തിമിംഗല പാർക്കുകൾ, ആസ്ട്രേലിയയിലെ ജലകേളീവേദികൾ തുടങ്ങിയവ വിശ്വ ടൂറിസ്റ്റ് ഭൂപടത്തിലെ മുഖ്യസ്ഥാനത്തുതന്നെയുണ്ട്.
-
ലോയിർ-വാലി
-
ബൗൺട്രി-വാട്ടർ
-
സെൽഷ്യസ്
-
കോസ്റ്റൽ നോർവേ
-
സെന്റ് പോൾസ് കത്തീഡ്രൽ
-
ലെയ്ക്ക് ഡിസ്ട്രിക്റ്റ്
-
ഗ്രീക്ക്-ദ്വീപ്
-
ഗാലപാഗോസ് ദ്വീപ്
-
ന്യൂസിലാൻഡ്
-
ലണ്ടൻ
-
അക്രിപോലിസ്
സമകാലിക വിനോദസഞ്ചാരരംഗത്ത് വളരെയധികം പ്രാധാന്യമുള്ള ചില ഉത്സവാഘോഷങ്ങൾ ഇവയാണ്. റിയോ കാർണിവൽ (ബ്രസീൽ), എഡിൻബറോ ഇന്റർനാഷണൽ ഫെസ്റ്റിവൽ (സ്കോട്ട്ലാൻഡ്), ഫെസ്റ്റിവൽ ഒഫ് ബിയർ ഡ്രിങ്കിങ് (മ്യൂനിച്ച്), മോംബ ഫെസ്റ്റിവൽ (മെൽബോൺ), വിയന്ന ഫെസ്റ്റിവൽ, (ആസ്ട്രിയ), ഇന്റർനാഷണൽ സെയിലിങ് വീക്ക്, മിഡ്സമ്മർ കാർണിവൽ, ഇന്റർനാഷണൽ ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ (ആന്റിഗ്വ ആൻഡ് ബിർബുസ), ബ്രിഡ്ബെയ്ൻ ഫെസ്റ്റ് (ക്യൂൻസ്ലാൻഡ്), ഫുഡ് ആൻഡ് വൈൻ ഫെസ്റ്റ് (ടാസ്മാനിയ), ഫെസ്റ്റിവൽ ഒഫ് വെർത്ത് (സാൽഡ്ബർഗ്), ഫോക്ലോരമ (കാനഡ), ലിന്റേൺ ഫെസ്റ്റിവൽ (ചൈന), ഡ്രാഗൻ ബോട് ഫെസ്റ്റിവൽ (ചൈന), മൂൺ ഫെസ്റ്റിവൽ (ചൈന), ഹെൽസിങ്കി ഫെസ്റ്റിവൽ (ഫിൻലാൻഡ്), കാൻഫിലിം ഫെസ്റ്റിവൽ (ഫ്രാൻസ്), ദ് ഗ്രാൻഡ്പരേഡ് (ജർമ്മനി), ലവ് പരേഡ് (ബർലിൻ), ഏഥൻസ്ബെൽ ഫെസ്റ്റിവൽ (ഗ്രീസ്), സ്പിങ് ഫെസ്റ്റിവൽ (സലാല).
-
പസഫിക് ദ്വീപ്
-
അന്റാർട്ടിക്ക
-
ബാർസിലോന
-
അമൽഫിക്കോസ്റ്റ്
-
ഹോങ്കോങ്
-
ഹവാലിൻ ദ്വീപ്
-
ആസ്റ്റ്രേലിയ-ഔട്ട്ബാക്ക്
-
ടെപൂയിസ്
1999 ഒക്.-ൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ പ്രസിദ്ധീകരിച്ച 'ഫിഫ്റ്റി പ്ലേസസ് ഒഫ് എ ലൈഫ് ടൈമി'നെ അധികരിച്ച് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അമ്പത് ടൂറിസ്റ്റ് സങ്കേതങ്ങളെ('പാരഡൈസ് ഫൗണ്ട്')ക്കുറിച്ചുള്ള വിവരണങ്ങൾ ചുവടെ ചേർക്കുന്നു.
നഗരങ്ങൾ
തിരുത്തുകവിനോദസഞ്ചാരികൾക്ക് ഒഴിവാക്കാനാകാത്ത നഗരസൗന്ദര്യത്തിനുടമയാണ് ന്യൂയോർക്ക്. വടക്കുകിഴക്കൻ തുർക്കിയിലെ ഇസ്താംബൂൾ പൗരാണികശോഭ കൊണ്ട് വിശ്വനഗരസങ്കേതങ്ങളിൽ മുഖ്യ സ്ഥാനമലങ്കരിക്കുന്നു. വടക്കു-കിഴക്കൻ സ്പെയിനിലെ ബാർസിലോണയാണ് വിനോദസഞ്ചാരപ്രാധാന്യമുള്ള മറ്റൊരു നഗരം. തെക്കുകിഴക്കൻ ചൈനയിലെ ഹോങ്കോങ് വളരെ മുമ്പുതന്നെ ദൃശ്യപ്പെരുമയുള്ളതാണ്. സാംബാനൃത്തോത്സവത്തിന്റെ നഗരിയായ ബ്രസീലിലെ റിയോഡിഷെനെയ്റൊ, ലോകാത്ഭുതങ്ങളിലൊന്നിനെ ശിരസ്സേറ്റി നിൽക്കുന്ന പാരീസ് നഗരം, ക്രിസ്തുവിന്റെ തിരുശേഷിപ്പുകളാൽ ഗരിമയാർന്ന ജറുസലേം, ഇംഗ്ലണ്ടിലെ തെംസ് നദീതീരത്തുള്ള ലണ്ടൻ, ഇറ്റലിയിലെ വെനീസ്, കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ എന്നീ നഗരങ്ങളാണ് മറ്റു സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ.
വന്യസങ്കേതങ്ങൾ
തിരുത്തുകകിഴക്കൻ ആഫ്രിക്കയിലെ സെറെൻഗെറ്റി (Serengeti) വന്യസങ്കേതം ടാൻസാനിയ, കെനിയ എന്നീ രാജ്യങ്ങളിലായാണ് പരന്നു കിടക്കുന്നത്. ടാൻസാനിയയിലെ സെറെൻഗെറ്റി ദേശീയോദ്യാനവും കെനിയയിലെ മസായ്മറ റിസർവും അതിലുൾപ്പെടുന്നു. ആർബർട്ടയുടെയും ബ്രിട്ടീഷ് കൊളംബിയയുടെയും അതിർത്തിയിലുള്ള 'ദ് റോക്കി മൗണ്ടൻ പാർക്ക്' ലോകപൈതൃകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു (World Heritage site).
ചന്ദനശിലകളുടെ ഏറ്റവും വലിയ നിക്ഷേപങ്ങളുള്ള ആസ്ട്രേലിയയുടെ 'ഔട്ട് ബാക്ക്', സമുദ്രസസ്യജന്തുജാല വൈവിധ്യത്തിന്റെ വിസ്മയ കാഴ്ചകളുമായി നിൽക്കുന്ന പാപ്പുവാ ന്യൂ ഗിനിയയിലെ 'കോറൽ റീഫു'കൾ, കാനനക്കാഴ്ചകളുടെ അവസാനത്തെ വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ആമസോൺ വനങ്ങൾ, വടക്കൻ ആരിസോണയിലെ 'ദ് ഗ്രാൻഡ് കാനിയോൺ പർവ്വതനിരകൾ' എന്നിവ ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന വന്യസങ്കേതങ്ങളാണ്. പസിഫിക് സമുദ്രത്തിൽ ഇക്വഡോറിനും 600 മൈൽ പടിഞ്ഞാറുള്ള ഗലാപഗോസ് ദ്വീപുകൾ കൂറ്റൻ ആമകളുടെ നിവാസകേന്ദ്രമാണ്. 'ഏയ് ഞ്ചൽ ജലപാത'ത്തിന്റെയും മലനിരകളുടെയും ചാരുദൃശ്യങ്ങളുള്ള വന്യസങ്കേതമാണ് തെ.കിഴക്കൻ പെനിൻസുലയിലെ ടെപൂയി. പെൻഗ്വിനുകളുടെ അന്റാർട്ടിക്കയും ഒട്ടകങ്ങളുടെ സഹാറയുമാണ് മറ്റു ലോകോത്തര പ്രകൃതിസങ്കേതങ്ങളിൽ മുഖ്യം.
സ്വർഗതീരങ്ങൾ
തിരുത്തുകഅഭൗമമായ സൗന്ദര്യാനുഭൂതി പകരുന്ന വിനോദസഞ്ചാരസങ്കേതങ്ങളിൽ നിന്ന് നാഷണൽ ജ്യോഗ്രഫിക് മാഗസിൻ കണ്ടെത്തിയ 'സ്വർഗദേശ'ങ്ങളിലൊന്ന് കേരളമാണ്. പോളിനേഷ്യാ, മെലനേഷ്യാ തുടങ്ങി 25,000-ത്തോളം ദ്വീപുകളടങ്ങിയ പസിഫിക് ദ്വീപുകളാണ് മറ്റൊരിടം. 1.1 മില്യൻ ഏക്കർ വലുപ്പമുള്ള മിനെസൊറ്റ-കാനഡ അതിർത്തിയിലെ തടാകസമുച്ചയമാണ് മറ്റൊരു 'സ്വർഗ'ദേശം. ബൗണ്ടറി വാട്ടേഴ്സ് എന്നാണിതറിയപ്പെടുന്നത്. ദക്ഷിണ യൂറോപ്പിലെ ഗ്രീക്ക് ദ്വീപുകൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്ച്ചിൽസ് ദ്വീപുകൾ, ടോറസ് ഡെൽ പീനെ ദേശീയോദ്യാനം (തെക്കേ അമേരിക്ക) എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു മൂന്നു സ്ഥലങ്ങൾ. ഇതിൽ ടോറസ് ഡെൽ പീനെ, യുനെസ്കോ, ബയോസ്ഫിയർ റിസർവ് ആയി പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ്. ഇവിടത്തെ നീലത്തടാകം അനുപമമായ ഒരു പ്രകൃതി വിശേഷമാണ്. 'ബ്രിട്ടീഷ് വിർജിൻ ഐലന്റ്സ്' എന്നറിയപ്പെടുന്ന, കരീബിയൻ കടലിനെയും അറ്റ്ലാന്റിക് സമുദ്രത്തെയും വേർതിരിക്കുന്ന ചെറുദ്വീപസമൂഹം ആണ് മറ്റൊരു സ്വർഗസുന്ദരതീരം. ഇറ്റലിയിലെ നേപ്പിൾസിൽ നിന്ന് 30 മൈൽ തെക്കുള്ള അമാൽഫി തീരം, പസിഫിക് സമുദ്രത്തിലെ 'ഹവായ്യൻ ദ്വീപുകൾ' എന്നിവയാണ് ഈ പട്ടികയിൽ സ്ഥാനം നേടിയിട്ടുള്ള മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങൾ. വേറൊന്ന് ജപ്പാനിലെ 'റ്യോക്കൻ' എന്നറിയപ്പെടുന്ന വിശ്രമവസതികളാണ്. പരമ്പരാഗത സത്രങ്ങളാണ് ഇവ. ഇവയ്ക്ക് ഈഡോ കാലത്തോളം (1603-1867) പഴക്കമുണ്ട്.
-
സുവർണക്ഷേത്രം-അമൃത്സർ
-
രഥോത്സവം-ഭുവനേശ്വർ
അതിരില്ലാത്ത രാജ്യങ്ങൾ
തിരുത്തുകഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്ട്, ന്യൂസിലാൻഡിലെ നോർത്ത് ഐലന്റ്, ഫ്രാൻസിലെ ലോയർ താഴ് വാരം, മധ്യകാലിഫോർണിയയിലെ 'ബിഗ്സ'ർ, 'കനേഡിയൻ മാരിടൈംസ്', വ.കിഴക്കൻ അമേരിക്കയിലെ വെർമോന്റ്, നോർവേ തീരങ്ങൾ, വിയറ്റ്നാമിലെ ഡനാങ് മുതൽ ന്യൂ വരെയുള്ള പർവതതാഴ്വാരം, ഫ്രാൻസ്, സ്വിറ്റ്സർലന്റ്, ജർമനി, ഇറ്റലി, ആസ്ട്രിയ എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആൽപ്സ് പർവതനിരകൾ, മധ്യ ഇറ്റലിയിലെ ടസ്കനി എന്നിവിടങ്ങളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. സീമാതീതമായ പ്രകൃതിസൗന്ദര്യവും വിനോദാനുഭൂതികളും പകരുന്ന ഈ 'അതിരില്ലാത്ത' രാജ്യങ്ങളിൽ ടസ്കനി കുതിരപ്പന്തയങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും നാടാണ്. വെർമോന്റ് ലോകത്തിലെ ഏറ്റവും വലിയ ഗ്രാനൈറ്റ് മേഖലയാണ്.
ലോകാത്ഭുതങ്ങൾ
തിരുത്തുകഭാരതത്തിലെ താജ്മഹൽ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ്. കൊളറാഡോയിലെ മെഡാ വെർദെ താഴ്വാരമാണ് മറ്റൊരിടം. 52,074 ഏക്കർ പരന്നുകിടക്കുന്ന 4,000-ത്തിലേറെ ചരിത്രാതീതസ്ഥലങ്ങൾ ഉൾക്കൊള്ളുന്ന നാഷണൽ പാർക്ക് ആണിത്. 1906-ലാണ് ഇതു സ്ഥാപിച്ചത്. 'എ ലിറ്റിൽ സിറ്റി ഒഫ് സ്റ്റോൺ-അസ്ലീപ്പ്' എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്. 'റോമിന്റെ ഹൃദയ'മായ വത്തിക്കാൻ നഗരം, സെന്റ് പീറ്റേഴ്സ് ബസലിക്കയും ഡിസ്റ്റെയ് ൻ ചാപ്പലുമായി ഈ ലോകാത്ഭുതപട്ടികയിൽ പ്രത്യേകസ്ഥാനമലങ്കരിക്കുന്നു. ഗ്രീസിലെ ഏഥൻസിലുള്ള അക്രോപോളിസ് എന്ന 'ക്ഷേത്രനഗര'മാണ് മറ്റൊരു ആധുനിക ടൂറിസം 'ലോകാത്ഭുതം'. തെ.പടിഞ്ഞാറൻ ജോർദാനിലെ 'പെട്രാ' എന്ന മരുപ്രദേശം, ചൈനയിലെ വന്മതിൽ, ഈജിപ്തിലെ പിരമിഡുകൾ എന്നിവയോടൊപ്പം ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റൊരു വിസ്മയദേശമാണ് ആങ്ഖോർ. വ.പടിഞ്ഞാറൻ കംബോഡിയയിൽ 9-ാം ശ. മുതൽ 13-ാം ശ. വരെ നിലവിലിരുന്ന വലിയൊരു നഗരസംസ്കൃതിയുടെ അവശേഷിപ്പുകളാണ് ഇവിടെയുള്ളത്. മരങ്ങൾക്കുള്ളിലായിപ്പോയ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഇപ്പോഴും നിലവിലുള്ള ബുദ്ധസന്യാസിമാരുടെ സാന്നിധ്യവുമെല്ലാം ഈ 'ഭൂതകാല'നഗരത്തെ അവാച്യമായ യാത്രാനിർവൃതി പകരുന്ന ഒരിടമാക്കുന്നു. 'ലോകാത്ഭുതങ്ങ'ളിൽ മറ്റൊന്ന് മാച്ചു പിക്ചു എന്ന ദക്ഷിണപെറുവിലെ മലമുകൾത്താവളമാണ്. ഇങ്കാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളുള്ള ഇവിടവും ഒരു ഭൂതകാല നഗരമാണ്. ഇന്ന് 'സഞ്ചാരയോഗ്യ'മായിക്കഴിഞ്ഞ മറ്റു രണ്ടു പുതിയ 'സ്ഥല'ങ്ങൾ കൂടി ഈ ലോകാത്ഭുതപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് ശൂന്യാകാശവും മറ്റൊന്ന് 'സൈബർ സ്പേസു'മാണ്.
ഇന്ത്യ
തിരുത്തുകഇന്ത്യയുടെ തലസ്ഥാനനഗരമായ ദൽഹിതന്നെ വൈവിധ്യമാർന്ന അനുഭവങ്ങൾ വിനോദസഞ്ചാരികൾക്കു സമ്മാനിക്കാൻ പോരുന്നതാണ്. കുത്തബ്മിനാർ, ഷാജഹാൻബാദ് തുടങ്ങിയ സപ്തനഗരങ്ങളുടെ അവശിഷ്ടങ്ങൾ, മ്യൂസിയങ്ങൾ, ആർട്ട് ഗ്യാലറികൾ, ഇന്ത്യയുടെ നാനാദേശത്തുനിന്നുമുള്ള കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്ന സാംസ്കാരികകേന്ദ്രങ്ങൾ എന്നിവ ദൽഹിയിലെ വൈവിധ്യമാർന്ന ടൂറിസം വിഭവങ്ങളിൽ ചിലതു മാത്രമാണ്. ടൂറിസവുമായി ബന്ധപ്പെട്ട ആഭ്യന്തരസൗകര്യങ്ങളുടെ കാര്യത്തിൽ ആവശ്യമായതെല്ലാം സ്വന്തമാക്കിയിട്ടുള്ള ഇവിടം ഇന്ത്യൻ വിനോദസഞ്ചാരത്തിന്റെ തന്നെ കേന്ദ്രബിന്ദുവാണ്. ചെങ്കോട്ട, രാഷ്ട്രപതിഭവൻ, 21-ാം നൂറ്റാണ്ടിലെ താജ്മഹൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബഹായ് ക്ഷേത്രം, കുത്തബ്മീനാർ തുടങ്ങിയവ നഗരപ്രാന്തത്തിലെ തന്നെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
ഉത്തര ഭാരതത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര സങ്കേതങ്ങളിലൊന്നാണ് ആഗ്രയിലെ താജ്മഹൽ. വെണ്ണക്കല്ലിൽ തീർത്ത ഈ പ്രണയകുടീരം ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 50 ടൂറിസ്റ്റ് ലക്ഷ്യങ്ങളിൽ ഒന്നെന്ന ഖ്യാതി നേടിയിട്ടുണ്ട്. സമീപസ്ഥലമായ മറ്റൊരു സങ്കേതം ഫത്തേപൂർ സിക്രിയാണ്.
-
അസ്തമയം-ഥാർ മരുഭൂമി,രാജസ്ഥാൻ
-
ശിലാനിർമ്മിത രഥങ്ങൾ-മഹാബലിപുരം
-
രാമനാഥ സ്വാമിക്ഷേത്രം-രാമേശ്വരം
-
ഉജ്ജയിനി
പഞ്ചാബിലെ അമൃത്സറിലുള്ള സുവർണക്ഷേത്രം സിക്ക് ആരാധനാകേന്ദ്രമെന്നപോലെതന്നെ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒരിടവുമാണ്. സുഖ്നാ പാർക്ക്, റോസ് ഗാർഡൻ, പിൻജോർ ഉദ്യാനം എന്നിങ്ങനെ വൈവിധ്യമാർന്ന കാഴ്ചപ്പെരുമകളുമായി ഉത്തരേന്ത്യൻ ടൂറിസ്റ്റുസങ്കേതങ്ങളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് ചണ്ഡീഗഢ്.
ഇന്ത്യയിലെ അതിപ്രാചീനനഗരമായ വാരാണസി ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിനോദസഞ്ചാര-തീർഥാടന കേന്ദ്രമാണ്. ഗംഗാസ്നാനത്തിനായും മതപരമായ ആചാരങ്ങൾക്കായും എത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ ബാഹുല്യം കാശിയെ ഇന്ത്യയിലെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിൽ ഒന്നാക്കുന്നു.
അടുത്തകാലം വരെ ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട താവളങ്ങളിലൊന്നായിരുന്നു കാശ്മീർ. പൂക്കൾ, പഴവർഗങ്ങൾ, തടാകങ്ങൾ, കുന്നുകൾ, മഞ്ഞുമലകൾ എന്നിവയെല്ലാം ചേർന്ന് വർണാഘോഷമാക്കിയ ഒരിടമാണ് അവിടം. 'ടൂറിസ്റ്റുകളുടെ പറുദീസ' എന്നാണ് കാശ്മീർ വിശേഷിപ്പിക്കപ്പെട്ടിരുന്നതുതന്നെ. ദാൽ തടാകത്തിലെ ഹൗസ്ബോട്ടുകളാണ് കാശ്മീരിലെ ഏറ്റവും വലിയ ആകർഷണമായിരുന്നത്. 1883-ൽ എം.ടി.കെന്നാർഡ് എന്ന ഇംഗ്ലീഷുകാരനാണ് ഈ ആശയം ആദ്യമായി സാക്ഷാത്ക്കരിച്ചത്. ഷാലിമാർ ഉദ്യാനമാണ് മറ്റൊരു പ്രധാന ആകർഷണം. ഭീകരപ്രവർത്തനങ്ങളുടെ താവളമായി കാശ്മീർ മാറിയതോടെ സഞ്ചാരികൾ കാശ്മീരിനെ ഒഴിവാക്കിത്തുടങ്ങി.
സമാനതകളില്ലാത്ത ഒരു ഇന്ത്യൻ ടൂറിസ്റ്റുസങ്കേതമാണ്, ടിബറ്റൻ ബുദ്ധിസത്തിന്റെ നിറക്കൂട്ടുകളും കുളിരുപെയ്യുന്ന മലനിരകളുമായി നിലനില്ക്കുന്ന ലഡാക്ക്. മരുഭൂമികളുടെ നാടായ രാജസ്ഥാൻ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. കോട്ടകളും കൊട്ടാരങ്ങളും കരകൗശലവിസ്മയങ്ങളുമായി ജയ്പൂരും ജോഡ്പൂരും ജയ്സാൽമറും സഞ്ചാരികളെ കാത്തിരിക്കുന്നു. താർമരുഭൂമിയിലൂടെ ഒട്ടകത്തിന്റെ പുറത്തു കയറി യാത്ര ചെയ്യുക ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ വിനോദങ്ങളിലൊന്നാണ്.
സൗമ്യസുന്ദരമായ ഹിമാചൽ പ്രദേശ് നല്ലൊരവധിക്കാല വിശ്രമകേന്ദ്രമാണ്. സിംലയിലും കുളുവിലും-മണാലിയിലുമുള്ള റിസോർട്ടുകൾ ഹിമാചൽപ്രദേശിലെ ഏറ്റവും പ്രസിദ്ധമായ ആധുനിക ടൂറിസ്റ്റ് സങ്കേതങ്ങളാണ്.
ഉത്തരഭാരത ടൂറിസ്റ്റ് സങ്കേതങ്ങളിൽ മുഖ്യമായ മറ്റുചിലവ ഖജുരാഹൊ, മാൻഡു, ചിറ്റോർഗഢ്, ബിക്കാനീർ, മുസ്സൂറി-നൈനിത്താൾ, ഹരിദ്വാർ, ഋഷീകേശ് എന്നിവയാണ്.
ജുഹു ബീച്ചും, ജഹാംഗീർ ആർട് ഗ്യാലറിയും പൃഥ്വി തിയെറ്ററും ഗേറ്റ്വേ ഒഫ് ഇൻഡ്യ, ഹൈക്കോടി, വിക്ടോറിയ ടെർമിനസ് തുടങ്ങിയ വാസ്തുവിസ്മയങ്ങളുമായി മുംബൈ പശ്ചിമേന്ത്യയിലെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിലനിൽക്കുന്നു. അവിടെ നിന്ന് ഔറംഗാബാദിലേക്കുള്ള വഴിയിലാണ് ഇന്ത്യൻ ചിത്ര-ശില്പകലകളുടെ ഉദാത്തമാതൃകകളുമായി എല്ലോറയും അജന്തയുമുള്ളത്. ഗോവയാണ് പശ്ചിമതീരത്തെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രം.
-
മൈസൂർ കൊട്ടാരം
-
ഹോളി
-
ഖുജുരാഹൊ-മധ്യപ്രദേശ്
-
വാരാണസി
രാഷ്ട്രപിതാവിന്റെ ജന്മനാടായ ഗുജറാത്ത് ക്ഷേത്രങ്ങളും മ്യൂസിയങ്ങളും കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്നു. അഹമ്മദ്പൂർ മാൻഡവി ശാന്തസുന്ദരമായ സമുദ്രതീരങ്ങളിലൊന്നാണ്.
പൂർവ്വഭാരതദേശത്തെ സുപ്രധാന വിനോദസഞ്ചാരനഗരം കൊൽക്കത്തയാണ്. കാളീപൂജയുടെ വർണപ്പകിട്ടും വിക്ടോറിയ മെമ്മോറിയലിന്റെ തലയെടുപ്പും ശാന്തിനികേതനത്തിന്റെ ലാളിത്യമാർന്ന പ്രൗഢിയും ബേലൂർ മഠത്തിന്റെ വിശുദ്ധിയും ഒക്കെ സമന്വയിച്ചിട്ടുള്ള നഗരമാണിത്. പശ്ചിമ ബംഗാളിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്ന് ഡാർജിലിങ് ആണ്.
ആയിരത്തിലധികം ക്ഷേത്രങ്ങളുള്ള ഭുവനേശ്വർ, രഥോത്സവത്തിന്റെ നഗരമായ പുരി, സൂര്യക്ഷേത്രം നിലനിൽക്കുന്ന കൊണാരക് ലിൻകതടാകം എന്നിവിടങ്ങൾ ഒറീസ്സയിലെ വിനോദസഞ്ചാര സങ്കേതങ്ങളിൽ പ്രധാനപ്പെട്ടവയാണ്: കൊളോണിയൽ വാസ്തുവിദ്യയുടെ വിസ്മയങ്ങളും ഖാസി-ജെയ്ൻഷ്യ മലമുകൾത്താവളങ്ങളും സിംസാങ് താഴ്വാരവുമാണ് മേഘാലയിലെ പ്രധാന വിനോദസഞ്ചാര വിഭവങ്ങൾ. നാളന്ദ, സാരനാഥ്, ബുദ്ധഗയ തുടങ്ങിയവയാണ് മറ്റു പൂർവ്വ ഭാരത ടൂറിസ്റ്റ് സങ്കേതങ്ങൾ. അഗർത്തലയിലെ മാൻപാർക്കും അമർസാഗർ തടാകവും, ബറോമുറ പർവതനിരകളും ത്രിപുരയുടെ പ്രധാന ആകർഷണങ്ങളാണ്. ആൻഡമാൻ-നിക്കോബാർ ദ്വീപുകളും, ലക്ഷദ്വീപും ഇന്ത്യൻ ടൂറിസത്തിലെ സുപ്രധാന വിഭവങ്ങളിൽ പലതും കൈമുതലായുള്ളവ ആണ്.
ദക്ഷിണ ഭാരതത്തിൽ, ചെന്നൈ നഗരം മുഖ്യ വിനോദസഞ്ചാരകേന്ദ്രമാണ്. മറീന ബീച്ച്, ലൈറ്റ്ഹൗസ്, നാഷണൽ ആർട് ഗ്യാലറി, സ്നേക്ക് പാർക്ക്, മാൻ പാർക്ക് എന്നിവ നഗരത്തിലെ ടൂറിസ്റ്റ് ആകർഷണങ്ങളാണ്. മഹാബലിപുരം, കാഞ്ചീപുരം, ചിദംബരം, തഞ്ചാവൂർ, മധുരമീനാക്ഷി ക്ഷേത്രം, ഊട്ടി, കൊടൈക്കനാൽ എന്നീയിടങ്ങളാണ് തമിഴ്നാട്ടിലെ മറ്റ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കന്യാകുമാരി ത്രിവേണിസംഗമമെന്നതുപോലെ തന്നെ ഗാന്ധിസ്മാരകം കൊണ്ടും വിവേകാനന്ദപ്പാറ കൊണ്ടും ശ്രദ്ധേയമാണ്. ഭീമാകാരമായ തിരുവള്ളുവർ പ്രതിമ അടുത്ത കാലത്താണ് വിവേകാനന്ദപ്പാറയ്ക്കു സമീപത്ത് സ്ഥാപിച്ചത്.
ഫ്രഞ്ച് വാസ്തുവിദ്യയുടെ അവശേഷിപ്പുകളാണ് പോണ്ടിച്ചേരിയെ ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമാക്കുന്ന ഘടകങ്ങളിൽ ഒന്ന്. അരബിന്ദോ ആശ്രമം, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയും പോണ്ടിച്ചേരിയിലെ ടൂറിസ്റ്റുകേന്ദ്രങ്ങൾ ആണ്.
ദക്ഷിണേന്ത്യയിലെ സുപ്രധാന ടൂറിസ്റ്റ് സങ്കേതങ്ങളാണ് ബാംഗ്ലൂരും മൈസൂറും. മൈസൂർ കൊട്ടാരം, വൃന്ദാവൻ ഉദ്യാനം, ലാൽബാഗ്, ഗ്ലാസ് ഹൗസ്, ചാമുണ്ഡീ ഹിൽസ് എന്നിവയാണ് ഇവിടങ്ങളിലെ സന്ദർശന കേന്ദ്രങ്ങൾ. നംപി, ശ്രവണബൽഗോള, കൊല്ലൂർ, ധർമസ്ഥല ബേലൂർ, ജോഗ്ഫാൾസ്, ശൃംഗേരി തുടങ്ങിയവയും കർണാടകസംസ്ഥാനത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നവയായുണ്ട്.
ആന്ധ്രപ്രദേശിലെ മുഖ്യ ടൂറിസ്റ്റ് നഗരം തലസ്ഥാനമായ ഹൈദരാബാദു തന്നെ. ചാർമീനാർ, ഗോൾക്കൊണ്ട കോട്ട, സലാർജങ് മ്യൂസിയം, ഖുത്തബ്ഷാഹി കുടീരങ്ങൾ, ഹുസൈൻസാഗർ തടാകം തുടങ്ങിയവ അവിടത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. മെക്കാമസ്ജിദ്, നാഗാർജുനസാഗർ, ബിർളാമന്ദിർ, തിരുപ്പതി, വാറങ്കൽ ശ്രീശൈലം ക്ഷേത്രം, ലേപാക്ഷി, സിംഹാചലം തുടങ്ങിയവയാണ് ആന്ധ്രപ്രദേശിലെ മറ്റു ടൂറിസ്റ്റ് ആകർഷണങ്ങൾ.
ദീപാവലി, ഹോളി, മഹാനവമി, വിഷു തുടങ്ങിയ ദേശീയോത്സവങ്ങൾക്കു പുറമേ ഏതാനും വിനോദസഞ്ചാരപ്രാധാന്യമുള്ള ഉത്സവങ്ങളും മേളകളും ഭാരതത്തിലുണ്ട്. ഖജുരാഹൊ നൃത്തോത്സവം, പുഷ്കർമേള എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ. കാർത്തിക പൂർണിമയ്ക്ക് (നവംബർ മാസത്തിലെ ആദ്യപൗർണമി) രാജസ്ഥാനിലെ അജ്മീറിനടുത്തുള്ള പുഷ്കറിൽ നടക്കുന്ന മഹോത്സവമാണ് പുഷ്കർമേള. ഒട്ടകച്ചന്തയാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. പുഷകർ തടാകതീരത്തെ ഈ മേളയിൽ ഒട്ടകച്ചന്തയ്ക്കുപുറമേ കാളച്ചന്തയും കുതിരച്ചന്തയുമുണ്ട്. ബിഹാറിലെ സോനാപൂർ മേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാലിച്ചന്തയാണ്. ഇതും ഇന്ത്യൻ ടൂറിസത്തിൽ ഏറെ പ്രാധാന്യമർഹിച്ചു കഴിഞ്ഞിട്ടുണ്ടിപ്പോൾ. ഗുജറാത്തിലെ ഭവ്നാഥ് മേള, സർഖൈജ്മേള, ടാർനിടാർ മേള എന്നിവയും ഹരിയാനയിലെ സൂരജ്കുൻസ് കരകൗശല മേളയും നാസിക്, ഉജ്ജയിനി, ഹരിദ്വാർ, അലാഹാബാദ് എന്നിവിടങ്ങളിൽ നടക്കാറുള്ള കുംഭമേളകളും വിനോദസഞ്ചാര പ്രാധാന്യമുള്ളവയാണ്. കേരളത്തിലെ ഓണം വാരാഘോഷവും നെഹ്രു ട്രോഫി വള്ളംകളിയുമാണ് മറ്റുദാഹരണങ്ങൾ. ദൽഹി പ്രഗതി മൈതാനത്തിൽ വർഷംതോറും നടക്കാറുള്ള 'ഇന്റർനാഷണൽ ട്രേഡ് ഫെയർ ഒഫ് ഇൻഡ്യ' എന്ന വ്യാപാരമേളയോടൊപ്പം തന്നെ സാംസ്കാരികോത്സവങ്ങളായ ദൽഹിയിലെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള പരേഡും നാടൻ നൃത്തങ്ങളുടെ ഉത്സവവും വിനോദസഞ്ചാര പ്രാധാന്യം ഉള്ളവയാണ്.
ഇന്ത്യയിലെ സാഹസിക ടൂറിസം സങ്കേതങ്ങൾ, ഗഢ് വാൾ, കുമാവോൺ, ഡാർജിലിങ്, റാഞ്ചി, പച്ച്മാർഗ്, മഹാബലേശ്വർ, ഷില്ലോങ്, ഗഢ്വാൾ, സിംല, ഊട്ടി എന്നിവിടങ്ങളാണ്. മലകയറ്റം, സ്കീയിങ് തുടങ്ങിയ കായികവിനോദങ്ങൾക്കുള്ള സൗകര്യം ഇവിടങ്ങളിൽ ഉണ്ട്.
ദേശീയോദ്യാനങ്ങളും വന്യമൃഗസങ്കേതങ്ങളുമാണ് ഇന്ത്യയിലെ ഈക്കോ-ടൂറിസം ആസ്ഥാനങ്ങളായി നിലവിലുള്ളത്.
കേരളം
തിരുത്തുകകോവളം ബീച്ചും തേക്കടി തടാകവും മാത്രമാണ് കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ദീർഘകാലം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥിതി മാറി. സമുദ്രതീരങ്ങൾ, മലയോരങ്ങൾ, കായൽപ്പരപ്പുകൾ, വെള്ളച്ചാട്ടങ്ങൾ, അണക്കെട്ടുകൾ, മ്യൂസിയങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, ദേശീയോദ്യാനങ്ങൾ, മേളകൾ, കലോത്സവങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ടൂറിസം ഉത്പന്നങ്ങൾ ഇന്ന് കേരളത്തിലുണ്ട്.
സമുദ്രതീരസങ്കേതങ്ങൾ
തിരുത്തുകകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രതീരവിനോദസഞ്ചാരകേന്ദ്രം കോവളംതന്നെയാണ്. ശാന്തസുന്ദരമായ ഈ തീരഭൂമി 1930 മുതലാണ് വിശ്രമസങ്കേതങ്ങളിലൊന്നായി മാറിത്തുടങ്ങിയത്. ഇപ്പോൾ ലൈറ്റ്ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, ഐ.ടി.ഡി.സി. ബീച്ച് ('കോവളം ഹോട്ടൽസ്' ആണ് ഇപ്പോൾ ഐ.ടി.ഡി.സി.) എന്നിങ്ങനെ മൂന്നു ബീച്ചുകൾ അവിടെയുണ്ട്. ആധുനികവിനോദസഞ്ചാരസങ്കല്പങ്ങളെ സാക്ഷാത്ക്കരിക്കാൻ പോന്ന ആഭ്യന്തര സൗകര്യങ്ങൾ ഇന്ന് കോവളത്തുണ്ട്. അവയിൽ ആകർഷകമായ ഹെറിറ്റേജ് ഹോട്ടലുകൾ, ബീച്ച് റിസോർട്ടുകൾ, ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ, കരകൗശലവിപണികൾ, വിദേശീയവും തദ്ദേശീയവുമായ ഭക്ഷണശാലകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. കോവളം കഴിഞ്ഞാൽ കേരളത്തിലെ സുപ്രധാന സമുദ്രതീരസങ്കേതം എന്നു വിശേഷിപ്പിക്കാവുന്നത് വർക്കലയെ ആണ്. ടൂറിസത്തിന്റെ പ്രാരംഭകാലത്ത് നിലവിലിരുന്ന 'സ്പാ'കൾക്കു തുല്യമായ ഒരിടമാണ് വർക്കല ബീച്ചും പരിസരവും. 'പാപനാശം' എന്ന നീർച്ചാൽ രോഗസംഹാരിണികൂടെയാണെന്നാണു വിശ്വാസം. തീരത്തെ കീഴ്ക്കാംതൂക്കായ മണ്ണടരുകൾ ആണ് വർക്കലയിലെ മറ്റൊരു പ്രത്യേകത. ബീച്ചിനോട് ചേർന്ന് ഏതാണ്ട് രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ജനാർദനസ്വാമിക്ഷേത്രമുണ്ട്. പാപനാശം ഒരു ആധുനികവിനോദസഞ്ചാരസങ്കേതമാണെങ്കിലും പണ്ടുപണ്ടേ അതൊരു തീർഥാടനകേന്ദ്രവുമായിരുന്നു.
ആസൂത്രിതമായ പ്രോത്സാഹന പ്രവർത്തനങ്ങളിലൂടെ അതിവേഗം സഞ്ചാരികൾക്കു പ്രിയപ്പെട്ടതായിക്കഴിഞ്ഞ ഒരു കടൽത്തീരമാണ് ചെറായി. കൊച്ചിയിലെ വൈപ്പിൻദ്വീപിനരികിലാണ് ചെറായി കടൽത്തീരം. സൗമ്യസുന്ദരമായ ഈ തീരത്ത് ഇടയ്ക്കിടെ ഡോൾഫിനുകൾ പ്രത്യക്ഷപ്പെട്ട് കൗതുകക്കാഴ്ചകൾ ഒരുക്കാറുണ്ട്.
കേരളത്തിലെ ആഭ്യന്തര ടൂറിസം രംഗത്ത് ഏറെ പ്രാധാന്യമുള്ളവയാണ് ശംഖുംമുഖം (തിരുവനന്തപുരം), തിരുമുല്ലവാരം (കൊല്ലം), തങ്കശ്ശേരി (കൊല്ലം), താനൂർ (മലപ്പുറം), ബേപ്പൂർ (മലപ്പുറം), തിക്കോടി (കോഴിക്കോട്), ധർമടം (കണ്ണൂർ), ഏഴിമല (കണ്ണൂർ), പള്ളിക്കര (കാസർഗോഡ്), കാപ്പിൽ (കാസർഗോഡ്), കണ്വതീർഥ (കാസർഗോഡ്) എന്നീ സമുദ്രതീരങ്ങൾ. ശംഖുംമുഖം കടപ്പുറത്ത് കാനായി കുഞ്ഞിരാമൻ ഒരുക്കിയിട്ടുള്ള ജലകന്യക എന്ന ശില്പം സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ ഒരു ദൃശ്യാനുഭവമാണ് പകരുന്നത്. നക്ഷത്രമത്സ്യത്തിന്റെ ആകൃതിയിലുള്ള ഒരു ഭോജനശാലയും ഇവിടത്തെ കൌതുകങ്ങളിൽപ്പെടുന്നു. തിരുമുല്ലവാരം ബീച്ചിനടുത്തായി ഒരു പരശുരാമക്ഷേത്രവുമുണ്ട്. ബലികർമാദികൾക്കായി നിരവധി ഹൈന്ദവമതവിശ്വാസികൾ എത്തിച്ചേരുന്ന പുണ്യതീർഥമാണത്. തങ്കശ്ശേരി പോർത്തുഗീസ് വാസ്തുവിദ്യയുടെ അവശേഷിപ്പുകൾ കൊണ്ടും ലൈറ്റ് ഹൗസുകൊണ്ടും വ്യത്യസ്തമായ അനുഭവം പകരാൻ പോന്നതാണ്. താനൂർ ബീച്ച് ഒരു പരമ്പരാഗത മത്സ്യബന്ധനകേന്ദ്രംകൂടിയാണ്. അടുത്തുതന്നെ അതിപുരാതനമായ കേരളദേശപുരം ക്ഷേത്രവുമുണ്ട്. ബേപ്പൂർ തീരം ലോകപ്രശസ്തമായ ഉരുനിർമാണകേന്ദ്രം കൂടെയാണ്. തിക്കോടിയിൽ ലൈറ്റ്ഹൗസിനുപുറമേ വെള്ളിയാംകുന്നിന്റെ ദൂരസാന്നിധ്യവും ആകർഷണമായുണ്ട്. കാപ്പിൽ ബീച്ച് കണ്ണൂർ കോട്ടയുടെ പ്രൗഢഗംഭീരമായ സാന്നിധ്യം കൊണ്ടാണ് വേറിട്ടുനിൽക്കുന്നത്. ഏഴിമല ബീച്ചിനടുത്തായാണ് നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കുപുറമേ സമുദ്രത്തിനുള്ളിലേക്ക് 4 കി.മീ. ദൂരം വാഹനയാത്ര ചെയ്യാവുന്ന കേരളത്തിലെ ഏക 'ഡ്രൈവ് ഇൻ ബീച്ച്' ആയ മുഴപ്പിലങ്ങാട്, പയ്യാമ്പലം എന്നിങ്ങനെ രണ്ടു സമുദ്രതീരസങ്കേതങ്ങൾ കണ്ണൂരിലുണ്ട്. പടിഞ്ഞാറേക്കര ബീച്ച്, കടലുണ്ടി പക്ഷിസങ്കേതത്തിനടുത്തുള്ള വള്ളിക്കുന്ന് ബീച്ച് എന്നിവ കേരളത്തിലെ വിനോദസഞ്ചാരപ്രാധാന്യമുള്ള സമുദ്രതീരങ്ങളാണ്. കാസർഗോഡ് ജില്ലയിലെ സന്ദർശനകേന്ദ്രങ്ങളിൽ കണ്വതീർഥ, കാപ്പിൽ എന്നീ തീരങ്ങളും ഉൾപ്പെടുന്നു.
വാസ്കോഡിഗാമയുടെ സന്ദർശനംകൊണ്ട് ചരിത്രപ്രസിദ്ധമായ കാപ്പാട് ബീച്ച്, ചീനവലകളുടെ ചാരുദൃശ്യങ്ങൾ ഓരക്കാഴ്ചകളായുള്ള ഫോർട്ട്കൊച്ചി ബീച്ച്, പൗരാണിക വാണിജ്യകേന്ദ്രത്തിന്റെയും തുറമുഖത്തിന്റെയും അവശേഷിപ്പുകൾകൊണ്ട് വ്യത്യസ്തമായ ആലപ്പുഴ ബീച്ച് എന്നിവയും കേരളത്തിലെ മുഖ്യ തീരസങ്കേതങ്ങളാണ്.
മലയോരസങ്കേതങ്ങൾ
തിരുത്തുകകേരളത്തിന്റെ കുളിരുപെയ്യുന്ന മലയോരങ്ങൾ സഞ്ചാരികൾക്ക് അവാച്യമായ അനുഭൂതി പകരാൻപോരുന്നവയാണ്. അവയിൽ മൂന്നാറാണ് ഏറ്റവും പ്രധാനം. സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടെ മൂന്ന് ആറുകൾ-ചെറുനദികൾ-കൈകോർക്കുന്നു-മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നിവ. ബ്രിട്ടീഷ് കാലഘട്ടത്തിലാണ് വേനൽക്കാല വിശ്രമസങ്കേതം എന്ന നിലയിൽ ഇവിടെ ഉപയോഗപ്പെട്ടുതുടങ്ങിയത്. ഹരിതാഭമായ തേയിലത്തോട്ടങ്ങൾ, നീലക്കുറിഞ്ഞി പൂക്കുന്ന പുൽമേടുകൾ, ചോലവനങ്ങൾ എന്നിവ ഇവിടത്തെ ആകർഷണങ്ങളാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയും ഇവിടെയാണ്. മൂന്നാർ സന്ദർശിക്കുന്നവർക്ക് മലകയറ്റത്തിനും വിനോദമത്സ്യബന്ധനത്തിനുമുള്ള സൌകര്യങ്ങൾ പോത്തമേട്ടിലും ദേവികുളത്തുമുണ്ട്. ആട്ടുകാൽ, നയമക്കാട്, ചിത്രപുരം എന്നിവിടങ്ങളിൽ വെള്ളച്ചാട്ടങ്ങൾ ഒരുക്കുന്ന ഹൃദ്യമായ കാഴ്ചകളുണ്ട്. മാട്ടുപ്പെട്ടി തടാകത്തിൽ ബോട്ടിംഗ് സൗകര്യമുണ്ട്. രാജമലയിൽ വരയാടുകളെ കൈയെത്തുംദൂരത്ത് കാണാനാകും എന്നതാണ് മറ്റൊരാകർഷണം. ചരിത്രസ്മരണകളുടെ കുടക്കല്ലുകളും ചന്ദനഗന്ധവുമായി മറയൂർ മൂന്നാർസന്ദർശകരെ വരവേൽക്കുന്നു. ഹൈറേഞ്ച് ക്ലബ്ബ് കൊളോണിയൽ കാലഘട്ടത്തിന്റെ സ്മരണകളാണ് സഞ്ചാരികളിൽ ഉണർത്തിവിടുക. സൈക്കിൾസവാരി, ഹെലികോപ്ടർ സഞ്ചാരം, ആംഗ്ലിങ്, പാരാഗ്ലൈഡിങ് എന്നിവയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്.
-
ശ്രീനാരായണ ഗുരു സമാധിമന്ദിരം,ശിവഗിരി മഠം-വർക്കല
-
നേപ്പിയർ മ്യൂസിയം-തിരുവനന്തപുരം
-
സെന്റ് ഫ്രാൻസിസ് ചർച്ച്-ഫോർട്ടുകൊച്ചി
-
ചേരമാൻ പെരുമാൾ ജുമാമസ്ജിദ്-കൊടുങ്ങല്ലൂർ
-
ബേക്കൽകോട്ട
-
തോൽപ്പാവക്കൂത്ത്
-
തെയ്യം
-
നീലക്കുറിഞ്ഞി-മൂന്നാർ
-
അതിരപ്പിള്ളി വെള്ളച്ചാട്ടം-ചാലക്കുടി
-
കോവളം-തിരുനന്തപുരം
-
ചീനവല
-
മരമടി ഉത്സവം
ലോകത്തിലെതന്നെ ഏറ്റവും ആകർഷകമായ മലയോര ടൂറിസ്റ്റ് സങ്കേതമാണ് തേക്കടിയിലെ പെരിയാർ വന്യമൃഗസങ്കേതം. 1978 മുതൽ ഇത് കടുവാസംരക്ഷണകേന്ദ്രംകൂടിയാണ്. തേക്കടിയിലെ ഏറ്റവും ചാരുതയാർന്ന ദൃശ്യം തടാകത്തിൽനിന്ന് വെള്ളം കുടിക്കാനായി മലയിറങ്ങിവരുന്ന ആനക്കൂട്ടങ്ങളാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമികൂടിയാണ് തേക്കടി. അടുത്തുള്ള പാണ്ടിക്കുഴി സാഹസിക മലകയറ്റക്കാർക്ക് പ്രിയപ്പെട്ട താവളമാകുന്നു. മംഗളാദേവിക്ഷേത്രമാണ് സമീപത്തെ മറ്റൊരാകർഷണം. ആദിവാസി സംസ്കൃതിയിലേക്കും പ്രകൃതിവിസ്മയങ്ങളിലേക്കുമുള്ള ഒരു ജാലകമാണ് തേക്കടിക്കടുത്തുള്ള പീരുമേട്.
കേരളത്തിലെ മലയോര ടൂറിസ്റ്റ് സങ്കേതങ്ങളിൽ പ്രധാനപ്പെട്ടത് വയനാട് ആണ്. വയലേലകളും ഹരിതകാനനങ്ങളും തേയിലത്തോട്ടങ്ങളും ഇഴചേർന്നു നില്ക്കുന്ന സവിശേഷമായ കാന്തിയാണ് വയനാട്ടിൽ സഞ്ചാരികൾ കാണുക. ഇവിടെ വെള്ളച്ചാട്ടങ്ങളും ആദിവാസികളുടെ തുടിമുഴക്കങ്ങളും ഇഴുകിച്ചേർന്നുയരുന്നു. പക്ഷികളും അപൂർവസസ്യജാലങ്ങളും നിറഞ്ഞ കുറവദ്വീപ്, വിനോദയാനപാത്രങ്ങൾ ഒഴുകിനടക്കുന്ന പൂക്കോട് തടാകം, തുഷാരഗിരി വെള്ളച്ചാട്ടം, ഗുഹാചിത്രങ്ങളുടെ പൗരാണികശോഭയാർന്ന എടയ്ക്കൽ ഗുഹ, കാട്ടാനകൾ നാട്ടാനകളായി പരിണമിക്കുന്ന മുത്തങ്ങ ആനവളർത്തൽ കേന്ദ്രം എന്നിവയൊക്കെയാണ് വയനാട്ടിലെ മറ്റു മുഖ്യ കാഴ്ച വിരുന്നുകൾ.
കോട്ടയത്തിനടുത്തുള്ള വാഗമാൺ, പാലക്കാടിനടുത്തുള്ള നെല്ലിയാമ്പതി, തിരുവനന്തപുരത്തിനടുത്തുള്ള പൊന്മുടി എന്നിവയാണ് ഇതര മലയോരടൂറിസ്റ്റു കേന്ദ്രങ്ങളിൽ പ്രമുഖമായവ. പൊന്മുടിയിലെ മനോഹരമായ കോട്ടേജുകൾ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഉത്തര കേരളത്തിലെ വൈതൽ മലയും കാസർഗോട്ടെ ചെമ്പ്ര കൊടുമുടിയുമെല്ലാം സഞ്ചാരികൾക്ക് പ്രിയങ്കരങ്ങളാണ്.
മ്യൂസിയങ്ങൾ, കൊട്ടാരങ്ങൾ
തിരുത്തുകപുത്തൻമാളിക (കുതിരമാളിക), പാലസ് മ്യൂസിയം, നേപ്പിയർ മ്യൂസിയം,ശാസ്ത്രസാങ്കേതിക മ്യൂസിയം, ചാച്ചാനെഹ്രു ചിൽഡ്രൻസ് മ്യൂസിയം, ബയോടെക്നോളജി മ്യൂസിയം, കോയിക്കൽ കൊട്ടാരത്തിലെ ഫോക്ലോർ മ്യൂസിയം എന്നിവയാണ് തിരുവനന്തപുരത്തെ മ്യൂസിയങ്ങൾ. പൂഞ്ഞാർ കൊട്ടാരം കോട്ടയം ജില്ലയിലെ ചരിത്രമ്യൂസിയമാണ്. ഇടപ്പള്ളിയിലെ കേരളചരിത്രമ്യൂസിയം, തൃശൂർ ആർട്ട് മ്യൂസിയം, കിർറ്റാഡ്സ് മ്യൂസിയം, പഴശ്ശിരാജ മ്യൂസിയം, തൃശൂർ ആർക്കിയോളജിക്കൽ മ്യൂസിയം, ആർട്ട് മ്യൂസിയം എന്നിവയാണ് കേരളത്തിലെ മറ്റു മ്യൂസിയങ്ങൾ.
ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം കൊട്ടാരം, കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച്, സാന്താക്രൂസ് ബസലിക്ക, മട്ടാഞ്ചേരി ഡച്ച് കൊട്ടാരം, ജൂതപ്പള്ളി, ബോൾഗാട്ടി പാലസ്, തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം, ചീനവലകൾ, കണ്ണൂർ തൊടീക്കുളം ക്ഷേത്രം, കാസർഗോഡ് അനന്തപുര തടാകക്ഷേത്രം, വയനാട് അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നീ സംരക്ഷിത സ്മാരകങ്ങൾക്കും ടൂറിസം രംഗത്ത് വലിയ പ്രാധാന്യമുണ്ട്.
ശ്രീചിത്രാ ആർട്ട് ഗ്യാലറി (തിരുവനന്തപുരം), പഴശ്ശിരാജാ ആർട്ട് ഗ്യാലറി (കോഴിക്കോട്) എന്നീ ആർട്ട് ഗ്യാലറികളും കേരളത്തിന്റെ ടൂറിസ്റ്റ് വിഭവങ്ങളാണ്.
വയനാട്ടിലെ എടയ്ക്കൽ ഗുഹ പൗരാണിക കേരള സംസ്കൃതിയുടെ ഈടുവയ്പുകൾ കൊണ്ട് ഒരു ചരിത്ര മ്യൂസിയം തന്നെയായിരിക്കുന്നു.
കണ്ണൂരിലെ അറയ്ക്കൽ കെട്ട്, ഗുണ്ടർട് ബംഗ്ലാവ്, കൊച്ചിയിലെ ശക്തൻ തമ്പുരാൻ കൊട്ടാരം, കോട്ടയത്തെ പൂഞ്ഞാർ കൊട്ടാരം എന്നിവ സന്ദർശനകേന്ദ്രങ്ങളാണ്. ഇപ്പോൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരള ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പത്മനാഭപുരം കൊട്ടാരം. കേരളീയവാസ്തു വിദ്യയുടെയും ചിത്രകലയുടെയും മികച്ച മാതൃകകളിലൊന്നാണിത്.
തീർഥാടനകേന്ദ്രങ്ങൾ
തിരുത്തുകമതസൗഹാർദത്തിന്റെ വിളനിലമായ കേരളത്തിൽ ഒട്ടനവധി തീർഥാടനകേന്ദ്രങ്ങളുണ്ട്. ആഭ്യന്തര വിനോദസഞ്ചാരത്തിൽ മുഖ്യ പങ്കുവഹിക്കുന്നത് ആ തീർഥാടനകേന്ദ്രങ്ങളാണ്. അവയിൽ ഗുരുവായൂരും ശബരിമലയുമാണ് മികച്ച വരുമാനം സംസ്ഥാനത്തിന് നേടിക്കൊടുക്കുന്ന തീർഥാടനകേന്ദ്രങ്ങൾ. ജാതിമതഭേദമെന്യേ ഏതൊരാൾക്കും സന്ദർശിക്കാവുന്ന ഒരിടമാണ് ശബരിമല അയ്യപ്പക്ഷേത്രം. 12-നും 50-നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്കുമാത്രമേ ഇവിടെ പ്രവേശനം നിഷേധിച്ചിട്ടുള്ളു. അന്യ ഭാരതീയ സംസ്ഥാനങ്ങളിൽനിന്ന് ഏറ്റവുമധികം തീർഥാടകരെത്തുന്ന സ്ഥലമാണിവിടം. പവിത്രമായ മലകയറ്റമാണ് ഈ തീർഥാടനകേന്ദ്രത്തിന്റെ ഒരു പ്രത്യേകത. ഗംഗാസ്നാനംപോലെ പവിത്രമായ ഒന്നാണ് ഇവിടെയുള്ള പമ്പാനദിയിലെ സ്നാനം എന്ന് വിശ്വസിച്ചുപോരുന്നു. ഗുരുവായൂർ ദക്ഷിണകാശി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ക്ഷേത്രത്തിൽ എഴുന്നള്ളിക്കുന്നതിനുള്ള ആനകളെ സംരക്ഷിക്കുന്ന പുന്നയൂർക്കോട്ട തീർഥാടനകേന്ദ്രമെന്നപോലെതന്നെ വിനോദസഞ്ചാരകേന്ദ്രവുമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവവിശ്വാസി സംഗമവേദിയായ മാരാമൺ കൺവെൻഷൻ (കോഴഞ്ചേരി) ക്രൈസ്തവതീർഥാടനകേന്ദ്രങ്ങളിൽ മുഖ്യസ്ഥാനമലങ്കരിക്കുന്നു. മലയാറ്റൂർ, എടത്വ, ഭരണങ്ങാനം, വലിയപള്ളി, വഴിക്കടവ് കുരിശുപള്ളി, കുരിശുമല എന്നിവയാണ് പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടനകേന്ദ്രങ്ങൾ. മറ്റുള്ളവയിൽ ചിലത് ഇവയാണ്: സെന്റ് ഡൊമനിക് ചർച്ച് (ആലുവ), പരുമല പള്ളി, നിലയ്ക്കൽ പള്ളി, സെന്റ് മേരീസ് ചർച്ച് (വല്ലാർപ്പാടം), സെന്റ് ജോർജ്ജ് ചർച്ച് (ഇടപ്പള്ളി), സെന്റ് ഫ്രാൻസിസ് ചർച്ച് (ഫോർട്ട് കൊച്ചി - ഇന്ത്യയിലെ പ്രഥമ യൂറോപ്യൻ ചർച്ച് ആണിത്), സെന്റ് മേരീസ് ചർച്ച് (മണ്ണാർക്കാട്), മന്നാനം പള്ളി, സെന്റ് തോമസ് ചർച്ച് (ചേർത്തല), സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് (അർത്തുങ്കൽ), സെന്റ്മേരീസ് ചർച്ച് (നിരണം) ക്രൈസ്റ്റ് ദ് കിങ് ചർച്ച് (വെട്ടുകാട്).
മുസ്ലീം തീർഥാടനകേന്ദ്രങ്ങളിൽ ബീമാപള്ളി (തിരുവനന്തപുരം), വാവരുപള്ളി (എരുമേലി), ജുമാമസ്ജിദ് (താഴത്തങ്ങാടി), തങ്ങൾപ്പാറ (കോട്ടയം), കടുവാപ്പള്ളി (കൊല്ലം), പാലക്കാട് ജുമാമസ്ജിദ്, പഴയങ്ങാടി മോസ്ക് (കൊണ്ടോട്ടി), ജമാഅത്ത് മോസ്ക് (മലപ്പുറം), മാടായി പള്ളി (കണ്ണൂർ), മാലിക്ദീനാർ മോസ്ക് (കാസർഗോഡ്) ചേരമാൻ ജുമാ മസ്ജിദ് (കൊടുങ്ങല്ലൂർ) എന്നിവയാണ് പ്രധാനപ്പെട്ടവ.
ഇതരമതവിഭാഗങ്ങളുടെ തീർഥാടനകേന്ദ്രങ്ങളിൽ മുഖ്യമായവ ഇവയാണ്. ജൈനക്ഷേത്രം (ജൈനമേട്), ജുതസിനഗോഗ് (മട്ടാഞ്ചേരി).
ഹൈന്ദവ തീർഥാടനകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടവ ശ്രീപത്മനാഭസ്വാമിക്ഷേത്രം (തിരുവനന്തപുരം), ആറ്റുകാൽ ഭഗവതിക്ഷേത്രം (തിരുവനന്തപുരം), ശ്രീപരശുരാമക്ഷേത്രം (തിരുവല്ലം), ജനാർദനസ്വാമിക്ഷേത്രം (വർക്കല), ശ്രീകൃഷ്ണസ്വാമിക്ഷേത്രം (നെയ്യാറ്റിൻകര), അരുവിപ്പുറം ശിവക്ഷേത്രം, കൊറ്റംകുളങ്ങരക്ഷേത്രം (ചവറ), പരബ്രഹ്മക്ഷേത്രം (ഓച്ചിറ), പാർഥസാരഥിക്ഷേത്രം (ആറന്മുള), മണ്ണാറശ്ശാല ക്ഷേത്രം (ഹരിപ്പാട്), ചെട്ടിക്കുളങ്ങര ക്ഷേത്രം (മാവേലിക്കര), ശ്രീകൃഷ്ണസ്വാമിക്ഷേത്രം (അമ്പലപ്പുഴ) ശിവക്ഷേത്രം (ഏറ്റുമാനൂർ), എരുമേലി ധർമശാസ്താക്ഷേത്രം, വൈക്കം ശിവക്ഷേത്രം, സരസ്വതി ക്ഷേത്രം (പനച്ചിക്കാട്) മംഗളാ ദേവിക്ഷേത്രം (തേക്കടി), ആലുവ ശിവക്ഷേത്രം, തൃക്കാക്കര ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, കൂടൽമാണിക്യക്ഷേത്രം (ഇരിങ്ങാലക്കുട), വടക്കുംനാഥക്ഷേത്രം (തൃശൂർ), ഉത്രാളിക്കാവ് (വടക്കാഞ്ചേരി), മമ്മിയൂർ ശിവക്ഷേത്രം, കടവല്ലൂർ ശിവക്ഷേത്രം, വില്വാദ്രിനാഥക്ഷേത്രം (തിരുവില്വാമല), ശ്രീവിശ്വനാഥക്ഷേത്രം (കല്പാത്തി), കാടാമ്പുഴ ഭഗവതിക്ഷേത്രം, തിരുമന്ധാംകുന്ന് ഭഗവതിക്ഷേത്രം (അങ്ങാടിപ്പുറം), നാവാമുകുന്ദക്ഷേത്രം (തിരുനാവായ), ലോകനാർകാവ് (വടകര), തിരുനെല്ലി മഹാഗണപതിക്ഷേത്രം (സുൽത്താൻബത്തേരി), തൃച്ചംബരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻക്ഷേത്രം (കണ്ണൂർ), കൊട്ടിയൂർ ക്ഷേത്രം (കണ്ണൂർ) എന്നിവയാണ്. മാടായിപ്പാറ വള്ളിയൂർക്കാവ്, ലോകനാർകാവ്, തിരുനാവായ തുടങ്ങിയവും പ്രധാന ഹൈന്ദവ തീർഥാടനകേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു.
വിവിധ ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും കേരളത്തിലെ സുപ്രധാന തീർഥാടനകേന്ദ്രങ്ങളിൽ ഉൾപ്പെടുന്നുണ്ട്. അവയിൽ മുഖ്യമായവ ഇവയാണ്: ശിവഗിരിമഠം (വർക്കല), മാതാ അമൃതാനന്ദമയി മഠം (കരുനാഗപ്പള്ളി), ശിവാനന്ദയോഗ വേദാന്ത ധന്വന്തരി ആശ്രമം (നെയ്യാർ ഡാം), പന്മന ആശ്രമം (കരുനാഗപ്പള്ളി), രാമകൃഷ്ണ അദ്വൈതാശ്രമം (കാലടി), പോട്ട ധ്യാനകേന്ദ്രം (മുരിങ്ങൂർ), നിത്യാനന്ദാശ്രമം (കാഞ്ഞങ്ങാട്), അദ്വൈതാശ്രമം (ആലുവ), ആനന്ദാശ്രമം (ബേക്കൽ), ശുഭാനന്ദാശ്രമം (ചെറുകോൽ, മാവേലിക്കര) ശ്രീവിജയാനന്ദാശ്രമം (നാൽക്കാലിക്കൽ, ആറന്മുള).
തീർഥാടനകേന്ദ്രങ്ങൾ കൂടിയായ സ്മാരകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തിരൂരിലെ തുഞ്ചൻ സ്മാരകമാണ്. പൂന്താനം ഇല്ലം, മേൽപ്പത്തൂർ ഇല്ലം എന്നിവയാണ് മറ്റു രണ്ടു സ്മാരകങ്ങൾ. കേരളീയാചാര്യന്മാരുടെ ജന്മദേശങ്ങൾ പലതും പ്രധാനപ്പെട്ട തീർഥാടനകേന്ദ്രങ്ങളാണ്. ശ്രീശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയും ശ്രീനാരായണഗുരുവിന്റെ ജന്മദേശമായ ചെമ്പഴന്തിയും ഇതിനുദാഹരണങ്ങളാണ്.
വന്യമൃഗസങ്കേതങ്ങൾ
തിരുത്തുകദേശീയോദ്യാനങ്ങളും വന്യമൃഗസങ്കേതങ്ങളുമെല്ലാം ഏതൊരു ദേശത്തെയും പ്രധാനപ്പെട്ട ടൂറിസ്റ്റ് വിഭവങ്ങൾകൂടെയാണ്. അക്കാര്യത്തിലും കേരളം സമ്പന്നമാണ്. രണ്ട് ദേശീയോദ്യാനങ്ങളും 12 വന്യമൃഗസങ്കേതങ്ങളും കേരളത്തിലുണ്ട്. കേരളത്തിലെ വന്യമൃഗസങ്കേതങ്ങൾ ഇവയാണ്: നെയ്യാർ, പേപ്പാറ, ചെന്തുരുണി, പെരിയാർ, ഇടുക്കി, തട്ടേക്കാട്, ചിന്നാർ, പറമ്പിക്കുളം, ചിമ്മിനി, പീച്ചി-വാഴാനി, വയനാട്, ആറളം. നെയ്യാർ വന്യമൃഗസങ്കേതവുമായി ബന്ധപ്പെട്ട ടൂറിസ്റ്റ് ആകർഷണങ്ങളിൽ സഫാരി പാർക്ക്, മുതലവളർത്തൽ കേന്ദ്രം എന്നിവയും ഉൾപ്പെടുന്നുണ്ട്. ഇതിലുൾപ്പെട്ട അഗസ്ത്യാർകൂടം ഔഷധസസ്യങ്ങളുടെ കലവറ എന്നപോലെതന്നെ അനുപമമായ ഒരു പക്ഷിസങ്കേതം കൂടിയാണ്. സിന്ധൂനദീതടസംസ്കാരത്തെക്കാളും പിന്നിലുള്ള നദീതടസംസ്കാരത്തിന്റെ ഉറവിടംകൂടിയാണ് ചെന്തുരുണി വന്യമൃഗസങ്കേതം. വന്യമൃഗങ്ങളെ സഞ്ചാരികൾക്ക് ധാരാളമായി കാണാനാവുന്ന ഒരിടമാണ് ചിന്നാർ. തട്ടേക്കാട് വന്യമൃഗസങ്കേതമെന്നതിലേറെ ഒരു പക്ഷി സങ്കേതമാണ്. ഇന്ത്യയിലെ തന്നെ അവശേഷിക്കുന്ന നിത്യഹരിത മഴക്കാടുകളുടെ ചാരുതയാണ് സൈലന്റ്വാലിയെ ശ്രദ്ധേയമാക്കുന്നത്. മലപ്പുറം ജില്ലയിലെ കടലുണ്ടിയും വയനാട് ജില്ലയിലെ പക്ഷിപാതാളവും കേരളത്തിലെ ആകർഷകങ്ങളായ പക്ഷിസങ്കേതങ്ങളാണ്.
കായലുകൾ
തിരുത്തുകജലോത്സവങ്ങളും ജലഗതാഗതസൌകര്യങ്ങളുംകൊണ്ട് സന്ദർശനകുതുകികളെ വളരെ മുമ്പുതന്നെ കേരളത്തിലെ കായലുകൾ ആകർഷിച്ചിരുന്നു. എന്നാൽ അവ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാരവിഭവമായി മാറിയത് അടുത്തകാലത്താണ്. ഹൗസ്ബോട്ടുകളുടെ വരവാണ് അതിനു കാരണമായത്. അതിനു തുടക്കം കുറിച്ചത് സ്വകാര്യമേഖലയാണ്. 1993-ൽ ബാബുവർഗീസ് ആണ് പഴയ ചരക്കുഗതാഗതത്തിനുപയോഗിച്ചിരുന്ന കൂറ്റൻ കെട്ടുവള്ളങ്ങളെ ആധുനിക ടൂറിസം വിഭവങ്ങളിലൊന്നാക്കി മാറ്റാമെന്നു കണ്ടെത്തിയത്. അന്ന് ഒരു മുറിയും അടുക്കളയും ശൗചാലയവുമുള്ള ഒരു ഹൗസ്ബോട്ട് അദ്ദേഹം പണിതീർത്തിറക്കി. അതിവേഗം അത് സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി. ഇപ്പോൾ കായലിൽത്തന്നെ നൂറിലേറെ ഹൗസ്ബോട്ടുകൾ സഞ്ചാരികളുമായി നീങ്ങുന്നുണ്ട്. അവയിൽ രണ്ടു മുറി അടുക്കള, ശൗചാലയം, പൂമുഖം എന്നിവയാണുള്ളത്. പരമ്പരാഗത ഭക്ഷണങ്ങളും മത്സ്യവിഭവങ്ങളും അവയിൽ ചൂടോടെ പാചകം ചെയ്ത് നൽകപ്പെടുന്നു. കോൺഫറൻസ് സൗകര്യമുള്ള ഹൗസ് ബോട്ടുകളും ഇന്നു നിലവിലുണ്ട്. സംഗീതാസ്വാദനത്തിനും കലാരൂപപ്രകടനങ്ങളും പലതിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ഏതാണ്ട് 80 അടി നീളമുണ്ടാവും കെട്ടുവള്ളങ്ങൾക്ക്. ഓരോന്നിനും രണ്ട് തുറക്കാരും ഒരു വഴികാട്ടിയും പാചകക്കാരനും ഉണ്ടായിരിക്കും.
ഉത്സവങ്ങൾ, മേളകൾ
തിരുത്തുകലോകത്തിലെ ഏറ്റവും വലിയ സംഘകായിക വിനോദമാണ് കേരളത്തിലെ ചുണ്ടൻ വള്ളങ്ങൾ അണിനിരക്കുന്ന വള്ളംകളി. ആഭ്യന്തര വിനോദസഞ്ചാരികളെ എന്നപോലെ വിദേശവിനോദസഞ്ചാരികളെയും വൻതോതിൽ ആകർഷിക്കുന്ന ഒന്നാണ് ജലോത്സവങ്ങൾ. അവയിൽ പ്രധാനപ്പെട്ടവ ചമ്പക്കുളം മൂലം വള്ളംകളി, ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളംകളി, ആറന്മുള ഉത്രിട്ടാതി വള്ളംകളി, പായിപ്പാട് ജലോത്സവം എന്നിവയാണ്. ഇവയ്ക്കുപുറമേ ആലപ്പുഴ ടൂറിസം ഡവലപ്മെന്റ് കൗൺസിൽ നടത്തുന്ന ജലോത്സവവും ടൂറിസ്റ്റുകളെ നന്നായി ആകർഷിക്കുന്നുണ്ട്. ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിയിൽ പ്രതിവർഷം നടക്കാറുള്ള കൊച്ചിൻ കാർണിവലിന്റെ ഭാഗമായും ഒരു ജലോത്സവം നടക്കുന്നുണ്ട് - ഇന്ദിരാഗാന്ധി വള്ളംകളി എന്നാണ് അതറിയപ്പെടുന്നത്. ഇവയ്ക്കുപുറമേ ഏതാനും ചെറിയ ചെറുകിട ജലോത്സവങ്ങളും പ്രതിവർഷം നടക്കാറുണ്ട്.
ഓണക്കാലത്ത് നടത്താറുള്ള ടൂറിസം വാരാഘോഷം, നിശാഗന്ധി നൃത്തോത്സവം, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട്, ആറ്റുകാൽ പൊങ്കാല, ബീമാപള്ളി ഉറൂസ്, സൂര്യ ചലച്ചിത്ര-നൃത്തകലോത്സവം, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് കേരള, ട്രിവാൻഡ്രം ഇന്റർനാഷണൽ ഫെസ്റ്റിവൽ, സ്വാതി സംഗീതോത്സവം, ഫ്ലവർഷോ എന്നിവ തലസ്ഥാന നഗരിയിലെ ടൂറിസം പ്രാധാന്യമുള്ള ഉത്സവാഘോഷങ്ങളിൽപ്പെടുന്നു.
കൊല്ലം കരകൗശലമേള, ഓമല്ലൂർ കാലിച്ചന്ത, ആറന്മുള പാർഥസാരഥി ഗജമേള, ശബരിമല മകരവിളക്ക്, മണ്ണാർശാല ആയില്യം, ഓച്ചിറക്കളി, കാക്കാഴം ചന്ദനക്കുടം, കോട്ടയം ഫ്ലവർഷോ ആൻഡ് ഫുഡ് ഫെസ്റ്റിവൽ, എരുമേലി പേട്ട തുള്ളൽ, വൈക്കത്തഷ്ടമി, പുരൂർ പള്ളി ചന്ദനക്കുടം, കടമ്മനിട്ട പടയണി, തൃപ്പൂണിത്തുറ അത്തച്ചമയം, കൊച്ചിയിലെ ഇന്റർനാഷണൽ കാണ്ടംപററി ഡാൻസ് ഫെസ്റ്റിവൽ, ആലുവ ശിവരാത്രി, കാക്കൂർ കാളയോട്ടം, തൃശൂർപൂരം, മച്ചാട്ട് മാമാങ്കം, ഉത്രാളിക്കാവ് പൂരം, കല്പാത്തി രഥോത്സവം, പട്ടാമ്പിനേർച്ച, മലബാർ പെപ്പർ ഫെസ്റ്റിവൽ (കോഴിക്കോട്), മലബാർ മഹോത്സവം. കൊണ്ടോട്ടി നേർച്ച, ഉത്തരമലബാറിലെ കളിയാട്ടങ്ങൾ, പെരുങ്കളിയാട്ടങ്ങൾ, കൊടിയൂരുത്സവം, വയനാട് വഞ്ചിയൂർക്കാവിലെ ഉത്സവം, നിലമ്പൂർപാട്ട്, തിരുമാനസംകുന്ന് പൂരം, കാഞ്ഞങ്ങാട്ട് പാട്ടുത്സവം, നീലേശ്വരം പൂരക്കളി ഉത്സവം, തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനിൽക്കുന്ന കാളിയൂട്ടുത്സവവും പറണേറ്റും എന്നിവയെല്ലാം സന്ദർശകരെ ധാരാളമായി ആകർഷിക്കുന്ന കേരളത്തിലെ ഉത്സവങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
വെള്ളച്ചാട്ടങ്ങൾ
തിരുത്തുകചെറുതും വലുതുമായ ഒട്ടനവധി വെള്ളച്ചാട്ടങ്ങൾ കേരളത്തിലുണ്ട്. അവയിൽ മിക്കവയും പ്രാദേശികതലത്തിൽ ആഭ്യന്തര ടൂറിസത്തിന് ഏറെ സംഭാവന ചെയ്യുന്നവയാണ്. പാലരുവി, അതിരപ്പിള്ളി, വാഴച്ചാൽ എന്നിവ ആഭ്യന്തരസഞ്ചാരികളെ എന്നപോലെ വിദേശസഞ്ചാരികളെയും ആകർഷിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തു നിൽക്കുന്നവയാണ്. കൊല്ലത്തുനിന്ന് 75 കി.മീ. അകലെയാണ് പാലരുവി വെള്ളച്ചാട്ടം. 300 അടി ഉയരമുള്ള ജലപാതമാണത്. അവിടെ സഞ്ചാരികളെ വരവേൽക്കാനായി കെ.ടി.ഡി.സി. മോട്ടലും പൊതുമരാമത്തുവകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവുമുണ്ട്. കേരളത്തിലെ മുഖ്യ വിനോദസഞ്ചാരസങ്കേതങ്ങളിലൊന്നായ കൊച്ചിയിൽനിന്ന് 72 കി.മീ. അകലെയായി അതിരപ്പള്ളിയും 90 കി.മീ. അകലെയായി വാഴച്ചാലും സ്ഥിതിചെയ്യുന്നു. വെള്ളരിമല (കോഴിക്കോട്), അസ്യൻപാറ (നിലമ്പൂർ), ധോണി (പാലക്കാട്), കീഴാർക്കുത്ത്, ചീയപ്പാറ, പെരുന്തേനരുവി എന്നിവയാണ് മറ്റു പ്രധാന ജലപാതങ്ങൾ.
കോട്ടകൾ
തിരുത്തുകബേക്കൽകോട്ടയാണ് കേരളത്തിൽ ഏറ്റവുമധികം വിനോദസഞ്ചാരപ്രാധാന്യമുള്ളത്. അതിവിശാലമായ സമുദ്രതീരത്തെ അഭിമുഖീകരിച്ചാണ് ഇതു സ്ഥിതിചെയ്യുന്നത്. സന്ദർശനകേന്ദ്രങ്ങളായ മറ്റു പ്രധാന കോട്ടകൾ പാലക്കാട് കോട്ട, കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട, തലശ്ശേരിക്കോട്ട, കാസർഗോഡ് ചന്ദ്രഗിരി ക്കോട്ട, ഹോസ്ദുർഗ് കോട്ട, ആറ്റിങ്ങൽ അഞ്ചുതെങ്ങുകോട്ട എന്നിവയാണ്. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള ഈ കോട്ടകളെല്ലാം സംരക്ഷിതസ്മാരകങ്ങളുമാണ്.
അണക്കെട്ടുകൾ
തിരുത്തുകജലസേചനരംഗത്തും വിദ്യുച്ഛക്തി ഉത്പാദനരംഗത്തുമെന്ന പോലെ തന്നെ അണക്കെട്ടുകൾക്ക് വിനോദസഞ്ചാരരംഗത്തും പ്രാധാന്യമുണ്ട്. അണക്കെട്ടുകൾ സൃഷ്ടിച്ചിട്ടുള്ള തടാകങ്ങളിൽ (റിസർവോയറുകൾ) പലതിനും കേരളത്തിലെ ടൂറിസം രംഗത്ത് വലിയ സ്ഥാനമുണ്ട്. തേക്കടി തന്നെ മുഖ്യ ഉദാഹരണം. മലമ്പുഴയിൽ തടാകയാത്രയെക്കാൾ പ്രാധാന്യം അണക്കെട്ടിനു മുന്നിലുള്ള ഉദ്യാനം സന്ദർശിക്കലിനാണ്. ഉദ്യാനത്തിൽ കാനായി കുഞ്ഞിരാമൻ തീർത്തിട്ടുള്ള യക്ഷി പ്രതിമ അവിടത്തെ മുഖ്യ ആകർഷണമാണ്. അണക്കെട്ടുകളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു ഉദ്യാനമുള്ളത് നെയ്യാർ ഡാമിലാണ്. അവിടെ ചീങ്കണ്ണി വളർത്തു കേന്ദ്രവും സഫാരിപാർക്കും കൂടെ ഉണ്ട്. മാട്ടുപ്പെട്ടി അണക്കെട്ടും പരിസരവും ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമായിരിക്കുന്നത് പ്രകൃതി ഭംഗി കൊണ്ടെന്ന പോലെ സമീപത്തെ ഇൻഡോ-സ്വിസ് പ്രോജക്ട് കൊണ്ടു കൂടിയാണ്. മംഗലം , പീച്ചി, മൂഴിയാർ, കുറ്റ്യാടി, പെരുവണ്ണാമൂഴി, കക്കയം, പഴശ്ശി, ബാണാസുര എന്നീ അണക്കെട്ടുകളും സന്ദർശന കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നവയാണ്.
ദ്വീപുകൾ
തിരുത്തുകകൊച്ചിയിലെ വെല്ലിംഗ്ടൺ ദ്വീപിനും ബോൾഗാട്ടി ദ്വീപിനും കേരളത്തിലെ ടൂറിസം രംഗത്തുള്ള പ്രധാന്യം ചെറുതല്ല. ബോൾഗാട്ടിയിലെ ഹണിമൂൺ കോട്ടേജുകൾ അത്തരത്തിൽ ആദ്യമായി കേരളത്തിലുണ്ടായവയാണ്. ചീനവലകൾ അതിരിട്ട വൈപ്പിൻ ദ്വീപും നല്ല കേരളക്കാഴ്ചകളിലൊന്നാണ്. അപൂർവ പക്ഷികളുടെയും പതഞ്ഞൊഴുകുന്ന പുഴയുടെയും സാന്നിധ്യത്താൽ ദൃശ്യപ്പെരുമയാർന്ന ഒന്നാണ് വയനാട്ടിലെ കുറുവാദ്വീപ്. കണ്ണൂർജില്ലയിലെ ധർമടവും കുമരകത്തിനടുത്തായുള്ള പാതിരാമണലുമാണ് വിനോദ സഞ്ചാര പ്രാധാന്യം കൈവരിച്ചു കഴിഞ്ഞ മറ്റു ദ്വീപുകൾ.
മറ്റുള്ളവ
തിരുത്തുകവൈവിധ്യമാർന്ന നിരവധി ടൂറിസ്റ്റ് സങ്കേതങ്ങൾ ഇനിയും കേരളത്തിലുണ്ട്. വയനാട്ടിലെ പൂക്കോട് തടാകം, കോഴിക്കോട്ടെ കളിപ്പൊയ്ക, ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം, തങ്കശ്ശേരി ലൈറ്റ്ഹൗസ്, ഗുരുവായൂരിലെ ആനത്താവളമായ പുന്നത്തൂർക്കോട്ട, ഭൂതത്താൻകെട്ട്, കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ മൈതാനം, പറശ്ശിനിക്കടവ് സ്നേക്ക്പാർക്ക്, കണ്ണൂരിലെ ആനന്ദാശ്രമം, പരമ്പരാഗത ഭ്രാന്തുചികിത്സാ കേന്ദ്രമായ മലഞ്ചേരിയിലെ പൂങ്കുടിമന എന്നിവ അവയിൽ ചിലതുമാത്രം.
ടൂറിസം - ഒരു വ്യവസായം
തിരുത്തുക1963-ൽ റോമിൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോൺഫറൻസ് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന വ്യവസായം എന്ന പദവി ടൂറിസത്തിന് നൽകി. അതോടെ വ്യാവസായികരംഗത്തിനു ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ടൂറിസത്തിനും കിട്ടുമെന്നായി. ഇത് ആ രംഗത്തെ നിക്ഷേപം വൻതോതിൽ ഉയർത്തുന്നതിനു കാരണമായി. അങ്ങനെ ഒട്ടനവധി രാജ്യങ്ങളിൽ ഏറ്റവും വലിയ വ്യവസായം തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു, ഇന്ന് ടൂറിസം.
കെനിയ, കൊറിയ, ക്ളോംബർഗ്, മാലദ്വീപ്, മാലി, മാൾട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊറോക്കോ, മൊസാംബിക്, സാർലാൻഡ്, ഘാന, ഗ്രീസ്, ഗ്വാട്ടിമാല, ഹംഗറി, അയർലാൻഡ്, ജോർദാൻ, പ്രിൻസ് എഡ്വേർഡ് ഐലന്റ്, യൂക്കോൺ ടെറിട്ടറി, കേപ് വെർഡെ, എസ്റ്റോണിയ, ഫിജി, ഗുവാഡിലൂവ്, ഫ്രഞ്ച് പോളിനേഷ്യ, ഗാംബിയ, ജർമനി, ഹാംബെർഡ്, അൻസോറ, ആന്റിഗ്വ ആൻഡ് ബെർബുഡ, ആസ്ട്രിയ, ബഹാമാസ്, ബെൽജിയം, അൽബെർട്ട, പോർട്ടുഗൽ, സെയ് ച്ചിൽസ്, സൗത്ത് ആഫ്രിക്ക, സ്പെയിൻ, സ്വിറ്റ്സർലാൻഡ്, ടാൻസാനിയ, ടുണീഷ്യ, കാലിഫോർണിയ, ഫ്ളോറിഡ, ഹാവായ്, കെന്റക്കി തുടങ്ങിയ സ്ഥലങ്ങളുടെയെല്ലാം മുഖ്യ വിദേശവരുമാനമാർഗം ടൂറിസമായിരിക്കുന്നു. ക്യൂബയെപ്പോലുള്ള ഇടതുപക്ഷരാജ്യങ്ങളും ഇക്കൂട്ടത്തിൽപെടുന്നു. എസ്റ്റോണിയയിൽ ജി.ഡി.പി.യുടെ 18%-വും ഫിജിയിൽ 20%-വും സ്പെയിനിൽ 11%-വും ടാൻസാനിയയിൽ 18%-വും വെർബഡോസിൽ 15%-വും ടൂറിസത്തിലൂടെയാണ് ലഭിക്കുന്നത്. അൻഡോറയുടെ ദേശീയവരുമാനത്തിൽ 80%-വും നൽകുന്ന വ്യവസായം ടൂറിസമാണ്.
ഒരു വ്യവസായമെന്ന നിലയിൽ ടൂറിസത്തിന് രണ്ട് പ്രത്യേകതകളാണുള്ളത്. ഒന്ന് ഇതര വ്യവസായങ്ങളിൽ നിന്നു വ്യത്യസ്തമായി അത് നേരിട്ട് വിദേശനാണ്യം ലഭ്യമാക്കുന്നു. മറ്റൊന്ന്, പ്രത്യക്ഷ തൊഴിലവസരങ്ങളോടൊപ്പം അതിലും എത്രയോ മടങ്ങ് പരോക്ഷ തൊഴിലവസരങ്ങൾ അത് സൃഷ്ടിക്കുന്നു. പ്രകൃതിവിഭവങ്ങളെയും സാംസ്കാരികപൈതൃകത്തെയും നേരിട്ട് ഉത്പന്നങ്ങളാക്കാവുന്ന ഒരു വ്യവസായം എന്ന സവിശേഷതയും ടൂറിസത്തിനുണ്ട്. അവികസിത രാജ്യങ്ങളിലെ എന്നല്ല വികസിത രാജ്യങ്ങളിലെപോലും ഏറ്റവും വലിയ കയറ്റുമതി ഉത്പന്നങ്ങളിലൊന്നാണ് ഇന്ന് ടൂറിസം. എണ്ണ, ഓട്ടോമൊബൈൽ എന്നിവയോടൊപ്പം ലോകത്ത് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന മൂന്നു വ്യാവസായിക ഉത്പന്നങ്ങളിൽ ഒന്നാണ് ഇന്ന് ടൂറിസം. നിക്ഷേപം, വിറ്റുവരവ്, തൊഴിൽ എന്നീ ഘടകങ്ങളിൽ അത് ടെക്സ്റ്റയിൽ, ഇലക്ട്രോണിക്സ്, ഇരുമ്പുരുക്ക് എന്നീ വ്യവസായങ്ങളെക്കാളും മുകളിലാണെന്നാണ് വാർട്ടൺ ഇക്കണോമെട്രിക് ഫോർകാസ്റ്റിങ് അസ്സോസിയേറ്റ്സ് നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് അതു നിൽക്കുന്നത്. ലോകത്തിലെ 16 തൊഴിലാളികളിൽ ഒരാൾ ഏതെങ്കിലും തരത്തിൽ ടൂറിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ടൂറിസത്തിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന രാജ്യം അമേരിക്കയാണ്. രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്. ഏ.ഡി. 2020-ൽ ചൈന ഫ്രാൻസിനെ മറികടക്കുമെന്നാണ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ വിലയിരുത്തൽ. ചൈനയെപ്പോലുള്ള വൻകിടരാജ്യങ്ങൾ പലതും ഇന്ന് ഈ പദവികൾ കയ്യടക്കാൻ ശ്രമം നടത്തിവരുന്നു.
ടൂറിസവും വികസനവും
തിരുത്തുകഓരോ രാജ്യത്തിന്റെയും ആഭ്യന്തരസൗകര്യവികസനത്തിൽ ടൂറിസം വലിയ പങ്കുവഹിക്കുന്നുണ്ട്. ഏറ്റവും പ്രധാനം ഗതാഗതരംഗത്തെ വികസനമാണ്. ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര ദശകത്തിൽ വിഭിന്ന രാജ്യങ്ങളിൽ ഉണ്ടായ റോഡ്-റയിൽ-വ്യോമ ഗതാഗതവികസനം അതിവിപുലമാണ്.
ഹോട്ടലുകൾ, ലോഡ്ജുകൾ, മ്യൂസിയങ്ങൾ, ആർട്ട്ഗ്യാലറികൾ, പാർക്കുകൾ, ക്ലബ്ബുകൾ തുടങ്ങി പലതും ടൂറിസത്തിന്റെ വികസനത്തോടൊപ്പം കൂടുതൽ പ്രാധാന്യം നേടി. ചരിത്രസ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണം, സവിശേഷ ഭൂപ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും പരിപാലനം, പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണവും നവോത്ഥാനവും എന്നുതുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട സംരക്ഷണ-വികസനപ്രവർത്തനങ്ങൾ ധാരാളമാണ്.
ടൂറിസത്തിലൂടെയുള്ള പ്രാദേശിക വികസനത്തിന് ഇന്ത്യയിലെ ഖജുരാഹൊതന്നെ മികച്ചൊരുദാഹരണമാണ്. മുപ്പത്തഞ്ചുവർഷം മുമ്പ് തീരെ അവികസിതമായ ഒരു പ്രദേശമായിരുന്നു അവിടം. എന്നാലിപ്പോൾ നിത്യേന വിമാനങ്ങൾ പറന്നിറങ്ങുന്ന, ഇന്ത്യൻ തലസ്ഥാനനഗരിയിൽ നിന്ന് പതിവായി തീവണ്ടികൾ കുതിച്ചെത്തുന്ന ഒരു സ്ഥലമായി അതു മാറി. അവിടത്തെ പ്രാചീന ശിലാ ശില്പസമുച്ചയം അതീവ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്നുണ്ടിപ്പോൾ. ആയിരക്കണക്കിന് ഗ്രാമവാസികൾ സഞ്ചാരികളെ വരവേൽക്കുന്ന പ്രത്യക്ഷ-പരോക്ഷ തൊഴിലുകളിൽ വ്യാപരിക്കുന്നുണ്ട്. തൊട്ടടുത്തുള്ള കൈത്തറി മേഖലയിലും വൻ മാറ്റങ്ങളാണ് വിനോദസഞ്ചാരവികസനം ഉളവാക്കിയിട്ടുള്ളത്.
ടൂറിസവും പരിസ്ഥിതിയും
തിരുത്തുകഏറെ വിവാദങ്ങൾക്കു വഴിതെളിച്ചിട്ടുള്ള ഒന്നാണ് ടൂറിസത്തിന് പരിസ്ഥിതിയുമായിട്ടുള്ള ബന്ധം. പ്രകൃതിദത്തമായ തീരങ്ങളും തടാകങ്ങളും മലനിരകളും വനഭൂമികളുമെല്ലാം വിനോദസഞ്ചാര, സന്ദർശനകേന്ദ്രങ്ങൾ ആവുകവഴി, പല തരത്തിലും ആക്രമിക്കപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്യുകയാണെന്നാണ് പരിസ്ഥിതിവാദികളുടെ പക്ഷം. ഇതേ ആരോപണം ചരിത്ര-പുരാവസ്തു സ്മാരകങ്ങളുടെ കാര്യത്തിലും നിലനിൽക്കുന്നു.
പരിസ്ഥിതിസന്തുലനം നിലനിർത്തപ്പെടേണ്ടതിന്റെ ആവശ്യകത ഇന്ന് മറ്റെന്തിനെക്കാളും പ്രാധാന്യത്തോടെ ഒട്ടുമിക്ക രാജ്യങ്ങൾക്കും ബോധ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഒരളവോളം ടൂറിസത്തിന് ആ രംഗത്ത് ക്രിയാത്മകമായും ഗുണകരമായും പ്രവർത്തിക്കാനാകും. സമ്പന്നരാജ്യങ്ങളിലെ വിഷലിപ്തമായ വ്യാവസായിക നഗരങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾ തേടിയെത്തുക സ്വാഭാവികമായും ശുദ്ധവായുവും നൈസർഗികസൗന്ദര്യവുമൊക്കെയായിരിക്കും. അങ്ങനെ ആധുനിക ടൂറിസത്തിൽ ആക്രമിക്കപ്പെടാത്ത പ്രകൃതിവിഭവങ്ങൾക്ക് മുമ്പത്തേതിലുമേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ഗ്രീൻ ടൂറിസം, ഫാം ടൂറിസം എന്നിങ്ങനെയുള്ള സവിശേഷ പദ്ധതികൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണിന്ന്. ഈ വിപണനസാധ്യത ഉൾക്കൊണ്ടുകൊണ്ട് ടൂറിസം മേഖല പരിസ്ഥിതിസംരക്ഷണം മുഖ്യ ദൗത്യമായി ഏറ്റെടുക്കണമെന്നാണ് ആഗോളടൂറിസം സംഘടനകൾ ഇന്ന് ആവശ്യപ്പെടുന്നത്. ഇത്തരം ശ്രമങ്ങൾ ആദ്യമായി തുടങ്ങിയത് 1950-ലാണ്. ആ വർഷം നടന്ന ഇന്റർനാഷണൽ യൂണിയൻ ഒഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻസ്' പരിസ്ഥിതിസംരക്ഷണം ടൂറിസം വികസനപ്രവർത്തനങ്ങളുടെ ഭാഗമായിരിക്കണം എന്നു നിഷ്കർഷിച്ചു. 1960-കളിൽ ഓരോ സഞ്ചാരകേന്ദ്രത്തിലുമെത്തുന്നവരുടെ എണ്ണം കുതിച്ചുയർന്നപ്പോൾ അന്താരാഷ്ട്രസംഘടനകൾ വാഹകശേഷീ(carrying capacity)പഠനം നിർബന്ധമായും നടത്തുവാൻ തീരുമാനമെടുത്തു. ഇത്തരം പ്രവർത്തനങ്ങളുടെ സമഗ്രരൂപം 1971-ൽ 'ടൂറിസ്റ്റ് എൻവിയോൺമെന്റൽ പ്രോഗ്രാം' എന്ന പേരിൽ IUOTO പ്രഖ്യാപിച്ചു. പിന്നീട് 1980-ൽ നടന്ന ലോക ടൂറിസം സമ്മേളനം കൂടുതൽ ശക്തമായ പാരിസ്ഥിതികപ്രവർത്തനങ്ങൾ ടൂറിസത്തിന്റെ ഭാഗമാക്കണമെന്ന് നിർദേശിച്ചു. യുണൈറ്റഡ് നാഷൻസ് എൻവിയോൺമെന്റൽ പ്രോഗ്രാമും (UNEP) വേൾഡ് ടൂറിസം ഓർഗനൈസേഷനും (WTO) ചേർന്നു നടത്തിയ 'മാനില പ്രഖ്യാപന'ത്തിൽ ദേശീയ പാർക്കുകളും റിസർവുകളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുക, പരിസ്ഥിതിവിനാശത്തിനു കാരണമാകാത്തവിധം സന്ദർശനനിയമങ്ങൾ പരിഷ്ക്കരിക്കുക, പ്രകൃതിവിഭവങ്ങളുടെ നൈസർഗികസൌന്ദര്യത്തിനു ഹാനികരമാകാത്തവിധം ഗതാഗതസൗകര്യങ്ങളൊരുക്കുക, വ്യവസായ മേഖല അത്തരം സ്ഥലങ്ങൾക്കടുത്ത് സ്ഥാപിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉണ്ടായിരുന്നു.
പക്ഷേ, ടൂറിസം മേഖല പലയിടത്തും വൻ പാരിസ്ഥിതികപ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലെയും പശ്ചിമയൂറോപ്പിലെയും ഒട്ടനവധി പ്രകൃതിസുന്ദരമായ സ്ഥലങ്ങളുടെ വിനാശത്തിന് വിനോദസഞ്ചാരം കാരണമായി. അമേരിക്കയിലെ ഗ്രാൻഡ് കന്യോണും യെല്ലോ സ്റ്റോൺ പ്രദേശങ്ങളും വിനാശഭീതികാരണം അടച്ചിടേണ്ടിവന്നിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകൾ ടൂറിസ്റ്റ് സങ്കേതങ്ങളിലുയർത്തിയ പ്രശ്നങ്ങൾക്ക് ഹിമാലയതാഴ്വാരമായ ലേഹിന്റെ സന്തുലിതാവസ്ഥ തെറ്റിയതും തിരുവനന്തപുരം മൃഗശാലയിൽ മാനുകൾ മരിച്ചതും വരെ തെളിവുകളാണ്. യുഗോസ്ലേവ്യയിലെ അഡ്രിയാറ്റിക് തീരം ടൂറിസം കാരണം ചാരുതകളെല്ലാം നഷ്ടപ്പെട്ട ഒരിടമായിപ്പോയിട്ടുണ്ട്. റഷ്യയിലെ 'സോചി' എന്ന കരിങ്കടൽത്തീരം നാശോന്മുഖമായപ്പോഴാണ് ആ സ്ഥലത്തെ ലോകത്തിലെ പ്രഥമ 'പുകവലി രഹിതനഗരം' ആക്കാൻ റഷ്യ നിർബന്ധിതമായത്.
വൻകിട ഹോട്ടലുകളും അനുബന്ധ ടൂറിസം നിർമിതികളും കൃഷിഭൂമികളെ തകർത്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വാഹനങ്ങളുടെ പുക, ഹോട്ടലുകൾ പുറന്തള്ളുന്ന അവശിഷ്ടങ്ങൾ എന്നിവയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഭീകരമാണ്. ഹൈറേഞ്ചുകളിലുണ്ടായിട്ടുള്ള അശാസ്ത്രീയമായ റോഡുനിർമാണം തുടർച്ചയായ ഉരുൾപൊട്ടലുകൾക്ക് കാരണമായിട്ടുണ്ട്. നദീതീരങ്ങളിലും കായൽത്തീരങ്ങളിലും സമുദ്രതീരങ്ങളിലുമുള്ള സവിശേഷ ജൈവാവസ്ഥയെ ആക്രമിച്ചു തകർത്തിട്ടുള്ള കെട്ടിടനിർമാണങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കും ഉദാഹരണങ്ങൾ ധാരാളമുണ്ട്. കണ്ടൽക്കാടുകൾ വെട്ടിവെളുപ്പിച്ച് കൊല്ലം കായൽത്തീരത്ത് പണിത 'യാത്രിനിവാസ്' പരിസ്ഥിതിപ്രവർത്തകരുടെ വൻ പ്രതിരോധത്തിനു കാരണമായത് കേരളത്തിലെ ഒരുദാഹരണം.
വൻതോതിലുള്ള ഭൂവിനിയോഗമാണ് ടൂറിസം ഉയർത്തുന്ന വലിയ പാരിസ്ഥിതികപ്രശ്നങ്ങളിലൊന്ന്. അതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കലുകൾ മാത്രമല്ല, ജൈവവൈവിധ്യവിനാശവും പരമ്പരാഗത തൊഴിൽ മേഖലയുടെ തകർച്ചയും ഉണ്ടാകുന്നു. 300 ഹെ. സ്ഥലത്തായി നിലവിൽ വരുന്ന ബേക്കൽ പദ്ധതി യാഥാർഥ്യമാകുമ്പോൾ അവിടത്തെ പരമ്പരാഗത മത്സ്യബന്ധനവും പുകയിലക്കൃഷിയും പാടേ തകരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂവിനിയോഗം ഏറ്റവുമധികം രൂക്ഷമാകുന്നത് സമ്പന്നവർഗത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഗോൾഫ് ടൂറിസം പദ്ധതികളിലാണ്. ഒരു ചാമ്പ്യൻസ് ഗോൾഫ് മൈതാനം നിർമിക്കുന്നതിന് 4 ച.കി.മീ. വിസ്തീർണമുള്ള സ്ഥലമാണ് ഉപയോഗപ്പെടുത്തുന്നത്. അവിടം വെട്ടി വെളുപ്പിച്ചശേഷം പ്രത്യേക രാസവളങ്ങളും കീടനാശിനികളും വൻതോതിൽ ഉപയോഗിച്ചിട്ടാണ് പുല്ലുനട്ടു പിടിപ്പിക്കുക. അതിന്റെ സംരക്ഷണത്തിനായി പ്രതിദിനം ഉപയോഗിക്കുന്ന വെള്ളം 60,000 ഗ്രാമവാസികൾ ഒരു ദിവസം ഉപയോഗിക്കുന്നതിന് തുല്യമാണെന്നാണ് പാരിസ്ഥിതികവിദഗ്ധരുടെ കണക്കുകൂട്ടൽ. സമീപത്തുള്ള നീർച്ചാലുകളെ ഗോൾഫ് കളിക്കളങ്ങൾ വിഷലിപ്തമാക്കുകയും ചെയ്യുന്നുണ്ട്. 'ഗോൾഫ് ടൂറിസ'ത്തിനെതിരെ ഇക്കാരണങ്ങളാൽ പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. ജപ്പാനിലാണ് ഇത്തരം പ്രതിരോധങ്ങൾ ഏറ്റവുമധികം ഉണ്ടായിട്ടുള്ളത്. ടോക്യോ ആസ്ഥാനമാക്കി ഗോൾഫ് ടൂറിസത്തിനെതിരായ വലിയൊരു പ്രസ്ഥാനംതന്നെ നിലവിലുണ്ട്. 'ഹരിതമരുഭൂമി' എന്നാണ് അവർ ഗോൾഫ് കളങ്ങളെ വിശേഷിപ്പിക്കുന്നത്. ഫിലിപ്പീൻസ്, തായ്ലാൻഡ് എന്നീ രാജ്യങ്ങൾ ഗോൾഫ് ടൂറിസത്തിന്റെ ഇരകളായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനകം ഇന്ത്യയിലെ ടൂറിസം വികസനത്തിനും ഗോൾഫ് ടൂറിസത്തിന് വലിയ പ്രാധാന്യം നല്കിയിട്ടുണ്ട്. 'ലാഭകരമല്ലാത്ത' ഭൂവിനിയോഗത്തിന്റെ കാര്യത്തിൽ വിമാനത്താവളനിർമാണവും വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് പരിസ്ഥിതിസ്നേഹികളുടെ കണ്ടെത്തൽ. കേരളത്തിൽ ഹെക്ടറുകണക്കിന് പാടശേഖരം നികത്തി നെടുമ്പാശ്ശേരി വിമാനത്താവളം നിർമിച്ചത് ഈ തരത്തിലുള്ള എതിർപ്പുകളെ അവഗണിച്ചിട്ടായിരുന്നു. സാധാരണ കൃഷിയും ചെറുകിട വ്യവസായവും ഒരേക്കർ ഭൂമിയിലൂടെ ഒരാൾക്ക് തൊഴിൽ നൽകുന്നുണ്ടെങ്കിൽ ടൂറിസം ഒരാൾക്ക് തൊഴിൽ നൽകുന്നത് അഞ്ചേക്കർ ഭൂമിയിലൂടെയാണെന്ന കണ്ടെത്തൽ ടൂറിസത്തിലൂടെയുളള 'ലാഭകരമല്ലാത്ത' വൻഭൂവിനിയോഗത്തിന് ഉദാഹരണമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ടൂറിസം പാരസ്ഥിതികവ്യവസ്ഥ തകർക്കുകയാണെന്ന വാദത്തിന്റെ പ്രചാരകർ അതിന്റെ രൂക്ഷത വ്യക്തമാക്കാൻ ഇങ്ങനെയൊരു പ്രസ്താവന മുന്നോട്ടുവച്ചിട്ടുണ്ട് - അണുബോംബു കഴിഞ്ഞാൽ പിന്നെ പ്രകൃതിയെ നശിപ്പിക്കുന്ന മുഖ്യ കണ്ടുപിടിത്തമാണ് ടൂറിസം. ഇതിന് മറുപടി എന്ന നിലയിൽ ടൂറിസം രംഗം ഉയർത്തിക്കാട്ടുന്നത് ഈക്കോടൂറിസത്തെയും ടൂറിസത്തിനുവേണ്ടി പുതുതായി നിർമിക്കപ്പെട്ടിട്ടുള്ള പ്രകൃതിവൈവിധ്യമാർന്ന സങ്കേതങ്ങളെയും സംരക്ഷിതമേഖലകളെയുമാണ്. സിംഗപ്പൂരിലെ സെന്റോസ ദ്വീപും ജൂറോംഗ് പക്ഷിസങ്കേതവും അത്തരം സ്ഥലങ്ങൾക്കുദാഹരണങ്ങളാണ്.
ടൂറിസവും സാംസ്കാരവും
തിരുത്തുകഅറിവു നൽകുക, ആനന്ദിപ്പിക്കുക വിശ്രമാവസരം ഉണ്ടാക്കുക എന്നിവ മാത്രമല്ല സഞ്ചാരിയുടെ സാംസ്കാരികജീവിതത്തെ സ്വാധീനിക്കുവാനും വിനോദസഞ്ചാരത്തിന് കഴിയും. സാംസ്കാരികവിനിമയം എല്ലാ യാത്രകളിലൂടെയും നടക്കുന്നുണ്ടെന്നതിന് മികച്ച തെളിവ് ഭാരതത്തിൽതന്നെയുണ്ട്. അധിനിവേശത്തിനായുള്ള പടയോട്ടങ്ങളും വാണിജ്യയാത്രകളും മതപ്രചാരത്തിനായുള്ള യാത്രകളുമെല്ലാം നമ്മുടെ സാംസ്കാരികലോകത്തെ ഇത്രയേറെ വൈവിധ്യമുള്ളതാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതു വാസ്തുവിദ്യയിലും ചിത്രകലയിലും ദൃശ്യകലകളിലും ഭാഷയിലും വേഷഭൂഷാദികളിലും ആചാരാനുഷ്ഠാനങ്ങളിലും ഉത്സവാഘോഷങ്ങളിലും എല്ലാം കാണാം.
സഞ്ചാരത്തിലൂടെ സംഭവിക്കുന്ന സാംസ്കാരിക വിനിമയത്തെക്കാളേറെ, സംസ്കാരം തന്നെ സഞ്ചാരകാരണമാകുന്നുമുണ്ട് ടൂറിസത്തിൽ. അത്തരം സാംസ്കാരികടൂറിസത്തിനാണ് നാം ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകിവരുന്നത്. സാംസ്കാരികസവിശേഷതകൊണ്ട് ടൂറിസ്റ്റുകേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങൾക്ക് ആദ്യകാലം മുതൽ ഉദാഹരണങ്ങൾ ലഭ്യമാണ്. ഷെയ്ക്സ്പിയറുടെ ജന്മസ്ഥലമായ സ്റ്റ്രാറ്റ്ഫെഡ് അപോൺ ഏയ്വൺ വൻ വിനോദസഞ്ചാരകേന്ദ്രംകൂടിയാണ്. ഈജിപ്തിലെ പിരമിഡുകളും ആഗ്രയിലെ താജ്മഹലും പത്മനാഭപുരത്തെ കൊട്ടാരവും മറ്റും ഈ വകയിൽപെടുന്നവയത്രേ.
സംസ്കാരത്തെത്തന്നെ ഒരു ഉത്പന്നമാക്കുകയാണ് ആധുനിക ടൂറിസം - സാംസ്കാരിക ടൂറിസം - ചെയ്യുന്നത്. അത് ആതിഥേയരാജ്യത്തിന്റെ സാംസ്കാരികലോകത്തെ അതിഥികൾക്കു പരിചയപ്പെടുത്തുന്നതോടൊപ്പം ചില ഘടകങ്ങളെങ്കിലും സ്വാംശീകരിക്കാനുള്ള പ്രേരണ അവരിൽ ചെലുത്തുകയും ചെയ്യുന്നു. അതിഥികളിൽ നിന്നും തിരിച്ച് പല സാംസ്കാരിക ഭാവങ്ങളും ഉൾക്കൊള്ളാൻ ആതിഥേയരാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഈ ആദാനപ്രദാനപ്രക്രിയ ഗുണകരമെന്നതുപോലെ പലപ്പോഴും ദോഷകരവുമാകാറുണ്ട്. ഉദാഹരണത്തിന്, കഥകളിക്ക് അടുത്ത കാലത്തുണ്ടായ പ്രചാരത്തിനു കാരണമായ ഘടകങ്ങളിൽ ടൂറിസത്തിന് വലിയ പ്രാധാന്യമുണ്ട്. പക്ഷേ അതേസമയംതന്നെ കാബറേയും ഡിസ്കോഡാൻസും മഴനൃത്തവുമെല്ലാം ഇവിടെ ചേക്കേറിയതിനുകാരണവും ടൂറിസംതന്നെ. വർഷങ്ങൾക്കൊപ്പം ശീലങ്ങളും വിനോദസഞ്ചാരം ആതിഥേയസമൂഹത്തിന് കൈമാറിയതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് 'ഹിപ്പിസംസ്കാര'ത്തിന് ഇവിടെ അതിവേഗം ലഭിച്ച പ്രചാരം.
പ്രാദേശിക കരകൗശല കൈത്തറിയുല്പന്നങ്ങളുടെ പ്രചാരമാണ് ദോഷവശങ്ങൾ താരതമ്യേന കുറഞ്ഞ ടൂറിസത്തിലൂടെയുള്ള സാംസ്കാരികവിനിമയപ്രക്രിയകളിൽ ഒന്ന്. പരോക്ഷമായ കയറ്റുമതി എന്നപോലെ തന്നെ അവ എത്തിച്ചേരുന്ന രാജ്യങ്ങളിലെ കലാ ലോകത്തെ ചെറിയ തോതിലെങ്കിലും സ്വാധീനിക്കുകയും ചെയ്യും.
സാംസ്കാരികവിശേഷങ്ങൾ ഏറ്റവും വലിയ ആകർഷണങ്ങളായിരിക്കുന്ന ഒരിടമാണ് ഇന്ത്യ. ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളിൽ ഏറിയ പങ്കിന്റെയും ലക്ഷ്യസ്ഥാനങ്ങൾ നമ്മുടെ ചരിത്ര-പുരാവസ്തുസ്മാരകങ്ങളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സാംസ്കാരികവൈവിധ്യത്തെ ടൂറിസം ഉത്പന്നമാക്കാനുള്ള ആസൂത്രിതപദ്ധതികളുടെ ഫലമായാണ് ഇന്ത്യയിൽ ഈ അവസ്ഥ സംജാതമായത്. 1968-ൽ യുനെസ്കോ (UNESCO) ഇന്ത്യയിലെ ടൂറിസം വകുപ്പിനോട് അത്തരമൊരു കേന്ദ്രീകരണം ഇവിടത്തെ ടൂറിസം വികസനത്തിന് ഗുണകരമാകും എന്ന് നിർദേശിക്കുകയുണ്ടായി. 1969-ൽ ആ വഴിക്ക് നടത്തിയ പഠനത്തിൽ നിന്നും സ്മാരകങ്ങൾ മാത്രമല്ല, നമ്മുടെ സംഗീതവും കരകൗശലവും പോലും ടൂറിസം വിഭവങ്ങളാക്കാമെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്ത്യയിലെ സാംസ് കാരിക ടൂറിസം പ്രവർത്തനങ്ങൾക്കാ ധാരം ഡോ. ഇ.ആർ. അൽമിൻ നടത്തിയ ആ പഠനമാണ്.
മൂന്നാംലോക ടൂറിസം
തിരുത്തുകആധുനിക ടൂറിസം ഉയർത്തുന്ന വെല്ലുവിളികളിലേറെയും നേരിടേണ്ടിവരുന്നത് മൂന്നാംലോകരാജ്യങ്ങൾക്കാണ്. അതിനുള്ള പ്രധാന കാരണം അവ മുമ്പെന്നത്തേതിലും വലിയ താത്പര്യത്തോടെ ടൂറിസം വികസനം അതിവേഗം നടപ്പിലാക്കുന്നു എന്നതാണ്. വളരെ വേഗം വിദേശനാണ്യം നേടിത്തരുന്നതും അനേകലക്ഷങ്ങൾക്ക് തൊഴിൽ നൽകുന്നതുമായ ഒരു വ്യവസായമാണ് ടൂറിസം എന്ന വാദത്തിന്റെ പ്രചാരണമാണ് അത്തരം രാജ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. പക്ഷേ, കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ മൂന്നാംലോകരാജ്യങ്ങൾ വ്യാപകമായി ഈ രംഗത്തെത്തിയിട്ടും ഇന്നും ആഗോള ടൂറിസം വരുമാനത്തിന്റെ എഴുപതു ശതമാനത്തിലേറെ വികസിതരാജ്യങ്ങൾക്കാണു ലഭിക്കുന്നത്. 1965-ൽ ആഗോള ടൂറിസം രംഗത്ത് മൂന്നാം ലോകരാജ്യങ്ങളുടെ പങ്ക് 14 ശതമാനമായിരുന്നു. അതിൽ ആറു ശതമാനം കൂടെ വർദ്ധിപ്പിക്കാൻ മാത്രമേ തുടർന്നുള്ള കാൽ നൂറ്റാണ്ടുകൊണ്ട് അവയ്ക്കായുള്ളൂ. വികസിതരാജ്യങ്ങളിൽ നിന്ന് വികസിതരാജ്യങ്ങളിലേക്കു തന്നെയാണ് ടൂറിസ്റ്റുകളുടെ പ്രവാഹത്തിൽ ഭൂരിഭാഗവുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പല മൂന്നാംലോകരാജ്യങ്ങളുടെയും അവികസിതമായ അവസ്ഥ തന്നെയാണ് അവയുടെ മുഖ്യ ടൂറിസം വിഭവം. ഈ അവികസിതാവസ്ഥയെ 'പഴമയിലേക്കുള്ള തിരിച്ചുപോക്കായി' ചിത്രീകരിച്ച് വിപണനം ചെയ്യുകയാണവ. ആ വിപണനപ്രക്രിയയിൽ പൊതുമേഖലയ്ക്ക് സാമ്പത്തികപരാധീനതമൂലം കാര്യമായൊന്നും ചെയ്യാനാകില്ല. അതുകൊണ്ട്, സ്വകാര്യമേഖല ആ ദൗത്യം ഏറ്റെടുക്കുന്നു. അതാകട്ടെ, ആഗോള ടൂർ ഓപ്പറേറ്റർമാരുമായും മറ്റും സഹകരിച്ചിട്ടുമാണ്. അങ്ങനെ മൂന്നാംലോക ടൂറിസം എന്നാൽ അവികസിതരാജ്യങ്ങളിലെ അവികസിതാവസ്ഥയെ വികസിതരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ബഹുരാഷ്ട്രക്കുത്തകകൾ പരോക്ഷമായി വിറ്റ് ലാഭമുണ്ടാക്കുന്ന ഒന്നാകുന്നു. സ്പെയിനിലും മെക്സിക്കോയിലും ഇന്തോനേഷ്യയിലുമെല്ലാം പ്രാഥമികതാത്പര്യം പൊതുമേഖലയെടുത്തെങ്കിലും അവിടങ്ങളിലെയെല്ലാം ടൂറിസം വികസനം അതിവേഗം സ്വകാര്യമേഖലയുടെ നിയന്ത്രണത്തിൻകീഴിലാവുകയായിരുന്നു.
വ്യാവസായികോത്പന്നങ്ങളും കാർഷികവിഭവങ്ങളും കയറ്റുമതി ചെയ്യുവാൻ അന്താരാഷ്ട്ര വിപണിയിൽ ചെലുത്തേണ്ട സ്വാധീനമോ ആഭ്യന്തരമായ മുതൽമുടക്കോ ശാസ്ത്രസാങ്കേതിക പരിജ്ഞാനമോ ഒന്നും ടൂറിസം വ്യവസായത്തിനും കയറ്റുമതിക്കും ആവശ്യമില്ല എന്നതാണ് മൂന്നാം ലോകരാജ്യങ്ങളെ ഈ രംഗത്തേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം. അത്തരം കാര്യങ്ങളിൽ നിയന്ത്രണങ്ങളും കർശനവ്യവസ്ഥകളും ഏർപ്പെടുത്തുന്ന വികസിതരാജ്യങ്ങളും അവർ നിയന്ത്രിക്കുന്ന സംഘടനകളും തന്നെ ടൂറിസം വികസനത്തിന് അതിവേഗം പച്ചക്കൊടി കാട്ടുന്നതിലൂടെ മൂന്നാംലോകരാജ്യങ്ങളെ ചതിക്കുഴിയിൽ ചാടിക്കുകയാണെന്ന അഭിപ്രായമുള്ളവരുണ്ട്. ഇതുകൊണ്ടാവാം കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ സാവധാനത്തിൽമാത്രം ടൂറിസം രംഗത്തെത്തിയത്. കടുത്ത വിദേശനാണ്യദൗർലഭ്യം നേരിട്ടുതുടങ്ങിയപ്പോഴാണ് യുഗോസ്ലേവ്യയും ക്യൂബയുമെല്ലാം ടൂറിസം രംഗത്തേക്ക് ശ്രദ്ധ തിരിച്ചത്.
മൂന്നാം ലോകരാജ്യങ്ങൾക്ക് ടൂറിസം രംഗത്തേക്ക് പ്രവേശിച്ചപ്പോഴുണ്ടായ മറ്റൊരു നഷ്ടം അവയ്ക്ക് വികസനപ്രവർത്തനങ്ങൾക്കായി വൻതോതിൽ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നു എന്നതാണ്. മാലിദ്വീപിൽ ടൂറിസം വികസനത്തിന് ഗവൺമെന്റ് തീരുമാനമെടുത്തപ്പോൾ ആഭ്യന്തരസൗകര്യ വികസനത്തിനായി അസംസ്കൃതവസ്തുക്കൾ മാത്രമല്ല, വിദഗ്ധ തൊഴിലാളികളെയും സാങ്കേതികവിദഗ്ധരെയുംപോലും ഇറക്കുമതി ചെയ്യേണ്ടിവന്നു. ആഭ്യന്തരരംഗത്തെ വൻതോതിലുള്ള മുതൽമുടക്കില്ലാതെ ടൂറിസം വികസനം അസാധ്യമാണ്. അത്തരം വികസനപ്രവർത്തനങ്ങൾ പ്രാദേശികജനതയ്ക്ക് യാതൊരു ഗുണവും ചെയ്യാത്തവ കൂടിയാകുമ്പോൾ നഷ്ടം ഇരട്ടിയാകുന്നു. അതിനുദാഹരണമാണ് ടാൻസാനിയയിലെ കിളിമൻജാരോ വിമാനത്താവള നിർമാണം. ടൂറിസ്റ്റുകൾക്കു മാത്രമായി ഉണ്ടാക്കിയ ആ വിമാനത്താവളം ഇതര പ്രോത്സാഹനപ്രവർത്തനങ്ങളുടെ പരിമിതികൾ കാരണം പ്രതീക്ഷിച്ച ഗുണം ചെയ്തില്ല. ഹോട്ടലുകളുടെ അഭാവമാണ് ടൂറിസ്റ്റുകളുടെ വരവിന് വിഘാതമാകുന്നതെന്ന വിലയിരുത്തലിൽ സർക്കാർ തുടർന്ന് ആ രംഗത്ത് മുതൽമുടക്കി. എന്നിട്ടും കാര്യമായ ഗുണം ഉണ്ടായില്ല.
ആഗോള ടൂറിസം രംഗത്തെ ഇന്ന് നിയന്ത്രിക്കുന്നത് വേൾഡ് ടൂറിസം ഓർഗനൈസേഷൻ മാത്രമല്ല വേൾഡ് ട്രെയ്ഡ് ഓർഗനൈസേഷനും കൂടെയാണ്. ഈ 'WTO' ഇരട്ടകൾ ബഹുരാഷ്ട്രതാത്പര്യങ്ങൾ മാത്രമേ മുന്നോട്ടുവയ്ക്കുന്നുള്ളു എന്നും അവ മൂന്നാംലോകരാജ്യങ്ങൾക്ക് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ എന്നുമാണ് പല സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം. അതേസമയം, ആഗോളവത്ക്കരണത്തിൽനിന്ന് ഒരു രാജ്യത്തിനും മാറി നിൽക്കാനാവില്ലെന്നും - WTO യിൽ അംഗമാവുന്നതിന് കമ്യൂണിസ്റ്റു ചൈന നടത്തിയ ഭഗീരഥ പ്രയത്നങ്ങൾ ഇവിടെ ഓർക്കാം - ലോക വ്യാപാരസംഘടനയുടെയും മറ്റും നിബന്ധനകളെ ഓരോ രാജ്യവും അതിനു പ്രയോജനകരമായ വിധത്തിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അമർത്യസെന്നിനെപ്പോലുള്ള പുരോഗമനസാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
ടൂറിസം ഉയർത്തുന്ന വെല്ലുവിളികൾ
തിരുത്തുകവികസനത്തിന്റെ പേരിൽ ഒരു പ്രദേശത്തിന്റെ തനിമയ്ക്ക് കൈവരുന്ന വിനാശങ്ങളിൽ തുടങ്ങുന്നു ടൂറിസം ഉയർത്തുന്ന വെല്ലുവിളികൾ. ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കാർഷികമേഖലയുടെ തകർച്ചയ്ക്ക് ടൂറിസം വികസനപ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. ഹോട്ടൽ ശൃംഖലകൾക്കായി വൻതോതിൽ കൃഷിഭൂമികൾ വാങ്ങാൻ തുടങ്ങിയതോടെ കൃഷിഭൂമികൾ ഇല്ലാതായിത്തുടങ്ങി. പല രാജ്യങ്ങളിലും രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യസംരംഭകർ വൻതോതിൽ ഭൂമി കയ്യടക്കുന്നതിനും ടൂറിസം കാരണമായിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെയും ജീവിതോപാധിയെയും പാരമ്പര്യത്തെയും എങ്ങനെ ടൂറിസം തകർക്കുന്നു എന്ന മട്ടിലുള്ള പഠനങ്ങൾ കേരളത്തിലും നടന്നിട്ടുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായുള്ള 'ഇക്വേഷൻസി' (Equations -Equitable tourism options) നുവേണ്ടി ടി.ജി. ജേക്കബ്ബ് കോവളത്തു നടത്തിയ പഠനം പഴയ 'ആവാടുതുറ' 'കോവള'മായപ്പോൾ ഉണ്ടായ പാരിസ്ഥിതികവും സാമൂഹികവുമായ മാറ്റങ്ങളെക്കുറിച്ചുള്ള ഒട്ടനവധി വസ്തുതകൾ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്.
സെക്സ് ടൂറിസമാണ് ടൂറിസം ഉയർത്തുന്ന ഏറ്റവും അപകടകരമായ സാമൂഹ്യവിപത്തുകളിലൊന്ന്. എന്തു വില കൊടുത്തും വിദേശനാണ്യം തേടാനുള്ള വ്യഗ്രതയിൽ പല രാജ്യങ്ങളും ഇതിനടിപ്പെട്ടിട്ടുണ്ട്. തായ്ലാൻഡും ഫിലിപ്പീൻസും ചില ഉദാഹരണങ്ങൾ മാത്രം. കുത്തഴിഞ്ഞ ലൈംഗികജീവിതത്തിന്റെ ഭാഗമായി അവിടങ്ങളിലെല്ലാം ഇതിനകംതന്നെ വൻ വിനാശങ്ങൾക്ക് ഇടവന്നിട്ടുണ്ട്. സ്ത്രീകൾ മാത്രമല്ല, കുട്ടികളും ലൈംഗികവിപണിയിൽ ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയിലെ ഗോവയും മറ്റും ഇത്തരം ആരോപണങ്ങൾക്ക് വിധേയമായിട്ടുള്ള സ്ഥലങ്ങളാണ്.
മയക്കുമരുന്നുവിപണിയെ സജീവമാക്കുന്നു എന്നതാണ് വിനോദസഞ്ചാരത്തിന്റെ മറ്റൊരു ദൂഷ്യവശം. കേരളത്തിലെ കോവളം രണ്ടു ദശകങ്ങൾക്കുമുമ്പ് അത്തരത്തിൽ അധഃപതിച്ചുതുടങ്ങിയതാണ്. പക്ഷേ, തദ്ദേശീയരുടെയും സാംസ്കാരികബോധമുള്ള ജനതയുടെയും ചെറുത്തുനിൽപുകൊണ്ട് അതിനെ ഒരളവോളം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.
നേട്ടങ്ങളുണ്ടാക്കുന്ന കാരണങ്ങൾതന്നെ കോട്ടങ്ങളുണ്ടാക്കാനും പോന്നവയാണ് എന്നതാണ് ടൂറിസത്തിലെ ഏറ്റവും വലിയ വൈരുധ്യം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോഴും അത് തൊഴിൽ തേടിയുള്ള വൻതോതിലുള്ള കുടിയേറ്റങ്ങൾക്കു കാരണമാകുന്നുണ്ട്. കരകൗശലരംഗത്തെ ഉണർത്തുമ്പോഴും അത് ആ രംഗത്തെ വൻതോതിലുള്ള വിലക്കയറ്റത്തിനും നിലവാരത്തകർച്ചയ്ക്കും കാരണമാകുന്നു. സാമ്പത്തികപുരോഗതിക്ക് കാരണമാകുന്നു എന്നപോലെ തന്നെ അത് സമ്പന്നതയോടുള്ള ആഭിമുഖ്യത്തിന് കാരണമാവുകയും മോഷണത്തിനും അധോലോകത്തിന്റെ ശക്തിവർധനയ്ക്കും വിധ്വംസകപ്രവർത്തനങ്ങൾക്കും ഒക്കെ വഴിമരുന്നിടുകയും ചെയ്യുന്നു. ഭീകരമായ മറ്റൊരു വസ്തുത ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് പലയിടങ്ങളിലും ടൂറിസം കാരണമായിട്ടുണ്ട് എന്നതാണ്. സെയ്ഷെൽസിലെ ടൂറിസം അതിവേഗം വളർന്നതോടെ മത്സ്യത്തിന് കണക്കറ്റ വിലക്കയറ്റമുണ്ടായി. അത് സാധാരണക്കാരന് അപ്രാപ്യമാവുകയും ചെയ്തു. അങ്ങനെ, പതിവായി മത്സ്യാഹാരം കഴിച്ചിരുന്ന തദ്ദേശവാസികൾക്ക് അതുവഴി പോഷകക്കുറവും അനാരോഗ്യവും ടൂറിസം സമ്മാനിച്ചു.
ടൂറിസം കലകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നത് ശരിയാണെങ്കിലും അത് അവയുടെ തനിമയെയും ജൈവാവസ്ഥയെയും തകർക്കുന്നുണ്ടെന്നത് നിഷേധിക്കാനാവില്ല. തട്ടകങ്ങളിൽ നിന്ന് തെരുവിലേക്കിറക്കിവിടുന്ന തെയ്യങ്ങളും പഞ്ചനക്ഷത്രഹോട്ടലുകളിലെ നൃത്തവേദികളിൽ ഏതാനും മിനിട്ടുകൾ മാത്രം ആടാൻ വിധിക്കപ്പെട്ട കഥകളിയുമെല്ലാം ഇതിനുദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ചുരുക്കത്തിൽ അതീവ ജാഗ്രതയോടും ആസൂത്രണത്തോടുംകൂടി നിർവഹിച്ചാൽ സമ്പദ്വ്യവസ്ഥയ്ക്ക് ലാഭകരവും ഗുണകരവുമാകുന്നതും എന്നാൽ നേരിയ വിട്ടുവീഴ്ചകൾ കൊണ്ടുതന്നെ ജനങ്ങൾക്ക് അതീവ വിനാശകാരിയായി മാറുന്നതുമായ ഒരു വ്യവസായമാണ് ടൂറിസം.